ഐതിഹ്യങ്ങള്‍ യാഥാര്‍ഥ്യങ്ങളെ മറിച്ചിടുമ്പോള്‍

Reading Time: 3 minutes

താജ്മഹലിനുള്ളില്‍ വിഗ്രഹങ്ങള്‍ ഉണ്ട്, ഉള്ളറകള്‍ തുറന്ന് പരിശോധിക്കണം. സുപ്രീം കോടതിക്ക് മുന്നില്‍ ഒരു ഹരജി വരുന്നു. ഏപ്രില്‍ 12ന് അയോധ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, സംഘപരിവാര ചരിത്ര നിര്‍മിത കഥകളുടെ ബ്രാൻഡ് അംബാസിഡര്‍ കൂടിയായ രജനീഷ് സിങാണ് അലഹബാദ് ഹൈകോടതിക്ക് മുന്‍പില്‍ ഈ പെറ്റീഷന്‍ സമര്‍പ്പിക്കുന്നത്. ഹരജിയില്‍ പറയുന്ന കാര്യങ്ങള്‍ വിചിത്രവും അസത്യവുമായിരുന്നു. താജ്മഹല്‍ പഴയ ശിവ ക്ഷേത്രം ആയിരുന്നെന്നും അതിന്റെ പ്രാചീന നാമം തേജോ മഹല്‍ എന്നായിരുന്നുവെന്നും സിങിന്റെ ഹരജിയില്‍ പറയുന്നു. എന്നാല്‍ ഹരജിയിലെ പ്രസ്താവനകളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി നീതിപീഠം പുരാവസ്തു ഗവേഷകരെ പഠിക്കാന്‍ ചുമതലപ്പെടുത്തി. ദിവസങ്ങള്‍ നീണ്ട പഠനങ്ങള്‍ക്ക് ശേഷം പുരാവസ്തു സംഘം തങ്ങളുടെ പഠനത്തിന്റെ പൂര്‍ണ റിപ്പോര്‍ട്ടും വിവരങ്ങള്‍ അടങ്ങുന്ന ദൃശ്യങ്ങളും അലഹബാദ് ഹൈകോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചു. പഠനത്തിനും വിശകലത്തിനും ശേഷം സിങിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളുടെ കണിക പോലും കണ്ടെത്താന്‍ സാധിച്ചില്ല എന്ന് കോടതി വ്യക്തമാക്കി. അതോടെ സംഘപരിവാര സംഘടനകള്‍ കാലങ്ങളായി ഉയര്‍ത്തിക്കൊണ്ടു വന്ന “തേജോ മഹല്‍’ വാദം തകര്‍ന്നടിയുന്ന കാഴ്ചക്കാണ് ചരിത്ര പ്രേമികള്‍ സാക്ഷ്യം വഹിച്ചത്. 22 ഉള്ളറകള്‍ തുറന്ന് പരിശോധിച്ച ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഗവേഷകര്‍ക്ക് ഒരു വിഗ്രഹം പോലും കണ്ടെത്താന്‍ സാധിച്ചില്ല.! എന്നുമാത്രമല്ല ക്ഷേത്രം ആയിരുന്നു എന്ന വാദം നിലനില്‍ക്കുന്നതല്ല എന്നും പുരാവസ്തു ഗവേഷകരുടെ സംഘം വ്യക്തമാക്കി. താജ്മഹലിനെ മുന്‍നിര്‍ത്തി വിവാദങ്ങള്‍ വിട്ടുമാറാത്ത ഈ സാഹചര്യത്തില്‍ മഹാഗോപുരത്തിന്റെ ചരിത്ര സത്യങ്ങള്‍ തേടിയുള്ള അന്വേഷണം നടത്തേണ്ട ആവശ്യകത കൂടിവരികയാണ്. താജ്മഹലിന്റെ നിര്‍മാണത്തിലേക്ക് നയിച്ച ചരിത്ര വസ്തുതകള്‍ പരിശോധിക്കാം. 1631 ജൂണ്‍ 17നാണ് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പത്‌നി അര്‍ജുമന്ത് ബാനു ബീഗം എന്ന മുംതാസ് മഹല്‍ തന്റെ 38-ാം വയസിൽ മരണപ്പെടുന്നത്. മരിക്കുന്നതിന് തൊട്ടു മുമ്പ് ഷാജഹാന്‍ ചക്രവര്‍ത്തി യമുനയുടെ തീരത്ത് അവര്‍ക്കായി മനോഹരമായ ശവകുടീരം പണിയുമെന്ന് വാക്ക് കൊടുത്തിരുന്നു. ലോകം കണ്ടിട്ടില്ലാത്തത്രയും മനോഹരമായ കലാ സൃഷ്ടിയായിരിക്കണം അതെന്ന് സുല്‍ത്താന് നിര്‍ബന്ധമുണ്ടായിരുന്നു. വരാനിരിക്കുന്ന കാലത്ത് പ്രണയത്തിന്റെ ശ്രീകോവിലായി ലോകം അതിന്റെ അപദാനങ്ങള്‍ വാഴ് ത്തിപ്പാടണം എന്ന സുല്‍ത്താന്റെ നിശ്ചയമായിരിക്കാം ഇത്രയും ഭംഗിയുള്ള കലാ സൃഷ്ടി പിറക്കാന്‍ കാരണമായത്.! സ്വപ്നഗോപുരത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരെ ഏൽപിക്കും എന്നതിനെ ചൊല്ലി അനന്തപുരിയില്‍ നല്ല ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് സുല്‍ത്താന് മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല. അനുയോജ്യനായ ഒരു ശില്‍പിയെ ഷാജഹാന്‍ ചക്രവര്‍ത്തി കണ്ടെത്തി. പേര്‍ഷ്യയിലെ ഷിറാസ് പ്രവിശ്യയിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് പേരു കേട്ട ഉസ്താദ് ഈസായെ അദ്ദേഹം കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. അക്കാലത്ത് പ്രസിദ്ധരായ ശില്‍പികള്‍ക്കും കലാ സൃഷ്ടിയില്‍ കഴിവ് തെളിയിച്ചവര്‍ക്കും നല്‍കിയ സ്ഥാനപ്പേര് ആയിരുന്നു ഉസ്താദ് എന്നത്. തന്റെ സ്വപ്ന പദ്ധതികള്‍ ഈസക്ക് മുമ്പില്‍ അദ്ദേഹം വിവരിച്ചു കൊടുത്തു. അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം യമുനയുടെ തീരം തന്നെയാണെന്ന് ഉസ്താദ് തീര്‍ച്ചപ്പെടുത്തി. യമുനയുടെ തീരത്തിലൂടെ സഞ്ചരിച്ച ഉസ്താദ് ഈസ അവസാനം ആഗ്ര പട്ടണത്തിന്റെ കിഴക്കു ഭാഗത്ത് വലിയ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഒരു സ്ഥലം കണ്ടെത്തി. പ്രത്യക്ഷ കാഴ്ചയില്‍ ഒട്ടും മനോഹരമല്ലാത്ത ഒരു ഇടം. എന്നാല്‍ താന്‍ തേടി നടന്ന സ്ഥലം തന്റെ മുന്നില്‍ സ്രഷ്ടാവ് വെളിവാക്കി തന്നിരിക്കുന്നു എന്ന് ഉസ്താദ് തന്റെ ശില്‍പികളോട് പറഞ്ഞു. പക്ഷേ കൊട്ടാരത്തിലെ സംസാരം മറ്റൊന്നായിരുന്നു. ഈ പാറയുള്ള സ്ഥലം അല്ലാതെ ഇയാള്‍ക്ക് വേറെ സ്ഥലം ഒന്നും കിട്ടിയില്ലേ. സുല്‍ത്താന്‍ എന്തു കണ്ടിട്ടാണ് ഇദ്ദേഹത്തെ ജോലി ഏൽപിച്ചത്? കൊട്ടാരം വിദൂഷകര്‍ വരെ അടക്കം പറഞ്ഞു. ഉസ്താദ് ഈസയുടെ കലാസൃഷ്ടിയില്‍ തെല്ലും ആശങ്ക ഇല്ലാത്ത ഷാജഹാന്‍ അദ്ദേഹത്തിന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ അറിയിച്ചു.
ആരുടേതാണ് ആ സ്ഥലം? മഹാ രാജ ജയ്‌സിങിന്റെ. ജയ്‌സിങിനെ നേരില്‍ സന്ദര്‍ശിച്ച് ഷാജഹാന്‍ ആ സ്ഥലം തനിക്ക് തരുമോ എന്നും അവിടെ തന്റെ പ്രിയ പത്‌നിക്ക് വേണ്ടി ഒരു ഓര്‍മ മന്ദിരം പണി കഴിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും പറയുന്നു. ഈ പാറപ്പുറം അല്ലാതെ സുല്‍ത്താന് വേറെ നല്ല സ്ഥലം ഒന്നും കിട്ടിയില്ലേ എന്നാണ് ജയ്‌സിങിന്റെയും ചോദ്യം. ശവകുടീരം നിര്‍മിക്കാന്‍ പറ്റിയ ഒരുപാട് നല്ല സ്ഥലം തന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്ക് ആ സ്ഥലം മതിയെന്നും അതിനുള്ള വില നല്‍കാമെന്നും ഷാജഹാന്‍ ചക്രവര്‍ത്തി. ആ പാറക്കൂട്ടങ്ങള്‍ക്ക് ഒന്നും വേണ്ട എന്ന് ആവര്‍ത്തിച്ച് പറഞ്ഞ ജയ്‌സിങിന്റെ കൈകളിലേക്ക് മൂല്യമേറിയ രത്‌നങ്ങള്‍ വെച്ച് കൊടുത്ത് ഷാജഹാന്‍ പറഞ്ഞത്, ഇത് എന്റെ പ്രിയ പത്‌നി മുംതാസിന്റെ ഓര്‍മക്ക് വേണ്ടിയുള്ളതാണ്, അതുകൊണ്ട് ഈ പണക്കിഴി രാജന്‍ കൈപ്പറ്റണം എന്നായിരുന്നു. പൊന്നും വില കൊടുത്ത് വാങ്ങിയ സ്ഥലത്താണ് ഷാജഹാന്‍ ചക്രവര്‍ത്തി താജ്മഹലിന്റെ നിര്‍മാണം ആരംഭിക്കുന്നത്.
അവിടെയാണ് ഉസ്താദ് ഈസയുടെ നേതൃത്വത്തില്‍ ലോകത്തെ ഏറ്റവും മനോഹരമായ കലാ സൃഷ്ടി പിറന്നത്. പേരു കേട്ട പേര്‍ഷ്യന്‍, ഇന്ത്യന്‍ ശില്‍പികളെ ഒരുപോലും അമ്പരപ്പിക്കുംവിധം താജ്മഹല്‍ വെണ്ണക്കല്ലില്‍ അദ്ദേഹം കൊത്തിയെടുത്തു. ഈസയുടെ അതുല്യ കലാ സൃഷ്ടി ലോകത്തിന് തിരിച്ചറിയാന്‍ 22 വര്‍ഷം എടുത്തു എന്നത് മറ്റൊരു സത്യം!
ഷാജഹാന്‍ ചക്രവര്‍ത്തി സ്വന്തം വാക്കുകളില്‍ താജ്മഹലിനെ വിശേഷിപ്പിക്കുന്നത്, കുറ്റവാളികള്‍ ഇവിടെ വന്ന് മാപ്പുനല്‍കപ്പെട്ടവനെപ്പോലെ പാപമുക്തനാകണം എന്നാണ്. ഈ ലോകത്ത് ഈ ഭവനം നിർമിക്കപ്പെട്ടു; അതുവഴി സ്രഷ്ടാവിന്റെ മഹത്വം പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു. പതിനെട്ട് വര്‍ഷം മാത്രമാണ് പ്രിയ പത്‌നിയുടെ കൂടെ ഷാജഹാന്‍ ജീവിച്ചത്. മുംതാസ് മഹലിന് മുമ്പും ശേഷവും പല സ്ത്രീകളും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നെങ്കിലും മുംതാസിന്റെ വേര്‍പാട് ഉണ്ടാക്കിയ ദുഃഖത്തിന്റെ ആഘാതം ചെറുതായിരുന്നില്ല.
ഉറുദു കവി ഇഖ്ബാലിന്റെ കവിതകളില്‍ പറയുന്ന പോലെ, “യമുനയുടെ തീരത്ത് താജ് മഹലിന്റെ മനോഹാരിതയെ സമ്പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന മറ്റൊരു സ്ഥലവും കാണാന്‍ സാധ്യമല്ല. ഒഴുകി എത്തുന്ന യമുന താജിനെ തഴുകി തലോടി ഒഴുകി അകലുന്ന മനോഹരമായ കാഴ്ച മനസില്‍ കണ്ടുകൊണ്ടാണ് താജിന്റെ ശില്‍പികള്‍ യമുനയുടെ തീരത്തിലൂടെ അലഞ്ഞു നടന്നത്.’
മധ്യകാല ചരിത്രകാരന്മാരില്‍ ചിലര്‍ പറയുന്നത്, ഉസ്താദ് അഹമ്മദ് ലാഹോരിയാണ് താജ് മഹലിന്റെ ശില്‍പിയെന്നാണ്. ഇതിനായി അവര്‍ മുന്നോട്ട് വെക്കുന്ന തെളിവ് ഉസ്താദ് അഹമ്മദ് ലാഹോരിയുടെ മകന്‍ ലുത്ഫുല്ല മുഹന്തിസ് എഴുതിയ ഒരു കൃതിയില്‍ ഇങ്ങനെ പറയുന്നുവത്രെ, “എന്റെ പിതാവായ ഉസ്താദ് അഹമ്മദ് ലാഹോരി വാസ്തു ശില്‍പകലയില്‍ അഗ്രഗണ്യനായിരുന്നു. അദ്ദേഹത്തിന് പേര്‍ഷ്യന്‍, ഇസ്‌ലാമിക്, ഇന്ത്യന്‍ ശില്‍പകലയും നന്നായി വശമുണ്ടായിരുന്നു. എന്റെ പിതാവായ ഉസ്താദ് അഹമ്മദ് സര്‍ ഹിന്ദിയും ഉസ്താദ് മിര്‍ അബ്ദുല്‍ കരീമും പേര് കേട്ട വാസ്തുശില്‍പികള്‍ ആയിരുന്നു. ഉസ്താദ് അബ്ദുല്‍ കരീം ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കാലത്ത് പ്രസിദ്ധനായ ശില്‍പി ആയിരുന്നു. എന്നാല്‍ എന്റെ പിതാവ് ആകട്ടെ കുറം രാജാവിന്റെ (ഷാജഹാന്‍ ചക്രവര്‍ത്തിയുടെ യഥാര്‍ഥ പേര്) വിശ്വസ്ത ശില്‍പി ആയിരുന്നു. 1638 മുതല്‍ 1648 വരെയുള്ള കാലയളവില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയുടെ അടിത്തറ പാകിയത് തന്റെ പിതാവ് ആയിരുന്നു. മാത്രമല്ല ഉസ്താദ് മിര്‍ അബ്ദുല്‍ കരീമിന്റെയും ഉസ്താദ് മക്‌റമത്ത് ഖാന്റെയും നേതൃത്വത്തില്‍ താജ്മഹലിന്റെ നിര്‍മാണ പ്രവൃത്തിയില്‍ അദ്ദേഹം മേല്‍നോട്ടം വഹിച്ചു.
1632ലാണു താജ്മഹലിന്റെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നത്. ഏകദേശം ഇരുപത് വര്‍ഷക്കാലം പതിനായിരക്കണക്കിന് ശിൽപികളുടെയും തൊഴിലാളികളുടെയും വിയർപിന്റെയും രക്തത്തിന്റെയും ആകെത്തുകയാണ് ഈ വെണ്ണക്കല്‍ മഹാദ്ഭുതം.! 1983ലാണ് ലോക പൈതൃക പട്ടികയില്‍ താജ്മഹല്‍ ഇടം പിടിക്കുന്നത്. താജിനെ തകര്‍ക്കാന്‍ ഇന്ത്യക്ക് പുറത്തുള്ള പല രാജ്യങ്ങളും ശ്രമിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജര്‍മന്‍ സൈന്യം താജ്മഹല്‍ തകര്‍ക്കാന്‍ പദ്ധതി ഇട്ടിരുന്നതായി പറയപ്പെടുന്നു. ഇന്ത്യ-പാക് യുദ്ധ സമയത്തും താജ്മഹലിനെ ലക്ഷ്യം വച്ചിരുന്നു. ഈ സമയത്തെല്ലാം ഇന്ത്യന്‍ ഭരണകൂടം സംരക്ഷണ കവചം തീര്‍ക്കുകയായിരുന്നു. പക്ഷേ ഇന്ന്, രാജ്യം ഭരിക്കുന്നവരുടെ ഒത്താശയോടെ രാജ്യത്തിനും ലോകത്തിനും പ്രിയപ്പെട്ട പൈതൃക ഗോപുരം തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരോ പൗരന്റെയും ജനാധിപത്യ ബോധം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
താജിന്റെ പേരില്‍ വിദ്വേഷ പ്രചരണങ്ങളും അര്‍ധ സത്യങ്ങളും പടച്ച് വിടുന്ന സംഘ പരിവാരത്തിന് മുന്നില്‍ ചരിത്ര സത്യങ്ങള്‍ വിളിച്ചു പറയാനും മഹാദ്ഭുതത്തിന്റെ താഴികക്കുടങ്ങള്‍ക്ക് മേല്‍ വെറുപ്പിന്റെ ദണ്ഡ് പതിയാതെ നോക്കാന്‍ ഒരോ ചരിത്ര വിദ്യാര്‍ഥിയും പൈതൃക സ്‌നേഹിയും കാവലിരിക്കണം. താജില്‍ തോറ്റവര്‍ ഇനിയും ചരിത്ര ഗോപുരങ്ങളുടെ മേലില്‍ ഇല്ലാ കഥകള്‍ പടച്ചു വിട്ടുകൊണ്ടേയിരിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ മേയ് മാസം പത്താം തിയതി ഡല്‍ഹിയിലെ കുതുബ് കോംപ്ലക്‌സിന്റെ മുമ്പില്‍ കണ്ടത്. സംഘടിച്ച് എത്തിയ നൂറുകണക്കിന് വരുന്ന ഹനുമാന്‍ സേനയുടെയും മഹാകല മാനവ സേനയുടെയും പ്രവര്‍ത്തകര്‍ കുതുബ് മിനാര്‍ ജൈന – ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിച്ചാണ് ഉണ്ടാക്കിയത് എന്നും വിഷ്ണു ടെമ്പിള്‍ ആണെന്നുമുള്ള വിചിത്ര വാദങ്ങള്‍ ഉന്നയിക്കുന്നത്. നിമിഷ നേരം കൊണ്ട് അവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കി എങ്കിലും അവരുന്നയിച്ച വാദങ്ങള്‍ കേന്ദ്ര മന്ത്രിമാരും അര്‍ണബ് ഗോസാമിയെ പോലോത്ത സംഘ പരിവാറിന്റെ കുഴലൂത്തുകാരും ഏറ്റുപാടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഗ്യാൻവാപി മസ്ജിദിന്റെ വുളൂഅ് ഖാനയില്‍ ശിവലിംഗം തിരഞ്ഞെടുക്കുന്നതും മറ്റൊരു പുറപ്പാടാണ്. സംഘപരിവാറിന്റെ അടുക്കളയില്‍ ഇത്തരം കുറേ മുസ്‌ലിം വിരുദ്ധ രുചികള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഉണര്‍വും ഉറക്കെയുള്ള ശബ്ദവുമാണ് പ്രതിവിധികൾ ■
(ലേഖകൻ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ചരിത്ര വിദ്യാർഥിയാണ്)

Share this article

About ജഹ്ഫര്‍ കെ തുവ്വക്കാട്

jahfarjafzy36@gmail.com

View all posts by ജഹ്ഫര്‍ കെ തുവ്വക്കാട് →

Leave a Reply

Your email address will not be published. Required fields are marked *