ലിബറലിസത്തിന്റെ ഒളിച്ചുകളികള്‍

Reading Time: 3 minutes

ലിബറലിസത്തിന്റെ ഫാഷിസ്റ്റ് മനോഘടനകൾ,
ജെൻഡർ ന്യൂട്രൽ ചർച്ചയുടെ പ്രസക്തി,
കംഫർട്ട് വാദത്തിന്റെ മണ്ടത്തരം എന്നിവ.



വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. നാനാത്വത്തില്‍ ഏകത്വം എന്നത് നമുക്ക് വെറുമൊരു മുദ്രാവാക്യം മാത്രമല്ല. ഭാഷ, ദേശം, വംശം, മതം, ജാതി തുടങ്ങി ഒട്ടേറെ വൈവിധ്യങ്ങളുണ്ട് നമ്മുടെ മണ്ണില്‍. ഈ വൈവിധ്യങ്ങളെ അവയുടെ ഗുണവശങ്ങളോടെ നിലനിര്‍ത്തുകയും അതോടൊപ്പം എല്ലാവര്‍ക്കും തുല്യനീതിയും അവസര സമത്വവും ഉറപ്പാക്കുകയും ചെയ്യുന്ന ഒരു ഭരണഘടനയാണ് രാജ്യത്തിന്റെ ശക്തി. ഏതെങ്കിലും വ്യത്യാസങ്ങളുടെ പേരില്‍ ആരും അടിച്ചമര്‍ത്തപ്പെടുന്നില്ല എന്നും ചൂഷണം ചെയ്യപ്പെടുന്നില്ല എന്നും ഭരണഘടന ഉറപ്പാക്കുന്നുണ്ട്. അതേസമയം തന്നെ വിവിധ വിഭാഗങ്ങള്‍ക്ക് അവരവരുടെ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ അഖണ്ഡതക്കും കോട്ടം വരാത്തവിധം മുറുകെപ്പിടിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലുമൊക്കെ ആരെങ്കിലും കൈവെക്കുമ്പോള്‍ രാജ്യം അത്രമേല്‍ ഇളകിമറിയുന്നത്.

ലിംഗസമത്വം
സ്ത്രീ-പുരുഷന്‍ എന്ന വേര്‍തിരിവ് ജീവശാസ്ത്രപമാണ്. എന്നാല്‍ സ്ത്രീയോ പുരുഷനോ ആയതിന്റെ പേരിലുള്ള സാംസ്‌കാരികവും സാമൂഹികവുമായ സവിശേഷതകളെയും വേര്‍തിരിവുകളെയുമൊക്കെയാണ് ജെന്‍ഡര്‍ എന്നത് കൊണ്ടര്‍ഥമാക്കുന്നത്. സ്ത്രീ/പുരുഷന്‍ ആയതുകൊണ്ട് ചില പ്രത്യേകമായ രീതിയില്‍ പെരുമാറേണ്ടി വരിക, അവകാശങ്ങള്‍ നിഷേധിക്കപ്പെടുക, ചൂഷണം നേരിടുക എന്നതൊക്കെയാണ് ലിംഗപരമായ അസമത്വം കൊണ്ടുദ്ദേശിക്കുന്നത്. എല്ലാ കാലത്തും എല്ലാ സമൂഹങ്ങളിലും ലിംഗ അസമത്വം നിലനില്‍ക്കുന്നതായി കാണാന്‍ കഴിയും. പുരുഷമേധാവിത്ത സമൂഹങ്ങളില്‍ സ്ത്രീകള്‍ ഏറെ അടിച്ചമര്‍ത്തപ്പെടുന്നു എന്നതൊരു യാഥാര്‍ഥ്യമാണ്. പരിഷ്‌കൃത സമൂഹങ്ങളിലൊക്കെയും ഈ അസമത്വങ്ങള്‍ക്കെതിരെ ഒട്ടേറെ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഫെമിനിസ്റ്റ് മുന്നേറ്റങ്ങളുമൊക്കെ ഈ മാറ്റത്തിന്റെ മുന്നില്‍ നിന്നിട്ടുണ്ട്. ഒട്ടേറെ നിയമനിര്‍മാണങ്ങളും ഇതിനുവേണ്ടി ലോകത്തെമ്പാടും നടന്നിട്ടുണ്ട്.
സ്ത്രീയെയും പുരുഷനെയും ഒരുപോലെയാക്കുക എന്നതല്ല ലിംഗസമത്വം കൊണ്ടുദ്ദേശിക്കുന്നത്. മറിച്ച്, സ്ത്രീ-പുരുഷന്‍ എന്നുള്ളതിലെ ഭിന്നതകളെ അംഗീകരിച്ചുകൊണ്ട് തന്നെ സ്ത്രീയായിപ്പോയതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ഒന്നും നിഷേധിക്കപ്പെടുന്നില്ല എന്നുറപ്പാക്കുകയാണത്. സമത്വം(Equality) എന്നതിനെക്കാള്‍ തുല്യനീതി (Equity) ആണ് അതുകൊണ്ടുദ്ദേശിക്കുന്നത്. രണ്ടുപേര്‍ക്കും ആവശ്യമായത് നല്‍കുകയും ഒന്നും നിഷേധിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അതിന്റെയര്‍ഥം. കുടുംബം, തൊഴില്‍, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും അവര്‍ക്ക് വിവേചനങ്ങളില്ലാത്ത പരിഗണന ലഭിക്കുക എന്നതാണ് അതിന്റ താത്പര്യം. അതുകൊണ്ട് തന്നെ സ്ത്രീയെയും പുരുഷനെയും ഒരേ വസ്ത്രമിടീച്ചത് കൊണ്ടോ ഒരുപോലെ മുടിവെട്ടിയത് കൊണ്ടോ ഒന്നും ലിംഗനീതി സാധ്യമാകില്ല.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം
ഒരേവസ്ത്രം ധരിച്ചത് കൊണ്ടുമാത്രം ലിംഗനീതി സാധ്യമാകില്ല എന്നതിലപ്പുറം ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കുക കൂടിയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ചെയ്യുന്നത്. ഒരേ ഭാഷ, ഒരേ ഭക്ഷണം എന്നൊക്കെ പറയുന്നത് പോലെ മറ്റൊരു ഫാഷിസമാണ് ഒരേ വസ്ത്രമേ പാടുള്ളൂ എന്നു പറയുന്നതും. ഏതെങ്കിലും വസ്ത്രം ധരിക്കാനുള്ള ആരുടെയും അവകാശത്തെ നിഷേധിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്തുകയാണ് ഒരു പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ പുരുഷവേഷത്തിലേക്ക് സ്ത്രീയെയോ സ്ത്രീവേഷത്തിലേക്ക് പുരുഷനെയോ നിര്‍ബന്ധിച്ച് കയറ്റുന്നത് പുരോഗമനമാകുന്നില്ല എന്നതിലുപരി ജനാധിപത്യവിരുദ്ധം കൂടിയാണത്. അതിന് പാന്റും ഷര്‍ട്ടും പുരുഷവേഷമല്ലല്ലോ എന്ന് ന്യായം പറയുന്നവരോട് സാരി സ്ത്രീവേഷമാണോ എന്ന് തിരിച്ചുചോദിച്ചാല്‍ തീരുന്ന വിപ്ലവമേ ഇപ്പോഴുള്ളൂ.
ആണും പെണ്ണും പരസ്പര പൂരകമാണെന്നും രണ്ടുപേരും പരസ്പരം ബഹുമാനിക്കേണ്ടവരാണെന്നുമുള്ള പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുകയാണ് വേണ്ടത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവശാസ്ത്രപരമായ സവിശേഷതകളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം രണ്ടുപേരുടെയും വ്യക്തിത്വങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത്. ഉത്തരവാദിത്തങ്ങളെ പരസ്പരം പങ്കുവെച്ചും പരസ്പരം താങ്ങും തണലുമായും ജീവിക്കാനുതകുന്ന തരം സാമൂഹീകരണമാണ് നടക്കേണ്ടത്. അത് കുടുംബത്തിനകത്ത് നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. സ്ത്രീയെ സ്ത്രീയായും പുരുഷനെ പുരുഷനായും വളര്‍ത്തിക്കൊണ്ടുതന്നെ അത് സാധ്യമാകും. സ്ത്രീയെ പുരുഷന്റെ കുപ്പായമിടീച്ചും പുരുഷനെ പാവാടയിടീച്ചുമൊന്നുമല്ല അത് സാധ്യമാകേണ്ടത്.

ആരുടെ പുരോഗമനം? ആരുടെ കംഫര്‍ട്ട്?
പുരോഗമനം എന്ന ലേബലിലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമുമായി ഇപ്പോള്‍ ചിലര്‍ രംഗത്തുവന്നിരിക്കുന്നത്. ഏതാനും ചില സ്‌കൂളുകളാണ് ഈ ആശയം നടപ്പാക്കിയതെങ്കിലും ഇടതുലിബറല്‍ പ്രൊഫൈലുകളാണ് അതിന്റെ പിന്നിലുള്ളത്. “പുരോഗമന പക്ഷ’ത്തുള്ള ചില മാധ്യമങ്ങളും അവര്‍ക്ക് കുഴലൂതാനുണ്ട്. എല്ലാവരും പാന്റും ഷര്‍ട്ടും ധരിക്കുന്നത് പുരോഗമനമാണെങ്കില്‍ ആരാണ് ഈ പുരോഗമനത്തെ നിര്‍ണയിക്കുന്നത്? എന്താണ് അതിന്റെ അളവുകോല്‍? തങ്ങളുടെ യുക്തി മാത്രമാണ് പുരോഗമനം എന്ന ചിന്ത എത്ര ബാലിശമാണ്. അതിനെ യുക്തിചിന്ത എന്നു വിളിക്കുന്നത് എത്ര വലിയ അയുക്തിയാണ്. ഓരോ സമൂഹത്തിന്റെയും ഓരോ കൂട്ടത്തിന്റെയും പുരോഗമന ചിന്ത വ്യത്യസ്മായിരിക്കും. അത് മറ്റുള്ളവര്‍ക്ക് പുരോഗമനമായിരിക്കില്ല എന്നു മാത്രമല്ല, തീര്‍ത്തും അശ്ലീലവുമായിരിക്കും. അതു തിരിച്ചറിയാനുള്ള മിനിമം പക്വതയെങ്കിലും പുരോഗമന പക്ഷത്തുനിന്ന് പ്രതീക്ഷിക്കുന്നുണ്ട്. സായിപ്പിന് ബിക്കിനി ധരിച്ച് നടക്കുന്നത് പുരോഗമനമാണ്. സ്പൂണും ഫോര്‍ക്കുമുപയോഗിച്ച് ഭക്ഷണം കഴിക്കുന്നതും ടോയ്‌ലറ്റിൽ പേപറുപയോഗിക്കുന്നതുമൊക്കെ പലര്‍ക്കും പുരോഗമനമാണ്. എന്നാല്‍ പല സമൂഹങ്ങള്‍ക്കും അതൊക്കെ അചിന്ത്യമായ കാര്യങ്ങളാണ്. കക്കൂസില്‍ പോയാല്‍ വെള്ളമുപയോഗിച്ച് കഴുകുന്നവനെ പേപറുപയോഗിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതോ ഇലയും തോലുമുപയോഗിച്ച് നഗ്‌നത മറക്കുന്ന പ്രാക്തന വിഭാഗത്തെ കോട്ടിടീക്കുന്നതോ അല്ല പുരോഗമനം.
പാന്റ്സും ഷര്‍ട്ടും ധരിക്കുന്നത് കംഫര്‍ട്ട് എന്നതാണ് പുതിയ വാദം. ആരുടെ കംഫര്‍ട്ട്? ആരാണ് പെണ്‍കുട്ടികളുടെ കംഫര്‍ട്ട് തീരുമാനിക്കാന്‍ ഇവരെ ചുമതലപ്പെടുത്തിയത്? എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കംഫര്‍ട്ട് നിശ്ചയിച്ചത്? ധരിക്കുന്നവരാണോ പുരോഗമനപക്ഷമാണോ കംഫര്‍ട്ട് തീരുമാനിക്കുന്നത്? എങ്കില്‍ പര്‍ദ ധരിക്കുന്നത് ഞങ്ങള്‍ക്ക് കംഫര്‍ട്ടാണെന്ന് പറഞ്ഞു നോക്കൂ. അപ്പോഴറിയാം പുരോഗമനത്തിന്റെ യഥാര്‍ഥ മുഖം. കുടുംബവും മതവുമൊക്കെ കുട്ടികളെ അവര്‍ക്കിഷ്ടമില്ലാത്തവര്‍ക്ക് കംഫര്‍ട്ടബിളല്ലാത്ത വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് നിരന്തരം ആരോപിക്കുന്നവരാണിപ്പോള്‍ കുട്ടികളുടെ മേല്‍ പാന്റ്സും ഷര്‍ട്ടും അടിച്ചേല്‍പിക്കുന്നത്. പുരോഗമനമാണ് ലക്ഷ്യമെങ്കില്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ കുട്ടികളെ അവരുടെ തിരഞ്ഞെടുപ്പിന് വിട്ടുകൊടുക്കുകയായിരുന്നു വേണ്ടിയിരുന്നത്.

ലിബറലിസം ഒളിച്ചുകടത്തുന്നത്
സമൂഹത്തിന്റെ ഘടനാപരമായ സകല നിയന്ത്രണങ്ങളെയും തള്ളിക്കളയുകയും വ്യക്തിസ്വാതന്ത്ര്യത്തിനും വ്യക്തിയുടെ ഇഷ്ടത്തിനും മാത്രം പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ഒരു ചിന്താധാരയാണ് ലിബറലിസം. തങ്ങളുടെ ചിന്തയും യുക്തിയും മാത്രമാണ് ശരി എന്നതാണ് അവരുടെ ചിന്താഗതി. പരമ്പരാഗത മൂല്യങ്ങളെയും മതങ്ങളെയും കുടുംബം പോലുള്ള സാമൂഹ്യക്രമങ്ങളെയും തച്ചുടക്കണമെന്നതാണ് അവരുടെ കാഴ്ചപ്പാട്. എന്നാല്‍ തങ്ങളുടെ യുക്തിക്ക് നിരക്കുന്നത് മാത്രം ശരിയും ബാക്കിയെല്ലാം തെറ്റും എന്ന തീര്‍ത്തും അപകടകരമായ ഒരു ഫാഷിസ്റ്റ് ചിന്താഗതിയിലേക്ക് ലിബറലുകള്‍ മാറുന്നതിന്റെ ലക്ഷണങ്ങളാണ് ഈയിടെയായി കണ്ടുകൊണ്ടിരിക്കുന്നത്. അവര്‍ക്കിഷ്ടമില്ലാത്തതിനെയൊക്കെയും കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതാണ് അതിന്റെ രീതി. ശാരീരികമായ ആക്രമണത്തിനു പകരം ബൗദ്ധികമായ ആക്രമണമായിരിക്കുമെന്ന് മാത്രം. തങ്ങള്‍ക്കൊത്ത് തുള്ളാത്തവരെയൊക്കെയും അപമാനിക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുകയുമൊക്കെ ചെയ്യുന്നതാണ് അവരുടെ രീതി. വ്യക്തിസ്വാതന്ത്ര്യം എന്ന് നിലവിളിച്ചുകൊണ്ടിരിക്കുന്ന അവര്‍ മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് വിലകല്‍പിക്കുന്നില്ല എന്നു മാത്രമല്ല അവരെ വ്യക്തികളായി കാണുന്നുപോലുമില്ല.
