പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ട്‌

Reading Time: 2 minutes

കുരുവിയും കുഞ്ഞുങ്ങളും
അനുചരരുമൊത്തുള്ള ഒരു യാത്രയിലായിരുന്നു തിരുനബി(സ്വ). അവിടുന്ന് എന്തോ ആവശ്യത്തിനായി പോയപ്പോള്‍ സ്വഹാബികള്‍ ഒരു കുരുവിയെ കണ്ടു. കൂടെ രണ്ട് കുഞ്ഞുങ്ങളുമുണ്ട്. കൗതുകം തോന്നിയ സ്വഹാബികള്‍ കുരുവിക്കുഞ്ഞുങ്ങളെ പിടിച്ചു. കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ടതില്‍ പരിഭ്രാന്തയായി അമ്മക്കുരുവി വിഷമത്തോടെ അങ്ങുമിങ്ങും പറക്കാന്‍ തുടങ്ങി.
തിരുനബി(സ്വ) തിരിച്ചുവന്നപ്പോള്‍ ആ കാഴ്ച കണ്ടു. അവിടുന്ന് ചോദിച്ചു: “ഈ പക്ഷിയുടെ കുഞ്ഞുങ്ങളെ പിടിച്ച് അതിനെ വിഷമിപ്പിച്ചതാരാണ്? അതിന്റെ കുഞ്ഞുങ്ങളെ അതിന് തിരിച്ചുനല്‍കൂ.’
സ്വഹാബികള്‍ ഉടന്‍തന്നെ കുഞ്ഞിക്കുരുവികളെ അമ്മക്കുരുവിക്ക് തിരിച്ചു നല്‍കി. കുരുവികളുടെ സന്തോഷം കണ്ടപ്പോള്‍ സ്വഹാബതിന്റെ കണ്ണുകളിലും കുളിര്‍മ.
(അല്‍മവാഹിബുലദുന്നിയ്യ 2/309)

ഒട്ടകത്തിന്റെ പരാതി
ഒട്ടകപ്പുറത്തിരുന്ന് ഒരു യാത്രയിലാണ് തിരുനബി(സ്വ). പുറകിലിരിക്കുന്ന അബ്ദുല്ലാഹ് ബിന്‍ ജഅ്ഫര്‍(റ) വിനോട് സംസാരിച്ചാണ് സഞ്ചാരം. ഇടക്ക് തിരുനബി(സ്വ) വിശ്രമിക്കാനിറങ്ങി. ഈത്തപ്പനത്തണല്‍ തേടി ഒരു തോട്ടത്തിലെത്തി. ഒരു അന്‍സ്വാരിയുടെ തോട്ടമായിരുന്നു അത്.
തോട്ടത്തില്‍ ഒരു ഒട്ടകമുണ്ട്. ക്ഷീണിച്ച് അവശനായിരിക്കുന്നു. റസൂലിനെ കണ്ടപ്പോള്‍ ഒട്ടകം തേങ്ങാന്‍ തുടങ്ങി. കണ്ണുകള്‍ നിറഞ്ഞൊഴുകി.
തിരുനബി(സ്വ) അതിനടുത്തുചെന്ന് അതിന്റെ തലയില്‍ അല്പനേരം തലോടി. ഒട്ടകം കരച്ചില്‍ നിര്‍ത്തി ശാന്തനായി.
നബി(സ്വ) ചോദിച്ചു: “ആരുടേതാണീ ഒട്ടകം?’
ഉടന്‍ തോട്ടത്തിന്റെ ഉടമസ്ഥനായ അന്‍സ്വാരി ഓടി വന്നു പറഞ്ഞു: “എന്റേതാണ് റസൂലേ..’
“നിനക്കല്ലാഹു നല്‍കിയ ഈ ഒട്ടകത്തിനെ നീ ശ്രദ്ധിക്കുന്നില്ലേ? അതിന് ഭക്ഷണം നല്‍കാറില്ലെന്നും ഭാരിച്ച ജോലികള്‍ നല്‍കി ക്ഷീണിപ്പിക്കുകയാണെന്നും ഒട്ടകം പരാതി പറയുന്നല്ലോ..!’ റസൂല്‍(സ്വ) ഗൗരവത്തോടെ അന്‍സ്വാരിയോട് ചോദിച്ചു.
അന്‍സ്വാരി തല താഴ്്ത്തി. ഇനി മുതല്‍ ശ്രദ്ധിക്കാമെന്ന് തിരുനബി(സ്വ)ക്ക് വാക്കുനല്‍കി.
(അല്‍മവാഹിബുലദുന്നിയ്യ 2/275)


കടം വാങ്ങി ദാനം
മുത്തുനബി(സ്വ)യുടെ സന്നിധി. അവിടുത്തെ തിരുമൊഴികള്‍ കേള്‍ക്കാന്‍ സാകൂതം ഇരിക്കുന്ന സ്വഹാബികള്‍. അതിനിടയില്‍ ഒരാള്‍ വന്നു തിരുനബി(സ)യോട് പരാധീനതകള്‍ പറഞ്ഞ് വല്ലതും ദാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
നബി(സ്വ) പറഞ്ഞു: “സുഹൃത്തേ, എന്റെ കൈയിലിപ്പോള്‍ നിനക്കു നല്‍കാനായി ഒന്നുമില്ല. തല്‍ക്കാലം നീ അലിയുടെ പക്കല്‍ നിന്ന് വാങ്ങിക്കോളൂ. എനിക്ക് വല്ലതും ലഭിക്കുമ്പോള്‍ ഞാനത് അലി(റ)വിന് കൊടുത്ത് കടം വീട്ടിക്കോളാം.’
കൈയിലില്ലാതിരുന്നിട്ടും തിരുനബി കടം വാങ്ങി ദാനം നല്‍കാന്‍ പറഞ്ഞപ്പോള്‍ സ്വഹാബത്തിന് വിഷമം തോന്നി. ഉമര്‍(റ) ഉടന്‍ നബി(സ്വ)യോട് ചോദിച്ചു: “റസൂലേ, അങ്ങേക്ക് കഴിയുന്നത് ദാനം ചെയ്താല്‍ പോരേ? എന്തിനാണിങ്ങനെ ബുദ്ധിമുട്ടുന്നത്?’
തിരുനബി(സ്വ)ക്ക് അത് ഇഷ്ടമായില്ല. അവിടുത്തെ മുഖം വാടി. ഉടന്‍ കടം ചോദിച്ച ആഗതന്‍ പറഞ്ഞു: “നബിയേ, അങ്ങ് നല്‍കിക്കോളൂ. അല്ലാഹു നിങ്ങള്‍ക്ക് ഒരു കുറവും വരുത്തില്ല, തീര്‍ച്ച.’
ഇതുകേട്ട് റസൂല്‍ (സ്വ) പുഞ്ചിരിച്ചു. മുഖം തെളിഞ്ഞു. സ്വഹാബികളുടെ മുഖത്തും പുഞ്ചിരി വിടര്‍ന്നു.
(സുബുലുല്‍ ഹുദാ വറശാദ് 7/52)

മദീനയിലൊരു മാംഗല്യം
മക്കയില്‍ നിന്ന് ഹിജ്‌റ പോയവര്‍ക്ക് മദീന വമ്പിച്ച സ്വീകരണമൊരുക്കി. അന്‍സ്വാരികള്‍ക്കും മുഹാജിറുകള്‍ക്കുമിടയില്‍ തിരുനബി(സ്വ) ആദര്‍ശ ബന്ധം സ്ഥാപിച്ചു. സാഹോദര്യബന്ധത്തിന്റെ നിസ്തുല മാതൃകയായിരുന്നു അത്.
അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫി(റ)ന് അന്‍സ്വാരിയായ സഅദ് ബിന്‍ റബീഅ(റ)യായിരുന്നു സൗകര്യമൊരുക്കിയത്.
സഅദ് പറഞ്ഞു: “അബ്ദുറഹ്‌മാന്‍, താങ്കള്‍ക്ക് എന്റെ സമ്പത്തിന്റെ പാതി നല്‍കാം. എന്റെ ഭാര്യമാരിലൊരാളെ വിവാഹ മോചനം ചെയ്തു തരാം. അല്പം കഴിഞ്ഞ് നിങ്ങള്‍ക്കവരെ വിവാഹം ചെയ്യാമല്ലോ.’
അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫ്(റ) പറഞ്ഞു: “വേണ്ട സുഹൃത്തേ, നിങ്ങള്‍ ഇവിടെയടുത്തുള്ള അങ്ങാടി എവിടെയാണെന്ന് പറഞ്ഞു തന്നാല്‍ മാത്രം മതി. ഞാനവിടെ പോയി കച്ചവടം ചെയ്തു കഴിഞ്ഞോളാം.
അങ്ങനെ ബനൂ ഖൈനുഖാഅ് അങ്ങാടിയില്‍ ചെന്ന് അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫ് കച്ചവടം ആരംഭിച്ചു. നെയ്യും പാല്‍ക്കട്ടിയുമായിരുന്നു അദ്ദേഹം കച്ചവടം ചെയ്തിരുന്നത്. ദിനങ്ങള്‍ പലതു കഴിഞ്ഞു. കച്ചവടത്തിലൂടെ അദ്ദേഹത്തിന് ചെറുതല്ലാത്ത സമ്പാദ്യം ലഭിച്ചു.
ഒരുവേള അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫ് സുഗന്ധം പുരട്ടി തിരുനബി(സ്വ)യെ കാണാന്‍ ചെന്നു. അവിടുന്നു ചോദിച്ചു: “അബ്ദുറഹ്‌മാന്‍, നിങ്ങള്‍ വിവാഹം കഴിച്ചോ?’ “അതേ’. അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫ് മറുപടി നല്‍കി.
“ആരെയാണ് വിവാഹം കഴിച്ചത്?’ “ഒരു അന്‍സ്വാരി വനിതയെ’. “അവള്‍ക്കു നീ എത്ര മഹര്‍ നല്‍കി’. “ഒരു ഈത്തപ്പഴക്കുരുവിന്റെ തൂക്കം സ്വര്‍ണം നല്‍കി’. “എന്നാല്‍ ഇനി ഒരാടിനെ അറുത്ത് വിവാഹ സദ്യയൊരുക്കാമല്ലോ’. തിരുനബി(സ്വ) പുഞ്ചിരിയോടെ ചോദിച്ചു.
അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫിന്റെ മുഖത്തും പുഞ്ചിരി വിടര്‍ന്നു. സദ്യയൊരുങ്ങി. റസൂലും സ്വഹാബതും അദ്ദേഹത്തിനായി പ്രാര്‍ഥിച്ചു. മംഗളങ്ങള്‍ നേര്‍ന്നു!
(സീറത്തുന്നബവിയ്യ – ഇബ്‌നുകസീര്‍ 2/327)

Share this article

About ഇ എം സുഫ്‌യാന്‍ ബുഖാരി

emsufyan07@gmail.com

View all posts by ഇ എം സുഫ്‌യാന്‍ ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *