അറിവിന്റെ അലയടിക്കുന്ന സാഗരം

Reading Time: 2 minutes

ശാഫിഈ കർമശാസ്ത്രധാരയിൽ ഉന്നതശ്രേണീയരായിരിക്കെത്തന്നെ
അശ്അരി വിശ്വാസ സരണിയിലൂന്നി വിശ്വാസവൈകല്യങ്ങളെ എതിർത്തു
തോല്പിച്ച, തസവ്വുഫിന്റെ ഗ്രന്ഥങ്ങൾ സമർപ്പിച്ച ഇമാം ഗസാലിയുടെ(റ) ജീവിതം.

ഹിജ്‌റ 450ല്‍ ആധുനിക ഇറാനിലെ ഖുറാസാനിനടുത്തുള്ള ത്വൂസിലായിരുന്നു ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യ പ്രതിഭയായി ലോകം വാഴ്ത്തുന്ന ഇമാം ഗസാലിയുടെ ജനനം. മുസ്‌ലിം സമൂഹത്തില്‍ ജീര്‍ണതകള്‍ പ്രകടമാവുകയും വിശ്വാസകാര്യങ്ങളില്‍ പോലും പാശ്ചാത്യ തത്വശാസ്ത്ര സ്വാധീനം വെല്ലുവിളി ഉയര്‍ത്തുകയും ചെയ്ത കാലത്ത് ഒരു പരിഷ്‌കര്‍ത്താവായി നിയോഗിതനായ ഇമാം ഗസാലിയുടെ വൈജ്ഞാനിക സംഭാവനകള്‍ ഇന്നും ലോകത്ത് പ്രകാശം പരത്തുന്നു.
സൈനുല്‍ ആബിദീന്‍ ഇബ്ന്‍ അബൂ ഹാമിദ് ബ്ന്‍ മുഹമ്മദ് ബ്‌ന് മുഹമ്മദ് ബ്‌നു അഹ് മദ് എന്നാണ് പൂര്‍ണ നാമം. ബഹുമുഖ പ്രതിഭയായിരുന്ന ഇമാം വിവിധ ജ്ഞാനധാരകളില്‍ നിപുണനായിരുന്നു. ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതരില്‍ ഉന്നതശ്രേണീയരായിരിക്കുമ്പോള്‍ തന്നെ അശ്അരി വിശ്വാസ സരണിയിലൂന്നി നിന്ന് എതിര്‍വാദങ്ങളെ തകര്‍ക്കുകയും മനുഷ്യകുലത്തെ നശ്വര ലോകത്തിന്റെ വില കുറഞ്ഞ ആനന്ദങ്ങളില്‍ നിന്ന് മോചിപ്പിച്ച് സ്രഷ്ടാവിലേക്ക് വഴി നടത്തുന്ന ഇല്‍മുതസ്വവുഫില്‍ ഗ്രന്ഥരചനകളുമായി നിറഞ്ഞു നില്‍ക്കുകയും തര്‍ക്കശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും സ്വന്തമായ ഇടം അടയാളപ്പെടുത്തുകയും ചെയ്തു. ലോകം മഹാന് ഹുജ്ജതുല്‍ ഇസ്‌ലാമെന്ന നാമം ആദരമായി നല്‍കി.
ജന്മദേശമായ ഗസാലയിലേക്ക് ചേര്‍ത്താണ് ഗസാലി എന്ന വിളിപ്പേര് ലഭിച്ചതെന്നും കമ്പിളി പരുവപ്പെടുത്തി ത്വൂസ് അങ്ങാടിയില്‍ വിപണനം നടത്തി ഉപജീവനം നടത്തിയിരുന്ന പ്രപിതാവിലേക്ക് ചേര്‍ത്തിയാണ് ഗസാലി എന്ന് പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിലും സൂഫിയായിരുന്ന പിതാവ് സ്വന്തം അധ്വാനത്തിലൂടെ നേടിയത് കൊണ്ടല്ലാതെ ഭക്ഷിക്കുമായിരുന്നില്ല. പണ്ഡിത സദസുകളിലെ നിത്യസാന്നിധ്യമായിരുന്ന മഹാന്‍ ഇലാഹീ സ്മരണകളുയര്‍ത്തുന്ന വാക്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പൊട്ടിക്കരയുന്നത് പതിവായിരുന്നു. പണ്ഡിതരായ മക്കളെ തന്ന് അനുഗ്രഹിക്കാനായി പടച്ചവനോട് സദാ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. പ്രാർഥനക്കുത്തരമെന്നോണം അബൂ ഹാമിദ്, അഹ് മദ് എന്നീ രണ്ടു മക്കള്‍ പിറന്നു. മക്കള്‍ ജ്ഞാനപൊയ്കയിലിറങ്ങും മുമ്പേ നശ്വര ലോകത്തോട് വിട പറയേണ്ടിവന്ന ആ പിതാവ് സൂഫിയായ തന്റെ സുഹൃത്തിനെ മക്കളുടെ പഠനകാര്യങ്ങളേൽപ്പിച്ച് തനിക്ക് ലഭിക്കാതിരുന്ന അറിവഭ്യാസം മക്കള്‍ക്ക് നേടിക്കൊടുക്കാനും തന്റെ സമ്പാദ്യം അതിനായി ഉപയോഗപ്പെടുത്താനും വസ്വിയ്യത് ചെയ്തു. ദരിദ്രനായ സൂഫിവര്യര്‍ക്ക് സുഹൃത്തേൽപ്പിച്ച സമ്പാദ്യം ചെലവഴിച്ചതിന് ശേഷം ഗസാലി ഇമാമിനെയും സഹാദരനെയും പോറ്റാന്‍ വഴിയില്ലാതെ പ്രയാസത്തിലായി. അറിവും അന്നവും വിളമ്പുന്ന മദ്‌റസയിലേക്ക് നീങ്ങാന്‍ വേദനയോടെ ഇരുവരോടും നിര്‍ദേശിച്ചു. ഈ സാഹചര്യം വിശദീകരിച്ച് ഇമാം ഗസാലി ഇങ്ങനെ പറയുകയുണ്ടായി: “ഞങ്ങള്‍ അല്ലാഹുവിന്റെ പ്രീതിക്കല്ലാതെ പഠനമാരംഭിച്ചു, പക്ഷേ അല്ലാഹു ആ പഠനം അവന് വേണ്ടിയുള്ളതാക്കി.’
അഹ് മദ്ബ്‌നു മുഹമ്മദ് അസര്‍കാനി ആദ്യ കാല ഗുരുവായിരുന്നു. പിന്നീട് പഠനത്തിനായി ജുര്‍ജാനിലേക്ക് തിരിച്ചു. അബൂ നസ്വ് ർ അല്‍ ഇസ്മാഈലിയില്‍ നിന്ന് അറിവ് ശേഖരിച്ചു.
ജുര്‍ജാനിലെ പഠന കാലയളവിന് ശേഷം മഹാനെത്തിയത് സല്‍ജൂഖി ഭരണ തലസ്ഥാനമായ നൈസാബൂരിലായിരുന്നു. ബഗ് ദാദ് കഴിഞ്ഞാല്‍ അറിവിന്റെ പട്ടണമായിരുന്ന നൈസാബൂരില്‍ കര്‍മശാസ്ത്രത്തില്‍ അഗ്രേസരരായിരുന്ന ഇമാമുല്‍ ഹറമൈനിയുടെ ശിഷ്യത്വം സ്വീകരിച്ചു. ശാഫിഈ മദ്ഹബിലെ പ്രഗത്ഭ ഇമാമായുള്ള മഹാന്റെ വികാസം ത്വരിതഗതിയിലാവുന്നത് ഇമാമുല്‍ ഹറമൈനിയുടെ ശിഷ്യണത്തിലായിരുന്നു. പുതുതായി ചേര്‍ന്ന ശിഷ്യന്റെ ബുദ്ധി വൈഭവത്തില്‍ ഇമാം ഹറമൈനി ആശ്ചര്യം കൂറി. ഇമാം ഗസാലിയെ സമുദ്രത്തോട് ഉപമിച്ച മഹാന്‍ സമകാലികരില്‍ മികച്ച നാനൂറ് ആളുകളെക്കാള്‍ ഔന്നിത്യം നേടിയ ശിഷ്യന്‍ തന്റെ പിന്‍ഗാമിയാകുമെന്ന് നിരീക്ഷിച്ചു. നൈസാബൂരിലെ പഠനകാലയളവില്‍ തത്വശാസ്ത്രം ആഴത്തില്‍ പഠിക്കുകയും ഇസ്‌ലാമികാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ യവന തത്വശാസ്ത്രജ്ഞരുടെ വിദണ്ഡ വാദങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. മഖാസിദുല്‍ ഫലാസിഫ, തഹാഫതുല്‍ ഫലാസിഫ തുടങ്ങിയ കിടയറ്റ ഗ്രന്ഥങ്ങളിലൂടെ യവന തത്വശാസ്ത്രജ്ഞര്‍ക്ക് ഖണ്ഡനമൊരുക്കുകയും ഇസ്‌ലാമിക ദൈവശാസ്ത്രത്തെ ഭദ്രമാക്കുകയും ചെയ്തു.
ഗുരുവര്യരായ ഇമാമുല്‍ ഹറമൈനിയുടെ വിയോഗത്തിന് ശേഷം ഇമാം പിന്നീട് മഅസ്‌കറിലേക്ക് തിരിച്ചു. വിവിധ ദേശക്കാരായ പണ്ഡിതര്‍ ഒരുമിച്ചുകൂടി സംവാദങ്ങളിലേര്‍പ്പെടുന്ന രാജദര്‍ബാറായിരുന്നു ലക്ഷ്യം. സംവാദങ്ങളില്‍ എതിരാളികളെ മുട്ടുകുത്തിച്ച ഇമാം ഗസാലിയുടെ പ്രശസ്തി വാനോളമുയര്‍ന്നു. മഹാന്റെ മികവ് മനസിലാക്കിയ രാജാവ് ബഗ് ദാദിലെ മദ്‌റസതു നിളാമിയ്യയില്‍ മുദരിസായി നിയമിച്ചു. ഹിജ്‌റ 484ലായിരുന്നു ഇത്. ഗസാലി ഇമാമിന്റെ കീര്‍ത്തി അതിരുകള്‍ ഭേദിച്ച് ലോകം മുഴുവന്‍ പരന്നു. ജനങ്ങള്‍ക്കിടയില്‍ ഇമാമിന്റെ സ്വീകാര്യത വര്‍ധിച്ചു. രാജാക്കന്മാരും മന്ത്രിമാരും ഇമാമിന്റെ വരുതിയിലായി.
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഭൗതിക നേട്ടങ്ങളുടെ അര്‍ഥശൂന്യതയെ കുറിച്ച് തികഞ്ഞ ബോധ്യമുള്ള ഇമാം എല്ലാം ഉപേക്ഷിച്ച് സഹോദരനെ തന്റെ പകരക്കാരനായി നിശ്ചയിച്ച് ഹജ്ജിന് പോകുന്നത്. ദാരിദ്ര്യത്തോട് കൂട്ടു കൂടാനിഷ്ടപ്പെടുന്ന പരിത്യാഗിയായ ഇമാം ഗസാലിയെയാണ് തുടര്‍ന്ന് ദര്‍ശിക്കാനാകുന്നത്. ദമസ്‌കസില്‍ ദരിദ്രനായി കഴിഞ്ഞുകൂടിയ അദ്ദേഹം ബൈതുല്‍ മുഖദ്ദസ് സന്ദര്‍ശിച്ചു. ഏകാന്തനായി ഊര് ചുറ്റിയ അദ്ദേഹം ശാമിലും മിസ്വ് റിലും ദമസ്‌കസിലും അലക്‌സാൻഡ്രിയയിലുമെത്തി. സ്രഷ്ടാവിന്റെ പ്രീതി തേടി കഠിനമായ രിയാളകളിലൂടെ (ശരീര സംസ്‌കരണ ക്രിയകള്‍) ശരീരത്തെ സ്ഫുടം ചെയ്യുകയും ആരാധനകള്‍ നിറഞ്ഞ ദിനരാത്രികളായി പള്ളികളില്‍ നിന്ന് പള്ളികളിലേക്ക് സഞ്ചരിക്കുകയും ചെയ്തു. ബഗ് ദാദിലേക്ക് മടങ്ങിയെത്തിയ ഇമാം ജനങ്ങള്‍ക്കായി വഅള് സദസ് സംഘടിപ്പിച്ച് മഅ്രിഫതിന്റെ ഭാഷയിലുള്ള സംസാരമാരംഭിച്ചു. പരിത്യാഗിയായുള്ള യാത്രക്കിടയിലാണ് മാസ്റ്റര്‍പീസായ ലോകമെങ്ങും കീര്‍ത്തി നേടിയ “ഇഹ് യാ ഉലൂമിദ്ദീന്‍’ രചിക്കുന്നത്. ഭൗതിക ലോകത്തിന്റെ ബന്ധനങ്ങളില്‍ നിന്നും ശരീരത്തെ മുക്തമാക്കി ആധ്യാത്മിക ലോകത്തേക്ക് സഞ്ചരിക്കുന്ന പഥികന്റെ യാത്രാ വീഥി ഇഹ് യയില്‍ ഇമാം ഗസാലി വിവരിക്കുന്നു. ഖുര്‍ആന്‍ പാരായണവും സുന്നത്ത് നോമ്പും ദീര്‍ഘ നിസ്‌കാരങ്ങളും പതിവാക്കിയ ഇമാം ഹിജ്‌റ 505 തിങ്കളാഴ്ചയാണ് വഫാതാകുന്നത് ■

Share this article

About ശനൂബ് ഹുസൈന്‍ പി എച്ച്

shanoobhussainph@gmail.com

View all posts by ശനൂബ് ഹുസൈന്‍ പി എച്ച് →

Leave a Reply

Your email address will not be published. Required fields are marked *