യൂറോ അമേരിക്കന്‍ പ്രവാസമല്ല ഗള്‍ഫുകാരുടേത്‌

Reading Time: 4 minutes

• ഏഴു വര്‍ഷത്തോളമാണ് യുഎഇയില്‍ താമസിച്ചത്. അയല്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള ആളുകളുമായി ഇടപഴകാനുള്ള അവസരവും കിട്ടി. പണ്ടു കാലത്തെ ഗള്‍ഫ് ജീവിതത്തിനുണ്ടായിരുന്ന അത്രയും വീര്‍പ്പുമുട്ടല്‍ ഇപ്പോഴത്തെ പ്രവാസത്തിനില്ല. കാരണം പണ്ട് നമ്മുടെ വീട്ടുകാരുമായി സംവദിക്കുന്നത് കത്ത് മുഖാന്തരമായിരുന്നു. അതും സ്വന്തമായി പോസ്റ്റ് ചെയ്യാന്‍ കഴിയാതെ ആരുടെയെങ്കിലും അടുത്ത് കൊടുത്തുവിടണം. ഇന്ന് ലൈവായി വീട്ടുകാരുമായി വിശേഷങ്ങള്‍ പങ്കുവെക്കാന്‍ കഴിയുന്നു. സ്വന്തം കുഞ്ഞുങ്ങളോട് സംസാരിക്കാനും അവരുടെ വളര്‍ച്ച കാണാനും ഭാര്യയോട് സംസാരിക്കാനും ഉപ്പയുടെയും ഉമ്മയുടെയുമൊക്കെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം നേരിട്ടറിയാനുമുള്ള അവസരം ന്യൂജനറേഷന്‍ പ്രവാസിക്ക് ലഭിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ പ്രവാസത്തിന്റെ കടുത്തചൂടും ജോലിയുടെ വീര്‍പ്പുമുട്ടലും കുടുംബത്തെ വേര്‍പിരിഞ്ഞിരിക്കുന്നതിലെ സങ്കടങ്ങളും ഉണ്ടെങ്കിലും ചെറിയ ശമ്പളക്കാരാണെങ്കിലും പണ്ടത്തേക്കാളുപരി കുടുംബത്തെ ഗള്‍ഫിലേക്ക് കൊണ്ടുപോകുന്നുണ്ട്. കോവിഡ് കാലത്ത് കുറേയധികം പേര്‍ നാട്ടിലേക്ക് പോകുമ്പോഴും ആ ഗ്യാപ്പ് ഫില്‍ ചെയ്ത് മറ്റുചിലര്‍ കുടുംബത്തെ ഗള്‍ഫിലേക്ക് കൊണ്ടുവരുന്നു. കാരണം ഗള്‍ഫില്‍ വാടക കുറഞ്ഞു. ചെലവും കുറവാണ്. എന്റെ കാഴ്ചപ്പാടില്‍ വലിയ വീര്‍പ്പുമുട്ടലില്ലാത്ത ജീവിതമാണ് ഇപ്പോഴത്തെ മിക്ക പ്രവാസിക്കുമുള്ളത്. അന്നും ഇന്നും ഒരു പ്രധാന പ്രശ്‌നം ഫിസിക്കല്‍ പ്രസന്‍സ് സ്വന്തം കുടുംബത്തിന് കൊടുക്കാന്‍ കഴിയാത്തതിലെ സങ്കടമാണ്. അത് പരിഹരിക്കാനുള്ള ടെക്‌നോളജി ആയിട്ടില്ല. അതാണ് പ്രകടമായിട്ടുള്ള പ്രവാസം. 2011ല്‍ ഗള്‍ഫിലെത്തുമ്പോള്‍ ഒരു ദിര്‍ഹമിന് 11 രൂപയാണ്. ചെലവെല്ലാം ഏറിയിട്ടുണ്ടെങ്കിലും ഇന്ത്യയെ അപേക്ഷിച്ച് യുഎഇയില്‍ ജീവിക്കാന്‍ എളുപ്പമാണ്. നാട്ടിലേതിനെക്കാള്‍ എത്രയോ കുറഞ്ഞ ചെലവിലാണ് അവിടെ ജീവിക്കുന്നത്. കൂടുതല്‍പേരും അഡ്ജസ്റ്റഡ് ആണ്. സേവിങ് ഒരുപാട് നടക്കുന്നുണ്ട്. ഒരുപക്ഷേ അതേ ശമ്പളക്കാരന്‍ നാട്ടില്‍ വന്നുകഴിഞ്ഞാല്‍ അത്രയും സേവ് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല.

• കേരളത്തിന്റെ നട്ടെല്ല് പ്രവാസികളാണ് എന്നത് ശരിയാണ്. കാരണം നമ്മുടെ മുക്കിലും മൂലയിലുമെല്ലാമുള്ള വലിയ വീടുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്. വലിയ വാഹനങ്ങളും പ്രവാസികളുടേതായിരിക്കും. മിക്ക ഷോപിങ്മാളുകളും കോംപ്ലക്‌സുകളുമെല്ലാം പ്രവാസികളുടെ അധ്വാനത്തിന്റെയും കണ്ണുനീരിന്റെയും ഫലമാണ്. പ്രവാസി അധ്വാനിച്ചു കിട്ടുന്ന തുകയില്‍നിന്ന് നീക്കിവെച്ച് കേരളത്തില്‍ ഒരു ബിസിനസ് തുടങ്ങുന്നു. ഒരുപാടുപേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നു. അങ്ങനെ ആ നാട് വികസിക്കുന്നു. പ്രധാനമായും നമ്മുടെ ജങ്ഷനുകള്‍ നോക്കുക. പണ്ടത്തെ കുഞ്ഞുകുഞ്ഞു ഗ്രാമപ്രദേശങ്ങളുള്ള സ്ഥലങ്ങളില്‍ പോലും സൂപര്‍മാര്‍കറ്റുകളും ഹൈപര്‍മാര്‍കറ്റുകളുമുണ്ട്. ഇവയിലെല്ലാം പ്രവാസികളുടെ പങ്കുണ്ട്.
പ്രവാസിക്ക് നാട്ടിലെത്തുമ്പോള്‍ ചൂട് താങ്ങാന്‍ സാധിക്കുന്നില്ല. അപ്പോള്‍ എ സി വാങ്ങണം. തൊട്ടടുത്ത സിറ്റിയില്‍പോയി അവന്‍ എസി വാങ്ങുന്നു. അതിലൂടെ ആ കടക്കാരന് ലാഭം ലഭിക്കുന്നു. സ്‌പെന്‍ഡിങ് കപാസിറ്റിയിലാണ് ഗള്‍ഫ് പ്രവാസിയുടെ മിടുക്ക്. അയാള്‍ ചെലവഴിക്കുന്നതിലൂടെയാണ് അയാളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതനിലവാരം ഉയരുന്നത്. പ്രധാനമായും കെട്ടിട നിര്‍മാണമേഖലയില്‍ അവസരം നല്‍കുന്നത് പ്രവാസികളാണ്. അവരുടെ വീടിന്റെ സ്‌ക്വയര്‍ഫീറ്റ് കൂടുതലായിരിക്കും. വലിയ വാഹനങ്ങള്‍ വാങ്ങുന്നു. അപ്പോള്‍ ഷോറൂം ഉടമകള്‍ക്ക് ലാഭം ലഭിക്കുന്നു. എസി, ഫ്രിഡ്ജ്, ടീവി പോലോത്ത അത്യാവശ്യം വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നു. അതുവഴിയും ആളുകള്‍ക്ക് ലാഭം ലഭിക്കുന്നു. പ്രത്യക്ഷത്തില്‍ ഒരു പ്രവാസി കേരളത്തിന്റെ സമ്പദ്ഘടനക്ക് എന്ത് നല്‍കുന്നു എന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാനുണ്ടായില്ലെങ്കിലും പരോക്ഷമായി കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലു തന്നെയാണ് പ്രവാസികള്‍.

• കൊച്ചിയിലോ തിരുവനന്തപുരത്തോ പോയാല്‍ ലുലുമാള്‍, ഫോക്കസ് മാള്‍. കോഴിക്കോട് ആദ്യമായി ഫോക്കസ് മാള്‍ വന്നു. കേരളത്തിലെ മാള്‍ സംസ്‌കാരം അവിടന്ന് തുടങ്ങി. പിന്നീടങ്ങോട്ട് വളര്‍ന്നു പന്തലിക്കുകയാണ്. നമുക്കെവിടെയൊക്കെ നല്ല ഭൂമിയുണ്ടോ അവിടെയൊക്കെ ഷോപിങ്മാള്‍ ഉയരുകയാണ്. ആളുകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍, ഒരു ട്രെന്‍ഡ് സെറ്റ് ചെയ്യുന്നതില്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിലെല്ലാം മലയാളികള്‍ക്ക് ഒരു ശീലമുണ്ടാക്കിയത് പ്രവാസികളാണ്. പണം ചെലവഴിക്കാന്‍ പറ്റുന്ന ഒരുപാടുപേര്‍ യൂറോപിലും അമേരിക്കയിലുമുണ്ട്. പക്ഷേ അവര്‍ അവിടെത്തന്നെ ജീവിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവിടെ പൗരത്വം സ്വീകരിക്കുന്നു. വീടുവെക്കുന്നു. വാഹനങ്ങള്‍ വാങ്ങുന്നു. ഇതെല്ലാം അവര്‍ക്ക് ആജീവനാന്തം ഉപയോഗിക്കാന്‍ പറ്റുന്നതാണ്. പക്ഷേ ഗള്‍ഫ് പ്രവാസിക്ക് നിശ്ചിത കാലത്തിനുശേഷം തിരിച്ചുവരണം. അല്ലെങ്കില്‍ ഒരു മാരകരോഗം വന്നാല്‍ ചികിത്സക്കുവേണ്ടി നാട്ടിലേക്കു വരണം. ജോലി നഷ്ടപ്പെട്ടാല്‍ നാട്ടിലേക്കു വരണം. പക്ഷേ അമേരിക്കയിലെയും യൂറോപ്പിലുമുള്ള പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടാലും സിറ്റിസെന്‍ഷിപ്പ് ഉള്ള കാരണം കൂടുതല്‍ സുരക്ഷിതരാണ്. അതിലൂടെ മരണം വരെ അവര്‍ക്കവിടെ നിലനില്‍ക്കാന്‍ കഴിയും. പക്ഷേ ഗള്‍ഫ് മലയാളിക്ക് ആജീവനാന്ത വാസം സാധ്യമല്ല.

• കോവിഡ് പ്രതിസന്ധി സാരമായി ബാധിച്ചത് നിര്‍മാണ മേഖലയെയാണ്. പല പ്രവാസികളും വലിയ വീടുകള്‍ പണിയാന്‍ കോണ്‍ട്രാക്ടര്‍മാരെ ഏല്‍പിച്ചിരുന്നു. എന്നാല്‍ കോവിഡ് വന്നതോടെ ജോലിയും ബിസിനസും മുടങ്ങി. ആളുകള്‍ക്ക് തിരിച്ചുവരേണ്ടി വന്നു. അപ്പോള്‍ അവര്‍ ബജറ്റ് കുറക്കാന്‍ തുടങ്ങി. അത് എല്ലായിടങ്ങളിലും ബാധിച്ചു. ഫര്‍ണിച്ചര്‍ ഷോറൂമുകളിലും ഇലക് ട്രോ ണിക് ഉപകരണങ്ങളിലുമെല്ലാം ബാധിച്ചു. അവര്‍ക്ക് ചെലവഴിക്കാനുള്ള കപ്പാസിറ്റിയില്‍ ഇടിവ് വന്നതുമൂലം കേരളത്തിന്റെ സമ്പദ്ഘടനയിലും സാമൂഹിക വ്യവസ്ഥയിലും ജീവിത നിലവാരത്തിലും സാരമായി ബാധിച്ചു. ഗള്‍ഫ് പ്രവാസികളിലെ മുന്‍പന്തിയില്‍ പറയാന്‍ പറ്റുന്നത്, ഇന്‍കം ജനറേഷനില്‍ ഗള്‍ഫ് പ്രവാസികളേക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ അമേരിക്കിയില്‍നിന്നും യൂറോപില്‍നിന്നുമുള്ളവര്‍ ഇവിടെ നിക്ഷേപിക്കുന്ന പണമായിരിക്കാം. പക്ഷേ ഗള്‍ഫ് പ്രവാസിയെ സംബന്ധിച്ച് 1000 ദിര്‍ഹം വാങ്ങുന്നവനും ഒരു ലക്ഷം ദിര്‍ഹം വാങ്ങുന്നവനും ചെലവഴിക്കുന്നുണ്ട്. അപ്പോള്‍ അവന്റെ ജീവിതനിലവാരത്തിന്റെ തോത്, ബജറ്റ് കുറയുന്നതിനനുസരിച്ച് ഈ രീതിയിലുള്ള കുറവ് സംഭവിക്കും. അത് കേരളത്തിന്റെ സമ്പദ്ഘടനയില്‍ പ്രതിഫലിക്കുകയും ചെയ്യും.
• പണ്ടൊക്കെ പ്രവാസി വരുമ്പോള്‍ അവനോട് ചോദിക്കുമായിരുന്നു; നീ എന്നാണ് ഇനി തിരിച്ചു പോകുന്നതെന്ന്. ആ ചോദ്യം കേള്‍ക്കാനാഗ്രഹിച്ചല്ല അവന്‍ വരുന്നത്. നീ ഇവിടെ നിക്കെടോ എന്ന് കേള്‍ക്കാനാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ ഇവിടത്തെ പ്രശ്‌നം, അവന്റെ മനോഭാവമല്ല. അവന് ഒരു സിസ്റ്റമാറ്റിക് ലിവിങ് ആണ് ഗള്‍ഫ് നാടുകളില്‍ കിട്ടുന്നത്. കൃത്യമായ ജീവിതം. എമിറേറ്റ്‌സ് ഐഡി ലഭിക്കുന്നു, വിസ സ്റ്റാമ്പ് ചെയ്യുന്നു, നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നു, മെട്രോ യാത്ര.. സാങ്കേതികമായി പറഞ്ഞാല്‍ ഒരു യന്ത്രവല്‍കൃത മനുഷ്യനായിട്ടാണ് ജീവിതം. ആകെ ലഭിക്കുന്ന വെള്ളിയാഴ്ച ഉറങ്ങാനോ തുണിയലക്കാനോ മറ്റു ആവശ്യങ്ങള്‍ക്ക് പുറത്തുപോകാനോ നീക്കിവെക്കുന്നു. വീകെന്‍ഡ് സെലിബ്രേഷന്‍ ഗള്‍ഫ് നാടുകളില്‍ മാത്രമുള്ള കാര്യമാണ്. നമ്മെ സംബന്ധിച്ച് നമുക്കെപ്പോഴാണോ ഒഴിവ് അപ്പോൾ വിരുന്നിനു പോകുന്നു, സിനിമക്ക് പോകുന്നു, ട്രിപ്പ് പോകുന്നു. പക്ഷേ ഗള്‍ഫ് പ്രവാസി അത് നിശ്ചിത സമയത്തേക്ക് മാറ്റി വെക്കുന്നു. അപ്പോള്‍ മനോഭാവം അവന്റെ സ്വഭാവത്തില്‍ തന്നെയുള്ള, ജീവിതനിലവാരത്തിലുള്ള, ഗള്‍ഫിലെ ജീവിതത്തോട് പൊരുത്തപ്പെട്ട് ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വഭാവത്തിന്റെ പ്രശ്‌നമാണ്. ചിലപ്പോള്‍ ഇവിടെ വന്ന ശേഷം ഇലക്ട്രിസിറ്റി ഓഫീസില്‍ ഒരു പ്രശ്‌നം തീര്‍ക്കാന്‍ വേണ്ടി പോകുന്നു. മൂന്നോ നാലോ തവണ പോകേണ്ടി വരും. അപ്പോള്‍ അവന് ദേഷ്യം പിടിക്കും. നിങ്ങളെന്താണിത്, നിങ്ങളൊക്കെ ഞങ്ങളുടെ നാട് കണ്ടുപഠിക്ക് എന്നൊക്കെ ചില പ്രവാസികള്‍ ചോദിച്ചേക്കാം. അത് മനോഭാവത്തിന്റെ പ്രശ്‌നമാണ്. മനോഭാവങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കും. പക്ഷേ ഇന്ന് നാടുമായിട്ട് ആക്‌സസ് ചെയ്യാന്‍ കെല്‍പുള്ളവരാണ് ഏറെ പ്രവാസികളും.

• നല്ല പൈസയുണ്ടാക്കി നാട്ടില്‍ വന്ന് പ്രബലനായി ജീവിക്കുന്ന പ്രവാസിക്ക് പണ്ടത്തെപ്പോലെതന്നെ ഇപ്പോഴും ഒരു ബഹുമാനമുണ്ട്. ഗള്‍ഫില്‍ പോകുന്നില്ലെങ്കിലും അവരോടിപ്പോഴും ഒരു പെര്‍ഫ്യൂമെടുക്കാനുണ്ടോ, ഒരു വാച്ചെടുക്കാനുണ്ടോ, ഒരു ലുങ്കിയെടുക്കാനുണ്ടോ എന്നൊക്കെ ധൈര്യമായി ചോദിക്കും. ഇതൊന്നുമില്ലാതെ ആടുജീവിതം നയിച്ച് തിരിച്ചെത്തിയവര്‍ക്ക് ഒരു വിലയും ബഹുമാനവും സമൂഹം കല്‍പിക്കുന്നില്ല. അവരുടെ ഏറ്റവും വലിയ അപകടം എന്തെന്നാല്‍, വളരെ ചെറുപ്പത്തിലായിരിക്കും ഗള്‍ഫില്‍ പോകുന്നത്. ആ സമയത്ത് സുഹൃത്തുക്കളുമായി കൂട്ടുകൂടാനോ മറ്റോ സാധിക്കുന്നില്ല. ആ പ്രായത്തിലുള്ളവരോട് സംവദിക്കുന്നതില്‍ ഒരു ഗ്യാപ് ഉണ്ടാകുന്നു. ചിലപ്പോള്‍ അവന്‍ വീടു പണിയുന്നതും ബിസിനസുമായി കൂടുന്നതും മറ്റേതെങ്കിലും നാട്ടിലായിരിക്കും. അപ്പോള്‍ പഴയ ചങ്ങാത്തവുമായി ഒരുമിച്ചിരിക്കാനും അവരുടെ സൗഹൃദങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനും സാധ്യമാകാതെ വരും. ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലേക്ക് വരും. തീരെ പണവുമില്ലാത്ത മുന്‍ പ്രവാസിയാണെങ്കില്‍ അവന്റെ ജീവിതം കട്ടപ്പൊകയായിരിക്കും. നാട്ടിലുള്ള ഒരാള്‍ക്ക് കിട്ടുന്നത്ര പരിഗണനപോലും കിട്ടാതെ പോകും. നീ ഗള്‍ഫില്‍ നിന്ന് കുറേ ഉണ്ടാക്കിതല്ലേടാ ഉവ്വേ, നീ ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതിയോ എന്ന ഒരു തരംതാഴ് ത്തലിലേക്ക് പോകും. പക്ഷേ ഇപ്പോഴും പണവും പവറുമുള്ള ഒരു പ്രവാസിക്ക് മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കാനും സമൂഹമുണ്ട്് എന്നതാണ് സത്യം.
• പ്രവാസം എന്നത് വളരെ സിമ്പിളാണ്. അവസരം ഉണ്ടോ ഇല്ലേ എന്നതല്ല. നമ്മള്‍ അവസരം നേടിയെടുക്കുക എന്നതാണ് ഫാക്ട്. നമുക്ക് ഗള്‍ഫില്‍ ഒരു സിസ്റ്റമാറ്റിക് ജീവതമായിരുന്നു. എല്ലാത്തിനും ഒരു ചിട്ടയും വെടിപ്പുമുണ്ടായിരുന്നു. അമേരിക്കയിലും യൂറോപിലുമുള്ളതിനേക്കാള്‍ ഏറ്റവും വൃത്തിയും ചിട്ടയുമുള്ള ജീവിതം സമ്മാനിക്കുന്നത് ഗള്‍ഫ് പ്രവാസം തന്നെയായിരിക്കും. അത്തരം ശീലത്തില്‍ ജീവിച്ച ഒരു വ്യക്തിയെ സംബന്ധിച്ച് ഉപയോഗിക്കുന്ന വസ്തുക്കളും റോഡുകളും സംവിധാനങ്ങളും സേവനങ്ങളുമെല്ലാം മനസിലാക്കി ജീവിച്ചു. ഒരുപാട് ചെലവുകളുണ്ടെങ്കില്‍ പോലും അതില്‍ നിന്ന് മിച്ചം പിടിക്കാന്‍ കഴിയും.
ഉദാഹരണത്തിന്, പണ്ടുകാലത്ത് ഞാന്‍ നാട്ടിലാണെങ്കില്‍ വളരെ അടുത്ത ബന്ധത്തിലുള്ള വിവാഹത്തിനും സല്‍കാരത്തിനും മാത്രം പോയാല്‍ മതി. എന്നാലിപ്പോള്‍ നമ്മുടെ അടുത്തുള്ള തങ്കപ്പന്‍ ചേട്ടന്റെയും കുട്ടപ്പന്റെയും വീട്ടിലെ കല്യാണത്തിനു പോകണം. കാരണം അവര്‍ നമ്മളെ പ്രതീക്ഷിക്കും. മൂപ്പര്‍ നാട്ടിലുണ്ടല്ലോ എന്നിട്ടും എന്താ വരാത്തതെന്ന് കരുതും. അപ്പോള്‍ ചെലവ് കൂടും. നമുക്ക് വെറുതെ കൈയും വീശി പൊകാന്‍ പറ്റില്ലല്ലോ. മറ്റൊരു കാര്യം, ദുബൈയില്‍ നന്നായി വാഹനമോടിച്ച ആളാണെങ്കില്‍ ഇവിടത്തെ ഗതാഗതവുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. പല പ്രവാസികളും പത്താംതരം പോലും പാസാകാത്തവരാണ്. എങ്കിലും ഗള്‍ഫില്‍ മിടുക്കനായ ബിസിനസുകാരനായിരിക്കും. ഏതെങ്കിലും തരത്തില്‍ അവന്റെ കഴിവ് പ്രകടമാക്കാന്‍ പറ്റുന്ന ഒരു ജോലിയിലോ ബിസിനസിലോ അവന്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം. പക്ഷേ ഇവിടെ വരുമ്പോള്‍ ‘ഹാ നീ പത്താം ക്ലാസ് പോലും പാസാകാതെ എന്തു ജോലി കിട്ടാനാ’ എന്ന് ചോദിക്കുന്ന മനോഭാവത്തിന്റെ ഇടയിലേക്കാണ് അവന്‍ കടന്നുവരുന്നത്. വീണ്ടും പ്രവാസം തിരഞ്ഞെടുക്കാനുള്ള പലരുടെയും കാരണം മാനസിക സമ്മര്‍ദങ്ങള്‍ തന്നെയാണ്. അങ്ങനെ വീണ്ടും തിരിച്ചുപോകാന്‍ വേണ്ടി ആഗ്രഹിക്കും.
വ്യക്തിപരമായ കാര്യത്തില്‍, സ്ഥിരമായി പ്രവാസിയാകാന്‍ ആഗ്രഹമില്ല. കുറച്ച് ബുദ്ധിപരമായി പ്രവര്‍ത്തിച്ചാല്‍ അവിടെ ജീവിക്കുന്നതുപോലെ തന്നെ ഇവിടെയും ജീവിക്കാവുന്നതാണ്. എന്നാല്‍ ഇവിടത്തെ പോലെ അവിടെ കഴിയാന്‍ സാധിക്കില്ല. രണ്ടുംരണ്ടു പ്രതലമാണ്. സ്ഥിരം പ്രവാസത്തിലേക്ക് പോകണമെങ്കില്‍ ഞാന്‍ വരുമ്പോള്‍ കിട്ടിയതിന്റെ ഇരട്ടി സൗകര്യങ്ങള്‍ ലഭിച്ചാലേ ഞാനങ്ങോട്ട് പോകൂ. അല്ലാതെ ജീവിതം ഹോമിക്കാന്‍ ആഗ്രഹമില്ല. കാരണം അവിടെ എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും നമ്മുടെ നാടിന്റെ മണവും മഴയും ചൂരും സൗഹൃദവും വഴക്കും ബഹളവും ട്രാഫികുമെല്ലാം എന്‍ജോയ് ചെയ്യുന്ന ഒരു വ്യക്തിക്ക് തിരിച്ച് പ്രവാസം തിരഞ്ഞെടുക്കാന്‍ പാടായിരിക്കും. അവരില്‍ പലരും തിരിച്ചുവന്ന് ഇവിടെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ജീവിക്കാന്‍ വേണ്ടി ശ്രമിക്കും എന്നാണ് പറയാനുള്ളത് ■

ഐപ്പ് വള്ളിക്കാടന്‍ : മുന്‍ മിഡില്‍ ഈസ്റ്റ് ചീഫ്, മാതൃഭൂമി ന്യൂസ്, ചീഫ് ന്യൂസ്, പ്രസന്റര്‍ റേഡിയോ മി, വ്‌ളോഗര്‍.

Share this article

About ഐപ്പ് വള്ളിക്കാടന്‍

View all posts by ഐപ്പ് വള്ളിക്കാടന്‍ →

Leave a Reply

Your email address will not be published. Required fields are marked *