പ്രവാസികള്‍ ചൂഷണവിധേയര്‍; നാട്ടുകാര്‍ക്ക് ക്ലാസ് കൊടുക്കണം

Reading Time: 2 minutes

• ഏകദേശം പത്തു വര്‍ഷത്തെ പ്രവാസമാണ് എനിക്കുണ്ടായിരുന്നത്. അതിന് മുമ്പ് മലയാളിയുടെ ഗള്‍ഫ് പ്രവാസത്തെക്കുറിച്ചുള്ള ധാരണകളെല്ലാം മാറ്റാന്‍ എന്റെ അനുഭവം കൊണ്ട് സാധിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ നമ്മളുടേതിനെ പ്രവാസമെന്ന് വിളിക്കാന്‍ പറ്റില്ല. സാമ്പത്തിക നന്മക്കുവേണ്ടി ഇടവേളകളുള്ള ഒരു കുടിയേറ്റം. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാന്‍ സാധിക്കും. പ്രത്യേകിച്ച് ഇക്കാലത്ത് മൂന്നു മണിക്കൂര്‍കൊണ്ട് നാട്ടിലെത്തിച്ചേരാം. അത്രയും സ്‌പെസിഫൈഡ് ആയിട്ടുള്ള കാര്യമാണ്. യുദ്ധമുണ്ടായിട്ട് പോകുന്ന പലായനങ്ങളും കുടിയേറ്റവുമൊക്കെയാണ് യഥാര്‍ഥ പ്രവാസം.
ജഗതേ മന്ദിരം എന്ന സിനിമ യുകെയിലെ മറ്റു രാജ്യക്കാരുടെ കുടിയേറ്റത്തെക്കുറിച്ച് പറയുന്നതാണ്. അവര്‍ക്കൊരു നിലനില്‍പില്ല. അവര്‍ക്ക് അവരുടെ രാജ്യത്ത് വേരില്ല. അതുപോലെ ഫലസ്തീന്‍. അത്തരം ചിലര്‍ എവിടെയാണോ എത്തിപ്പെടുന്നത്, അതാണ് അവരുടെ ദേശം. അത് കുറേക്കൂടെ പ്രവാസത്തിന്റെ സംജ്ഞ ആയിട്ട് വരുമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ നമ്മളുടേത് ഇവിടെ ജോലിയില്ലാത്തതുകൊണ്ട് പലയിടങ്ങളില്‍ ജോലി ചെയ്യുന്നതുപോലെ തന്നെ മൂന്നോ അഞ്ചോ മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന സ്ഥലത്താണ് നമ്മള്‍ ജോലി ചെയ്യുന്നത്. അപ്പോള്‍ ഗള്‍ഫ് പ്രവാസത്തെ ആ നിലക്ക് കാണുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ, ലോകത്ത് മറ്റൊരു സ്ഥലത്തേക്ക് കുടിയേറി ജീവിക്കേണ്ടി വരുന്നവരെ പ്രവാസികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കാം.

• പ്രവാസി മലയാളികള്‍ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് എന്നു പറയുന്നതൊക്കെ യഥാര്‍ഥത്തില്‍ തെറ്റാണെന്നാണ് എന്റെ അഭിപ്രായം. ക്വാളിറ്റിയുള്ളവരും ജോലിയെടുക്കാന്‍ തയാറുള്ളവരും ക്രിയാത്മകതയുള്ളവരുമായ ആളുകള്‍ നാട്ടില്‍ അത്ര വരുമാനം ലഭിക്കാത്തതു കൊണ്ട് പുറത്തേക്ക് പോവുകയാണ്. പക്ഷേ നമ്മുടെ നാട്ടിലും ഗള്‍ഫില്‍ കിട്ടുന്ന വരുമാനത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അവര്‍ ഇവിടെത്തന്നെ നില്‍ക്കും. പലപ്പോഴും പലരുടെ കഴിവുകളും പുറത്തേക്ക് പോവുകയാണ്. അതിന് പുറകില്‍ ഈ സാമ്പത്തികാവസ്ഥയുമുണ്ട്. ഇപ്പോള്‍ അതൊന്ന് തിരിച്ച് പരിശോധിക്കേണ്ട സമയമായി. കഴിവുകളുള്ള നല്ല പ്രതിഭകളെ പുറത്തേക്ക് അയക്കണോ എന്നതാണ് ആലോചിക്കേണ്ടത്. അവര്‍ ലോകം കണ്ട് തിരിച്ചുവരിക എന്നതാണ് വേണ്ടത്. അത് കാര്‍ഷിക മേഖലയിലായാലും ടെക്‌നോളജിയിലായാലും ആ മിടുക്കന്മാര്‍ക്ക് ഇവിടെ അവസരമുണ്ടാകണം. അതായത്, സമ്പദ്ഘടയുടെ നട്ടെല്ല് പ്രവാസിയാണെന്ന് പറയുന്നതില്‍ ഒരു ചൂഷണമുണ്ട് എന്നര്‍ഥം.

• ഗള്‍ഫ് പ്രവാസം കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ മാറ്റങ്ങള്‍ ഒരുപാടുണ്ടാക്കി. അത് ഗുണപരമായി തന്നെ നന്നായി. നമുക്ക് എളുപ്പം പോവാന്‍ പറ്റിയ രാജ്യം എന്ന നിലയില്‍ അവരുടെ സംസ്‌കാരവും ജീവിതരീതികളും പഠിക്കാന്‍ സാധിച്ചു. അത് നമ്മുടെയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. തീര്‍ച്ചയായും അവിടത്തെ സംസ്‌കാരം സ്വീകരിച്ച ഒരുപാട് മലയാളികളുണ്ട്. അതുപോലെത്തന്നെ കേരളത്തിലെ സംസ്‌കാരം അവിടേക്കും പകര്‍ന്നിട്ടുണ്ട്. അത് നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്.

• ഒരു പ്രതിസന്ധിയുണ്ടായി കൂട്ടത്തോടെ പ്രവാസികള്‍ മടങ്ങിവരുമ്പോള്‍ അത് പ്രതികൂലമായി ബാധിക്കും. ഉദാഹരണത്തിന്, കുവൈത്ത് യുദ്ധകാലത്ത് ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്ടമായി. പത്തും പതിനഞ്ചും വര്‍ഷം ജോലി ചെയ്ത് അവിടം ഒരു വളര്‍ത്തു ദേശമായിക്കണ്ടിരുന്ന ആളുകളാണവര്‍. അവര്‍ക്ക് തൊഴിലുണ്ടായില്ല. അവിടത്തെ സാഹചര്യങ്ങളുമായി യോജിക്കാന്‍ കഴിഞ്ഞില്ല. കുട്ടികളുടെ വിദ്യാഭ്യാസം, മറ്റൊരു തൊഴില്‍ തേടാനുള്ള ബുദ്ധിമുട്ടുകള്‍. ഇതെല്ലാം പ്രവാസികളെ ഒറ്റപ്പെടുത്തി. തൊഴിലില്ലാതിരിക്കുമ്പോള്‍ എന്താ ചെയ്യുക എന്ന് കരുതുന്നവരുണ്ടാകും. അത് വലിയ പ്രശ്‌നമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.

• ദീര്‍ഘകാലം പ്രവാസിയായിരിക്കുന്നവര്‍ തിരിച്ചുവരുമ്പോള്‍ വലിയൊരു ഗ്യാപ്പ് ഉണ്ടാകുന്നുണ്ട്. അവര്‍ പോയ സമയത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്‌കാരമായിരിക്കില്ല തിരിച്ചുവരുമ്പോള്‍. അതെല്ലാം മാറിയിട്ടുണ്ടാകും. പക്ഷേ അവരുടെ ഓര്‍മയില്‍ പഴയതായിരിക്കും ഉണ്ടാവുക. അതിനോട് പൊരുത്തപ്പെട്ടു വരാന്‍ സാധിക്കാത്തതു കൊണ്ട് പല പ്രതിസന്ധികളുമുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ പല പ്രവാസികളും നാട്ടില്‍വന്നാല്‍ അധിക സമയവും വീട്ടില്‍ തന്നെയായിരിക്കും. കുറച്ച് സമയത്തേക്ക് മാത്രമേ പുറത്തിറങ്ങൂ. പൊതുകാര്യങ്ങളില്‍ വളരെ പതുക്കെയായിരിക്കും ഇടപെടുക. കാരണം ഇവിടെ ജീവിക്കുന്നതിന്റെ മിടുക്ക് ഇവിടത്തുകാര്‍ക്കു തന്നെയാകും. അപ്പോള്‍ അവരോട് മത്സരിച്ചാല്‍ അതിനോടൊപ്പം എത്താന്‍ കഴിയില്ല. അതിന്റെ ഒരു പ്രശ്‌നം ഭീകരമായിട്ട് അനുഭവിക്കുന്നുണ്ട്.

