അടരുകളിൽ കാലം

Reading Time: 4 minutes

നേരിട്ടങ്ങ് എടുത്തെറിയാതെ മരണത്തിലേക്ക് നീങ്ങിയുള്ള ഇറങ്ങിപ്പോവല്‍. അതിനു വേണ്ടി ചെരിച്ചുവച്ച ഒരു മരപ്പാലം. ശൂന്യതയിലേക്കു നിറവില്‍ നിന്നുള്ള ഒരു കണക്ഷന്‍. ഇതൊരു ഔദാര്യമാണ്; ജീവിച്ചിരിക്കുന്നവരുടെ. മരിക്കുന്നവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള തിരശീല വീഴുന്നതിനു മുന്നേയുള്ള നേട്ടങ്ങളില്ലാത്ത ഉടമ്പടിയാണത്. അവന്റെ ബാപ്പയിപ്പോള്‍ കിടക്കുന്ന ആ ആശുപ്രതി ഉടമ്പടി നടപ്പിലാക്കി കൊടുക്കുന്നു.
അവിടെ പോകേണ്ടിവരുമെന്ന് നിനച്ചതായിരുന്നില്ല. വില്ലേജ് ഓഫീസര്‍ മൂന്ന് ദിവസം മുമ്പ് വിളിച്ച് അറിയിച്ചതാണ്, ആധാരത്തിന്റെ മൂന്ന് കോപ്പി. അതെടുക്കാനാണ് പട്ടണത്തിലേക്ക് വന്നത്. ആ ഞാന്‍ രോഗാതുരതയുടെ ഭീകരതയത്രയും പേറി നില്‍ക്കുന്ന ആ ആശുപ്രതിക്കെട്ടിടത്തിനുമുന്നില്‍ എത്തിപ്പെട്ടു. മരിച്ചുകൊണ്ടിരിക്കുന്നവരുടെ, ഭേദമാകില്ലെന്ന് ഉറപ്പുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ക്കുള്ള അവസാന സത്രമാണത്. ഫോട്ടോസ്റ്റാറ്റ് കടക്കു മുമ്പില്‍ നില്‍ക്കുമ്പോള്‍ ജീന്‍സിന്റെ പോക്കറ്റില്‍ വൈബ്രേഷനില്‍ കിടന്നമറുന്ന മൊബൈല്‍ എടുത്തുനോക്കി. “ഫവാസ് കോളിങ്’ ആധാരത്തിന്റെ പകര്‍പ്പുകോപ്പികള്‍ വണ്ടിയുടെ സീറ്റിനടിയിലെ അറയിലേക്ക് അലസമായി നിക്ഷേപിച്ച ഉടന്‍ അശുപത്രി ലക്ഷ്യമാക്കി ഓടിച്ചു. സഞ്ചാരത്തിനിടക്ക് ജനുവരിയിലെ സായന്തനവെയില്‍ ഹെല്‍മെറ്റിന്റെ ചില്ലുഗാര്‍ഡിലിടിച്ച് കാഴ്ച ഇടഞ്ഞു.
വാര്‍ഡ് 215- ഒന്നാം നില അല്ലെങ്കില്‍ രണ്ടാം നില, അതില്‍ കൂടില്ല. ഫവാസിനെ വിളിച്ച് ശല്യം ചെയ്യേണ്ടെന്നുറച്ചു. ഈ അണ്‍ലിമിറ്റഡ് ഓഫര്‍ വന്നതിനുശേഷമാണ് കിട്ടേണ്ട ആളെ ഇടക്കിടക്ക് വിളിക്കുന്ന ദുഃശീലം തുടങ്ങിയത്. മുറി കണ്ടെത്താനായില്ലെങ്കില്‍ മാത്രം തിരികെ വന്ന് റിസപ്ഷനില്‍ പേഷ്യന്റിന്റെ പേര് പറയാം. നാസര്‍ കലാഗ്രാമം – അല്ല ഇവിടെ ചമയങ്ങളഴിച്ചുവച്ച വെറും നാസര്‍. എം. ഗോവിന്ദനും മറ്റും വിഭാവനം ചെയ്ത് പ്രാവര്‍ത്തികമാക്കിയ മയ്യഴിയിലെ കലാഗ്രാമത്തിലെ സജീവ ചിത്രകാരന്‍. തന്റെ സര്‍ഗശേഷിയെ, ഉന്മാദങ്ങളെ ജ്വലിപ്പിച്ച ആ കൂട്ടായ്മയോടുള്ള നന്ദി സൂചകമായി കലാഗ്രാമം എന്ന് ചേര്‍ക്കുകയായിരുന്നു അദ്ദേഹം എന്ന് ഫവാസ് ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തു. ചിത്രകാരന്‍മാര്‍ക്കു പുറമെ ബുദ്ധിജീവികളും ചലചിത്രകാരന്മാരും കവികളും തങ്ങളുടെ സംഗമഭൂമിയായി കണ്ട കലാഗ്രാമം. കലാകുതുകികളുടെ ഇഛാശക്തിയത്രയും പ്രകടമായിരുന്നു അന്ന്. അന്നുള്ളതും ഇന്ന് ഞങ്ങളുടെ തലമുറയില്‍ ഇല്ലാതായിത്തീര്‍ന്നതുമായ എന്തെന്ത് മൂല്യങ്ങള്‍! ചെറിയ തട്ടുപീടികകളില്‍പോലും കവിതയും രാഷ്ട്രീയവും വിഭവങ്ങളായിത്തീര്‍ന്ന ആ കാലം.
