അറിവ് വെളിച്ചമാകുമ്പോള്‍ അക്ഷരങ്ങളെന്തിനാണ്?

Reading Time: 2 minutes

ആദ്യകാലം മുതലേ ജ്ഞാനം (ഇല്‍മ്) ഓതിപ്പഠിച്ച്, പഠിപ്പിച്ചുകൊടുക്കുന്ന ഒരു സമ്പ്രദായമായാണ് നിലനിന്നത്. അതിനാല്‍ തന്നെ പഴയ കാല പണ്ഡിതന്മാര്‍ അവരുടെ ജീവിതകാലം മുഴുവന്‍ ഒരുപാട് കിതാബുകള്‍-ഗ്രന്ഥങ്ങള്‍- ജ്ഞാനികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നതില്‍ വലിയ ശ്രദ്ധ ചെലുത്തിയിരുന്നു. ഇരുന്നൂറിൽപരം ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിതന്മാര്‍ വരെ പഴയകാലത്ത് ഉണ്ടായിരുന്നു. അവരുടെ യാത്രകളും സ്വപ്‌നങ്ങളും വായനകളുമെല്ലാം നല്ല പുതിയ രചനകള്‍ എഴുതിയെടുക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. രചനാ രംഗത്ത് അവരുടെ അടയാളപ്പെടുത്തലുകള്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായിട്ടുണ്ട്.
മദ്ഹബിലെ നാല് പണ്ഡിതന്മാരും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അറിവിനെ ലിഖിത രൂപത്തിലേക്ക് പകര്‍ത്തുന്നതില്‍ അവർ അതീവ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ പ്രകാശമാണ് ജ്ഞാനം. അത് അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ. വിവരങ്ങള്‍ കരസ്ഥമാക്കുക എന്ന ലക്ഷ്യത്തില്‍ ഒരാള്‍ കിതാബ് പാരായണം ചെയ്തതു കൊണ്ട് മാത്രം ജ്ഞാനം ലഭിക്കണമെന്നില്ല. അയാള്‍ പഠിക്കുന്നത് കേവലം അക്ഷരങ്ങള്‍ മാത്രമായിരിക്കും.
ഗുരുവില്‍ (ഉസ്താദ്) നിന്ന് സനദോട് കൂടെ കൈമാറി വരുന്നതാണ് ജ്ഞാനം. അത് ഒരാള്‍ക്ക് സ്വയം സ്വായത്തമാക്കാന്‍ സാധിക്കില്ല. അല്ലാഹുവില്‍ നിന്ന് ജിബ്‌രീല്‍(അ) മുഖേനയായിരുന്നു നബി(സ്വ) കരസ്ഥമാക്കിയത്. അവിടെ ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നില്ല. ജിബ് രീല്‍ കേള്‍പ്പിക്കുന്ന കാര്യങ്ങള്‍ ആ കാലത്തെ ഒരു കിതാബിലും ഉണ്ടായിരുന്നില്ല. നബി(സ്വ) അതൊരു കിതാബിന്റെ രൂപത്തിലേക്ക് മാറ്റിയിട്ടുമില്ല. കാരണം അതൊരു പ്രകാശമായിരുന്നു. പിന്നീട് ആ പ്രകാശം സിദ്ധിച്ച സ്വഹാബികളെല്ലാം വഫാത്തായി തുടങ്ങിയപ്പോള്‍ അതിനെ ഒരു ലിഖിത രൂപത്തിലേക്ക് മാറ്റുകയായിരുന്നു.
സര്‍വവിധ പഠനങ്ങള്‍ക്കും വിചിന്തനങ്ങള്‍ക്കും അപ്പുറത്താണ് ജ്ഞാനം. പണ്ഡിതന്മാരുടെ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കൊ ജ്ഞാനപ്രകാശത്തെ പ്രാപിക്കാനാവില്ല.
ഒരിക്കല്‍ ജലാലുദ്ദീന്‍ റൂമിയുടെ പര്‍ണശാല സന്ദര്‍ശിക്കാനായി സമകാലികരായ ചില പണ്ഡിതന്മാര്‍ പോയി. വലിയ വൈജ്ഞാനിക ചര്‍ച്ചകളും ചോദ്യോത്തരങ്ങളും പ്രതീക്ഷിച്ചായിരുന്നു അവര്‍ ചെന്നത്. എന്നാല്‍ റൂമിയുടെ ശിഷ്യരില്‍ കണ്ടത് അതൊന്നുമായിരുന്നില്ല. അവര്‍ ചിരിക്കുകയും പാടുകയും നൃത്തം ചെയ്യുകയുമായിരുന്നു. ചിലര്‍ കരയുകയും മറ്റു ചിലര്‍ അര്‍ഥമില്ലാത്ത ശബ്ദങ്ങള്‍ ഉച്ചരിക്കുകയും ചെയ്യുന്നു. അറിവിന്റെ യാതൊരുവിധ ഏര്‍പ്പാടും പ്രത്യക്ഷത്തിൽ അവിടെ ഉണ്ടായിരുന്നില്ല.
ഇതു കണ്ട് പണ്ഡിതസംഘം ആകെ അസ്വസ്ഥരായി. എന്തു തരം ശിക്ഷണമാണിത്! അവര്‍ക്കൊന്നും മനസിലായില്ല. ഈ കാഴ്ചയെ സംബന്ധിച്ച് അവര്‍ ദിവസങ്ങളോളം ചര്‍ച്ച നടത്തി. അവര്‍ക്ക് ശരിയായ ഒരു നിഗമനത്തിലും എത്തിച്ചേരാന്‍ സാധിച്ചില്ല. ശരിക്കും ഭ്രാന്തായിട്ടാണ് അവര്‍ക്ക് തോന്നിയത്.
ആ ഗുരുവിന്റെ അധ്യായന രീതിയെക്കുറിച്ച് പഠനം തുടരാന്‍ തന്നെ അവർ തീരുമാനിച്ചു. മാസങ്ങള്‍ക്ക് ശേഷം പണ്ഡിതസംഘം വീണ്ടും സന്ദര്‍ശനം നടത്തി. അപ്പോള്‍ എല്ലാവരും പൂര്‍ണമായ മൗനത്തിലായിരുന്നു. സുദീര്‍ഘമായ ധ്യാനം. ഒരു ചര്‍ച്ചയും പഠനവും ഇല്ലാത്ത കണ്ണടച്ചിരിക്കലിനെയും അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ഒന്നും ചെയ്യാതിരിക്കലില്‍ എന്ത് ജ്ഞാനമാണുള്ളതെന്ന് അവര്‍ ചര്‍ച്ച ചെയ്തു. വാദപ്രതിവാദങ്ങള്‍ തുടര്‍ന്നതല്ലാതെ അവര്‍ക്കൊരു ഉത്തരത്തില്‍ എത്താനായില്ല. അവസാനമായി ഒരിക്കല്‍ കൂടി അവര്‍ ആ സൂഫി ആശ്രമം സന്ദര്‍ശിച്ചു. അപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. എല്ലാവരും പഠനം പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു.
ജീവിതത്തില്‍ ആത്യന്തികമായതോന്നും പഠിക്കാനാവാതെ പഠനം തുടരുന്ന പണ്ഡിതരിന്ന് കൂടുതലാണ്. കിതാബില്‍ മാത്രം ഒതുങ്ങുന്നതല്ല ജ്ഞാനം. അതുകൊണ്ടാണ് റസൂലിലേക്ക്(സ്വ) സില്‍സില എത്തുന്ന ഒരു ശൈഖ്, ഗുരു അറിവ് പഠിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും ആവശ്യമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നത്. ദിവ്യസ്വപ്‌നങ്ങളും ദിവ്യ വെളിപാടുകളും ജ്ഞാനമാണ്. സൂഫിയാക്കളുടെ മിക്ക ആരാധനകളും ധ്യാനമാണ്. ധ്യാനത്തിലൂടെ അവര്‍ പുതിയ ജ്ഞാനങ്ങള്‍ നേടിയെടുക്കുകയാണ്. ആ സൂഫിക്ക് സേവനം ചെയ്യുന്നതിലൂടെയും അവരുടെ പ്രകാശിപ്പിക്കപ്പെട്ട വദനങ്ങളില്‍ നോക്കുന്നതിലൂടെയും ജ്ഞാനം കരസ്ഥമാക്കാവുന്നതാണ്. കാരണം ജ്ഞാനം പ്രകാശമാണ്. അത് അല്ലാഹുവിനെയും അവന്റെ അമ്പിയാക്കളെയും ഔലിയാക്കളെയും പ്രിയംവെക്കുന്നവര്‍ക്ക് മാത്രമേ നല്‍കപ്പെടുകയുള്ളൂ. ഒരുപാട് രിവായത്തുകള്‍ കാണാതെ പഠിക്കുന്നതിലല്ല ഇല്‍മ്.
ഭാഷാപണ്ഡിതനും മലേഷ്യന്‍ ഫിലോസഫറുമായ നഖീബുല്‍ അത്താസ് അടക്കം ചിലര്‍ പറയുന്നത്, ഇംഗ്ലീഷില്‍ നോളജ്(knowledge) എന്ന് പറയുന്നത് അറബിയിലെ ഇല്‍മിനുള്ള നേരെ പരിഭാഷയല്ല. കാരണം നോളജില്‍ അല്ലാഹുവിന്റെ ബറക്കത്തും പ്രകാശവും ചേരുമ്പോള്‍ മാത്രമേ അതിനെ ഇല്‍മ് എന്ന് പറയാന്‍ സാധിക്കുകയുള്ളൂ.
കേവലം വിവരങ്ങൾ കൊണ്ട് മാത്രം ഒരു മനുഷ്യൻ സംസ്‌കൃതിയുള്ളവനായിത്തീരുന്നില്ല. അതിന് അവബോധം കൂടി ആവശ്യമാണ്. എങ്കിലേ ജ്ഞാനം പൂര്‍ണമാകുകയുള്ളൂ. അത് ഹൃദയത്തില്‍ ജ്ഞാന പ്രകാശം ലഭിച്ച ഒരു ഗുരുവിന് മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ.
ശൈഖ് അബ്ദുല്‍ അസീസ് ദബ്ബാഗ് എന്ന ഒരു സൂഫി ഉണ്ടായിരുന്നു. എഴുത്തും വായനയും തീരെ പഠിക്കാത്ത അദ്ദേഹത്തെ ഒരു മഹാജ്ഞാനിയായിട്ടാണ് ചരിത്രം ഗണിക്കുന്നത്. അതേസമയം ആരെങ്കിലും വിശുദ്ധ ഖുര്‍ആനിലെ വാക്യവും ശരിയായ ഹദീസുകളും ദുര്‍ബലമായ ഹദീസുകളുമെല്ലാം കലര്‍ത്തി ഉദ്ധരിച്ചാല്‍ അദ്ദേഹം അതിനെ വെവ്വേറെ പറഞ്ഞുകൊടുക്കുമായിരുന്നു.
അദ്ദേഹം പറയുന്നു: “സംസാരിക്കുന്നവന്റെ നാവില്‍ നിന്ന് വാക്കുകള്‍ പുറത്തുവരുമ്പോള്‍ ആ വചനങ്ങളുടെ പ്രകാശത്തില്‍ നിന്ന് അവയെ തിരിച്ചറിയാനാവുന്നതാണ്. അല്ലാഹുവിന്റെ വചനങ്ങളുടെ പ്രകാശം വേറെയാണ്. പ്രവാചക വചനങ്ങളുടെ പ്രകാശം മറ്റൊന്നാണ്; ഈ രണ്ടു പ്രകാശവും മറ്റു സംസാരങ്ങളില്‍ ഉണ്ടാവുന്നതല്ല’.
സൂഫികളില്‍ ഒരു വിഭാഗമുണ്ട് അതിമനോഹരവും അതിവിചിത്രമായ ഒരു വിശുദ്ധ പുസ്തകമാണ് അവര്‍ നിത്യവും പാരായണം ചെയ്യുന്നത്. ഓരോ പേജും മറിച്ച് അതീവ ശ്രദ്ധയോടെ അവരത് വായിച്ചുകൊണ്ടിരിക്കും. ആ സൂഫികള്‍ നിരന്തര വായന തുടരുന്ന ആ പുസ്തകം ഒരു മഹാ വിസ്മയമാണ്. കാരണം ആ ഗ്രന്ഥത്തില്‍ ഒരക്ഷരം പോലുമില്ല. ശൂന്യത മാത്രമാണ് ആ പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒന്നുമില്ലാത്ത, ഒന്നും എഴുതപ്പെടാത്ത ഒരു പുസ്തകം നിരന്തരം വായിച്ചുകൊണ്ടിരിക്കുക എന്നത് വലിയ അത്ഭുതം തന്നെയാണ്.
വിസ്മയിപ്പിക്കുന്ന വായനക്കുടമയായിരുന്നു ഓഷോ. ലക്ഷത്തില്‍ പരം പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തിട്ടുണ്ടന്നാണ് പറയപ്പെടുന്നത്. പില്‍ക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട 50 പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തിരഞ്ഞെടുത്തവയില്‍ സുപ്രധാനമായ ഒന്ന് “സൂഫികളുടെ പുസ്തക’മായിരുന്നു. ഒന്നുമെഴുതാത്ത ശൂന്യത നിറഞ്ഞ ഈ മഹാപുസ്തകം.
വാക്കുകള്‍ക്കപ്പുറം വായിക്കാന്‍ അറിഞ്ഞവര്‍ക്കേ സൂഫികളുടെ പുസ്തകം വായിക്കാനാകൂ. വായനകളുടെ വായനയാണത്. ഭ്രമണമണ്ഡലത്തെ അതിജയിച്ചവര്‍ക്കേ വായനക്കപ്പുറത്തെ വായന സാധ്യമാകുകയുള്ളൂ.
സൂഫികളുടെ സര്‍വവിധ അക്ഷര വായനയും ആ മഹാവായന പഠിക്കാനുള്ള പരിശീലനങ്ങള്‍ മാത്രമാണ്. മാതൃഭാഷയുടെ മര്‍മമറിയാതെ അറിവ് ലഭിച്ചവന് പിന്നെ വ്യാകരണം പഠിക്കേണ്ടതില്ല. അതേപോലെ, വായനക്കപ്പുറം വായിക്കാന്‍ അറിഞ്ഞ സൂഫിയെ സംബന്ധിച്ചടത്തോളം “സൂഫികളുടെ പുസ്തകം’ ഒരു വേദ ഗ്രന്ഥം തന്നെയാണ്. പുസ്തകങ്ങളുടെ പുസ്തകമാണത്.
ഈ ചെറിയ എഴുത്തില്‍ ഇതുവരെ പറയാന്‍ ശ്രമിച്ചത് ഗ്രന്ഥങ്ങളിൾ കാണുന്ന കേവലം അക്ഷരങ്ങളല്ല ജ്ഞാനമെന്നും, അത് അല്ലാഹു അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് മാത്രം നല്‍കുന്ന പ്രകാശമാണെന്നുമാണ്. കിതാബുകള്‍ സ്വയം ഓതി എന്നുള്ളതുകൊണ്ട് മാത്രം ജ്ഞാനം കരസ്ഥമാക്കി എന്ന് പറയാന്‍ സാധിക്കില്ല, മറിച്ച് നോളജ് നേടിയെടുത്തു എന്ന് പറയാം. അത് ഗുരുവില്‍ (ഉസ്താദ്/ ശൈഖ്) നിന്ന് അവബോധത്തോടെ നേരിട്ട് ഓതിയെടുത്താല്‍ മാത്രമേ അതിന്റെ പൂര്‍ണതയില്‍ എത്തുകയുള്ളൂ ■

Share this article

About ജ ുറൈസ് പൂതനാരി

juraispoothanari@gmail.com

View all posts by ജ ുറൈസ് പൂതനാരി →

Leave a Reply

Your email address will not be published. Required fields are marked *