തോൽവിക്ക് കാരണം നരേന്ദ്രമോദി

Reading Time: 2 minutes

ടൈം മാഗസിന്റെ 2019 മെയ് ലക്കം രാജ്യാന്തര എഡിഷനില്‍ മോദിയുടെ ചിത്രമായിരുന്നു കവര്‍. ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഘട്ടമെത്തി നില്‍ക്കുമ്പോഴാണ് ടൈം മാഗസിന്റെ പുറം ചട്ടയില്‍ മോദിയുടെ മുഖം തെളിയുന്നത്. പക്ഷേ, മാഗസിന്‍ മോദി ഭക്തരെ വല്ലാതെ ചൊടിപ്പിച്ചു. കാരണം ചിത്രത്തിനൊപ്പമുള്ള തലവാചകമായിരുന്നു. മോദി: “ഇന്ത്യയുടെ വിഭജന നായകന്‍’ എന്നായിരുന്നു അത്.
ഒന്നാം മോദി സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും ഒറ്റ വാചകത്തില്‍ നിര്‍വചിച്ചതായിരുന്നു ആ നിരീക്ഷണം. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ, വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ, ധ്രുവീകരണ പ്രത്യയശാസ്ത്രത്തിന്റെ ഒന്നാം മോദി സര്‍ക്കാര്‍ രാജ്യാന്തരതലത്തില്‍ മാധ്യമങ്ങളില്‍ വിചാരണചെയ്യപ്പെട്ടെങ്കിലും കൂടുതല്‍ ശക്തിയോടെന്നപോല്‍ 2019 ലെ തിരഞ്ഞെടുപ്പിലും മോദി അധികാരം നിലനിര്‍ത്തി.
വെറുപ്പിന്റെ രാഷ്ട്രീയത്തെ ചൊല്ലിയുള്ള ആശങ്കകളോ, നോട്ടുനിരോധനം, ജി എസ് ടി, റാഫേല്‍ അഴിമതി തുടങ്ങിയ വിഷയങ്ങളോ തിരെഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വിനയായില്ല എന്നുമാത്രമല്ല, സംഘപരിവാരം നടപ്പിലാക്കിയ രാജ്യസുരക്ഷയെ സംബന്ധിച്ച വ്യാജ വ്യവഹാരങ്ങളിലും ഭീതിയുടെ രാഷ്ട്രീയ വിചാരത്തിലും ബി ജെ പിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായി.
ഇന്ത്യയില്‍ വോട്ടു ചെയ്യുന്നവരുടെ മൂന്നിലൊന്ന് ജനങ്ങള്‍ക്കും സാധാരണക്കാരനെ സാധാരണയില്‍ ബാധിക്കേണ്ട ജീവല്‍പ്രശ്ങ്ങളൊന്നും ഏല്‍ക്കുന്നില്ലെന്നും ഭീതിതമായ വർഗീയ ധ്രുവീകരണത്തിന് അവര്‍ വിധേയരായിക്കഴിഞ്ഞു എന്നും ഈ ലോകസഭാ തിരഞ്ഞടുപ്പ് സാക്ഷ്യപ്പെടുത്തി. രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമനിർമാണങ്ങളില്‍ പലതും ബി ജെ പിക്ക് ഗണ്യമായ തോതില്‍ ജനപ്രീതി നഷ്ടപ്പെടുത്തി എന്ന നിരീക്ഷണങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്. ബംഗാള്‍, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളും പഞ്ചാബ് അടക്കമുള്ള ചില സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പുകളും മുന്‍നിര്‍ത്തിയുള്ള ഈ നിരീക്ഷണങ്ങള്‍ സാമാന്യവത്കരിക്കാന്‍ നിർവാഹമില്ല എന്നുതോന്നുന്നു.
ഒന്നാം കോവിഡ് തരംഗത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പിലാക്കിയ അപ്രതീക്ഷിത ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ വലച്ചത് കുടിയേറ്റ തൊഴിലാളികളെയാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ പൊള്ളുന്ന വേനലില്‍ കാല്‍നടയായാണ് പല കുടുംബങ്ങളും സ്വന്തം ഗ്രാമങ്ങളില്‍ കൂടണഞ്ഞത്. അങ്ങനെ 1700 കിലോമീറ്റര്‍ യാത്ര ചെയ്ത് ബിഹാറിലെ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്ന ഒരു കുടുംബം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും വോട്ട് ചെയ്ത് സഹായിച്ചത് ബി ജെ പി മുന്നണിയെയാണ്. അതിശയിപ്പിക്കുംവിധം ഒരു വലിയ ജനസഞ്ചയത്തിന്റെ മനോനില വർഗീയ അജണ്ടയില്‍ മാത്രം നിയന്ത്രിക്കപ്പെടുന്നു എന്നതിന്റെ ചെറിയൊരു ഉദാഹരണമാണിത്.
എന്നാല്‍ വർഗീയത കൊണ്ടുമാത്രം ഏറെക്കാലം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് താത്പര്യങ്ങളെ നിയന്ത്രിക്കാനായേക്കില്ലെന്ന് കരുതാം. അങ്ങനെയെങ്കില്‍ മാത്രം സമീപ ഭാവിയില്‍ മാറ്റങ്ങളുണ്ടാകും. അത്തരം മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിലെ പരാജയം കാരണമാകും. മോദി സര്‍ക്കാരിന്റെ ജനപ്രീതി വലിയ തോതില്‍ ഇടിയാന്‍ കോവിഡ് രണ്ടാം തരംഗം രാജ്യത്ത് സൃഷ്ടിച്ച ദുരന്തങ്ങള്‍ കരണമാകേണ്ടതാണ്.
ടൈം മാഗസിന്‍ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളും ഇന്ത്യ ടുഡേ, ഔട്‌ലുക്, കാരവന്‍ തുടങ്ങിയ ഇന്ത്യന്‍ മാധ്യമങ്ങളും ഇന്ത്യയിലെ കോവിഡ് ദുരന്തത്തിന്റെ ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന് വിരല്‍ചൂണ്ടിയിരുന്നു. മോദി ഇന്ത്യയെ പരാജയപ്പെടുത്തി എന്നാണ് ടൈം മാഗസിന്‍ നിരീക്ഷിക്കുന്നത്. അനിയന്ത്രിതമായ കോവിഡ് മരണങ്ങളുടെ ഭീകരത വിളിച്ചുപറയുന്ന ഉത്തരേന്ത്യയിലെ ശ് മശാനങ്ങളിലൊന്നിന്റെ ചിത്രമാണ് ടൈം മാഗസിന്‍ 2021 മെയ് ലക്കത്തിന്റെ കവര്‍.
കഴിഞ്ഞ ഏഴുവര്‍ഷമായി ഇന്ത്യാ സര്‍ക്കാരിനെ കാണ്മാനില്ലെന്ന് പരിഹസിച്ചുകൊണ്ടാണ് ഔട്‌ലുക് മാസികയുടെ മെയ് ലക്കം കവര്‍ വന്നത്. കണ്ടുകിട്ടുന്നവര്‍ ഇന്ത്യയിലെ ജനങ്ങളെ അറിയിക്കണമെന്ന് ഔട്‌ലുക് ഓർമിപ്പിക്കുന്നു. “കോവിഡ് രണ്ടാം തരംഗത്തില്‍ തോറ്റുപോയ രാജ്യം’ എന്നാണ് ഇന്ത്യ ടുഡേയുടെ മെയ് ലക്കം പറയുന്നത്. ഊഴം കാത്തുകിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രമാണ് മുഖത്ത്. എപ്പോഴത്തെയും പോലെ കാരവന്‍ കൂടുതല്‍ കടുപ്പിച്ചു. ശ്മശാനത്തിലെ ഒരു രംഗം മുഖചിത്രമായി വെച്ച് കുറ്റകരമായ കൂട്ടക്കൊല എന്നുറക്കെ പറഞ്ഞുകൊണ്ടാണ് കാരവന്‍ മാസിക മെയ് ലക്കം പുറത്തിറക്കിയത്.
ജീവവായു കിട്ടാതെ പിടഞ്ഞു വീഴുന്ന ഹതഭാഗ്യരായ ജനതയായി ഇന്ത്യ മാറി. കോവിഡിന്റെ ഒന്നാം തരംഗത്തിനും മുന്നേ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കന്മാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന മുന്നൊരുക്കങ്ങളൊന്നും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല അവരെ പരിഹസിക്കുകയും ചെയ്തു. ഓക്‌സിജന്‍ പ്ലാന്റുകള്‍ തയാറാക്കുന്നതിലും ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിലും കേന്ദ്ര സര്‍ക്കാര്‍ അപകടകരമായ അലംഭാവം കാണിച്ചു. സൗജന്യ വാക്‌സിനേഷന്‍ നല്‍കാതെ സ്വകാര്യ മേഖലക്ക് കൊള്ളലാഭമുണ്ടാക്കാന്‍ അവസരം നല്‍കിയ കേന്ദ്ര സര്‍ക്കാരിനെ ജനങ്ങളുടെ കനത്ത പ്രതിഷേധമാണ് പിന്നീട് തിരുത്തിയത്.
വാക്‌സിന്‍ നയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തിരുത്ത് കൊണ്ടുവന്ന സാഹചര്യം രാജ്യത്ത് പ്രതിഷേധങ്ങള്‍ ഫലം കാണുന്നതിന്റെ ശുഭ സൂചനയായി കാണാം. വാചകക്കസര്‍ത്തുകളുടെയും പൊയ്മുഖങ്ങളുടെയും വ്യാജ വ്യവഹാരങ്ങളുടെയും പൊള്ളയായ വാഗ്ദാനങ്ങളുടെയും കൂട്ടുപിടിച്ച് നാട് ഭരിച്ചുമുടിക്കാമെന്ന് സത്യമായും മോദിയും കൂട്ടരും കരുതുന്നുണ്ടെന്ന് ഉത്തരേന്ത്യയിലെ പല കാഴ്ചകളും പറഞ്ഞുകൊണ്ടിരുന്നു.
ശ് മശാനങ്ങളില്‍ ദിവസങ്ങളോളം ചിതകളൊടുങ്ങാതെ കത്തി. ചിതയിലേക്കെടുത്തുവെക്കാന്‍ ഊഴം കാത്ത് കിടക്കുന്ന മൃതശരീരങ്ങള്‍ വേദനയായി. ചിതയൊരുക്കാന്‍ പോലും വകയില്ലാത്ത ദരിദ്രരുടെ മൃതശരീരങ്ങള്‍ നദികളില്‍ ഒഴുകിയലഞ്ഞു. അപ്പോഴും 20000 കോടി രൂപയുടെ മണിമാളിക പണിയുകയാണ് മോദി സര്‍ക്കാര്‍. ഒരു ഭരണകൂടം ഒരു ജനതയെ വഞ്ചിച്ചെന്ന തോന്നല്‍ ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ വളരുന്നത് സംഘ്പരിവാരത്തിന് മനസിലാകുന്നുണ്ട്. അതുകൊണ്ട് അവരിപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ കുറ്റക്കാരാക്കുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു. ആള്‍ക്കൂട്ടത്തെ വിട്ട് ആശുപത്രികള്‍ തകര്‍ക്കുന്നു. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കൈയേറ്റം ചെയ്യുന്നു. എല്ലാത്തിനുമപ്പുറം അപരവിദ്വേഷം പരത്തുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചുവോ? പള്ളിയിലേക്ക് പോവുകയായിരുന്ന വയോവൃദ്ധനെ ജയ് ശ്രീരാം വിളിക്കാന്‍ ആക്രോശിച്ചുകൊണ്ട് ആക്രമിച്ചു. അദ്ദേഹത്തിന്റെ താടി വെട്ടിക്കളഞ്ഞു. സ്വന്തം താടി നീട്ടി വളര്‍ത്തുകയും തന്റെ ഭക്തര്‍ നാട്ടുകാരുടെ താടി മതവിദ്വേഷത്തിന്റെ പേരില്‍ വെട്ടുമ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഹരിയാനയിലും ഉത്തര്‍ പ്രദേശിലും സമാനമായ സംഭവങ്ങള്‍ ഒരുപാടുണ്ടാകുന്നുണ്ട്. ഇതൊന്നും വെറുതെയല്ല. അങ്ങനെ ധരിക്കാന്‍ നിർവാഹമില്ല.
മുസ്‌ലിം വിരുദ്ധതയുടെ, ഇസ്‌ലാമോഫോബിയയുടെ, അപര വിദ്വേഷത്തിന്റെ, ധ്രുവീകരിച്ച് ഉരുട്ടിയുണ്ടാക്കുന്ന വോട്ട് വിഹിതത്തിന്റെ, കൃത്യമായി ആസൂത്രണം ചെയ്ത രാഷ്ട്രീയ നീക്കമാണിത്. മുസ്‌ലിംകളും ദളിതുകളും മറ്റു ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുമ്പോള്‍ ആര്‍ക്കാണ് സന്തോഷമാകുന്നത്? അവര്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ മാത്രം വലിയ ആള്‍ക്കൂട്ടമാണോ? ഇതിനുള്ള ഉത്തരമാണ് സംഘ്പരിവാരത്തിന്റെ കൊലവിളികള്‍. വ്യാജ വ്യവഹാരങ്ങള്‍. തിരഞ്ഞെടുപ്പ് റാലികളിലെ വിദ്വേഷ പ്രസംഗങ്ങള്‍. നിയമനിർമാണങ്ങള്‍. അതിനുള്ള ഉത്തരം ഇന്ത്യയുടെ ആത്മാവിനെ വേദനിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതും നിരാശയുളവാക്കുന്നതുമാണ്. ഈ ജനതയെ നമ്മളെങ്ങനെ തിരികെ ഇന്ത്യയുടെ ആത്മാവിലേക്ക് അടുപ്പിക്കും? ഈ ജനസഞ്ചയത്തെ നമ്മളെങ്ങനെ സംഘ്പരിവാറിന്റെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് ആനയിക്കും? ഇതല്പം ഗുരുതരമായ വിഷയമാണ്. അതിനുത്തരം കണ്ടെത്തുന്നതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിക്കുമോ എന്നതിലാശ്രയിച്ചിരിക്കുന്നു ഇന്ത്യയുടെ ഭാവി ■

Share this article

About എന്‍ എസ് അബ്ദുല്‍ ഹമീദ്

nsabdulhameed@gmail.com

View all posts by എന്‍ എസ് അബ്ദുല്‍ ഹമീദ് →

Leave a Reply

Your email address will not be published. Required fields are marked *