അഭിവാദനത്തിലെ ഇസ്‌ലാമിക രീതിശാസ്ത്രം

Reading Time: 3 minutes

ഇസ്‌ലാമിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ ഏറ്റവും ലളിതവും ഏറെ പ്രതിഫലാര്‍ഹവുമായ ആരാധനയാണ് പരസ്പരം സലാം പറയുക എന്നത്. വിശ്വാസികള്‍ കണ്ടുമുട്ടുമ്പോള്‍ “അസ്സലാമു അലൈകും’ എന്ന അഭിവാദനവാക്യം കൊണ്ട് നേരിടണമെന്ന് ഇസ്‌ലാം കൽപിക്കുന്നു. നിനക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ എന്നാണ് ഈ പദം അര്‍ഥമാക്കുന്നത്. സലാം കേള്‍ക്കുന്നവനും സമാന അര്‍ഥം നല്‍കുന്ന “വഅലൈകുമുസ്സലാം’ എന്ന വാക്യം കൊണ്ടാണ് മറുപടി നല്‍കേണ്ടത്. ലോക മുസ്‌ലിംകള്‍ പരസ്പര രക്ഷക്ക് വേണ്ടി സദാസമയവും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു എന്ന് ചുരുക്കം. ഇസ്‌ലാം എന്ന പദം പോലും സലാം എന്ന മൂലപദത്തില്‍ നിന്നാണെന്ന് മനസിലാക്കാം. അഥവാ രക്ഷ, സമാധാനം തുടങ്ങിയ ആശയങ്ങളാണ് ഇസ്‌ലാമിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത്. അപരനെ എങ്ങനെ അഭിമുഖീകരിക്കണമെന്നും പെരുമാറ്റം എങ്ങനെയാവണമെന്നും ഇസ്‌ലാം കൃത്യമായി പ്രതിവചിച്ചിരിക്കുന്നു. ഇതര മതങ്ങളില്‍ നിന്നും വ്യത്യസ്തമായി പരസ്പരാഭിവാദനത്തിന്റെ കൃത്യമായ രൂപത്തെ ഇസ്‌ലാം അവതരിപ്പിക്കുന്നുണ്ട്.
ആദം നബിയുടെ(അ) കാലത്തു തന്നെ സലാം നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: “ആദം നബിയെ(അ) സൃഷ്ടിച്ച ശേഷം അല്ലാഹു പറഞ്ഞു: “താങ്കള്‍ അവിടെ കൂടിയിരിക്കുന്ന മാലാഖമാരുടെ അടുത്തേക്ക് പോവുകയും അവരോട് സലാം പറയുകയും ചെയ്യുക. അവര്‍ എങ്ങനെയാണ് താങ്കളെ പ്രത്യഭിവാദനം ചെയ്യുന്നതെന്ന് താങ്കള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. അതാണ് താങ്കളുടെയും ഭൂമിയിലെ മുഴുവന്‍ മനുഷ്യരുടെയും അഭിവാദന രീതി.’ അപ്പോള്‍ ആദം(അ) മലക്കുകളോട് പറഞ്ഞു: “അസ്സലാമു അലൈകും’. അവര്‍ പ്രതിവചിച്ചു: “വഅലൈകുമുസ്സലാം വറഹ്മത്തുല്ലാഹ്’ (ബുഖാരി, മുസ്‌ലിം). സലാം പറയുന്നതിന് പൂര്‍വകാലഘട്ടം മുതല്‍ തന്നെ അടിസ്ഥാനമുണ്ടായിരുന്നു എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഇബ്‌റാഹീം നബിയുടെ(അ) അടുക്കല്‍ സന്തോഷവാര്‍ത്തയുമായി വന്ന മലക്കുകള്‍ സലാം കൊണ്ട് പ്രവാചകരെ അഭിസംബോധന ചെയ്തതായി വിശുദ്ധ ഖുര്‍ആനിലുണ്ട് (51 :25 ). അന്ത്യനാളില്‍ സ്വര്‍ഗത്തില്‍ വെച്ച് വിശ്വാസികളോടുള്ള അഭിവാദന രീതി സലാം കൊണ്ടായിരിക്കുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നതായി കാണാം (36 : 58). പ്രാമാണികമായി സലാമിനുള്ള ആധികാരികതയാണ് ഇവയെല്ലാം ബോധ്യപ്പെടുത്തുന്നത്.
കേവല അഭിവാദന രീതി എന്നതിനേക്കാളുപരി ഒരു ആരാധനയായിട്ടാണ് ഇസ്‌ലാം സലാമിനെ അവതരിപ്പിക്കുന്നത്. സലാം കൊണ്ട് തുടങ്ങല്‍ സുന്നത്തും (ഐച്ഛിക പ്രവര്‍ത്തനം) മടക്കല്‍ വാജിബുമാണെന്നാണ് (നിര്‍ബന്ധ പ്രവര്‍ത്തനം) കര്‍മശാസ്ത്ര വശം. ഇസ്‌ലാമിക ശരീഅത്തില്‍ സുന്നത്തുകളേക്കാള്‍ പ്രതിഫലം വാജിബിനാണെങ്കിലും സലാം പറയുന്നതില്‍ സലാം തുടങ്ങുന്നവനാണ് പ്രാധാന്യം. അതായത് സുന്നത്തിന് വാജിബിനേക്കാള്‍ പ്രതിഫലം ലഭിക്കുമെന്ന് ചുരുക്കം. സലാമിന് ഇസ്‌ലാം കല്‍പ്പിക്കുന്ന പ്രാധാന്യമാണ് ഇവിടെ ബോധ്യപ്പെടുന്നത്. ജനങ്ങളില്‍ നിന്നും അല്ലാഹുവിലേക്ക് ഏറ്റവും അടുത്തവന്‍ സലാം കൊണ്ട് തുടങ്ങുന്നവനാണെന്ന് നബിതങ്ങള്‍(സ്വ) പറഞ്ഞതായി അബീ ഉമാമയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം(തുര്‍മുദി, അബീ ദാവൂദ്). സലാം പറയുന്നതിന് വേണ്ടി ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുകയാണ് പ്രസ്തുത ഹദീസിലൂടെ. മറ്റൊരാളെ നിര്‍ബന്ധ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതും സലാം തുടങ്ങുന്നതിന് പ്രതിഫലം ഏറെയാകാന്‍ കാരണമായി കണക്കാക്കാം.
ഒരു യഥാർഥ വിശ്വാസിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായിട്ടാണ് സലാമിനെ രേഖപ്പെടുത്തിയിട്ടുള്ളത്. സഹജീവികളെ പരിഗണിക്കാനുള്ള മനസ്, പരഗുണ കാംക്ഷ തുടങ്ങി ഒട്ടനവധി മേന്മകള്‍ ആ വ്യക്തിയില്‍ നിക്ഷിപ്തമായിരിക്കും. ആത്മാർഥമായി സലാം പറയുന്ന ഒരു വ്യക്തിക്ക് അപരവിദ്വേഷം ഉണ്ടാവുകയില്ല. എല്ലാവരെയും സ്‌നേഹത്തോടെയും സമാധാനത്തോടെയും സമീപിക്കാന്‍ സലാമിലൂടെ അവന്റെ മനസ് പാകപ്പെടുന്നു. അതുകൊണ്ട് തന്നെ പ്രവാചകന്‍ സലാം പറയുന്നതിനെ അത്രമേല്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഇമാം മുസ്‌ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്നതായി കാണാം. “നബി (സ്വ) പറയുന്നു: നിങ്ങള്‍ വിശ്വാസിയാവാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കാതെ ഉത്തമ വിശ്വാസിയുമാവില്ല. നിങ്ങളില്‍ പരസ്പര സ്‌നേഹം വര്‍ധിക്കാന്‍ വേണ്ടി സലാമിനെ വ്യാപിപ്പിക്കുക’. ഓരോ വിശ്വാസിയുടെയും വിശ്വാസത്തിന്റെ പൂര്‍ണതക്ക് സലാം അനിവാര്യമാണെന്ന് ഈ ഹദീസില്‍ നിന്ന് മനസിലാക്കാം.
തുല്ല്യതയുടെ ആശയത്തെ ഇസ്‌ലാം സലാമിലൂടെ മുമ്പോട്ട് വെക്കുന്നുണ്ട്. സലാം പറയുന്നവര്‍ക്കിടയില്‍ വകഭേദങ്ങളില്ലാതെ എല്ലാവരോടും സലാം വ്യാപിപ്പിക്കാനാണ് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സലാം പറയാന്‍ ഇസ്‌ലാം കൽപിക്കുന്നു. നബി തങ്ങള്‍(സ്വ) കുട്ടികളുടെ സമീപത്തിലൂടെ നടന്നുപോയപ്പോള്‍ അവരോട് സലാം പറഞ്ഞതായി ഇമാം മുസ്‌ലിമും ബുഖാരിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകരുടെ വിനയവും ലാളിത്യവുമാണ് ഇവിടെ പ്രകടമാകുന്നത്.
സലാം പറയുന്നതിലെ മര്യാദകളെയും ഇസ്‌ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ മുതിര്‍ന്നവരോടും വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ നടക്കുന്നവരോടും നടക്കുന്നവര്‍ ഇരിക്കുന്നവരോടും ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയണമെന്നാണ് ഇസ്‌ലാം കൽപിക്കുന്നത്. വിശ്വാസികള്‍ക്കിടയില്‍ ജീവിത ചിട്ടയെ രൂപപ്പെടുത്തിയെടുക്കുകയാണ് സലാമിലൂടെ. അതോടൊപ്പം ബഹുമാനം, ആദരവ്, വിനയം തുടങ്ങി പരസ്പര പെരുമാറ്റത്തിന്റെ ആചാരരീതികളെയും ഇസ്‌ലാം പഠിപ്പിക്കുന്നു. നബി(സ്വ)പറയുന്നു: വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ നടക്കുന്നവര്‍ക്ക് സലാം പറയുക. നടക്കുന്നവര്‍ ഇരിക്കുന്നവര്‍ക്ക് സലാം ചൊല്ലുക. ചെറിയ സംഘം വലിയ സംഘത്തിനും (ബുഖാരി, മുസ്‌ലിം). സലാം പറയുന്നതോടൊപ്പം പരസ്പരം കൈകൊടുക്കലിനെയും സുന്നത്താക്കി. നബി തങ്ങള്‍(സ്വ) പറഞ്ഞു: രണ്ട് മുസ്‌ലിംകള്‍ പരസ്പരം കണ്ടുമുട്ടുകയും കൈകൊടുക്കുകയും ചെയ്താല്‍ അവര്‍ക്കിടയിലെ പാപങ്ങള്‍ പൊറുക്കപ്പെട്ടിട്ടല്ലാതെ അവര്‍ വേര്‍പിരിയില്ല(തുര്‍മുദി, ഇബ്‌നു മാജ). പരസ്പരം സ്‌നേഹവും സൗഹാര്‍ദവും കൈമാറുന്നതിനുള്ള മികച്ച രൂപമാണ് പരസ്പരമുള്ള ഹസ്തദാനം. ദീര്‍ഘ കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നവര്‍ക്കും യാത്രകള്‍ക്ക് ശേഷം സന്ധിക്കുന്നവര്‍ക്കും പരസ്പരം ആലിംഗനം ചെയ്യലും സുന്നത്താണ്. സലാം മടക്കുന്ന അവസരത്തില്‍ ഇങ്ങോട്ട് പറഞ്ഞതിനേക്കാള്‍ അധികരിപ്പിക്കലാണ് ഉത്തമം. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനേക്കാള്‍ മെച്ചമായി പ്രത്യഭിവാദ്യം ചെയ്യുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക(നിസാഅ് : 86 ). ഇംറാനുബ്‌നു ഹുസൈനില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബിയുടെ(സ്വ) അരികില്‍ വന്ന് “അസ്സലാമു അലൈകും’ എന്ന് പറഞ്ഞു. നബി തങ്ങള്‍ സലാം മടക്കിയിട്ട് പത്ത് എന്ന് പറഞ്ഞു. മറ്റൊരാള്‍ വന്ന് “അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്’ എന്ന് പറഞ്ഞു. സലാം മടക്കിയ നബി(സ്വ) ഇരുപത് എന്ന് പറഞ്ഞു. മൂന്നാമതൊരാള്‍ വന്ന് “അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹി വബറകാത്തുഹൂ’ എന്ന് സലാം പറഞ്ഞു. നബിതങ്ങള്‍(സ്വ) സലാം മടക്കി മുപ്പത് എന്ന് പറഞ്ഞു (അബൂദാവൂദ്, തിര്‍മുദി). സലാം പറഞ്ഞവര്‍ കൂടുതലാക്കി പറഞ്ഞതിന് അവര്‍ക്ക് കിട്ടിയ പ്രതിഫലത്തെ ഉദ്ദേശിച്ചുകൊണ്ടാണ് നബി തങ്ങള്‍(സ്വ) ഇങ്ങനെ പറഞ്ഞത്. മറ്റുള്ളവരെ പ്രയാസപ്പെടുത്തുന്ന രൂപത്തില്‍ സലാം പറയുന്നതിനെ ഇസ്‌ലാം വിലക്കുകയും ചെയ്തു. ഉറങ്ങുന്നവന്റെ അരികില്‍ വെച്ച് ഉച്ചത്തില്‍ സലാം പറയുന്നതിനെ നിഷിദ്ധമാക്കിയതോടൊപ്പം തന്നെ സലാം കേള്‍ക്കാത്തവന്റെയോ മറുപടി നല്‍കാത്തവന്റെയോ അടുക്കല്‍ മൂന്നിലധികം തവണ സലാം ആവര്‍ത്തിക്കലും വിലക്കി.
പരസ്പരം അഭിവാദനം ചെയ്യുമ്പോള്‍ മാത്രമല്ല സലാം ചൊല്ലേണ്ടത്. വീട്ടിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും നിസ്‌കാരങ്ങളുടെ അവസാനത്തിലും മരിച്ചവരെ സന്ദര്‍ശിക്കുമ്പോഴുമെല്ലാം സലാം ചൊല്ലേണ്ടതുണ്ട്. പൂര്‍ണമായും ഇലാഹുമായുള്ള സംസാരമാണ് നിസ്‌കാരത്തിലുടനീളമുള്ളത്. എന്നാല്‍ നിസ്‌കാരത്തിന്റെ പര്യവസാനം മാലോകരുടെ മേല്‍ രക്ഷയുണ്ടാവട്ടെ എന്ന പ്രാര്‍ഥന കൊണ്ടാണ്. ഖബറിലുള്ളവരെ നേരിട്ട് അഭിമുഖീകരിക്കുന്നില്ലെങ്കിലും അവരുടെ മേലിലും സലാം ചൊല്ലാന്‍ ഇസ്‌ലാം കൽപിക്കുന്നു. ഇത്തരത്തില്‍ വ്യത്യസ്ത സമയങ്ങളിലും സന്ദര്‍ഭങ്ങളിലുമായി സലാം വ്യാപിപ്പിക്കാനുള്ള നിര്‍ദേശമുണ്ട്.
ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയാണ് സലാമിലൂടെ വ്യക്തമാവുന്നത്. അപരനെ വിദ്വേഷത്തോട് കൂടി നോക്കിക്കാണുന്ന പുതിയ കാലത്ത് ഇസ്‌ലാം കൈമാറുന്ന പരസ്പര രക്ഷയുടെ ആശയത്തിന് ഏറെ പ്രസക്തിയുണ്ട്. പണത്തിന്റെയോ വര്‍ണത്തിന്റെയോ പ്രായത്തിന്റെയോ അതിര്‍വരമ്പുകളില്ലാതെ ഇസ്‌ലാം കൈമാറുന്ന സമാധാന കവചമാണ് സലാം. തീവ്രവാദത്തെയും ഭീകരവാദത്തെയും ഇസ്‌ലാമിന്റെ മേല്‍ ആരോപിക്കുന്നവര്‍ സലാം എന്ന ഒരൊറ്റ ആരാധന കര്‍മത്തെപോലും യഥാവിധി മനസിലാക്കാത്തവരാണ്. അതുകൊണ്ട് തന്നെ ഹൃദയം തുറന്ന് പുഞ്ചിരിച്ച് പറഞ്ഞുകൊണ്ടേയിരിക്കുക, അസ്സലാമു ലൈകും ■

Share this article

About ഫിര്‍ദൗസ് മന്‍സൂര്‍

firdousmansoor29@gmail.com

View all posts by ഫിര്‍ദൗസ് മന്‍സൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *