നോമ്പുകാലത്തെ മരുന്ന് ഉപയോഗം

Reading Time: 2 minutes

ആത്മീയ സായൂജ്യത്തിന്റെ കാലമാണ് റമളാന്‍. ക്ഷമയുടെയും ദാനധർമങ്ങളുടെയും മാസം. പ്രപഞ്ചനാഥന്റെ നിശ്ചയമാണ് റമളാന്‍ അടക്കമുള്ള സമയ ബന്ധിതമായി വിശ്വാസികള്‍ക്ക് നിര്‍ണയിക്കപ്പെട്ട ആരാധനകള്‍. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മ ബന്ധത്തില്‍ നിന്നാണ് ആരാധനകള്‍ നിര്‍വഹിക്കേണ്ടത്. ദിനേന നിസ്‌കാരവും, റമദാന്‍ മാസം മുഴുവനുമുള്ള വ്രതവും, സമ്പത്തില്‍ മിച്ചമുണ്ടാകുമ്പോള്‍ സകാത്തും, സാധ്യമായാല്‍ ഹജ്ജും വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. വിശ്വാസിയുടെ മാനസിക, ശാരീരിക, സാമൂഹിക, സാമ്പത്തിക ജീവതത്തിലെ വിശുദ്ധി കൈവരിക്കണമെന്നാണ് ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള ആരാധനകള്‍ അനുഷ്ഠിക്കുന്നതിലൂടെ ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. അതേസമയം സാധ്യമായതിലപ്പുറമൊന്നും അടിമയോട് കല്പിക്കുന്നില്ലെന്ന് ഖുര്‍ആന്‍ പറയുന്നു.
യാത്രക്കാര്‍, രോഗികള്‍, മാസമുറകളുള്ള സ്ത്രീകള്‍ ഇവര്‍ക്കൊന്നും വൃതം നിര്‍ബന്ധമില്ല. സ്ഥിരമായ മരുന്ന് ഉപയോഗിക്കേണ്ടവര്‍ക്ക് റംസാന്‍ കാലത്തെ മരുന്ന് ഉപയോഗവും നോമ്പനുഷ്ഠാനവും വലിയ ആശങ്കകള്‍ ഉണ്ടാക്കുന്നതായി ചില പഠനങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നു.

പ്രമേഹം
പ്രമേഹം അഥവാ ഷുഗര്‍- ജീവിത ശൈലീരോഗം, പാരമ്പര്യരോഗം എന്നിങ്ങനെ രണ്ടു ഗണങ്ങളിലും പെടുത്താവുന്ന ഒന്നാണ്. പാരമ്പര്യമായി ഷുഗര്‍ വരാനുള്ള സാധ്യത ഏറെയാണ്. ഭക്ഷണവും ജീവിതശൈലികളുമെല്ലാം തന്നെ പ്രമേഹത്തിന് കാരണമാകുന്നു. ഇതല്ലാത്ത സാഹചര്യങ്ങളിലും ഷുഗര്‍ വരാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, സ്‌ട്രെസ്സ്, പാന്‍ക്രിയാസിനെ ബാധിക്കുന്ന രോഗങ്ങള്‍, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങളും രോഗാവസ്ഥകളും പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു.
പ്രധാനമായും പ്രമേഹ രോഗത്തിനും രക്ത സമ്മര്‍ദത്തതിനും മരുന്ന് കഴിക്കുന്നവരില്‍ റംസാന്‍ കാലത്തുള്ള മരുന്ന് ഉപയോഗത്തില്‍ ചില പിഴവുകളും അസാധാരണ മരുന്ന് ഉപയോഗവും കാരണമായി ചില ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും കണ്ടുവരുന്നു.
രക്തത്തില്‍ അനിയന്ത്രിതമായി ഗ്ലുക്കോസിന്റെ അളവ് കൂട്ടുന്ന അവസ്ഥയെയാണ് പൊതുവില്‍ പ്രമേഹം എന്ന് പറയുന്നത്. പ്രമേഹം സാധാരണയില്‍ വെറും വയറ്റില്‍ 70 -110 ഇടയിലും ഭക്ഷണത്തന് ശേഷം 200ല്‍ താഴെയുമാണ്. എന്നാല്‍ ചിലരില്‍ റംസാന്‍ കാലത്ത് കൃത്യമായ അളവില്‍ മരുന്ന് ഉപയോഗിക്കാത്തതിന്റെ ഫലമായും അമിത ഭക്ഷണ ഉപയോഗവും കാരണം പ്രധാനമായും മൂന്ന് അവസ്ഥകൾ ഇത്തരക്കാരില്‍ കണ്ട് വരുന്നു
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറഞ്ഞ് 70ല്‍ താഴെ എത്തുന്ന ഹൈപ്പോഗൈസിമിയ എന്ന അവസ്ഥ. ഇത്തരം അവസ്ഥയുള്ളവര്‍ക്ക് പ്രധാനമായും തളര്‍ച്ച, ക്ഷീണം, തലവേദന, മനംപുരട്ടല്‍, വിയര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു. സാധാരണയില്‍ ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹ രോഗത്തിന് ഉപയോഗിക്കുന്ന ഇന്‍സുലിനും ഗ്ലിമിപ്രൈഡ് പോലത്തെ മരുന്ന് ഉപയോഗിക്കുന്നവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നോമ്പെടുക്കുന്നവരിൽ ഹൈപ്പോഗൈസിമിയയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഉടനെ ഗ്ലൂക്കോസ് പരിശോധിച്ച് വിദഗ്ധ ചികിത്സ നടത്തേണ്ടതുമാണ്.
രക്തത്തില്‍ ഗ്ലൈക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ച് 300ന് മുകളില്‍ എത്തുന്ന ഹൈപ്പര്‍ഗ്ലൈസിമിയ എന്ന അവസ്ഥ. ഇടക്കിടെ മൂത്രമൊഴിക്കല്‍, തളര്‍ച്ച, മങ്ങിയ കാഴ്ച, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവ പ്രധാന ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ ഉടനെ ഡോക്ടറുടെ സഹായം തേടണം.
പ്രമേഹത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ഫലമായും വ്രതസമയങ്ങളില്‍ ജലപാനമില്ലാത്തതും കാരണമായി ശരീരത്തിലെ ജലാംശം കുറയുന്ന അവസ്ഥയാണ് നിര്‍ജലീകരണം (ഡീഹൈഡ്രേഷന്‍). ഇത്തരം രോഗികള്‍ റംസാന്‍ സമയത്ത് അത്തരം മരുന്നുകളുടെ ഉപയോഗത്തെ കുറിച്ച് ഡോക്ടരോടോ ഫാര്‍മസിസ്റ്റിനോടോ സഹായം തേടാവുന്നതാണ്. രാത്രികാലങ്ങളില്‍ ജലാംശം കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് ഗുണകരം.

രക്തസമ്മര്‍ദം
നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഹൈപ്പര്‍ടെന്‍ഷന്‍ ഇന്ന് സര്‍വസാധാരണ രോഗമായി മാറിയിരിക്കുന്നു. ജീവിതശൈലീരോഗങ്ങളിലെ പ്രധാനിയാണ് ഹൈപര്‍ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്ത സമ്മര്‍ദം. ബ്ലഡ് പ്രഷര്‍ 140/ 90 നു മുകളില്‍ വരുന്നത് ചിലരുടെ ഹൃദയത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.കേരളത്തിലെ മധ്യവയസ്‌കരില്‍ 22% ആളുകളിലും ഹൈപ്പര്‍ടെന്‍ഷന്‍ കാണുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാല്‍ ബിപി ഇടക്കിടെ പരിശോധിച്ച് ആരോഗ്യനില ഉറപ്പുവരുത്തണം. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ശ്രദ്ധ ഉണ്ടായാല്‍ രക്തസമ്മര്‍ദത്തെ പ്രതിരോധിക്കാം.
റമളാന്‍ കാലത്ത് ഇത്തരം രോഗികള്‍ കഴിക്കുന്ന മരുന്നിലും അളവിലും കൃത്യത വരുത്തണം. ഡോക്ടറുടെയോ രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റില്‍ നിന്നോ വിവരങ്ങള്‍ അറിഞ്ഞുവേണം വ്രതകാലത്ത് ഹൈപ്പര്‍ ടെന്‍ഷനുകളുടെ മരുന്ന് ഉപയോഗിക്കാന്‍. മരുന്നുകളുടെ ഉപയോഗത്തിലെ അലസത നോമ്പുകാരില്‍ ഹൃദ്രാരോഗം, പക്ഷപാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും.
സാധാരണയില്‍ മരുന്നുകളുടെ ഡോസേജ് ഒരു നേരമോ രണ്ടു നേരമോ ആണെങ്കില്‍ ഇഫ്താറിന്റെയോ അത്താഴസമയത്തോ കഴിക്കാം. മൂന്നോ നാലോ നേരം കഴിക്കേണ്ട മരുന്നുകളുടെ ഡോസ് ഡോക്ടറുടെ നിര്‍ദേശപ്രകാരമോ ഫാര്‍മസിസ്റ്റിന്റെ സഹായത്തോടെയോ അഡ്ജസ്റ്റ് ചെയ്ത് കഴിക്കാം.
സാധാരണയില്‍ കണ്ടുവരുന്ന ഇന്‍ഫെക് ഷനുകള്‍ക്കുള്ള ആന്റിബയോട്ടിക്കിന്റെ ഉപയോഗത്തിലും വ്രതമെടുക്കുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തണം. പകലുകളില്‍ വെള്ളം കുടിക്കുന്നത് കുറയുന്നതിനാല്‍ ചിലരില്‍ മൂത്രത്തില്‍ പഴുപ്പും വേദനയും ഒക്കെ കണ്ട് വരാറുണ്ട്. ഇത്തരം രോഗമടക്കം ഒട്ടുമിക്ക ഇന്‍ഫെക് ഷന്‍ രോഗങ്ങളില്‍ ആന്റിബയോട്ടിക്കുകളാണ് നല്‍കാറുള്ളത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഫാര്‍മസിസ്റ്റുകളുടെ സഹായത്തോടെ ഡോസ് പൂര്‍ത്തിയാക്കി എടുക്കണം. സ്വയം ചികിത്സയും മരുന്ന് ഉപയോഗത്തിലെ അശ്രദ്ധയും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ഭക്ഷണക്രമവും വ്യായാമവും
രോഗിയാക്കി മാറ്റുന്നതില്‍ അമിതാഹാരത്തിന്റെ സ്വാധീനം ചെറുതല്ല. മൂന്ന് നേരവും ഭോജിക്കുന്നവന്‍ രോഗിയെന്നാണ് ചൊല്ല്. പ്രമേഹം, രക്തസമ്മര്‍ദം, സ്‌ട്രെസ്സ് തുടങ്ങിയ ഒത്തിരി ആരോഗ്യപ്രശ്‌നത്തെ ഭക്ഷണ ക്രമീകരണം കൊണ്ട് തന്നെ ചെറുക്കാന്‍ കഴിയും. നോമ്പ് മുറിക്കുന്ന സമയത്ത് വയര്‍ നിറച്ചു ഭക്ഷിക്കാതെ അല്‍പം മാത്രം കഴിച്ച് കുറച്ച് മണികൂറുകള്‍ക്ക് ശേഷം വീണ്ടും ഭക്ഷണം കഴിക്കുക. അമിതമായ ചായ, കാപ്പി പോലുള്ളവയുടെ ഉപയോഗം രക്തസമ്മര്‍ദത്തിനും മറ്റും കാരണമാകും. നന്നായി പാകം ചെയ്ത, മധുരവും കൊഴുപ്പും കുറഞ്ഞ ആഹാരങ്ങളും പച്ചക്കറി വിഭവങ്ങളും കൂടുതല്‍ വെള്ളം കുടിക്കലും ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തണം. ഭക്ഷണ ക്രമീകരണത്തോടൊപ്പം സമയ നിഷ്ഠയും പാലിക്കുന്നത് നല്ലതാണ്.
വ്രതകാലത്തും കൃത്യമായ വ്യായാമ മുറകള്‍ ചെയ്ത് ആരോഗ്യത്തെ സംരക്ഷിക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയ രീതിയില്‍ ഒരാഴ്ചയില്‍ 180 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണം. നടത്തം, സൈകിളിങ് പോലത്തെ എയറോബിക് വ്യായമുറകള്‍ മറ്റും ചെയ്ത് നോമ്പുകാലത്ത് ആരോഗ്യത്തെ സംരക്ഷിക്കാം ■

Share this article

About സല്‍മാന്‍ വെങ്ങളം

salmanpharmacist2021@gmail.com

View all posts by സല്‍മാന്‍ വെങ്ങളം →

Leave a Reply

Your email address will not be published. Required fields are marked *