ഖല്‍ബ് നിറഞ്ഞ ലാഭക്കച്ചവടം

Reading Time: 3 minutes

സുഹൈബ് റൂമിയെ(റ) നിങ്ങള്‍ക്കറിയുമോ? ഒരുപക്ഷേ കേള്‍ക്കാനിടയുണ്ട്. ബിലാല്‍(റ) വിനെപ്പോലെ അടിമത്തത്തില്‍ നിന്ന് ഇസ്‌ലാമിന്റെ രാജവീഥിയിലേക്ക് സ്വയം നടന്നവരാണവര്‍. പക്ഷേ മഹാന്‍ റോമക്കാരനല്ല. അറബിയായിയിരുന്നു. ബനൂതമീമുകാരിയായ മാതാവിന്റെയും ബനൂനുമൈറക്കാരനായ പിതാവിന്റെയും മകന്‍. പിന്നെങ്ങനെ റോമക്കാരനായ സുഹൈബ് എന്ന് അറിയപ്പെടാന്‍ തുടങ്ങി? അതിന് പിന്നിലൊരു ചരിത്രമുണ്ട്.
നബിനിയോഗത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്നേ ബസ്വറയിലെ അബുല്ല പ്രദേശം ഭരിച്ചിരുന്നത് ബനൂനുമൈറക്കാരനായ സിനാനുബ്‌നുമാലിക് ആയിരുന്നു. പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റയുടെ പ്രതിനിധിയായിട്ടാണ് അദ്ദേഹം അവിടെ നിയമിതനായത്.
സിനാനുബ്‌നുമാലികിന് ഏറ്റവും പ്രിയമുണ്ടായിരുന്നത് തന്റെ ഇളയ പുത്രന്‍ അഞ്ചു വയസുകാരനായ സുഹൈബിനെയായിരുന്നു. ചുറുചുറുക്കുള്ള മുഖവും തിളക്കമേറിയ കണ്ണുകളുമുള്ള ചെമ്പന്‍ മുടിക്കാരനും തീരെ അടങ്ങിയിരിക്കാത്ത പ്രകൃതക്കാരനുമായിരുന്നു സുഹൈബ്. ആ കുഞ്ഞു മുഖം കാണുന്നതോടെ സിനാന് എല്ലാ വിഷമങ്ങളും അലിഞ്ഞില്ലാതാവുമായിരുന്നു.
അങ്ങനെയിരിക്കെ, കൂടുതല്‍ ആശ്വാസകരമായ ജീവിതത്തിനായി സുഹൈബും ഉമ്മയും ഇറാഖിലെ സനിയ്യിലെത്തി. അവരോടൊപ്പം ബന്ധുക്കള്‍ക്ക് പുറമെ കുറച്ച് പരിചാരകരുമുണ്ടായിരുന്നു. ആ സമയത്ത് ന്നെയാണ് റോമന്‍ സൈന്യത്തിന്റെ മിന്നലാക്രമണം നടക്കുന്നത്. സുഹൈബ് (റ) വിന്റെ കുടുംബം താമസിച്ച പ്രദേശത്തേയും അക്രമി സംഘം വെറുതെ വിട്ടില്ല. പാറാവുകാരെ വധിക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും മക്കളെ അടിമകളാക്കുകയും ചെയ്തു. തടവിലാക്കപ്പെട്ടവരില്‍ സുഹൈബും ഉണ്ടായിരുന്നു. റോമിലെ അടിമച്ചന്തയില്‍ കുഞ്ഞുസുഹൈബും തന്റെ ഊഴം കാത്തിരുന്നു. പിന്നീട് റോമന്‍ കോട്ടകളില്‍ വ്യത്യസ്ത യജമാനര്‍ക്ക് കീഴില്‍ പണിയെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. തന്നെപ്പോലെ ബന്ദികളാക്കപ്പെട്ട അനേകായിരം അടിമകള്‍ക്കൊപ്പം പ്രഭുമകന്‍ സുഹൈബും ജീവിതം നയിച്ചു.