നാസര്‍ കലാഗ്രാമം- ഫവാസിന്റെ വാപ്പ- 16 വര്‍ഷം താണ്ടിയ അലച്ചിലിനുശേഷം തിരിച്ചെത്തിയപ്പോള്‍ കാണാന്‍ പോയിരുന്നു. യൗവനത്തിന്റെ ഏതാണ്ട് മുഴുന്‍ പങ്കും അപഹരിക്കപ്പെട്ടുപോയെങ്കിലും നാട്ടിലാര്‍ക്കുമില്ലാതിരുന്ന ലോകാനുഭവങ്ങളുടെ ഭാണ്ഡക്കെട്ടുമായാണ് അയാള്‍ ഗുജറാത്തില്‍ നിന്നും തിരിച്ചെത്തിയത്. ഛിന്നമായിത്തീര്‍ന്ന കുടുംബബന്ധങ്ങള്‍. അന്യം നിന്നുപോയ അടുപ്പങ്ങള്‍. നേരില്‍ കണ്ടപ്പോള്‍ ആ കണ്ണുകളില്‍ അതിന്റെയൊന്നും കുറ്റബോധപോറലുകള്‍ ഉള്ളതായിത്തോന്നിയില്ല. ഇരുകവിളുകളും ഇടിഞ്ഞുതൂങ്ങി കാലമേല്‍പ്പിച്ച അഴുക്കുകള്‍ ചേടകെട്ടിയ ആ ശരീരം ചുമര്‍ താങ്ങി കാലുകള്‍ ചെരിച്ച് വച്ച് ഇരിപ്പായിരുന്നു.
ഞാന്‍ പേരും ഒരു മലഞ്ചെരിവിന്റെ ദൂരം മാത്രമുള്ള സ്ഥലവും പറഞ്ഞു. പറഞ്ഞുവന്നപ്പോള്‍ അഛന്റെ കൂടെ നാലാം ക്ലാസുവരെ ഒരു ബെഞ്ചിലിരുന്നു പഠിച്ചതാണ്. ആ മുഖത്ത് ബാല്യത്തിന്റെ പഴഞ്ചന്‍ തിരകള്‍ വന്നലക്കുന്നതായി ഞാന്‍ കണ്ടു. ബന്ധങ്ങളില്‍ കാലത്തിന്റെ വിള്ളലുകള്‍. ഊരും പേരുമില്ലാത്ത അരക്ഷിത പ്രവാസം. ചേരിപ്പോരുകളായും വര്‍ഗീയ കലാപങ്ങളായും ഉറയൂരിയ വാളുകളും തീ തുപ്പിയ തോക്കുകളും ഏറ്റെടുത്ത ഗലികളിലെ അരക്ഷിതമായ നീണ്ട പതിനാറുവര്‍ഷങ്ങള്‍. മരണത്തിന്റെ പ്രലോഭനീയമായ ഇടിവാള്‍ മിന്നിച്ചുകള്‍. അയാള്‍ അകാരണമായി കിതക്കുന്നത് കണ്ട് ഫവാസ് വിളറിയപ്പോയത് ഓര്‍ക്കുന്നു. തിരിച്ചുവന്നതിനുശേഷം മക്കളോടു പോലും പറഞ്ഞു കാണില്ല ഇക്കഥകള്‍.
“ജീവിതത്തിന് തലവരയേ മാറ്റിയെഴുതാനൊക്കൂ, ഉള്ളില്‍ പിടയ്ക്കുന്ന ഭാവനാചിത്രങ്ങളുടെ വരവിനെ തടുക്കാനാവില്ല.’ തന്നില്‍ കുടികൊള്ളുന്ന കലാബോധം അയാളെ തെല്ലൊന്നാശ്വസിപ്പിക്കുംമട്ടില്‍ ഒരു നിശ്വാസം പുറത്തുവന്നു. ആകെ അറിയുന്ന തൊഴിലാണത്. തനുവും മനവും അതിനു വേണ്ടി മാത്രമായി സമര്‍പ്പിച്ചതിന്റെ പരിണത ഫലം.
“അത് ഒരു ട്രാപ്പാണ്. എങ്കിലും അത് ഏറ്റുവാങ്ങാനും ഇരുകൈയും നീട്ടി സ്വീകരിക്കാനും എന്നെപ്പോലുള്ള കലാകാരന്മാര്‍ ധൈര്യപ്പെട്ടുപോവും’
അയാള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ആ പെട്ടുപോവലിന്റെ കൃതാര്‍ഥത അതില്‍ പ്രതിഫലിച്ചിരുന്നു. കലക്ക് ഭാഷയോ കാലമോ ഇല്ല എന്ന് അന്ന് തന്റെ കൈവിരലിന്റെ ചടുലതയില്‍ വിടര്‍ന്ന കടകളുടെയും ധാബകളുടെയും മറാത്തി ബോര്‍ഡുകള്‍ തെളിയിച്ചു. അതായിരുന്നു എളുതായ അതിജീവന മാര്‍ഗം. ആശുപത്രിക്കെട്ടിടത്തിന്റെ താഴെ നിന്നും കയറിവരുന്ന എന്നെക്കണ്ട് ഫവാസ് കൈവീശിക്കാണിച്ചു. കെട്ടിടത്തിനപ്പുറം പുഴയാണ്. വേലിയിറക്കത്തിന്റെ സായാഹ്നസന്ധ്യ. ഓളങ്ങളെ പുണര്‍ന്നുകിടന്ന പോക്കുവെയില്‍ നാളങ്ങള്‍ പിന്‍വാങ്ങിക്കൊണ്ടിരുന്നു. മുറിയില്‍ കയറി ഫവാസിന്റെ ബാപ്പയെ കണ്ടു. തലയും നെഞ്ചിന്‍കൂടുമൊഴിച്ച് ബാക്കി ഭാഗങ്ങളെല്ലാം എയര്‍ബെഡ്ഡില്‍ പറ്റിച്ചേര്‍ന്ന് കിടക്കുന്നു. ശരിക്കും ഒരു അസ്ഥിപഞ്ചരം. നാസര്‍ കലാഗ്രാമം എന്ന ചിത്രകാരന്റെ ദുരിത വാഴ് വിന് ഇടവേളകളുണ്ടായിരുന്നില്ല. ജീവന്‍ തിരിച്ചുകിട്ടി നാടണഞ്ഞ് അധികം വൈകാതെ ഈ പ്രതിവിധിയില്ലാത്ത പാര്‍ക്കിന്‍സണ്‍ രോഗവും. വഞ്ചനാപരമായ ജീവിതത്തിന് രംഗബോധമില്ല. നാഡികള്‍ തളര്‍ന്ന്, പെയ്ന്റിങ് ബ്രഷുകള്‍ വിസ്മയം തീര്‍ത്ത വിരലുകള്‍ നിശ്ചലമായി ഇവിടെ ഈ ആശുപ്രതിയുടെ തളര്‍വാതബെഡില്‍..
“അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റിക്കിടത്താന്‍ വയ്യ. ബോഡി അവിടെയവിടെ പൊട്ടിത്തുടങ്ങിയിട്ടുണ്ട്.’
