തീര്‍ഥജലത്തിന്റെ അപരനാമങ്ങള്‍

Reading Time: < 1 minutes

സമൃദ്ധിയുടെ പാനജലമായ സംസമിന്റ ജ്വലിക്കുന്ന ഓര്‍മകളെയും മാഹാത്മ്യത്തെയും വിളിച്ചോതുന്ന ധാരാളം നാമങ്ങള്‍ ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഒരു വസ്തുവിന്റെ വിശേഷണങ്ങളുടെ ആധിക്യം ആ വസ്തുവിന്റെ ബഹുമതിയെ കുറിക്കുന്നുവെന്നാണ് ഭാഷാശാസ്ത്രം. അറുപതിലധികം പേരുകള്‍ സംസം വെള്ളത്തിന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതു കാണാം. അത്തരം ചില പേരുകള്‍ പരിചയപ്പെടുത്തുകയാണിവിടെ.
ഇതര പാനീയങ്ങളില്‍ നിന്നും വ്യത്യസ്തമായി നൈരന്തര്യമായി നിലനില്‍ക്കുന്ന ഗുണങ്ങളും വര്‍ധനയും പരിഗണിച്ച് ബറക, മുബാറക, മൈമൂന തുടങ്ങിയ പേരുകള്‍ സംസത്തിനുണ്ട്.
പ്രവാചകര്‍ ഇസ്മാഈല്‍(അ) ഉള്‍പ്പടെ സല്‍ഗുണ സമ്പന്നരായ നിരവധി മഹാന്മാര്‍ക്ക് നല്‍കപ്പെട്ട ഗുണമാണിതെന്നും നിസ്സീമമായ നന്മയെയാണ് ഇതു മുഖേന ലഭ്യമാക്കിയതെന്നതിനെയും പരിഗണിച്ച് ബര്‍റ, നാഫിഅ എന്നീ നാമങ്ങളും സംസമിനുണ്ട്.
ഒരു തുള്ളി ദാഹശമനിക്കായി കേണുകൊണ്ടിരുന്ന മാതൃഹൃദയത്തിന്റെയും വാവിട്ടുകരയുന്ന പിഞ്ചോമനയുടെയും മുമ്പില്‍ തികച്ചും സുവിശേഷമായിരുന്നു ഈ തീർഥജലം. ഇതുകൊണ്ടായിരിക്കാം ബുശ്‌റാ എന്ന പേര് വന്നത്. സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഈ തെളിനീരുറവയെ “സന്തോഷമേ; ഇതാ വെള്ളം!’ എന്നായിരുന്നു ഹാജര്‍(റ) സംബോധന ചെയ്തത്.
ജുർഹൂം ഗോത്രനിവാസികളായ അറബികളുടെ കാലശേഷം മണ്ണിനടിയില്‍ മൂടിപ്പോയ സംസം കിണര്‍ അബ്ദുല്‍ മുത്വലിബാണ് പുനരുദ്ധാരണം ചെയ്തത്. ഈ സംഭവത്തിലേക്ക് ചേര്‍ത്തുവെച്ച് മക്തൂമ (മറക്കപ്പെട്ടത്) എന്നും അബ്ദുല്‍ മുത്വലിബ് കുഴിച്ചെടുത്തതുകൊണ്ട് ഹഫീറത്തു അബ്ദുല്‍ മുത്വലിബ് എന്നും വിളിക്കപ്പെടുന്നു.
ഹറമിന്റെ മുറ്റത്ത് ഉദയം ചെയ്തതിനാല്‍ ഈ തെളിനീരുറവയെ ഹറമിയ്യ എന്നു വിളിക്കുന്നു. പാനം ചെയ്യുന്ന വിശ്വാസികള്‍ ആസ്വദിക്കുന്ന അനിര്‍വചനീയമായ അനുഭൂതിയെയും ആനന്ദത്തെയും അര്‍ഥമാക്കി മുഅ്‌നിസ (ആനന്ദമുള്ളത്) എന്ന പ്രയോഗവുമുണ്ട്.
ഇസ്മാഈല്‍ നബിയുടെ(അ) കുഞ്ഞിക്കാലിനടിയില്‍ ജിബ്‌രീല്‍(അ) എന്ന മാലാഖയുടെ ചവിട്ടേറ്റതോടെയാണ് വെള്ളം നിര്‍ഗളിച്ചത്. റക്‌ളത്തു ജിബ്‌രീല്‍(അ)(ജിബ്‌രീലിന്റെ ചവിട്ട്) എന്ന നാമം ഈ സംഭവത്തിന്റെ ഓര്‍മയിലാണ്.
സംസം രോഗശമനമാണെന്നും പാനം ചെയ്യുന്നവന് ഉദ്ദേശ്യലബ്ധിയുണ്ടാകുമെന്നും ഹദീസുകളിലുണ്ട്. രോഗശാന്തി ലഭിക്കുകയും മാരകരോഗങ്ങള്‍ക്കുള്ള സിദ്ധൗഷധമായി മാറുകയും ചെയ്ത ധാരാളം ചരിത്രങ്ങളുമുണ്ട്. ആരോഗ്യ സുരക്ഷയെയും രോഗശമനത്തെയും പരിഗണിച്ച് ശിഫാഅ്, ആഫിയ, സാലിമ തുടങ്ങിയ പേരുകളിലും ഈ പുണ്യ ജലം അറിയപ്പെടുന്നു. സത്യവിശ്വാസികളുടെ വിശ്വാസദാര്‍ഢ്യത വര്‍ധിപ്പിക്കുകയും കാപട്യം നീക്കുകയും ചെയ്യുന്നതിനാല്‍ കാപട്യങ്ങളില്‍ നിന്നുള്ള സുരക്ഷ എന്നര്‍ഥത്തില്‍ അല്‍ ഇസ്മ എന്ന നാമമുണ്ട്.
ആത്മീയവും ഭൗതികവുമായ പരിശുദ്ധിയെ വിശേഷിപ്പിക്കുന്ന സ്വാഫിയ, ത്വാഹിറ എന്ന പേരുകളും ദാഹജലമെന്നതിലുപരി വിശക്കുന്നവനിതൊരു പോഷകാഹാരമാണന്നതിനാല്‍ ശാബ്ബാഅ, ത്വആമു തുഅ്മിന്‍ തുടങ്ങിയ വിശേഷണങ്ങളും നല്‍കപ്പെട്ടുവരുന്നു.
എന്തുകൊണ്ടും ഭൂമിയിലെ മറ്റു ഇതര പാനീയങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പവിത്രത വെച്ചുപുലര്‍ത്തുന്ന ഈ വെള്ളത്തിന് നേതാവ് എന്നര്‍ഥം വരുന്ന സയ്യിദത്ത് എന്ന പേരുകൂടെയുണ്ട്. റവാഅ്, സാബിഖ്, സിഖായതുല്‍ ഹാജി, സുഖ്‌യല്ലാ, ത്വയ്യിബ, ളയ്ബ, ഔന്‍, ഗിയാസ്, കാഫിയ, മള്‌നൂന, എന്നീ പേരുകളും സംസമിന്റേതാണ് ■
(അവലംബം: കിതാബു ഫളാഇലി
മാഇ സംസം)

Share this article

About അബ്ദുല്ല സഖാഫി വിളത്തൂര്‍

vilathoorsaqafi@gmail.com

View all posts by അബ്ദുല്ല സഖാഫി വിളത്തൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *