ഒരു കഥയും പറയാനില്ലാതായാല്‍

Reading Time: 3 minutes

“നിര്‍മാണ പ്രക്രിയയുടെ പ്രായോഗികവും താത്വികവുമായ ചില വശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വന്ന നിമിഷങ്ങളിലെ സന്തതികളാണ് ഈ പണിപ്പുര നിര്‍മിക്കുന്നത്.’ എന്ന് മലയാള സാഹിത്യത്തിന്റെ ഉജ്വലമായ ഒരു കാലഘട്ടത്തിന്റെ അധിപനായ എം ടി തന്റെ കാഥികന്റെ പണിപ്പുരയുടെ തുടക്കത്തില്‍ കുറിക്കുന്നുണ്ട്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് 1963ലാണെന്നു മനസിലാകുന്നു. 2009ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരണം തുടങ്ങിയ ശേഷമുള്ള എട്ടാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ഈ പതിപ്പ് മുന്നില്‍ വെച്ചുകൊണ്ടാണ് കെ.ആര്‍.മീരയുടെ “കഥയെഴുത്ത്’ എന്ന പുതിയ രചനയുടെ മഹത്വവും പ്രസക്തിയും പഠനവിധേയമാക്കാന്‍ ശ്രമിച്ചത്. 2020ല്‍ സൈകതം ബുക്‌സ് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ, അതേ വര്‍ഷം ഡിസംബറില്‍ പ്രസിദ്ധീ കരിച്ച, രണ്ടാം പതിപ്പാണ് വിപണിയില്‍ നിന്നു ലഭിച്ചത്.
“എന്തിനെഴുതുന്നു’ എന്നു ചോദിക്കുന്ന എം.ടി, “എനിക്കു വേണ്ടിയാണ് ഞാന്‍ എഴുതുന്നത്’ എന്നു മറുപടിയും പറയുന്നുണ്ട്. “കഥയുടെ ആത്മീയ ജീവിതം എന്നില്‍ തന്നെയാണ്. എന്റെ ഹൃദയത്തിലാണതു മുളയ്ക്കുന്നത്. കിളിര്‍ക്കുന്നതും പടരുന്നതും പൂത്തു കയറുന്നതും എന്റെ ഹൃദയത്തില്‍ തന്നെ.’ അദ്ദേഹം വിശദീകരിക്കുന്നു. അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിന്റെ അസുലഭ നിമിഷങ്ങള്‍ക്കു വേണ്ടി ഞാനെഴുതുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെയ്ക്കുന്നുമുണ്ട്. കഥയെഴുത്തുകാരി ആയിത്തീര്‍ന്നതില്‍ ഒരു കഥയുണ്ട് എന്ന തോന്നലില്‍ നിന്നാണ് ഈ പുസ്തകമെന്ന് “കഥയെഴുത്ത്’ എന്ന തന്റെ കൃതിയെക്കുറിച്ച് മീര വെളിപ്പെടുത്തുന്നു. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന്‍ ദാരുണമായി മരിച്ചുപോകുമെന്നു വേവലാതിപ്പെടുന്ന അവര്‍, ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരുമെന്നു പ്രസ്താവിക്കുന്നു. അതിന്റെ ആനന്ദത്തിനു പകരംവയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല.
