ഒറ്റക്കാകുന്ന പെണ്ണുങ്ങള്‍

Reading Time: 3 minutes
നാല്പതു കഴിഞ്ഞ പെണ്ണുങ്ങള്‍
അരക്കിറുക്കികളും
മന്ത്രവാദിനികളും ആയിരിക്കും
നോക്കിനോക്കിയിരിക്കേ
അവര്‍ പാലമരം പോലെ
പൂക്കള്‍ പൊഴിച്ച്
കരിമ്പന പോലെ പടര്‍ന്നു
മാനംമുട്ടെ നിന്നു കണ്ണിറുക്കി
ചിരിക്കുന്നതു കാണാം.
              (പെണ്ണുങ്ങള്‍-ഷാഹിന വി കെ)

വീടിന്റെ ഉമ്മറത്തിരുന്നാല്‍ പെണ്ണുങ്ങള്‍ തൊഴിലുറപ്പിനു പോകുന്നതുകാണാം. ഏതാണ്ടെല്ലാ ദിവസങ്ങളിലുമുള്ള പ്രഭാതക്കാഴ്ചയാണ് ആ “സഞ്ചാരം’. അകത്തിരുന്നാലുമറിയാം അവര്‍ വീടിനു മുമ്പിലൂടെ കടന്നുപോകുന്നതിന്റെ ആരവം. എന്തെങ്കിലുമൊക്കെ മിണ്ടിപ്പറഞ്ഞാകും പണിസ്ഥലത്തേക്കുള്ള പോക്കുവരവുകള്‍. മിക്കവരുടെയും കൈയിലൊരു സഞ്ചിയോ പ്ലാസ്റ്റിക് കവറോ കാണും. അരിവാളോ വാക്കത്തിയോ ഭക്ഷണമോ ഒക്കെയുണ്ടാകുമതില്‍. ചിലര്‍ തൂമ്പയോ സമാനമായ പണിയായുധങ്ങളോ കൈയിലെടുക്കും. നാല്പത് കടന്നവരാണ് എല്ലാവരും. കൂട്ടത്തില്‍ പേരുകൊണ്ടെങ്കിലും എനിക്കറിയാവുന്നത് സൈനത്തായെ മാത്രമാണ്. എന്റെ അയലത്തുള്ള മൂസക്കായുടെ പെങ്ങളാണ്. ശരിയായ പേര് സൈനബ. ചിലര്‍ സൈനത്ത എന്ന് വിളിക്കും. സൈനബ ഇത്താത്ത ലോപിച്ചാണ് സൈനത്ത ആയത്. ചിലര്‍ സൈനച്ചാച്ചി എന്ന് വിളിക്കും. ചേച്ചിയുടെ മാപ്പിള വേര്‍ഷനാകണം ഇച്ചാച്ചി എന്നത്. ആമിനച്ചാച്ചി, കദീസച്ചാച്ചി എന്നിങ്ങനെ വേറെയും ഇച്ചാച്ചിമാരുണ്ട് നാട്ടില്‍. സൈനത്താക്ക് വയസ് 60. ഒറ്റക്കാണ് താമസം. അധ്വാനശീലയാണ്. പ്രായത്തില്‍ തന്നെക്കാള്‍ ഇളയവരും മൂത്തവരുമുണ്ടാകും തൊഴിലുറപ്പ് സംഘത്തില്‍. അവര്‍ക്കൊപ്പം, ഉള്ള ആരോഗ്യം വെച്ച് മണ്ണിനോടും തൂമ്പയോടും മല്ലിടും സൈനത്ത. ഇടക്ക് വീട്ടില്‍ വരാറുണ്ട്. ഭാര്യയോട് കുശലം പറയും. ഒറ്റക്കായിപ്പോയതിന്റെ നെടുവീര്‍പ്പോ നിരാശയോ ഇന്നോളം അവരില്‍ കണ്ടിട്ടില്ല.
ആണ്‍മരത്തണലില്ലാതെ ഒറ്റക്ക് ജീവിച്ച വേറെയും പെണ്ണുങ്ങളുണ്ടായിരുന്നു നാട്ടില്‍. ആയ കാലത്ത് “കെട്ടിച്ചുവിടാന്‍’ ഉറ്റവരാരും തയാറാകാഞ്ഞിട്ടാകുമോ? പാലമരം കണക്കെ പൂക്കള്‍ പൊഴിച്ച് ജീവിതം ഇങ്ങനെയങ്ങു കടന്നുപോകട്ടെ എന്ന വിചാരത്തില്‍ അവര്‍ സ്വയം വരിച്ച ഏകാന്തതയാകുമോ? അതോ പൊന്നിലും പണത്തിലും തൂക്കമൊക്കാതെ കെട്ടുപ്രായം കഴിഞ്ഞ് നിന്നുപോയതാകുമോ? കിട്ടിയ ബന്ധം മുന്നോട്ടുപോകില്ലെന്ന് മനസിലായ നേരത്ത് സ്വയമേ തിരിഞ്ഞുനടന്നതാകുമോ? ചോദ്യങ്ങള്‍ ഇങ്ങനെ നീട്ടിനീട്ടി എറിയാം. ഉത്തരങ്ങള്‍ അവര്‍ക്കു മാത്രം സവിശേഷമായ ഭാഷയില്‍ പറഞ്ഞുകേള്‍ക്കേണ്ടതാണ്.


