ഇമാം മുസ്‌ലിം(റ) : വിജ്ഞാന ലോകത്തെ വിസ്മയം

Reading Time: 2 minutes

ഹദീസ് പഠനത്തിന് പുതിയൊരു മുഖവുരയുമായാണ് ഇമാം മുസ്‌ലിം രംഗത്തുവരുന്നത്. ഇമാമിന്റെ ജനനം, പഠനം, ഗുരുനാഥന്മാര്‍, ശിഷ്യന്മാര്‍ തുടങ്ങിയ കാര്യങ്ങള്‍ ഹ്രസ്വമായി പ്രതിപാദിക്കുന്നു.

ഹദീസിന്റെ സുവര്‍ണ കാലഘട്ടമാണ് ഹിജ്‌റ മൂന്നാം നൂറ്റാണ്ട്. ഹദീസ്ശാസ്ത്രം അക്കാലത്ത് അതിന്റെ പുരോഗതിയുടെ ഉച്ചിയിലെത്തി. തലയെടുപ്പുള്ള ഹദീസ് പണ്ഡിതരുടെ അന്വേഷണതത്പരതയും വൈവിധ്യ രചനാരീതികളും നിവേദന നിബന്ധനകളും അന്ന് ലോകം ദര്‍ശിച്ചു. ഇമാം ബുഖാരിയും ഇബ്‌നു മാജയും ഇമാം ഹന്‍ബലും അബൂദാവൂദും ഇക്കാലക്കാരായിരുന്നു. അപ്പോഴാണ് ഹദീസ് പഠനത്തിന് പുതിയൊരു മുഖവുരയുമായി ഇമാം മുസ്‌ലിം രംഗത്ത് വരുന്നത്. ഹദീസിലുള്ള മഹാന്റെ പാടവം വിവരണാതീതമായിരുന്നു.

ജനനം
ഖുറാസാനിലെ നൈസാബൂരിലാണ് ഹിജ്‌റ 204ല്‍ മുസ്‌ലിമുബ്‌നു ഹജ്ജാജ്(റ) ജനിക്കുന്നത്. പിതാവ് ഹജ്ജാജ് ജ്ഞാനിയും നിരവധി പണ്ഡിതരുടെ ഗുരുവുമായിരുന്നു. അബൂഹുസൈന്‍ എന്നാണ് വിളിപ്പേര്. അറബികളിലെ അറിയപ്പെട്ട ബനൂഖുശൈര്‍ ഖബീലയിലേക്ക് ചേര്‍ത്തിയാണ് ഖുശൈരി എന്ന് വിളിക്കപ്പെടുന്നത്.
പഠനം
വളരെ ചെറുപ്പത്തില്‍ തന്നെ വിജ്ഞാനവഴിയില്‍ പ്രവേശിച്ചു. ചെറുപ്രായത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. ആദ്യഗുരു പിതാവ് ഹജ്ജാജ് തങ്ങളായിരുന്നു. വിജ്ഞാനത്തോടുള്ള അഗാധമായ അഭിലാഷം, കഠിനാധ്വാനം, സ്ഥിരോത്സാഹം, കര്‍മകൗശലം തുടങ്ങിയവ കൊണ്ട് മഹാന്‍ അറിവിന്റെ ഒട്ടുമിക്ക ശാഖകളിലും അവഗാഹം നേടി. വിജ്ഞാന ദാഹമകറ്റാന്‍ ഇറാഖിലേക്കും സിറിയയിലേക്കും ഈജിപ്തിലേക്കും സഞ്ചരിച്ചു. ഹദീസ്, തഫ്‌സീര്‍, ഫിഖ്ഹ്, നഹ്വ്, മആനി, ബയാന്‍, ബദീഅ് തുടങ്ങിയ വിജ്ഞാനശാഖകളിലും മസ്‌ലിം(റ) നൈപുണ്യം നേടി. കണ്ടെത്തുന്ന ഓരോ ഹദീസിന്റെയും പശ്ചാത്തലം, നിവേദകരുടെ കാലം, ജീവിതരീതി, അവരുടെ ഗുരുക്കള്‍, ശിഷ്യന്മാര്‍ അടക്കമുള്ളവരുടെ ചരിത്രം എല്ലാം സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. എവിടെയെങ്കിലും ഹദീസുണ്ടെന്ന് കേട്ടാല്‍ അങ്ങോട്ട് തിരിക്കുകയും അവരുടെ ചരിത്രം ശേഖരിക്കുകയും നിവേദക പരമ്പരയടക്കം ഹൃദിസ്ഥമാക്കുകയും ചെയ്യുന്നതായിരുന്നു ഇമാം മുസ്‌ലിമിന്റെ പഠനരീതി. ഹദീസ് നിദാന ശാസ്ത്രത്തില്‍ ഇമാം ബുഖാരിയില്‍ നിന്ന് വ്യതിരിക്തമായ പുതിയൊരു കാഴ്ചപ്പാടു തന്നെ ഇവര്‍ക്കുണ്ടായിരുന്നു. ഇമാം ബുഖാരിയുടെ പല ദര്‍ശനങ്ങളും പുനരാവിഷ്‌കരിച്ചുകൊണ്ടാണിത് വികസിപ്പിച്ചെടുത്തത്.

ഉസ്താദുമാര്‍
പണ്ഡിതന്മാരുമായുള്ള സഹവാസം ഇമാം മുസ്‌ലിമിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. ഇസ്ഹാഖ് ബ്‌നു റാഹവൈഹി, ഖുതൈബത് ബ്‌നു സഅദ്, ഖഅ്‌നബി, ഇമാം ബുഖാരി തുടങ്ങിയ നിരവധി ഉസ്താദുമാരുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. ഇമാം മുസ്‌ലിം(റ) ഇമാം ബുഖാരിയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ വന്ന രംഗം അഹ് മദുബ്‌നു ഹമ്പല്‍ ഇപ്രകാരം രേഖപ്പെടുത്തി, ഇമാം മുസ്‌ലിമിബ്‌നു ഹജ്ജാജ് ബുഖാരിയെ സമീപിച്ചു. ഇരു കണ്ണുകള്‍ക്കിടയില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു: ‘ഹദീസ് പണ്ഡിതശ്രേഷ്ഠരേ, അങ്ങയുടെ പാദത്തില്‍ മുഖം വെക്കാന്‍ എന്നെ അനുവദിച്ചാലും.’ ശമിക്കാത്ത വിജഞാനദാഹവുമായി പതിറ്റാണ്ടുകളോളം മഹാന്‍ ലോകം ചുറ്റി.

രചനകള്‍
അറബി സാഹിത്യത്തിലുണ്ടായിരുന്ന നൈപുണ്യം ഇമാം മുസ്‌ലിമിനെ നല്ല എഴുത്തുകാരനാക്കി. രചനാ രംഗത്ത് ഇമാമിന്റെ സംഭാവനകള്‍ വിസ്മയാവഹമാണ്. വിവിധ വിജ്ഞാനശാഖകളില്‍ കനപ്പെട്ട കൃതികള്‍ രചിച്ചിട്ടുണ്ട്. സ്വഹീഹ് മുസ്‌ലിം, മുസ്‌നദുല്‍ കബീര്‍, ജാമിഉല്‍ കബീര്‍, കിതാബുല്‍ ഹിലല്‍, കിതാബുല്‍ ഈഹാമുല്‍ മുഹദ്ദിസീന്‍, കിതാബു ത്വബഖാതി താബിഈന്‍, തംയീസ് തുടങ്ങിയവ അവയില്‍ ചിലതാണ്.

സ്വഹീഹ് മുസ്‌ലിം
ബുഖാരി കഴിഞ്ഞാല്‍ ഹദീസ് രംഗത്ത് വിശ്വാസയോഗ്യമായതും ആധികാരികവും മുസ്‌ലിം സമൂഹം മുഴുവന്‍ അംഗീകരിക്കുന്നതുമായ ഗ്രന്ഥമാണ് സ്വഹീഹ് മുസ്‌ലിം. മൂന്നു ലക്ഷം ഹദീസുകളില്‍ നിന്നും കടഞ്ഞെടുത്ത നാലായിരം സ്വഹീഹായ ഹദീസുകള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടൂള്ളൂ. ഇതിനാല്‍ ഗ്രന്ഥത്തിന് അല്‍മുസ്‌നദുസ്സ്വഹീഹ് എന്ന് നാമകരണം ചെയ്തു. 29-ാം വയസില്‍ നൈസാബൂരിലാണ് രചനയുടെ തുടക്കം. 15 വര്‍ഷം കൊണ്ട് ഈ അമൂല്യ ഗ്രന്ഥരചന പൂര്‍ത്തീകരിച്ചു. ഹദീസുകളെ ഉള്‍പ്പെടുത്തുന്നതില്‍ ഇമാം ബുഖാരിയോട് യോജിച്ചെങ്കിലും ഹദീസിനെ ക്രോഡീകരിക്കുന്നതില്‍ അദ്ദേഹം വ്യത്യസ്തത പ്രകടമാക്കി. ഹദീസുകളെ കര്‍മശാസ്ത്രത്തിലെ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രന്ഥം രചിച്ചത്. നിരവധി വ്യാഖ്യാനങ്ങള്‍ ഇതിന് എഴുതിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാന പെട്ടതാണ് ഇമാം നവവി(റ) ശറഹു മുസ്‌ലിം.

ശിഷ്യന്മാര്‍
അനേകം ശിഷ്യസമ്പത്ത് കൊണ്ട് അനുഗൃഹീതനാണ് ഇമാം മുസ്‌ലിം(റ). പല ദേശങ്ങളില്‍ നിന്നും അദ്ദേഹത്തെ തേടി പഠിതാക്കള്‍ എത്തിയിരുന്നു. ഇമാമിന്റെ ശിഷ്യരില്‍ പലരും ഹദീസില്‍ കഴിവ് തെളിയിച്ചവരായിരുന്നു. അബു ഈസാ തിര്‍മുദി, അബൂഹാതിം, റാസി, ഹാഫിള് ദഹബി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.

വഫാത്
മുസ്‌ലിം ലോകത്തെ തീരാദുഃഖത്തിലാഴ് ത്തി ഹിജ്‌റ 261 റജബ് മാസത്തില്‍ ആ ധന്യ ജീവിതത്തിനു തിരശ്ശീല വീണു. അവരുടെ മരണത്തിന് ഹേതുവായ ഒരു സംഭവം പണ്ഡിതര്‍ രേഖപെടുത്തിയിട്ടുണ്ട്.
ഒരിക്കല്‍ ഇമാമിനു വേണ്ടി ഒരു വലിയ സദസ് സംഘടിപ്പിക്കപ്പെട്ടു. നിരവധിയാളുകള്‍ ഹദീസുകളും സനദുകളും ആരാഞ്ഞു. കൂട്ടത്തില്‍ ഒരു ഹദീസില്‍ ഇമാമിന് സംശയമുദിച്ചു. ഉടനെ മഹാന്‍ വീട്ടിലേക്ക് തിരിക്കുകയും പ്രസ്തുത ഹദീസിന്റെ പഠനത്തില്‍ മുഴുകുകയും ചെയ്തു. അതിനിടക്ക് ഒരാള്‍ ഒരു കൊട്ട ഈത്തപ്പഴം നല്‍കി. ഇമാം അത് സ്വീകരിച്ച് വീണ്ടും ഹദീസ് പഠനത്തില്‍ വ്യാപൃതരായി. പഠനസപര്യക്കിടെ ഈത്തപ്പഴം നന്നായി കഴിച്ചു. ഇത് കാരണം രോഗം കൂടി. വഫാതാകുന്ന സമയത് 60 വയസായിരുന്നു. നൈസാബൂരിലായിരുന്നു ഇമാമിന്റെ വിയോഗം ■

Share this article

About ഹാഫിള് മുബഷിര്‍ ചാലിയം

mmcmubu@gmail.com

View all posts by ഹാഫിള് മുബഷിര്‍ ചാലിയം →

Leave a Reply

Your email address will not be published. Required fields are marked *