മാപ്പിള വീടുകളിലെ ബിരിയാണിക്കഥകള്‍

Reading Time: 4 minutes

“ച വിട്ടി, നെഞ്ചത്തു തന്നെ ചവിട്ടി. ആദ്യം ഒരു കരച്ചില്‍ കേട്ടു. പിന്നെ അതൊരു ഞെരക്കമായി. ഒടുവില്‍ അതും ഇല്ലാതായി.’
മലയാളത്തിന്റെ പ്രിയ കഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയില്‍ ഗോപാല്‍ യാദവെന്ന കഥാപാത്രം മലബാറിലെ കലന്തന്‍ ഹാജിയുടെ ആര്‍ഭാട വിവാഹത്തിന്റെ ദിവസം മിച്ചം വന്ന ബസുമതി അരി കുഴി വെട്ടി കുഴിച്ചുമൂടുന്ന രംഗമാണിത്. മുകളിലെ കവര്‍ പോലും നീക്കം ചെയ്യാത്ത കൂറ്റന്‍ ബിരിയാണി ചെമ്പുകള്‍ കുഴിയിലേക്ക് തുരുതുരേ കൊണ്ടുവന്നപ്പോഴെല്ലാം യാദവിന്റെ ഉള്ളും പുറവും ഓര്‍മകളുടെ പൊള്ളലേറ്റ് പിടയുകയായിരുന്നു. പട്ടിണി കിടന്നു മരിച്ച തന്റെ മകളുടെയും ബസുമതി അരിയുടെ രുചി നുണയാന്‍ ആശിച്ച പ്രിയതമയുടെയും ഓര്‍മകള്‍ യാദവിനെ പിടിച്ചുലച്ചു.
മാപ്പിളമലയാളികളുടെ ഭക്ഷണധൂർത്തിനെ വിമര്‍ശിക്കുന്ന കഥ കൂടിയായിരുന്നല്ലോ ബിരിയാണി. മാപ്പിള ജീവിതത്തെയൊന്നാകെ ഗ്രസിച്ച മഹാമാരിയായിരിക്കുന്നു ആര്‍ഭാടം. ലളിതമായി നാം നടത്തിയിരുന്ന എത്രയെത്ര ചടങ്ങുകളാണ് ഇന്ന് ധൂര്‍ത്തിന്റെ ചമയം തേച്ചിറങ്ങിയിരിക്കുന്നത്. വിവാഹം, വീട്, വസ്ത്രം, വാഹനം എന്നിവയിലെല്ലാം മാപ്പിളമാര്‍ കാണിക്കുന്ന അര്‍ഥശൂന്യമായ ധൂര്‍ത്ത് നമ്മുടെ ജീവിത സൗന്ദര്യത്തെയും നൈര്‍മല്യത്തെയും ദുഷിപ്പിക്കുന്നുണ്ടോ?

ആഘോഷങ്ങളുടെ ഇന്നലെകള്‍
“മ്മാ.. ക്ക് മാമു..’
“ശ്ശ് മുണ്ടെല്ലടാ.. ആള്‍ക്കാരെന്താ വിചാരിക്കാ, പുയാപ്ല വന്ന ഉടനെ മ്മാന്റെ കുട്ടിക്ക് മാമു തരാട്ടോ.’
“മ്മാ പുയാപ്ല ഇനിയെപ്പളാ വരാ’
“പുയാപ്ല പ്പം വരും.. മ്മാന്റെ കുട്ടി കരയല്ലേ, ന്നിട്ട് ഞമ്മക്ക് രണ്ടാക്കും വയറു നര്‍ച്ചും തിന്നണട്ടോ.’
വറുതി വരിഞ്ഞു മുറുക്കിയ കാലത്തെ ഒരു മാപ്പിള കല്യാണപ്പന്തലിലെ കരളലിയിക്കുന്നൊരു ചിത്രമാണിത്. ഇന്നത്തേതു പോലെ സുലഭമായ കല്യാണങ്ങളില്ലാത്ത ആ നാളുകളില്‍ വല്ലപ്പോഴുമായി വന്നെത്തുന്ന കല്യാണങ്ങള്‍ക്ക് ഒരു ബലിപെരുന്നാളോളം പൊലിമയുണ്ടായിരുന്നു.
അപൂര്‍വമായി വീണുകിട്ടുന്ന കല്യാണങ്ങള്‍ അതുവരെ തിന്നിരുന്ന വിശപ്പിനെ വിട്ട് ഒരുപിടി ചോറു തിന്നാനൊക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങളാണ്. ആദ്യകാലത്തൊക്കെ രാത്രിയാണ് കല്യാണങ്ങള്‍. പുതുമാരന്റെ ആഗമനത്തോടെയാണ് കല്യാണ വീടുകള്‍ സജീവമാകുന്നത്. അവിചാരിതമായി വന്നെത്തുന്ന യാത്രാക്ലേഷങ്ങളും മറ്റുമായി മാരന്റെ വരവ് വൈകുമ്പോള്‍ പലരുടെയും ഒരുപിടി ചോറെന്ന സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍ക്കും. പ്രത്യേകിച്ചും കുഞ്ഞുങ്ങളുടേത്. അക്ഷമരായി തുറന്നു പിടിച്ച കണ്ണുകളില്‍ കാത്തിരിപ്പിന്റെ നോവും കണ്ണീരിന്റെ ഉപ്പും ചേര്‍ന്നൊരു പുതിയ രസഭാവം. കരച്ചിലിനും കാത്തിരിപ്പിനും ഒന്നും ചെയ്യാനാകില്ലെന്നറിഞ്ഞ കണ്‍പോളകള്‍ ഇടതടവില്ലാതെ വെട്ടിയ ശേഷം ഉമ്മയുടെ മാറിടത്തിലേക്ക് കരഞ്ഞുവീഴും.
ഇന്ന് കല്യാണ വീട്ടുകാര്‍ ആതിഥേയരായി അരങ്ങൊരുക്കുകയാണല്ലോ. അന്ന് നാടു മുഴുക്കേ ഒരു മംഗല്യത്തിനായി മാറ്റിയുടുക്കാറുണ്ടായിരുന്നു. ഓരോരുത്തരും തങ്ങളുടെ അടുക്കലുള്ളത് കല്യാണ വീട്ടുകാര്‍ക്കായി നല്‍കും. കുമ്പളം, പുളി, തേങ്ങ, അരി, നെല്ല്, ചേന എന്നീ വിഭവങ്ങളൊക്കെ അയല്‍പക്കത്തെ വീട്ടുകാര്‍ നല്‍കും. അപ്പോഴേക്കും നാട്ടിലെ ആങ്ങളമാര്‍ മറ്റൊരു ഭാഗത്ത് കല്യാണപ്പുരക്ക് പന്തലിടലും കാല്‍നാട്ടലുമായി പണി തുടങ്ങിയിരിക്കും. ചിരവയില്‍ തേങ്ങ ചിരകിയും അമ്മിയില്‍ അരച്ചും കറിക്കൂട്ടുകള്‍ ഒരുങ്ങുമ്പോഴേക്കും നാടാകെ കല്യാണത്തിന്റെ വശ്യമായ ഒരു ഗന്ധം പടർന്നിരിക്കും. ഇന്ന് കല്യാണം കെങ്കേമമാക്കണമെന്നു മാത്രം പറഞ്ഞ് ഇവന്റ് മാനേജ്‌മെന്റ് മുതലാളിമാര്‍ക്ക് അഡ്വാന്‍സ് കൈമാറുകയാണല്ലോ. അന്ന് നാട്ടുകാരുടെ കൂട്ടുത്തരവാദിത്തമായിരുന്നു. കല്യാണ വീട്ടുകാര്‍ മാത്രം മനസുവെച്ചാല്‍ നടക്കുന്ന ഒന്നായിരുന്നില്ല അത്. ഇന്ന് ചിക്കനും മട്ടനും ബീഫും കാടയും മത്സ്യവും തുടങ്ങി മാംസങ്ങളുടെ പ്രദര്‍ശനത്തില്‍ നിന്ന് എന്തു ഭക്ഷിക്കണമെന്നറിയാതെ ശങ്കിച്ചു നില്‍ക്കേണ്ട അവസ്ഥ അന്നുണ്ടായിരുന്നില്ല. ഒരു മഹാ കല്യാണത്തിന് രണ്ടായിരവും മുവ്വായിരവും കോഴികളെ അറുക്കുന്നുവെങ്കില്‍ അന്ന് ഒറ്റക്കോഴിയെ മാത്രം അറുത്ത് കല്യാണം കൂടിയ വീടുകളുണ്ടായിരുന്നു. ഒരു വാഴയിലക്കു ചുറ്റും ഒട്ടേറെ പേര്‍ ഇരിക്കും. വാട്ടിയൊതുക്കിയ വാഴയിലയിലയില്‍ നിന്നും ആവിപറക്കുന്ന ചോറും കറിയുമൊക്കെ ആവേശത്തോടെ അകത്താക്കും. ഒരു നേരം വയറും മനസും നിറയുവോളം തിന്നാനുളള ഇടങ്ങളില്‍ നിന്ന് മാറി ഭക്ഷ്യധൂര്‍ത്തിന്റെ കൂത്തരങ്ങുകളായി നമ്മുടെ കല്യാണങ്ങള്‍ക്ക് നിറപ്പകര്‍ച്ച സംഭവിച്ചതെപ്പോഴാണ്? മാമൂലുകളുടെ മാറാപ്പുകളേറ്റാതെ എത്രയോ കല്യാണങ്ങള്‍ കെങ്കേമമായി നടത്തിയ പാരമ്പര്യം മാപ്പിളമാര്‍ക്കുണ്ട്. മാപ്പിളക്കീശയിലേക്ക് പണമൊഴുകിയപ്പോള്‍ വിചിത്ര ആചാരങ്ങളുടെ മാമാങ്കമായി കല്യാണ പന്തല്‍ പരിവര്‍ത്തനം ചെയ്തു.

വില്ലനാകുന്ന വിവാഹങ്ങള്‍
ആര്‍ഭാടമാണ് നമ്മുടെ കല്യാണത്തിന്റെ അലങ്കാരവും ആകര്‍ഷണവുമൊക്കെ. സമ്പത്തിന്റെ പൊളപ്പില്‍ കാശുള്ളവര്‍ ചെയ്യുന്ന ക്രൂരമായ ധൂര്‍ത്തരങ്ങുകള്‍ പാവങ്ങളെ പോലും പരിഷ്‌കാരത്തിന്റെ വഴിയിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നു. പുരനിറഞ്ഞു നില്‍ക്കുന്നവളെ/രെ പറഞ്ഞയക്കാന്‍ പോലും പണമില്ലാതെ പരക്കം പായുന്ന ആയിരങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്. പാവപ്പെട്ടവന്റെ വേദനകള്‍ക്കു നേരെ കണ്ണു ചിമ്മിയാണ് പലരും മാമൂലുകളെ തീറ്റിപ്പോറ്റുന്നത്. പവിത്രമായി നാം ആചരിച്ചിരുന്ന ചടങ്ങുകളെയെല്ലാം ദുരഭിമാനവും പൊങ്ങച്ചവും വികൃതമാക്കിയിരിക്കുന്നു. വിചിത്രമായ പരിഷ്‌കാരങ്ങളാണ് ഓരോന്നിലും വന്നു ചേര്‍ന്നിട്ടുള്ളത്. ഇതിനു പുറമെ പഴമക്കാര്‍ക്ക് പരിചിതമല്ലാത്ത ന്യൂ-ജെന്‍ ഇവന്റുകളും ഒട്ടേറെയുണ്ട്. കല്യാണത്തെ ചുറ്റിപ്പറ്റി തന്നെയാണ് ഏറെ ആഘോഷങ്ങളുമെന്നതാണ് ഏറെ കൗതുകം. പഴയ കാലത്തു തന്നെ കല്യാണ ദിനത്തിലും അതിന്റെ തലേ നാളും വീടും വീട്ടുകാരുമൊക്കെ വശ്യമായ ഒരു ആനന്ദത്തിന്റെ പിടിയിലായിരിക്കും. കല്യാണം കഴിഞ്ഞ് പാത്രങ്ങള്‍ വൃത്തിയാക്കുമ്പോഴേക്കും ആ ആനന്ദവും ആളുകള്‍ക്കൊപ്പം എവിടെയോ പോയി മറഞ്ഞിട്ടുണ്ടാകും. ആനന്ദം ഒരു അപരാധമല്ലല്ലോ. എന്നാല്‍ ആഡംബരം അങ്ങനെയല്ല. മക്കളുടെ സന്തോഷത്തിനും ദുരഭിമാനത്തിനുമൊക്കെയായി അന്നം കൊണ്ട് ആറാടുന്നവര്‍ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമൊക്കെയായി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ക്ലേശിക്കുന്നവരിലേക്ക് കണ്ണുകളയക്കണം. ഇപ്പോള്‍ കല്യാണം ഒരു ദിവസത്തെ ആഘോഷമല്ല, മിഠായി കൊടുത്തത് തുടങ്ങി കുഞ്ഞാകുന്നത് വരെ നീണ്ടു കിടക്കുന്ന ആഘോഷങ്ങളുടെ മഹാപരമ്പരയാണത്. പറയാം.
പണ്ടൊക്കെ കല്യാണത്തിന് മുന്നോടിയായി ചെറുക്കന്‍ പെണ്ണിനെ കണ്ടു മതിപ്പ് വരുത്തും. ചെക്കനു പറ്റിയാല്‍ പിന്നെ വീട്ടുകാരുടെ ഊഴമാണ്. ചെറുക്കന് ഏറ്റവും തലവേദനയുണ്ടാക്കുന്ന സമയവും. പെണ്ണിനെ കണ്ട ശേഷം സൗന്ദര്യവും ശരീരലാവണ്യവുമൊക്കെ എടുത്ത് കൂട്ടിയും കുറച്ചും അവര്‍ പ്രതിശ്രുതനാരിയെ “അളക്കും’. വീട്ടില്‍ ചില്ലറ മിഠായി കവറുകള്‍ വിരുന്നെത്തും. നിശ്ചയത്തിന് കാരണവന്മാര്‍ കല്യാണ തീയതി തീരുമാനിക്കുന്നതോടെ കല്യാണം തീരുമാനമാകും. കല്യാണം നടക്കുന്നതോടെ ആരവങ്ങളൊഴിയും. വീടിനെ വിടാതെ പൊതിഞ്ഞിരിക്കുന്ന പുത്തന്‍ചായത്തിന്റെ വശ്യമായ ഗന്ധം മാത്രം കുറച്ചു കൂടി നാള്‍ അവിടെ ബാക്കിയാകും.

പൊങ്ങച്ചപ്പാര്‍ട്ടികള്‍
ഇന്ന് മാപ്പിള കല്യാണത്തിലേക്കെത്താന്‍ ഒത്തിരി കടമ്പകളുണ്ട്. മിഠായി കൊടുക്കല്‍, എന്‍ഗേജ്‌മെന്റ്, ബ്രൈഡല്‍ ഷവര്‍, ബ്രൈഡ് ടു ബി , ഗ്രൂം ടു ബി, ഹല്‍ദി , മെഹന്തി, ഗുലാബി എന്നിവയൊക്കെ കഴിഞ്ഞാണ് കല്യാണത്തിലെത്തുക. ഓരോ ചടങ്ങുകളും കെങ്കേമമാക്കാനായി പണം വാരിയെറിയുമ്പോള്‍ ധൂര്‍ത്തിന്റെ കൂത്തരങ്ങുകളായി ഇവ മാറും. നൂറു രൂപയുടെ മിഠായിയില്‍ തീര്‍ന്നിരുന്ന ചടങ്ങിനായി മാത്രം ഇന്ന് അറുപതിനായിരം രൂപയുടെ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടെന്നാണ് കോഴിക്കോട്ടെ ഒരു കച്ചവടക്കാരന്റെ സാക്ഷ്യപ്പെടുത്തല്‍. കുടുംബത്തിലെ ഓരോരുത്തരും വലിയ ചോക്ലേറ്റ് ഹാമ്പറുകള്‍ നാരിക്ക് സമ്മാനിക്കുന്നതാണ് പുതിയ രീതി. മെഹന്തിയില്‍ മൈലാഞ്ചിയില്‍ കുളിക്കുമ്പോള്‍ ഹല്‍ദി മഞ്ഞ കല്യാണമാണ്. ഗുലാബിയില്‍ നാരിയും അന്തരീക്ഷവും ചുവപ്പു വര്‍ണമണിയും. പാട്ട്, ഡാന്‍സ്, കേക്കുമുറി, ഭക്ഷണം കഴിക്കല്‍, ഫോട്ടോ ഷൂട്ട് എന്നിവയാണ് മറ്റു കാര്യപരിപാടികള്‍.
അലങ്കരിച്ച സൽകാര വേദികളില്‍ ഭക്ഷണത്തിന്റെ വൈവിധ്യങ്ങള്‍ കണ്ടാല്‍ ആരുടേയും കണ്ണുതള്ളിപ്പോകും. വിഭവ സമൃദ്ധമായ ഊട്ടിന് എല്ലാതരം വിഭവങ്ങളുമുണ്ടാകും. പുറമെ വരുന്നവര്‍ക്ക് വേണ്ട ഭക്ഷണങ്ങള്‍ നിമിഷങ്ങള്‍ക്കകം ഉണ്ടാക്കി ലൈവ് ടീമും സജ്ജമായിരിക്കും. ഇതില്‍ ഭൂരിഭാഗവും റിസപ്ഷന്‍ കഴിയുമ്പോള്‍ പാഴായിപ്പോകാറാണ് പതിവ്. ഓരോ ചടങ്ങുകള്‍ക്കും പിന്നീടൊരിക്കലും ഉപകാരപ്പെടാത്ത പുത്തന്‍ വസ്ത്രങ്ങള്‍ എടുത്തു പകിട്ട് കാണിക്കുന്ന എത്രയോ പേര്‍. ദുരഭിമാനവും പൊങ്ങച്ചവുമാണ് ഇതില്‍ പലതിന്റെയും ഉള്‍പ്രേരകങ്ങള്‍.

വീട്
ആര്‍ഭാട ബോധത്തിന്റെ മറ്റൊരു അടയാളമാണ് കൊട്ടാരസമാനമായ വീടുകള്‍. അണുകുടുംബത്തിനു പോലും താമസിക്കാന്‍ രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങളാണ് നമ്മള്‍ പണിയുന്നത്. ഫാമിലിയുമായി ഗള്‍ഫില്‍ താമസമാക്കിയ പലരും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയാണ് നാട്ടില്‍ വരിക, ഇതിനായി പടുത്തുയര്‍ത്തുന്നതാകട്ടെ പടു കൂറ്റന്‍ വീടുകളും. സാധാരണക്കാരന് ഒരു വീടുണ്ടാക്കാന്‍ ആവശ്യമായ പണം ചെലവിട്ടാണ് പലരും വീടിനുള്ള ചുറ്റുമതില്‍ പോലും പണിയുന്നത്. കേരളത്തില്‍ 15 ലക്ഷം വീടുകള്‍ താമസമില്ലാതെ അടച്ചിട്ടുണ്ട്. 12 ലക്ഷം പേര്‍ വീടില്ലാതെ കഴിയുന്നുണ്ട്.
ഉള്ള ഭൂമിയുടെ വലിയൊരുഭാഗം വീട് നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഭീമന്മാര്‍ക്ക് മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ഇത്രത്തോളം വേരാഴ് ത്താന്‍ സാധിച്ചതിന്റെ രഹസ്യവും മറ്റൊന്നല്ല. അയ്യായിരവും ആറായിരവും സ്‌ക്വയര്‍ ഫീറ്റിലാണ് പലരും വീടുകള്‍ പണിയുന്നത്. വലിയ വീടുകള്‍ വെച്ചാല്‍ കൂടുതല്‍ ഭംഗിയുണ്ടാകുമെന്ന മിഥ്യാബോധമാണ് മാപ്പിളമാരെ ഇന്നും നയിക്കുന്നത്. വാസ്തവത്തില്‍ ഈ സൗന്ദര്യബോധം വിലക്ഷണമാണ്.ഈ ഭവന ഭ്രമം കേരളത്തിനു പുറത്തെ മുസ്‌ലിം ജീവിതത്തിലേക്ക് കണ്ണോടിച്ചാല്‍ മനസിലാകും. അവിടെയുള്ളവര്‍ വീട്ടിലെ അംഗങ്ങള്‍ക്ക് താമസിക്കാനാവശ്യമായ ഒരു ഭവനം മാത്രമാണ് പണിയുക. മിച്ചം വരുന്ന പണം കൃഷിഭൂമികള്‍ വാങ്ങിക്കാനും വ്യാവസായിക യൂണിറ്റുകളില്‍ ചെലവഴിക്കാനും ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളാണ് അവരുടെ സമ്പത്തിന്റെ ബാക്കിപത്രങ്ങള്‍. നമ്മുടേത് സൈഡ് ഇന്‍വെസ്റ്റുമെന്റുകളാണ്.
ശാരീരികമായ അധ്വാനത്തിന്റെ അഭാവമാണ് നമ്മുടെ ജീവിതശൈലി രോഗങ്ങളുടെ മുഖ്യഹേതു. സ്വന്തം ആവശ്യത്തിനു വേണ്ട പച്ചക്കറികളായ പാവക്ക, പയര്‍, ഉരുളക്കിഴങ്ങ് തുടങ്ങിയവയൊക്കെ സ്വന്തം വീട്ടുമുറ്റത്ത് തന്നെ വിളയിക്കാം. വൈകുന്നേരമാകുമ്പോള്‍ തട്ടുകടകളും ഫാസ്റ്റ് ഫുഡ് സ്റ്റാളുകളും തേടിയിറങ്ങാതെ, വിഷം തീണ്ടാത്ത ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കാം. അത്രക്ക് നല്ല മണ്ണും മഴയും നമ്മുടെ നാട്ടിലുണ്ട്. പക്ഷേ അലസതയാണല്ലോ നമ്മുടെ “മുഖ്യാഹാരം.’
മലബാറില്‍ നിന്ന് പച്ചപ്പ് തേടി മരുഭൂമിയിലേക്ക് ചേക്കേറിയ പ്രവാസികളാണ് ഈ സൗന്ദര്യ ബോധം കൊണ്ട് സായൂജ്യമടയുന്നവരില്‍ മിക്കവരും. ജീവിതത്തിന്റെ ഏറിയ കൂറും മരുക്കാട്ടില്‍ വിയര്‍പ്പൊഴുക്കി നാട്ടില്‍ രമ്യഹര്‍മ്യങ്ങള്‍ പണിയുന്നു. ഗള്‍ഫില്‍ ലേബര്‍ റൂമുകളിലും സ്ട്രക്ച്ചറുകളിലും ജീവിച്ച സമ്പാദ്യമാണിത്. ജീവിത സായാഹ്നത്തില്‍ ജന്മനാട് ആസ്വദിക്കാനായി വന്നെത്തുന്ന ഇവര്‍ പക്ഷേ ഒരുപിടി രോഗവുമായി മറ്റുള്ളവരുടെ അവഗണനയേറ്റ് കഴിയേണ്ടിവരുന്നു എന്നതാണല്ലോ പ്രധാന ആക്ഷേപം.
ആരോഗ്യവും ആനന്ദവും എല്ലാം പണയംവെച്ച് സമ്പാദിക്കുന്നതിന് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ദുരഭിമാനത്തിന്റെ പേരില്‍ കടംവാങ്ങി മാമൂലുകളിലും ആചാരങ്ങളിലും വലിയ വീടുകളിലും പണം ചെലവാക്കുന്നതില്‍ നിന്ന് മാറി നിർമാണാത്മകമായ നിക്ഷേപങ്ങളിലേക്ക് തിരിയേണ്ടിയിരിക്കുന്നു. ഏറ്റവും നല്ല സമ്പാദ്യം ആത്മസംതൃപ്തിയുള്ള ജീവിതമാണെന്നാണ് ആപ്ത വാക്യം.

വ്ലോഗിങ് വേലകള്‍
ആര്‍ഭാടത്തിന്റെ ആഴിയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നതില്‍ പുതിയകാലത്തെ യൂട്യൂബ് ചാനലുകള്‍ക്കും സാമൂഹ്യമാധ്യമങ്ങളും വലിയ പങ്കുണ്ട്. വിലയേറിയ ഭക്ഷണപദാര്‍ഥങ്ങളും വാഹനങ്ങളും വാങ്ങി അനാവശ്യമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്ന ബൈറ്റുകള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ വ്യൂവേഴ്സ്. മാപ്പിളമാരുടെ വീടകങ്ങളില്‍ നിന്ന് യൂട്യൂബിലേക്ക് എത്തുന്ന ഫാമിലി വ്‌ളോഗുകളിലും ഭക്ഷ്യ ധൂര്‍ത്തിന്റെ നിന്ദ്യമായ കാഴ്ചകള്‍ കാണാം. ബര്‍ത്ത്‌ഡേ സെലിബ്രേഷനുകളില്‍ കാണുന്നത് ഇതാണ്. വമ്പന്‍ കേക്കുകള്‍ ഉണ്ടാക്കി പരസ്പരം മുഖത്തും ശരീരത്തിലും വാരിത്തേച്ച് വികൃതമാക്കുകയും പാഴാക്കുകയും ചെയ്യുന്നതാണ് നമ്മുടെ ആഘോഷങ്ങള്‍! ക്ലോസറ്റ് കേക്ക് സംഭവം ഈയൊരു ആശങ്കയെ പങ്കുവെക്കുന്നുണ്ട്. ക്ലോസറ്റിന്റെയും വിസര്‍ജ്യത്തിന്റെയും മാതൃകയില്‍ കേക്കുണ്ടാക്കി കൂട്ടുകാര്‍ ചുറ്റുമിരുന്ന് പങ്കാളി കളെ കൊണ്ട് പരസ്പരം വിസര്‍ജ്യം ഭക്ഷിപ്പിക്കുന്ന കാഴ്ച്ച അന്നത്തോടുള്ള അവജ്ഞയുടെ അങ്ങേയറ്റത്തെ ചിത്രങ്ങളാണ്.

വാഹനവും വസ്ത്രവും
ഭൗതികജീവിതത്തില്‍ മഹത്തായ സമ്പാദ്യം തന്നെയാണ് വീടും വാഹനവും. ഓരോരുത്തരുടെയും ശേഷിക്കും ആവശ്യത്തിനുമനുസരിച്ച് ആകാം. വസ്ത്രങ്ങളും വാഹനങ്ങളും ആവശ്യാനുസരണമാകുന്നത് മതം വിലക്കുന്നില്ല. പക്ഷേ ധൂര്‍ത്ത് പാടില്ല.
വാഹനങ്ങള്‍ ആവശ്യം ആകുമ്പോഴും അനാവശ്യമായി അത് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. പാലക്കാട് ജില്ലയിലെ ഒരു സമ്പന്നന് ചടങ്ങുകള്‍ക്കായി പുറത്തുപോകാന്‍ ഒരു ആഡംബരക്കാറും തിരിച്ചുപോരാന്‍ മറ്റൊന്നുമാണത്രെ. നടക്കേണ്ടിടത്തേക്ക് നടന്നും വാഹനത്തിന്‍ പോകേണ്ടിടത്തേക്ക് അങ്ങനെയും പോകുമ്പോള്‍ നമ്മുടെ ലോകവും പ്രകൃതിയുമൊക്കെ കൂടുതല്‍ മനോഹരമായിത്തീരും.
മാപ്പിള ജീവിതത്തിന്റെ മാറിയ ദിശയില്‍ നാമറിയാത്ത നമ്മുടെ ജീവിതത്തിലേക്ക് കയറിക്കൂടിയ ആര്‍ഭാടത്തിന്റെ അടയാളങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. ദുര്‍വ്യയം അരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല എന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു ■

Share this article

About അബ്ദുല്ല ചെമ്പ്ര

mpaabdullahchembra@gmail.com

View all posts by അബ്ദുല്ല ചെമ്പ്ര →

Leave a Reply

Your email address will not be published. Required fields are marked *