റോമന്‍ ജനതയെ കൂടുതല്‍ അടുത്തറിയാനുള്ള ഒരു അവസരമായിട്ടാണ് സുഹൈബ് (റ) ഇതിനെ കണ്ടത്. അവര്‍ക്കിടയിലെ ക്രൂരതകളും ഹീനകൃത്യങ്ങളും സുഹൈബ് (റ) അമ്പരപ്പെടുത്തി. അവരോട് അനിഷ്ടം തോന്നി. ഏത് പ്രളയത്തിനാണ് ഇവരെ സംസ്‌കരിക്കാന്‍ കഴിയുകയെന്ന് സുഹൈബ് (റ) ആത്മഗതം ചെയ്യാറുണ്ടായിരുന്നു.
റോമക്കാര്‍ക്കിടയില്‍ വളര്‍ന്നത് കൊണ്ട് അദ്ദേഹം അറബി ഭാഷ തന്നെ മറന്നു തുടങ്ങിയിരുന്നു. താനൊരു അറബിയാണെന്നും രാജാവിന്റെ പുത്രനാണെന്നുമുള്ള ചിന്ത ജ്വലിച്ചു നിന്നിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന്റെ ചെവിയിലൊരു വാര്‍ത്തയെത്തി. ‘അറേബ്യയില്‍ ഈസാ നബിയെ സത്യമാക്കുന്ന ജനങ്ങളെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരു ദൈവദൂതന്‍ വരാനിരിക്കുന്നുവത്രെ.’
നഷ്ടകാല പ്രതാപം വീണ്ടെടുക്കാനിതാ അവസരം വന്നിരിക്കുന്നു. സുഹൈബ് (റ) തടവില്‍ നിന്ന് ഓടിയകന്നു. നേരെ മക്കയിലേക്കാണ് ചെന്നെത്തിയത്. അവിടെയാണല്ലോ പ്രതീക്ഷിത ദൂതര്‍ വരാനിരിക്കുന്നത്. മക്കക്കാര്‍ അദ്ദേഹത്തെ റോമക്കാരനായ സുഹൈബ് എന്നായിരുന്നു വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ മുഖവും മുടിയുമൊക്കെ കണ്ടാല്‍ അങ്ങനെ തോന്നുമായിരുന്നു. അദ്ദേഹം മക്കയില്‍ വെറുതെയിരുന്നില്ല. നാട്ടിലെ പ്രമുഖ വ്യാപാരി അബ്ദുല്ലാഹി ജുംആനുമായി ചേര്‍ന്ന് കച്ചവടം തുടങ്ങി. സുഹൈബ് ധനികനായി മാറി. സമ്പത്തും മറ്റു ഏര്‍പ്പാടുകളുമൊന്നും തന്റെ യഥാര്‍ഥ ലക്ഷ്യത്തെ തെറ്റിച്ചില്ല. ദൈവദൂതന്‍ എവിടേ.. ഏറെ താമസിച്ചില്ല, ഒരു യാത്ര കഴിഞ്ഞ് മടങ്ങും വഴി തന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി. “മുഹമ്മദ് പ്രബോധനം തുടങ്ങിയിട്ടുണ്ട്. ഏകനായ ആരാധ്യനിലേക്കാണ് ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. നന്മ ചെയ്യാനും തിന്മയില്‍ നിന്ന് അകലം പാലിക്കാനുമാണ് ഉപദേശിച്ചുകൊണ്ടിരിക്കുന്നത്.’
അപ്പോള്‍ സുഹൈബ്(റ) ചോദിച്ചു. “അല്‍അമീനെന്ന് വിളിക്കപ്പെടുന്നവരല്ലേ അത്?’
“അതെ.’
“എവിടെയാണ് അവരുള്ളതെന്നറിയോ?’
“സ്വഫയുടെ സമീപത്തുള്ള ദാറുല്‍ അര്‍ഖമിലാണ് താമസിക്കുന്നത്. നീ അങ്ങോട്ട് പോകുന്നുവെങ്കില്‍ ഖുറൈശികളുടെ കണ്ണില്‍ പെടുന്നത് കരുതിക്കോ! കണ്ടാല്‍ പണി കിട്ടും. നിന്നെ സഹായിക്കാന്‍ കുടുംബങ്ങളോ ബന്ധുക്കളോ ഇല്ല!’
സുഹൈബ് (റ) ദാറുല്‍ അര്‍ഖമിനടുത്തെത്തി. നിറയെ ഭയമാണ്. വാതിലിനടുത്തെത്തിയപ്പോള്‍ അവിടെയതാ അമ്മാറുബ്‌നു യാസിര്‍. നേരത്തെ കണ്ടുപരിചയമുള്ളവരാണ്. കുറച്ച് നേരം ശങ്കിച്ച് നിന്നു.
“എന്താ അമ്മാര്‍ ഇവിടെ?’ “അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്. എന്താ നിനക്കിവിടെ?’ സുഹൈബ് (റ) പറയാന്‍ തുടങ്ങി. ഞാനിവിടുത്തെ മഹാനായ വ്യക്തിത്വത്തെയൊന്ന് കണ്ട് വല്ല ഉപദേശവും സ്വീകരിക്കാനെത്തിയതാ. അമ്മാര്‍ (റ) പറഞ്ഞു. ഞാനും അങ്ങനെ തന്നെ. എന്നാല്‍ നമുക്ക് ഒരുമിച്ച് കയറാം.
രണ്ട് പേരും തിരുസന്നിധിയിലെത്തി. തിരുവചനങ്ങള്‍ സാകൂതം ശ്രവിച്ചു. ഹൃദയത്തില്‍ ഈമാനിന്റെ പ്രഭ ഉരുവം കൊണ്ടു. തിരുകരങ്ങളെ പുണരാന്‍ മുന്നോട്ട്കുതിച്ചു. അവര്‍ മൊഴിഞ്ഞു: “അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല. മുഹമ്മദ് നബി (സ്വ) അവന്റെ ദാസനും ദൂതനുമാണ്.’ അന്നേ ദിവസം മുഴുവനും അവര്‍ അവിടെ തന്നെ കഴിച്ചു കൂട്ടി.
നേരം രാത്രിയായി. അനക്കങ്ങളൊക്കെ പാടെ നിലച്ചിരിക്കുന്നു. അവര്‍ പുറത്തിറങ്ങി. ഇരുളിന്റെ മറ പറ്റി മുന്നോട്ടു നീങ്ങി. കൈകകളില്‍ തിരിനാളങ്ങളില്ലെങ്കിലും ഹൃദയത്തില്‍ ലോകം മുഴുക്കെ പ്രഭ പരത്താനുള്ള ഈമാനിക ഊര്‍ജമുണ്ടായിരുന്നു.
അമ്മാര്‍ (റ), സുമയ്യ ബീവി (റ), ബിലാല്‍(റ) തുടങ്ങിയവര്‍ക്കൊപ്പം കൊടിയ പീഡനങ്ങള്‍ സഹിച്ചവരാണ് സുഹൈബ് (റ)വും. ആ പീഡനങ്ങള്‍ക്ക് പക്ഷേ ഈമാനെ ഭേദിക്കാനായില്ല. അവര്‍ക്കറിയാമായിരുന്നു, സ്വര്‍ഗത്തിന്റെ പാതയില്‍ ഇതിലും വലിയ ദുരിതങ്ങള്‍ ധാരാളമുണ്ടാകുമെന്ന്.
മക്കയിലെ പീഡനമുറകള്‍ അതിക്രൂരമായപ്പോള്‍ സ്വഹാബത്തിന് ഹിജ്‌റക്കുള്ള അനുമതി കിട്ടി. പിറന്ന മണ്ണും വിട്ട് സ്വഹാബത്ത് പോയിത്തുടങ്ങി. സുഹൈബ് (റ) വിന്റെ ആഗ്രഹം തിരുനബിക്കൊപ്പം ഹിജ്‌റ പോകണമെന്നായിരുന്നു. ഹിജ്‌റ പോകുമെന്ന് അറിഞ്ഞതോടെ ഖുറൈശികള്‍ മഹാനവര്‍കളെ തടഞ്ഞുവെച്ചു. നിരീക്ഷണത്തിന് പാറാവുകാരെ ഏര്‍പ്പാടാക്കുകയും ചെയ്തു. സുഹൈബ് (റ) നാട് വിടാതിരിക്കാനും കൂടെ സമ്പത്ത് കൊണ്ടുപോകാതിരിക്കാനുമായിരുന്നു അവര്‍ ഇങ്ങനെ ചെയ്തത്.
