നമുക്കിനിയും സഞ്ചരിക്കാനുണ്ട്‌

Reading Time: 2 minutes

സ്വപ്‌ന പ്രവാസത്തിലേക്ക് വിമാനം കയറിയപ്പോള്‍, ത്രസിപ്പിച്ച പോരാട്ട വിപ്ലവ വീര്യങ്ങള്‍ പലര്‍ക്കും പിറന്ന നാട്ടില്‍ വേദനയോടെ മാറ്റിവെക്കേണ്ടിവന്നിരുന്നു. നെഞ്ചിന്റെ അകത്തളങ്ങളില്‍ ഈ വീര്യം ഒളിപ്പിച്ചുവെച്ചാണ് ചിലര്‍ മരുപ്പച്ചയില്‍ കാല് കുത്തിയത്. മനസകവും പ്രകൃതിയും ഒരേ പോലെ ചൂട് പിടിക്കുന്ന സമയത്തും ധാര്‍മിക വിപ്ലവത്തിന്റെ ഒടുങ്ങാത്ത നെരിപ്പോടുകള്‍ അറിയാതെ തികട്ടി വന്നുകൊണ്ടേയിരുന്നു. ആ കനലുകൾ ഊതിക്കത്തിക്കാൻ അവര്‍ പുല്‍ത്തകിടുകളില്‍ ഒത്തുകൂടി. സുന്നി വിദ്യാര്‍ഥി സംഘം നെഞ്ചേറ്റിയ രിസാലയെന്ന ധര്‍മാക്ഷരിയെ ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തിയെടുക്കണമെന്നതാണ് അവരുടെ ആദ്യ ലക്ഷ്യം. എസ് എസ് എഫിന്റെ ഇരുപതാം വാര്‍ഷികത്തിന് ആ ആഗ്രഹം പൂവണിഞ്ഞു. അശ്‌റഫ് മന്നയുടെ നിശ്ചയദാര്‍ഢ്യത്തില്‍ രിസാലക്ക് വേണ്ടി ഒരു സപ്ലിമെന്റ് പുറത്തിറക്കി. അതില്‍ നിന്നുള്ള ഊർജവും സംഘടനയുടെ സില്‍വര്‍ ജൂബിലി ആഘോഷവും നേതാക്കളുടെ ഗള്‍ഫ് പര്യടനവും രിസാല സ്റ്റഡി സര്‍ക്കിള്‍ എന്ന പ്രവാസ യൗവനങ്ങളുടെ സംഘബോധത്തിന് വേരു നല്‍കുകയായിരുന്നു.
തൊണ്ണൂറ്റി മൂന്നില്‍ കൊളുത്തിയ ഒരു ചെറിയ ആശയദീപം ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ജ്വലിക്കുന്ന സംഘ ശക്തിയായി വളര്‍ന്നിരിക്കുകയാണ്. പ്രവര്‍ത്തകര്‍ നെഞ്ചേറ്റുന്ന മുഖപത്രത്തിന്റെ പേരില്‍ സംഘവും, സംഘത്തിന്റെ പേരില്‍ മുഖപത്രവുമായ ഒരു സാംസ്‌കാരിക കൈമാറ്റം. ഒത്തിരിക്കാന്‍ ഇടമില്ലാത്ത കാലത്ത് പള്ളിമൂലകളും പച്ചപ്പിന്റെ പുല്‍ത്തകിടും പഴയ വില്ലകളും താവളങ്ങളാക്കിയാണ് ആശയങ്ങളുടെ ആലോചനകളാരംഭിച്ചത്. ഒപ്പം ധാര്‍മിക വിപ്ലവ ചെറുപ്പത്തിന്റെ ബഹുമുഖ ദാഹങ്ങളെ ശമിപ്പിക്കുവാനുള്ള അവസരമായി അതിനെയവര്‍ കണ്ടു. ആഴ് ചകളില്‍ ഒരുക്കുന്ന വേദികളില്‍ നിന്ന് ആത്മീയാംശം അവര്‍ നുകര്‍ന്നു. ഒപ്പമുള്ളവര്‍ക്ക് അത് ആവാഹിക്കാന്‍ അവസരമൊരുക്കി. ഉറ്റവരെ പിരിഞ്ഞുള്ള ഒറ്റപ്പെടലും ജോലിയിലെ സമ്മർദവും അതില്‍ ലയിച്ചു ഇല്ലാതായിക്കൊണ്ടിരുന്നു. ഒപ്പം ആദര്‍ശ ആശയങ്ങള്‍ മനസില്‍ സുരക്ഷിതമായി മുറുകെപ്പിടിക്കാനുള്ള കരുത്തേകി.
ആ കൂട്ടായ്മ മണല്‍ക്കാട്ടിലെ മുക്കുമൂലകളില്‍ നടന്നു ചെന്ന് ചെറു സംഘങ്ങളെ രൂപപ്പെടുത്തി. ആശയക്കൈമാറ്റത്തിന് നവസാങ്കേതിക സംവിധാനങ്ങള്‍ ഇല്ലാതിരുന്നിട്ടും പല വിധത്തില്‍ സന്ദേശം കൈമാറി മുന്നോട്ട് കുതിച്ചു. വളര്‍ച്ചയുടെ ഓരോഘട്ടവും കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെതുമായിരുന്നു. യുവതലമുറയെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ പലതും ആവിഷ്‌കരിക്കപ്പെട്ടു. പ്രബോധനത്തോടൊപ്പം തൊഴില്‍ രംഗത്തെ പുരോഗതിയും അവര്‍ സ്വപ്‌നം കണ്ടു. ഇങ്ങനെയാണ് സംഘം വലുതായി വളര്‍ന്നു പന്തലിച്ചത്.
രിസാല സ്റ്റഡി സര്‍ക്കിള്‍ മനുഷ്യവിഭവങ്ങളുടെ പ്രയോഗത്തില്‍ ഇന്ന് മുന്നേ നടക്കുന്നു. സാഹിത്യോത്സവും ബുക് ടെസ്റ്റും ഡിജിറ്റൽ മെമ്പര്‍ഷിപ്പും സമ്പൂർണ പോര്‍ട്ടല്‍ സംവിധാനവുമെല്ലാം അംഗങ്ങളില്‍ നിന്ന് സ്വയം രൂപപ്പെട്ട് മറ്റു പ്രൊഫഷനല്‍ ടീമിനുമപ്പുറം വളരുകയായിരുന്നു. സ്വതന്ത്ര വിഭവങ്ങളും സംവിധാനങ്ങളും ആയി മാസത്തില്‍ പ്രസിദ്ധീകരിക്കുന്ന പ്രവാസി രിസാല രൂപപ്പെടുത്തിയത് പത്ത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ അടയാളപ്പെടുത്തലാണ്. താരങ്ങള്‍ തകര്‍ത്താടുന്ന പ്രവാസ ഷോകളാണ് ഗള്‍ഫ് മലയാളികളുടെ ആസ്വാദനമെന്ന് ധരിച്ചിടത്ത് നിന്ന് ധര്‍മാധിഷ്ഠിത ബദലൊരുക്കി കലയും സാഹിത്യവും ഈ രൂപത്തിലുമുണ്ടെന്ന് കാണിക്കുകയായിരുന്നു ഗള്‍ഫ് സാഹിത്യോത്സവ്.
പ്രലോഭനങ്ങളെ പിടിച്ചുകെട്ടിയ സാമയികവും യുവതയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളപ്പിച്ച യുവ വികസന സഭയും മാരികള്‍ക്ക് ലോക്കിട്ട യൂനിറ്റ് സമ്മേളനവും ഈ ത്രയാക്ഷരിയുടെ പൊന്‍തൂവല്‍ കൊത്തിവെക്കപ്പെട്ട അടയാളങ്ങളാണ്. സാമ്പത്തിക അച്ചടക്കം പഠിപ്പിച്ചും പകര്‍ന്നുനല്‍കിയും വിദ്യാര്‍ഥികളെ ഒരു സര്‍ക്കിളിന് കീഴില്‍ കൊണ്ടുവന്നും പ്രവര്‍ത്തകരുടെ നഷ്ടപ്പെട്ട വിദ്യാഭ്യാസം വീണ്ടെടുക്കാനുള്ള പരിശ്രമത്തിന് പിന്തുണ നല്‍കിയും അംഗങ്ങളുടെ ആരോഗ്യരംഗം സംരക്ഷിച്ചും അക്ഷരങ്ങളെ പ്രണയിക്കാന്‍ അവസരം നല്‍കിയും ഈ യുവ സംഘം ജൈത്രയാത്ര തുടരുകയാണ്. സംഘടനയുടെ ആഗോള വ്യാപനവും ഗള്‍ഫില്‍ കാല്‍ലക്ഷം അംഗങ്ങളും ആയിരം പ്രാദേശിക ഘടകങ്ങളും എന്ന കാഴ്ചപ്പാടുമായി ഈ സംഘബോധം പുതിയ കാലത്തേക്ക് കാലെടുത്തുവെക്കുന്നു.
മറ്റൊരു നവംബര്‍ 26 കൂടി സമാഗതമാകുന്നു. ഈ സ്ഥാപകദിനത്തില്‍ ഓരോ രാജ്യങ്ങളിലെയും അംഗങ്ങള്‍ നവസാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഗതകാല പോരാട്ടങ്ങള്‍ അയവിറക്കും. ഈ സാംസ്‌കാരിക ബോധത്തിന് ശില പാകിയവര്‍ ഓരോയിടത്തും അംഗങ്ങളുമായി സംവദിക്കും. ഹിസ്റ്റോറിയ ചരിത്രശേഖരണത്തിലൂടെ കുറിച്ചെടുത്ത് അവ സുവനീറായി പ്രകാശിതമാകും. മാരിക്കാലത്തെ നഷ്ടപ്പെട്ട ഇന്നലെകളെ വീണ്ടെടുത്ത് പുതിയ കാലത്തെ വിഷന്‍ മുന്നോട്ടുവെച്ച് ഉയരെ ഉയരെ ഗമനം സാധ്യമാക്കും. പണ്ഡിതന്‍മാരുടെ, മുന്‍ഗാമികളുടെ അചഞ്ചലമായ പാത നെഞ്ചേറ്റി ഈ സാർഥവാഹകസംഘം നടന്നടുക്കും. ചെയ്തുതീര്‍ക്കാനുള്ള ആയിരം സംഘസ്വപ്‌നങ്ങളുമായി പ്രവാസത്തില്‍ തേരോട്ടം സൃഷ്ടിക്കും. ഒപ്പം നിന്നും കുതിപ്പിനൊപ്പമുണ്ടായും ഓരോ മലയാളി പ്രവാസിയും ഈ ചേതനയെ കൂടുതൽ ജീവസുറ്റതാക്കുകയാണ് ■

Share this article

About നിസാർ പുത്തൻപള്ളി

nizarputhanpally@gmail.com

View all posts by നിസാർ പുത്തൻപള്ളി →

Leave a Reply

Your email address will not be published. Required fields are marked *