അബൂജന്‍ദല്‍, നീ ക്ഷമിക്കുക

Reading Time: 3 minutes

മുത്തുനബി(സ്വ) മക്കയില്‍ പ്രവേശിക്കുന്നു. ഹജ്ജ് നിര്‍വഹിക്കുന്നു. കഅ്ബയുടെ താക്കോല്‍ പിടിക്കുന്നു. മക്കയില്‍ ഇസ്‌ലാമിന്റെ വിജയ പതാക പാറുന്നു.
ഹര്‍ഷപുളകിതരായാണ് ഹിജ്‌റ ആറാം വര്‍ഷം സ്വഹാബത്ത് തിരുനബിയോടൊപ്പം(സ്വ) മക്കയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ പ്രത്യാശയുടെ കിരണങ്ങള്‍ക്കു മേല്‍ ഹുദൈബിയയിലെ കരാര്‍ മുകില്‍ വിരിച്ചു. സ്വഹാബികളുടെ മുഖങ്ങള്‍ മ്ലാനമായി. കരാര്‍ എഴുതാനിരിക്കെയാണ് അബൂ ജന്‍ദല്‍(റ) തിരുനബിക്ക്(സ്വ) മുന്നിലെത്തിയത്. മക്കയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് തിരുനബിയുടെ മുന്നിലെത്തിയ മകന്‍ അബൂ ജന്‍ദലിനെ കണ്ടതും സുഹൈലിന് അരിശം കയറി. സുഹൈലാണ് ശത്രുപക്ഷത്തിന്റെ നേതാവ്. മുള്ളുകളുള്ള ഒരു കമ്പെടുത്ത് അയാള്‍ അബൂ ജന്‍ദലിന്റെ(റ) മുഖത്ത് ആഞ്ഞടിച്ചു. അബൂ ജന്‍ദല്‍(റ) നിലവിളിച്ചു: “വിശ്വാസികളേ, എന്റെ വിശ്വാസത്തെ കളങ്കപ്പെടുത്തുന്ന അവിശ്വാസികളിലേക്ക് നിങ്ങള്‍ എന്നെ തിരിച്ചുനല്‍കുകയാണോ?’ ഈ വാക്കുകള്‍ മുസ്‌ലിംകളുടെ ദുഃഖത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. അവര്‍ തേങ്ങിക്കരഞ്ഞു. സുഹൈല്‍ പറഞ്ഞു: “മക്കയില്‍ നിന്ന് വരുന്നവരെ തിരിച്ചുനല്‍കണമെന്നാണ് കരാറിലെ ആദ്യനിബന്ധനയെന്ന് മറക്കരുത്. അബൂജന്‍ദലിനെ ഞങ്ങള്‍ക്ക് വിട്ടുനല്‍കണം. “കരാര്‍ എഴുതിയിട്ടില്ലല്ലോ’ തിരുനബി പറഞ്ഞു.
“അബൂജന്‍ദലിനെ വിട്ടുനല്‍കാതെ ഞങ്ങള്‍ കരാര്‍ എഴുതാന്‍ തയാറല്ല.’ സുഹൈല്‍ ആണയിട്ടു പറഞ്ഞു. നബി(സ്വ) മനസില്ലാമനസോടെ അബൂജന്‍ദലിനെ അവര്‍ക്കു നല്‍കി. ശേഷം സുഹൈലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. വിട്ടുനല്‍കാന്‍ സുഹൈല്‍ വിസമ്മതിച്ചു.
തിരുനബി അല്‍പം ഉറക്കെ പറഞ്ഞു: “പ്രിയപ്പെട്ട അബൂജന്‍ദല്‍, ക്ഷമിക്കുക. അല്ലാഹുവില്‍ നിന്ന് പ്രതിഫലം കാംക്ഷിക്കുക. നിനക്കും നിന്നോട് കൂടെയുള്ളവര്‍ക്കും അല്ലാഹു മോചനം നല്‍കുക തന്നെ ചെയ്യും. നമുക്കും ശത്രുക്കള്‍ക്കുമിടയില്‍ ഒരു കരാര്‍ എടുത്തുകഴിഞ്ഞു. ചെയ്ത കരാര്‍ ലംഘിക്കാന്‍ നമുക്കാവില്ല. നാം ആരെയും വഞ്ചിക്കരുതല്ലോ.’
ഉമര്‍(റ) രോഷാകുലനായി പറഞ്ഞു: “നബിയേ അങ്ങ് അല്ലാഹുവിന്റെ ദൂതരല്ലേ? തിരുനബി(സ്വ) പറഞ്ഞു: “അതേ.’ “നമ്മള്‍ സത്യമാര്‍ഗത്തിലല്ലേ?’ “അതേ.’ “നമ്മുടെ ശത്രുക്കള്‍ മാര്‍ഗഭ്രംശത്തിലല്ലേ?’ “അതേ.’
“പിന്നെന്തിന് നാം പരിശുദ്ധ ഇസ്‌ലാമിനെ ഇകഴ് ത്തുന്ന കരാറില്‍ ഏര്‍പ്പെടണം?’ തിരുനബി(സ്വ) പറഞ്ഞു: “ഞാന്‍ അല്ലാഹുവിന്റെ റസൂലാണ്. ഞാന്‍ അവനെ ധിക്കരിക്കുകയോ അവന്‍ എന്നെ കൈവെടിയുകയോ ചെയ്യില്ല.’
ഉമര്‍(റ) അബൂബക്കറിനോടും(റ) ഇതേ ചോദ്യം ആവര്‍ത്തിച്ചു. അബൂബക്കര്‍(റ) തിരുനബി(സ്വ) നല്‍കിയ മറുപടി തന്നെ നല്‍കി. സ്വഹാബികള്‍ ഒരേ സ്വരത്തില്‍ ചോദിച്ചു: “നബിയേ, നമ്മള്‍ മക്ക കീഴടക്കുമെന്നും കഅ്ബയുടെ താക്കോല്‍ കൈവശപ്പെടുത്തുമെന്നും അങ്ങ് വാഗ്ദാനം ചെയ്തിരുന്നല്ലോ’ തിരുനബി(സ്വ) ചോദിച്ചു: “അത് ഈ യാത്രയിലാണെന്ന് പറഞ്ഞിരുന്നോ?’ “ഇല്ല.’ അവര്‍ പറഞ്ഞു.
തിരുനബി(സ്വ) തുടര്‍ന്നു: “നമ്മള്‍ മക്ക കീഴടക്കുക തന്നെ ചെയ്യും. നമുക്ക് കാത്തിരിക്കാം.’ പിന്നീട് തിരുനബി(സ്വ) ഉമറി(റ)നോട് പറഞ്ഞു: “ഉമറേ, ഉഹ്ദ് യുദ്ധത്തിന്റെയും ഖന്‍ദഖ് യുദ്ധത്തിന്റെയും ദിനങ്ങള്‍ വിസ്മരിച്ചുപോയോ? നാം ചെയ്ത ത്യാഗങ്ങള്‍ മറന്നുപോയോ?’
“ശരിയാണ് നബിയേ.. നമുക്ക് ക്ഷമിക്കാം, കാത്തിരിക്കാം’ സ്വഹാബികള്‍ ഒന്നടങ്കം പറഞ്ഞു. അബൂ ജന്‍ദല്‍ ശത്രുക്കള്‍ക്കൊപ്പം വേച്ചുവേച്ച് നടന്നുനീങ്ങുന്നത് കണ്ട് എല്ലാവരും പൊട്ടിക്കരഞ്ഞു.
വര്‍ഷങ്ങള്‍ക്കുശേഷം മുത്തുനബി(സ്വ)യും സ്വഹാബത്തും മക്ക കീഴടക്കി. കഅ്ബയുടെ താക്കോല്‍ പിടിച്ച് മുത്തുനബി പറഞ്ഞു: “എവിടെ ഉമര്‍(റ)’ ഉമര്‍(റ) അരികില്‍ വന്നു. തിരുനബി പറഞ്ഞു: “ഉമറേ, ഇതാ ഞാന്‍ അന്ന് പറഞ്ഞ, നാം കാത്തിരുന്ന ദിനം.’ ഉമര്‍(റ) പറഞ്ഞു: “നബിയേ, ഹുദൈബിയയെക്കാള്‍ വലിയൊരു വിജയം ഇസ്‌ലാമിലില്ല തന്നെ!’ (മഗാസി അല്‍ വാഖിദി 1/400)

അബ്ബാസിന്റെ ഓഹരി
ബഹ്‌റൈനില്‍ നിന്നുള്ള സമ്പത്ത് വരുന്നതറിഞ്ഞ് സ്വഹാബത്ത് പള്ളിയില്‍ ഒരുമിച്ചു കൂടി. എത്രയധികം സമ്പത്ത്! മുത്ത്‌നബി(സ്വ)ക്ക് വന്നതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഉള്ള സമ്പത്തായിരുന്നു ബഹ്‌റൈനില്‍ നിന്ന് ലഭിച്ചത്. സ്വഹാബത്തിനോട് തിരുനബി(സ്വ) പറഞ്ഞു: “ആ സമ്പത്ത് പള്ളിയില്‍ നിരത്തി വെക്കൂ.’
ആ സമയത്ത് പള്ളിയിലേക്ക് അബ്ബാസ്(റ) കടന്നുവന്നു. അദ്ദേഹം പറഞ്ഞു: “നബിയേ, ബദ്‌റില്‍ ഞാനും അഖീലും പിടിക്കപ്പെട്ടപ്പോള്‍ രണ്ടുപേരുടെയും മോചനദ്രവ്യം നല്‍കിയത് ഞാനായിരുന്നല്ലോ. എനിക്ക് കൂടുതല്‍ വേണം.’ നബി(സ്വ) പറഞ്ഞു: “ശരി. നിങ്ങള്‍ക്ക് വേണ്ടത്ര എടുത്തോളൂ’
അബ്ബാസ് തന്റെ വസ്ത്രത്തില്‍ പരമാവധി സമ്പത്ത് വാരിയെടുത്തു. എഴുന്നേല്‍ക്കുമ്പോള്‍ പൊക്കാന്‍ കഴിയുന്നില്ല. അബ്ബാസ്(റ) പറഞ്ഞു: “നബിയേ, ഇത് ഒന്ന് പൊക്കിത്തരാന്‍ ആരോടെങ്കിലും പറയൂ.’ നബി(സ) പറഞ്ഞു: “അത് പറ്റില്ല.’ അബ്ബാസ്(റ) പറഞ്ഞു: “എങ്കില്‍ അങ്ങ് എന്നെ സഹായിക്കൂ.’ നബി(സ്വ) പറഞ്ഞു: “അതും പറ്റില്ല. സ്വന്തമായി പൊക്കാന്‍ കഴിയുന്നത് എടുക്കാം.’ താങ്ങാനാവാത്ത സമ്പത്ത് ഉയര്‍ത്തിത്തരാന്‍ അബ്ബാസ് വീണ്ടും ആവശ്യപ്പെട്ടു. അതു പറ്റില്ലെന്ന് നബി(സ്വ)യും. ഒടുവില്‍ എങ്ങനെയൊക്കെയോ താങ്ങിപ്പിടിച്ച് അബ്ബാസ്(റ) സമ്പത്ത് തന്റെ കുതിരപ്പുറത്ത് വെച്ച് യാത്രയായി. അബ്ബാസ്(റ) പോകുന്നത് നബി(സ്വ)യും സ്വഹാബത്തും വിസ്മയത്തോടെ നോക്കി നിന്നു. ബഹ്‌റൈനിലെ സമ്പത്ത് അവിടെ കൂടിയവര്‍ക്ക് തിരുനബി(സ്വ) വിതരണം ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു ദിര്‍ഹം പോലും അതില്‍ ബാക്കിയുണ്ടായിരുന്നില്ല. (സീറത്തു ഇബ്‌നി കസീര്‍ 2/463)

ജാബിറിന്റെ(റ) ഒട്ടകം
ചൂടുള്ള മരുഭൂമിയില്‍ അങ്ങിങ്ങായി തണല്‍ വിരിക്കുന്ന ഈത്തപ്പന മരങ്ങള്‍. അവക്കിടയിലൂടെ നിരയായി നീങ്ങുന്ന ഒട്ടകങ്ങള്‍. ദാതുരിഖാഇലേക്കുള്ള യാത്രയിലാണ് മുത്തുനബിയും(സ്വ) സ്വഹാബത്തും. ജാബിര്‍(റ)വിന്റെ ഒട്ടകം ബലഹീനയായിരുന്നു. വളരെ പതിയെയായിരുന്നു അതിന്റെ സഞ്ചാരം. തിരിച്ചുവരുമ്പോള്‍ സഹയാത്രികരെല്ലാം മുന്നോട്ടുപോയി. ജാബിര്‍(റ) പുറകിലായി. മുത്തുനബി(സ്വ) ഇതുകണ്ടു. അവിടുന്ന് ചോദിച്ചു: “എന്തുപറ്റി ജാബിര്‍?’ ജാബിര്‍(റ) പറഞ്ഞു: “ഈ ഒട്ടകത്തിന് ഒട്ടും വേഗതയില്ല നബിയേ..’ നബി(സ്വ) പറഞ്ഞു: “അതിനെ നിര്‍ത്തൂ, ഞാനൊന്നു നോക്കട്ടെ.’
ജാബിര്‍(റ) ഒട്ടകത്തെ നിര്‍ത്തിയപ്പോള്‍ തിരുനബി(സ്വ) ഒരു ചെറിയ വടി കൈയിലെടുത്തു. അതുകൊണ്ട് ഒട്ടകത്തിനെ ഒന്നുരണ്ട് തവണ തട്ടി. ശേഷം അവിടുന്നു പറഞ്ഞു: “ജാബിര്‍, ഒട്ടകപ്പുറത്ത് കയറി യാത്ര തുടര്‍ന്നോളൂ.’ ഒട്ടകം തിരുനബിയുടെ ഒട്ടകത്തിന്റെ കൂടെ വേഗത്തില്‍ നടക്കാന്‍ തുടങ്ങി. അവിടുന്ന് ജാബിറി(റ)ന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു: “നീ വിവാഹം കഴിച്ചില്ലേ ജാബിര്‍?’ ജാബിര്‍(റ) പറഞ്ഞു: “അതെ റസൂലേ, വിവാഹം കഴിച്ചല്ലോ.’ “കന്യകയാണോ വിധവയാണോ’ നബി(സ്വ) ആരാഞ്ഞു. “വിധവയാണ് നബിയേ.’ ജാബിര്‍(റ) മറുപടി നല്‍കി. “നിനക്കൊരു കന്യകയെ വിവാഹം കഴിച്ചുകൂടായിരുന്നോ? നിങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ സല്ലപിക്കാമായിരുന്നല്ലോ.’ നബി(സ) പറഞ്ഞു. “നബിയേ, എന്റെ ഉപ്പ ഉഹ്ദില്‍ വേർപിരിഞ്ഞല്ലോ. ഏഴു സഹോദരികളാണ് എനിക്കിപ്പോള്‍ വീട്ടിലുള്ളത്. അവരെ ശുശ്രൂഷിക്കാനും പരിപാലിക്കാനും ഒരു വിധവയാണ് ഉത്തമമെന്ന് എനിക്ക് തോന്നി.’ “ശരിയാണ് ജാബിര്‍, അല്ലാഹു അനുഗ്രഹിക്കട്ടെ.’ നബി(സ്വ) പ്രാര്‍ഥിച്ചു. ജാബിറിന്(റ) പണം അത്യാവശ്യമായ സമയമാണിതെന്നും പ്രായമായ ഈ ഒട്ടകമല്ലാതെ മറ്റൊന്നും ജാബിറി(റ)ന് സമ്പാദ്യമായി ഇല്ലെന്നും തിരുനബി(സ)ക്ക് അറിയാമായിരുന്നു. അവിടുന്ന് ചോദിച്ചു. “ജാബിര്‍ നിന്റെ ഈ ഒട്ടകത്തെ എനിക്ക് വില്‍ക്കുന്നോ?’
“വേണ്ട നബിയേ, ഞാന്‍ ഇതിനെ അങ്ങേക്കു ദാനമായി നല്‍കാം.’ ജാബിര്‍(റ) പറഞ്ഞു. “അങ്ങനെ വേണ്ട. ഞാന്‍ വാങ്ങാം.’ “എങ്കില്‍ വില പറയൂ റസൂലേ.’ “ഞാന്‍ ഒരു ദിര്‍ഹം തരാം.’ നബി പുഞ്ചിരിയോടെ പറഞ്ഞു.
“അങ്ങന്നെ കളിപ്പിക്കുകയാണോ?’ ജാബിര്‍(റ) ചോദിച്ചു. “എന്നാല്‍ രണ്ട് ദിര്‍ഹമിന് ഉറപ്പിക്കാം’ നബി. “പറ്റില്ല’ ജാബിര്‍(റ) പറഞ്ഞു. ജാബിറി(റ)നുവേണ്ടി തിരുനബി(സ്വ) വില കൂട്ടി പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ഒട്ടകത്തിന്റെ വില ഒരു ഊഖിയയില്‍ (ഏകദേശം 40 ദിര്‍ഹം) ഉറപ്പിച്ചു. “അങ്ങേക്ക് തൃപ്തിയായോ റസൂലേ?’ ജാബിര്‍(റ) ചോദിച്ചു. “അതെ’ റസൂല്‍(സ) പറഞ്ഞു. “എന്നാല്‍ ഒട്ടകം അങ്ങ് എടുത്തോളൂ’ ജാബിര്‍(റ) പറഞ്ഞു. “ശരി. ഞാന്‍ അതിനെ വാങ്ങിയിരിക്കുന്നു. മദീയിലെത്തും വരെ അതിനു പുറത്ത് യാത്ര ചെയ്‌തോളൂ’ റസൂല്‍ (സ്വ) പറഞ്ഞു. തിരുനബി(സ്വ) മദീനയിലെത്തി. ജാബിര്‍(റ) ഒട്ടകത്തെ തിരുനബി(സ്വ)ക്ക് കച്ചവടം നടത്തിയ കാര്യം സഹധര്‍മിണിയോട് പറഞ്ഞു. “അങ്ങനെയാവട്ടെ.’ അവര്‍ പ്രതികരിച്ചു.
അടുത്ത ദിവസം പ്രഭാതത്തില്‍ തന്നെ ഒട്ടകവുമായി ജാബിര്‍(സ്വ) തിരുസന്നിധിയിലെത്തി അവിടുത്തോട് ചേര്‍ന്നിരുന്നു. പള്ളിയുടെ മുറ്റത്ത് ഒട്ടകത്തെ കണ്ട നബി(സ) ചോദിച്ചു: “ഇത് ആരുടേതാണ്?’ “ജാബിര്‍ കൊണ്ടുവന്നതാണ് നബിയേ.’ സ്വഹാബത്ത് പറഞ്ഞു. “ജാബിര്‍, ഇതാണോ നമ്മള്‍ കച്ചവടം ഉറപ്പിച്ച ഒട്ടകം?’ നബി(സ്വ) ചോദിച്ചു. “അതെ. റസൂലേ’ ജാബിര്‍(റ) പറഞ്ഞു.
തിരുനബി(സ) ബിലാല്‍(റ)നെ വിളിച്ചു പറഞ്ഞു: “ബിലാല്‍, ജാബിറിന് ഒരു ഊഖിയ പണം അളന്നു നല്‍കൂ’ ബിലാല്‍ ഒരു ഊഖിയയും അധികമായി അല്‍പം ചില്ലറയും ജാബിറിന് നല്‍കി. വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോള്‍ ജാബിറിനെ വിളിച്ച് നബി(സ്വ) പറഞ്ഞു: “ജാബിര്‍, ആ ഊഖിയയും ഈ ഒട്ടകവും നിനക്കുള്ളതാണ്.’ ഒട്ടകവുമായി മനസുനിറഞ്ഞ് ജാബിര്‍ വീട്ടിലേക്ക് നടന്നു. (മഗാസി അല്‍ വാഖിദി 1/400) ■

Share this article

About സുഫ് യാൻ ബുഖാരി ഇ എം

emsufyan07@gmail.com

View all posts by സുഫ് യാൻ ബുഖാരി ഇ എം →

Leave a Reply

Your email address will not be published. Required fields are marked *