നബിക്കും(സ്വ) അബൂബക്കര്‍ സിദ്ദീഖ് (റ)നുമൊപ്പം ഹിജ്‌റ പോകാന്‍ കൊതിച്ചിരുന്ന സുഹൈബ് (റ) വിന്റെ ആഗ്രഹം സഫലമായില്ല. നിരീക്ഷകരുടെ കണ്ണുകളെപ്പോഴും മഹാനവര്‍കളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഇനിയെന്തെങ്കിലും സൂത്രം പ്രയോഗിക്കുകയല്ലാതെ രക്ഷയില്ല.
ഒരു രാത്രി, സുഹൈബ് (റ) പ്രാഥമികാവശ്യത്തിനെന്ന പോലെ വീടിന് പുറത്തിറങ്ങി. ഒഴിഞ്ഞ സ്ഥലത്തേക്ക് നടന്നു. സാധാരണ അല്‍പം താമസിച്ചാണ് തിരിച്ചുവരാറുള്ളത്. പാറാവുകാരിലൊരുത്തന്‍ പറഞ്ഞു. “നല്ലപോലെ ജീവിക്കാത്ത് കൊണ്ടാ, കണ്ടില്ലേ ലാത്തയും ഉസ്സയും അയാളുടെ വയറിന് പണി കൊടുത്തിരിക്കുന്നു.’
അവര്‍ ഉറങ്ങാന്‍ കിടന്നു. ഇതിനിടയില്‍ സുഹൈബ് (റ) അവിടെ നിന്ന് രക്ഷപ്പെടാനൊരുങ്ങി. അധികം താമസിച്ചില്ല. പതിവിലും വൈകുന്നത് കണ്ട പാറാവുകാര്‍ക്ക് കാര്യം പിടികിട്ടി. അവര്‍ പൊടുന്നനെ ചാടിയെണീറ്റു. കുതിരകളെ അഴിച്ചു. സുഹൈബ് (റ) പോയ വഴിയെ കുതിരകള്‍ പാഞ്ഞു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അവര്‍ സുഹൈബ് (റ) വിനെ കണ്ടെത്തി.
അപ്പോള്‍ മഹാനവര്‍കള്‍ ഉയരമുള്ള ഒരു സ്ഥലത്ത് കയറി നില്‍ക്കുകയായിരുന്നു. അദ്ദേഹം വില്ല് കുലച്ചു. എന്നിട്ട് പറഞ്ഞു. “ഖുറൈശീ സമൂഹമേ, എന്റെ ആരാധ്യന്‍ സത്യം, അമ്പെയ്യുന്നതില്‍ എന്റെയത്ര മികവ് നിങ്ങള്‍ക്കാര്‍ക്കും ഇല്ല. എന്റെ കൈവശമുള്ള ഓരോ അമ്പുകളും നിങ്ങളില്‍ ഓരോരുത്തരെ വധിച്ചിട്ടല്ലാതെ നിങ്ങള്‍ക്ക് എന്നെ തൊടാനാവില്ല. എന്റെ കൈയിലെ വാള്‍ മുറിഞ്ഞ് തീരുന്നതുവരെ നിങ്ങളുമായി ഏറ്റുമുട്ടും.’
അപ്പോള്‍ ഖുറൈശികളില്‍ നിന്നൊരുത്തന്‍ പറയാന്‍ തുടങ്ങി. “എന്റെ ആരാധ്യനാണെ സത്യം, നിന്നെ വെറുതെ വിടാന്‍ ഞങ്ങള്‍ ഒരുക്കമല്ല. നിന്നെയും നിന്റെ സമ്പത്തും ഞങ്ങള്‍ക്ക് വേണം. പണ്ട് നീയിങ്ങ് വന്നപ്പോള്‍ പരിമദരിദ്രനായിരുന്നില്ലേ? പിന്നീട് ഈ മണ്ണില്‍ നിന്നും വാരിക്കൂട്ടിയതല്ലേ നിന്റെ സമ്പത്ത് മുഴുവനും?’
സുഹൈബ് (റ) തിരിച്ച് ചോദിച്ചു. “എന്റെ സമ്പാദ്യം മുഴുവനും നിങ്ങള്‍ക്ക് വിട്ടുതന്നാല്‍ എന്നെ എന്റെ വഴിക്ക് വിടുമോ? വിടാം. ഉടനെ അദ്ദേഹം തന്റെ മക്കയിലുള്ള സമ്പത്തിന്റെ വിവരങ്ങള്‍ പറഞ്ഞുകൊടുത്തു.
നേരിട്ട് കണ്ട് ബോധ്യപ്പെട്ട് സമ്പത്ത് കൈവശപ്പെടുത്തിയതിന് ശേഷം അവര്‍ സുഹൈബ് (റ) വിനെ വിട്ടയച്ചു.
മദീന ലക്ഷ്യമാക്കിയാണ് അദ്ദേഹം നടക്കുന്നത്. ജീവിത കാലമത്രയും അധ്വാനിച്ച് നേടിയ സമ്പത്ത് മുഴുവനും വലിച്ചെറിഞ്ഞാണ് അദ്ദേഹം മദീനയെന്ന സ്വപ്‌നഭൂമിയിലേക്ക് കാലെടുത്ത് വെക്കുന്നത്. അതിന്റെ പേരില്‍ മനസ് വേദനിച്ചില്ല. മറിച്ച് മനസ് നിറയെ ഹബീബിലേക്ക് ചേരുന്നതിന്റെ പരമാനന്ദത്തില്‍ നിറഞ്ഞ് തുളുമ്പുകയായിരുന്നു.
കുറേ നടന്ന് ക്ഷീണിക്കും. കാലുകള്‍ തളരും. അപ്പോഴെല്ലാം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നബിസ്‌നേഹം നാമ്പ് നീട്ടും. അതോടെ ക്ഷീണം മറക്കുകയായി. വേദന അറിയാതെയായി. നടത്തം തുടരുന്നു. ഇങ്ങനെ പല തവണ ആവര്‍ത്തിച്ചു. ഖുബാഇലെത്തുമ്പോള്‍ നബിതിരുമേനി (സ്വ) വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. വല്ലാത്ത സന്തോഷം തന്നെ. അവിടുന്ന് സ്വാഗതമോതി: “അബാ യഹ്‌യാ നിങ്ങളുടെ കച്ചവടം പൊടിപൊടിച്ചിരിക്കുന്നല്ലോ? വന്‍ലാഭം കൊയ്തിരിക്കുകയാണല്ലോ.’
സുഹൈബ് (റ)ന് അതിരറ്റ സന്തോഷം. അദ്ദേഹം പറഞ്ഞു. “നബിയെ, ഒരാളും എന്നെ മറികടന്ന് അങ്ങേക്ക് വിവരം കൈമാറിയിട്ടില്ല. അല്ലാഹുവാണേ സത്യം, ജിബ്‌രീലല്ലാതെ മറ്റാരും നിങ്ങള്‍ക്കീ കാര്യം അറിയിച്ചു തരില്ല.’ അതെ, സത്യമാണ്. കച്ചവടം വന്‍ലാഭം തന്നെ, വഹ്‌യിന്റെ സാക്ഷ്യമുണ്ടതിന്. ജിബരീലിന്റെ സാക്ഷ്യമുണ്ടതിന് ■

Share this article

About മുഹമ്മദ് ഇ കെ വിളയില്‍

ekmvilayil786@gmail.com

View all posts by മുഹമ്മദ് ഇ കെ വിളയില്‍ →

Leave a Reply

Your email address will not be published. Required fields are marked *