സമ്മര്‍ ക്യാംപില്‍ സഞ്ചരിക്കാം

Reading Time: < 1 minutes

വിദ്യാര്‍ഥികളിലെ ഓണ്‍ലൈന്‍ അഡിക്ഷനും അതിന്റെ കുറ്റകൃത്യങ്ങളും ദിവസവും വാര്‍ത്തയാകുകയാണ്. വിദ്യാഭ്യാസം കൈകുമ്പിളില്‍ ലഭിച്ചതോടെ പാഠഭാഗങ്ങള്‍ക്കപ്പുറം വഴിമാറി സഞ്ചരിക്കുന്ന പ്രവണത കൂടുകയാണ്. മറ്റൊരു ഭാഗത്ത് ഓണ്‍ലൈന്‍ പഠനം വിരസതയാകുന്ന വിദ്യാര്‍ഥിത്വവും.
മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മനസില്ലാ മനസോടെ കുട്ടികള്‍ സ്‌ക്രീനിന് മുന്നിലിരിക്കുന്നത്. പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുകളുടെ ക്ലാരിറ്റിയും സംവിധാനങ്ങള്‍ മെച്ചപ്പെട്ടത് കൊണ്ടും കൂടുതല്‍ വിരസതയറിയുന്നില്ലെന്ന് മാത്രം.
വെര്‍ച്വല്‍ സംവിധാനത്തില്‍ പഠനം സങ്കീര്‍ണമാകുമ്പോള്‍ സെലക്റ്റഡ് പഠനത്തോടൊപ്പം പാഠ്യേതര രസക്കൂട്ടുകള്‍ ചേര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ ക്യാംപ് ഒരുക്കിയിരിക്കുന്നു. മീം അക്കാദമിയുമായി സഹകരിച്ച് ഇത് രണ്ടാം വര്‍ഷമാണ് സമ്മര്‍ ക്യാംപ് ഒരുക്കുന്നത്.
പെരുമാറ്റ ശീലങ്ങള്‍, സര്‍ഗാത്മക കഴിവുകള്‍, മെമ്മറി ടെക്‌നിക്, ജേണലിസം, ക്രാഫ്റ്റ്/ഡ്രോയിങ് തുടങ്ങി വിവിധ വിഷയങ്ങള്‍ ഓഫ് ലൈനിനെ വെല്ലുന്ന രൂപത്തില്‍ ഓണ്‍ലൈനില്‍ സജീകരിച്ചിരിക്കുന്നു എന്ന പ്രത്യേകത സമ്മര്‍ ക്യാംപിനുണ്ട്.
ക്യാംപിലെ ഔദ്യോഗിക അധ്യാപകര്‍ക്കൊപ്പം രിസാല സ്റ്റഡി സര്‍ക്കിളിന്റെ വിവിധ ഘടകങ്ങളിലെ ട്രൈനിങ് കഴിഞ്ഞ റിസോഴ്‌സ് പേഴ്‌സനലുകളും നിശ്ചിത ദിവസങ്ങളില്‍ നേതൃത്വം നല്‍കുന്നു.
വിവിധ കാറ്റഗറിയില്‍ വ്യത്യസ്ത രാജ്യങ്ങളിലെ കുട്ടികള്‍ ഒരു കുടക്കീഴില്‍ ഒരു മാസം വൈവിധ്യങ്ങള്‍ നുകരുമ്പോള്‍ അവരെ ആധുനിക ലോകത്തോട് സംവദിക്കാനും അവരുടെ ക്രിയാത്മക ചിന്താശേഷി വര്‍ധിപ്പിക്കാനും കഴിയുന്നു.
വിദ്യാര്‍ഥികള്‍ അവരുടെ കഴിവുകള്‍ സ്വായത്തമാക്കുമ്പോള്‍ രക്ഷിതാക്കളിലും അതിന്റെ ബഹിസ്ഫുരണം സാധ്യമാകുകയും ഓരോ വീടുകളിലും ധാര്‍മിക അന്തരീക്ഷം രൂപപ്പെടുകയും ചെയ്യുന്നു. വായനയുടെ ഗുണങ്ങളും കുട്ടികളുടെ ഭാവിയില്‍ അത് വഹിക്കുന്ന പങ്കും വിവരിക്കുമ്പോള്‍ ഓരോ റൂമിലും ഒരു ബുക് ഷെല്‍ഫ് രൂപപ്പെടുത്താനുള്ള ത്വര കുട്ടികളില്‍ ഉണരുന്നു.
പ്രത്യേക ഓറിയന്റേഷന്‍ ക്ലാസിലൂടെ തിരഞ്ഞെടുത്ത മുന്നോറോളം മിടുക്കരായ വിദ്യാര്‍ഥി – വിദ്യാര്‍ഥിനികളാണ് ആര്‍ എസ് സി സമ്മര്‍ ക്യാംപിന്റെ ഭാഗമാക്കുന്നത്.
സ്‌കൂള്‍ മൈതാനവും അവിടങ്ങളിലെ കളികളും ആർട് ഫെസ്റ്റുകളും ബാഗും പുസ്തകങ്ങളും എന്നുതിരിച്ചു വരുമെന്ന കാര്യത്തില്‍ ഈ മഹാമാരിക്കാലം ഒരുറപ്പും നല്‍കുന്നില്ല.
അധ്യാപക ശാസനകളും സഹപാഠികളുടെ സമ്പര്‍ക്കവും കുസൃതികളും ചേര്‍ന്നാലെ ഒരു യഥാര്‍ഥ ക്യാംപസ് ഫീല്‍ സാധ്യമാകൂ. അത് കൂടിയാണ് കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചയിലെ/ഉയര്‍ച്ചയിലെ നാഴികക്കല്ലുകള്‍.അതിനുള്ള മറുമരുന്നുകള്‍ ഇങ്ങനെയുള്ള ക്യാംപുകളിലൂടെ സാധ്യമാക്കുകയാണ്.
സമ്മര്‍ ക്യാംപ് ഗള്‍ഫില്‍ ഒരു ക്യാംപ് എന്നതില്‍ നിന്ന് മാറി ഓരോ രാജ്യങ്ങളിലും സമ്മര്‍ ക്യാംപും ആര്‍ എസ് സിയുടെ പരിശീലനം സിദ്ധിച്ച മുഴുസമയ റിസോഴ്‌സ് പേര്‍സനലുകള്‍ നേതൃത്വം നല്‍കുകയെന്നതും വരുംകാല ചിന്തയാണ്.
വളര്‍ച്ചയുടെ പുതിയ മേഖലകള്‍ കണ്ടെത്തുകയും അവ തിരിച്ചറിയുകയും ഭാവിയെ സ്വപ്‌നം കണ്ട് നേടിയെടുക്കാന്‍ ആക്കം കൂട്ടുന്ന വെള്ളരിപ്രാവുകളാണ് ഓരോ കുട്ടികളും.
കഴിവുകളും നൈപുണ്യങ്ങളും സര്‍ഗാത്മകയും മേളിച്ച ഒരു കൂട്ടം വിദ്യാര്‍ഥിത്വത്തെ തിരിച്ചറിഞ്ഞു പ്രതിഭാത്വം ഉരസിയെടുക്കാന്‍ നമുക്ക് കൈകോര്‍ക്കാം ■

Share this article

About നിസാർ പുത്തൻപള്ളി

nizarputhanpally@gmail.com

View all posts by നിസാർ പുത്തൻപള്ളി →

Leave a Reply

Your email address will not be published. Required fields are marked *