മഹല്ല്

Reading Time: < 1 minutes

ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ നാട്ടുപരിധിയാണ് മഹല്ല്. റെസിഡെന്‍ഷ്യല്‍ ഇടങ്ങളും കൃഷിസ്ഥലവും മറ്റുമുള്ള ഒരു ജിയോളജിക്കല്‍ ഏരിയ. കേരളത്തിന്റെ ഭൂമിശാസ്ത്രമനുസരിച്ച് ഇത്തരം ഏരിയകള്‍ കണ്ടെത്തി പരിഗണിക്കാറില്ല. പള്ളികള്‍(മസ്ജിദുകള്‍) കേന്ദ്രീകരിച്ച് മുസ്‌ലിം കുടുംബങ്ങളുടെ മത, സാമൂഹിക ജീവിതത്തെ നയിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന ചെറു അധികാര/ഉത്തരവാദിത്വ കേന്ദ്രങ്ങളെയാണ് ഇവിടെ മഹല്ല് അർഥമാക്കുന്നത്.
ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മഹല്ല് സമ്പ്രദായങ്ങള്‍ വളരെ അഡ്വാന്‍സ്ഡാണ്. കേരളത്തിലെ മദ്‌റസാ വിദ്യാഭ്യാസത്തിന്റെ മുഖ്യചാലകശക്തി മഹല്ല് സിസ്റ്റമാണല്ലോ. അടിസ്ഥാനപരമായ ഏകത കാണാമെങ്കിലും വ്യത്യസ്ത രൂപങ്ങളിലാണ് (form) മഹല്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ അവിടത്തെ വിദ്യാര്‍ഥികളുടെ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും മഹല്ലുകൾ ആലോചിക്കാറുണ്ട്.
മഹല്ല് സമ്പ്രദായങ്ങളുടെ സിസ്റ്റവും സാമ്പത്തിക സ്രോതസുകളും സംബന്ധിച്ച് പലരൂപത്തില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്. മഹല്ല് പളളിയാണ് മഹല്ല് കേന്ദ്രം. മുതവല്ലി/ പ്രസിഡണ്ട്, സെക്രട്ടറി, ഫിനാന്‍സ്, ഇതര അസിസ്റ്റന്റുകള്‍ അടങ്ങുന്ന ഭരണ സമിതിക്കാണ് മഹല്ല് നിയന്ത്രണം. വേതനം പറ്റാത്ത ഈ ഗവേണിങ് ബോഡിയെ വര്‍ഷാവര്‍ഷമോ നിശ്ചിത ഇടവേളയിലോ നവീകരിക്കുന്നു. മുസ്‌ലിം കമ്യൂനിറ്റിയുടെ മത, സാമൂഹിക വളര്‍ച്ചയും അതിനുവേണ്ടിയുള്ള സേവനവുമാണ് മഹല്ലിന്റെ താത്പര്യം. മഹല്ല് പരിധിയില്‍ വരുന്ന മുസ്‌ലിം വ്യക്തികളുടെ, കുടുംബങ്ങളുടെ ചില ഇടപാടുകളിലും മഹല്ലിന് കൂടി പങ്കാളിത്തമുണ്ട്. മഹല്ല് മസ്ജിദുകളില്‍ നിശ്ചയിക്കപ്പെടുന്ന “ഉസ്താദു’മാരാണ് മഹല്ല് പങ്കാളിത്തത്തെ പലപ്പോഴും നിര്‍വഹിക്കുന്നത്. മഹല്ലുപരിധിയിലുള്ള വീടുകളില്‍ നിന്ന് പ്രതിമാസ വിഹിതം നിശ്ചയിക്കുന്ന രീതിയുണ്ട്. ബിസ് നസ് സംരംഭങ്ങളിലൂടെ പുതിയ കാലത്ത് മഹല്ല് സിസ്റ്റത്തെ കൂടുതല്‍ കാര്യക്ഷമതയോടെ നിവര്‍ത്തിക്കുന്ന കുറേ നാടുകളുണ്ട്.
മഹല്ലുകളെ നിര്‍മിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സമ്പ്രദായമാണ് വഖ്ഫ്. ഭൂസ്വത്തോ മറ്റോ പള്ളികളുടെ ധനസഹായത്തിന് നല്‍കുന്ന വഖ്ഫ് രീതി വലിയ മാതൃകയും സഹായവുമാണ്.
മഹല്ല് നിവാസികള്‍ക്ക് വേണ്ടി നിശ്ചയിക്കുന്ന നിയമ, നിയന്ത്രണങ്ങള്‍ പാലിക്കാത്തവരെ മഹല്ലുകളില്‍ നിന്ന് പുറത്ത് നിര്‍ത്തുന്ന രീതിയുണ്ട്. മക്കളുടെ മതവിദ്യാഭ്യാസവും ഖബ്‌റിടവും മറ്റും നിഷേധിക്കപ്പെടുന്ന ഈ നയം, വലിയൊരു വിഭാഗം ജനങ്ങളെയും മഹല്ലില്‍ തന്നെ തുടരാന്‍ പ്രാപ്തമാക്കുന്നു. മഹല്ല് സിസ്റ്റവും ജീവിതരീതിയും മാറിവരുന്ന പുതിയ സാഹചര്യത്തില്‍ ഇത്തരം മഹല്ല് സമ്പ്രദായങ്ങള്‍ എങ്ങനെയാണ് നിലനിര്‍ത്തേണ്ടത്, നിലനില്‍ക്കേണ്ടത്? കൂടുതല്‍ അന്വേഷണങ്ങളും നവീകരണങ്ങളും അനിവാര്യമാണ് ■

Share this article

About എന്‍ ബി സിദ്ദീഖ് ബുഖാരി

nbsbukhari@gmail.com

View all posts by എന്‍ ബി സിദ്ദീഖ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *