നഗരത്തിലെ രാത്രികൾ

Reading Time: < 1 minutes

നട്ടപ്പാതിര നേരം
കെട്ടിടങ്ങളെല്ലാം
കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍
പകൽ മുഴുവന്‍
വണ്ടികള്‍ ചവിട്ടി മെതിച്ച നിരത്തിലൂടെ
ഞാനൊറ്റക്ക് നടക്കാനിറങ്ങി.
കണ്ണുചിമ്മാതെ വഴിവിളക്കുകള്‍
നഗരത്തെ നോക്കി പുഞ്ചിരിക്കുന്നു.
കിതച്ചു കിതച്ചൊരു ലോറി
എങ്ങോട്ടോ ഓടിപ്പോകുന്നു.
ഉറക്കം ഞെട്ടിയൊരു കെട്ടിടം ഒറ്റക്കണ്ണ് തുറന്ന്
മയക്കത്തിലേക്ക് വഴുതിവീണു.
ആകാശം പുതച്ചുറങ്ങുന്ന
നാടോടികള്‍ക്കിടയില്‍ നിന്നൊരു
പൈതലിന്റെ വിശപ്പ് കരഞ്ഞു.
പാൽ വറ്റി ചുരുണ്ടൊരു
മുലച്ചീള് അതിന്റെ വായില്‍ തിരുകി
അമ്മ ഉറക്കം നടിച്ച് കിടന്നു.

പതുങ്ങി വന്നൊരു പോലീസ് ജീപ്പ്
അവരെ നോക്കി ഒന്നു മുരണ്ടു,
കടലാസ് കൂട്ടിയിട്ട് കത്തിച്ചു
തീ കായുന്ന കിഴവന്‍ തീ കെടുത്തി
തണുപ്പ് വാരിപ്പുതച്ചു കിടന്നു.
പോലീസ് ജീപ്പിനെതിരെ വന്നൊരു
കാറില്‍ നിന്ന് രണ്ട് മദ്യക്കുപ്പികള്‍
റോഡിലിറങ്ങി ചാവേറുകളായി പൊട്ടിച്ചിതറി.

ചൂണ്ടക്കൊളുത്തില്‍ കിടന്നൊരു
ചെറുപെണ്‍മീന്‍ പിടഞ്ഞു,
പിടിച്ചു വലിച്ചവളെ വണ്ടിയില്‍ കയറ്റുമ്പോള്‍
തടയാന്‍ കുഞ്ഞിനെയുമെടുത്ത്
ചെന്നവളുടെ കവിളിലൊരിടി വെട്ടി,
കണ്ണിലൊരു മിന്നല്‍ തിളങ്ങിക്കെട്ടു.
തിരികെ വന്ന പോലീസ് ജീപ്പ്
റോഡിലെ കുപ്പിച്ചില്ലുകള്‍ പെറുക്കി വൃത്തിയാക്കി.
അലമുറയിടുന്ന മാതൃഹൃദയത്തെ
തുറിച്ചുനോക്കി നിശബ്ദയാക്കി.
ഞാന്‍ എന്റെ നിഴലിനെ ഇരുട്ടിലൊളിപ്പിച്ച്
തിരിച്ചുനടന്ന് മുറിയില്‍ കയറി
ഒരു കവിത എഴുതിയുറങ്ങി.

പിറ്റേന്ന് ഉണര്‍ന്നപ്പോള്‍
നഗരം ഒന്നുമറിയാതെ ആരവങ്ങള്‍ മുഴക്കുന്നു.
തെരുവുവിളക്കുകള്‍
രാത്രി ജോലി ചെയ്ത ക്ഷീണത്താല്‍
കണ്ണ് പൂട്ടി ഒന്നുമറിയാത്ത പോലെ ഉറങ്ങുന്നു.

ആ പെണ്‍കുട്ടി
മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബാസ്‌കറ്റില്‍
പിഞ്ഞിക്കീറിയൊരു രാവിനെ അഴിച്ചിട്ട്
പതിയെ തിരക്കിലേക്ക് നടന്നുപോകുന്നു.

Share this article

About ബഷീര്‍ മുളിവയല്‍

basheernp555@gmail. Com

View all posts by ബഷീര്‍ മുളിവയല്‍ →

Leave a Reply

Your email address will not be published. Required fields are marked *