ഗള്‍ഫിലെ രക്ഷിതാക്കള്‍ കൂടെ വളരുന്ന മക്കള്‍ക്ക് വേണ്ടി എന്തുചെയ്യുന്നു?

Reading Time: 3 minutes

എന്തിനു ഗള്‍ഫുകാരനായി എന്ന ചോദ്യത്തിന്, “ഒരോളത്തിന്’ എന്ന് ഉത്തരം നല്‍കാറുള്ള മലയാളികള്‍ പക്ഷേ ഇപ്പോഴും എന്ത് കൊണ്ട് ഗള്‍ഫ് ജീവിതം തുടരുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാറുണ്ട്. “മക്കള്‍ക്ക് വേണ്ടി’ എന്നതാണത്. പൊതുവില്‍ ഇപ്പറഞ്ഞത് ശരിവെക്കാമെങ്കിലും പ്രയോഗതലത്തില്‍ ഗള്‍ഫ് രക്ഷിതാക്കള്‍, പ്രത്യേകിച്ച് അവരോടൊപ്പം ഇവിടെ കഴിയുന്ന കുട്ടികളുടെ കാര്യത്തില്‍ എത്രത്തോളം ശ്രദ്ധാലുക്കളാണ്? നാം ആശിച്ചപോലെ അവര്‍ വളരാന്‍ “വേണ്ടത്’ ഒരുക്കിക്കൊടുക്കുന്നു എന്ന ആശ്വാസത്തിന്റെ പരിധിയില്‍ എന്തെല്ലാം വരുന്നുണ്ടെന്നുള്ള കണക്കെടുപ്പ് നടത്താന്‍ എപ്പോഴെങ്കിലും രക്ഷിതാക്കള്‍ തയാറാകേണ്ടതുണ്ട്.
ഗള്‍ഫില്‍ പ്രവാസിയായി എത്തിപ്പെടുന്ന കുട്ടികളെ സംബന്ധിച്ച് അവരുടെ ജീവിതമോ പഠനമോ വളര്‍ച്ച തന്നെയോ അവരെ ഇവിടെ എത്തിക്കുന്ന രക്ഷിതാക്കളുടെ പ്രാഥമിക ആവശ്യമാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതായത് തന്റെ കുട്ടിയുടെ ജീവിതം കുറച്ച് മെച്ചപ്പെടുത്തുന്നതിനോ നല്ല പഠനം ലഭ്യമാക്കുന്നതിനോ വേണ്ടി ഒരു രക്ഷിതാവും ഗള്‍ഫിലേക്ക് കുട്ടികളെ കൂടെകൂട്ടുന്നില്ല. ഇതുതന്നെയാണ് ഇവിടെ വളരുന്ന കുട്ടികളുടെ കാര്യത്തില്‍ ആദ്യം തിരിച്ചറിയേണ്ട അടിസ്ഥാന കാര്യവും.
ഗള്‍ഫുനാടുകളില്‍ ജോലിതേടി വരുന്നവരുടെ പ്രധാന ലക്ഷ്യം സമ്പാദ്യവും ഇണകള്‍ കൂടെയുള്ളവരുടേത് അത് കഴിഞ്ഞ് “ഒന്നിച്ചുള്ള ജീവിത’ വും ആണ്. ഇതിനപ്പുറം വേണം കുട്ടികള്‍ എന്ന പരിഗണനയിലേക്ക് കടക്കാന്‍. ഒരര്‍ഥത്തില്‍ രക്ഷിതാക്കളുടെ സ്വാര്‍ഥതയുടെ ഇരകളാണ് ഗള്‍ഫില്‍ രക്ഷിതാക്കളോടൊപ്പം വളരുന്ന കുട്ടികള്‍ എന്ന് പറയുന്നതിലും തെറ്റില്ല. മാതാവും പിതാവും ജോലിക്കാരാണെങ്കില്‍ പിന്നെ അവസ്ഥകള്‍ പറയാതിരിക്കുന്നതാകും ഭേദം. നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കോ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കോ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഇടക്കാലത്ത് പറിച്ചു നടപ്പെടേണ്ടി വരുന്നവരുടെ സ്ഥിതി അതിലും പരിതാപകരമാണ്. പഠനാന്തരീക്ഷവും രീതിയും സംസ്‌കാരവും ഭക്ഷണ ക്രമവും എല്ലാം തകിടം മറിയുന്ന ദുരന്തമാണ് ഇത് മൂലം ഓരോ കുട്ടിയുടെയും ജീവിതത്തില്‍ സംഭവിക്കുന്നത്.
മക്കളുടെ മാന്യമായ വളര്‍ച്ചക്കും വിദ്യാഭ്യാസത്തിനും സാമ്പത്തികം സുപ്രധാനവും ഒഴിച്ചുകൂടാനാകാത്തതുമായ ഘടകമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ നാം തന്നെ സ്വയം മനക്കോട്ട കെട്ടിയും അപരനോട് തുലനം ചെയ്തും നിര്‍മിക്കുന്ന സാമ്പത്തിക ബൗണ്ടറി എത്തിപ്പിടിക്കാന്‍ ആയില്ലെങ്കില്‍, മാന്യത ഇല്ലാതെ കുട്ടികളുടേത് ഉള്‍പ്പെടെ ജീവിതം കുളംതോണ്ടുന്ന അവസ്ഥ ദുഃഖകരമാണ്. ഗള്‍ഫുകാരന്റെ പൊതുപരാജയത്തിന് കാരണമായി എണ്ണുന്ന സ്വപ്‌നവും മോഹവും ആണ് ഇവിടെയും വില്ലനാകുന്നത് എന്നത് സാമാന്യമായി പറഞ്ഞൊഴിയാന്‍ കഴിയില്ല. ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ “മാന്യമായ’ വളര്‍ച്ചക്ക് സാഹചര്യമൊരുക്കുന്ന വഴികൾ എമ്പാടും ഉണ്ടാകുമ്പോള്‍ മാനസിക ബോധങ്ങളെ മാറ്റിപ്പിടിക്കാന്‍ രക്ഷിതാക്കള്‍ക്കും കുടുംബത്തിനും കഴിയേണ്ടതുണ്ട്.
ഇനി “നന്നായി’ വളര്‍ത്തുന്നവര്‍ ചെയ്യുന്നതോ? തങ്ങള്‍ക്ക് ആശിച്ചത് ആകാന്‍ കഴിയാതെ പോയതിന്റെ പ്രതികാരം മക്കളില്‍ അടിച്ചേല്‍പ്പിക്കുന്നു. അവിദഗ്ധ തൊഴിലാളികളായി ഇവിടെ എത്തുകയും ദീര്‍ഘകാലത്തെ പ്രവൃത്തി പരിചയം കൊണ്ട് മാത്രം ഫാമിലി സ്റ്റാറ്റസ് ലഭിക്കുകയും ചെയ്തവരുടെ കാര്യത്തില്‍ ഈ പ്രവണത കൂടുതല്‍ കാണുന്നുണ്ട്. പലപ്പോഴും വിപരീതഫലമാണ് ഇത്തരം സമീപനങ്ങള്‍ ഉണ്ടാക്കുക. വെറും സ്വപ്‌നസാക്ഷാത്കാരത്തിനുള്ള ഉപകരണങ്ങള്‍ ആകുന്നു മക്കള്‍ എന്ന് വന്നാല്‍ തിരിച്ചടിയല്ലാതെ മറ്റൊന്നും നേടാനാകില്ല. ഉയർന്ന ജോലിക്കാരിലും കുട്ടികളെ സംബന്ധിച്ച ഈ മോഹം ഒഴിയുന്നില്ല. ഒരേ അവസ്ഥയില്‍ സന്തുലനം തെറ്റാതെ ശ്വാസം പിടിച്ച് വളരേണ്ടവരാണ് മക്കള്‍ എന്നത് ഈ പറഞ്ഞതിന് അര്‍ഥമില്ല. ഇത്തരം മാറി വരുന്ന സാഹചര്യങ്ങളെ നേരിടാനുള്ള മാനസിക പ്രാപ്തി നേടിയെടുക്കാന്‍ മക്കളെ സന്നദ്ധമാക്കുക എന്ന ഭാരിച്ച ദൗത്യം രക്ഷിതാക്കള്‍ മറന്നുപോകാതിരിക്കണം എന്നതാണ് ഉദ്ദേശ്യം. എന്തിനെയും നേരിടാനും അനുഭവിക്കാനും ആത്മധൈര്യം ഉള്ളവരാണ് പ്രവാസികള്‍. അവരുടെ മക്കള്‍ അങ്ങനെ ആകുന്നില്ലെന്നത് ഒരു വിമര്‍ശം മാത്രമല്ല എന്നതാണ് നേര്.
കുട്ടികളെ കൂടെ നിര്‍ത്താന്‍ സംവിധാനങ്ങള്‍ ഉണ്ടായിട്ടും, “നാട്ടില്‍ നിര്‍ത്തിയാല്‍ നിയന്ത്രണം വിടും, ഗള്‍ഫില്‍ ആണെങ്കിലോ നാല് ചുവരുകള്‍ക്ക് അകത്താകും’ തുടങ്ങിയ ആശയക്കുഴപ്പങ്ങള്‍ക്ക് നടുവില്‍ തീരുമാനമെടുക്കാനാകാതെ കുഴങ്ങുന്ന രക്ഷിതാക്കളുണ്ട്. മൂന്നാമത് ഒരു ഓപ്ഷന്‍, നല്ല അന്തരീക്ഷത്തില്‍ മുന്നോട്ട് പോകുന്ന ഹോസ്റ്റല്‍ പാര്‍പ്പാണ്. വീട് വിട്ടുനിൽപ്പ് പിന്നെയും ആധി കൂട്ടുന്നു. മൂന്നു മാര്‍ഗങ്ങളില്‍ ഏതു തിരഞ്ഞെടുത്താലും വളര്‍ച്ചയുടെ സുപ്രധാന ഘട്ടമായ കൗമാരക്കാലത്തെ സംഘര്‍ഷങ്ങള്‍ അറിഞ്ഞ് വിദ്യാര്‍ഥികളില്‍ ഇടപെടാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നുണ്ടോ എന്ന ചോദ്യമാണ് ഒരോ ഗള്‍ഫ് രക്ഷിതാവും സ്വയം ചോദിക്കേണ്ടത്. അവരവരെത്തന്നെ അപരിചിതമായി തോന്നുന്ന ഒരു പ്രായത്തില്‍ കുട്ടികളോട് സ്വീകരിക്കേണ്ട സമീപനങ്ങള്‍ വളരെ പ്രസക്തമാണ്. കൗമാരമനസറിയാനുള്ള മനോഭാവം രക്ഷിതാക്കള്‍ക്കുണ്ടാവണം. അവരോടൊപ്പം സമയം കണ്ടെത്താനും സൗഹൃദത്തിലേര്‍പ്പെടാനും സമയം കണ്ടെത്തണം. കല്പനകളോ കൈയൊഴിയലോ ഒരിക്കലും പരിഹാരമല്ല എന്ന തിരിച്ചറിവുണ്ടാകണം.
തിരക്കുപിടിച്ച തൊഴില്‍ ജീവിതത്തിനിടയില്‍ ഇവ എങ്ങനെ നടക്കാനാണ്? വളരെ നേരത്തേ വീട്ടില്‍ നിന്നിറങ്ങുകയും ഒരുപാട് വൈകി വീടണയുകയും ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ സാമീപ്യം ലഭിക്കുന്നത് എപ്പോഴാണ്? കുട്ടികള്‍ക്ക് അവരെ അനുഭവിക്കാനാകുന്നത് എങ്ങനെയാണ്? കുട്ടികളുടെ വിദ്യാഭ്യാസ-വ്യക്തിത്വ വളര്‍ച്ചക്ക് ഗള്‍ഫിലെ സാമൂഹിക സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ചിലത് ചെയ്യാനാകുമെങ്കിലും സങ്കീര്‍ണമായ ഇത്തരം അവസ്ഥകളെ മറികടക്കാന്‍ രക്ഷിതാക്കള്‍ തന്നെയാണ് മാര്‍ഗം കണ്ടെത്തേണ്ടത്. സാമൂഹിക മാനത്തോടെയെങ്കിലും ബോധവൽകരണ പരിപാടി പോലെ ഒന്നിന് മുതിര്‍ന്നവര്‍ ആരാന്റെ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് എന്ന പരിമിതിയും പോരായ്മയും ഉണ്ട്.
സംഘടനകള്‍ ധാരാളം ഉള്ള മലയാളി സമൂഹത്തില്‍ ഗള്‍ഫിലെ രക്ഷാകര്‍തൃസംഘടനകളുടെ സ്ഥിതിയെന്താണ്? കുട്ടികളുടെ സ്‌കൂളുമായും അധ്യാപകരുമായും ആത്മബന്ധം പുലര്‍ത്തുന്ന എത്ര രക്ഷിതാക്കള്‍ ഗള്‍ഫില്‍ ഉണ്ട്? സ്വന്തം കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും ഭൗതിക പുരോഗതി ഒരുക്കുന്നതിനും പങ്കാളിത്തം വഹിക്കേണ്ട അധ്യാപക-രക്ഷാകര്‍തൃ സംഘങ്ങള്‍ക്ക് ഗള്‍ഫ് കുട്ടികളുടെ മേല്പറഞ്ഞ പ്രതിസന്ധികളെ മറികടക്കാന്‍ കൂടി ചിലത് നിർവഹിക്കാനാകും.
“സ്‌കൂളിനും താമസയിടത്തിനും ഇടയില്‍ മറ്റൊരു ലോകമില്ലാതാകുന്ന’ അവസ്ഥ എന്ന വിശേഷണത്തില്‍ നിന്ന് കുട്ടികളെ പുറത്ത് ചാടിക്കാന്‍ തീര്‍ച്ചയായും ഈ കൂട്ടുകെട്ടിനാണ് കഴിയുക. സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ കൃത്യമായ കരടുണ്ടാക്കിയാല്‍ നല്ല മാറ്റം ഈ രംഗത്ത് ഉണ്ടാക്കാന്‍ കഴിയും. പരസഹായമാണ് ഗള്‍ഫിലെ സംഘടനകളുടെഎല്ലാം പ്രധാന ലക്ഷ്യം. അവനവന്റെ തന്നെ ഉത്തരവാദിത്വം നിർവഹിക്കുന്നതിനോടൊപ്പം സ്വന്തം മക്കള്‍ക്ക് വേണ്ടി ഒരുക്കുന്ന വലിയ ആശ്വാസമായി മാറാന്‍ രക്ഷാകർതൃ സംഘടനകള്‍ക്ക് കഴിയാതിരിക്കില്ല.
ഒരു സാമ്പ്രദായിക രക്ഷാകര്‍തൃ സംഘം എന്ന നിലയില്‍ സ്‌കൂള്‍ പരിപാലനവും പശ്ചാത്തല വികസന -ഭരണ കാര്യങ്ങളില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് വഹിക്കാവുന്ന പങ്ക് നിലവില്‍ എത്രത്തോളം എന്ന് തുടങ്ങിയ ആശയപരമായ ചില കാര്യങ്ങള്‍ അവിടെ കിടപ്പുണ്ട്. കുട്ടികള്‍ക്ക് വേണ്ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിലൂടെ അത്തരം പരിമിതികളെ കൂടി മറികടക്കാന്‍ പേരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷനും ഹോം സ്‌കൂള്‍ അസോസിയേഷനുകള്‍ക്കും എല്ലാം കഴിയണം.
നിയമ മാറ്റങ്ങളും കൊറോണയും ആകസ്മിക തൊഴില്‍ പ്രശ്‌നങ്ങളും മൂലം വലിയ അളവില്‍ പ്രതിസന്ധി അനുഭവിച്ച വിഭാഗമാണ് ഗള്‍ഫിലെ കുട്ടികള്‍. രക്ഷിതാക്കളുടെ സാമ്പത്തിക ആസൂത്രണക്കമ്മിയുടെ ഇരകളും കുട്ടികള്‍ തന്നെയാണ്. ഗള്‍ഫിലെ പുതിയ മാറ്റങ്ങള്‍ കാരണം നിരവധി കുടുംബങ്ങളാണ് നാട്ടിലേക്ക് പോയത്. ഈ കുത്തൊഴുക്ക് ഇനിയും തുടരുകയാണ്. ഏറെ കാലം കുടുംബവുമായി ഗള്‍ഫില്‍ പ്രത്യേക ജീവിതം നയിച്ചിരുന്നവര്‍ പെട്ടെന്ന് ഏകാന്തതയിലേക്ക് തിരിച്ചുപോകുന്ന അവസ്ഥ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പലതാണ്. വിദ്യാഭ്യാസം താളം തെറ്റുന്നു എന്നതോടൊപ്പം ജീവിത ചുറ്റുപാടിലും അനുഭവിച്ച സൗകര്യങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസിനേല്‍പ്പിക്കുന്ന പരുക്ക് ചെറുതല്ല.
ഇതിനെല്ലാമപ്പുറത്ത് കുടുംബപരമായ കാരണങ്ങള്‍ കൊണ്ട് ഫാമിലിയായി താമസിക്കുന്നതിനുള്ള വരുമാനമില്ലാതെയും കുട്ടികള്‍ ഇവിടെ കഴിയുന്നുണ്ട്. സ്‌കൂള്‍ പഠനത്തിനോ മറ്റു ആവശ്യങ്ങള്‍ക്കോ പണം മുടക്കാനില്ലാതെയും താമസ രേഖകളും മറ്റും അവധി തീര്‍ന്ന് നിയമക്കുരുക്കില്‍ ദുരിതം പേറുന്നവരും വലിയ സമൂഹമാണിവിടെ. ഇത്തരക്കാരെ കണ്ടെത്താനും ആവശ്യങ്ങള്‍ അറിഞ്ഞ് ഇടപെടാനും രക്ഷാകര്‍തൃ കൂട്ടായ്മകള്‍ക്ക് കഴിയും.
പത്ത് മുതല്‍ 12 വരെയുള്ള ഗള്‍ഫ് കുട്ടികളില്‍ നന്നായി ഉറങ്ങുന്നവര്‍ 42 ശതമാനം മാത്രമാണത്രെ. പഠനക്കൂടുതല്‍ കൊണ്ട് ഒരു വിഭാഗം ഉറക്കമൊഴിക്കുന്നുവെങ്കിലും ഭൂരിഭാഗവും അങ്ങനെയല്ല. ദുബായിലെ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി നടത്തിയ പഠനമാണിത്. പഠനത്തില്‍ പിന്നാക്കം പോകുന്നതും പൊണ്ണത്തടി ഉള്‍പ്പെടെ ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളടക്കം മാനസികവും ശാരീരികവുമായ പ്രതിഫലനങ്ങളും ഇത് കുട്ടികളില്‍ ഉണ്ടാക്കുന്നുണ്ട്.
വീടിനകത്തെ പീഡനങ്ങളും പുറത്തെ വഴിവിട്ട കൂട്ടുകെട്ടും തുടങ്ങി ധാരാളം സാമൂഹിക വിഷയങ്ങള്‍ ഗള്‍ഫ് കുട്ടികളെ സംബന്ധിച്ച് അഭിമുഖീകരിക്കേണ്ട മേഖലകളാണ്. മുതിര്‍ന്ന പെണ്‍കുട്ടികളുടേതുള്‍പ്പെടെ ബാല അവകാശലംഘനങ്ങള്‍ ധാരാളം അരങ്ങേറുന്ന ഇടമാണ് ഗള്‍ഫ് കുടുംബ ഫ്ലാറ്റുകള്‍. ശരിയായ ബോധവത്കരണത്തിലൂടെ വളര്‍ത്തിയെടുക്കാവുന്ന ഒരു സ്വാഭാവിക സംസ്‌കാരമായി ജീവിതം കരുപ്പിടിക്കപ്പെടണം. അതിനുള്ള ഗൃഹാന്തരീക്ഷവും പരിസരവും സൃഷ്ടിക്കുകയും വേണം.
ചുരുക്കത്തില്‍ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ ശരിയായ വിദ്യാഭ്യാസം ലഭിക്കാനും പൗരബോധത്തോടെ ഒരു സാമൂഹിക ജീവിയായി വളരാനും ഗള്‍ഫ് കുട്ടികള്‍ക്ക് അവസരം ഉണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയ ബോധവും വളരെ പ്രധാനമാണ്. ഇവിടെ കുട്ടികളുമായി നിരന്തരം ബന്ധം പുലര്‍ത്താനും അവരോട് മാത്രമായി സംസാരിക്കാനും രക്ഷിതാക്കള്‍ക്കും അധ്യാപര്‍ക്കും ആണ് കൂടുതല്‍ കഴിയുക. വിദൂര രക്ഷാ കര്‍തൃ ബന്ധങ്ങളിലെ പ്രശ്‌നങ്ങളും വേവലാതികളും അവ മറികടക്കാനുള്ള പരിശീലനം പദ്ധതികളും പലപ്പോഴും അവിടവിടെയായി കാണാറുണ്ട്. രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികള്‍ ആയാല്‍ പൂര്‍ണ സുരക്ഷിതരായി എന്ന മിഥ്യാബോധമാണ് ഇവിടെ കഴിയുന്ന കുട്ടികള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ മാത്രമായി അവബോധ പദ്ധതികള്‍ കുറഞ്ഞു പോകുന്നത്. ഇവ കൂടി പരിഗണിച്ചുള്ള തുടര്‍ പ്രക്രിയകളാണ് ഗള്‍ഫില്‍ ആവശ്യം ■

Share this article

About ലുഖ്മാൻ വിളത്തൂർ

luqmanvilathur@gmail.com

View all posts by ലുഖ്മാൻ വിളത്തൂർ →

Leave a Reply

Your email address will not be published. Required fields are marked *