ഖുർആൻ്റെ പ്രപഞ്ചവീക്ഷണം

Reading Time: 3 minutes

സഈദ് നൂര്‍സിയുടെ ശ്രദ്ധേയമായ രചനയാണ് “അല്‍ കലിമാത്ത്’ അഥവാ “The Words’. പ്രസ്തുത ഗ്രന്ഥത്തിലെ “Reading The Universe Through The Lenses Of The Qur’an’ എന്ന അധ്യായം വളരെയധികം വായനയര്‍ഹിക്കുന്നുണ്ട്. വിശുദ്ധ ഇസ്‌ലാമിനെ പഠിക്കുന്നവര്‍ക്ക് ദിശാബോധം നല്‍കുന്ന കാര്യങ്ങളാണ് അതിലെ ചര്‍ച്ചാ വിഷയം. ആധുനിക ശാസത്രവും തത്വചിന്തയും നമ്മുടെ യുവതലമുറയ്ക്ക് നല്‍കിയത് എന്താണെന്ന് നൂര്‍സി ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു. അതോടൊപ്പം ഖുര്‍ആനിക വിജ്ഞാനം എന്താണെന്നും അത് എന്തുകൊണ്ട് ഏറ്റവും മഹത്വമേറിയതായെന്നും വിവരിക്കുന്നത് കാണാം.
“ആര്‍ക്കെങ്കിലും പവിത്രമായ ദൈവികയുക്തി നല്‍കപ്പെട്ടുവോ അവന് ഏറ്റവും ഉത്തമമായത് തന്നെ നല്‍കപ്പെട്ടിരിക്കുന്നു'(അല്‍ബഖറ 2:269) എന്ന ആയത്ത് ഉദ്ധരിച്ചുകൊണ്ടാണ് തുടക്കം. വിഷയത്തിന്റെ മര്‍മം ഇത് കാണിച്ചുതരുന്നുണ്ടെന്ന് തുടര്‍ന്ന് വായിക്കുമ്പോള്‍ മനസിലാകും. കുറിപ്പിന്റെ ഉദ്ദേശ്യം ഇങ്ങനെയാണ് വ്യക്തമാക്കുന്നത്: “തത്വശാസ്ത്രവും ശാസ്ത്രവും നല്‍കുന്ന ജ്ഞാനവും യുക്തിഭദ്രമായ ഖുര്‍ആന്‍ തരുന്ന ജ്ഞാനവും തമ്മിലുള്ള താരതമ്യവും, മനുഷ്യന് തന്റെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഖുര്‍ആനിക ജ്ഞാനം നല്‍കുന്ന ചില നിര്‍ദേശങ്ങളുടെയും പരിശീലനങ്ങളുടെയും ഒരു ചെറിയ സംഗ്രഹവുമാണ് ഈ കുറിപ്പ് ഉള്‍ക്കൊള്ളുന്നത്. കൂടാതെ ഖുര്‍ആന് മറ്റു വചനങ്ങളേക്കാളുള്ള മേന്മകളും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്’.
ഈ പ്രബന്ധത്തിന് നാലു ഭാഗങ്ങളാണുള്ളത്. ഒന്നാമത്തെ ഭാഗത്ത് ഖുര്‍ആന്‍ പഠിക്കുന്നവരും ആധുനിക പഠിതാക്കളും തമ്മിലുള്ള അന്തരത്തെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത്. താരതമ്യ രൂപത്തിലുള്ള ഒരു കഥയിലൂടെ വളരെ ലളിതമായി ഈ കാര്യം അവതരിപ്പിക്കുന്നുണ്ട്. കഥയിങ്ങനെയാണ്: ഒരിക്കല്‍, പ്രഗദ്ഭനായ മതപണ്ഡിതനും വിദഗ്ധ ശില്പിയുമായ ഒരു രാജാവ് വിശുദ്ധ ഖുര്‍ആന്‍ അതിന്റെ അര്‍ഥത്തിന്റെ പവിത്രതയ്ക്കും വാക്കുകളുടെ അദ്ഭുതത്തിനും ചേരുംവിധത്തിലുള്ള ഒരു ലിപിയില്‍ എഴുതാന്‍ ആഗ്രഹിച്ചു. അതാകട്ടെ, അതിശയകരമാകും വിധത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടാന്‍ കഴിയുന്നതുമാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. അങ്ങനെ ആ കലാകാരനായ രാജാവ് തികച്ചും അദ്ഭുതകരമായ രീതിയില്‍ തന്നെ അത് ചെയ്തുതീര്‍ത്തു. തന്റെ വിലയേറിയ രത്‌നങ്ങളെല്ലാം ഉപയോഗിച്ചായിരുന്നു അദ്ദേഹം എഴുതിയത്.
ഖുര്‍ആന്റെ അര്‍ഥവൈവിധ്യത്തെ സൂചിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം ചില അക്ഷരങ്ങള്‍ വജ്രത്തിലും മാണിക്യത്തിലും ചിലത് വൈഢൂര്യത്തിലും മറ്റു ചിലത് പവിഴങ്ങളിലും എഴുതി. മറ്റു ചിലതാകട്ടെ സ്വര്‍ണം കൊണ്ടും വെള്ളി കൊണ്ടും കൊത്തിവെക്കുകയും ചെയ്തു. ഒരു വിധത്തില്‍ വായിക്കാന്‍ അറിയുന്നവരും അറിയാത്തവരുമായ ഏതൊരാളും കാണുമ്പോള്‍ ആശ്ചര്യപ്പെടുകയും പ്രശംസിക്കുകയും ചെയ്യുന്ന രീതിയില്‍ അദ്ദേഹം അതിനെ അലങ്കരിച്ചുവെച്ചു. പ്രത്യേകിച്ചും, സത്യത്തെ മനസിലാക്കാന്‍ സാധിച്ചവരുടെ കാഴ്ചപ്പാടില്‍ ആ പുറത്ത് കാണുന്ന സൗന്ദര്യം അതിന്റെ അകത്തുള്ള അര്‍ഥങ്ങളുടെ ആകര്‍ഷണീയമായ അലങ്കാരത്തിന്റെയും വിസ്മയത്തിന്റെയും സൂചന മാത്രമായിരുന്നു.
അങ്ങനെ ഭരണാധികാരി താന്‍ കലാപരമായി നിര്‍മിച്ച ഖുര്‍ആന്‍ ഒരു യൂറോപ്യന്‍ തത്വചിന്തകനും മറ്റൊരു മുസ്‌ലിം പണ്ഡിതനും കാണിച്ചുകൊടുത്തു. ശേഷം രാജാവ് അവരെ പരീക്ഷിക്കുകയും പ്രതിഫലം നല്‍കുകയും ചെയ്യാന്‍ വേണ്ടി ഇങ്ങനെ ആവശ്യപ്പെട്ടു:
“നിങ്ങളില്‍ ഓരോരുത്തരും ഈ പുസ്തകത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചും ഇത് നല്‍കുന്ന സന്ദേശങ്ങളെ കുറിച്ചും ഒരു കുറിപ്പ് തയാറാക്കണം.’ കല്‍പന അനുസരിച്ച് ഇരുവരും ആ വിസ്മയത്തെ കുറിച്ച് ഓരോ പുസ്തകം എഴുതി പൂര്‍ത്തിയാക്കി.
തത്വചിന്തകന്റെ പുസ്തകത്തില്‍ അക്ഷരങ്ങളുടെ അലങ്കാരങ്ങളും അവ തമ്മിലുള്ള ബന്ധങ്ങളും ആഭരണങ്ങളുടെ സ്വഭാവങ്ങളുമാണ് വിവരിച്ചത്. അറബി ഭാഷ അറിയാത്തതിനാല്‍ തന്നെ വരികളുടെ അര്‍ഥത്തെ കുറിച്ചുള്ള യാതൊരു ചര്‍ച്ചയും കുറിപ്പില്‍ അയാള്‍ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. എന്നല്ല, അത് അര്‍ഥം ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകമാണെന്ന് പോലും അദ്ദേഹത്തിന് മനസിലായിരുന്നില്ല. അദ്ദേഹം അതിനെ മൂല്യമുള്ള ഒരു കലാ സൃഷ്ടിയായിട്ട് മാത്രമാണ് നോക്കിക്കണ്ടത്. അദ്ദേഹം ഒരു നല്ല എൻജിനിയറായത് കൊണ്ട് കാര്യങ്ങള്‍ വളരെ ഉചിതമായി തന്നെ വിശദീകരിച്ചിരുന്നു. മാത്രമല്ല അദ്ദേഹം നല്ല ഒരു രസതന്ത്രജ്ഞനും രത്‌നവ്യാപാരിയുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം അതില്‍ ഉപയോഗിച്ച വസ്തുക്കളെ കുറിച്ച് വ്യക്തതയോടെ വിവരിച്ച്് തന്റെ കുറിപ്പ് എഴുതിത്തീര്‍ത്തു.
ഒറ്റനോട്ടം കൊണ്ട് തന്നെ മുസ്‌ലിം പണ്ഡിതനത് വിശുദ്ധ ഖുര്‍ആനാണെന്ന് മനസിലായി. സത്യസ്‌നേഹിയായ അദ്ദേഹം അതിന്റെ ബാഹ്യ വശത്ത് നോക്കിയതേയില്ല. തത്വചിന്തകന്‍ പ്രാധാന്യം നല്‍കിയ ഭൗതിക വശത്തേക്കാള്‍ പതിന്‍മടങ്ങ് ഉയര്‍ന്നതും ഉപകാരപ്രദവുമായ മറ്റൊരു കാര്യത്തിലാണ് അദ്ദേഹം ശ്രദ്ധ ചലിപ്പിച്ചത്. ബാഹ്യ അലങ്കാരത്തിന് പിന്നില്‍ മറഞ്ഞുനില്‍കുന്ന സത്യങ്ങളെയാണ് അദ്ദേഹം വിശദീകരിച്ചത്.
ഇരുവരും എഴുത്ത് പൂര്‍ത്തീകരിച്ചതിന് ശേഷം തങ്ങളുടെ ഭരണാധികാരിയുടെ മുന്നില്‍ അത് സമര്‍പ്പിച്ചു. ഭരണാധികാരി ആദ്യം തന്നെ തത്വചിന്തകന്റെ പുസ്തകം കൈയിലെടുത്തു. അദ്ദേഹം അതിലേക്ക് നോക്കി. പുറത്തുള്ളതിനെ മാത്രം നോക്കുകയും സ്വന്തം ചിന്തയില്‍ കേന്ദ്രീകരിക്കുകയും ചെയ്ത് എഴുതിയ ആ വ്യക്തി വളരെയധികം അധ്വാനിച്ചിട്ടുണ്ടെന്ന് രാജാവിന് മനസിലായി. പക്ഷേ യഥാർഥ ജ്ഞാനത്തെ കുറിച്ചും സന്ദേശത്തെ കുറിച്ചും അദ്ദേഹം ഒന്നും തന്നെ എഴുതിയിട്ടുണ്ടായിരുന്നില്ല. മാത്രമല്ല അദ്ദേഹം അതിനെ സംശയിക്കുകയായിരുന്നുവെന്നും വേണ്ടെത്ര ബഹുമാനം നല്‍കിയിട്ടില്ലെന്നും എന്നല്ല അതിന് തീരെ പരിഗണന കൊടുത്തിട്ടില്ലെന്നും അദ്ദേഹത്തിന് മനസിലായി. സത്യത്തിന്റെ ഉറവിടമായ ഖുര്‍ആനെ അര്‍ഥശൂന്യമായ ഒരലങ്കാരമായാണ് അയാള്‍ കരുതിയത്. അതുകൊണ്ട് തന്നെ അര്‍ഥത്തിന് പരിഗണന നല്‍കാത്ത, ഒരു വിലയുമില്ലാത്ത ഒന്നാണ് ഖുര്‍ആനെന്ന് അദ്ദേഹം അനുമാനിച്ചു. അതുകൊണ്ട് രാജാവ് അദ്ദേഹത്തിന്റെ കുറിപ്പ് തിരിച്ചുനല്‍കുകയും അദ്ദേഹത്തെ അവിടെ നിന്ന് പുറത്താക്കാന്‍ ഉത്തരവിടുകയും ചെയ്തു.
രാജാവ് പണ്ഡിതന്റെ കുറിപ്പ് എടുത്ത് നോക്കി. അത് വളരെ അത്ഭുതകരവും പ്രയോജനകരവുമായ വ്യാഖ്യാനമാണെന്നും എല്ലാ ഉപദേശനിര്‍ദേശങ്ങളും അടങ്ങിയ ഒരു രചനയാണെന്നും അദ്ദേഹം മനസിലാക്കി. “അഭിനന്ദനങ്ങള്‍ സ്രഷ്ടാവ് നിന്നെ അനുഗ്രഹിക്കട്ടെ’ എന്ന് അദ്ദേഹം ആശീര്‍വദിക്കുകയും ചെയ്തു. അങ്ങനെ ആ ജ്ഞാനിക്ക് തന്റെ പ്രയത്‌നത്തിന് പ്രതിഫലം നല്‍കാന്‍ രാജാവ് തീരുമാനിച്ചു. അവന്‍ എഴുതിയ ഒരോ അക്ഷരത്തിനും തന്റെ മൂല്യമേറിയ ഖജനാവില്‍ നിന്ന് പത്ത് വീതം നാണയങ്ങള്‍ കൊടുക്കാന്‍ രാജാവ് ഉത്തരവിട്ടു.
കഥ പറഞ്ഞ ശേഷം നൂര്‍സി കഥയിലെ പാഠത്തെ വിശദമാക്കിത്തരുന്നുണ്ട്. “ഈ താരതമ്യം നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടാകും. ഇനി ഇതിന്റെ യാഥാർഥ്യത്തിലേക്ക് നോക്കാം:
രത്‌നങ്ങള്‍ കൊണ്ട് അലങ്കരിച്ച ഖുര്‍ആന്‍, കലാപരമായി നിര്‍മിക്കപ്പെട്ട ഈ പ്രപഞ്ചമാണ്. ഭരണാധികാരിയാവട്ടെ ഏകനും സർവജ്ഞനുമായ അല്ലാഹുവും. ഇതില്‍ പ്രതിപാദിച്ച രണ്ട് പേരില്‍ ഒരാള്‍, തത്ത്വശാസ്ത്രത്തെയും ഒപ്പം തത്വചിന്തകരെയും പ്രതിനിധീകരിക്കുന്നു. മറ്റവനാകട്ടെ ഖുര്‍ആനിനെയും ഖുര്‍ആന്‍ പഠിക്കുന്ന വിദ്യാര്‍ഥികളേയുമാണ് സൂചിപ്പിക്കുന്നത്.’
വിശുദ്ധ ഖുര്‍ആന്‍ ഈ പ്രപഞ്ചത്തെ കാണുന്നത് എങ്ങനെയാണെന്ന് നൂര്‍സി തുടര്‍ന്ന് പറയുന്നു. യുക്തിഭദ്രമായ ഖുര്‍ആന്‍ പ്രപഞ്ചമെന്ന ഉന്നതമായ ഈ ലോകത്തിന്റെ വ്യാഖ്യാനമാണ്. പ്രപഞ്ചത്തിന്റെ പേജുകളില്‍ അല്ലാഹുവിന്റെ ശക്തിയുടെ പേന പലതും ആലേഖനം ചെയ്തിട്ടുണ്ട്. അങ്ങനെ സൃഷ്ടികളുടെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന അടയാളങ്ങളെക്കുറിച്ച്, ഖുര്‍ആന്‍ മനുഷ്യ – ജിന്നുവര്‍ഗങ്ങള്‍ക്ക് സദുപദേശം നല്‍കുന്നു. അത് ജീവജാലങ്ങളില്‍ ഓരോന്നിനെയും അര്‍ഥവത്തായ ഒരു അക്ഷരമാണ് എന്ന് കണക്കാക്കുന്നു. ഓരോ സൃഷ്ടിയും ഓരോ അര്‍ഥം വഹിക്കുന്നു; വളരെ സുന്ദരമായി സ്രഷ്ടാവിനെപ്പറ്റി അറിവു തരുന്നു. ഖുര്‍ആന്‍ ഇങ്ങനെയാണ് പറയുന്നത്: “എത്ര മനോഹരമായിട്ടാണ് അവയെല്ലാം സൃഷ്ടിക്കപ്പെട്ടത്. തന്റെ സ്രഷ്ടാവിന്റെ സൗന്ദര്യത്തെ എത്ര വ്യക്തമായിട്ടാണ് അവകള്‍ ചൂണ്ടിക്കാണിക്കുന്നത്.’ ഇങ്ങനെ പ്രപഞ്ചത്തിന്റെ യഥാർഥ സൗന്ദര്യത്തെ അത് നമുക്ക് കാണിച്ചുതരുന്നു.
ആധുനിക വ്യവസ്ഥ ഇതിന് വിരുദ്ധമായ ഒരു സമീപനമാണ് സ്വീകരിച്ചത്. അത് പ്രപഞ്ചത്തെ ഒരു ചൂഷണവസ്തുവായി കണക്കാക്കുന്നു. ഭൗതിക ജീവിതത്തെ മാത്രം മുന്നില്‍ കാണുന്നു. ഈ അവസ്ഥയെ നൂര്‍സി വിശദീകരിക്കുന്നു: “പ്രകൃതിശാസ്ത്രം എന്ന് വിളിക്കപ്പെടുന്ന തത്വചിന്ത സൃഷ്ടികള്‍ എന്ന അക്ഷരങ്ങളുടെ അലങ്കാരത്തിലും കൊത്തുപണിയിലുമാണ് ശ്രദ്ധ ഊന്നിയത്. അതുകൊണ്ട് തന്നെ അവര്‍ പരിഭ്രാന്തരാവുകയും യഥാർഥ വഴിയില്‍ നിന്ന് എത്രയോ അകലുകയും ചെയ്തിരിക്കുകയാണ്. അതേസമയം മറ്റൊന്നിനെ ചൂണ്ടിക്കാണിക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥമെന്ന നിലയില്‍ ഈ പ്രപഞ്ചം, ദൈവത്തെ കാണിച്ചുതരുന്ന ഒരു അര്‍ഥത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. ഈ രീതിയില്‍ പരിഗണിക്കുമ്പോള്‍ ആ പഠിതാക്കള്‍ പ്രപഞ്ചത്തെ തന്നിലേക്ക് ഒതുക്കുകയാണ് ചെയ്യുന്നത്. അവര്‍ അതിന്റെ അര്‍ഥത്തെ ഒരിക്കലും അടുത്തറിയുന്നില്ല. അതായത് വസ്തുക്കളെ വസ്തുക്കളായി മാത്രം നോക്കിക്കാണുകയും അവയെ ആ രീതിയില്‍ മാത്രം ചര്‍ച്ചക്കെടുക്കുകയുമാണവര്‍ ചെയ്യുന്നത്. “എത്ര മനോഹരമായിട്ടാണ് അവകള്‍ സൃഷ്ടിക്കപ്പെട്ടത്’ എന്നതിനുപകരം “അവയെല്ലാം എത്ര സുന്ദരമാണ്’ എന്നാണ് അവര്‍ പറഞ്ഞത്. ഇങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ പ്രപഞ്ചത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഒരുപക്ഷേ പ്രപഞ്ചം അവര്‍ക്കെതിരെ പരാതിപ്പെട്ടേക്കാം. യഥാർഥത്തില്‍ മതമില്ലാത്ത തത്വശാസ്ത്രം സത്യത്തില്‍ നിന്ന് എത്രയോ അകന്ന കള്ളന്യായമാണ്. എന്നു മാത്രമല്ല അതു പ്രപഞ്ചത്തെ അപഹസിക്കല്‍ കൂടിയാണ്.’
ഒരു താരതമ്യക്കഥയിലൂടെ വളരെ ലളിതമായി, ആധുനിക ലോകവും ഖുര്‍ആന്റെ വക്താക്കളും തമ്മിലുള്ള വ്യത്യാസം അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നു. മതപഠന രംഗത്ത് കടന്നുവരുന്ന ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം ഈ കഥ വലിയ ഗുണപാഠങ്ങള്‍ നല്കുന്നുണ്ട്. ഭൗതിക പഠനത്തിന്റെ പരിമിതികള്‍ മനസിലാക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു ■

Share this article

About സഅദ് ഇബ്‌റാഹീം അഞ്ചരക്കണ്ടി

sahadmuhamd@gmail.com

View all posts by സഅദ് ഇബ്‌റാഹീം അഞ്ചരക്കണ്ടി →

Leave a Reply

Your email address will not be published. Required fields are marked *