സ്‌നേഹം പെയ്യുന്ന ഡോക്കിലെ തണുത്ത രാത്രികള്‍

Reading Time: 3 minutes

ജമ്മുകശ്മീരിലെ നിരവധി ജില്ലകളിലായി പരന്നുകിടക്കുന്ന പീര്‍പഞ്ചാല്‍ മലനിരകളില്‍ ഋതു ഭേദങ്ങള്‍ക്കനുസരിച്ച് വൈവിധ്യമാര്‍ന്ന ദൃശ്യവിസ്മയം തീര്‍ക്കുന്ന മനോഹര കൊടുമുടി. ഡോക്കുകളാല്‍ സമ്പന്നമായ, പച്ചപ്പുല്‍മേടുകളാല്‍ ചാരുത തീര്‍ക്കുന്ന, മണിക്കൂറുകള്‍ ചെങ്കുത്തായ കയറ്റങ്ങള്‍ കയറിയാല്‍ മാത്രം എത്താവുന്ന സ്വപ്‌നഭൂമി. ജബ്ബിയെ ഇങ്ങനെ വിശേഷിപ്പിക്കാം.
കുറച്ചേറെയായി ജബ്ബി കീഴടക്കാനുള്ള മോഹം മനസില്‍ കൂടിയിട്ട്. തണുപ്പിന്റെ മാസം ഇങ്ങെത്താറായി. ഒക്ടോബറോടെ തണുപ്പ് തുടങ്ങും. വിന്റര്‍ ആയാല്‍ രണ്ടാള്‍ ഉയരത്തില്‍ മഞ്ഞുറക്കുന്ന ജബ്ബിയുടെ നാലഴലത്ത് പോലും എത്താന്‍ സാധിക്കില്ല. അമാന്തിച്ച് നില്‍ക്കാന്‍ സമയമില്ല. രണ്ടും കല്‍പിച്ച് ബാഗ് പാക്ക് ചെയ്തിറങ്ങി. ദിവസങ്ങളുടെ അധ്വാനമുള്ള യാത്രക്കാണ് തയാറെടുക്കുന്നത്. ജബ്ബി എന്നത് മനോഹാരിതയോടൊപ്പം തന്നെ വലിയ ഒരു സംസ്‌കാ രത്തിന്റെ ഭാഗമാണ്. കശ്മീരിലെ ഡോക്ക് ജീവിതത്തെക്കുറിച്ചാണ് ഈ കുറിപ്പ് പ്രധാനമായും പ്രതിപാദിക്കുന്നത്. ജബ്ബിയിലേക്കെത്താന്‍ അഞ്ചു വഴികളുണ്ട്. മണ്ടി, ജമ്മു ശഹീദ്, ഹാഡി, സുരന്‍കോട്, സാങ്കല എന്നിങ്ങനെ വഴികള്‍ പലതുണ്ട്. ഹാഡി വുഡാണ് ഞങ്ങള്‍ സഞ്ചരിച്ച വഴിയിലെ വാഹനമാര്‍ഗം എത്താവുന്ന ലാസ്റ്റ് പോയിന്റ്. ഇനിയങ്ങോട്ട് രണ്ട് ദിവസത്തെ കാല്‍നട യാത്രയാണ്. വലിയ ഭാണ്ഡക്കെട്ടും ഭക്ഷണവും വെള്ളവുമെല്ലാം പേറി ഞങ്ങള്‍ കയറ്റം ആരംഭിച്ചു. കൃത്യമായ വഴിയൊന്നും അറിയില്ലെങ്കിലും ദൂരെ കാണുന്ന കൊടുമുടി ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇരുട്ടുന്നതിന് മുമ്പ് സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിയിരിക്കണം. കരടിയിറങ്ങുന്ന കാട് താണ്ടി വേണം ആദ്യ പകുതി പിന്നിടാന്‍. കരടിയുടെ ആക്രമണം ഇവിടങ്ങളില്‍ സ്ഥിരം കാഴ്ചയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കരടി മൂക്ക് കടിച്ച് വികൃതമാക്കിയ ഒരു ഗ്രാമീണനുമായി വഴിമധ്യേ സംസാരിക്കേണ്ടിയും വന്നു. രാത്രി ഇരുട്ടിക്കൊണ്ടിരിക്കുന്നു. കാട്ടിലേക്കാണ് പാത നീളുന്നത്. ഭയവും അങ്കലാപ്പും ഒരുപോലെ അലട്ടുന്ന സമയത്താണ് താഴെ ഒരു കച്ചാമകാനില്‍ (മണ്ണുവീട്) നിന്ന് ഒരു സ്ത്രീ വിളിക്കുന്നത്. “ജബ്ബിയിലേക്കാണോ., എങ്കില്‍ കൂടെപോരൂ. ഞങ്ങള്‍ മുകളിലെ ഡോക്കിലേക്ക് പോവുകയാണ്’. കേള്‍ക്കേണ്ട താമസം അവരുടെ കൂടെക്കൂടി കാട്ടിനുള്ളിലൂടെ നടത്തം തുടങ്ങി. പലരും മുകളിലെ ഡോക്കുകളില്‍ നിന്ന് ഇറങ്ങിവരികയും സംസാരമധ്യേ ഞങ്ങളെ അവരുടെ ഡോക്കില്‍ താമസിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. നിഷ്‌കളങ്ക മനസിന്റെ ഉടമകളാണ് ഈ പര്‍വത മനുഷ്യര്‍. നേരം നന്നേ ഇരുട്ടിയിരിക്കുന്നു. മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് യാത്ര. കൂടെയുള്ള വൃദ്ധയായ സ്ത്രീയിലും കുട്ടിയിലുമാണ് സകല പ്രതീക്ഷയും ധൈര്യവും. കുട്ടി പലവിധ സിഗ്‌നല്‍ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഒരുപാട് കാട്ടിനുള്ളിലേക്ക് കയറിയിരിക്കുന്നു. കാട്ടിനുള്ളിലെ ഏതോ മലയാണ് ഞങ്ങള്‍ കയറിക്കൊണ്ടിരിക്കുന്നത് എന്ന് മാത്രം മനസിലാവുന്നുണ്ട്. അവസാനം ആശ്വാസ ദൃശ്യങ്ങളായി ചില ഡോക്കുകള്‍ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. വൈദ്യുതിയും വെളിച്ചവും വെള്ളവും ഒന്നും അവിടെയില്ല. കയ്യിലുള്ള ബോട്ടിലില്‍ ഉണ്ടായിരുന്ന വെള്ളം വഴിയിലെ ചശ്മകളില്‍ (ഉറവ വെള്ളം) വെച്ച് നിറക്കാനും മറന്നു.
വെള്ളവും ഭക്ഷണവുമെല്ലാം കരുതി മാത്രം ഉപയോഗിക്കണം എന്ന് ആദ്യ പകുതി പിന്നിട്ടപ്പോള്‍ മനസിലായി. ഞങ്ങള്‍ അഞ്ചു പേര്‍ ഉള്ളതിനാല്‍ തന്നെ ഡോക്കുകള്‍ക്ക് ഉള്ളില്‍ താമസം ബുദ്ധിമുട്ടായിരിക്കും എന്ന് മനസിലാക്കി മുകളിലെ പള്ളിയില്‍ കിടക്കാം എന്ന് കരുതി. ഡോക്കുകളുടെ അതേ നിര്‍മാണശൈലിയും അകംകാഴ്ചകളും എല്ലാം തന്നെയാണ് പള്ളിക്കുമുള്ളത്. ശക്തമായ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. കയ്യിലുള്ള പുതപ്പുകള്‍ കൊണ്ട് നേരിടാവുന്നതല്ല ഈ തണുപ്പെന്ന് ഏറെക്കുറെ ബോധ്യപ്പെട്ടിരിക്കുന്നു. ഈ സമയത്ത്് താഴെ നിന്ന് ഒരു ഡോക്കുവാസി ഞങ്ങളുടെ അരികിലേക്ക് വന്നു. അദ്ദേഹം ഞങ്ങളെ പരിചയപ്പെടുകയും പുതപ്പും ഭക്ഷണവും നല്‍കുകയും ചെയ്തു. ഫോണിലെ ചാര്‍ജെല്ലാം തീര്‍ന്ന് തുടങ്ങിയിരിക്കുന്നു. വെളിച്ചത്തിനായി ഒരു ചിമ്മിണിവിളക്ക് മാത്രം കൂട്ടിനായുണ്ട്. രണ്ടടി കനത്തില്‍ കരിങ്കല്ലിനാല്‍ കെട്ടിയ പള്ളിയുടെ ഭിത്തിയും കാട്ടിലെ തടിയില്‍ തീര്‍ത്ത മേല്‍ക്കൂരയും തണുപ്പിനെ പരമാവധി പ്രതിരോധിക്കുന്നുണ്ട്. ജീവിതത്തിലെ തീര്‍ത്തും വ്യത്യസ്തമായ ഒരു രാത്രിയാണ് ഞാന്‍ അനുഭവിക്കുന്നത് എന്ന ഉത്തമ ബോധ്യം മനസിലുണ്ട്.
ലഭ്യമായ പുതപ്പും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി മൂടിപ്പുതച്ച് നന്നായി ഒന്ന് ഉറങ്ങി. പുലര്‍ച്ചെ അഞ്ചര മണിയോടെ എണീറ്റു നിസ്‌കരിച്ചു സൂര്യോദയത്തിനായി കാത്തിരുന്നു. കഴിഞ്ഞ ദിവസം ട്രക്ക് ചെയ്തതില്‍ കൂടുതലും രാത്രിയില്‍ ആയിരുന്നതിനാല്‍ തന്നെ ചുറ്റുപാടുള്ള കാഴ്ചകള്‍ ഒന്നും ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല. സൂര്യന്‍ മിഴി തുറന്നപ്പോഴാണ് ഞങ്ങള്‍ താണ്ടിയ ദൂരവും നില്‍ക്കുന്ന ഇടത്തിന്റെ സൗന്ദര്യവും ബോധ്യമായത്. ചുറ്റിലും എഴുന്നു നില്‍ക്കുന്ന മലനിരകള്‍. വലിയ കൊക്കകളുടെ മുനമ്പിലാണ് പല ഡോക്കുകളും നിലകൊള്ളുന്നത്. ഡോക്കു നിവാസികള്‍ രാവിലെത്തന്നെ ഗ്രാസ് കട്ടിംഗിലും കാലികളെ മേയ്ക്കുന്നതിലും വ്യാപൃതരാണ്. ഒന്ന് കാലിടറിയാല്‍ നോക്കെത്താ ദൂരത്തേക്ക് പതിക്കാവുന്ന ചെങ്കുത്തായ ഉയരങ്ങളില്‍ നിന്ന് വരെ പുല്ല് വെട്ടുകയാണ് ഗ്രാമീണര്‍. എണ്‍പതും തൊണ്ണൂറും വയസുള്ള വൃദ്ധര്‍ വരെ അക്ഷീണം ഈ കൊടുമുടിയുടെ മുകളിലെത്തി ജോലി ചെയ്യുന്നുണ്ട്. ഇവിടുത്തെ കാഴ്ചകള്‍ നമ്മെ അക്ഷരാര്‍ഥത്തില്‍ അത്ഭുതം കൊള്ളിക്കും.

ഡോക്കിൻ്റെ വിശേഷങ്ങള്‍
ഡോക്കുകള്‍ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ജബ്ബിയിലെ ഡോക്ക് ജീവിതത്തിന്. വര്‍ഷത്തില്‍ സമ്മറിലെ 4 മാസം തങ്ങളുടെ കന്നുകാലികളെ മേയ്ക്കാനായി കൊടുമുടി കയറുന്ന ഗ്രാമീണവാസികള്‍ മലമുകളില്‍ അന്നേരം താമസിക്കാനായി ഉപയോഗിക്കുന്ന കരിങ്കല്‍ വീടുകളാണ് ഡോക്കുകള്‍. കാലത്തിനനുസൃതമായി ഡോക്കുകളിലും മാറ്റങ്ങള്‍ പ്രകടമാണ്. തീര്‍ത്തും കരിങ്കല്ലും മണ്ണും കാട്ടുതടികളും ഉപയോഗിച്ചാണ് പഴമയുടെ പ്രൗഢി പേറുന്ന ഡോക്കുകളെങ്കില്‍ ഇപ്പോഴുള്ള പല ഡോക്കുകള്‍ക്ക് മുകളിലും അലൂമിനിയം ഷീറ്റിന്റെ സീലിംഗാണ്. അതിന് കാരണം വിന്ററില്‍ മീറ്ററുകള്‍ കനത്തില്‍ മഞ്ഞുറക്കുന്ന സമയത്ത് മഞ്ഞ് പാളികള്‍ മേല്‍ക്കൂരയില്‍ നിന്ന് പെട്ടെന്ന് തെന്നിപ്പോകാനാണ്.
ഡോക്കുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ല. ഡോക്കിലേക്ക് വേണ്ട സാധനങ്ങളും സാമഗ്രികളും എല്ലാം താഴെ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ കാല്‍നടയായി ചുമന്ന് എത്തിക്കണം. മലയടിവാരത്ത് നിന്ന് അമ്പതു കിലോഗ്രാം വരെ സാധന-സാമഗ്രികള്‍ ചുമലിലേറ്റി ഇവിടെ എത്തിക്കാന്‍ ഒരു ഡോക്കു നിവാസിക്ക് അനായാസം സാധിക്കും. അത്രമാത്രം കരുത്തരും ആരോഗ്യദൃഢഗാത്രരുമാണവര്‍.
മെയ് മാസം കാലികളെയുമായി മല കയറുന്ന ഗ്രാമീണര്‍ തണുപ്പ് ശക്തിയാവുന്നതോടെ മലയിറങ്ങും. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ മാത്രമേ ഡോക്കുകളില്‍ ജനവാസം ഉണ്ടാവുകയുള്ളൂ. മലമുകളില്‍ പോയി ആര്‍ക്കും പോയി കെട്ടിപ്പൊക്കാവുന്ന ഒന്നല്ല ഡോക്കുകള്‍. ഇപ്പോഴുള്ള ഡോക്കു നിവാസികളുടെയെല്ലാം പൂര്‍വപിതാക്കള്‍ മല കയറി അവകാശപ്പെടുത്തിയ മണ്ണിലാണ് അവര്‍ ഇപ്പോള്‍ നിലകൊള്ളുന്നത്. ജബ്ബിയിലെ 4-5 മാസത്തെ വാസം കന്നുകാലികളുടെ ബാക്കി മാസങ്ങളിലെ ജീവിതത്തെ ഗണ്യമായി സ്വാധീനിക്കും. പാലിന്റെ മേന്മയും കൊഴുപ്പും എല്ലാം പതിന്മടങ്ങ് ലഭിക്കുന്ന തരത്തില്‍ വളരെ ഔഷധമൂല്യമുള്ളതും മേന്മയേറിയതുമായ പുല്ലാണ് ഇവിടെ നിന്ന് കാലികള്‍ക്ക് ലഭിക്കുന്നത്. ഒക്ടോബറോടെ വളരെയധികം ആരോഗ്യദൃഢഗാത്രരായിട്ടായിക്കും ഇവ മലയിറങ്ങുക. വെള്ളം, വെളിച്ചം എന്നിവയുടെ ലഭ്യതയൊന്നും ഇവരെ അലോസരപ്പെടുത്താറില്ല. ദൂരങ്ങള്‍ ഒരുപാട് താണ്ടി ചെറിയ ഉറവകളില്‍ നിന്ന് വെള്ളം ശേഖരിച്ച് ഡോക്കുകളിലെത്തിക്കേണ്ടതുണ്ട് പലര്‍ക്കും. അസൗകര്യങ്ങള്‍ അനവധിയുണ്ടെങ്കിലും ശുദ്ധവായു ശ്വസിച്ച്, മായം ചേര്‍ക്കാത്ത ഭക്ഷണങ്ങള്‍ കഴിച്ച് തീര്‍ത്തും സന്തോഷദായകമായ ജീവിതമാണ് ഇവര്‍ നയിക്കുന്നത്.
രാവിലെ ആറേ മുപ്പതോടെ വീണ്ടും മലകയറ്റം ആരംഭിച്ചു. ഞങ്ങളുടെ ദയനീയമായ നടത്തം കണ്ടിട്ടാകാം ഒരു ഡോക്കു നിവാസി വഴിയില്‍ വെച്ച് നിര്‍ബന്ധിച്ച് അദ്ദേഹത്തിന്റെ ഡോക്കിലേക്ക് വിളിച്ച് കൊണ്ടുപോയി ചായ സല്‍ക്കാരം നടത്തി. ജബ്ബിയിലേക്ക് ഉള്ള കൃത്യമായ മാര്‍ഗം ചോദിച്ച് മനസിലാക്കി അദ്ദേഹത്തോട് നന്ദി പറഞ്ഞ് വീണ്ടും കയറ്റം ആരംഭിച്ചു. ശക്തമായ തണുപ്പും കാറ്റും എല്ലാം നന്നായി അലട്ടുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ മുന്നോട്ട് നീങ്ങി. വഴിയില്‍ നിന്ന് ചശ്മപാനി കുടിച്ചും തണലുകളില്‍ വിശ്രമിച്ചും മലനിരകള്‍ പലതും കയറിയിറങ്ങി. കാലൊന്ന് തെന്നിയാല്‍ എവിടെച്ചെന്ന് പതിക്കും എന്ന് നിശ്ചയമില്ലാത്ത അത്ര ചെങ്കുത്തായ നിരപ്പിലാണ് പല മലകളും.
അവസാന മലയും കയറി പതിനൊന്നു മണിയോടെ ജബ്ബി കൊടുമുടിയിലെത്തിയിരിക്കുന്നു. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പച്ചപ്പുല്‍മേടുകള്‍. സന്ദര്‍ശകരായി ഞങ്ങള്‍ മാത്രമേ ഉള്ളൂ… ജബ്ബിയൊരുക്കുന്ന കാഴ്ചാ വസന്തം വിവരണാതീതമാണ്. പാകിസ്ഥാനിലെ വീടുകള്‍ വരെ ജബ്ബിയില്‍ നിന്ന് കാണാനാകും.
സുരന്‍കോടും പൂഞ്ചും മണ്ടിയും എല്ലാം ഒരൊറ്റ ഫ്രെയിമില്‍ ആസ്വദിക്കാവുന്ന അപൂര്‍വ കാഴ്ച. ഇവിടെ നിന്ന് ഇനിയൊരു ആറു മണിക്കൂര്‍ നടന്നാല്‍ ശ്രീനഗറിലെത്താം. കുറച്ചധികം ഫോട്ടോ ഷൂട്ടും നടത്തി പാക്ക് ചെയ്തു കൊണ്ടുവന്നിരുന്ന ഭക്ഷണവും കഴിച്ച് പുതിയ ഉയരത്തിലേക്ക് നടന്നുനീങ്ങി. തോത്തി മലയാണ് അടുത്ത ലക്ഷ്യം. തോത്തിയോട് അടുക്കുമ്പോള്‍ കശ്മീര്‍ ബ്യൂട്ടിയുടെ മറ്റൊരു തലം ദര്‍ശിക്കാം. പൈന്‍ മരങ്ങളും പച്ചപ്പുല്‍മേടുകളുമാണ് ഇവിടുത്തെ ആകര്‍ഷണീയത. വര്‍ഷത്തില്‍ ആറു മാസക്കാലം ഈ ഗിരിശൃംഖങ്ങളെല്ലാം മഞ്ഞിനടിയിലായിരിക്കും. ജബ്ബിയെ മതിവരുവോളം ആസ്വദിച്ചെങ്കിലും ഇറക്കം ആലോചിക്കുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയാണ്. ദിവസങ്ങള്‍ കൊണ്ട് താണ്ടിയ കിലോമീറ്ററുകള്‍ അത്രയും ഇറങ്ങണമല്ലോ. ഇനിയൊരിക്കല്‍ കൂടി ഇവിടം കീഴടക്കാനാകുമോ എന്ന ചോദ്യം അലട്ടുന്നുണ്ടെങ്കിലും ജബ്ബിയോട് മനസില്ലാ മനസ്സോടെ വിട ചൊല്ലി മലയിറക്കം ആരംഭിച്ചു ■

Share this article

About അബ്ദുല്‍ ഹകീം പി സി

hakeempc313@gmail.com

View all posts by അബ്ദുല്‍ ഹകീം പി സി →

Leave a Reply

Your email address will not be published. Required fields are marked *