‘ഹബീബീ’ വിളിയില്‍ മുഴങ്ങുന്നത്‌

Reading Time: 2 minutes

ഹബീബീ എന്ന നീട്ടിവിളിയില്‍ ഒളിപ്പിച്ച സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും, അതിലുപരി സ്വാതന്ത്ര്യത്തിന്റെയും അടരുകളെക്കുറിച്ചാണീ എഴുത്ത്. പ്രവാസസൗഹൃദങ്ങളില്‍ അറിയാതെ പരസ്പരം വിളിച്ചുതുടങ്ങുകയും വിളികേള്‍ക്കുകയും, പിന്നെയെപ്പഴോ ഒരു സംസ്‌കാരമായി വളരുകയും ചെയ്ത പേരായി “ഹബീബീ’ വിളി ഇന്ന് മാറിയിരിക്കുന്നു. ധര്‍മസഖാവ് എന്ന തലത്തില്‍ രിസാലസ്റ്റഡി സര്‍ക്കിളിന്റെ ഓരോ പ്രവര്‍ത്തകനും തമ്മില്‍ രൂപപ്പെട്ട ഇഴയടുപ്പത്തിന്റെയും സ്‌നേഹബന്ധത്തിന്റെയും ആഴം ഇത്തരം വിളികളുടെ നൈര്‍മല്യത്തിലുണ്ട്. മുതിര്‍ന്നവര്‍ക്ക് വാത്സല്യത്തോടെയും കുട്ടികള്‍ക്ക് ബഹുമാനത്തോടെയും സമപ്രായക്കാര്‍ക്ക് തെല്ലുത്സാഹത്തോടെയും വിളിക്കാവുന്ന വാക്കിനപ്പുറത്തെ സ്‌നേഹ അടയാളം കുറിക്കുന്ന പദമായി ഇത് മാറിയിട്ടുണ്ട്. അഭിനന്ദിക്കാനും തിരുത്താനും ഈ പേര് കൂട്ടിവിളിക്കാന്‍ കഴിയുമെന്നതാണ് ഹബീബീ സംബോധനയുടെ പ്രത്യേകത. ഹൃദയത്തിലേറിയ ഒരാളെ അത്രയും സ്‌നേഹം ചാലിച്ച് കുറുക്കിവിളിക്കുന്ന വിളിപ്പേരുകള്‍ പലരുടെയും അനുഭവത്തിലുണ്ടാകും. ഹൃദയത്തില്‍ എന്നും സൂക്ഷിക്കാനും ഓര്‍ത്തെടുക്കാനുമുള്ള നൂലായി ജീവിതാന്ത്യം വരെ ഇത്തരം വിളിപ്പേരുകള്‍ കൂടെയുണ്ടാകുമെന്നതാണ് സത്യം. ചിലര്‍ക്ക് മാത്രം അവകാശപ്പെട്ടതായി പകുത്ത് നല്‍കുന്ന വിളികളുണ്ട്. കരുതിയുറപ്പിച്ചല്ലാതെ ഒരു നിമിഷത്തെ തോന്നലില്‍ വിളിച്ചുപോകുന്ന സ്‌നേഹപ്പേരുകളായോ കരുതലോടെ പേരിട്ട് വിളി തുടരുന്ന സ്ഥിരം നാമങ്ങളായോ ഒക്കെ വിളിപ്പേരുകളുണ്ട്. എന്നാല്‍ ഒരിക്കലും അടുക്കാന്‍ ഇടയില്ലാത്തവര്‍ ആദര്‍ശപ്പൊരുത്തത്തിന്റെ പേരില്‍ മനസ് പങ്കുവെക്കുന്നിടത്ത്, ഉള്ളില്‍ നിന്നുയരുന്ന ഹബീബീ വിളി ഇപ്പറഞ്ഞവക്കെല്ലാം അപ്പുറത്താണ്. അവരെ ഒന്നിപ്പിച്ചതും പിരിയാനാകാത്ത കൂട്ടുകാരാക്കിയതിനും പിന്നില്‍ മുത്ത് നബിയുടെ വാക്കുകളാണ് എന്നതാണ് അതില്‍ പ്രധാനം. പരസ്പരം ആശയും ആശ്രയവുമാകാനും സഹനവും സാന്ത്വനവും പകരാനും മാത്രമല്ല, നാളേക്ക് നീളുന്ന ശഫാഅത്തിന്റെ സാധ്യതയെ മുന്‍നിര്‍ത്തി കൂടിയാണ് ഈ കൂട്ട്. അവിടെ ഹബീബീ വിളിയുടെ മധുരത്തിന് വല്ലാത്ത രുചിയും ആനന്ദവുമുണ്ടാകുന്നു. യാന്ത്രിക പ്രക്രിയയുടെ ഭാഗമായ ഒരു തിരഞ്ഞെടുപ്പല്ല ഓരോരുത്തര്‍ക്കും അവരുടെ ഹബീബുമാര്‍. അത് സ്വാഭാവിക സ്‌നേഹത്താല്‍ ധര്‍മം ചാലിച്ച് ഉരുവം കൊള്ളുകയും അറിവിലും അനുഭവത്തിലും പരസ്പരം ലയിച്ച് വളരുകയും മറുലക്ഷ്യങ്ങളൊന്നുമില്ലാതെ വികസിച്ച് പൂത്തുലയുകയും ചെയ്യുന്നതാണ്. വ്യക്തി ബന്ധങ്ങള്‍ക്കപ്പുറത്തേക്കും “ഹബീബീ’ സംബോധനകള്‍ വലുതാകാറുണ്ട്. സ്‌നേഹവും വിഷമവും സന്തോഷവും സന്താപവും ഒന്നാകുന്നത് പോലെ കുടുംബവും കുട്ടികളും നാടും വീടും തമ്മിലെ വിടവുകളും ഇല്ലാതാകുന്നു. പരസ്പരം അറിഞ്ഞും ആരാഞ്ഞും തിരുത്തിയും പ്രചോദിപ്പിച്ചും അതിലേറെ ഉണര്‍വും ആത്മാഭിമാനവും പകര്‍ന്നും കൂടെയുള്ളവരാണ് ഹബീബുമാര്‍. മനുഷ്യസഹജമായ ഉലച്ചിലുകളെ നിമഗ്‌നമാക്കുംവിധം ഉദാത്തമായ ബന്ധത്തിന്റെ കൂട്ടുപകരാന്‍ പാകമാകുന്നിടത്താണ് ഓരോ ഹബീബ് വിളിയും സാര്‍ഥകമാക്കുന്നത്. ഈ വിളിപ്പേര് ഉള്‍വഹിക്കുന്ന ആശയത്തെ മുന്‍നിര്‍ത്തി പുതുതലമുറക്കിടയില്‍ രൂപപ്പെട്ട് വരേണ്ട സമർപ്പിത സൗഹൃദത്തെ ഊട്ടിയുറപ്പിക്കാന്‍ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട് സംഘടന. “മഅല്‍ ഹബീബ്’, “ഇലല്‍ ഹബീബ്’, “കൈഫക്’ തുടങ്ങിയവയെല്ലാം ഈ ധര്‍മമാണ് നിറവേറ്റിയത്. ഒപ്പമുള്ളവരും കുടുംബവും മുന്‍തലമുറയിലുള്ളവരും മുതിര്‍ന്നവരും തുടങ്ങി ജീവിതത്തില്‍ ബന്ധം പുലര്‍ത്തേണ്ട സകലരിലേക്കും ഹബീബിയന്‍ ആശയ പ്രവാഹത്തിന്റെ മാസ്മരികത പകരാനും വിശാല വലയത്തില്‍ കണ്ണികളാക്കാനും കഴിയുന്നിടത്ത് പുലരുക വലിയലോകമായിരിക്കും. പ്രവാസത്തിന്റെ ഒറ്റപ്പെട്ട തുരുത്തില്‍ ജോലി ഭാരവും നാടുമായുള്ള അകലവും വരുത്തിവെക്കുന്ന സമ്മര്‍ദങ്ങള്‍ക്ക് നടുവില്‍ “ഹബീബീ’ വലയത്തിലെത്തിയവര്‍ക്കുള്ള ആശ്വാസം ചെറുതല്ല. ഇടവേളകളെ സര്‍ഗാത്മകമാക്കാനും ബന്ധങ്ങളെ സുദൃഢമാക്കാനുമുള്ള ഓരോ ശ്രമങ്ങളും ആ അര്‍ഥത്തില്‍ ഉത്പാദിപ്പിക്കുന്ന നിര്‍മാണാത്മകത വിവരണാതീതമാണ്. നിറഞ്ഞ ഹബീബ് വിളികളുടെ ധന്യതയില്‍ സ്വയം ലയിക്കാനും കൂടുതല്‍ കൂടുതല്‍ ഹബീബുമാരെ തിരിച്ച് വിളിച്ച് ആസ്വദിക്കാനും കഴിയുന്നത് സൗഭാഗ്യമാണ്. ഇനി വരാനിരിക്കുന്ന അംഗത്വകാലം കൂട്ടുകാരെ വിളിക്കുന്നത് ഈ ധന്യതയിലേക്കാണ് ■

Share this article

About നിസാര്‍ പുത്തന്‍പള്ളി

nizarputhanpally@gmail.com

View all posts by നിസാര്‍ പുത്തന്‍പള്ളി →

Leave a Reply

Your email address will not be published. Required fields are marked *