ആണാക്കി പരിഹരിക്കേണ്ട വൈകല്യമല്ല പെണ്‍സ്വത്വം

Reading Time: 5 minutes

പെണ്‍സ്വത്വങ്ങള്‍ക്ക് അനുഗുണമായ ഇടങ്ങൾ
നിഷേധിക്കപ്പെടരുത്. പക്ഷേ, പെണ്ണിനെ ആണാക്കുന്ന അപ്രായോഗിക ബോധമാകരുത് സമത്വവാദം.

സമത്വത്തിന്റെയും തുല്യതയുടെയും പേരില്‍ നിരവധി ബഹളങ്ങള്‍ നടക്കുകയും അപ്പേരില്‍ വിവിധ ഗൂഢ അജണ്ടകള്‍ ഒളിച്ചുകടത്തപ്പെടുകയും ചെയ്യുന്ന കാലത്താണ് നമ്മളുളളത്. യഥാര്‍ഥത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടതും അപ്രസക്തമായ പ്രതീക്ഷകള്‍ വഹിക്കുന്നതുമായ വാക്കുകളാണ് സമത്വവും തുല്യതയും. മറ്റു നിരവധി പരാജയങ്ങളുടെ ഭാരം മനുഷ്യന്‍ എളുപ്പത്തില്‍ കൈയൊഴിയാറുള്ളതും അസമത്വത്തെ പഴിചാരിക്കൊണ്ടാണ്.
വിവേചനം, വ്യത്യാസം എന്നീ രണ്ടു അര്‍ഥങ്ങളുടെ വിപരീതമായി വരാനിടയുള്ളതാണ് സമത്വം അല്ലെങ്കില്‍ തുല്യത എന്ന ആശയം. വിവേചനത്തിന്റെ മറുവശത്ത് വരുന്ന സമത്വം എന്ന ആശയത്തിനു മാത്രമേ ഏതെങ്കിലും തരത്തില്‍ സാമൂഹിക പ്രസക്തിയുള്ളൂ. വ്യത്യാസങ്ങളെ ഇല്ലായ്മ ചെയ്യുന്ന/ വൈവിധ്യങ്ങളോട് കലഹിക്കുന്ന സെന്‍സിലാണെങ്കില്‍ തുല്യതയുടെ പേരിലുള്ള ബഹളങ്ങള്‍ ഒന്നുകില്‍ ദുരുദ്ദേശ്യപരമാണ്, അല്ലെങ്കില്‍ അവിവേകപരവും മറ്റുനിരവധി സാമൂഹിക പ്രശ്‌നങ്ങളിലേക്ക് വഴിതുറക്കുന്നതുമാണ്.
മനുഷ്യര്‍ തമ്മില്‍ പരസ്പരം വിവേചനം കാണിക്കാന്‍ പാടില്ല എന്നത് പൊതുവെ അംഗീകരിക്കപ്പെടുന്ന തത്വമാണ്, വിശേഷിച്ച് അത് അനീതിയിലോ അമാന്യതയിലോ അധിഷ്ഠിതമാകുമ്പോള്‍. ഒരേ തലത്തിലുള്ള മനുഷ്യരില്‍ ചിലര്‍ക്ക് വേദനയുണ്ടാക്കുന്ന രീതിയിലുള്ള വിവേചനം, അവസരങ്ങള്‍ നിഷേധിക്കുന്ന രീതിയിലുള്ള വിവേചനം, മനുഷ്യന്‍ എന്ന രീതിയില്‍ അര്‍ഹിക്കുന്ന ബഹുമാനം നിഷേധിക്കപ്പെടുന്ന വിവേചനം തുടങ്ങിയവയൊക്കെ, മനുഷ്യന്റെ സാംസ്‌കാരികവും മാനവികവുമായ ഔന്നത്യത്തിനു വിഘാതമാണ്.
അതേ സമയം മനുഷ്യന്റെ സാമൂഹിക ജീവിതം വൈവിധ്യങ്ങളിലധിഷ്ഠിതമാണ്. വ്യക്തികളുടെ കഴിവുകള്‍, താത്പര്യങ്ങള്‍, ആവശ്യങ്ങള്‍, അനുഭവങ്ങള്‍, മനോഭാവങ്ങള്‍, വൈകാരിക പ്രകൃതങ്ങള്‍ തുടങ്ങി എല്ലാം തീര്‍ത്തും വ്യത്യസ്തവും പലപ്പോഴും വിരുദ്ധവുമാണ്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ലഭിക്കേണ്ടതോ നല്‍കപ്പെടേണ്ടതോ ഒരേ കാര്യമല്ല, അവരവര്‍ക്ക് ആവശ്യമുള്ളതാണ് എന്നതില്‍ സംശയത്തിനിടമില്ല.
ഒരു മതിലിനപ്പുറത്ത് നടക്കുന്ന മത്സരം കാണാന്‍ കുറച്ചു കുട്ടികള്‍ ആവേശപൂര്‍വം മതിലിനിപ്പുറത്ത് നില്‍ക്കുന്നുവെന്ന് കരുതുക. അവരില്‍ ഉയരമുള്ളവരുണ്ട്, നീളക്കുറവുള്ളവരുണ്ട്, എത്ര നേരവും നില്‍ക്കാനാവശ്യമായ സ്റ്റാമിനയുള്ളവരുണ്ട്, വേഗത്തില്‍ തളരുന്നവരുണ്ട്, കാറ്റു കിട്ടാന്‍ വെയില്‍ കൊണ്ടാലും കുഴപ്പമില്ലെന്നു കരുതുന്നവരും കാറ്റില്ലെങ്കിലും വേണ്ട, വെയില്‍ കൊള്ളാനാവില്ലെന്നു കരുതുന്നവരുമുണ്ട്, ദൂരക്കാഴ്ച കുറവുള്ളവരും കേള്‍വി പ്രശ്‌നമുള്ളവരുമുണ്ട്.
ഇവിടെ എല്ലാവര്‍ക്കും നല്‍കേണ്ടത് ഒരേ സപ്പോര്‍ട്ടോ പരിഗണനയോ അല്ലെന്നത് വളരെ അടിസ്ഥാനപരമായ അറിവാണ്. സൗകര്യമുള്ള ഉയരം കിട്ടാന്‍ ചിലര്‍ക്ക് രണ്ടടി ഉയരമുള്ളൊരു സ്‌റ്റെപ്പാണ് വേണ്ടതെങ്കില്‍ വേറൊരാള്‍ക്ക് നാലടി വേണ്ടി വരും. അങ്ങനെ ഓരോരുത്തര്‍ക്കും ഏറ്റവും അനുയോജ്യമായത് നല്‍കുമ്പോഴാണ് സന്തോഷത്തോടെയും പ്രശ്‌നങ്ങളില്ലാതെയും എല്ലാ കുട്ടികള്‍ക്കും ആ സാഹചര്യം ആസ്വദിക്കാനാവുക. എല്ലാവരെയും ഒരേ വസ്ത്രമിടീപ്പിക്കുന്നതു കൊണ്ടോ ഒരേ സ്‌റ്റെപ്പില്‍ കയറ്റി നിര്‍ത്തുന്നതു കൊണ്ടോ അല്ലെങ്കില്‍, പ്രത്യക്ഷത്തില്‍ “തുല്യത’ എന്നു പറയാവുന്ന സംവിധാനങ്ങള്‍ ചെയ്തതു കൊണ്ടോ, ഒരുപക്ഷേ എല്ലാവര്‍ക്കും, അല്ലെങ്കില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാവുകയാണ് ചെയ്യുക.
അതിനെ “ഡിഫറന്‍സ് ന്യൂട്രല്‍’ എന്ന് ഓമനപ്പേരിട്ട്, യൂനിഫോമിറ്റിയെന്നു ലേബലിട്ട്, പുരോഗമനമെന്ന് ആഘോഷിക്കുന്നതു കൊണ്ട് ഗുണത്തേക്കാളേറെ ദോഷമേ വരാനിടയുള്ളൂ. ചിലര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായി തോന്നാം, ചിലര്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്നു തോന്നാം, ചിലര്‍ക്ക് സംതൃപ്തി കിട്ടാതെ വരാം. അത്തരം വികാരഭംഗങ്ങള്‍ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാവാം നയിക്കുന്നത്.
ഇങ്ങനെ ഉദാഹരണ സഹിതം വിശദീകരിക്കുന്നതു പോലും അനാവശ്യമാവുന്നവിധം ലളിതവും അടിസ്ഥാനപരവുമായ കാര്യങ്ങളാണ് ഇതൊക്കെ. എല്ലാ മനുഷ്യര്‍ക്കും അറിയാവുന്നതും എല്ലാവരും അംഗീകരിക്കുന്നതും. പക്ഷേ, ചില പ്രൊപഗണ്ടകള്‍, ചില ലേബലുകള്‍, ടെര്‍മിനോളജികള്‍, ആസൂത്രിതമായ ആഘോഷങ്ങള്‍, സൈദ്ധാന്തികമെന്നു തോന്നിക്കുന്ന നരേറ്റീവുകള്‍ തുടങ്ങിയവയൊക്കെ, നമ്മുടെ അടിസ്ഥാന ബോധ്യങ്ങളെയും അറിവുകളെയും ആശയക്കുഴപ്പത്തിലാക്കിയെന്നുവരും. സൂക്ഷ്മമായും വിമര്‍ശനപൂര്‍വവും അഭിമുഖീകരിച്ചില്ലെങ്കില്‍ നമ്മെ പരസ്പര വിരുദ്ധമായ നിലപാടുകളിലെത്തിക്കാനും ആ വൈരുധ്യങ്ങള്‍ ശരിയാണെന്നു താത്കാലികമായി തോന്നിപ്പിക്കാനും ഇത്തരം ആശയപരമായ വേഷംകെട്ടുകള്‍ക്ക് കഴിഞ്ഞെന്നുവരും.
പഴയതായിരിക്കുക എന്നത് ആക്ഷേപകരമെന്ന രീതിയില്‍ അവതരിപ്പിക്കുന്നവര്‍ തന്നെയാണ് നൂറുവട്ടം പഴയതായിരിക്കുന്ന മറ്റു പലതിനെയും പുരാതനമെന്നോ ക്ലാസിക്കലെന്നോ ഒരുപക്ഷേ ആധുനികമെന്നോ പുരോഗമനപരമെന്നോ പറഞ്ഞുകൊണ്ടുവരിക, ജനാധിപത്യത്തെ പോലെ. അതിനര്‍ഥം പഴയതായിരിക്കുന്നത് ഒന്നിന്റെയും മൂല്യം കുറക്കുന്നില്ല എന്നാണ്, പലപ്പോഴും മൂല്യവും ഈടും അതിലുള്ള കോണ്‍ഫിഡന്‍സും വര്‍ധിപ്പിക്കുയേ ഉള്ളൂവെന്നാണ്.
എന്നിട്ടും, പഴയത്, പഴഞ്ചന്‍, അല്ലെങ്കില്‍ പഴയതിലേക്ക് കൊണ്ടുപോകുന്നവന്‍ എന്ന അര്‍ഥത്തില്‍ പിന്തിരിപ്പന്‍ എന്നൊക്കെ പ്രയോഗിക്കപ്പെടുമ്പോള്‍ അത് ആക്ഷേപകരമാണ് എന്ന തോന്നല്‍ നമ്മില്‍ ഉത്പാദിപ്പിക്കുന്നതിലും അതിനെ പ്രതിരോധിക്കാന്‍ നമ്മെ തന്നെ നിര്‍ബന്ധിതരാക്കുന്നതിലും പലരും വിജയിക്കുന്നു. അതിലേറെ ഇത്തരം “കണ്‍ഫ്യൂഷന്‍ ഏജന്‍സികള്‍’ സ്വയം തന്നെ ഈ വൈരുധ്യം തിരിച്ചറിയാതെ ആത്മവഞ്ചനയിലകപ്പെടുകയും മറ്റുള്ളവരെ അതേ ട്രാപ്പിലേക്ക് വലിച്ചു കൊണ്ടുവരികയും ചെയ്യുന്നു. ഒഴുക്ക് എങ്ങോട്ടായാലും അതിനൊപ്പം ഒഴുകുകയും അതിനെ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്ന ആധുനിക ഭരണകൂട മനോഭാവവും മാധ്യമ പൊതുബോധവും ഇത്തരം ട്രാപ്പുകളുടെ മാർകറ്റിംഗും നടത്തിപ്പും ഏറ്റെടുക്കുകയും ചെയ്യുന്നു.
ചില ലേബലുകള്‍, ടേമുകള്‍, ആഘോഷങ്ങള്‍, മാർകറ്റിംഗുകള്‍, പ്രൊപഗണ്ടകള്‍ തുടങ്ങിയവയൊക്കെ, ഉള്ളില്‍ കാമ്പില്ലാതെയും ഒട്ടും ലോജിക്കില്ലാതെയുമിരുന്നിട്ടും, സമൂഹ മനസിനെ വഞ്ചിക്കുകയും വ്യാജമോ അപ്രസക്തമോ വൈരുധ്യാത്മകമോ ആയ നിലപാടുകളിലേക്ക് സമൂഹമനസിനെ വഴിതെറ്റിച്ചു കൊണ്ടുപോകുകയും ചെയ്യുന്നതെങ്ങനെയെന്നതിന്റെ ഉദാഹരണങ്ങളാണിതെല്ലാം.
സ്വാഭാവികമായും ഈ വ്യാജത്തില്‍ വഞ്ചിതരാവുന്നവര്‍ അതിന്റെ മറുവശത്തുള്ള യാഥാര്‍ഥ്യത്തിന്റെയും അര്‍ഥസമ്പന്നമായ നിലപാടുകളുടെയും പ്രതിപക്ഷത്തായിപ്പോകുന്നു. പലപ്പോഴും ഇത്തരം വ്യാജനിര്‍മിതികള്‍ മനുഷ്യന്റെ ശാരീരികേഛകളുടെയും പൈശാചിക ചോദനകളുടെയും അപ്രായോഗിക വ്യാമോഹങ്ങളുടെയും അതേ അലൈന്‍മെന്റില്‍ വരുമ്പോള്‍ മനുഷ്യന് അതിനോടു ചേര്‍ന്നുനില്‍ക്കാനുള്ള വൈകാരിക പ്രേരണ കൂടെയുണ്ടാവുന്നു. മനുഷ്യന്റെ തീരുമാനങ്ങളെ മിക്കപ്പോഴും സ്വാധീനിക്കുന്നത് വികാരങ്ങളാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
ഇതിന്റെ ഭാഗമാണ് സമത്വത്തിന്റെയും തുല്യതയുടെയും പേരില്‍ നടക്കുന്ന പല ബഹളങ്ങളും. ഓരോ വ്യക്തിക്കും ഓരോ സമൂഹത്തിനും ഓരോ ജന്‍ഡറിനും ഒക്കെ അവര്‍ക്ക് ആവശ്യവും അനുഗുണവുമായത് അനുവദിക്കപ്പെടുകയും അവരുടെ സ്വത്വവും കഴിവുകളും സാധ്യതകളും നിലനിര്‍ത്താനും വികസിപ്പിക്കാനും നല്ല രീതിയില്‍ ഉപയോഗപ്പെടുത്താനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുകയാണ് ശരിക്ക് സമത്വം എന്നത് കൊണ്ട് അര്‍ഥമാക്കേണ്ടത്. അതോടൊപ്പം അവസര നിഷേധങ്ങളും ജനനത്തിന്റെ പേരിലുള്ള അവഗണനകളുമൊക്കെ ഇല്ലാതിരിക്കുകയും. ഇങ്ങനെ അര്‍ഥമാക്കുമ്പോള്‍, അഥവാ വിവേചനത്തിനെതിരു നില്‍ക്കുമ്പോള്‍ മാത്രമേ വൈവിധ്യങ്ങളുടെ ലോകത്ത് സമത്വത്തിന് പോസിറ്റീവായ ഇടമുള്ളൂ.
എല്ലാവര്‍ക്കും എല്ലാം ഒരേ പോലെ എന്ന രീതിയിലുള്ള തുല്യതക്കോ സമത്വത്തിനോ വേണ്ടിയുള്ള മുറവിളി ഒന്നുകില്‍, പ്രകടമായൊരു വിഡ്ഢിത്തത്തെ, സാമാന്യ ബുദ്ധിയെ പോലും ഹൈജാക്ക് ചെയ്ത്, ആകര്‍ഷകമായി അവതരിപ്പിക്കുന്നതില്‍ ആരോ വിജയിച്ചു എന്നതിന്റെ അടയാളമാണ്. അല്ലെങ്കില്‍ ഏതോ ഗൂഢലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രൊപഗണ്ട സജീവമായി മുഖ്യധാരയെ സ്വാധീനിക്കുന്നു എന്നതിന്റെ സൂചനയാണ്.
ഇത്തരത്തിലൊരു സമത്വ സിദ്ധാന്തം അവതരിപ്പിക്കപ്പെടുന്നതില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. നിലവില്‍ നിരവധി വൈവിധ്യങ്ങളുണ്ടായിരിക്കെ, സമത്വം അല്ലെങ്കില്‍ തുല്യത നടപ്പാക്കപ്പെടുമ്പോള്‍ ഏതാണ് മാനകമായി പരിഗണിക്കപ്പെടുക എന്നതാണ് ഒരു പ്രശ്‌നം. അഥവാ, തുല്യത സാധ്യമാവണമെങ്കില്‍ ഒന്നിനെ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ബാക്കിയുള്ളതിനെ ആ ഒന്നിലേക്ക് അല്ലെങ്കില്‍ അതിന്റെ വിതാനത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയും വേണമല്ലോ. ഏതിനെയാണ് നല്ലത് അല്ലെങ്കില്‍ ഉന്നതമായി കാണേണ്ടത്? ഏതിനെയാണ് ഇല്ലായ്മ ചെയ്യേണ്ടത് അല്ലെങ്കില്‍ കുറച്ചു കൊണ്ടുവരേണ്ടത്? അങ്ങനെ തീരുമാനിക്കുന്നതിന്റെ മാനദണ്ഡം എന്തായിരിക്കും? ഒന്നിനെ ഉന്നതവും മറ്റൊന്നിനെ അധമമെന്നും തീരുമാനിക്കുമ്പോഴുണ്ടാകുന്ന സൈഡ് എഫക്ടുകളെന്തായിരിക്കും? തുടങ്ങി നിരവധി സമസ്യകളെ അഭിമുഖീകരിക്കേണ്ടി വരും.
പ്രായോഗികമായ ഉദാഹരണത്തിലേക്കു വന്നാല്‍, സ്ത്രീ – പുരുഷ സമത്വം അഥവാ ലിംഗ സമത്വം എന്ന മുദ്രാവാക്യം സാധ്യമാകുന്നത് എങ്ങനെയായിരിക്കും? സ്ത്രീയെ കൂടുതല്‍ പുരുഷനാക്കിക്കൊണ്ടാണോ പുരുഷനെ കൂടുതല്‍ സ്ത്രീയാക്കിക്കൊണ്ടാണോ അല്ലെങ്കില്‍ രണ്ടു വര്‍ഗത്തിലും പാതി വീതം മാറ്റം സാധ്യമാക്കിക്കൊണ്ടാണോ അതു നടപ്പിലാക്കേണ്ടത്? നിലവിലെ സമത്വബഹളങ്ങളും സ്ത്രീകള്‍ക്കു വേണ്ടിയെന്ന് സ്വയം നടിക്കുന്ന ഫെമിനിസം പോലും ഒന്നാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെന്ന് തോന്നുന്നു. അഥവാ സ്ത്രീയെ കൂടുതല്‍ പുരുഷനാക്കാനുള്ള ശ്രമം.
യഥാര്‍ഥത്തില്‍ അള്‍ട്രാ ഫെമിനിസ്റ്റുകളെങ്കിലും ശ്രമിക്കേണ്ടത് തിരിച്ചായിരുന്നു, അഥവാ സ്ത്രീ സ്വത്വത്തെ ഉന്നതമായി അവതരിപ്പിക്കുകയും പരമാവധി പുരുഷന്‍മാരെ ആ വിതാനത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുകയും. പക്ഷേ, അവര്‍ പോലും ഉന്നതമായി നിശ്ചയിച്ചിരിക്കുന്നത് പുരുഷരീതികളെയാണ്, പുരുഷ ലോകത്തെയാണ്. അതിലേക്ക് സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനും വഴിയിലുള്ള പ്രതിബന്ധങ്ങള്‍ മാറ്റിയെടുക്കാനുമാണ് അവരുടെ ബഹളങ്ങളൊക്കെയും.
അതു കൊണ്ടാണ്, കേരളത്തിലെ ജന്‍ഡര്‍ ന്യൂട്രല്‍ വിവാദങ്ങളുണ്ടായപ്പോള്‍, മസ്‌കുലിനിറ്റി (പുരുഷത്വം) ആണ് ഏറ്റവും ഉന്നതമായ ഗുണമെന്നും അതിലേക്ക് സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമമെന്ന നിലയില്‍ അതിനെ സ്വാഗതം ചെയ്യാമെന്നും തമാശയായോ കാര്യമായോ ഫെമിനിസ്റ്റ് വിരുദ്ധരായ, പുരഷപക്ഷക്കാരായ ചിലരെങ്കിലും ചിന്തിച്ചത്. സ്ത്രീകള്‍ക്കു വേണ്ടി ജന്‍ഡര്‍ ന്യൂട്രല്‍ ക്യാമ്പയിന്‍ നടത്തിയ മാതൃഭൂമി പത്രത്തില്‍ തന്നെ, അനുകൂലികളായ സ്ത്രീകള്‍ പറഞ്ഞത്, ആണ്‍കുട്ടികളുടെ യൂനിഫോം ധരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ചാടാനും ഓടാനുമൊക്കെ കൂടുതല്‍ ആത്മവിശ്വാസവും സൗകര്യവും കിട്ടുന്നുവെന്നാണ്. അഥവാ പെണ്‍കുട്ടികളെ കൂടുതലായി ചാടാനും ഓടാനും അത്തരം കാര്യങ്ങളില്‍ ആണിനൊപ്പമെത്തിക്കാനും കഴിയുന്നൊരു മൂവ്‌മെന്റാണ് അവരുടെ സമത്വ മൂവ്‌മെന്റ് എന്നര്‍ഥം.
ആണ്‍കുട്ടികള്‍ക്ക് ജൈവികമായും സഹജമായും ചരിത്രപരമായും കൂടുതല്‍ മികവുണ്ടാകുന്ന, ഒരുപക്ഷേ ഒരിക്കലും പെണ്‍സമൂഹത്തിന് ആണിനെ സമ്പൂര്‍ണമായും അതിജയിക്കാനോ ഒപ്പം പിടിക്കാനോ കഴിയാത്ത മേഖലയില്‍ ആണിനോടൊപ്പമെത്തുമ്പോഴേ സമത്വം സാധ്യമാകൂ എന്നു കരുതുകയും അതിനു വേണ്ടി പണിയെടുക്കുകയും അതിന്റെ പേരില്‍ നൈസര്‍ഗികമായ പെണ്‍സ്വത്വത്തില്‍ പെണ്‍കുട്ടികളില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുകയും ചെയ്യുകയാണ് ഈ സമത്വവാദവും തുല്യതാ ശ്രമവുമെന്ന് സ്വയം തിരിച്ചറിയുന്നില്ലെന്നു മാത്രമല്ല, അത് ഓര്‍മപ്പെടുത്തുന്നവരെ സ്ത്രീവിരുദ്ധതയുടെ മുദ്രകുത്തി നിശബ്ദരാക്കാന്‍ കൂടിയുള്ള ശ്രമമാണ് നടക്കുന്നത്. ആഫ്രിക്കക്കാരോടും വെള്ളക്കാരോടും കൂടെ ഒളിമ്പിക്‌സിലെ ഓട്ടമത്സരങ്ങളില്‍ ദക്ഷിണേഷ്യക്കാര്‍ക്ക് എന്നും ബാക്കിയാവുന്ന മോഹഭംഗത്തിന്റെ ഇടം തന്നെ പെണ്ണുങ്ങള്‍ക്കായി റിസര്‍വ് ചെയ്യുകയാണ് യഥാര്‍ഥത്തില്‍ ഈ മൂവ്‌മെന്റ്.
ഇതോടൊപ്പം പെണ്ണിനു സഹജമായി മികവുള്ളതും പെണ്ണിനു മാത്രം ശോഭിക്കാന്‍ കഴിയുന്നതുമായ ഗുണങ്ങളെയൊക്കെ രണ്ടാംകിടയായി പരിചയപ്പെടുത്തുകയും ആ ഗുണങ്ങളില്‍ അപകര്‍ഷതാ ബോധം ഉത്പാദിപ്പിക്കുയും അതുവഴി പ്രകൃതിപരമായ പെണ്‍സ്വത്വത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ പെണ്‍കുട്ടികളെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യുക വഴി, പെണ്‍സ്വത്വം ഭാഗികമായെങ്കിലും നഷ്ടപ്പെട്ടതും ഒരിക്കലും ഒറിജിനല്‍ പുരുഷ സ്വത്വത്തോട് മത്സരിക്കാനോ ഒപ്പമെത്താനോ കഴിയാത്തതുമായ ഒരുതരം സങ്കര സ്വത്വത്തിലേക്കും അതിന്റെ മോഹഭംഗങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും സ്ത്രീ സമൂഹത്തെ നയിക്കുകയും അതു വഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മനുഷ്യരാശിയുടെ ഭദ്രമായ നിലനില്‍പ്പിനു തന്നെ ഭീഷണി സൃഷ്ടിക്കുകയുമാണ് ഈ സമത്വവാദം ചെയ്യുന്നത്.
പെണ്ണിനെ പെണ്ണല്ലാതാക്കുകയും ആണാക്കുന്നതില്‍ ഒരിക്കലും വിജയിക്കാതിരിക്കുകയും ഗര്‍ഭധാരണം, പ്രസവം, ശിശു ശുശ്രൂഷ മുതല്‍ പെണ്ണിനു മാത്രം ചെയ്യാന്‍ കഴിയുന്ന ധര്‍മങ്ങളില്‍ നിന്ന് പെണ്‍സമൂഹത്തെ അകറ്റുകയും ചെയ്തുകൊണ്ട്, പെണ്ണിനോടും മനുഷ്യരാശിയുടെ വരുംതലമുറയോടും ചെയ്യുന്ന വലിയ ക്രൂരതയായിട്ടാണ് ഈ സമത്വവാദവും തുല്യതാ ശ്രമവും കലാശിക്കുക. മാത്രമല്ല, പെണ്‍സ്വത്വവും പെണ്‍ഗുണങ്ങളും പെണ്‍ലോകവും ഭാഗികമായി നഷ്ടപ്പെട്ട മാതാക്കളെ സമ്മാനിച്ചുകൊണ്ട് വരുംതലമുറയിലെ കുഞ്ഞുങ്ങളെ കൂടിയാണ് പരിഹരിക്കാനാവാത്ത പ്രശ്‌നത്തിലേക്ക് ഇതു തള്ളിയിടുക.
ആണിനോട് മത്സരിക്കാനും ആണ്‍ ഗുണങ്ങളും ആണ്‍ലോകവും കൈയിലൊതുക്കാനും ശ്രമിക്കുന്ന സ്ത്രീകള്‍ മാതാക്കളാകുന്ന ലോകത്ത് കുഞ്ഞുങ്ങള്‍ക്ക് നല്ല മാതൃത്വം കിട്ടുമെന്നു കരുതാനൊക്കുമോ? മാതാവിന്റെതെന്ന് സമൂഹം എഴുതി വെച്ച റോളുകള്‍ പെണ്ണിന്റെ മാത്രമല്ലെന്നും ആണിന്റേത് കൂടിയാണെന്നും സ്ഥാപിച്ച് ആണിനെ ഭാഗികമായി മാതാവു കൂടെയാക്കിയാല്‍ പരിഹരിക്കാനാവുന്നതായിരിക്കുമോ ഈ പ്രശ്‌നം? വീട്ടിലെ പാചകവും ക്ലീനിങും കുട്ടികളുടെ പരിചരണവും മാതാവും പിതാവും തമ്മില്‍ ഷെയര്‍ ചെയ്യാന്‍ പാടില്ലെന്നല്ല പറയുന്നത്, അത്തരം ഷെയറിങ് കൊണ്ടു തീരുന്നതുമല്ല, സ്‌ത്രൈണതയും പെണ്‍സ്വത്വവും നഷ്ടപ്പെട്ട മാതാക്കളുണ്ടാക്കാന്‍ പോകുന്ന പ്രതിസന്ധി.
രണ്ടു വിരുദ്ധ/ വ്യത്യസ്ത സ്വത്വങ്ങള്‍ക്കിടയില്‍ സമത്വം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അഭിമുഖീകരിക്കേണ്ട ചോദ്യങ്ങള്‍ ചിലത് മുകളില്‍ സൂചിപ്പിച്ചല്ലോ. അതില്‍ ഓരോന്നിലും ഈ പ്രകിയ പ്രയോഗിച്ചു നോക്കിയാല്‍ രസകരവും ഭീകരവുമായിരിക്കും കാര്യങ്ങള്‍. ഏതിനെ മാനകമാക്കണം, ഏതിനെ ഒഴിവാക്കണം എന്നൊരു ചോദ്യത്തിന്, പുരുഷഗുണങ്ങളെയും പുരുഷലോകത്തെയും ഉന്നതമായി കരുതിയും, പെണ്‍ഗുണങ്ങളെയും പെണ്‍സ്വത്വത്തെയും കാലങ്ങള്‍ കൊണ്ടു അടിച്ചേല്‍പ്പിച്ചതാണെന്നു കുറ്റപ്പെടുത്തിയും അങ്ങനെ അതിനെ രണ്ടാംതരമായി ലേബല്‍ ചെയ്തും നടത്തുന്ന സമത്വ ശ്രമം കൊടിയ അനീതിയിലേക്കും തീരാത്ത പ്രശ്‌നങ്ങളിലേക്കുമായിരിക്കും നയിക്കുകയെന്നു കണ്ടല്ലോ. ഇതിന്റെ ആവര്‍ത്തനം ഇത്തരം സമത്വശ്രമങ്ങളുയര്‍ത്തുന്ന നിരവധി ചോദ്യങ്ങളില്‍ കാണാനാവും.
തുല്യതയുള്ള ആളുകളിലോ സാഹചര്യങ്ങളിലോ പോലും വ്യത്യസ്തമായ റോളുകള്‍ സ്വീകരിക്കുന്നതും വിജയകരവും പൂര്‍ണതയുമുള്ളതുമായ മനുഷ്യ സംവിധാനങ്ങള്‍ സാധ്യമാകാന്‍ ആവശ്യമായി വന്നേക്കും. അവിടെ സമത്വവും തുല്യതയും അപ്രസക്തമായിരിക്കും. ഒരു ഫുട്ബാള്‍ ടീമില്‍ സമത്വം നോക്കി എല്ലാവര്‍ക്കും ഒരേ റോള്‍ അല്ല നല്‍കപ്പെടുക. ഓരോരുത്തരുടെയും കഴിവിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താവുന്ന റോളുകളാണ് നല്‍കപ്പെടുക. സ്റ്റോപ്പര്‍ ബാക്കിന്റെ കഴിവുള്ളവന്റെ പേര് ഗോള്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ കൂടുതല്‍ വരാത്തതുകൊണ്ടോ, ഗോള്‍ നേട്ടം ആഘോഷിക്കാനാവാത്തതുകൊണ്ടോ തനിക്കു സ്‌ട്രൈക്കറുടെ റോള്‍ വേണമെന്നു അയോളോ, ആഘോഷ സ്വഭാവമുള്ള റോളുകള്‍ വീതിച്ചുകൊടുക്കണമെന്നും അതിനാല്‍ മുന്‍നിരയില്‍ പകുതി അവസരം ഈ സ്റ്റോപ്പര്‍ ബാക്കിനു നല്‍കണമെന്നും സമത്വവാദികളോ പറയുന്നതില്‍ അര്‍ഥമില്ല. അതു പ്രസക്തവുമല്ല.
ഇനി ഒരു ടീമില്‍ ആറു കളിക്കാര്‍ എല്ലാ കാര്യത്തിലും ഒരേ കഴിവുള്ള ഓള്‍റൗണ്ടര്‍മാരാണെന്നു സങ്കല്‍പിക്കുക. അപ്പോഴും എല്ലാവരെയും ഫോര്‍വേഡായോ മിഡ്ഫീല്‍ഡിലോ അല്ല നിയോഗിക്കപ്പെടുക. ചിലര്‍ മുന്‍നിരയിലും ചിലര്‍ മധ്യനിരയിലും ചിലര്‍ വിങ്ങിലുമായിരിക്കും നിയോഗിക്കപ്പെടുക. അപ്പോഴേ ടീം എന്ന നിലയില്‍ അവര്‍ക്ക് ശോഭിക്കാനും അതുവഴിയുള്ള നേട്ടങ്ങള്‍ എല്ലാവര്‍ക്കും പങ്കിടാനും കഴിയൂ. മുന്‍നിരക്കാരന്റെ റോള്‍ തന്നെ തനിക്കു വേണമെന്നും ഗോളടിക്കാനുള്ള അവസരങ്ങളും അതുവഴിയുള്ള ആഘോഷവും അവനു കൂടുതല്‍ കിട്ടുന്നുണ്ടെന്നും അതിനാല്‍ ആറുപേരും ഒരേപോലെ മുന്‍നിരയില്‍ കളിക്കുമെന്നും അല്ലാത്ത റോള്‍ വിഭജനങ്ങള്‍ വിവേചനപരമാണെന്നും വാദിച്ച് അവരെല്ലാരും കൂടെ മുന്‍നിരയില്‍ കളിക്കുമ്പോള്‍, സമത്വം കിട്ടി എന്ന സന്തോഷം തത്കാലം കിട്ടുമെങ്കിലും, ഒരു ടീമെന്ന നിലയിലുള്ള പരാജയവും മോശം പെര്‍ഫോമന്‍സും എല്ലാവരും സഹിക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണല്ലോ.
ഇത്തരം ഉപമകള്‍ ഉദ്ധരിക്കുമ്പോള്‍ അവയുടെ ലോജിക്കിനെ അഭിമുഖീകരിക്കുന്നതിനു പകരം ജീവിതം ഫുട്ബാളാണോ എന്നു തുടങ്ങിയ ബാലിശമായ ചോദ്യങ്ങളും പരിഹാസങ്ങളും കൊണ്ട് വസ്തുതകളെ നേരിടാനും വിരുദ്ധമായ കാഴ്ചപ്പാടുകളെയൊക്കെ അവഗണിക്കാനുമുള്ള വ്യഗ്രത പലപ്പോഴും ഇത്തരം അപ്രസക്തമായ സമത്വവാദക്കാരില്‍ കാണാറുള്ളത്, യാഥാര്‍ഥ്യത്തെ നേരിടുന്നത് ഒഴിവാക്കാനുള്ള അബോധമായൊരു ഡിഫന്‍സ് മെക്കാനിസമായിരിക്കാം എന്നു തോന്നുന്നു.
സഹജമായ വൈവിധ്യത്തിന്റെ പേരിലുണ്ടാകുന്ന വ്യത്യസ്ത റോളുകളെപ്പോലെ പ്രധാനമാണ്, വൈവിധ്യമില്ലെങ്കില്‍ പോലും ഒരു സംവിധാനത്തിന്റെ ഫലപ്രദമായ നടത്തിപ്പിനു വേണ്ടി നല്‍കപ്പെടുന്ന റോളുകള്‍ എന്നതും അവിടെയും തുല്യത അല്ലെങ്കില്‍ നിരുപാധിക സമത്വം അപ്രസക്തമാണ് എന്നതുമാണ് സമത്വ വാദത്തിന്റെ മറ്റൊരു മറുവശം. കമ്പനികളില്‍, സംഘടനകളില്‍, ഭരണസംവിധാനത്തില്‍ തുടങ്ങി മനുഷ്യന്റെ കൂട്ടായ സംവിധാനങ്ങളിലെല്ലാം ഇതു പ്രധാനമാണ്. കഴിവുകളും ഗുണങ്ങളും തുല്യമാണെങ്കില്‍ പോലും, അല്ലെങ്കില്‍ തുല്യമാക്കിയെടുക്കാവുന്നതാണെങ്കിലും, ചിലപ്പോഴെങ്കിലും കൂടുതല്‍ മികവുണ്ടെങ്കിലും, കൂട്ടമായി നേടിയെടുക്കേണ്ട ലക്ഷ്യങ്ങള്‍ക്കു വേണ്ടി വ്യത്യസ്ത റോളുകള്‍ സംതൃപ്തിയോടെ സ്വീകരിക്കുമ്പോഴേ മനുഷ്യന് വിജയിക്കാന്‍ പറ്റൂ.
ചിലപ്പോള്‍ പ്രത്യക്ഷത്തില്‍ മുകളിലും താഴെയുമായിരിക്കാം രണ്ടു റോളുകള്‍, ചിലതിനു കൂടുതല്‍ ഹൈലൈറ്റ് കിട്ടിയേക്കാം, ആഘോഷസ്വഭാവമുണ്ടായിരിക്കാം, നേട്ടങ്ങളുടെ ലിസ്റ്റിലും റെക്കോര്‍ഡു ബുക്കിലും കൂടുതല്‍ ഇടം നല്‍കിയേക്കാം, മറ്റു ചിലത് വളരെ സൈലന്റ് റോളുകളായിരിക്കാം, ബാക്ക് ഓഫീസ് ദൗത്യങ്ങളായിരിക്കാം. സ്റ്റേജില്‍ മനോഹരമായി പാടി അഭിനന്ദനം വാങ്ങുന്ന ഗായകന്റെ, നിശബ്ദനായ കോച്ചിന്റെ റോളും ഉന്നതം തന്നെയാണെന്നു തിരിച്ചറിയാതെ, ഗായകനു കിട്ടുന്ന കൈയടികള്‍ കണ്ട് സ്‌റ്റേജില്‍ കയറി പാടാന്‍ ശ്രമിക്കുന്ന കോച്ചിന്റെ ന്യായം സമത്വവും തുല്യതയുമായിരിക്കാമെങ്കിലും അതു പരിഹാസ്യമായിരിക്കുമെന്നും, എല്ലാ കോച്ചുമാരും കൂടെ സംഘടനയുണ്ടാക്കി, മാധ്യമങ്ങളുടെ പിന്തുണയോടെയും ഭരണകൂട സ്‌പോണ്‍സര്‍ഷിപ്പോടെയും സ്‌റ്റേജില്‍ കയറി പാടാനുളള സമത്വം നേടിയെടുക്കുന്നൊരു കാലം വ്യവസ്ഥകളുടെ തകര്‍ച്ചയുടേതായിരിക്കുമെന്നും അത് എല്ലാവരുടെയും ആനന്ദവും ആസ്വാദനവും നഷ്ടപ്പെടുത്തുമെന്നും വിളിച്ചു പറയാന്‍ കുറച്ചു പേരെങ്കിലും ബാക്കിയാവേണ്ടതുണ്ട്.
ചുരുക്കത്തില്‍, നിരുപാധികമായ സമത്വം, വൈവിധ്യങ്ങളെയും വിവിധ ദൗത്യങ്ങളെയും പരിഗണിക്കാതെയുള്ള തുല്യതാവാദങ്ങള്‍ തുടങ്ങിയവയെല്ലാം അപ്രസക്തവും അപകടകരവുമാണ്. മനുഷ്യര്‍ക്കെല്ലാവര്‍ക്കും വര്‍ണമോ ജനന സാഹചര്യമോ ഭാഷയോ തുടങ്ങി ഒന്നിന്റെ പേരിലും വിവേചനമില്ലാതെ, നീതിയിലധിഷ്ഠിതമായി അവരവര്‍ക്ക് വേണ്ടതും അനുഗുണമായതും ലഭിക്കുകയും അതു കണ്ടെത്താനുളള അവസരങ്ങളുണ്ടായിരിക്കുകയും ചെയ്യുന്ന, പരസ്പര നീതിയുടെയും ബഹുമാനത്തിന്റെയും പരിഗണനയുടെയും ലോകമാണ് സാധ്യമാവേണ്ടത്. ആണിനും പെണ്ണിനും അവരുടെ പ്രകൃതത്തോടും താത്പര്യങ്ങളോടും സ്വത്വത്തോടും ദൗത്യങ്ങളോടും ഏറ്റവും നന്നായി യോജിക്കുന്ന, അവരുടെ വ്യക്തിത്വത്തെയും സാധ്യതകളെയും ഏറ്റവും നന്നായി പരിഗണിക്കപ്പെടുന്ന ജീവിത ചുറ്റുപാടുകളും സാഹചര്യങ്ങളും സാമൂഹിക ക്രമവുമാണ് ഉണ്ടാവേണ്ടത്. നിരുപാധിക തുല്യതക്കു പകരം ഇത്തരമൊരു ആശയത്തെയായിരിക്കണം സമത്വം എന്ന ദര്‍ശനം ഉള്‍ക്കൊള്ളേണ്ടത്. അങ്ങനെയുള്ളൊരു സമത്വദര്‍ശനമായിരിക്കണം നമ്മുടെ സ്വപ്‌നവും ലക്ഷ്യവും ■

Share this article

About മുഹ് യിദ്ദീൻ ബുഖാരി

mpmbukhari@gmail.com

View all posts by മുഹ് യിദ്ദീൻ ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *