സര്‍ഗാത്മക ചിന്തകള്‍

Reading Time: < 1 minutes

പുതുകാല സമ്പദ് വ്യവസ്ഥയില്‍ ഏറ്റവും വിലപിടിപ്പുള്ള ഒന്നായി വ്യത്യസ്തവും നവീനവുമായ ആശയങ്ങള്‍ മാറിയിരിക്കുന്നു. ക്രിയേറ്റീവ് തിങ്കിങ് അഥവാ സര്‍ഗാത്മക ചിന്തകള്‍ എന്നത് പഴയ കാലത്ത്, ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് മാത്രമേ ആലോചിച്ചിരുന്നുള്ളൂ. ഇക്കാലത്ത് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കേണ്ട ഒന്നായി അത് മാറിയിരിക്കുന്നു. ക്രിയേറ്ററും ഉപഭോക്താക്കളും നേരത്തേ അനുഭവിക്കാത്ത മൗലികമായ ഒന്നിനെ രൂപപ്പെടുത്താനുള്ള കഴിവാണത്. വിഭിന്നമായ ചിന്തയും ആശയ ഉത്പാദനവും അറിവില്‍ നിന്നും അനുഭവത്തില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്നതാണ്.
എഴുതുന്നവരിലും ചിത്രം വരക്കുന്നവരിലും മാത്രം സംഭവിക്കുന്ന കഴിവല്ല സര്‍ഗാത്മകത. ഓരോ സാധാരണ മനുഷ്യരിലും ഉണ്ടാകാവുന്നതും നേതൃതലങ്ങളില്‍ ഉള്ളവരില്‍ സവിശേഷമായി ഉണ്ടാകേണ്ടതുമായ ഒന്നാണത്. സാമൂഹിക ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ ആരെങ്കിലും രൂപപ്പെടുത്തുന്ന ആശയങ്ങളെ പ്രയോഗവത്കരിക്കാന്‍ മാത്രം ശ്രമിക്കേണ്ടവരോ പ്രവര്‍ത്തിക്കേണ്ടവരോ അല്ല. സമൂഹത്തിന്റെ ഗതി വിഗതികളുടെ വേഗവും വഴിയും മനസിലാക്കി ജ്വലിക്കുന്ന ആശയങ്ങള്‍ കൂടി ഉത്പാദിപ്പിക്കേണ്ടവരാണ്. വൈവിധ്യവും പുതുമയും ഏതൊന്നിലും ഇഷ്ടപ്പെടുന്ന നവസമൂഹത്തിന്റെ ദാഹത്തിന് ശമനിയാകുന്ന ആവിഷ്‌കാരങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ സാധാരണ ചിന്തകള്‍ മതിയാകില്ല. മറ്റുള്ളവര്‍ കാണുന്നതെല്ലാം കാണുകയും മറ്റുള്ളവര്‍ ചിന്തിക്കാത്തത് ചിന്തിക്കുകയും ചെയ്യുമ്പോഴാണ് പുതിയൊരു കണ്ടുപിടുത്തം നടക്കുന്നത്. അസാധാരണമായ ഒന്നിനെ രൂപപ്പെടുത്താനുള്ള അടങ്ങാത്ത ആഗ്രഹത്തില്‍ നിന്നാണ് അങ്ങനെയൊന്നു പിറവികൊള്ളുന്നത്.
ഒരു പദ്ധതിയെക്കുറിച്ച് അറിയുമ്പോഴോ സ്വീകരിക്കുമ്പോഴോ ഉള്ള സമീപനവും അത് പ്രയോഗവത്കരിക്കുന്നിടത്ത് കൈക്കൊള്ളുന്ന വഴികളും പ്രസക്തമാണ്. എങ്ങനെയെങ്കിലും നടത്തിത്തീര്‍ത്ത് കൈയൊഴിയുകയെന്ന രീതി അലസതയുടെ അടയാളമാണ്. വേറിട്ട മാതൃക സൃഷ്ടിക്കാനുള്ള അന്വേഷണങ്ങളും ആലോചനകളുമാണ് വേണ്ടത്. മാറ്റങ്ങള്‍ ആഗ്രഹിക്കുന്നതും സമാന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും സര്‍ഗാത്മക അടയാളമാണ്.
സാധാരണയില്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യത്തെ അസാധാരണയായി ചെയ്യുമ്പോഴാണ് അത് ശ്രദ്ധിക്കപ്പെടുക. ഒരു തലവാചകം കണ്ടെത്തുന്നതില്‍ പോലും വ്യതിരിക്തത കൊണ്ടുവരാനുള്ള നിഷ്‌കര്‍ഷതക്ക് പ്രാധാന്യമുണ്ട്. ആശയങ്ങള്‍, പേരുകള്‍, സജ്ജീകരണം, പ്രചാരണം തുടങ്ങി നാനാവിധ പ്രവര്‍ത്തനങ്ങളിലും വ്യത്യസ്തത കൊണ്ടുവരാം. നിര്‍ദിഷ്ട പദ്ധതികളുടെ നിര്‍വഹണ ഘട്ടങ്ങളില്‍ നമ്മുടേതായ ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കുമ്പോഴാണ് പദ്ധതികളും പ്രവര്‍ത്തനങ്ങളും നമ്മുടേത് കൂടിയാകുന്നത്. ഓരോ ചുവടിലും മിനിമം മൂല്യം ഉണ്ടാകണമെന്ന ശാഠ്യമാണ് ഇതരരില്‍ നിന്ന് വേര്‍തിരിക്കുന്ന ഘടകമായി വര്‍ത്തിക്കുക. ഒരു പ്രശ്‌നത്തിന് ഒരു പരിഹാരമല്ല, വ്യത്യസ്ത പരിഹാരമുണ്ടാകും. ഏറ്റവും ചേര്‍ച്ചയുള്ളതും സമഗ്രവുമായ പരിഹാരത്തിലേക്ക് എത്തിച്ചേരുക എന്നതാണ് പ്രധാനം.
ഏതൊരു സര്‍ഗാത്മക ചിന്തയുടെയും ആദ്യതലം ഭാവനയാണ്. അത് സൃഷ്ടിപരമായ കഴിവുകളെ വികസിപ്പിക്കുകയും ജീവിതം പുനര്‍നിര്‍മിക്കുകയും ചെയ്യും. ഒരു പ്രവര്‍ത്തന ഫലത്തെ മുന്നില്‍ കണ്ടുകൊണ്ട് അതിന്റെ ചിത്രീകരണം മനസിലേക്ക് കൊണ്ടുവരാന്‍ പഠിക്കുക. അങ്ങനെയൊരു ചട്ടക്കൂട്ട് രൂപപ്പെടുത്താന്‍ കഴിയും. ഭാവന വിശാലവും വ്യത്യസ്തവുമാകുമ്പോഴാണ് പ്രവൃത്തിയുടെ ആവിഷ്‌കാരം മനോഹരമാകുക. അതിന്റെ അളവ് കുറയുമ്പോഴാണ് ഫലത്തിന്റെ പൂര്‍ണതക്ക് തടസം ഉണ്ടാകുന്നത്.
അറിവും വായനയും സംഭാഷണങ്ങളും സമ്പര്‍ക്കങ്ങളും ചുറ്റുപാടുകളുമെല്ലാം ഭാവനയെയും ചിന്തയെയും പുഷ്‌കലമാക്കും. പുതിയ കാര്യങ്ങളെ കുറിച്ച് അറിയാനുള്ള ജിജ്ഞാസ നവീകരണ വാതായനങ്ങള്‍ തുറക്കും. “ഇതെന്തുകൊണ്ടിങ്ങനെ’ എന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി കണ്ടെത്തുക. സ്വതന്ത്രമായ ആലോചനകളാണ് വ്യത്യസ്തമായ ആശയങ്ങളുടെ സ്രോതസ്‌. വ്യക്തിപരമായും കൂട്ടമായുമുള്ള ആലോചനകള്‍ക്കും ചിന്തകള്‍ക്കും സംഘസൃഷ്ടിയില്‍ പ്രസക്തിയുണ്ട്. ചിന്തിക്കാന്‍ വേണ്ടി സമയം മാറ്റിവെക്കുകയും അവയെ മനസില്‍ അടയിരിക്കാന്‍ അനുവദിക്കുകയും ചെയ്യുക. നടപ്പിലും ഇരിപ്പിലും കിടപ്പിലുമെല്ലാം ചിന്തകളെ തലോലിക്കാന്‍ സന്നദ്ധമാകുക. അങ്ങനെ മിടിച്ചും തുടിച്ചും പുത്തന്‍ ആശയങ്ങള്‍ പുറംതോട് പൊട്ടിച്ചു പുറത്തുവരും ■

Share this article

Leave a Reply

Your email address will not be published. Required fields are marked *