സാമ്പത്തിക സംസ്‌കാരങ്ങള്‍

Reading Time: < 1 minutes

സൂക്ഷ്മതയും കൃത്യതയും നിറഞ്ഞ സാമ്പത്തിക വിനിമയങ്ങളാണ് സാമൂഹിക ജീവിതത്തിന്റെ സുതാര്യമായ വികസനവും പുരോഗതിയും സാധ്യമാക്കുന്നത്. സാമ്പത്തിക സംസ്‌കാരത്തെ നിര്‍ണയിക്കുന്നത് ഒരാളുടെ ബോധ്യങ്ങളും. വൈയക്തിക സമ്പാദ്യത്തിലായാലും പൊതു സമാഹരണത്തിലായാലും സ്ഥിതി മറിച്ചല്ല.
കുറെയധികം പണമുണ്ടാകുക എന്നതല്ല സാമ്പത്തിക ഭദ്രത. മാന്യമായി സമ്പാദിക്കുകയും ക്രയവിക്രങ്ങളില്‍ തികഞ്ഞ ആസൂത്രണവും അച്ചടക്കവുമുണ്ടാകുമ്പോള്‍ സമ്പത്ത് ഭദ്രമാകുന്നു. ഒപ്പം സാമൂഹിക മാനത്തോടെ അറിഞ്ഞു ചിലവഴിക്കാനുള്ള പരിശീലനവും ആര്‍ജിക്കേണ്ടതുണ്ട്.
ഇത്തരം ചെറുതും വലുതുമായ സാമ്പത്തിക വ്യവഹാരങ്ങളെ വ്യവസ്ഥപ്പെടുത്താനും തനത് സാമ്പത്തിക ശീലങ്ങള്‍ വളര്‍ത്തി സാമൂഹിക മാതൃക സൃഷ്ടിക്കാനും ആഹ്വാനം ചെയ്യുന്ന ആര്‍ എസ് സി രേഖയാണ് “ഇക്ണോതിക്‌സ്’.
ജീവിതത്തില്‍ പുലര്‍ത്തേണ്ട വ്യക്തിഗത സൂക്ഷ്മതയുടെ പാഠങ്ങളോടൊപ്പം ഘടകങ്ങളിലെ സാമ്പത്തിക ക്രയവിക്രയ രീതിയും സംസ്‌കാരവും വ്യക്തമായി ഈ സാമ്പത്തിക മാനിഫെസ്റ്റോ മുന്നോട്ട് വെക്കുന്നുണ്ട്.
സംരഭകത്വം ഉള്‍പ്പെടെ സമ്പാദ്യമാര്‍ഗങ്ങളിലേക്ക് വിരല്‍ചൂണ്ടുകയും സാമൂഹികവും മതപരവുമായ നിര്‍ബന്ധിത കടമകളെ ഉണര്‍ത്തുകയുമാണീ രേഖ. സക്കാതും ദാനശീലവും കടം നല്‍കലും തുടങ്ങി അംഗങ്ങളിലെ ദൈനംദിന കൊടുക്കല്‍ വാങ്ങലുകളിലും ഇടപാടുകളിലും ഉണ്ടാകേണ്ട വിവിധ ബാധ്യതകളെ ഊന്നിപ്പറയുന്നുണ്ട്. ഒപ്പം താല്‍കാലികാശ്വാസത്തിന്റെ വഴിവിട്ട ഉപായങ്ങളായി സ്വീകരിക്കുന്ന പലിശയും ലോണും പണയവും ഇല്ലാത്ത സാമ്പത്തിക വ്യവഹാരത്തിന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു.
മെയ്യനങ്ങാതെ പണമുണ്ടാക്കാമെന്നത് ആര്‍ത്തിയുടെ ബാക്കിപത്രമാണ്. മണി ചെയിന്‍/നെറ്റ്‌വര്‍ക് ബിസിനസുകളില്‍ വീണുപോകുന്നതും ഇത്തരത്തില്‍ ദുരയുള്ളവരാണ്. ഇവിടെ പ്രലോഭനങ്ങളെ അതിജയിക്കാനും മോഹന വാഗ്ദാനങ്ങള്‍ക്ക് മുമ്പില്‍ തല പണയം വെക്കാതിര്‍ക്കാനും ആര്‍ എസ് സി പഠിപ്പിക്കുന്നു.
വീട്, വാഹനം, വസ്ത്രം, ഡിവൈസുകള്‍ തുടങ്ങിയവയിലെ അതിമോഹങ്ങളെ വിസമ്മതിക്കാനുള്ള കരുത്താണ് ഈ രേഖ. സ്വന്തമായി കണക്കുപുസ്തകം സൂക്ഷിക്കണമെന്ന് മാത്രമല്ല “മൈ ഫോളിയോ’ തയാറാക്കി അടുത്ത സുഹൃത്തിന് കൈമാറുക കൂടി ചെയ്യണമെന്നാണ് ഇക്‌ണോതിക്‌സ് പറയുന്നത്. ഒരു വേള പൊടുന്നനെ ശ്വാസം നിലച്ചാല്‍, നാളെയുടെ ലോകത്ത് ബാധ്യതകള്‍ ഭാരമാകാതെ കാക്കാനുള്ള കരുതല്‍ ദൗത്യം കൂടിയാണീ പങ്കുവെപ്പ്.
സമ്പത്ത് മാത്രമല്ല വീടുനിര്‍മാണത്തിന്റെ ഘടകമെന്ന് തെളിയിക്കുന്ന വലിയ ആശയവും ആശ്വാസവുമായിരുന്നു “ഡ്രീം ഹോം’. ഭവന നിര്‍മാണം തുടങ്ങിയവരെയും തുടങ്ങാനിരിക്കുന്നവരെയും തുടങ്ങാനാവതെ ശങ്കിക്കുന്നവരെയും ഈ പദ്ധതി തൊട്ടു.
ഇങ്ങനെ തൊഴില്‍ ജീവിതത്തിനെത്തിയ പ്രവാസി യുവാക്കളെ പ്രത്യേകിച്ചും സമൂഹത്തെ പൊതുവായും നേരിട്ട് അഭിമുഖീകരിക്കുകയും അവരുടെ ജീവിതവ്യവഹാരങ്ങളില്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാകേണ്ടതിന്റെ മത-സാമൂഹിക കടമകളെ ഉത്തരവാദിത്വത്തോടെ നിറവേറ്റാനുള്ള പാഠപുസ്തകമാകുകയുമാണ് ഇക്‌ണോതിക്‌സ്. അത് സമൂഹത്തിന്റെ മൂല്യങ്ങളെയും ഉദ്ദേശ്യങ്ങളെയും വ്യവസ്ഥപ്പെടുത്തുകയും നയിക്കുകയും ചെയ്യുമെന്നത് തീര്‍ച്ച ■

Share this article

About നിസാര്‍ പുത്തന്‍പള്ളി

nizarputhanpally@gmail.com

View all posts by നിസാര്‍ പുത്തന്‍പള്ളി →

Leave a Reply

Your email address will not be published. Required fields are marked *