ഫവാസ് ഇങ്ങനെ പറഞ്ഞപ്പോള്‍ ആ മുറിക്ക് അഴുകിയ മാംസത്തിന്റെ ഗന്ധമാണെന്ന് പെട്ടെന്ന് ഉള്ളില്‍ തിങ്ങി വന്ന ഓക്കാനത്തോടെ ഞാനറിഞ്ഞു. എന്റെ അസ്വസ്ഥത കണ്ടിട്ടാവണം അവന്‍ വരാന്തയിലേക്ക് കടന്നുനിന്നു. പുഴയില്‍ നിന്നും അവസാനത്തെ തിളക്കവും നീങ്ങിക്കഴിഞ്ഞിരുന്നു. അവ്യക്തതയുടെ ഇരുട്ട് പുഴയെ ഭക്ഷിച്ചതുപോലെ. താഴെ കമ്പിവേലിയില്‍ എഴുതിത്തൂക്കിയ ബോര്‍ഡ് ഹാലജന്‍ പ്രകാശവെട്ടത്തില്‍ ഞാന്‍ വായിച്ചു; “യാതൊരു കാരണവശാലും പുഴയില്‍ മാലിന്യം തള്ളരുത്. ജനിപ്പിച്ച തന്തയായിപ്പോയി അല്ലേല്‍ ഈ വേസ്റ്റ് അങ്ങു തള്ളാമായിരുന്നു’ എന്ന് അടുത്തു നിന്ന് ഫവാസ് പറയുന്നതുപോലെ. പക്ഷേ, അതു തോന്നലായിരുന്നെന്ന് ഉറപ്പിച്ചുകൊണ്ട് അവന്‍ പറഞ്ഞത് മറ്റൊന്നാണ്. “ബാപ്പയുടെ പഴയ കുറച്ച് പെയ്ന്റിങ്‌സ് ഉണ്ട്.’ ഞാന്‍ അവന്റെ മുഖത്തേക്ക് ശരിക്ക് നോക്കുന്നത് അപ്പോഴായിരുന്നു. “മരിക്കുന്നതിനു മുമ്പ് അവ പൊടി തട്ടിയെടുത്ത് നമുക്കൊരു എക്‌സിബിഷന്‍ നടത്തിയാലോ?’ ഏതാനും നീര്‍കൊക്കുകളുടെ ചിലപ്പ് അകന്നുപോയി..
പിറ്റേന്ന്, ഫവാസിന്റെ വീടിനടുത്തുള്ള ബസ്റ്റോപ്പില്‍ ഞാനവനെ കാത്തുനിന്നു. ആശുപത്രിയില്‍ നിന്നും നേരെ ഇങ്ങോട്ടു വരുമെന്നായിരുന്നു അവന്റെ വാട്‌സാപ്പ് സന്ദേശം. കഠിനമായ എന്തോ ആലസ്യം ബാധിച്ചതുപോലെ ഇടറോഡ് വളഞ്ഞു പുളഞ്ഞുകിടക്കുന്നു. നേരം കളയാന്‍ ഞാന്‍ വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ ഓരോന്നായി പരിശോധിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ ഭീകര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് രാജ്യം. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ അദ്യം ബാധിക്കുക കലാകാരന്മാരെയാണ്, വിദ്യാര്‍ഥികളെയാണ്. എവിടെയും നൈരാശ്യത്തിന്റെ പടുകുഴികള്‍ രൂപപ്പെട്ടു തുടങ്ങിയിരിക്കുന്നു. പക്ഷേ, ഇതിന്റെയൊന്നും ജാഗ്രത്തായ ഒരു വികാരവും ബാധിച്ചിട്ടില്ലാത്ത ഒരു യുവത ഇവിടെയുണ്ട്. അവനവനിസത്തിലും താത്കാലിക അനന്ദങ്ങളിലും മാത്രം അഭിരമിക്കുന്ന അലസിപ്പോകുന്ന തലമുറ. ബൈക്ക് ഹോണടി കേട്ട് ഞാന്‍ ഫോണില്‍ നിന്നും തലയുയര്‍ത്തി നോക്കി. ഫവാസാണ്.
“വഴിയില്‍ ഒരു പ്രതിഷേധ റാലി. നല്ല ബ്ലോക്ക്.’ എന്റെ കാത്തിരിപ്പിന്റെ മുഷിപ്പിനെ മനസിലാക്കിയെന്നവണ്ണം അടുത്തെത്തിയ ഉടന്‍ അവന്‍ പറഞ്ഞു.
വീടിന്റെ പിന്‍വശത്തേക്ക് ഫവാസ് എന്നെ നയിച്ചു. പുതിയ വീട് കെട്ടിയപ്പോള്‍ അടുക്കള ഭാഗം അതുപോലെ നിര്‍ത്തിയിരിക്കുകയാണ്. സ്‌ഫോടനത്തില്‍ തകര്‍ന്ന ഫലസ്തീന്‍ വീടുകളുടെ ചിത്രം ഇന്ത്യ ടുഡെയില്‍ കണ്ടത് ഓര്‍ത്തുപോയി. അതിനകത്തേക്ക് കടന്നപ്പോള്‍ കടന്നുപോയ പഴങ്കാലത്തിന്റെ വാട അവിടെ കെട്ടിക്കിടക്കുന്നതുപോലെ. ആഹാരപാചകത്തിന്റെ തിളപ്പിച്ച സ്മരണയില്‍ ചേതനയറ്റ കരി പുരണ്ട അടുപ്പുകള്‍. പഴന്തുണിക്കെട്ടുകളും ഞളുങ്ങിയ അലുമിനിയം പാത്രങ്ങളും ഈര്‍ച്ചപ്പൊടിച്ചാക്കുകളും അവിടം വശപ്പെടുത്തിയിരുന്നു. ഫവാസ് എവിടെ നിന്നോ ഒരു കോണി കൊണ്ടുവന്നു. അട്ടത്താണ് സാധനം. അവന്‍ മുകളിലേക്ക് കോണിയടുപ്പിച്ച് വച്ചപ്പോഴാണ് ഞാനത് ശ്രദ്ധിച്ചതുതന്നെ. ഒരു കഴിവുറ്റ കലാകാരന്റെ തിരുശേഷിപ്പുകള്‍ ഈ അട്ടത്താണ്. അവന്റെ അത്തയുടെ ജീവന്റെ തെളിവുകള്‍. എന്തോ ഓര്‍ത്തിട്ടെന്നവണ്ണം അവന്‍ കോണി വഴി അട്ടത്തേക്ക് കയറി. മാറാലയും എലിക്കാട്ടങ്ങളും പറ്റിയ കാന്‍വാസ് ഫ്രൈമുകള്‍ താഴേക്ക് കാണിക്കുകയും ഞാനവ ശ്രദ്ധയോടെ ഏറ്റുവാങ്ങി തളത്തിലേക്കിറക്കിവക്കുകയും ചെയ്തു. ചിലതിന്റെ മരപ്പെട്ടികള്‍ ദ്രവിച്ച് അടര്‍ന്നിരുന്നു. ആകെ പതിനേഴ് എണ്ണമുണ്ട്. തരക്കേടില്ലാത്ത ഒരു എക്‌സിബിഷിനുള്ളതുണ്ട്. മാറാലമൂടി കരിയഴുക്കു പറ്റിയ ഒരെണ്ണം ഞാന്‍ വിടര്‍ത്തി നോക്കി. ഒരു അതിര്‍ത്തി വേലിക്കപ്പുറവും ഇപ്പുറവും ഒരു വൃദ്ധനും ബാലകനും. വൃദ്ധന്‍ കുട്ടിക്ക് കൈക്കുമ്പിളില്‍ എന്തോ കൈമാറുകയാണ്. ഒരു കുമ്പിള്‍ വെള്ളം.! അതിരുകള്‍ ഭേദിക്കുന്ന ജീവജലവിനിമയം. കൗതുകപൂര്‍വം, അടുത്തതു കൂടി നോക്കാന്‍ തുനിയവേ ഫവാസ് താഴേക്ക് ഇറങ്ങിവന്നു.
“വൈകാതെ അശുപത്രിയിലെത്തണം. മരുന്ന് തീര്‍ന്നിട്ടുണ്ട്. സന്ദര്‍ശകയായി എത്തിയ അകന്ന ബന്ധുവിനെ നിര്‍ത്തി പോന്നതാണ്. ഇത് അത്ര പ്രധാനമായതോണ്ട് മാത്രാ..’
“നീ വിട്ടോ ഇതെല്ലാം ഞാന്‍ എങ്ങനെയെങ്കിലും പാര്‍ട്ടി ഓഫിസില്‍ എത്തിച്ചോളാം. ബാക്കിയൊക്കെ അവിടെ വച്ച് ഏര്‍പ്പാടാക്കാം.’
അതെ, നാസര്‍ കലാഗ്രാമം എന്ന കഴിവുറ്റ ചിത്രകാരനെ, അയാള്‍ മരിക്കുന്നതിനു മുമ്പ് തിരിച്ചു കൊണ്ടുവരേണ്ടത് ഞങ്ങള്‍ പിന്‍തലമുറക്കാരുടെ ഉത്തരവാദിത്തമാണ്.
ഒരു പകലിന്റെ ദാക്ഷീണൃത്തില്‍ മയങ്ങുന്ന രാത്രിനിരത്ത്. ദേശീയപാതയില്‍ നിന്നും ഉള്‍ഗ്രാമങ്ങളിലേക്കുള്ള റോഡാണ്. സുനിലിന്റെ ഓട്ടോ കിട്ടിയത് നന്നായി. ആപ്പ ആയതിനാല്‍ ആ കാന്‍വാസ് ഫ്രൈമുകള്‍ പിന്‍വശത്ത് നന്നായി അടുക്കിവെക്കാനുള്ള സൗകര്യമുണ്ട്. വൃത്തിയാക്കിയെടുക്കാന്‍ കുറച്ച് കഷ്ടപ്പെടും. ചിത്രപ്രദര്‍ശനത്തിനുള്ള ഏര്‍പ്പാടുകള്‍ ഉടന്‍ ചെയ്യണം. ഒരു ആത്മമിത്രമെന്ന നിലയില്‍ ഫവാസിന് ചെയ്തുകൊടുക്കാനാവുന്ന ഏറ്റവും നല്ല ഉപകാരമിതാവും. കണ്ണുകളില്‍ നിറങ്ങള്‍ നൃത്തം വെച്ച അവന്റെ ബാപ്പയുടെ കലാജീവിതത്തിന്റെ റീമേക്കിങ് ആവുമത്. നാസര്‍ കലാഗ്രാമം എന്ന ആ മനുഷ്യന്‍ ഇപ്പോള്‍ മരണത്തിന്റെ ഫൈനല്‍ ഫിനിഷിങിനായുള്ള തയാറെടുപ്പിലാണ്. അതിന് മുമ്പ് അത് നടത്തിക്കൊടുക്കണം.
വൈബ്രേഷനിലായ ഫോണ്‍ തുടര്‍ച്ചയായി പ്രകമ്പനംകൊണ്ടിരിക്കുകയായിരുന്നു. എപ്പോഴാണ് ഉണര്‍ന്നത് എന്നറിയില്ല. കേശുവേട്ടനാണ്. അര്‍ധബോധത്തില്‍ ഫോണ്‍ അറ്റന്റ് ചെയ്തു.
“ഡാ, പ്രസിഡന്റ് റൂള്‍-ഇന്ന് പ്രന്തണ്ടു മണി മുതല്‍’
മയക്കത്തിന്റെ ശകലങ്ങള്‍ എങ്ങനെയാണ് നീരാവിയായിപ്പോയത് എന്ന് അറിഞ്ഞില്ല. ഞാന്‍ പൂര്‍ണമായും തുറന്ന കണ്ണില്‍ സമയം നോക്കി 12.27.
“ഇനി എന്താ ഇണ്ടാവ്വാ കേശേട്ടാ.. പാര്‍ട്ടി നിരോധനം ഒക്കെ ണ്ടാവാനിടയുണ്ട്.’
ഞങ്ങളിലെ ഇടവേള റേഡിയോയില്‍ സ്റ്റേഷന്‍ ട്യൂണ്‍ ചെയ്യുന്നതുപോലെ കരകരപ്പുള്ളതായിരുന്നു. തൊള്ളായിരത്തി എഴുപത്തഞ്ചില്‍ റേഡിയോയിലൂടെയുള്ള ആ അഭിസംബോധനാ സന്ദേശം അതിലൂടെ മുഴങ്ങുന്നതായി ഒരു നിമിഷം അറിഞ്ഞു. നിശ്ചലമാവാനുള്ള തയാറെടുപ്പുകളോടെ, ഈ നേരം മാത്രം ഉണര്‍ന്നിരുക്കുന്ന പത്രപ്രസ്സുകള്‍. അവയുടെ മുന്‍പേജുകളില്‍ നിറയുന്ന, ആ ലിപികള്‍ ഏതു കാലത്തേതായിരിക്കുമെന്ന് സംഭ്രമിച്ചുപോയി. നാളെ ഫവാസ് വിളിക്കുമ്പോള്‍ എന്തു പറയണമെന്നോര്‍ത്ത് ചലനമറ്റ കണ്‍പോളകളോടെ ഞാന്‍ മലര്‍ന്നുകിടന്നു. വീടിനു പുറമെ, നേരം തെളിഞ്ഞുവരികയാണ്. അതിനും മീതെ വിലക്കുകളുടെ കരിമ്പാട വലിച്ചുകെട്ടിക്കൊണ്ടിരിക്കുന്ന നഖം കൂര്‍ത്ത കൈവിരലുകള്‍ ■

Share this article

About ബിനീഷ് വൈദ്യരങ്ങാടി

bineeshmk1987@gmail.com

View all posts by ബിനീഷ് വൈദ്യരങ്ങാടി →

Leave a Reply

Your email address will not be published. Required fields are marked *