• എക്‌സ് പ്രവാസികളെ ട്രീറ്റ് ചെയ്യുന്നതില്‍ നാട്ടുകാര്‍ക്ക് കുറച്ച് ക്ലാസ് കൊടുക്കേണ്ട സംഭവമാണ്. കാരണം ഇവിടന്ന് പോയവര്‍ തിരിച്ച് വരുമ്പോള്‍ അവരെ വേറൊരു രീതിയില്‍ കാണാറുണ്ട്. അവര്‍ നല്ല പൈസക്കാരാണ് എന്നൊക്കെയുള്ള ചിന്താഗതി പൊതുവെ ഉണ്ട്. എന്നാല്‍ ശരിക്കും അങ്ങനെയല്ല. ഇവിടെ സാധാരണ ജോലി ചെയ്തിരുന്നതു പോലെ തന്നെയാണ് അവിടെയും അവര്‍ ജോലി ചെയ്തിരുന്നതെന്നും അതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് അവര്‍ ജീവിക്കുന്നതെന്നും മനസിലാക്കുന്ന ഒരു ജനത ഇവിടെയുണ്ടാകണം. ഗള്‍ഫുകാരന്‍ എന്നാല്‍ പണത്തിന്റെ കേന്ദ്രമാണെന്നുള്ള ചിന്താഗതി തീര്‍ച്ചയായും മാറണം. ആ ട്രീറ്റ്‌മെന്റില്‍ ഗള്‍ഫ് പ്രവാസത്തെക്കുറിച്ച് അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയണം. ഇപ്പോള്‍ മാധ്യമങ്ങളിലൂടെയെല്ലാം നന്നായി അറിയാന്‍ സാധിക്കുന്നുണ്ട്. മുമ്പ് അതായിരുന്നില്ല സ്ഥിതി. ഒരു ധാരണയുമുണ്ടായിരുന്നില്ല.

• ഞാന്‍ എന്റെ നല്ല പ്രായത്തില്‍, 2003 മുതല്‍ 2010 വരെയായിരുന്നു യുഎഇയിലെ എന്റെ പ്രവാസ ജീവിതം അനുഭവിച്ചത്. എനിക്ക് കേരളത്തെ മിസ്സ് ചെയ്തിട്ടുണ്ട്. കാരണം ഞാന്‍ അവരുടെ കൂടെയായിരുന്നു. ഇപ്പോള്‍ തിരിച്ചു വരുമ്പോഴും വലിയ മാറ്റങ്ങളൊന്നുമില്ല. കാരണം പരസ്പരം ബന്ധപ്പെടാനുള്ള മാധ്യമങ്ങളുണ്ട്. രണ്ട് സ്ഥലങ്ങളില്‍ ഇരിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. ഇനിയും ഗള്‍ഫ് പ്രവാസം തിരഞ്ഞെടുക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. എന്നാലും യൂറോപ്പ് പോലുള്ള മറ്റു ചില രാജ്യങ്ങളില്‍ പോകണമെന്നുണ്ട്. മുഴുവന്‍ സമയ ജോലിക്കായിട്ട് അല്ല. യാത്രയും മറ്റു ചില പ്രൊജക്ടുമായി ബന്ധപ്പെട്ട് സഞ്ചരിക്കണമെന്നുണ്ട് ■

കുഴൂർ വിൽസൺ: മുന്‍ വാര്‍ത്താ മേധാവി. ഏഷ്യാനെറ്റ് റേഡിയോ, ഗോൾഡ് എഫ്എം (യുഎഇ), കവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍.

Share this article

About കുഴൂര്‍ വില്‍സണ്‍

View all posts by കുഴൂര്‍ വില്‍സണ്‍ →

Leave a Reply

Your email address will not be published. Required fields are marked *