കുഞ്ഞായിശയും പാത്തുമ്മയും. വിച്യമ്മിക്ക എന്ന ഇമ്പിച്ചി മമ്മിക്കയുടെ പെങ്ങന്മാര്‍. അവരെ ഞങ്ങള്‍ കുഞ്ഞായിസ്ത എന്നും പാത്തുംത്ത എന്നും വിളിച്ചു. വിച്യമ്മിക്കയുടെ കടയായിരുന്നു ഒരു കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലെ “ഹൈപര്‍ മാർകറ്റ്’. ഓല മേഞ്ഞ മേല്‍ക്കൂരയ് ക്ക് താഴെ മണ്‍കട്ടകള്‍ കൊണ്ടുള്ള ഒരു മുറി. അതിന് വാതിലുണ്ടായിരുന്നില്ല. ചാക്കുകള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കിയ ഒരു “ഷട്ടര്‍’ ആണുണ്ടായിരുന്നത്. പകലില്‍ അത് മുകളിലേക്ക് ചുരുട്ടിക്കെട്ടി വെക്കും. രാത്രിയില്‍ അത് താഴ് ത്തിയിടും. വിച്യമ്മിക്കയുടെ അന്തിയുറക്കം മിക്ക ദിവസങ്ങളിലും പീടികയിലെ തിണ്ണയില്‍ തന്നെ. ഏത് പാതിരാത്രിയും പോയി വിളിക്കാം. പീടികയിലെ മണ്ണെണ്ണ വിളക്ക് അണക്കാറില്ല. തിരി താഴ് ത്തി വെക്കും. രാത്രിയില്‍ ആവശ്യക്കാര്‍ വരുമ്പോള്‍ തിരി ഉയര്‍ത്തും. വിച്യമ്മിക്ക സാധനങ്ങള്‍ കൊണ്ടുവരാന്‍ അങ്ങാടിയില്‍ പോകുമ്പോഴും വീട്ടില്‍ വിശ്രമിക്കുമ്പോഴും കടയില്‍ അദ്ദേഹത്തിന്റെ പെങ്ങള്‍ കുഞ്ഞായിസ്ത ഉണ്ടാകും. ചിലപ്പോള്‍ പാത്തുംത്ത. കാലു വയ്യായിരുന്നു കുഞ്ഞായിസ്തക്ക്. പതുക്കെ സംസാരിക്കുന്നതായിരുന്നു കുഞ്ഞായിസ്തയുടെ ശീലം. പാത്തുംത്ത കുടുംബത്തിലെ കുട്ടികളോടൊക്കെ ഒച്ചയിടുന്നത് കേട്ടിട്ടുണ്ട്. രണ്ടു പെങ്ങന്‍മാരും വിച്യമ്മിക്കയുടെ വീട്ടിലായിരുന്നു ഞാന്‍ കാണുന്ന കാലം മുതല്‍. രണ്ടുപേരും കൂട്ടും കുട്ടികളുമില്ലാതെ ഒറ്റക്ക് ജീവിച്ചു; ഒറ്റക്കൊറ്റയ് ക്ക് മരിച്ചുപോവുകയും ചെയ്തു.


അവളെ നമുക്ക് ശരീഫ എന്ന് വിളിക്കാം. പതിനെട്ടാം വയസില്‍ വിവാഹം. അതും വിദൂരദേശത്തു നിന്നുള്ളൊരാളുമായി. ആളുടെ വീടറിയില്ല, ബന്ധുക്കളെ അറിയില്ല. അടുത്ത വീട്ടിലൊരു പെണ്ണുകാണാന്‍ വന്നതാണ്, കൂട്ടുകാരനൊപ്പം. ആ കല്യാണം ശരിയായില്ല. പക്ഷേ ശരീഫക്ക് ഭര്‍ത്താവിനെ കിട്ടി. അവളും ഉമ്മയും മാത്രമുള്ള വീടാണ്. കെട്ട്യോന്‍ ആ വീട്ടില്‍ തന്നെ കൂടി. നാട്ടുകാരുമായി വേഗം സൗഹൃദപ്പെട്ടു. ഹൃദ്യമായ പെരുമാറ്റം. പക്വമായ സംസാരം. ആരുമായും പെട്ടെന്ന് അടുക്കുന്ന പ്രകൃതം. എന്തെങ്കിലുമൊക്കെ ജോലിക്ക് പോകും. കുടുംബച്ചെലവുകള്‍ നടത്തും. വര്‍ഷങ്ങള്‍കടന്നുപോയി. കുട്ടികള്‍ രണ്ടായി. രണ്ടാമത്തെ കുഞ്ഞ് പിച്ചവെച്ചു തുടങ്ങിയതേയുള്ളൂ. ആയിടെ, ഒന്നു നാട്ടില്‍ പോയേച്ചുവരാം എന്നു പറഞ്ഞ് ഇറങ്ങിപ്പോയതാണയാള്‍. രണ്ടു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു, ഇന്നോളം തിരിച്ചുവന്നിട്ടില്ല. അയാള്‍ കല്യാണസമയത്ത് പറഞ്ഞ അഡ്രസിലൊക്കെ അന്വേഷിച്ചു. ഒരു ഫലവമുണ്ടായില്ല. പിന്നീടങ്ങോട്ട് ജീവിതത്തില്‍ ഒറ്റക്ക് പൊരുതുകയായിരുന്നു ആ സഹോദരി. മക്കള്‍ വിശപ്പ് കൊണ്ട് കരഞ്ഞപ്പോള്‍ അവളും ഒപ്പം കരഞ്ഞു. അങ്ങനെ ഏറെക്കാലം മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നില്ല. തോറ്റുകൊടുക്കില്ല എന്നൊരൊറ്റ നിശ്ചയദാര്‍ഢ്യത്തില്‍ അവള്‍ ജീവിതത്തോട് പൊരുതി. കഴിയാവുന്ന ജോലികളെടുത്തു, മക്കളെ പോറ്റി, അവരെ പഠിപ്പിച്ചു. ഇപ്പോള്‍ മകളുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നു.


