നല്ല വാക്കിൻ്റെ രുചി

Reading Time: 2 minutes

അഅ്റാബിയുടെ അവിവേകം
മസ്ജിദുന്നബവി. തെളിഞ്ഞൊഴുകുന്ന അരുവിപോലെ ഹൃദയം കുളിര്‍പ്പിക്കുന്ന തിരുമൊഴികള്‍. അറിവൊഴുക്കില്‍ ആസ്വദിച്ചിരിക്കുന്ന അനുചരര്‍.
സ്വഹാബത് നോക്കിനില്‍ക്കേ ഒരു ഗ്രാമീണനായ അഅ്‌റാബി പള്ളിയില്‍ കയറി. എല്ലാവരെയും അദ്ഭുതപ്പെടുത്തി അയാള്‍ പള്ളിക്കകത്ത് മൂത്രമൊഴിക്കാനായി ഇരുന്നു.
“അരുത്, അരുത്’ സ്വഹാബത് ഒച്ചവെച്ചു.
തിരുനബി(സ്വ) പറഞ്ഞു: “ഏയ്, ശബ്ദമുണ്ടാക്കാതെ. അയാളെ ശല്യപ്പെടുത്താതിരിക്കൂ’.
അനുചരര്‍ പിന്നെ ഒച്ച വെച്ചില്ല. അയാള്‍ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോള്‍ തിരുനബി(സ്വ) അയാളെ അടുത്തുവിളിച്ചു പറഞ്ഞു: “സുഹൃത്തേ, ഈ പള്ളി മൂത്രമൊഴിക്കാനും മലിനമാക്കാനുമുള്ളതല്ല. ഇത് അല്ലാഹുവിനെ സ്മരിക്കാനും നിസ്‌കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനുമെല്ലാം നിര്‍മിച്ച പരിശുദ്ധ ഭവനമാണ്.’
മുത്ത്‌നബി(സ്വ)യുടെ വിനയാന്വിതമായ വാക്കുകള്‍ അയാളുടെ ഉള്ളില്‍ കൊണ്ടു. ഇനിയൊരിക്കലുമങ്ങനെ ചെയ്യില്ലെന്ന് മനസിലുറപ്പിച്ച് ഗ്രാമീണന്‍ യാത്രയായി. തിരുനബി (സ്വ) ഒരു തൊട്ടിയില്‍ അല്പം വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശേഷം പള്ളിയില്‍ ഗ്രാമീണന്‍ മൂത്രമൊഴിച്ച സ്ഥലം വെള്ളമൊഴിച്ച് വൃത്തിയാക്കി.
(സുബുലുല്‍ ഹുദാ വർറശാദ് 7/10)

മൂന്നുനാള്‍ കാത്തിരിപ്പ്
അബ്ദുല്ലാഹ് ബിന്‍ അബില്‍ ഹുമൈസ തിരുനബി(സ്വ)യുമായി ഒരു കച്ചവടം നടത്തി. കച്ചവടത്തില്‍ വിലയുടെ അല്പം ഭാഗം കൂടി നബി(സ്വ)യെ ഏല്പിക്കാനുണ്ടായിരുന്നു. ഒരു സ്ഥലം നിര്‍ണയിച്ച് അവിടെ വന്ന് ബാക്കി പണം നല്‍കാമെന്ന് അബ്ദുല്ലാഹ് നബി(സ്വ)ക്ക് വാക്കു നല്‍കി.
നിര്‍ഭാഗ്യമെന്നു പറയാം. അക്കാര്യം അബ്ദുല്ലാഹ് മറന്നുപോയി. മൂന്നു നാളുകള്‍ക്കു ശേഷമാണ് കാര്യം ഓര്‍മ വന്നത്.
അബ്ദുല്ലാഹ് ധൃതിയില്‍ ബാക്കി പണവുമായി നിര്‍ദിഷ്ട സ്ഥലത്തെത്തി. മുത്ത്‌നബി(സ്വ) അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
അബ്ദുല്ലയെ കണ്ടതും പുഞ്ചിരിയോടെ നബി(സ്വ) പറഞ്ഞു: “എവിടെപ്പോയിരുന്നു സ്‌നേഹിതാ, ഞാനിവിടെ മൂന്നു നാളായി നിന്നെ കാത്തിരിക്കുന്നു!’
അബ്ദുല്ലാഹ് കാര്യം റസൂലിനോട് പറഞ്ഞു. അവിടുന്ന് മന്ദസ്മിതം തൂകി. സാരമില്ലെന്ന് ആശ്വസിപ്പിച്ചു. ഇരുവരും സന്തോഷത്തോടെ പിരിഞ്ഞു.
(ഉയൂനുല്‍ അസര്‍ 2/401)

വില കുറഞ്ഞ അടിമ
സാഹിര്‍ ബിന്‍ ഹറാം(റ) കാഴ്ചയില്‍ അത്ര സൗന്ദര്യമുള്ളയാളായിരുന്നില്ല. തിരുനബി(സ്വ)ക്ക് സാഹിറി(റ)നെ ഏറെ ഇഷ്ടമായിരുന്നു താനും. ഒരിക്കല്‍ അങ്ങാടിയില്‍ കച്ചവടം ചെയ്യുകയായിരുന്നു സാഹിര്‍(റ). ആ സമയത്ത് മുത്ത്‌നബി(സ്വ) പതിയെ പിറകിലൂടെ വന്ന് സാഹിറി(റ)നെ അണച്ചുപിടിച്ചു. ആരാണ് തന്നെ പിറകില്‍ നിന്ന് പിടിച്ചതെന്ന് സാഹിറി(റ)ന് മനസിലായില്ല.
“എന്നെ വിടൂ. എന്താണീ ചെയ്യുന്നത്?’ സാഹിര്‍(റ) പറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോഴാണ് സാഹിര്‍(റ) തിരുനബി(സ്വ)യെ കണ്ടത്. അതോടെ തിരുമേനിയോട് ചേര്‍ന്നുനില്‍ക്കാനായി സാഹിറിന്റെ ശ്രമം.
പിടിവിടാതെ നബി(സ്വ) പുഞ്ചിരിയോടെ വിളിച്ചുപറഞ്ഞു: “ആരു വാങ്ങും ഈ അടിമയെ?’
സാഹിര്‍(റ) പറഞ്ഞു: “റസൂലേ, അങ്ങനെയെങ്കില്‍ ഞാന്‍ വില കുറഞ്ഞ അടിമയായിരിക്കും.’
നബി(സ്വ) പറഞ്ഞു: “പക്ഷേ, അല്ലാഹുവിന്റെ അടുക്കല്‍ നീ ഒട്ടും വില കുറഞ്ഞവനല്ല.’ തിരുനബിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ സാഹിറിന് സന്തോഷമായി.
(സുബുലുല്‍ ഹുദാ വർറശാദ് 7/114)

സഹനവും അവധാനതയും
മുത്ത്‌നബി(സ്വ)യുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരിക്കുകയായിരുന്നു സ്വഹാബികള്‍. ആ സമയത്ത് ദൂരെ ഒരു പൊട്ടു പോലെ ഒരു ഖാഫിലക്കൂട്ടം പ്രത്യക്ഷപ്പെട്ടു. അവര്‍ ആരാണെന്നറിയാന്‍ ഉമര്‍(റ) അടുത്തു ചെന്നു.
ഉമര്‍(റ) ചോദിച്ചു: “നിങ്ങള്‍ ആരാണ്?’ അവര്‍ പറഞ്ഞു: “ഞങ്ങള്‍ അബ്ദുല്‍ ഖൈസുകാരാണ്.’
ഉമര്‍(റ) ചോദിച്ചു: “കച്ചവടത്തിന് വന്നതാണോ?’ “അല്ല’. അവര്‍ പറഞ്ഞു. “ഈ വാളുകള്‍ വില്‍ക്കാന്‍ വേണ്ടിയാണോ?’ ഉമര്‍(റ) വീണ്ടും ചോദിച്ചു. “അല്ല’. അവര്‍ പറഞ്ഞു.
“എങ്കില്‍ നബി(സ്വ)യെ കാണാന്‍ വേണ്ടിയായിരിക്കും. അല്ലേ?’ ഉമര്‍(റ) ആരാഞ്ഞു.
അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞു. “അതേ. അതേ.’ അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
ഉമര്‍(റ) വിശേഷങ്ങള്‍ പറഞ്ഞു അവര്‍ക്കൊപ്പം നീങ്ങി. മസ്ജിദുന്നബവിയുടെ അരികിലെത്തി.
“അതാ നിങ്ങള്‍ കാണാന്‍ വന്ന വ്യക്തി’ സ്വഹാബത്തിനൊപ്പം ഇരിക്കുന്ന മുത്ത് നബി (സ്വ)യെ ഉമര്‍(റ) അവര്‍ക്ക് കാണിച്ചു കൊടുത്തു.
നബി(സ്വ)യെ കണ്ടതും അവര്‍ ഒട്ടകപ്പുറത്തു നിന്ന് ചാടിയിറങ്ങി. ഓടിയും ധൃതിയില്‍ നടന്നും തിരുനബി(സ്വ)യുടെ അരികിലെത്തി. അവിടുത്തെ കൈപിടിച്ച് മുത്തി. സദസ്സില്‍ ഇരുന്നു.
വന്നവരുടെ കൂട്ടത്തില്‍ ചെറുപ്പക്കാരനായിരുന്നു അശജ്ജ്. അദ്ദേഹം ധൃതി കാണിച്ചില്ല. തന്റെ യാത്രാവാഹനത്തെ ഒരിടത്ത് തളച്ചു. സഹയാത്രികരുടെ ഒട്ടകങ്ങളെയും ബന്ധിച്ചു. യാത്രാസാമഗ്രികള്‍ ഒരുമിച്ചുകൂട്ടി. പിന്നീട് തന്റെ ഭാണ്ഡത്തില്‍ നിന്ന് വൃത്തിയുള്ള ഒരു തൂവെള്ള വസ്ത്രമെടുത്ത് അണിഞ്ഞു. തിരുസന്നിധിയിലേക്ക് വിനയപൂര്‍വം നടന്നു. മുത്ത്‌നബി(സ്വ)യുടെ കൈപിടിച്ചു ചുംബിച്ചു.
അശജ്ജിനെ ചേര്‍ത്തുപിടിച്ച് മുത്ത്‌നബി പറഞ്ഞു: “അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങള്‍ നിന്നിലുണ്ട്.’
“ഏതാണ് നബിയേ ആ രണ്ടു കാര്യങ്ങള്‍?’ അശജ്ജ് ചോദിച്ചു.
“സഹനവും അവധാനതയുമാണത്’ മുത്ത്‌നബി (സ്വ) പറഞ്ഞു.
ഈ രണ്ട് ഉല്‍കൃഷ്ട സ്വഭാവങ്ങള്‍ തനിക്കു നല്‍കിയ അല്ലാഹുവിന് അശജ്ജ് സ്തുതികളര്‍പ്പിച്ചു. “അല്‍ഹംദുലില്ലാഹ്’
(അല്‍റഹീഖുല്‍ മഖ്തൂം 1/409)
മുന്തിരിച്ചാറ്
എത്ര നല്ല കൂട്ട്!
വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ജാബിര്‍ ബിന്‍ അബ്ദില്ലാഹ്(റ). ആ സമയത്താണ് തിരുനബി(സ്വ) അതുവഴി കടന്നുവന്നത്.
“വരൂ’ മുത്ത്‌നബി ജാബിര്‍(റ)വിനെ വിളിച്ചു. ഇരുവരും ഒരുമിച്ച് കൈപിടിച്ച് നടന്നു. മുത്ത്‌നബി (സ്വ) തന്റെ ഭാര്യമാരില്‍ ഒരാളുടെ വീട്ടിലേക്കാണ് പോയത്.
സമ്മതം വാങ്ങി എന്നെയും കൂട്ടി തിരുനബി(സ്വ) അകത്ത് പ്രവേശിച്ചു. ശേഷം പ്രിയതമയോടായി ചോദിച്ചു: “കഴിക്കാന്‍ വല്ലതും ഇരിപ്പുണ്ടോ?’
അവര്‍ പറഞ്ഞു: “അതേ’. വൈകാതെ മൂന്ന് റൊട്ടി കൊണ്ടുവന്നു തിരുനബി(സ്വ)യുടെ മുന്നില്‍വെച്ചു. അവയില്‍ ഒന്നെടുത്ത് എനിക്കു മുമ്പിലും മറ്റൊന്ന് അവിടുത്തെ മുന്നിലും വെച്ചു. മിച്ചം വന്ന റൊട്ടി പകുതിയാക്കി മുറിച്ച് രണ്ടുപേര്‍ക്കുമായി വീതിച്ചു.
“കൂട്ടാനായി ഒന്നുമില്ലേ?’ തിരുനബി(സ്വ) പ്രിയതമയോട് ചോദിച്ചു. “ഒന്നുമില്ല നബിയേ, അല്പം പുളിപ്പിച്ച മുന്തിരിച്ചാറുണ്ട്’. അവര്‍ മറുപടി പറഞ്ഞു.
“എങ്കില്‍ അത് കൊണ്ടുവരൂ. എത്ര നല്ല കൂട്ടാണ് മുന്തിരിച്ചാറ്!’ മുത്ത്‌നബി(സ്വ) പുഞ്ചിരിയോടെ പറഞ്ഞു. അതും കൂട്ടി നബി(സ്വ)യും ജാബിറും(റ) റൊട്ടി കഴിച്ചു. നാഥനെ സ്തുതിച്ചു ■
(ഇംതാഉല്‍ അസ്മാഅ് 14/282)

Share this article

Leave a Reply

Your email address will not be published. Required fields are marked *