വര്‍ത്തമാന കേരളത്തിലെ ലിബറല്‍-യുക്തിവാദ സംഘങ്ങളൊന്നും മനുഷ്യരെ ബാധിക്കുന്ന പ്രശ്‌നങ്ങളിലൊന്നും ഇടപെടുകയോ, ഫാഷിസത്തോടും ഭരണകൂട ഭീകരതയോടുമൊന്നും വാക്കുകള്‍ കൊണ്ടുപോലും ഏറ്റുമുട്ടുകയോ ചെയ്യുന്നില്ല. മറിച്ച് പുരോഗമനത്തിന്റെ പേരില്‍ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കും കൂടി ചൂട്ടുപിടിക്കുകയാണവര്‍ ചെയ്യുന്നത്. തീര്‍ത്തും ഉപരിപ്ലവമായ വിവാദങ്ങളുണ്ടാക്കി അടിസ്ഥാന പ്രശ്‌നങ്ങളെ മറച്ചുവെക്കുക കൂടിയാണവര്‍. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെപറ്റിയേ അവര്‍ പറയൂ. ഒരു ദിവസം വസ്ത്രം മാറാന്‍ വഴിയില്ലാത്തവരെപ്പറ്റി അവര്‍ മിണ്ടില്ല. ഹലാല്‍ ഭക്ഷണമേ അവര്‍ക്ക് പ്രശ്‌നമാകൂ. ഒരു നേരം വയറുനിറക്കാന്‍ കഴിയാത്തവര്‍ അവരുടെ പ്രശ്‌നമേയല്ല. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് തടവറയില്‍ കഴിയുന്നവര്‍ അവരുടെ ചിത്രത്തിലേയില്ല. നിരപരാധികള്‍ക്ക് ഭരണകൂടം നിരന്തരം യുഎപിഎ ചാര്‍ത്തിക്കൊടുക്കുമ്പോള്‍ അവരുടെ നാവുകള്‍ ഉയരുകയേയില്ല. ഭാഷയുടെയും ഭക്ഷണത്തിന്റെയും പേരിലുള്ള ഫാഷിസം അവര്‍ കാണില്ല. കര്‍ഷക സമരവും പൗരത്വപ്രക്ഷോഭങ്ങളുമൊന്നും അവര്‍ അറിഞ്ഞിട്ടേയില്ല.
ലിബറലിസം ഒളിച്ചുകടത്തുന്നത് ഫാഷിസ്റ്റ് അജണ്ടകളെയാണ്. മുതലാളിത്തത്തിന്റെയും കമ്പോളത്തിന്റെയും താത്പര്യങ്ങളെയാണവര്‍ സംരക്ഷിക്കുന്നത്. സമൂഹമാധ്യമങ്ങളെയും മുഖ്യധാരാ മാധ്യമങ്ങളെയും അവര്‍ അതിന് ആയുധമാക്കുകയും ചെയ്യുന്നു. “ഇന്റലക്ച്വല്‍സ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടമാണ് അവരുടെ ശക്തി. ഭരണകൂടത്തിന് ബുദ്ധിയുപദേശിക്കിന്നതും ഈ കപട പുരോഗമന ഇന്റലക്ച്വലുകള്‍ തന്നെ. ഭരണകൂടത്തെ എതിര്‍ക്കുന്നില്ല എന്നതുകൊണ്ടും ഭരണകൂടം പ്രതിസന്ധിയിലാകുമ്പോഴൊക്കെയും ഉപരിപ്ലവമായ ചര്‍ച്ചകളിലൂടെ അടിസ്ഥാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ മാറ്റുന്നു എന്നതുകൊണ്ടും ഭരണകൂടത്തിന് എപ്പോഴും ലിബറലുകള്‍ പ്രിയപ്പെട്ടവരാണ്. എന്തു പറഞ്ഞാലും അവര്‍ ഈ സമൂഹത്തിന്റെ കണ്ണാടിയല്ല. അവര്‍ വിളംബരം ചെയ്യുന്ന പുരോഗമനം ഈ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്നതുമല്ല.

എതിര്‍ക്കുന്നവര്‍ ഭീകരവാദികളോ?
മറുശബ്ദങ്ങളെ അടിച്ചിരുത്തുക എന്നത് എല്ലാ ഫാഷിസ്റ്റ് സംഘങ്ങളുടെയും രീതിയാണ്. അതിന് കായിക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ആള്‍ക്കൂട്ടക്കൊലപാതകങ്ങളിലൂടെ എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നു. വേറെ ചിലര്‍ എതിര്‍ശബ്ദങ്ങളെ സാമ്പത്തികയാമും മാനസികമായുമൊക്കെ തകര്‍ത്തുകളയുന്നു. സമൂഹമാധ്യമങ്ങളില്‍ ആള്‍ക്കൂട്ടയാക്രമണം നടത്തുന്നു. എതിര്‍ശബ്ദങ്ങളെ പാകിസ്താനിലേക്ക് വണ്ടി കയറ്റുന്നത് നേരത്തെ സംഘപരിവാര്‍ കൂട്ടങ്ങളുടെ രീതിയായിരുന്നു. ഇപ്പോഴത് ലിബറല്‍-പുരോഗമന പക്ഷവും ഏറ്റെടുത്തിരിക്കുന്നു. എതിര്‍ക്കുന്നവരെ താലിബാനിയെന്നും ജിഹാദിയെന്നും ചാപ്പയടിക്കുന്നതാണ് ഇപ്പോഴത്തെ രീതി. തോല്‍ക്കുമ്പോള്‍ കൊഞ്ഞനം കുത്തുന്ന യുക്തിയിലപ്പുറം ഒന്നുമല്ല അത്.
പുരോഗമന പക്ഷത്തല്ലാത്തവരെയൊക്കെ തീവ്രവാദികളാക്കുന്നതിലൂടെ പരിവാര്‍ ശക്തികള്‍ക്കും ഭരണകൂടത്തിനും ഇരകളെ സൃഷ്ടിച്ചുകൊടുക്കുക കൂടിയാണ് ലിബറല്‍ പുരോഗമനക്കാര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് ഫാഷിസ്റ്റ് കൊലപാതകങ്ങളില്‍ അവര്‍ മൗനികളാകുന്നത്. അതുകൊണ്ടാണ് ഭരണകൂടം ഓരോരുത്തരെ പിടിച്ചുകൊണ്ട് പോകുമ്പോഴും അവര്‍ ഊറിച്ചിരിക്കുന്നത്.
തങ്ങളുടെ യുക്തിയും “പുരോഗമന’ ചിന്തകളുമൊക്കെ കൈവശം വെച്ചിരിക്കാനും പ്രചരിപ്പിക്കാനും ലിബറല്‍ യുക്തിവാദ സംഘങ്ങള്‍ക്ക് സ്വാതന്ത്ര്യമുള്ളത് പോലെത്തന്നെ മറ്റുള്ളവര്‍ക്കും അവരുടെ ആദര്‍ശങ്ങളും ആചാരങ്ങളുമൊക്കെ മുറുകെപ്പിടിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് മനസിലാക്കാനാകുന്നില്ലെങ്കില്‍ നിങ്ങളുടെ പുരോഗമനമാണ് ഏറ്റവും വലിയ അസഹിഷ്ണുത. അതാണ് ഏറ്റവും വലിയ തീവ്രവാദം ■

Share this article

Leave a Reply

Your email address will not be published. Required fields are marked *