റസൂലിലെത്തുമ്പോള്‍

Reading Time: 3 minutes

ആര് രക്ഷിക്കും
നജ്ദിലേക്കുള്ള ഒരു സൈനിക നീക്കം കഴിഞ്ഞ് മടക്കയാത്രയിലായിരുന്നു തിരുനബി(സ്വ). അസഹ്യമായ ചൂടും യാത്രാക്ഷീണവും കാരണം എല്ലാവരും ക്ഷീണിതരാണ്. മുള്ളുമരങ്ങള്‍ നിറഞ്ഞ ഒരിടത്ത് നബി(സ്വ)യും സ്വഹാബികളും വിശ്രമിക്കാനിറങ്ങി. ഒരു മരത്തണലില്‍ കിടന്ന് മുത്ത്‌നബി(സ്വ) ഉറങ്ങുകയായിരുന്നു. ഇസ്‌ലാമിന്റെ പ്രതിയോഗികളില്‍ ഒരാളായ ഗൗറസ് ബിന്‍ ഹാരിസ് എങ്ങനെയോ അവിടെയെത്തി.
“മുഹമ്മദിനെ വകവരുത്താനുള്ള അസുലഭ അവസരം!’ മരത്തില്‍ തൂക്കിയിട്ടിരിക്കുന്ന വാള്‍ കണ്ടപ്പോള്‍ ഗൗറസ് ചിന്തിച്ചു. പക്ഷേ, ഉറങ്ങിക്കിടക്കുമ്പോള്‍ വധിക്കുന്നത് ഭീരുത്വമാണ്. അല്പം കാത്തിരിക്കാം. ഗൗറസ് ഊരിപ്പിടിച്ച വാളുമായി കാത്തിരുന്നു.
തിരുനബി(സ്വ) ഉണര്‍ന്നു. മുന്നില്‍ ഊരിപ്പിടിച്ച വാളുമായി ഗൗറസ്! തിരുനബി(സ്വ) ഒട്ടും ഭയപ്പെട്ടില്ല. ഗൗറസിനെ നോക്കി മന്ദസ്മിതം തൂകി.
വാള്‍ വായുവില്‍ ചുഴറ്റി ഗൗറസ് ചോദിച്ചു: “മുഹമ്മദ്, ഈ വാളുകൊണ്ട് ഞാനിപ്പോള്‍ നിന്നെ വകവരുത്തും. ആരുണ്ട് നിന്നെ രക്ഷിക്കാന്‍?’
കാരുണ്യത്തിന്റെ കണിക പോലുമില്ലാത്ത ഗൗറസിന്റെ കണ്ണുകളിലേക്ക് നബി(സ്വ) സൂക്ഷിച്ചു നോക്കി പ്രത്യുത്തരം നല്‍കി: “അല്ലാഹ്! അല്ലാഹ്! അല്ലാഹ്!’
തികച്ചും അപ്രതീക്ഷിതമായിരുന്നു മറുപടി. ആ വാക്കുകള്‍ ചാട്ടുളി പോലെ ഗൗറസിന്റെ ഉള്ളിലേക്ക് തുളച്ചുകയറി. കൈകാലുകള്‍ വിറച്ചു. വാള്‍ താഴെ വീണു.
തിരുനബി(സ്വ) വാള്‍ കൈയിലെടുത്തു. ഗൗറസിനോട് ചോദിച്ചു: “ഇപ്പോള്‍ നിന്നെ രക്ഷിക്കാനാരുണ്ട്?’
ഗൗറസ് ഭയന്ന് തളര്‍ന്നു വീഴാറായി. ഒരു വിധം പറഞ്ഞൊപ്പിച്ചു: “അങ്ങു മാത്രം. അങ്ങു മാത്രമാണിപ്പോള്‍ എനിക്ക് രക്ഷ.’
നബി(സ്വ) പുഞ്ചിരിച്ചു. ഗൗറസിനെ ആശ്വസിപ്പിച്ച് വെറുതെ വിട്ടു. തന്റെ കൂട്ടുകാര്‍ക്കരികിലെത്തിയ ഗൗറസ് പറഞ്ഞു: “ലോകത്ത് ഏറ്റവും നല്ല വ്യക്തിയുടെ അരികില്‍ നിന്നാണ് ഞാന്‍ വരുന്നത്.’ (താരീഖുല്‍ ഖമീസ് 1/415)

സൈദിന്റെ തീരുമാനം
ഇസ്‌ലാമിക പ്രബോധനം ആരംഭിക്കുന്നതിനു മുമ്പ് തിരുനബി(സ്വ)യുടെ പത്‌നി ഖദീജ ബീവിയുടെ വിമുക്ത അടിമയായിരുന്നു സൈദ് ബിന്‍ ഹാരിസ(റ). പിന്നീട് സൈദ്(റ)വിനെ ഖദീജ ബീവി(റ) തിരുദൂദര്‍ക്ക് ദാനമായി നല്‍കി. സ്വന്തം മകനെ പോലെയാണ് സൈദ് ബിന്‍ ഹാരിസ(റ)യെ തിരുനബി (സ്വ) വളര്‍ത്തിയത്.
അല്‍പ കാലത്തിനുശേഷം മകന്റെ വിരഹത്തില്‍ സങ്കടം നിറഞ്ഞ് പിതാവ് ഹാരിസ, സൈദി(റ)നെയും തിരഞ്ഞ് മക്കയിലെത്തി. തന്റെ മകന്‍ സൈദ്, മുത്ത്‌നബി(സ്വ)യുടെ സംരക്ഷണത്തിലാണ് എന്നറിഞ്ഞ പിതാവ് അവിടുത്തെ സമീപിച്ച് സൈദിനെ വില്‍ക്കാമോ എന്നന്വേഷിച്ചു.
തിരുനബി(സ്വ) പറഞ്ഞു: “സൈദ് നിങ്ങള്‍ക്കൊപ്പം വരാന്‍ താത്പര്യപ്പെടുന്നുവെങ്കില്‍ പണമൊന്നും നല്‍കാതെ തന്നെ ഞാന്‍ നിങ്ങളുടെ കൂടെ അയക്കാം. എന്റെ പോറ്റുമകനായി തുടരാനാണ് താത്പര്യമെങ്കില്‍ അങ്ങനെയാവട്ടെ.’
സൈദ് ഒട്ടും വൈകാതെ മറുപടി നല്‍കി: “റസൂലേ, ഞാനങ്ങയോടൊപ്പം കഴിയാന്‍ ഇഷ്ടപ്പെടുന്നു.’
സൈദിന്റെ തീരുമാനം അറിഞ്ഞ തിരുനബി(സ്വ)ക്ക് സന്തോഷമായി. അവര്‍ സന്തോഷത്തോടെ പിതാവിനെ തിരിച്ചയച്ചു. (സീറത്തു ഇബ്‌നി ഹിശാം 1/247)

അധ്വാനിച്ചു ജീവിക്കാം
അന്‍സ്വാരികളില്‍പ്പെട്ട ഒരാള്‍ വല്ലതും തരണമെന്നാവശ്യപ്പെട്ട് തിരുസന്നിധിയില്‍ വന്നു.
തിരുനബി(സ്വ) ചോദിച്ചു: “നിന്റെ വീട്ടില്‍ വല്ലതുമുണ്ടോ വില്‍ക്കാന്‍?’
“അതേ. ഞങ്ങള്‍ വിരിക്കാനും ധരിക്കാനും ഉപയോഗിക്കുന്ന ഒരു പുതപ്പും വെള്ളം കുടിക്കുന്ന ഒരു പാത്രവുമുണ്ട്.’ അന്‍സ്വാരി പറഞ്ഞു.
“എങ്കില്‍ അവ രണ്ടും ഇവിടെ കൊണ്ടുവരൂ.’ റസൂല്‍ ആവശ്യപ്പെട്ടു.
അന്‍സ്വാരി പാത്രവും വിരിപ്പുമായി വന്നു. അവ രണ്ടുമെടുത്തു തിരുനബി (സ്വ) സദസിനോട് ചോദിച്ചു: “ഇത് രണ്ടും വാങ്ങാന്‍ ആര് തയാറാകും?’
“ഒരു ദിര്‍ഹമിന് ഞാനവ രണ്ടും വാങ്ങാം നബിയേ..’ ഒരാള്‍ പറഞ്ഞു.
“ഒരു ദിര്‍ഹമിനെക്കാള്‍ വില നല്‍കി ഇത് വാങ്ങാന്‍ ആര് തയാറാകും?’ റസൂല്‍ (സ്വ) ചോദിച്ചു.
“ഞാന്‍ രണ്ടു ദിര്‍ഹമിന് വാങ്ങാം.’ സദസില്‍നിന്ന് മറ്റൊരാള്‍.
അങ്ങനെ രണ്ടു ദിര്‍ഹമിന് കച്ചവടം ഉറപ്പിച്ചു. ആ രണ്ട് ദിര്‍ഹമും അന്‍സ്വാരിയുടെ കൈയില്‍ കൊടുത്തു മുത്ത്‌നബി(സ്വ) പറഞ്ഞു: “ഇതില്‍ ഒരു ദിര്‍ഹമിന് വീട്ടിലേക്കാവശ്യമായ ഭക്ഷണം വാങ്ങുക. മറ്റൊരു ദിര്‍ഹമിന് ഒരു മഴു വാങ്ങി ഇങ്ങോട്ടു വരൂ.’
അല്പസമയം കഴിഞ്ഞ് അന്‍സ്വാരി മഴുവുമായി തിരിച്ചെത്തി. നബി(സ്വ) സ്വന്തം കൈകള്‍ കൊണ്ട് തന്നെ അതിന് പിടി ഇട്ടുകൊടുത്തു. ശേഷം ഇങ്ങനെ പറഞ്ഞു: “നീ ഇതുപയോഗിച്ച് വിറക് വെട്ടുക. എന്നിട്ട് അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കുക. ഇനി പതിനഞ്ചു ദിവസം കഴിഞ്ഞ് ഇവിടെ വന്നാല്‍ മതി.’
അന്‍സ്വാരി സന്തോഷത്തോടെ തിരിച്ചുപോയി. തിരുനബി(സ്വ) പറഞ്ഞപോലെ തന്നെ ചെയ്തു. പതിനഞ്ചു ദിവസം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ പത്ത് ദിര്‍ഹം ഉണ്ടായിരുന്നു. അതുപയോഗിച്ച് അന്‍സ്വാരി വസ്ത്രവും ഭക്ഷണവും വാങ്ങി.
“അന്യരോട് യാചിച്ച് ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഇങ്ങനെ അധ്വാനിച്ച് ജീവിക്കലാണ്.’ അന്‍സ്വാരിയുടെ മുഖം തിളങ്ങി. രംഗം കണ്ടു നിന്ന സ്വഹാബികളുടെയും. (സുബുലുല്‍ ഹുദാ വർറശാദ് 8/408)

പാളിപ്പോയ ഗൂഢാലോചന
ബദ്ർ യുദ്ധം കഴിഞ്ഞപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലായിരുന്നു ശത്രുനേതാക്കളില്‍ പ്രധാനിയായിരുന്ന ഉമൈര്‍ ബിന്‍ വഹബ്. പ്രമുഖരെല്ലാം യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അനേകംപേര്‍ തടവുകാരായി പിടിക്കപ്പെട്ടു. വിഷാദ നിര്‍ഭരമായ മനസുമായി ഉമൈര്‍ കഅ്ബാലയത്തിന്റെ അരികിലെത്തി.
നിരാശ നിറഞ്ഞ മുഖവുമായി സ്വഫ് വാന്‍ ബിന്‍ ഉമയ്യ അവിടെയിരിക്കുന്നുണ്ട്. ഉമൈര്‍ സ്വഫ് വാനരികില്‍ ചെന്ന് സങ്കടം പറഞ്ഞു.
സ്വഫ് വാന്‍ പ്രതികരിച്ചു: “ശരിയാണ് ഉമൈര്‍. നേതാക്കളെല്ലാം ദാരുണമായി കൊല്ലപ്പെട്ടു. ജീവിതം വിരസമായി അനുഭവപ്പെടുന്നു.’
“വല്ലാത്ത മടുപ്പ്. എനിക്കാണെങ്കില്‍ കൊടുത്ത് തീര്‍ക്കാനാവാത്ത ഒരുപാട് കടവും കുടുംബ പ്രാരാബ്ധങ്ങളും ബാക്കിയുണ്ട് താനും. ഇല്ലെങ്കില്‍ പോയി മുഹമ്മദിനെ വകവരുത്താമായിരുന്നു.’ അല്‍പം നിരാശയോടെ ഉമൈര്‍ തന്റെ നിലപാട് പറഞ്ഞു.
സ്വഫ് വാന്‍ സന്തോഷപൂര്‍വം ചോദിച്ചു: “ഉമൈര്‍, നിന്റെ കടബാധ്യതകളും കുടുംബ പ്രാരാബ്ധങ്ങളും ഞാന്‍ വഹിക്കാം. മുഹമ്മദിനെ വധിക്കാന്‍ നീ തയാറാണോ?’
“ഈ ഭവനത്തിന്റെ നാഥന്‍ സത്യം, ഞാന്‍ തയാര്‍!’ ഉമൈര്‍ ഉറപ്പിച്ചുപറഞ്ഞു.
ഗൂഢാലോചന അതിരഹസ്യമായിരിക്കണമെന്ന് അവരിരുവരും ധാരണയായി. ഉമൈര്‍ പിന്നെ താമസിച്ചില്ല. തന്റെ കുതിരപ്പുറത്ത് കയറി വാളില്‍ വിഷം പുരട്ടി മദീനയിലേക്ക് യാത്രയായി. കുതിരയെ ഒരിടത്ത് ബന്ധിച്ച് മസ്ജിദുന്നബവിയില്‍ കയറി.
ഉമൈറിനെ കണ്ടതും ഉമര്‍(റ) ചാടിയെണീറ്റു. നിമിഷനേരംകൊണ്ട് ഉമൈറിനെ പിടികൂടി.
തിരുസന്നിധിയിലെത്തിയപ്പോള്‍ തിരുനബി(സ്വ) പറഞ്ഞു: “ഉമൈര്‍ വരൂ, ഇങ്ങ് അടുത്തിരുന്നോളൂ’
ഉമൈര്‍ പറഞ്ഞു: “സുപ്രഭാതം’
നബി(സ്വ) മറുപടി നല്‍കി: “അതിന്റെ ആവശ്യമില്ല. ഇതിനേക്കാള്‍ ആദരണീയവും അര്‍ഥമേറിയതുമായ അഭിവാദനം അല്ലാഹു ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.’
ശേഷം നബി(സ്വ) ഉമൈറിനോട് ആഗമനോദ്ദേശ്യം ആരാഞ്ഞു.
ഉമൈര്‍ പറഞ്ഞു: “തടവുകാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വന്നതാണ്. അവരെ വിട്ടു നല്‍കണം. നമ്മള്‍ കുടുംബക്കാരാണല്ലോ’
“അപ്പോള്‍ ഈ വാള്‍ എന്തിനാണ്?’ നബി(സ്വ) ചോദിച്ചു.
“കഷ്ടം! ബദ്ർ പോരാട്ടം കഴിഞ്ഞതില്‍ പിന്നെ വാള്‍ അഴിച്ചുവെക്കാറില്ല. ദുരുദ്ദേശ്യമൊന്നും എനിക്കില്ല.’ ഉമൈര്‍ പ്രതികരിച്ചു.
“സത്യം പറയൂ ഉമൈര്‍, എന്തിനു വന്നു?’ നബി(സ്വ) വീണ്ടും ചോദിച്ചു.
“തടവുകാരുടെ കാര്യം സംസാരിക്കാന്‍ വേണ്ടി മാത്രം.’ ഉമൈര്‍ ആവര്‍ത്തിച്ചു പറഞ്ഞു.
“നീയും സഫ് വാനും കഅ്ബാലയത്തിനരികിലിരുന്ന് എന്നെ വധിക്കാന്‍ പദ്ധതിയിട്ടില്ലേ. നിന്റെ കടബാധ്യതകളും കുടുംബ പ്രാരാബ്ധങ്ങളും സ്വഫ് വാന്‍ വഹിക്കാമെന്നേറ്റപ്പോള്‍ ഇറങ്ങിത്തിരിച്ചതല്ലേ?’ തിരുനബി(സ്വ) ഇത്രയും പറഞ്ഞപ്പോള്‍ ഉമൈര്‍ സ്തബ്ധനായി.
റസൂലിനെ നോക്കി. ദീര്‍ഘ മൗനത്തിനുശേഷം ശഹാദത്ത് കലിമ ഉരുവിട്ടു. ഇസ്‌ലാം സ്വീകരിച്ചു.
ശേഷം പറഞ്ഞു: “അങ്ങ് പറയുന്ന വചനങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ള ദിവ്യ സന്ദേശങ്ങളാണെന്ന് ഞങ്ങള്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പക്ഷേ, എനിക്കും സ്വഫ് വാനുമിടയില്‍ അതീവ രഹസ്യമായി നടന്ന ഈ ഗൂഢാലോചന അല്ലാഹു അല്ലാതെ മറ്റാരും നിങ്ങള്‍ക്ക് അറിയിച്ചു തരാന്‍ വഴിയില്ല.’ ഉമൈറിന്റെ ഇസ്‌ലാം ആശ്ലേഷണം തിരുനബി (സ്വ)ക്കും സ്വഹാബത്തിനും നല്‍കിയ സന്തോഷം ചെറുതല്ല.
ഉമര്‍(റ) പറഞ്ഞു: “ഉമൈര്‍ ഇങ്ങോട്ടു കടന്നുവരുമ്പോള്‍ എന്റെ മനസില്‍ ഏറ്റവും നികൃഷ്ടനായിരുന്നു. ഇപ്പോള്‍ എന്റെ മക്കളെപ്പോലെ ഞാന്‍ ഉമൈറിനെ ഇഷ്ടപ്പെടുന്നു.
തിരുനബി(സ്വ) ഉമൈറിനെ അനുമോദിച്ചു. ഉമൈര്‍ ആവശ്യപ്പെട്ട തടവുകാരെയെല്ലാം നബി(സ്വ) സ്വതന്ത്രരാക്കി. (സീറത്തു ഇബ്‌നി ഹിശാം 1/662) ■

Share this article

Leave a Reply

Your email address will not be published. Required fields are marked *