സൈനത്താക്കും ശരീഫക്കുമിടയില്‍ രണ്ടു തലമുറയുടെയെങ്കിലും വ്യത്യാസമുണ്ട്. ഇരുവരെയും ബന്ധിപ്പിക്കുന്ന പ്രധാന ഘടകം അവര്‍ ജീവിതത്തില്‍ ഒറ്റക്ക് തുഴയുന്നു എന്നതാണ്. പക്ഷേ രണ്ടു തലമുറകള്‍ക്കിടയില്‍ സംഭവിച്ച സുപ്രധാനമായ മാറ്റം കാണാതിരിക്കരുത്. ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകളോട് സമൂഹത്തിന്റെ മനോഭാവത്തിലുണ്ടായ മാറ്റമാണത്. കല്യാണം വേണ്ടെന്നുവെച്ചവരോ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവരോ ഭര്‍ത്താവിനെ വേണ്ടെന്നുവെച്ചവരോ ആയ സ്ത്രീകളെ അനുകമ്പയോടെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. അവര്‍ക്ക് കനിവും കരുതലും കിട്ടിയ കാലം. ഇടറാതെ മുന്നോട്ടുപോകാന്‍ സമൂഹം അവരെ ധൈര്യപ്പെടുത്തിയ കാലം. പക്ഷേ ഇന്നത്തെ നിലയെന്താണ്? ആണ്‍കൂട്ടില്ലാത്ത പെണ്ണ് പിഴയാണെന്നു നമ്മള്‍ മലയാളികള്‍ എന്നോ തീർപ്പിലെത്തിയിരിക്കുന്നു. കേരളം കൈവരിച്ചു എന്ന് കരുതുന്ന എല്ലാ പുരോഗമനഭാവങ്ങളെയും നെടുകെ പിളര്‍ത്തുന്നുണ്ട് ഈ മനോനില. കേരളത്തിലെ പെണ്ണുങ്ങള്‍ അരക്കിറുക്കികളും മുഴുകിറുക്കികളുമാകാന്‍ 40 വയസ് വരെ കാത്തിരിക്കേണ്ടിവരില്ല; അവര്‍ ഒറ്റക്കാണ് ജീവിതം തുഴയുന്നതെങ്കില്‍.
കല്യാണം കഴിഞ്ഞിട്ടില്ലാത്ത, അല്ലെങ്കില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്വന്തമായി സമ്പാദ്യമില്ലാത്ത ഒരു പെണ്ണിന് മനഃസന്തോഷത്തോടെ പാര്‍ക്കാന്‍ കഴിയുന്ന വീടുകള്‍ എത്രയുണ്ടാകും കേരളത്തില്‍. നമ്മുടെ സാമൂഹികഘടന അതനുവദിക്കുന്നുണ്ടോ ഇപ്പോള്‍? ഒരു കുഞ്ഞായിശക്കോ പാത്തുമ്മക്കോ അല്ലലില്ലാതെ ജീവിച്ചുപോകാന്‍ നടപ്പുകാലത്ത് സാധ്യമല്ല തന്നെ. അണുകുടുംബത്തിലേക്കുള്ള അതിവേഗപ്പാച്ചിലില്‍ നമ്മളുപേക്ഷിച്ചു പോന്ന അനേകം മൂല്യങ്ങളും നന്മകളുമുണ്ട്. ഒറ്റയാകുന്ന പെണ്ണുങ്ങളോടുള്ള അലിവും അനുകമ്പയും അങ്ങനെ നമ്മളുപേക്ഷിച്ചതാണ്. അവര്‍ ഭാരമോ അധികബാധ്യതയോ ആയി കരുതപ്പെടുന്ന കുടുംബാന്തരീക്ഷമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. മനുഷ്യബന്ധങ്ങളില്‍ സാമ്പത്തികയുക്തികള്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രത്യാഘാതമാണിത്. ഉത്പാദനക്ഷമമല്ലാത്തതും ലാഭപ്രതീക്ഷ ഇല്ലാത്തതുമായ എല്ലാത്തിനെയും പുറംതള്ളുകയെന്ന മുതലാളിത്ത താത്പര്യം മലയാളികുടുംബങ്ങളെ അപകടകരമായ തോതില്‍ ഗ്രസിച്ചിരിക്കുന്നു. വൃദ്ധമാതാപിതാക്കള്‍ തെരുവിലെറിയപ്പെടുന്നത് അങ്ങനെയാണ്. ഒരാള്‍ക്ക് വേണ്ടി പണം ചെലവഴിക്കുമ്പോള്‍, അയാള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുമ്പോള്‍, തല ചായ് ക്കാന്‍ ഇടം നല്‍കുമ്പോള്‍ തനിക്കെന്തു തിരിച്ചുകിട്ടും എന്ന കമ്പോളചിന്തയെ മനസില്‍ നിന്ന് കുടിയിറക്കിക്കൊണ്ടല്ലാതെ ഇതിനൊരു പരിഹാരം സാധ്യമല്ല.
ഒരു മനുഷ്യന്റെ ലൈംഗികജീവിതം അയാളുടെ മാത്രമായ തിരഞ്ഞെടുപ്പാണ്. സ്ത്രീക്കും പുരുഷനും അതങ്ങനെത്തന്നെയാണ്. ഒറ്റക്ക് ജീവിക്കുന്ന പുരുഷന് എല്ലാ വികാരങ്ങള്‍ക്കുമേലും നിയന്ത്രണം സാധ്യമാണ്, സ്ത്രീകള്‍ക്ക് അത് സാധ്യമല്ല- മലയാളികളില്‍ നല്ലൊരു ശതമാനം പങ്കിടുന്ന ധാരണയാണിത്. ഗള്‍ഫില്‍ ഒറ്റക്ക് ജീവിക്കുന്ന പുരുഷന്റെ “കാര്യങ്ങള്‍’ എങ്ങനെ നടക്കുന്നു എന്നതില്‍ ആര്‍ക്കും ആധിയില്ല! നാട്ടില്‍ ജീവിക്കുന്ന അവരുടെ ഭാര്യമാരുടെ “കാര്യങ്ങള്‍’ എങ്ങനെ നടന്നുപോകുന്നു എന്നറിയാന്‍ ഏതറ്റം വരേക്കും പോകും മലയാളിയുടെ മനോവൈകൃതം! ഗള്‍ഫില്‍ ഒറ്റക്ക് ജീവിക്കുന്ന പുരുഷനെ വശീകരിച്ചേക്കാം എന്ന് ചിന്തിക്കുന്ന സ്ത്രീകളുണ്ടാകില്ല; ലൈംഗികവൃത്തി തൊഴിലാക്കിയവരല്ലാതെ. പക്ഷേ നാട്ടില്‍ ഒറ്റക്കായിപോകുന്ന സ്ത്രീജീവിതങ്ങളെ എളുപ്പത്തില്‍ വശത്താക്കാം എന്ന് ചിന്തിക്കുന്ന മലയാളിപുരുഷന്മാരുടെ എണ്ണം കുറച്ചൊന്നുമല്ല. വിപണിയിലെ അനേകം ചരക്കുകളിലൊന്നായി സ്ത്രീശരീരത്തെ കാണുന്ന സാമൂഹികമനസ് മലയാളികള്‍ക്കുണ്ട്. ആദ്യം ചികിത്സിക്കേണ്ടത് രോഗഗ്രസ്തമായ ആ മനസാണ്.


ഇതുവരേക്കും വിവാഹം നടന്നിട്ടില്ലാത്ത, പ്രായം മുപ്പതു കടന്ന ഒരു യുവതി. നല്ലൊരു ജോലിക്ക് വേണ്ടി അവര്‍ വാതിലുകള്‍ മാറിമാറി മുട്ടുന്നു. കുറച്ചു കാലമായി ഇതുതന്നെയാണ് പണി, ജോലിയന്വേഷണം. മികച്ച ജോലി പലരും ഓഫര്‍ ചെയ്യുന്നുണ്ട്. പക്ഷേ വ്യവസ്ഥയുണ്ട്. ഒരുമിച്ചു ട്രിപ്പ് പോകണം. ചുമ്മാ ഒന്ന് കറങ്ങി മനസിന്റെ ടെന്‍ഷനൊക്കെ കുറക്കാലോ എന്നാണത്രെ ഒരാള്‍ പറഞ്ഞത്. വേറെ ചിലര്‍ മറയില്ലാതെ തന്നെ “കാര്യം’ പറയുന്നു. പ്രതികരണം “നോ’ എന്നാകുന്നതോടെ “വിവരമറിയിക്കാം’ എന്ന അരവരി മറുപടിയില്‍ ആ വാതിലടയുന്നു. “കെട്ടുപ്രായം’ കടന്നുനില്‍ക്കുന്ന പെണ്ണിന്റെ ശരീരത്തിലേക്കുള്ള വാതില്‍ ഒറ്റയുന്തിനു തള്ളിതുറക്കാമെന്നു വിചാരിക്കുന്നതിനെക്കാള്‍ വിഭ്രാന്തമായ ഒരവസ്ഥ മലയാളിക്ക് വന്നുചേരാനുണ്ടോ? ■

Share this article

About മുഹമ്മദലി കിനാലൂര്‍

mdalikinalur@gmail.com

View all posts by മുഹമ്മദലി കിനാലൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *