നോട്ടെക് ലോകം

Reading Time: < 1 minutes

യന്ത്ര നാഗരികതയുടെ ലോകത്തുനിന്ന് ഒരു പിന്നോട്ടുപോക്ക് മനുഷ്യന് സാധ്യമല്ല. അത്രമേല്‍ സങ്കീര്‍ണവും ബൃഹത്തുമായ ഒരു വലയത്തിലാണ് മനുഷ്യസമൂഹം, നൂറ്റാണ്ടുകളായി നേടിയെടുത്ത സൗകര്യങ്ങളും സംവിധാനങ്ങളും വേണ്ടെന്നുവെക്കല്‍ പ്രയോഗികമല്ലല്ലോ.
നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ എന്ന ദ്വിവത്സര പദ്ധതിയുടെ ആവിഷ്‌കാരത്തിലൂടെ പ്രവാസ ലോകത്ത് അതുല്യമായ അടയാളപ്പെടുത്തലുകള്‍ക്ക് ശ്രമിക്കുകയാണ് രിസാല സര്‍ക്കിളും അതിന്റെ പ്രൊഫഷനല്‍ വിഭാഗമായ വിസ്ഡം വിഭാഗവും. വൈജ്ഞാനിക, സാങ്കേതിക രംഗത്തെ അറിവുകളെയും അനുഭവങ്ങളെയും മറ്റുള്ളവര്‍ക്ക് കൂടി ആസ്വാദിക്കാൻ പാകത്തില്‍ ആവിഷ്‌കരിക്കാനാവസരം സൃഷ്ടിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഒരു ഉത്സവകാലം തീര്‍ക്കുകയാണ് നോട്ടെക്ക്. എക്‌സിബിഷനുകള്‍, ശാസ്ത്രമേള, ടോക്കുകള്‍, പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ തുടങ്ങി വിവിധ തലങ്ങളില്‍ വിജ്ഞാന വിസ്മയങ്ങള്‍ തീര്‍ക്കുന്ന നോട്ടെക്കിന്റെ വിവിധ പദ്ധതികള്‍ക്ക് ഗള്‍ഫ് തലത്തില്‍ ഫെബ്രുവരിയില്‍ തുടക്കം കുറിച്ചുകഴിഞ്ഞു. മാര്‍ച്ച് അവസാനം വരെ അത് നീണ്ടു നില്കും. 2018ൽ ആരംഭിച്ച നോട്ടക്കിന്റെ രണ്ടാം എഡിഷനാണിത്.
അറിവും ആസ്വാദനവും നല്‍കുന്ന എക്‌സ്‌പോ പവലിയനുകള്‍ നോട്ടെക്കിന്റെ പ്രധാന ആകര്‍ഷകമാണ്, സംരംഭകര്‍ക്ക് ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനും സന്ദർശകരോട് ആശയവിനിമയം നടത്താനും അവസരമുണ്ടാകും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും പ്രതിഭാധനരായ സംരംഭകരോട് സംവദിക്കാനാവസരവും നോട്ടെക്കിലുണ്ട്.
സയന്‍സ് വര്‍ക്കിംഗ് മോഡലുകളും പരീക്ഷണങ്ങളും വളരെ വിജ്ഞാനപ്രദവും കൗതുകമുണര്‍ത്തുന്നതുമായ കാഴ്ചകളാവുകയാണ് നോട്ടെക്കിലെ സയന്‍സ് എക്‌സിബിഷനില്‍. ശാസ്ത്ര പരീക്ഷണങ്ങളെല്ലാം നമ്മുടെ ജീവിതത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നവയാണ്. അത് പ്രായോഗികമായി പ്രതിനിധീകരിക്കാന്‍ കഴിയുന്ന ചെറുമാതൃകകളുടെ നിര്‍മിതിയിലൂടെ എല്ലാവര്‍ക്കും മനസിലാക്കാനുള്ള വഴി എളുപ്പമാക്കുകയാണ് ചെയുന്നത്. വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് എക്‌സിബിഷനില്‍ സങ്കീര്‍ണമായ ഗണിതശാസ്ത്രങ്ങളുടെ കൂട്ടം, രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, തുടങ്ങി ഓരോ ശാസ്ത്ര അറിവുകളുടെയും രസകരമായ മാതൃകകള്‍ പ്രയോഗിക്കാനും സന്ദർശകർക്ക് പകര്‍ന്നു നല്‍കാനും അവസരമുണ്ടാകും.
കൂടാതെ സാങ്കേതിക സങ്കേതങ്ങളെ പരിചയപ്പെടുത്തിയും വൈജ്ഞാനിക ബോധനങ്ങള്‍ക്ക് ഉപകരിക്കുകയും ചെയ്യുന്ന ടോപിക്കുകളിലുള്ള ഇന്‍ഫര്‍മേറ്റീവ് അവതരണവും നിവാരണ സെഷനും അടങ്ങുന്ന അവേര്‍നെസ് ടോക്കുകൾ, ജീവിത അനുഭവങ്ങളും വിജയകഥകളുമായി പോസിറ്റീവ് ഇന്‍സ്പിറേഷന്‍ പ്രദാനം ചെയ്യുന്ന കെ-ടോക്കുകൾ, താഴെ തലംമുതല്‍ തന്നെ സംഘടിപ്പിക്കുന്ന തൊഴിൽ പുരോഗതി ലക്ഷ്യംവെച്ചുള്ള കരിയർ സെഷനുകള്‍, സന്ദര്‍ശകര്‍ക്ക് തൊഴില്‍ ദാതാക്കളുമായി നേരിട്ട് സംവദിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്ന തൊഴില്‍ സംരംഭങ്ങളെയും പ്രദേശത്തെ തൊഴിലന്വേഷകരേയും ബന്ധിപ്പിക്കുന്ന തൊഴില്‍ മേള, ജോബ് ഹണ്ടിങ് ടെക്‌നിക്കുകള്‍, സിവി മേക്കിങ്, ഇന്റര്‍വ്യൂ ടിപ്‌സ് എന്നിവക്ക് വേണ്ടി ടീം വിസ്ഡം അംഗംകള്‍ ഒരുക്കുന്ന കരിയര്‍ കൗണ്‍സിലിങ് സംവിധാനങ്ങളുമെല്ലാം നോട്ടെക്കിനെ വേറിട്ടതാക്കും. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിവിധ മത്സരപരിപാടികള്‍ സംവിധാനിക്കുക വഴി മികവ് തെളിയിക്കാനുള്ള അവസരങ്ങളാണ് നല്‍കുന്നത്. അവസരങ്ങളെ യഥാവിധം പ്രയോഗിക്കുന്നതിലൂടെ ഓരോരുത്തരുടെയും കഴിവുകള്‍ വികസിക്കുകയും അത് സമൂഹത്തിന് പ്രയോജനകരമാകുകയും ചെയ്യും.
ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അവതരണത്തിനും ആസ്വാദനത്തിനും വികാസത്തിനും അവസരമൊരുക്കുകയാണ് നോട്ടെക്കിലൂടെ. സാങ്കേതിക തികവോടു കൂടിയ ഒരു മികച്ച ഇവന്റാണ് നോട്ടെക്ക് സെക്കന്‍ഡ് എഡിഷനിലൂടെ രിസാല സ്റ്റഡി സര്‍ക്കിള്‍ ആഗ്രഹിക്കുന്നത്. പ്രവാസ ലോകത്തെ ഓരോരുത്തര്‍ക്കും അവരുടെ ശാസ്ത്ര സാങ്കേതിക കഴിവുകളെയും പരിജ്ഞാനങ്ങളെയും പ്രയോഗിക്കാനുള്ള ഇടമാണ് നോളജ് & ടെക്‌നോളജി എക്‌സ്‌പോ ഒരുങ്ങുന്നത് ■

Share this article

About അബ്ദുൽ അഹദ്

ahadpo@gmail.com

View all posts by അബ്ദുൽ അഹദ് →

Leave a Reply

Your email address will not be published. Required fields are marked *