ഗൾഫെഴുത്തിലെ പെൺപർവം

Reading Time: 9 minutes

സഹീറ തങ്ങള്‍
ദീര്‍ഘകാലം പ്രവാസിയായിരുന്നു പ്രശസ്ത എഴുത്തുകാരിയായിരുന്ന സഹീറ തങ്ങള്‍. ഇപ്പോള്‍ പ്രവാസജീവിതം ഇടക്കുള്ള സന്ദര്‍ശനങ്ങളില്‍ മാത്രമാണ്. പക്ഷേ പ്രവാസലോകത്തെ എഴുത്തുകാരികളെ അന്വേഷിക്കുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത പേരായി സഹീറ തങ്ങള്‍ മുന്നിലുണ്ട്. വര്‍ഷങ്ങള്‍ നീണ്ട എഴുത്തുലോകത്തെക്കുറിച്ച് അവര്‍ സംസാരിച്ചു തുടങ്ങുന്നു:
“പതിനാലുവര്‍ഷക്കാലം ദുബായിലായിരുന്നു. ബിരുദത്തിന് ശേഷമായിരുന്നു അങ്ങോട്ടുള്ള പറിച്ചുനടല്‍. എംബിഎ അവിടെയാണ് ചെയ്തത്. ശേഷം അവിടെയൊരു പരസ്യക്കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് വിവിധ പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി എഴുതി. എഴുത്ത് കുട്ടിക്കാലം മുതല്‍ക്കുതന്നെ കൂടെയുണ്ടായിരുന്നു. പത്തുവയസു മുതല്‍. പക്ഷേ എഴുത്തുകള്‍ പബ്ലിഷ് ചെയ്തത് കോളേജ് മാഗസിനുകള്‍ വഴിയായിരുന്നു.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത് പള്ളിക്കുന്നിലാണ് ജനിച്ചതും വളര്‍ന്നതും. എന്റെ പത്തൊമ്പത് വയസുവരെയുള്ള കാലം അവിടെയായിരുന്നു. അത് ഉമ്മയുടെ നാടായിരുന്നു. മഞ്ചേരിക്കാരനായിരുന്നു ഉപ്പ. തറവാട് വീട് മണ്ണാര്‍ക്കാട് തന്നെയാണ്. ഇപ്പോഴാണ് കൊച്ചിയിൽ സെറ്റിലാവുന്നത്. ഞാനും മക്കളും കൊച്ചിയിലാണിപ്പോള്‍ താമസിക്കുന്നത്.
കോളേജ് മാഗസിനുകളിലും മത്സരങ്ങളിലും എഴുതിയ കഥകള്‍ക്കൊക്കെ ഒന്നാം സമ്മാനം ലഭിച്ചു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കഥക്കും ഒന്നാം സമ്മാനം ലഭിച്ചു. അതാണ് എഴുത്തിന്റെ തുടക്കം.
ഗള്‍ഫ് ജീവിതത്തിലാണ് ആനുകാലികങ്ങളില്‍ പബ്ലിഷ് ചെയ്യുവാന്‍ തുടങ്ങിയത്. ദുബായില്‍ മലയാളം ന്യൂസിലായിരുന്നു തുടക്കം. ആദ്യകാലങ്ങളില്‍ പുതുതായി എഴുതിത്തുടങ്ങുന്ന എഴുത്തുകാരുടെ ഒരു പംക്തി ഉണ്ടായിരുന്നു. അവര്‍ അവാര്‍ഡൊക്കെ കൊടുക്കുമായിരുന്നു. അങ്ങനെയാണ് എന്റെ ആദ്യത്തെ കഥ വരുന്നത്. “സ്വര്‍ണം വിളയുന്ന നാട്’ എന്ന കഥക്കാണ് അന്നവരുടെ അവാര്‍ഡ് ലഭിച്ചത്. അങ്ങനെയാണ് എഴുത്തിലേക്ക് വരുന്നത്. ആ അവാര്‍ഡ് രണ്ടു ഗോള്‍ഡ് കോയിനുകളായിരുന്നു. -സഹീറ തങ്ങള്‍ പറയുന്നു. തൊണ്ണൂറ്റിയേഴുകളിലാണ് ആ സംഭവം. അതിന് ശേഷമാണ് എഴുത്തുകള്‍ ശ്രദ്ധിക്കപ്പെടുന്നത്.
അഞ്ചാംക്ലാസുമുതല്‍ തന്നെ എഴുത്ത് തുടങ്ങിയിരുന്നു. അതൊരു പ്രണയനോവലായിരുന്നു. “തെങ്ങോലയിലെ കിളിക്കൂട്’ എന്നായിരുന്നു നോവലിന്റെ പേര്. അത് പ്രസിദ്ധീകരിച്ചില്ല. 200 പേജുള്ള നോട്ടുബുക്കിലെഴുതിയ നോവലായിരുന്നു. അന്നത് വല്ലിപ്പാക്ക് വായിക്കാന്‍ കൊടുത്തു. സ്‌കൂളിലെ ഹെഡ്മാഷിന് വായിക്കാന്‍ കൊടുത്തു. വായിച്ചുനോക്കി ഹെഡ്മാഷ് തലയിലൊക്കെ തടവി ഇഷ്ടം പ്രകടിപ്പിച്ചിരുന്നു.
“അഞ്ചാം ക്ലാസിലെ പ്രണയനോവല്‍ വേണമെങ്കില്‍ വല്ലിപ്പാക്കൊക്കെ എതിര്‍ക്കാമായിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന തങ്ങളെന്ന നിലയിൽ പ്രത്യേകിച്ചും. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല. വല്ലിപ്പ ഒരുപാട് യാത്രകളൊക്കെ ചെയ്ത, വലിയ ലോകം കണ്ട ആളാണ്. ആളെന്നെ അനുഗ്രഹിക്കുകയാണ് ചെയ്തത്. അതായിരുന്നു ടേണിംഗ് പോയിന്റ്. എട്ടാം ക്ലാസില്‍ ആദ്യമായി കവിതയെഴുതി.’
അന്നൊക്കെ രണ്ടാം ക്ലാസുമുതലുള്ള വായനയുണ്ടായിരുന്നു. എന്തും വായിക്കലായിരുന്നു അന്നത്തെ പതിവ്. പലചരക്ക് സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന പേപ്പറുകള്‍ വായിക്കുന്നത് ഭ്രമമായിരുന്നു. ആഴ്ച്ചപതിപ്പുകള്‍, പേപ്പറുകളൊക്കെയാണ് വായന.
ആറാം ക്ലാസിലെത്തിയപ്പോള്‍ വായനയുടെ ഗതി മാറി. പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. മാധവിക്കുട്ടിയെയും ഒഎന്‍വിയെയും സുഗതകുമാരിയെയും ബഷീറിനെയും വായിച്ചു. കഥകളോടും കവിതകളോടുമുള്ള ബന്ധം കൂടി. പത്മനാഭനും ഒവി വിജയനും കയറി വന്നു. ഹൈസ്‌കൂള്‍ ലെവലില്‍ വായനയുടെ രീതി വീണ്ടും മാറി. വായന സെലക്ടീവാകാന്‍ തുടങ്ങി. വായന വലിയ ഘടകമാണ് എഴുത്തിന് എന്നാണെന്റെ അഭിപ്രായം.
“ഗള്‍ഫില്‍ ഒരുപാട് എഴുത്തുകാരുണ്ട്. പക്ഷേ എന്തുകൊണ്ടാണ് മുഖ്യധാരയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം ഉണ്ടാകുന്നത്. നാട്ടിലൊക്കെ പ്രസിദ്ധീകരിക്കേണ്ട പലതും ഗള്‍ഫ് പ്രസിദ്ധീകരണങ്ങളില്‍ ഒതുങ്ങിപ്പോകുന്നതാണ് കാണുന്നത്. പെട്ടെന്ന് പബ്ലിഷ് ചെയ്യാന്‍ കഴിയും. ചന്ദ്രിക ഉള്‍പ്പെടെ പല പത്രങ്ങള്‍ക്കും വീക്കെന്റ് പതിപ്പുകളുണ്ട്. അതിലേക്കെഴുതുമ്പോള്‍ പെട്ടെന്ന് തന്നെ പുറത്ത് വരുന്നു. അതിലങ്ങനെ അഭിരമിക്കുന്നു. അത്തരം ന്യൂനതകള്‍ വ്യാപകമായി ഇവിടെ കണ്ടുവരുന്നുണ്ട്.
“കലാകൗമുദി, മാതൃഭൂമി, ഭാഷാപോഷിണി, മാധ്യമം തുടങ്ങി പലതിലും എന്റെ എഴുത്തുകള്‍ പബ്ലിഷ് ചെയ്തിരുന്നു. മാധ്യമം വാര്‍ഷിക പതിപ്പിലാണ് ആദ്യത്തെ നോവല്‍ അച്ചടിച്ചുവന്നത്. എഴുത്ത് ലോകത്ത് സ്ഥിരത കൈവരിക്കാന്‍ ഹാര്‍ഡ് വര്‍ക്കിന് റോളുണ്ട്. അഡീഷ്‌നലായി ആരും സഹായിക്കാനുണ്ടാവില്ല. നമ്മള്‍ എവിടെ നിന്നെഴുതിയാലും നമ്മള്‍ നമ്മളെത്തന്നെ പരിപോഷിപ്പിക്കണം. ഇത് പറഞ്ഞത് വായനക്ക് പ്രാധാന്യമുണ്ടെന്ന് അറിയിക്കാനാണ്. ക്യാംപുകള്‍, പ്രധാനപ്പെട്ട എഴുത്തുകാരുമൊക്കെയായി പരിചയങ്ങളും ഉണ്ടാക്കണം.
എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട എഴുത്തുകാരുമായെല്ലാം പരിചയമുണ്ട്. സക്കറിയയുമായും ശിഹാബുദ്ദീനുമായും പത്മനാഭനുമായുമൊക്കെ പരിചയമുണ്ട്. മാധവിക്കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നു. എന്റെ ആദ്യത്തെ കവിതാസമാഹാരം “ഞാനെന്ന ഒറ്റവര’ മാധവിക്കുട്ടിയാണ് പ്രകാശനം ചെയ്തത്. 2007ലാണത്. അന്ന് മാധവിക്കുട്ടി താമസിക്കുന്നയിടത്തു ചെന്നാണ് പ്രകാശനം ചെയ്തത്. അന്നവര്‍ കവിതാസമാഹാരം വായിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വായിച്ചുകൊടുത്തു. വളരെ സന്തോഷത്തോടെ, “കുട്ടീ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയ കവിയാണ്’ എന്നൊക്കെ പറഞ്ഞത് കണ്ണില്‍ വെള്ളം നിറച്ചു. അതൊക്കെയാണ് നമുക്ക് കിട്ടുന്ന അംഗീകാരം. പത്തോ അമ്പതോ എഴുതിയാല്‍ അതിലെ നാലോ അഞ്ചോ മാത്രമേ ഞാന്‍ പബ്ലിഷ് ചെയ്യാറുള്ളൂ. നേരെമറിച്ച് എന്തെഴുതിയാലും പബ്ലിഷ് ചെയ്യുന്ന രീതിയിലേക്ക് പ്രവാസി എഴുത്തുകാര്‍ മാറിയിരിക്കുന്നു. അത് ഒരു എഴുത്തുകാരനും കഴിയില്ല. ഗള്‍ഫില്‍ എന്തെഴുതിയാലും അവസരങ്ങള്‍ ലഭിക്കുന്നു. അതൊരു നെഗറ്റീവായ രീതിയാണ്. വായനക്കാര്‍ ബുദ്ധിയുള്ളവരാണ്. എന്തുകൊടുത്താലും വായിക്കുന്നവരല്ല, വായന മരിച്ചിട്ടൊന്നുമില്ല. ഒരു വായനാസമൂഹം ഇവിടെയുണ്ട്.
സെലക്ടീവായി എഴുതണം, പബ്ലിഷ് ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ ഇപ്പോഴും അങ്ങനെതന്നെയാണ് ചെയ്യുന്നത്. “ഒളിക്കവിതകള്‍’ എന്നൊരു കവിതാസമഹാരം എന്റേത് ഇത്തവണ ഷാര്‍ജ ബുക്ക് ഫെസ്റ്റില്‍ ഇറങ്ങിയിട്ടുണ്ട്. 2003ലാണ് ഇതിന് മുമ്പ് കവിതാസമാഹാരം ഇറങ്ങിയത്. അതിനുശേഷം ഒരുപാട് കവിതകളെഴുതിയതില്‍ സെലക്ട് ചെയ്താണ് ഇപ്പോഴിറക്കിയത്. എനിക്ക് വേണേല്‍ അതിനിടയില്‍ നാലഞ്ചെണ്ണം ഇറക്കാനുള്ള സമയമുണ്ടായിരുന്നു. എഴുതുന്നതില്‍ കുഴപ്പമില്ല, എന്തുമെഴുതാം. പക്ഷേ വായനക്കാരന് കൊടുക്കുന്നത് സെലക്ടീവായതാവണം. പുതിയ ജനറേഷനില്‍ നല്ലൊരു ശതമാനം ഇങ്ങനെയല്ല. ഇപ്പോള്‍ കണ്ടമാനം പബ്ലിഷേഴ്‌സാണ്. മുമ്പൊക്കെ ഡിസി ബുക്‌സ്, മാതൃഭൂമി ഇവയൊക്കെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോഴിക്കോട് തന്നെ ഒരുപാട് പബ്ലിഷേഴ്‌സുണ്ടിപ്പോള്‍. പണ്ട് എത്രകാലമെടുത്ത് എഴുതിയതാണെങ്കിലും ക്വാളിറ്റിയില്ലെങ്കില്‍ പബ്ലിഷ് ചെയ്യില്ലായിരുന്നു. ക്വാളിറ്റിയുള്ള വര്‍ക്കുകള്‍ എത്രകാലം കഴിഞ്ഞാലും ശ്രദ്ധിക്കപ്പെടുമെന്നാണ് എന്റെ അഭിപ്രായം.
“തങ്ങളുടെ രചനകള്‍ പുറംലോകം കാണണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അപ്പോള്‍ അവരെ പബ്ലിഷേഴ്‌സ് ചൂഷണം ചെയ്യുന്നതും കാണാം. പതിനായിരത്തിന് ഇറക്കേണ്ട പുസ്തകങ്ങള്‍ ഇരുപത്തിഅയ്യായിരത്തിന് ഇറക്കി അവരെ ചൂഷണം ചെയ്യുന്നുമുണ്ട്. ക്വാളിറ്റിയുള്ള എഴുത്തുകാര്‍ പ്രവാസ എഴുത്തുകാരില്‍ ഉണ്ടാവുന്നില്ല, ചവറ് പോലെ എഴുതുക എന്നതല്ലാതെ. അത് മാറണം.
മലയാളം ന്യൂസില്‍ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. കവിതകളും കഥകളും നിരവധി മാഗസിനുകളിലൊക്കെ വരാന്‍ തുടങ്ങി. ഓണപ്പതിപ്പുകളിലും എഴുതിയിരുന്നു. ജോലിത്തിരക്കിടനില്‍ എഴുതാന്‍ സമയം ഉണ്ടായിരുന്നോ എന്ന് പലരും ചോദിക്കാറുണ്ട്. സമയം ഉണ്ടായിരുന്നില്ല, അത് സത്യമാണ്. പക്ഷേ എല്ലാവര്‍ക്കുമുള്ളത് പോലെ ഇരുപത്തിനാല് മണിക്കൂര്‍ എനിക്കുമുണ്ടായിരുന്നു. നമുക്ക് മനസുണ്ടായാല്‍ ആദ്യഘട്ടമായി.
പ്രവാസിത്തിലെത്തുമ്പോഴാണ് മകളുണ്ടാവുന്നത്. ആറുമാസം കഴിഞ്ഞ് ജോലിക്ക് കേറുന്നു. അതിനിടയില്‍ ഡ്രൈവിങ്, എംബിഎ പഠിച്ചിരുന്നു. അതിനിടയിലും ഞാനെഴുതിയിരുന്നു. എന്നെ സംബന്ധിച്ച് എഴുത്ത് ഒരു ഐഡന്റിറ്റിയാണ്. എഴുത്തില്‍ നിന്ന് എന്നെ മാറ്റിനിര്‍ത്തിയാല്‍ ഞാനില്ല. നമ്മുടെ ഒരുപാട് ഫ്രസ്റ്റേഷനുകള്‍ എഴുതാതിരിക്കുമ്പോള്‍ കൂടുതലാവും. നമ്മുടെ ലൈഫ് ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ എഴുത്ത് സഹായിക്കുന്നുണ്ട്.
എന്റെ കവിതകള്‍ എന്റെ മനസാണ്. എഡിറ്റിങ് പോലും നടത്താറില്ല. ടൈറ്റിലെന്തെങ്കിലുമിടുമെന്നല്ലാതെ. അല്ലാഹു തന്ന സിദ്ധി. അത് മാറ്റിനിര്‍ത്തിയാല്‍ ഞാനുണ്ടാവില്ല. പരസ്യക്കമ്പനിയിലെ ജോലി ചെയ്യുന്നു. പക്ഷേ മെന്റലി സമാധാനപ്പെടുന്നത് എഴുതുമ്പോഴാണ്. മിക്കവരും അങ്ങനെ ചെയ്താല്‍ മതി. പക്ഷേ നമ്മള്‍ മാറ്റിവെക്കുന്നത് ഇത്തരം ക്രിയേറ്റിവിറ്റിയാണ്. കോളേജിൽ ക്ലാസെടുക്കാന്‍ പോകുമ്പോള്‍ ഒരുപാട് പെണ്‍കുട്ടികളെ പരിചയപ്പെടാറുണ്ട്. മുസ്‌ലിംപെണ്‍കുട്ടികൾ കല്യാണം കഴിഞ്ഞാല്‍ ഇതേ മേഖലയില്‍ കാണാറില്ല. ഇതിന് കുടുംബത്തിന്റെ പിന്തുണ ആവശ്യമുണ്ട്.
തങ്ങള്‍ കുടുംബത്തില്‍ നിന്നും വന്നത് കൊണ്ട് എനിക്കൊരുപാട് പ്രിവിലേജുകള്‍ കിട്ടിയിട്ടുണ്ട്. ആദ്യത്തെ നോവല്‍ “റാബിയ’ വളരെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അത് പബ്ലിഷ് ചെയ്യുന്നത് പ്രശ്‌നമാവുമോ എന്നൊക്കെ ചിന്തിച്ചു. കൂടെ നിന്നയാളുകള്‍ ബോള്‍ഡായിരുന്നു. എനിക്ക് നോവലുകൊണ്ട് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല.
ആദ്യത്തെ നോവലിന് ശേഷം രണ്ടാമത്തെ നോവല്‍ “വിശുദ്ധ സഖിമാരാ’യിരുന്നു. ഡിസി ബുക്‌സാണത് പബ്ലിഷ് ചെയ്തത്. മൂന്ന് കവിതാസമാഹാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഞാനെന്ന ഒറ്റവര ഡിസിയാണ് ഇറക്കിയത്. ആശ്രമകന്യകയാണ് രണ്ടാമത്തെ കവിതാസമാഹാരം. ഒളിക്കവിതകള്‍ കൈരളി പബ്ലിഷേഴ്‌സാണ് ഇറക്കിയത്. വിവിധ മാഗസിനുകളില്‍ പബ്ലിഷ് ചെയ്ത കഥകള്‍ ഒരു പുസ്തകമായി ഇറക്കിയിരുന്നു. ഓരോ വ്യക്തിയും ഓരോ രാജ്യമാണ് എന്ന ഓര്‍മക്കുറിപ്പുകളുള്ള പുസ്തകം ഷാര്‍ജ ബുക്ക് ഫെസ്റ്റില്‍ ഇറങ്ങിയിരുന്നു. പുടവയില്‍ ഒരുപാട് തവണകളായി ചെയ്തതാണത്.
“നമ്മുടെ പബ്ലിസിറ്റി എന്നതിലൊന്നും കാര്യമില്ല. നമ്മള്‍ ചെയ്യുന്ന നല്ലത് എല്ലാ കാലവും നിലനില്‍ക്കും. സമൂഹത്തിന് നന്‍മകൊണ്ടുവരാന്‍ കഴിയും. അത്തരം കാര്യങ്ങളെ അടിസ്ഥാനാമാക്കി ഗള്‍ഫിലാണേലും എവിടെയിരുന്ന് ചെയ്താലും ശ്രദ്ധിക്കപ്പെടും. പില്‍ക്കാലത്ത് അവരെ ജനങ്ങള്‍ അംഗീകരിക്കും. ഞാനിപ്പോഴും ഗള്‍ഫില്‍ പോയി വരും. ഇത്തവണ ബുക്ക് ഫെയറിന് പോവാന്‍ കഴിഞ്ഞില്ല. ഗള്‍ഫെനിക്ക് നൊസ്റ്റാള്‍ജിയയാണ്. ഗള്‍ഫില്‍ എഴുത്തുകാര്‍ക്ക് വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്. എഴുത്തുകള്‍ക്കായി കൊച്ചു കൊച്ചു കൂട്ടായ്മകളുണ്ട്. എല്ലാ വെള്ളിയാഴ്ച്ചയും എഴുത്തുമായി ബന്ധപ്പെട്ട് കൂടാറുണ്ടായിരുന്നു. പരസ്പരം പിന്തുണക്കുന്ന ഗ്രൂപ്പുകളാണവയെല്ലാം.’ ഒരു കലാകാരന്‍ ഒരിക്കലും അവനവനെ മാത്രം കാണരുതെന്നാണെന്റെ അഭിപ്രായം.
രണ്ടു പെണ്‍മക്കള്‍. ഭര്‍ത്താവ് ദുബൈയില്‍ പരസ്യക്കമ്പനിയിലാണ് ജോലി. ബഷീര്‍ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ്. വിജയനും സക്കറിയയും മാധവിക്കുട്ടിയുമൊക്കെ ഇഷ്ടപ്പെട്ട എഴുത്തുകാര്‍. മാധവിക്കുട്ടിയാണ് ഇന്‍സ്‌പെയര്‍ ചെയ്തിട്ടുള്ളത്. ശിഹാബുദ്ദീനും റഫീക് അഹ്മദും സിത്താരയുമൊക്കെ ഇഷ്ടമാണ്. വീരാന്‍കുട്ടിയുടെ കവിത ഇഷ്ടമാണ്.
ഒരുഘട്ടം കഴിഞ്ഞാല്‍ മറ്റു ഭാഷകളിൽ വായിക്കണം. ഗള്‍ഫില്‍ നിന്നാണ് ഞാന്‍ പലതും വായിച്ചത്. മാര്‍ക്കേസിനേയും പൗലോ കൊയ്‌ലോയെയുമെല്ലാം. എല്ലാ പുസ്തകങ്ങള്‍ക്കും ട്രാന്‍സ്‌ലേഷനും ഉണ്ടായിരിക്കും. ഇതും വായിക്കാന്‍ സഹായകരമാണ്.
ഇപ്പോള്‍ കൊച്ചിയില്‍ സൈക്കോളജിസ്റ്റാണ്. സര്‍ക്കാരിന്റെ മൈനോരിറ്റി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എറണാകുളത്ത് പ്രീമാരിറ്റല്‍ കോഴിസിന്റെ ഫാക്കല്‍റ്റിയുമാണ്.

റസീന കെ പി

ചെറുപ്പത്തില്‍ എനിക്ക് വായിക്കാനൊക്കെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ അന്നൊന്നും പുസ്തകങ്ങള്‍ ലഭ്യമായിരുന്നില്ല. എവിടെ നിന്നെങ്കിലും എന്തെങ്കിലും കിട്ടിയാല്‍ വായിക്കും. കൂടാതെ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് വായിക്കും. ഏത് പുസ്തകം കിട്ടിയാലും വായിക്കുമായിരുന്നു. കോഴിക്കോട് സ്വദേശി റസീന കെപി പ്രവാസ എഴുത്തിനെക്കുറിച്ച് പറഞ്ഞുതുടങ്ങി:
മലയാളത്തിനോടുള്ള ഇഷ്ടം കാരണം പ്രീഡിഗ്രിക്ക് കൊമേഴ്‌സ് ആയിട്ടുപോലും ഫറൂഖ് കോളേജില്‍ ബിഎ മലയാളത്തിന് ചേര്‍ന്നു. പക്ഷേ ആ സമയത്തൊന്നും എഴുത്തിനെ കാര്യമായി എടുത്തിരുന്നില്ല. വായിച്ചിരുന്നു. ഏറ്റവും കൂടുതല്‍ വായനക്ക് ഉപയോഗപ്പെടുത്തിയിരുന്നത് ഫാറൂഖ് കോളേജ് ലൈബ്രറിയായിരുന്നു. അവിടെ നിന്നാണ് ഒരുപാട് പുസ്തകങ്ങള്‍ പരിചയപ്പെട്ടത്. അങ്ങനെ വായന തുടര്‍ന്നുപോന്നു. ആ സമയത്തൊന്നും എഴുതിയിരുന്നില്ല. ഡയറിയിലൊക്കെ എന്തെങ്കിലും എഴുതിവെക്കുക എന്നതല്ലാതെ. ആ സമയത്ത് (2000) ഞങ്ങടെ നാട്ടില്‍ ഇറങ്ങിയിരുന്ന ഒരു പ്രാദേശിക മാഗസിനുണ്ടായിരുന്നു. ഒരു കവിതയെഴുതി അതില്‍ ആദ്യമായി അച്ചടിച്ചുവന്നു. പിന്നീട് ഒന്നുരണ്ടെണ്ണം അവിടെയിവിടെയായി പ്രസിദ്ധീകരിച്ചു. പക്ഷേ അപ്പോഴും എഴുത്തിനെ ഞാന്‍ കാര്യമായി എടുത്തില്ല.
പിജി, ബിഎഡ് പഠനം, വിവാഹജീവിതമൊക്കെയായി പല തിരക്കുകളിലായി. ബിഎഡ് ചെയ്യുമ്പോൾ മോനുണ്ടായി. കുടുംബജീവിതമായി. ആ കാലത്ത് വായിക്കാനും എഴുതാനും മറന്നുപോയി. എനിക്ക് വായിക്കാനും എഴുതാനുമറിയുമെന്നത് ഞാന്‍ തന്നെ വിട്ടുപോയി. ഒരുപക്ഷേ, അതിനൊന്നും പിന്തുണ ലഭിക്കാത്തതുകൊണ്ടാവാം. അതിന് ശേഷം പ്രവാസത്തിലെത്തുമ്പോഴാണ് എഴുതിത്തുടങ്ങുന്നത്.
പ്രവാസത്തിലെത്തിയപ്പോഴും ഞാന്‍ എഴുത്തിനെകുറിച്ച് ചിന്തിച്ചില്ല. മൂന്നുവര്‍ഷം കഴിഞ്ഞാണ് എഴുതിയാലോ എന്നുള്ള ചിന്ത വരുന്നത്. ഇപ്പോള്‍ എട്ടുവര്‍ഷമായി പ്രവാസജീവിതത്തിലാണ്. നാലുവര്‍ഷമായി ഇപ്പോള്‍ എഴുത്തുജീവിതം തുടങ്ങിയിട്ട്. ഷാര്‍ജ ബുക്ക് ഫെയറാണ് എഴുതാനുള്ള ഒരു പ്രോ ത്സാഹനം. സുഹൃത്തും എഴുത്തുകാരിയുമായ ജസ്മി സെമീറിന്റെ പുസ്തകപ്രകാശന സമയത്താണ് ഞാന്‍ ആദ്യമായി ഷാര്‍ജ ഫെസ്റ്റിവലിന് പോകുന്നത്. അതൊരു വഴിത്തിരിവായി. അവരുടെ എഴുത്തെനിക്കൊരു പ്രചോദനമായി. ഇവിടെയായിരുന്നു മോന്‍ പഠിച്ചിരുന്നത്. പിന്നീട് പത്താംക്ലാസിനുശേഷം അവന്‍ നാട്ടിലേക്ക് പോയി. മോന്‍ പോയത് എനിക്ക് ഉള്‍ക്കൊള്ളാനായില്ല. അതില്‍ നിന്ന് റികവറാവാന്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നലായിരുന്നു പിന്നീടുണ്ടായിരുന്നത്. അങ്ങനെയാണ് കവിതയെഴുതുന്നത്. അത് അവനുവേണ്ടിയായിരുന്നു. ആ കവിത എന്റെ ഡയറിയില്‍ തന്നെയിരുന്നു. പിന്നീട് കുറേ കഴിഞ്ഞ് ഫാമിലി ഗ്രൂപ്പില്‍ എന്തോ ചര്‍ച്ച വന്നപ്പോഴാണ് ഞാനാ കവിതയിടുന്നത്. അന്നതെന്റെ എളാപ്പ കണ്ടു. എളാപ്പ പൊതുവെ ഇതിനോടൊക്കെ ഇഷ്ടമുള്ളയാളായിരുന്നു. എളാപ്പയാണ് കവിത നല്ലതാണെന്നും പറഞ്ഞ് മലയാളം ന്യൂസില്‍ പ്രസിദ്ധീകരിക്കാന്‍ കൊടുക്കുന്നത്. അങ്ങനെ കുറേപേര്‍ പ്രോത്സാഹനവുമായി വന്നു. അങ്ങനെയങ്ങനെ ഞാന്‍ എഴുതാന്‍ തുടങ്ങി.
എഴുതാന്‍ തുടങ്ങിയതോടെ ഇവിടെയുള്ള പലരേയും പരിചയപ്പെടാന്‍ തുടങ്ങി. അജ്മാന്‍ സ്‌കൂളില്‍ അധ്യാപികയാണ് ഞാന്‍. സ്‌കൂളില്‍ നിന്ന് പ്രോത്സാഹനം കിട്ടാന്‍ തുടങ്ങി. സുഹൃത്തുക്കളും മുന്നോട്ടുവന്നു. ബുക്ക് ഫെയറുകളില്‍ പങ്കെടുത്തു തുടങ്ങി. ചെറിയ ചെറിയ സാഹിത്യസദസുകളിലേക്ക് ക്ഷണിക്കപ്പെട്ടു. അങ്ങനെയങ്ങനെ കുറേപേരെ പരിചയപ്പെട്ടു.
2018ലാണ് പെണ്‍തുമ്പി എന്ന കവിതാസമാഹാരം ലിപി പ്രസിദ്ധീകരിക്കുന്നത്. പിന്നീടങ്ങോട്ട് എഴുത്തില്‍ കൂടുതല്‍ സജീവമാവുകയായിരുന്നു. ആ എഴുത്തിന് നാട്ടില്‍ പുരസ്കാരം ലഭിച്ചു. അതിന്റെ സെക്കന്റ് എഡിഷനും ഇറങ്ങിയിരുന്നു. പിന്നീട് 2019ല്‍ രണ്ടാമത്തെ കവിതാസമാഹാരം ഇറങ്ങി. ഷാര്‍ജ ബുക് ഫെസ്റ്റിവെലിലായിരുന്നു “പരാജിതരുടെ ആകാശം’ എന്ന പേരിലുള്ള കവിതാസമാഹാരം ഇറങ്ങിയത്. ലിപി പബ്ലിക്കേഷന്‍സ് തന്നെയായിരുന്നു അതും പ്രസിദ്ധീകരിച്ചത്. ഒരുപാട് വായനക്കാരിലേക്ക് ആ പുസ്തകം എത്തിയിരുന്നു. ഒരുപാട് റിവ്യൂസൊക്കെ ലഭിച്ചു. നല്ല അഭിപ്രായങ്ങള്‍ ഒരുപാട് വന്നു.
കവിതകള്‍ക്കു പുറമെ കഥകളും എഴുതിത്തുടങ്ങി. അതില്‍ മൂന്നെണ്ണം പ്രസിദ്ധീകരിച്ചു. എന്നാല്‍ കഥകള്‍ക്കു പലതിനും ക്രാഫ്റ്റില്ലെന്ന എന്റെ തോന്നലില്‍ പലതും പ്രസിദ്ധീകരിക്കാന്‍ മടിച്ചുനിന്നു. കഥയെഴുത്തില്‍ വല്ലാതെ മിനക്കെട്ടില്ല. പക്ഷേ പുസ്തക റിവ്യൂകള്‍ ഒരുപാടെഴുതി. ഗള്‍ഫ് അടിസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന “എഴുത്തോല’ വാട്‌സാപ് ഗ്രൂപ്പിനായി നിരന്തരം പുസ്തകം റിവ്യൂ എഴുതുമായിരുന്നു. അതൊരു റീഡിംഗ് ചലഞ്ച് മുന്നില്‍ കണ്ടു തുടങ്ങിയ ഗ്രൂപ്പായിരുന്നു. സാദിഖാവിലിന്റെ “കാവിലെ പൂക്കള്‍ക്കും കിളികള്‍ക്കും’ എന്ന പുസ്തകത്തിന്റെ റിവ്യൂവിന് എഴുത്തോല പുരസ്‌ക്കാരം ലഭിച്ചു. അതാണ് പല ആളുകള്‍ക്കും എന്നെ അറിയാനുള്ള അവസരമൊരുക്കിയത്.
എഴുത്തോല, അക്ഷരക്കൂട്ടം, പ്രവാസി മലയാളിക്കൂട്ടായ്മ തുടങ്ങിയ വാട്‌സാപ് കൂട്ടായ്മകള്‍ എനിക്ക് എഴുത്തിന് നന്നായി പ്രചോദനം നല്‍കി. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, തുടങ്ങി കുടുംബവും വലിയ പിന്തുണയാണ് നല്‍കുന്നത്. അതുകൊണ്ടൊക്കെ തന്നെയാണ് ഇന്നിവിടെ എത്തിയിരിക്കുന്നത്.
“ബെന്യാമിന്‍, എംടി, ആനന്ദ് എന്നിവരുടെ നോവലുകളോട് ഇഷ്ടമുണ്ട്. ഒരുപാട് എഴുത്തുകാരോട് ഇഷ്ടമുണ്ട്. പ്രത്യേകിച്ചൊരു എഴുത്തുകാരന്‍ എന്നില്ല. നോവലുകളോടാണ് ഇഷ്ടം. നാലുപുരസ്‌ക്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. കലാലയപുരസ്‌കാരം-2021 കവിതക്ക് ലഭിച്ചിട്ടുണ്ട്. വേറെ കുറേ അംഗീകാരങ്ങള്‍. ഇതെല്ലാം കൂടുതല്‍ എഴുത്തുവഴികളിലേക്ക് പോകാനുള്ള പ്രോത്സാഹനങ്ങളായിരുന്നു.

കല്യാണി ശ്രീകുമാര്‍

പ്രവാസി എഴുത്തുകാരില്‍ പ്രമുഖയാണ് കല്യാണി ശ്രീകുമാര്‍. ഷാര്‍ജയിലെ ജെംസ് വെസ്റ്റ് മിന്‍സ്റ്റെര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. കൊല്ലത്ത് കൊട്ടാക്കരയാണ് ജന്‍മദേശം. പ്രവാസത്തിനിടയിലും എഴുത്തിനും വായനക്കുമായി സമയം കണ്ടെത്തുന്നു.
കുടുംബത്തോടൊപ്പമാണ് ഷാര്‍ജയില്‍. എഴുത്തില്‍ കൂടുതല്‍ സജീവമായത് പ്രവാസത്തില്‍ വന്ന ശേഷമാണ്. ഭര്‍ത്താവ് നന്നായി വായിക്കും. അതുകൊണ്ടുതന്നെ എഴുത്തിന് വളരെയധികം പിന്തുണ നല്‍കാറുണ്ട്. അങ്ങനെയാണ് എഴുത്തിലേക്ക് വരുന്നത്. പ്രവാസത്തിലേക്കെത്തുമ്പോഴാണ് നമുക്ക് ഗൃഹാതുരത പിടിപെടുന്നത്. നാടുവീടും ബന്ധുക്കളെയൊക്കെ വിട്ട് നില്‍ക്കുമ്പോഴുള്ള ഒരേകാന്തതയാണ് എഴുത്തിലേക്ക് നയിക്കുന്നത്. ഇവിടെ നമുക്ക് പലതും മിസ് ചെയ്യും. നമ്മുടെ ഓര്‍മകള്‍, അനുഭവങ്ങള്‍ അങ്ങനെ പലതും. ആ സമയത്ത് കുറേ ആശയങ്ങളൊക്കെ നമ്മുടെയുള്ളില്‍ വരും.
പ്രവാസം ത്യാഗത്തിന്റെ ലോകമാണ്. നമ്മള്‍ പലതും പഠിക്കും. ലോകത്തെ കാണുന്നത് തന്നെ വേറൊരു രീതിയിലാണ്. നാട്ടിലുള്ള സുരക്ഷിതമായ ഇടത്ത് സുരക്ഷിതമായി ജീവിക്കുമ്പോള്‍ പ്രവാസലോകത്ത് ഒരുപാട് പേര്‍ ജീവിക്കാന്‍ വേണ്ടി പാടുപെടുന്നു. ഇതൊക്കെ കാണുമ്പോള്‍ നമ്മുടെ ജീവിതം എന്താണെന്നൊക്കെയുള്ള തത്വചിന്ത ഉണരും.
ഇവിടെ മത്സരങ്ങളിലേക്കൊക്കെ സൃഷിടികള്‍ അയക്കാന്‍ തുടങ്ങി. യുഎഇ നാഷനല്‍ സാഹിത്യോത്സവ്, എഴുത്തോല, അക്ഷരത്തൂലിക തുടങ്ങിയയിടങ്ങളില്‍ നിന്ന് അംഗീകാരങ്ങള്‍ കിട്ടി. അവാര്‍ഡുകൾ കിട്ടുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാകുന്നു. എഴുത്ത് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. പക്ഷേ സ്‌കൂളിലെയും വീട്ടിലെയും തിരക്കു കാരണം എഴുതുന്നത് അവധി സമയത്താണ്. പതിനഞ്ചിലേറെ കഥകളെഴുതിയിട്ടുണ്ട്.
എല്ലാ മനുഷ്യരുടേയും ചെറുപ്പകാലവും അവരുടെ എഴുത്തും തമ്മില്‍ എന്തെങ്കിലുമൊക്കെ ബന്ധം കാണും. കുട്ടിക്കാലത്ത് സ്‌കൂളിൽ കഥ-കവിത മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. പറയത്തക്ക വലിയ പ്രോത്സാഹനമൊന്നും കിട്ടിയിരുന്നില്ല. ആരും ഇതിലേക്ക് നയിക്കാനുണ്ടായില്ല. എഴുത്തുകാരിയാവണമെങ്കില്‍ കൂടുതല്‍ വായിക്കണമെന്നോ എന്നൊന്നും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ സ്‌കൂളിലെ ലൈബ്രറിയില്‍ നിന്നും കിട്ടിയിരുന്ന പുസ്തകങ്ങള്‍, അവിടവിടങ്ങളില്‍ നിന്നും കിട്ടുന്ന യുറീക്ക, ബാലരമ, സുമംഗല എന്നൊക്കെയുള്ള ചെറിയ ചെറിയ പുസ്തകങ്ങള്‍ കൊണ്ടാണ് വായനാലോകത്തേക്ക് കയറി വരുന്നത്.
മാധവിക്കുട്ടിയുടെ കഥകളുള്‍പ്പെടെയുള്ള പഠിക്കാനുള്ള കഥകളൊക്കെ അന്ന് വായിച്ചിരുന്നു. ഇതാണ് വായിക്കാനുള്ള പ്രചോദനം. അങ്ങനെയാണ് ലൈബ്രറി പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കാന്‍ തുടങ്ങിയത്. വായനയിലേക്ക് കൂടുതല്‍ ഫോക്കസ്ഡാവുന്നത് കോളേജ് കാലത്താണ്. കോളേജിലെ ലൈബ്രറിയൊക്കെ അപ്പോള്‍ ഉപയോഗപ്പെടുത്തുമായിരുന്നു. പക്ഷേ എഴുതാനുള്ള ചുറ്റുപാടുകളോ അത് മറ്റുള്ളവര്‍ക്ക് കാണിക്കാനുള്ള ആത്മവിശ്വാസമോ കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല.
കൂടുതലും കഥകളാണ് എഴുതുന്നത്. കവിതകളല്ല. ഇതെല്ലാം ഇവിടുത്തെ മാഗസിനുകളിലും പത്രങ്ങളിലും പബ്ലിഷ് ചെയ്യാറുണ്ട്. ഷാര്‍ജ ബുക്‌സ് ഫെയര്‍ കൂട്ടായ്മകളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. ഇതുവരെ സ്വന്തമായി പുസ്തകം ഇറക്കിയിട്ടില്ല. കാരണം എഴുത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാത്തത് കൊണ്ടാകാം. പ്രസിദ്ധീകരിക്കണമെന്നാണ് ആഗ്രഹം. ചില പണികള്‍ നടക്കുന്നു.
മുമ്പ് പുസ്തകങ്ങള്‍ വളരെ കുറവായിരുന്നല്ലോ. കൈമറിഞ്ഞുവരുന്ന പുസ്‌കങ്ങള്‍ കൂട്ടുകാരില്‍ നിന്ന് പിടിച്ചുപറിച്ചുവാങ്ങുന്ന ഒരു കാലമുണ്ടായിരുന്നു. കിട്ടുന്ന പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിക്കുമായിരുന്നു. വായിച്ച പുസ്തകങ്ങള്‍ തന്നെ വീണ്ടും വീണ്ടും വായിക്കുമായിരുന്നു.
ഇപ്പോള്‍ കൂടുതല്‍ സമയം വായിക്കാന്‍ കിട്ടുന്നു. ഫേസ്ബുക്, വാട്‌സാപ് മുതലായ സാമൂഹിക മാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വിദേശത്ത് സജീവമാണ്. എഴുത്തോല ഗ്രൂപ്പ് വലിയ പ്രചോദനമാണ്. അതില്‍ നാട്ടുകാരുണ്ട്. പ്രവാസികളുമുണ്ട്. അവരെല്ലാം വായിക്കുന്ന പുസ്‌കങ്ങളുടെ കുറിപ്പുകള്‍ ഗ്രൂപ്പിലിടാറുണ്ട്. അപ്പോളങ്ങനെയൊരു പുസ്തകം വായിക്കാന്‍ തോന്നും. പരിമിതമായ സമയങ്ങളിലും വായന മാക്‌സിമം ചെയ്യാറുണ്ട്. വായിച്ചു കഴിഞ്ഞ പുസ്തകങ്ങളുടെ റിവ്യൂ എഴുതുകയും അത് സുഹൃത്തുക്കളുമായി പങ്കുവെക്കാറുമുണ്ട്.
പ്രവാസത്തിലെത്തിയാല്‍ എഴുതുന്നതിന് കാരണം അവരനുഭവിക്കുന്ന ഏകാന്തതയാകുമോ. പ്രവാസലോകത്ത് നമ്മള്‍ നമ്മുടെ നാടിനെയും നാട്ടുകാരേയും മറ്റൊരു സ്ഥലത്തുനിന്ന് നോക്കിക്കാണുകയാണ്. അപ്പോഴാണ് ഇതുവരെ ചിന്തിക്കാത്ത പല കാര്യങ്ങളും നമ്മള്‍ ചിന്തിക്കുന്നത്. അനുഭവങ്ങളെ വിലയിരുത്തുന്നത്. അതൊക്കെയാണ് എഴുതാനുള്ള ആശയങ്ങള്‍ തരുന്നത്. മറ്റുള്ളവരുടെ ജീവിതം ആലോചിക്കുകയും എഴുതുകയും ചെയ്യും. അതാണ് പ്രവാസത്തിന്റെ അനുഭവങ്ങള്‍.
കെ ആര്‍ മീര, എന്‍എസ് മാധവന്‍, പിഎസ് മാത്യൂസ്, സുഭാഷ് ചന്ദ്രന്‍ എന്നിവരുടെ എഴുത്തുകള്‍ ഇഷ്ടമാണ്. പ്രവാസത്തില്‍ സലീം അയ്യെനെത്ത്, പോള്‍ സെബാസ്റ്റ്യന്‍, പ്രവീണ്‍ പാലയ്ക്കല്‍ എന്നിവരൊക്കെ കുറേ എഴുതിയിട്ടുണ്ട്. അവരോടെക്കെ ചെറിയ ബന്ധങ്ങള്‍ സൂക്ഷിക്കുന്നു.

സബീന എം സലി

എഴുത്തിനൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്തയാളാണ് താന്‍ എന്ന് പറഞ്ഞുതുടങ്ങിയാണ് എഴുത്തുകാരിയായ സബീന എം സാലി പറഞ്ഞു തുടങ്ങിയത്.
ജനിച്ചത് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ്. വാപ്പാന്റെയും ഉമ്മാന്റെയും നാട് അവിടെയാണ്. എന്റെ ബാല്യകാലം അവിടെയായിരുന്നു. വാപ്പാക്ക് കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിലായിരുന്നു ജോലി. അതുകഴിഞ്ഞ് അഞ്ചാം വയസില്‍ ഞങ്ങള്‍ കുടുംബം അപ്പാടെ എറണാകുളത്തേക്ക് മാറിത്താമസിക്കുകയായിരുന്നു.
വാപ്പാന്റേം ഉമ്മാടേം മൂത്തമകളാണ് ഞാന്‍. നാലുപെണ്‍കുട്ടികളായിരുന്നു ഞങ്ങള്‍. എറണാംകുളത്തേക്ക് മാറിത്താമസിച്ചതിനു ശേഷം ശാസ്താംകോട്ടയിലേക്ക് ഞങ്ങള്‍ പോകുന്നത് ചുരുങ്ങി. വല്ല വിവാഹമോ വീടിരിക്കലോ മറ്റോ ഉള്ളപ്പോള്‍ മാത്രമായി ശാസ്താംകോട്ട യാത്രകള്‍. പിന്നീട് സ്‌കൂളുകള്‍ അടക്കുമ്പോഴുള്ള രണ്ടുമാസം അവധിക്കാലമൊക്കെയായി ശാസ്താംകോട്ടയിലേക്കുള്ള യാത്രങ്ങള്‍ പരിമിതപ്പെട്ടു. അതായിരുന്നു ശാസ്താംകോട്ടയുമായുള്ള ബന്ധം. പക്ഷേ ആ നാട് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അവിടത്തെ ഭൂപ്രകൃതിയൊക്കെ. ഏറ്റവും വലിയ ശുദ്ധജലത്തടാകം അവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ തീരത്തായിരുന്നു ഞങ്ങളുടെ വീട്. ആ ഗ്രാമത്തെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ബാല്യകാല ഓര്‍മകള്‍. സര്‍വസ്വാതന്ത്ര്യമുണ്ടായിരുന്നു എനിക്ക്. പഴയകാല ഓര്‍മകളായിരിക്കാം ഒരുപക്ഷേ എഴുത്തിനെ സ്വാധീനിച്ചത്. ബാല്യമാണല്ലോ നമ്മുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നത് എന്ന് പറയാറില്ലേ.. സലീം എന്ന പേരില്‍ ഉപ്പൂപ്പാക്കൊരു തിയേറ്ററുണ്ടായിരുന്നു. ചെറുപ്പം മുതലേ പഴയപാട്ടുകളൊക്കെ കേട്ട് വളര്‍ന്നതുകൊണ്ടായിരിക്കാം ഉള്ളില്‍ പോയകാലം മായാതെ നിന്നത്. അതൊക്കെ എഴുത്തില്‍ മുതല്‍ക്കൂട്ടായി. അതായിരിക്കാം കാല്‍പനികമായി ചിന്തിക്കാനും എഴുതാനുമായുള്ള പ്രചോദനം കിട്ടിയതെന്നാണ് വിശ്വാസം.
പിന്നെപ്പിന്നെ ശാസ്താംകോട്ടയുമായുള്ള ബന്ധം കുറഞ്ഞുവന്നു. വലുതാകുമ്പോഴും നമ്മുടേതായ തിരക്കുകളിലേക്ക് മാറി. എറണാകുളത്ത് കന്യാസ്ത്രീ മഠത്തിലായിരുന്നു പഠിച്ചത്. പത്താംക്ലാസ് വരെ അവിടെ പഠിച്ചു. മഹാരാജാസില്‍ ഡിഗ്രിയും പ്രീഡിഗ്രിയും സയന്‍സില്‍ ചെയ്തു. അഞ്ചുവര്‍ഷം മഹാരാഹജാസിലെ ജീവിതം അതിനിര്‍ണായകമായിരുന്നു. നാല് പെണ്‍കുട്ടികളായതുകൊണ്ടും ആണ്‍കുട്ടികള്‍ ഇല്ലാതിരുന്നത് കൊണ്ടും ഉപ്പ ഒന്നിനും ഒരു വിലക്കും വെച്ചില്ല.
എറണാകുളം ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പുണ്ടായിരുന്നു. അവിടെ പുസ്തകങ്ങള്‍ വായിക്കുന്നത് ഒരു ത്വരയായിരുന്നു. ആ പുസ്തകങ്ങള്‍ വായിച്ചുകൂട്ടിയതെല്ലാം ഒരുപക്ഷേ എഴുത്തിന് വളമായിട്ടുണ്ടാവാം. അന്നൊക്കെ ഒരുപാട് കവിതകള്‍ എഴുതുമായിരുന്നു. ഹൈസ്്കൂളില്‍ പഠിക്കുമ്പോഴാണ് കവിതയെഴുത്ത് തുടങ്ങിയത്. പ്രസംഗം, പ്രബന്ധം എന്നിവയിൽ പങ്കെടുക്കുമായിരുന്നു. അതൊക്കെയായിരുന്നു ഫേവറൈറ്റ്. ഉപ്പാക്ക് ഞാനൊരു പ്രാസംഗികയായി കാണാനായിരുന്നു ആഗ്രഹം. അതിനാല്‍ ഇത്തരം മത്സരങ്ങളിൽ നിര്‍ബന്ധിച്ച് ചേര്‍ക്കുമായിരുന്നു. അന്നൊക്കെ ഒരുതരം അന്തര്‍മുഖത്വം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എഴുതുന്ന കവിതകൾ ആരെയും കാണിക്കില്ലായിരുന്നു. ചെറിയൊരു ഡയറിയുണ്ടായിരുന്നു. കോളേജ്, സ്‌കൂള്‍ കാലഘട്ടത്തിലെഴുതിയ എല്ലാ കവിതകളും ഇപ്പോഴും ആ ഡയറയിലിരിക്കുകയാണ്. അതിപ്പോഴും വീടിന്റെ ഷെല്‍ഫില്‍ ഭദ്രമായിരിക്കുകയാണ്.
വിവാഹത്തിനു ശേഷം ഭര്‍ത്താവ് സഊദിയിലേക്ക് ജോലിക്ക് പോയി. ഈ സമയത്താണ് ഞാന്‍ ഫാര്‍മസി കോഴ്‌സ് പഠിക്കുന്നത്. അതിനുശേഷം ഞാനും സഊദിയിലേക്ക് പോന്നു. ഇവിടെ വന്നിട്ടിപ്പോൾ 20 വര്‍ഷമായി. പിന്നീട് എനിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സെലക്ഷന്‍ കിട്ടി. പ്രൈമറി ഹെല്‍ത് സെന്ററിലായി ജോലി.
പണ്ടുമുതലേ എഴുത്തിന്റെയൊരു സ്പാര്‍ക്ക് എന്റെയുള്ളിലുണ്ട്. വായന ഉണ്ടായതുകൊണ്ടാവാം എഴുത്തിനോട് ഒരിഷ്ടമുണ്ടായത്. വായന ഉള്ളതുകൊണ്ട് എഴുതാമെന്നുള്ള ഒരാത്മവിശ്വാസം ഉള്ളിന്റെയുള്ളിലുണ്ട്. മോനെ ഞാനെന്റെ ഉമ്മായെ ഏല്‍പ്പിച്ചാണ് ഇങ്ങോട്ട് വന്നത്. അങ്ങനെ വന്ന് താമസിക്കുമ്പോള്‍ വല്ലാത്തൊരു ഏകാന്തത എന്നെ പൊതിഞ്ഞു. ആ മാനസിക വിഷമത്തില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. അതൊരു കവിതയാണെന്ന രീതിയില്‍ എന്റെ ഭര്‍ത്താവാണ് ഇവിടത്തെ മലയാളം ന്യൂസില്‍ പ്രസിദ്ധീകരിക്കുന്നത്. ഞായറാഴ്ചകളിലെ സര്‍ഗവേദി പേജില്‍ വന്നു. 2003ലാണത്. അതായിരുന്നു ആദ്യത്തെ രചന. ആ രചന പ്രചോദനമായിരുന്നു. വീണ്ടും എഴുതാനുള്ള ആവശ്യപ്പെടലൊക്കെ കരുത്തായി കണ്ടു. പിന്നീട് എഴുത്തിലേക്ക് പ്രവേശിക്കാനുള്ള തോന്നലുണ്ടായി. കുറേ കവിതകള്‍ അങ്ങനെയെഴുതി. ഏതാനും മാസങ്ങള്‍ക്കുശേഷം മകന്‍ ഇവിടേക്കെത്തി.
ആദ്യത്തെ പുസ്തകം കവിതാസമാഹാരമായിരുന്നു. “ബഗ് ദാദിലെ പനിനീര്‍പ്പൂക്കള്‍’ എന്നായിരുന്നു പേര്. എഴുത്തിലൂടെ ഒരുപാട് സൗഹൃദങ്ങളുണ്ടായി. പയ്യെപ്പയ്യെ കവിതകളില്‍ നിന്ന് കഥകളിലേക്ക് ചുവട് മാറി. മാധ്യമത്തിലും മലയാളം ന്യൂസിലുമൊക്കെ എഴുതിത്തുടങ്ങിയത് നാട്ടിലേക്കുള്ള പ്രസിദ്ധീകരണങ്ങളിലേക്കും വ്യാപിച്ചു. മാധ്യമം ആഴ്ച്ചപ്പതിപ്പ്, മാതൃഭൂമി, ദേശാഭിമാനി, കലാകൗമുദി എന്നിവയിലെല്ലാം കഥയായും കവിതയായും എഴുതാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. 2014ല്‍ രണ്ടാമത്തെ പുസ്തകം “കന്യാവിനോദം’ പ്രസിദ്ധീകരിച്ചു. അതില്‍ 23 കഥകളുണ്ടായിരുന്നു. അത് കഴിഞ്ഞ് ഡിസി “രാത്രിവേര്’ പ്രസിദ്ധീകരിച്ചു. ഇടക്ക് അനുഭവക്കുറിപ്പുകള്‍ ചേര്‍ത്ത് രണ്ടു പുസ്തകങ്ങള്‍ ഇറക്കി. അതിനിടെ “തണല്‍പ്പെയ്ത്ത്’ എന്ന നോവലെഴുതി. ഇവിടെ സാമൂഹ്യപ്രവര്‍ത്തകയായിരുന്ന ഒരു നേഴ്‌സ് അര്‍ബുദബാധയെതുടര്‍ന്ന് മരിച്ച കഥയായിരുന്നു അത്. പിന്നെ രണ്ടു വിവര്‍ത്തനങ്ങള്‍. ഇതൊക്കെയായിരുന്നു പ്രധാന എഴുത്തുകള്‍.
യുഎഇയില്‍ നിന്നുള്ള ചിരഞ്ജന സാഹിത്യ അവാര്‍ഡ്, പ്രവാസി ബുക്ക് ഫെസ്റ്റ് അവാര്‍ഡ്, ഖത്തര്‍ സംസ്‌കൃതി നടത്തുന്ന കഥാമത്സരത്തില്‍ സിവി ശ്രീരാമന്‍ അവാര്‍ഡ്, നാട്ടില്‍ നന്‍മ സിവി ശ്രീരാമന്‍ പുരസ്‌കാരം എന്നിവ നേടാന്‍ കഴിഞ്ഞു. ഇതെല്ലാം എഴുത്തിലേക്ക് അടുപ്പിച്ചു.
സഊദിയില്‍ സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമുണ്ട്. പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായി വീട്ടുജോലിക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. യുവകലാസാഹിതി സാംസ്‌കാരിക സംഘടനയുടെ ഭാഗമായി കോവിഡ് സമയത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി. രാവിലെ എട്ടുമുതല്‍ നാലുവരെയാണ് ജോലി സമയം. ഇതിനിടയില്‍ എഴുത്ത് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. വെള്ളിയും ശനിയും അവധിയാണ്. ഈ ഒഴിവുസമയങ്ങളിലൊക്കെ തന്നെയാണ് പുതിയ രചനകള്‍ പിറക്കുന്നതും.

ചിത്ര പേരൂര്‍

അബൂദാബിയിലെ ജോലിത്തിരക്കിനിടയിലും എഴുത്തില്‍ ആനന്ദം കണ്ടെത്തുകയാണ് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി മാരാരിമംഗലം സ്വദേശിനി ചിത്ര പേരൂര്‍.
അബൂദാബിയിലായിട്ട് ആറു വര്‍ഷം കഴിയുന്നു. 2015ലാണ് ജോലി ആവശ്യാര്‍ഥം അബുദാബിയിലേക്ക് വരുന്നത്. അല്‍ഹബ കോവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നേഴ്‌സായാണ് ജോലി ചെയ്യുന്നത്. പ്രധാനമായും എഴുതുന്നത് ഓണ്‍ലൈനുകളിലേക്കും സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലേക്കുമാണ്. അതാണ് പ്രവാസജീവിതത്തിലെ എഴുത്തുമായി ബന്ധപ്പെട്ട് പറയാനുള്ളത്.
ഫേസ്ബുക്കില്‍ ഒന്നുരണ്ടു എഴുത്തുഗ്രൂപ്പില്‍ സജീവമായിരുന്നു. അക്ഷരച്ചിമിഴ്, എഴുത്തുപുര എന്നീ ഗ്രൂപ്പുകളിലൊക്കെ കഥകളെഴുതിയിരുന്നു. നന്നായി വായിക്കും. വായിക്കുമ്പോള്‍ തന്നെ ചെറുതായി എഴുതാന്‍ തോന്നുമല്ലോ.
ചെറുകഥകളാണ് എഴുതിയിരുന്നത്. ഇതുവരെ പതിനൊന്ന് കഥകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ അതിനിടയിലാണല്ലോ കോവിഡ് വന്നത്. അപ്പോള്‍ എഴുത്തില്‍ നിന്നും പിന്തിരിഞ്ഞു. കോവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ജോലിയായതുകൊണ്ട് തന്നെ എഴുത്തിനും വായനക്കുമൊക്കെ സമയം കുറഞ്ഞുപോയി. അഞ്ചാറുമാസത്തിനിടെ ഒന്നും എഴുതാന്‍ കഴിഞ്ഞിട്ടില്ല. സമയക്കുറവ് കൊണ്ട് ഒരു പുസ്തകത്തിലേക്കുള്ള യാത്രയും ഇതുവരെ ഒത്തില്ല.
ജോലിത്തിരക്കുകളുണ്ട്. അതിനിടയില്‍ സമയം കിട്ടിയാല്‍ തന്നെ നല്ല മൂഡ് വേണമല്ലോ എഴുതാന്‍. പിന്നെ രണ്ടു മക്കളുമുണ്ട്. ചെറിയ മകന് നാലുവയസാണ്. ഇന്റീരിയര്‍ ബിസിനസ് ചെയ്യുകയാണ് ഭര്‍ത്താവ്.
നേരത്തെ വര്‍ണത്തൂലിക എന്നൊരു ഗ്രൂപ്പില്‍ എഴുതിയിരുന്നു. ഹാസ്യരൂപത്തിലുള്ള കഥകളായിരുന്നു ആദ്യഘട്ടത്തിലൊക്കെ. പിന്നീട് അനുഭവങ്ങളുമായി ബന്ധപ്പെട്ട് പല കഥകളും എഴുതി. അക്ഷരച്ചിമിഴില്‍ എഴുതുമ്പോള്‍ ഓരോ ആഴ്ചയിലും ഓരോ സെഗ്മെന്റുകളുണ്ടായിരുന്നു. എഴുത്തിനേക്കാള്‍ വായനയോടാണ് പാഷന്‍. എപ്പോഴും ഏതെങ്കിലുമൊരു പുസ്തകം വായിച്ചുകൊണ്ടിരിക്കും. അമ്മ നന്നായി വായിക്കും.മാതൃഭൂമി ആഴ്ചപ്പതിപ്പ് മുതല്‍ ചെറുപ്പത്തിലേ എനിക്ക് കിട്ടിയിരുന്നു. കുഞ്ഞുണ്ണിമാഷിന്റെ പേജുമുതല്‍ വായിച്ചു തുടങ്ങിയ കാലമായിരുന്നു അത്. സ്‌കൂളിലെ ലൈബ്രറിയും വായനക്ക് സഹായിച്ചു. അവിടെപ്പോയി നോവലുകൾ എടുത്ത് വായിക്കുമായിരുന്നു. അച്ഛാച്ചനും വായിക്കുമായിരുന്നു. അതുകൊണ്ടുതന്നെ വീട്ടില്‍ തന്നെ വായിക്കാനുള്ള പുസ്തകങ്ങള്‍ ലഭ്യമായിരുന്നു.
അന്നൊക്കെ മാധവിക്കുട്ടിയും എംടിയുമൊക്കെയായിരുന്നു പാഷന്‍. പിന്നീട് കാലഘട്ടത്തിനനുസരിച്ച് അതൊക്കെ മാറി. കെആര്‍ മീരയിലും ബെന്യാമീനിലും വായനയെത്തി. സുഭാഷ്ചന്ദ്രനേയും വായിക്കാറുണ്ട്. മാന്തളിരിലെ 25 കമ്യൂണിസ്റ്റ് വര്‍ഷങ്ങളാണ് ഇപ്പോള്‍ വായിച്ചുതീര്‍ന്നത്. പുറംചട്ട കണ്ട് വായിക്കാതെ പോയതായിരുന്നു. രാഷ്ട്രീയമാണോയെന്ന ശങ്കയായിരുന്നു. പിന്നീട് അവാര്‍ഡൊക്കെ കിട്ടിയപ്പോഴാണ് വായിക്കാമെന്ന് വച്ചത്. വായിച്ചു തുടങ്ങിയപ്പോള്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. അത്രയും മനോഹരം.
നിലവില്‍ ഗള്‍ഫിലെ ജോലിയിലൊരു മടുപ്പുണ്ട്. നാട്ടിലേക്ക് മാറണമെന്ന് ആഗ്രഹിക്കുന്നു. വന്നാല്‍ തന്നെയും ഒരു ജോലി അത്യാവശ്യമാണ്. അതിനായി പിഎസ്‌സിക്ക് തയാറെടുക്കുന്നുണ്ട്.
ഈ തിരക്കിനിടയിലും വായനയുണ്ട്. അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ പോലും ഒരു ഭാഗത്തൊക്കെ പുസ്തകം കൊണ്ടുവന്ന് വെച്ച് വായിക്കും. അങ്ങനെ വായിക്കാനേ സത്യത്തില്‍ ഇപ്പോള്‍ സമയമുള്ളൂ. പന്ത്രണ്ട് മണിക്കൂര്‍ ജോലിയാണ്. അതിനിടയില്‍ സമയമില്ല. ഓഫിന് വീട്ടില്‍ തന്നെ ഇഷ്ടംപോലെ പണിയുണ്ട്.
ഫേസ്ബുക്കിൽ സജീവമായപ്പോഴാണ് എഴുത്തിലേക്ക് തിരിയുന്നത്. പിന്നെ കുറേ വായിക്കൂമ്പോള്‍ എഴുത്തിനോട് ഒരു അടുപ്പം തോന്നും. അമ്മ ചെറുതായി എഴുതും. അതും ഒരു പ്രേരകം. പ്രവാസം ഒരുപാടാവുമ്പോള്‍ മടുക്കും. നമ്മള്‍ ഒറ്റപ്പെട്ട് പോകും. നാടും വീടും വിട്ടതുകൊണ്ടുള്ള മടുപ്പ്. അപ്പോഴാണ് എഴുത്തൊക്കെ വരുന്നത്. പ്രവാസ എഴുത്തിനെക്കുറിച്ചുള്ള ആലോചനകള്‍ ഇങ്ങനെ പോകുന്നു.
കോവിഡിനുശേഷം നാട്ടിലേക്ക് വരാന്‍ കഴിഞ്ഞത് ഈയടുത്താണ്. മഞ്ഞും മഴയുമൊക്കെ കാണാന്‍ കൊതിയായിരുന്നു. ആ ഒരു സമയത്താണ് അറിയാതെ എഴുതിപ്പോകുന്നത്. മടുപ്പുകള്‍ ചിലര് പാടിത്തീര്‍ക്കും. ചിലര് എഴുതിത്തീര്‍ക്കും. അങ്ങനെയാണല്ലോ ഓരോരുത്തരും. എന്നാല്‍ അത്ര സീരിയസായ എഴുത്തുമില്ല. അപ്പോള്‍ തോന്നുന്നത് എഴുതും. പിന്നീട് സമയം കിട്ടുമ്പോള്‍ ടൈപ്പ് ചെയ്യും. മലയാളം ക്ലാസില്‍ വൃത്തമെന്താണെന്ന് ചോദിച്ചപ്പോള്‍ അതുപോലുമറിയാത്ത ഒരു കുട്ടി കുറേകാലം കഴിഞ്ഞ് മലയാളധ്യാപികയായി കേറിയതാണ് എന്റെ ഒരു കഥയായ ഗീതാവൃത്താന്തം. മാഷെ വിവാഹം കഴിക്കുന്നതോടുകൂടി അയാള്‍ ആലോചിക്കുന്നതാണ് പ്രമേയം. നാടിന്റെയൊരവസ്ഥയാണ് ഇത്. എങ്ങനെയെങ്കിലും തട്ടിമുട്ടി ബിഎഡൊക്കെ കഴിഞ്ഞാല്‍ പണം കൊടുത്ത് ജോലി നേടുന്ന അവസ്ഥ. പത്തമ്പത് ലക്ഷം രൂപയുണ്ടെങ്കില്‍ എങ്ങനെയെങ്കിലും ഒരു സ്‌കൂളില്‍ കേറാമെന്നതാണല്ലോ കാര്യം.
പിന്നെയൊരു കഥയായിരുന്നു ഭൈരവി. ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കേണ്ടി വന്ന പെണ്‍കുട്ടിയുടെ കഥയാണ് അത്.
നിലവില്‍ വലിയൊരു എഴുത്തിനു സാഹചര്യമില്ല. മകനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോകുകയാണ്. അതിന്റെ തിരക്കിലാണ്. നാട്ടിലേക്ക് കഴിഞ്ഞ മാസമാണ് വന്നത്. മകള്‍ക്ക് മലയാളം വായിക്കാനറിയില്ല. ഇംഗ്ലീഷ് നോവലുകള്‍ വായിക്കും. മലയാളം മൂന്നാംക്ലാസില്‍ നിന്നാണ് പഠിച്ചുതുടങ്ങിയത്. മലയാളം പഠിക്കാന്‍ പുസ്തകങ്ങള്‍ ഞാന്‍ വാങ്ങിച്ചുകൊടുക്കുന്നുണ്ട്. ബാലസാഹിത്യങ്ങള്‍ വാങ്ങിവെച്ചിട്ടുണ്ട്. മലയാളം വായിച്ചുപഠിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. മക്കളെ മലയാളം പഠിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം.
നാട്ടില്‍ നില്‍ക്കുന്നതാണ് ഇഷ്ടം. കൃഷിയൊക്കെയുണ്ട്. ഞാറിടല്‍ കഴിഞ്ഞാണ് പോന്നത്. രണ്ടുമാസത്തിനുശേഷം ചെല്ലുമ്പോള്‍ കൊയ്യുന്ന നിലയിലേക്ക് എത്തിയിട്ടുണ്ടാവും. നാടിന്റെ പച്ചപ്പൊക്കെ വലിയ മിസ്സിങ്ങാണ്. സ്വന്തം വീട് മലപ്പുറത്താണ്. അവിടെയും നാട്ടിന്‍പുറമാണല്ലോ. ഇവിടെ എങ്ങനെ ജീവിച്ചാലും സെറ്റാവുന്നില്ല. കുട്ടികള്‍ ഇവിടെയായതുകൊണ്ടും അവര്‍ക്ക് നാടിന്റെ പ്രശ്‌നമില്ല. പക്ഷേ എനിക്ക് കഴിയുന്നില്ല. രാഷ്ട്രീയമില്ല. ഭര്‍ത്താവ് ഇടതുപക്ഷക്കാരനാണ്. എന്റെ രാഷ്ട്രീയം മനുഷ്യന്റെ രാഷ്ട്രീയമാണ്. എന്നാല്‍ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. എന്നും ഇവിടെയാണല്ലോ. കന്നിവോട്ട് ചെയ്യണം എന്നെങ്കിലും എന്നാണ് വിചാരിക്കുന്നത്.
എഴുത്തുകാരില്‍ കെആര്‍ മീരയും ബെന്യാമിനും ഇഷ്ടമാണ്. അഖില്‍ പി ധര്‍മ്മന്റെ എഴുത്തിന്റെ രീതി മനോഹരമാണ്. ഒറ്റദിവസം കൊണ്ടിരുന്നാണ് പുസ്തകം വായിച്ചുതീര്‍ത്തത്. ബൈന്യാമിന്റെ നിശബ്ദസഞ്ചാരികള്‍ നേഴ്‌സുമാരെകുറിച്ചുള്ള പുസ്തകമാണ്. അതുകൊണ്ട് തന്നെ അത് ശ്രദ്ധിച്ചിരുന്നു ■

Share this article

About ഫസീല മൊയ്തു

faseelamoidu02@gmail.com

View all posts by ഫസീല മൊയ്തു →

Leave a Reply

Your email address will not be published. Required fields are marked *