കടം നല്‍കിയവന്റെ അവകാശം

Reading Time: 2 minutes

ഒരാള്‍ തിരുനബി(സ്വ)യുടെ സന്നിധിയില്‍ വന്നു. മുഖത്ത് ഗൗരവം. ഉള്ളില്‍ ദേഷ്യം ഇരമ്പുന്നുണ്ട്. ആമുഖങ്ങളൊന്നുമില്ലാതെ അയാള്‍ നബി(സ്വ) യോട് പറഞ്ഞു: “എനിക്ക് നല്‍കാനുള്ള ഒട്ടകത്തെ ഉടന്‍ നല്‍കണം.’
തിരുനബി(സ്വ)യുടെ സന്നിധിയില്‍ അപമര്യാദയോടെ സംസാരിച്ച അദ്ദേഹത്തെ സ്വഹാബികളില്‍ പലര്‍ക്കും രസിച്ചില്ല. ചിലര്‍ കൈകാര്യം ചെയ്യാനൊരുങ്ങി. നബി(സ്വ) അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു: “ഏയ്, അദ്ദേഹത്തെ ഒന്നും ചെയ്യരുത്. കടം നല്‍കിയ വ്യക്തിക്ക് അതു ചോദിക്കാനുള്ള അവകാശമുണ്ട്. അയാള്‍ ചോദിക്കുന്നത് നല്‍കൂ.’
സ്വഹാബത്ത് ഒട്ടകങ്ങള്‍ പരിശോധിച്ചു. ശേഷം റസൂലി(സ്വ)നോട് പറഞ്ഞു: “തിരുദൂതരേ, കടമായുള്ള ഒട്ടകത്തിനെക്കാള്‍ വിലയിലും വലുപ്പത്തിലും മുന്തിയ ഒട്ടകങ്ങളാണ് ഇവിടെയുള്ളത്.’
മുത്ത്‌നബി(സ്വ) പറഞ്ഞു: “ശരി, എങ്കില്‍ അത് നല്‍കൂ. നല്ലതു കൊണ്ട് കടം വീട്ടുന്നവര്‍ ഉത്തമരില്‍ പെടുന്നവരാണ്.’ മുന്തിയ ഇനം ഒട്ടകവുമായി അയാള്‍ സന്തോഷത്തോടെ മടങ്ങി.
റൗളുല്‍ ഉനുഫ് 2/217

പാത്രം നിറയെ പാല്‍
മദീനയിലേക്കുള്ള ഹിജ്‌റ. മരുഭൂമിയിലൂടെ നാലു പേര്‍ യാത്ര പോകുന്നു. തിരുനബി(സ്വ)യും സഹചാരിയായ അബൂബക്കര്‍ സിദ്ദീഖും(റ) സഹായിയായി ആമിര്‍ ബിന്‍ ഫുഹൈറയും വഴികാട്ടിയായി അബ്ദുല്ലാഹ് ബിന്‍ ഉറൈഖിതും. ഖുദൈദ് താഴ്്വരയില്‍ എത്തുമ്പോഴേക്കും യാത്രയില്‍ കരുതിയ വെള്ളവും ഭക്ഷണവും തീര്‍ന്നിരിക്കുന്നു. അപ്പോഴാണവര്‍ ഉമ്മു മഅ്ബദിന്റെ ഖൈമ കണ്ടത്. ഖാഫിലകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഉമ്മു മഅ്ബദിന് ഏറെ ഇഷ്ടമായിരുന്നു. വല്ലതും കഴിക്കാമെന്ന് കരുതി നബി(സ്വ)യും സഹയാത്രികരും അവരുടെ ഖൈമക്കു മുമ്പില്‍ ഇറങ്ങി. പക്ഷേ, ബനൂഖുസാഅയില്‍ വറുതിയുടെ കാലമായിരുന്നതിനാല്‍ വീട്ടില്‍ ഒന്നും കഴിക്കാന്‍ ഉണ്ടായിരുന്നില്ല.
അപ്പോഴാണ് കൂടാരത്തിന്റെ ഒരുവശത്ത് പ്രായംചെന്ന ഒരാടിനെ മുത്ത്‌നബി(സ്വ) കണ്ടത്. ക്ഷീണം കാരണം മേക്കാന്‍ കൊണ്ടുപോകാത്ത ഒരാടായിരുന്നു അത്. തിരുനബി ആടിന്റെ പാല്‍ കറക്കാന്‍ ഉമ്മു മഅ്ബദിനോട് സമ്മതം ചോദിച്ചു.
“അത് മെലിഞ്ഞൊട്ടി കറവ വറ്റിയ ആടാണ്. കറന്നു നോക്കൂ. ഒന്നും കിട്ടാനിടയില്ല.’ ഉമ്മു മഅ്ബദ് പറഞ്ഞു.
തിരുനബി(സ്വ) പ്രാര്‍ഥിച്ചു. ആടിന്റെ അകിടില്‍ തടവി. ശേഷം ബിസ്മി ചൊല്ലി കറന്നു. അദ്ഭുതം! ആട് പാല്‍ ചുരത്തുന്നു. തിരുനബി(സ്വ) ഒരു പാത്രം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പാത്രത്തില്‍ നിറയെ പാല്‍ കറന്നു. തിരുനബി (സ്വ)യും സഹയാത്രികരും ദാഹം ശമിക്കുവോളം പാല്‍ കുടിച്ചു. ശേഷം ഒരു പാത്രം കൂടി കറന്ന് ഉമ്മു മഅ്ബദിന് നല്‍കി. അവര്‍ വിസ്മയം കൂറി. ഉമ്മു മഅ്ബദിനോട് നന്ദി പറഞ്ഞ് തിരുനബി (സ്വ) യാത്ര തുടര്‍ന്നു.
ആടുമേയ്ക്കാന്‍ പോയ ഭര്‍ത്താവ് അബൂ മഅ്ബദ് തിരിച്ചുവന്നപ്പോള്‍ പാത്രം നിറയെ പാല്‍ കണ്ട് അദ്ഭുതപ്പെട്ടു. ഉമ്മു മഅ്ബദ് നടന്ന സംഭവങ്ങള്‍ വിവരിച്ചു കൊടുത്തു.
“അത് ഖുറൈശിയില്‍ വന്ന പ്രവാചകനല്ലാതെ മറ്റാരുമാകാന്‍ തരമില്ല.’ – അബൂ മഅ്ബദ് പറഞ്ഞു. ഏറെ വൈകാതെ അവരിരുവരും മദീനയിലേക്ക് യാത്രയായി. തിരുസന്നിധിയിലെത്തി പരിശുദ്ധ ഇസ്‌ലാം സ്വീകരിച്ചു.
സുബുലുല്‍ ഹുദാ വർറശാദ് 3/244

ശത്രുവിനും അഭയം
ഹിജ്‌റ എട്ടാം വര്‍ഷം. മക്ക വിജയിച്ചു. കഠിന ശത്രുക്കളായിരുന്ന ചിലര്‍ക്ക് ഒഴികെ എല്ലാവര്‍ക്കും മുത്ത്‌നബി(സ്വ) പൊതുമാപ്പ് പ്രഖ്യാപിച്ചു. സ്വന്തം വീട്ടിലോ കഅ്ബാലയത്തിലോ അബൂസുഉഫ്്യാന്റെ വീട്ടിലോ അഭയം തേടിയവര്‍ക്കാണ് മാപ്പ് പ്രഖ്യാപിച്ചത്.
ഉമ്മു ഹാനിഇന്റെ ഭര്‍ത്താവ് ഹുബൈറ ഇസ്‌ലാം സ്വീകരിക്കാന്‍ തയാറാകാതെ നജ്‌റാനിലേക്ക് നാടുവിട്ടിരുന്നു.
ഭര്‍ത്താവിന്റെ കുടുംബത്തില്‍പെട്ട ഇസ്‌ലാമിന്റെ കഠിന ശത്രുക്കളായിരുന്ന ഹാരിസ് ബിന്‍ ഹിശാം, സുഹൈര്‍ എന്നിവര്‍ മക്കാവിജയ ദിവസം മഹതിയുടെ വീട്ടില്‍ അഭയം തേടി.
ഇരുവരെയും വധിക്കാന്‍ വേണ്ടി ഊരിപ്പിടിച്ച വാളുമായി ഇറങ്ങിത്തിരിച്ച അലി ബിന്‍ അബീത്വാലിബ് മഹതിയുടെ വീടിനു മുന്നിലെത്തി.
“അവരെ വിട്ടുതരൂ. ഇസ്‌ലാമിന്റെ ശത്രുക്കളാണവര്‍. അവരെ വകവരുത്തിയേ ഞാന്‍ മടങ്ങൂ.’ അലി(റ) പറഞ്ഞു.
“അരുത്. അവരെ ഒന്നും ചെയ്യരുത്. ഞാന്‍ അവര്‍ക്ക് അഭയം നല്‍കിയിരിക്കുന്നു.’ ഉമ്മു ഹാനിഅ് മറുപടി നല്‍കി. ഏറെനേരം കാത്തിരുന്ന് അലി(റ) തിരിച്ചുപോയപ്പോള്‍ അവരിരുവരെയും വീടിനകത്താക്കി പ്രവാചകസന്നിധിയിലെത്തി.
സംഭവം നബി(സ്വ)യോട് വിവരിച്ചു. അവിടുന്ന് പറഞ്ഞു: “അവരെ ഒന്നും ചെയ്യില്ല. നീ അഭയം നല്‍കിയവര്‍ക്ക് ഞാനും അഭയം നല്‍കിയിരിക്കുന്നു.’ ശേഷം ഹാരിസും സുഹൈറും ഉമ്മു ഹാനിഇനൊപ്പം നബി സവിധത്തില്‍ വന്ന് ഇസ്‌ലാം സ്വീകരിച്ചു.
വിട്ടുവീഴ്ചയുടെ പ്രകാശം സ്ഫുരിക്കുന്ന തിരുവദനത്തിലേക്ക് അവര്‍ കണ്ണിമ ചിമ്മാതെ നോക്കിനിന്നു.
സുബുലുല്‍ ഹുദാ വർറശാദ് 9/126

Share this article

About ഇ എം സുഫ്‌യാന്‍ ബുഖാരി

emsufyan07@gmail.com

View all posts by ഇ എം സുഫ്‌യാന്‍ ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *