മൗലിദുകളിലെ പ്രണയവും ഭക്തിയും

Reading Time: 3 minutes

പ്രണയം ഒരനുഭൂതിയാണ്. അനുരാഗ തീവ്രത കൊണ്ട് രണ്ടു ശരീരങ്ങള്‍ ഒന്നായി മാറുന്ന അനുഭൂതി. പ്രണയം അതിരുകള്‍ ഭേദിച്ച് നിലയ്ക്കാതെ പെയ്തുകൊണ്ടിരിക്കുമ്പോള്‍ ഹൃദയം നിര്‍മലമാകും. കണ്ണുകള്‍ നിറഞ്ഞൊഴുകും. ശരീരത്തെ കീഴടക്കും. വാക്കിലും നോക്കിലും ആ പ്രണയ തീവ്രത വര്‍ധിത വീര്യത്തില്‍ നിറഞ്ഞുനില്‍ക്കും.
മനുഷ്യനെ ആനന്ദലോകത്തേക്കും ചിലപ്പോള്‍ വിഷാദരോഗത്തിലേക്കും പ്രണയം കൊണ്ടെത്തിക്കാറുണ്ട്. എന്നാല്‍ പ്രണയം സമ്പൂര്‍ണവും സമ്പന്നവും ആവണമെങ്കില്‍ അല്ലാഹു പ്രണയിച്ചവരെ പ്രണയിക്കണം. അവര്‍ക്ക് ജീവിതം മധുരാനുഭവമായിരിക്കുമെന്ന് തീര്‍ച്ച.
പ്രണയം തിരുനബിയോടാവുകയും(സ്വ) അവിടുന്ന് യഥാർഥ പ്രേമഭാജനമായി മനസില്‍ നിറയുകയും ചെയ്യുന്നവര്‍ക്ക് ജീവിതം ഏറെ സന്തോഷകരമായ അനുഭവമായിത്തീരുന്നതാണ്. കാരണം നമ്മുടെ ഉണ്മക്ക് തന്നെ നിദാനം തിരുനബിയാണ്(സ്വ). അതാണ് തിരുനബിയോട്(സ്വ) നമുക്ക് പ്രണയം ഉണ്ടാവണമെന്നതിന്റെ അടിസ്ഥാനവും.
സര്‍വ ലോകര്‍ക്കും കാരുണ്യമായി അവതരിച്ച തിരുനബി(സ്വ) പ്രതിസന്ധികളില്‍ മുഴുവനും കാവലായും അത്യാഹിതങ്ങളില്‍ കരുതലായും ആപല്‍ഘട്ടങ്ങളില്‍ ആലംബമായും രോഗവേളകളില്‍ ആശ്വാസമായും അനുഭവപ്പെടുന്നു.
ജീവിതകാലത്തും ശേഷവും ഈ അനുഭവങ്ങള്‍ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അബ്ദുല്ലാഹിബിനു ഉമറിന്റെ(റ) കാലിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ ഇബ്‌നു സഅദ്(റ) പറഞ്ഞു: ജനങ്ങളില്‍ നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയെ നിങ്ങള്‍ വിളിക്കുക. ഇബ്‌നു ഉമര്‍ തങ്ങള്‍ യാ മുഹമ്മദ്(സ്വ) എന്ന് വിളിച്ചു. തല്‍ഫലം പ്രയാസമില്ലാതെയായി. ചരിത്രത്തില്‍ തിരുചര്യാനുധാവകന്‍ (മുത്തബിഉസ്സുന്ന) എന്ന് അറിയപ്പെടുന്ന അബ്ദുല്ലാഹ്(റ), തിരുനബിയുടെ(സ്വ) ആശിഖായിരുന്നു എന്നത് സത്യമാണ്. പ്രണയം പൂത്തുലയുമ്പോള്‍ പ്രേമഭാജനത്തെ കുറിച്ചുള്ള ചിന്തയില്‍ മാത്രമായി മുഴുകുന്ന ആശിഖ് നിരന്തരം തന്റെ മഅ്ശൂഖിനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. മാലിക് ബ്‌നു ദീനാര്‍(റ) പറയുന്നു: നിരന്തരം അല്ലാഹുവിനെ ഓര്‍ക്കുന്നത് അവനോടുള്ള സമ്പൂര്‍ണ പ്രണയത്തിന്റെ അടയാളമാണ്. കാരണം ആശിഖ് മഅ്ശൂഖിന്റെ ഓര്‍മകള്‍ വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കും.
ഇമാം അഹ്മദ് ബിന്‍ ഹമ്പലും(റ) ഇമാം ശാഫിഇയും(റ) വലിയ സ്‌നേഹത്തിലായിരുന്നു. അഹ്മദ് ബ്‌നു ഹമ്പല്‍ രോഗിയായെന്നറിഞ്ഞപ്പോള്‍ ശാഫിഇ(റ) സന്ദര്‍ശിച്ചു. തിരിച്ചെത്തിയ ശാഫിഇയും(റ) രോഗിയായി. രോഗം ഭേദമായ ഹമ്പല്‍ (റ) ശാഫിഇയെ(റ) സന്ദര്‍ശിച്ചു. ഇതേ കുറിച്ച് ഇമാം ശാഫി(റ) പാടിയത് ഇങ്ങനെയാണ്, ഹബീബിന് രോഗം വന്നപ്പോള്‍ ഞാന്‍ സന്ദര്‍ശിക്കുകയും ആ വേദനയില്‍ രോഗിയാവുകയുമുണ്ടായി. ഹബീബിന്റെ രോഗം ഭേദമായപ്പോള്‍ എന്നെ സന്ദര്‍ശിച്ചു. ഹബീബിനെ കണ്ടതോടെ എന്റെ രോഗം ഭേദമാവുകയും ചെയ്തു.’ രോഗാതുരമായ ശരീരത്തിനും ആത്മാവിനും പ്രേമഭാജനത്തെ ദര്‍ശിക്കുന്നതും പ്രകീര്‍ത്തിക്കുന്നതും രോഗം ഭേദമാകാനും കൂടുതല്‍ ഊർജം ലഭിക്കുവാനുമുള്ള കാരണമാണ്.

ബുര്‍ദയുടെ സൗന്ദര്യം
പ്രണയമാനദണ്ഡങ്ങളെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വം തിരുനബി(സ്വ) മാത്രമാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ പ്രണയകാവ്യങ്ങള്‍ വിരചിതമായതും ഹബീബിനെ കുറിച്ച് തന്നെ. പ്രണയഗീതങ്ങളില്‍ വിശ്വപ്രസിദ്ധമാണ് ഖസീദത്തുല്‍ ബുര്‍ദ. വിവിധ ലോകഭാഷകളില്‍ ഈ കാവ്യസമാഹാരത്തിന് വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട് എന്നതും ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി സദസുകളില്‍ ഈ കാവ്യം ആലപിക്കപ്പെടുന്നുണ്ട് എന്നതും ഇതിന്റെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്.
ബുസ്വീരി എന്നറിയപ്പെടുന്ന അബൂഅബ്ദുല്ലാഹി ശറഫുദ്ദീന്‍ മുഹമ്മദ് ബ്‌നു സഈദി ബ്‌നു ഹമ്മാദി സ്വന്‍ഹാജിയാണ് രചയിതാവ്. ഹിജ്‌റ 608ല്‍ ജനിച്ച മഹാന്‍ 696 ലാണ് വഫാത്തായത്. വടക്കന്‍ ആഫ്രിക്കയിലെ ആമസാഗിയ്യ ഗോത്രത്തിലെ സ്വന്‍ഹാജ് ഉപഗോത്രത്തിലേക്ക് എത്തുന്ന കുടുംബവേരുകളില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം, ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും തിരുനബിയുടെ(സ്വ) ചരിത്രങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്തു. നിരവധി കാവ്യസമാഹാരങ്ങള്‍ തിരുനബിയെ(സ്വ) കുറിച്ച് രചിച്ചെങ്കിലും “അല്‍ കൗകബുദ്ദുരിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ’ എന്ന ഖസ്വീദത്തുല്‍ ബുര്‍ദയാണ് ഏറെ ജനശ്രദ്ധ നേടിയത്.
പക്ഷാഘാതം പിടിപെട്ട് കഴിയവേ ശമനോദ്ദേശ്യത്തോടെ ബുസ്വൂരി(റ) തിരുനബിയെ(സ്വ) കുറിച്ച് കവിതകള്‍ രചിക്കുകയും ആ കവിതകള്‍ പാടി ശമനത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ഒരു ദിവസം ഉറക്കത്തില്‍ നബി(സ്വ) വന്ന് തിരുകരം കൊണ്ട് ശരീരത്തില്‍ സ്പര്‍ശിക്കുകയും ഒരു പുതപ്പു ധരിപ്പിക്കുകയും അതുവഴി രോഗമുക്തനാവുകയും ചെയ്തു. രോഗമുക്തനായി നടക്കുന്നത് കണ്ട് ഒരു വ്യക്തി താങ്കള്‍ ഉണ്ടാക്കിയ ആ പ്രകീര്‍ത്തന കാവ്യം നല്‍കുമോ എന്നാവശ്യപ്പെട്ടു. ഏതു കവിതയാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ആദ്യഭാഗം ചൊല്ലിക്കൊടുത്ത് രോഗവേളയില്‍ ഉണ്ടാക്കിയ ഈ കാവ്യമാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. അദ്ദേഹത്തിന് ബുസ്വൂരി(റ) അതു നല്‍കുകയും അതു പ്രിസിദ്ധമാകുകയും ചെയ്തു.
ബുര്‍ദ, ബുര്‍ഉദ്ദാഅ് തുടങ്ങിയ നാമങ്ങളില്‍ ഇത് പ്രസിദ്ധമാണ്. അനുരാഗം, ദേഹേച്ഛയെ സംബന്ധിച്ച മുന്നറിയിപ്പ്, നബിയുടെ (സ്വ) പ്രകീര്‍ത്തനം, ജന്മം, അമാനുഷികത, ഖുര്‍ആന്‍ മഹത്വം, ഇസ്റാഅ്, മിഅ്‌റാജ്, ധര്‍മസമരങ്ങള്‍, തിരുനബിയെ(സ്വ) തവസ്സുല്‍ ചെയ്ത് പ്രാര്‍ഥിക്കല്‍, അഭിമുഖഭാഷണം തുടങ്ങി പത്തോളം ഭാഗങ്ങളിലായി 160 കവിതകളാണ് ബുര്‍ദയിലുള്ളത്. ഓരോ വരിയിലും അറബി സാഹിത്യത്തിലെ വിവിധ ഭാഗങ്ങളുടെ സമുന്നതമായ ശൈലികളില്‍ കോറിയിട്ട പ്രകീര്‍ത്തനങ്ങള്‍ ഹൃദ്യവും ആസ്വാദ്യകരവുമാണ്. ഇതുകൊണ്ട് തന്നെ നിരവധി പ്രസിദ്ധരുടെ വ്യാഖ്യാനങ്ങള്‍ ഈ കവിതാസമാഹാരത്തിനുണ്ട്. അഹമ്മദ് ശൗഖിയെ പോലെ നിരവധി കവികള്‍ അനുരാഗ കാവ്യങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും അവര്‍ തന്നെ പരാജയം സമ്മതിച്ചുവെന്നാണ് അഹ്മദ് സകീ പാഷ രേഖപ്പെടുത്തിയത്. ബുസ്വൂരി(റ) രോഗശമനത്തിനു വേണ്ടിയായിരുന്നു ഖസ്വീദത്തുല്‍ ബുര്‍ദ രചിച്ചിരുന്നത് എന്നതുകൊണ്ടു തന്നെ ആ പവിത്രത ഇന്നും മനുഷ്യര്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രോഗശമനമടക്കമുള്ള പല കാര്യങ്ങള്‍ക്കും വേണ്ടി ബുര്‍ദ ചൊല്ലുന്നതും ചൊല്ലിക്കുന്നതും പതിവാണ്.
മനസില്‍ ഹബീബിനോട്(സ്വ) പ്രേമവും അനുരാഗവും ഇശ്ഖും നിറച്ച് കരുണാമൃതമായി വര്‍ഷിച്ച പ്രേമഭാജനത്തെ മനസില്‍ ധ്യാനിച്ചാല്‍ മനസും ഗാത്രവും രോഗമുക്തമാകുന്നതില്‍ സന്ദേഹമില്ല. സത്യവിശ്വാസികള്‍ക്ക് മരുന്നും കരുണയുമായി അവതരിച്ച ഖുര്‍ആന്‍ പോലും ഇറങ്ങിയത് തിരുമേനിക്ക്(സ്വ) വേണ്ടിയാണ്. അവിടുത്തെ മന്ത്രം, സ്പര്‍ശനം, തിരുനോട്ടം, ഉമിനീര്‍, ശരീരത്തില്‍നിന്ന് എടുക്കുന്നതെല്ലാം മരുന്നാണ്. ആ മരുന്നാണ് നാം സേവിക്കേണ്ടത്. ഹൃദയത്തിൽ നിറച്ച് വെക്കേണ്ടത്. ഖസ്വീദത്തുല്‍ ബുര്‍ദ അതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. വിശ്വാസികളുടെ നാവിന്‍തുമ്പില്‍ ബുര്‍ദയിലെ വരികളും അതിന്റെ ജവാബും അനര്‍ഘമായി ഒഴുകുന്നത് ഇതിന്റെ സ്വീകര്യതയുടെ നേര്‍സാക്ഷ്യവും അനുരാഗം അനുഭവമാകുന്നതിന്റെ ലക്ഷണവുമാണ്. മലയാളം, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, തുര്‍ക്കി, യൂറോപ്യന്‍, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ബര്‍ബര്‍ തുടങ്ങിയ ഭാഷകളിലെല്ലാം ബുർദയുടെ വ്യാഖ്യാനങ്ങളിറങ്ങിയിട്ടുണ്ട്.

മന്‍ഖൂസ് മൗലിദിന്റെ സാമൂഹിക പശ്ചാത്തലം
തിരുനബിയുടെ(സ്വ) ജന്മവുമായി ബന്ധപ്പെട്ട അദ്ഭുത സംഭവങ്ങളും മഹത്വങ്ങളും ചരിത്രവും മറ്റും പദ്യമായും ഗദ്യമായും കോര്‍ത്തിണക്കുന്നതാണ് മൗലിദ്. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വ്യത്യസ്ത രീതിയിലുള്ള മൗലിദുകള്‍ വിശ്വോത്തര പണ്ഡിതര്‍ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറെ പ്രചുരപ്രചാരം നേടിയ മൗലിദുകളില്‍ ഒന്നാണ് മന്‍ഖൂസ് മൗലൂദ്.
ഇമാം ഗസ്സാലിയുടെ(റ) സുപ്രസിദ്ധ “സുബ്ഹാന മൗലിദ്’ ചുരുക്കി ഉണ്ടാക്കിയ മൗലിദ് ആയതിനാല്‍ ചുരുക്കപ്പെട്ടത് എന്ന അര്‍ഥമുള്ള മന്‍ഖൂസ് എന്ന പേരില്‍ തന്നെയാണ് ഈ മൗലിദ് അറിയപ്പെടുന്നത്. പൊന്നാനിയിലും പരിസരങ്ങളിലും കോളറ ബാധിക്കുകയും ദിനംപ്രതി നിരവധി പേര്‍ മരിച്ചുവീഴുകയും ചെയ്യുന്ന ഭീതിതവും പ്രയാസകരവുമായ സാഹചര്യം ഉടലെടുത്തപ്പോഴാണ് അന്നത്തെ ജനങ്ങള്‍ ശൈഖ് മഖ്ദൂം (ഒന്നാമന്‍) അബു യഹ് യ സൈനുദ്ദീന്‍ ബ്‌നു അലിയ്യിബ്‌നു അഹ്മദില്‍ മഅ്ബരിയെ(റ) സമീപിച്ച് എന്തെങ്കിലും ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്നത്. അന്നേരം ഈ മൗലിദ് ക്രോഡീകരിക്കുകയും വീടുകളില്‍ പതിവാക്കാന്‍ അവര്‍ നിര്‍ദേശിക്കുകയുമുണ്ടായി. ആ പുണ്യകര്‍മത്തിലൂടെ നാട്ടില്‍ പടര്‍ന്നുപിടിച്ച സാംക്രമികരോഗങ്ങള്‍ ഉച്ഛാടനം ചെയ്യപ്പെടുകയും ജനജീവിതം പൂര്‍വസ്ഥിതി പ്രാപിക്കുകയുമുണ്ടായി.
ഇമാം ബൂസ്വൂരിയുടെ ബുര്‍ദയുടെ രചനാ പശ്ചാത്തലം സ്വന്തം രോഗശമനമായിരുന്നെങ്കില്‍, ശൈഖ് മഖ്ദൂം(റ) മന്‍ഖൂസ് മൗലിദ് രചിക്കുന്നത് ഒരു സാമൂഹിക വിപത്ത് പ്രതിരോധിക്കുന്നതിനായിരുന്നു. ബുര്‍ദയില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കവിതകളായി മാത്രം വഴിഞ്ഞൊഴുകിയപ്പോള്‍, ഗദ്യമായും പദ്യമായും പ്രകീര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയാണ് മന്‍ഖൂസ് മൗലിദ് വിരചിതമായത്.
അഞ്ച് ഗദ്യഭാഗങ്ങളും അഞ്ച് പദ്യവും പ്രാർഥനയും അടങ്ങിയതാണ് മന്‍ഖൂസ് മൗലിദ്. ഒന്നാമത്തെ ഭാഗത്ത് റബീഉല്‍ അവ്വലില്‍ സന്മാര്‍ഗദര്‍ശകരായ തിരുചന്ദ്ര ശോഭയെ ഉദിപ്പിച്ച നാഥനില്‍ സ്തുതിച്ചു തുടങ്ങി മുന്‍കാല പ്രാവചകര്‍ തിരുദൂതരെ കൊണ്ട് സഹായം തേടിയത് സൂചിപ്പിച്ച് ആ തിരുവൊളി ആമിനാ ബീവിയുടെ(റ) ഗര്‍ഭത്തിലേക്ക് എത്തുന്ന ക്രമം വിശദീകരിക്കുകയാണ്. ഹബീബിനെ(സ്വ) വര്‍ണിക്കുന്ന സൂറത്തു തൗബയിലെ അവസാന ആയത്തും അതിലുള്‍ക്കൊണ്ടിട്ടുണ്ട്. രണ്ടാമത്തെ ഗദ്യത്തിൽ നബിയുടെ(സ്വ) ഗര്‍ഭകാലവും റജബ് മുതല്‍ റബീഉല്‍ അവ്വല്‍ വരെയുള്ള ഓരോ മാസങ്ങളിലുമുണ്ടായ അദ്ഭുതങ്ങളും ആകാശഭൂമി ലോകത്തെ സൃഷ്ടികള്‍ക്ക് സംഭവിച്ച അനുഭവമാറ്റങ്ങളും ആമിനാബീവിയുടെ അവസ്ഥകളും അവരെ സാന്ത്വനിപ്പിക്കാന്‍ വന്ന പ്രവാചകരെയും മറ്റും പരാമര്‍ശിക്കുന്നുണ്ട്.
മൂന്നാമത്തെ ഭാഗം, ആ തിരുഗാത്രം ഭൂമിയിലേക്ക് പ്രസവിക്കപ്പെട്ട അനുഗൃഹീതമായ നിമിഷത്തെക്കുറിച്ചും അന്നേരം ആമിനാ ബീവി(റ) കണ്ട അദ്ഭുത കാഴ്ചകളും പ്രസവാനന്തരം ഖത്മുന്നുബുവ്വത്തിന്റെ മുദ്രണം നടത്താന്‍ മലക്കുകള്‍ ഏറ്റെടുത്തതും പേര്‍ഷ്യയിലെ അഗ്‌നി ഒടുങ്ങിയതും സാവാ തടാകം വറ്റിയതും മറ്റു അദ്ഭുതങ്ങളും പരാമര്‍ശിക്കുന്നു. നാലാം ഭാഗത്ത്, പ്രസവിച്ച ഏഴാം ദിനം അബ്ദുല്‍ മുത്വലിബ് അഖീഖ അറുത്തതും ഖുറൈശികളെ വിളിച്ച് സദ്യ നല്‍കിയതും ആകാശഭൂമിയിലുള്ളവര്‍ മുഴുവനും തന്റെ മകനെ സ്തുതിക്കുവാനാണ് മുഹമ്മദ് എന്ന് നാമകരണം നടത്തിയതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശവും അതിലുണ്ട്. അലിയ്യുബ്‌നു സൈദ് എന്നവരും അവരുടെ അയല്‍വാസിയായ ദിമ്മിയ്യും തമ്മിലുള്ള സംഭവം വിശദമായി പരാമര്‍ശിക്കുകയാണ് അവസാന ഭാഗം. നബിയുടെ(സ്വ) ജന്മത്തില്‍ സന്തോഷിച്ച് പാവപ്പെട്ടവരെ വിളിച്ച് സദ്യ നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തെ പരിഹസിച്ച അയല്‍വാസി പിന്നീട് തിരുനബിയെ(സ്വ) സ്വപ്‌നത്തില്‍ ദര്‍ശിക്കുന്നതും കുടുംബസമേതം ഇസ്‌ലാം സ്വീകരിച്ച് ഓരോരോ ദിവസങ്ങളില്‍ ഓരോരുത്തരും മരിക്കുന്നതും സ്വര്‍ഗ കൊട്ടാരം ഉടമപ്പെടുത്തുന്നതും ഇതില്‍ പരാമര്‍ഗിക്കുന്നുണ്ട്. ഇടയില്‍ വരുന്ന പദ്യങ്ങളില്‍ തിരുനബിയുടെ(സ്വ) വര്‍ണനകളും നബിയോട് ഇസ്തിഗാസ നടത്തുന്നതും ശഫാഅത്ത് ചോദിക്കുന്നതും പ്രസവ നേരത്തെ സാഹചര്യങ്ങളും മറ്റുമെല്ലാം സുന്ദരമായി വര്‍ണിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞ് സര്‍വ വിപത്തുകളില്‍നിന്ന് പൂര്‍ണ മുക്തിയും പാപമോചനവും മറ്റുകാര്യങ്ങളും ഉണര്‍ത്തുന്ന ഹ്രസ്വമായ പ്രാര്‍ഥനയുമാണ് ഇതിലുള്ളത്. മന്‍ഖൂസ് മൗലിദിലെ ഓരോ വരികളിലും നബിയോടുള്ള(സ്വ) പ്രണയം നിറഞ്ഞൊഴുകുന്നത് കാണാം. പൂര്‍ണ ചന്ദ്രനേക്കാള്‍ ശോഭയോടെ അങ്ങ് ഞങ്ങള്‍ക്കിടയില്‍ ഉദയംചെയ്യുന്നു. അങ്ങാണ് ഞങ്ങളുടെ ഉമ്മയും ഉപ്പയും. ഞങ്ങളുടെ ഉമ്മ ഉപ്പ മാരില്‍ അങ്ങയോളം നന്മകള്‍ ഞങ്ങള്‍ കണ്ടിട്ടേയില്ല. പാപക്കറ കളുമായി വരുന്ന ഞാന്‍ അങ്ങയോടാണ് സങ്കടം ഉണര്‍ത്തുന്നത്, തിരുദൂതരേ. അങ്ങ് ഞങ്ങള്‍ക്ക് നാളെ അന്ത്യനാളില്‍ ശഫാഅത്ത് നല്‍കണേ.
സാമൂഹിക വിപത്തുകള്‍ നീങ്ങാനും ക്ഷേമ, ഐശ്വര്യത്തിനും ഈ മൗലിദ് നിശ്ചിത ദിവസങ്ങളില്‍ പതിവാക്കാന്‍ മഹാന്മാര്‍ നിര്‍ദേശിക്കാറുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും അവരുടെ എതൊരു നന്മയുള്ള കാര്യത്തിന്റെ തുടക്കത്തിലും മറ്റുമായി മന്‍ഖൂസ് മൗലിദ് ഓതുന്ന പതിവ് സര്‍വവ്യാപകമാണ് ■

Share this article

About അനസ് കൊടക്കല്ല്

muhammadanaskdl28@gmail.com

View all posts by അനസ് കൊടക്കല്ല് →

Leave a Reply

Your email address will not be published. Required fields are marked *