എഴുത്തുകാരനാവാന്‍ ആഴവും പരപ്പുമുള്ള വായന അനിവാര്യമാണെന്ന് പൊതുവേ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുണ്ട്. തന്റെ വായന സംബന്ധിച്ച് എം.ടി പറയുന്നത് ഇങ്ങനെയാണ്: “വായിച്ച എല്ലാ പുസ്തകങ്ങളും എനിക്കിഷ്ടമായിരുന്നു. തിരഞ്ഞെടുത്ത വായനയൊന്നുമില്ല. സ്വാധീന ശക്തികള്‍ വളരെക്കൂടുതലായിരുന്നതുകൊണ്ട് ആരുടെ മട്ടിലാണ് എഴുതേണ്ടത് എന്നു നിശ്ചയമില്ലായിരുന്നു. ഓരോ നല്ല കഥ വായിക്കുമ്പോഴും എനിക്കൊരു കഥയെഴുത്തുകാരനാവണമെന്നു തോന്നും. ഒഴിവുകാലത്ത് ആറും ആറും പന്ത്രണ്ടു നാഴിക കുന്നുകള്‍ കയറിയിറങ്ങിയാണ് ഞാന്‍ വായിക്കാന്‍ മലയള പുസ്തകങ്ങള്‍ കൊണ്ടുവന്നിരുന്നത്.’ ആരും ആരെപ്പോലെയുമാകാന്‍ നോക്കരുതെന്ന് വായനകൊണ്ട് ബോധ്യപ്പെട്ടത് അദ്ദേഹം സ്ഥാപിക്കുന്നു. പുതിയ വെളിച്ചത്തിന്റെ നാളങ്ങള്‍ കിട്ടിയതും കഥകളെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടായതും ആധുനിക പാശ്ചാത്യ സാഹിത്യത്തിലേക്കു കടന്നുചെന്നത് മുതല്‍ക്കാണെന്ന് എം.ടി വെളിപ്പെടുത്തുന്നു. എന്നാല്‍, എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുപാട് പുസ്തകം വായിക്കണമെന്ന് പറയാറുണ്ടെങ്കിലും ഓരോ പുസ്തകവും ആവര്‍ത്തിച്ചു വായിക്കണമെന്നാണ് മീരയുടെ നിലപാട്. ഭാഷയുടെ താളവും വാക്കുകളുടെ ലയവും മനസില്‍ പതിയാന്‍ അതിലും നല്ലൊരു മാര്‍ഗമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. “കഥയെഴുത്ത്’ കഥാകൃത്തിന്റെ പൂര്‍ണമായ ആത്മകഥയല്ല എന്ന് അവര്‍ പറയുമ്പോഴും തന്റെ ജീവിതത്തിന്റെ പടിപടിയായ വളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലാണ് തന്റെ കഥകള്‍ക്കുള്ള വിത്തുകളും ഇതിവൃത്തങ്ങളും ഉണ്ടായി വന്നതെന്ന് അവര്‍ പറയാതെ പറയുന്നുമുണ്ട്.
സങ്കല്പവും യുക്തിയും സമം ചേര്‍ന്നതാണ് ഓരോ കഥയുമെന്നും മനുഷ്യരും അങ്ങനെ തന്നെയാണെന്നുമാണ് കെ.ആര്‍ മീര അഭിപ്രായപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ നമ്മളെല്ലാം ഓരോ കഥയാണ്. സിലോണിലായിരുന്ന അച്ഛന്‍ നാട്ടില്‍ വന്നപ്പോള്‍ കൂടെ അച്ഛന്റെ മകളായി കൊണ്ടുവന്നിരുന്ന സഹോദരിയെക്കുറിച്ചുള്ള കുട്ടിക്കാലത്തെ ഓര്‍മ ഉണ്ടാക്കിയ അസ്വസ്ഥതയില്‍ നിന്നാണ് “നിന്റെ ഓര്‍മയ്ക്ക്’ എന്ന കഥ പിറന്നതെന്ന് എം.ടി അയവിറക്കുന്നുണ്ട്. ഓര്‍മയില്‍ നിന്നും സങ്കല്പത്തില്‍ നിന്നും ചിത്രങ്ങള്‍ ചേര്‍ത്തുനിര്‍മിച്ച ആ രാത്രി അദ്ദേഹത്തില്‍ തികട്ടി വരുന്നുണ്ട്. ഗര്‍ഭത്തിലിരുന്ന് ഏറ്റവുമധികം നോവേല്പിച്ച ആ കഥ എഴുതിക്കഴിഞ്ഞപ്പോള്‍ മാത്രമാണ് താന്‍ കരഞ്ഞതെന്ന് ഓര്‍മപ്പെടുത്തുമ്പോള്‍ അദ്ദേഹം തന്നെ ഒരു കഥയായി മാറുന്നു.
“സര്‍പ്പയജ്ഞം’ എന്ന കഥ മാത്രുഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വന്നപ്പോള്‍ ചങ്കിടിപ്പ് അനുഭവപ്പെട്ടുവെന്ന് മീര ഓര്‍ക്കുന്നുണ്ട്. മാത്രമല്ല, ചങ്കിടിപ്പില്‍ നിന്ന് കഥയുണ്ടാകുന്നു. കഥ കൂടുതല്‍ ചങ്കിടിപ്പ് ഉണ്ടാക്കുന്നു. എന്നാല്‍, “കറുത്ത പൊന്മ’ എന്ന കഥ കലാകൗമുദിയുടെ “വിമന്‍സ് മാഗസിന്‍’ എന്ന പ്രസിദ്ധീകരണത്തിന് അയച്ചുകൊടുത്തിട്ട് പ്രസിദ്ധീകരിക്കാതെ തിരിച്ചുവന്നപ്പോഴുണ്ടായ കലി അവര്‍ പങ്കുവയ്ക്കുന്നുണ്ട്. അത് അച്ഛന്റെ കൈയില്‍ കിട്ടിയതും അച്ഛന്‍ കോപിച്ചതും മനസ് തകര്‍ന്ന് കരഞ്ഞതും അന്ന് പ്രീഡിഗ്രിക്കാരിയായിരുന്ന മീര വെളിപ്പെടുത്തുന്നു. അതിനുശേഷം, കഥയെഴുതുന്നില്ലെന്ന് തീരുമാനിച്ചിരിക്കെ, അക്കൊല്ലമാണത്രെ എം.ടി വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരന്റെ ഒരു രചന ആദ്യമായി വായിക്കുന്നത്-“കാഥികന്റെ പണിപ്പുര’. ഒന്നോ രണ്ടോ കഥകള്‍ തിരിച്ചുവന്നാല്‍ ഹൃദയം തകരുന്നവരാണ് നിങ്ങളെങ്കില്‍ കഥയെഴുത്ത് നിങ്ങള്‍ക്കു പറ്റിയ പണിയല്ല എന്ന് എം.ടി പറയുന്നത് അപ്പോഴാണ് ബോധ്യപ്പെടുന്നത്.
“എഴുത്തുകാരനാകാന്‍ എന്തു ചെയ്യണം’ എന്ന ചോദ്യത്തിന് ക്രിയേറ്റീവ് റൈറ്റിംഗ് ക്ലാസില്‍ കിട്ടുന്ന ഒരേയൊരുത്തരം കഥയെഴുത്തുകാരി ഓര്‍മിപ്പിക്കുന്നു: “മറ്റാരെങ്കിലും ആയിത്തീരാന്‍ ശ്രമിക്കുക. ശ്രമിച്ചാല്‍ മാത്രം പോരാ, പരാജയപ്പെടുകയും വേണം’. ഇഷ്ടജോലിയായ പത്രപ്രവര്‍ത്തനത്തില്‍ പ്രവേശിച്ചപ്പോള്‍ അഭിനന്ദിച്ചുകൊണ്ട് തന്റെ അധ്യാപകരില്‍പ്പെട്ട ദുരൈ രാജ് സാര്‍ അയച്ച കത്തിലും ക്രിയേറ്റീവ് റൈറ്റിംഗ് അവഗണിക്കരുത് എന്നു പ്രത്യേകം എടുത്തുപറഞ്ഞത് അവര്‍ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു.
പത്രപ്രവര്‍ത്തനവും സാഹിത്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് മീര വാചാലയാവുന്നുണ്ട്. രണ്ടിനും ഭഷാപ്രാവീണ്യം ആവശ്യമാണ്. മികച്ച പത്രപ്രവര്‍ത്തകര്‍ പലരും എഴുത്തുകാരാണ്. പത്രമാസികകളില്‍ ജോലി ചെയ്യുന്നത് സാഹിത്യത്തിലേക്കുള്ള കുറുക്കു വഴിയാണെന്ന പ്രബലധാരണയെ അവര്‍ തിരുത്തുന്നുമുണ്ട്. സാഹിത്യം വേറെ പത്രപ്രവര്‍ത്തനം വേറെ എന്നതാണ് ജേണലിസം ക്ലാസിലെ ആദ്യ പാഠമെന്നും അവര്‍ അടിവരയിടുന്നു. പത്രപ്രവര്‍ത്തകയായി ജോലി ചെയ്യുന്ന കാലത്ത് വാര്‍ത്താപരമ്പരയ്ക്ക് അവാര്‍ഡുകള്‍ കിട്ടിയതും കൂടുതല്‍ വാര്‍ത്താപരമ്പരകളെഴുതാന്‍ നിയോഗിക്കപ്പെട്ടതും സാഹിത്യകാരിയായി മാറുന്നതിനു സഹായകമായതായി അവര്‍ കാണുന്നുണ്ട്. അന്ന് വല്ല ബ്യൂറോയിലും റിപ്പോര്‍ട്ടര്‍ ആയി നിയമിച്ചിരുന്നെങ്കില്‍ ഒരിക്കലും കഥയെഴുത്തുകാരി ആകാന്‍ സാധിക്കുമായിരുന്നില്ലെന്നും, മീര ആ കാലത്തെക്കുറിച്ച് ആലോചിക്കുന്നു: “പത്രപ്രവര്‍ത്തകയാവാന്‍ വേണ്ടി ഞാന്‍ സാഹിത്യം ഉപേക്ഷിച്ചു. അതേ പത്രപ്രവര്‍ത്തനം എന്നെ വീണ്ടും സാഹിത്യകാരിയാക്കി! വിധിയുടെ വിളയാട്ടം! അല്ലാതെന്തു പറയാന്‍?’
പത്രപ്രവര്‍ത്തനവും സാഹിത്യവും തമ്മില്‍ ഫോട്ടോഗ്രാഫും ഛായാചിത്രവും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് മീരയുടെ പക്ഷം. വസ്തുതകളാണ് പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. സാഹിത്യത്തിന്റെ അടിസ്ഥാനം ഭാവനയാണ്. സാഹിത്യവും പത്രപ്രവര്‍ത്തനവും തമ്മില്‍ അഗാധമായ ബന്ധവുമുണ്ട്. ബര്‍ഹസ് പറഞ്ഞതിനെ സ്വാംശീകരിച്ചുകൊണ്ട് മീര ഇത്രകൂടി പ്രസ്താവിക്കുന്നു: “കഥയുടെ കാര്യത്തില്‍ എന്നതുപോലെ, റിപ്പോര്‍ട്ടിന്റെയും നിലനില്‍പ് അവയുടെ അന്വേഷണാത്മകതയിലാണ്, അവയുടെ പരിണാമഗുപ്തിയിലുമാണ്. കഥ ഒരിക്കലും റിപ്പോര്‍ട്ടിന്റെ ധര്‍മം നിറവേറ്റുകയില്ല. പക്ഷേ, നല്ല റിപ്പോര്‍ട്ടിന് കഥയുടെ വായനാനുഭൂതിയും ശക്തിയും കൈവരിക്കാന്‍ സാധിക്കും’. എം.ടിയുടെ “കാഥികന്റെ കല’യും “കാഥികന്റെ പണിപ്പുര’യും വായിച്ചിട്ടുള്ളവര്‍ക്ക് കെ.ആര്‍ മീരയുടെ “കഥയെഴുത്ത്’ വായിക്കാതെ നിവൃത്തിയില്ല. അല്ലെങ്കില്‍ അതുവലിയ നഷ്ടമായിരിക്കുമെന്നത് നിസ്തര്‍ക്കമാണ്. 29 കൊച്ചു അധ്യായങ്ങളിലൂടെയാണ് കഥയെഴുത്തിന്റെ രീതിശാസ്ത്രം മീര പഠിപ്പിക്കുന്നത്. സര്‍ഗപ്രക്രിയയുടെ വിവിധ വശങ്ങള്‍ സ്വാനുഭവത്തിന്റെ വെളിച്ചത്തിലാണ് എം.ടി വിവരിക്കുന്നതെങ്കില്‍, സ്വന്തം ജീവിത പാഠങ്ങള്‍ തന്നെയാണ് മീര തന്റെ രചനയില്‍ അവതരിപ്പിക്കുന്നത്. എം.ടി കാണിച്ചുതരുന്ന താത്വിക, സൈദ്ധാന്തിക പാഠങ്ങളും, ആത്മകഥാകഥനത്തിലൂടെ മീര വരച്ചുകാണിക്കുന്ന പാഠ്യപഠന രീതികളും എഴുതാന്‍ തുടങ്ങുന്നവര്‍ക്കും എഴുതിത്തെളിഞ്ഞവര്‍ക്കും തീര്‍ച്ചയായും വഴികാട്ടുന്ന കൈവിളക്കുകള്‍ തന്നെയാണ് ■

Share this article

About അഹ് മദ് കെ മാണിയൂര്‍

maniyoork@gmail.com

View all posts by അഹ് മദ് കെ മാണിയൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *