124 A സുപ്രിം കോടതി ചിരിക്കുന്നു!

Reading Time: 3 minutes

ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിന് വീണ്ടും ജാമ്യം നിഷേധിച്ചിരിക്കുകയാണ് ഡല്‍ഹി കര്‍കര്‍ദൂമ കോടതി. 2020 സെപ്തംബര്‍ 14 മുതല്‍ ഉമര്‍ ഖാലിദ് തിഹാര്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരനായി തുടരുകയാണ്. പകപോക്കലുകളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് രാഷ്ട്രീയപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമാണ് ഇത്തരത്തില്‍ ഭരണകൂട ഭീകരതക്ക് ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സ്റ്റാന്‍ സ്വാമിയുടെ മരണവും സിദ്ദീഖ് കാപ്പന്റെ അറസ്റ്റും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ മുമ്പില്‍ വലിയൊരു ചോദ്യചിഹ്നമാണ്. കരിനിയമങ്ങള്‍ ഏര്‍പ്പെടുത്തി എതിരാളികളുടെ വായടപ്പിക്കുമ്പോള്‍ നോക്കുകുത്തിയായി നില്‍ക്കുന്ന കോടതികള്‍ ഭരണകൂട സേവ നടത്തുകയാണോ എന്ന അത്യന്തം ഗൗരവപരമമായ ആശങ്കയാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നത്. ആശങ്കള്‍ക്ക് ശക്തിപകരുന്ന സംഭവവികാസങ്ങളാണ് കോടതി വ്യവഹാരങ്ങളില്‍ തിളച്ച് നില്‍ക്കുന്നത്. 124എ (രാജ്യദ്രോഹക്കുറ്റം) സുപ്രീം കോടതി മരവിപ്പിച്ചെങ്കിലും അതുകൊണ്ട് മാത്രം കൈകഴുകി മാറിനില്‍ക്കാന്‍ കഴിയുന്നതല്ല കോടതികളുടെ ഭൂതകാലം. പൗരസമൂഹത്തിന്റെ വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയയമാക്കി മാത്രമേ കോടതികളുടെ ഭൂതകാലത്തെ വിലയിരുത്താന്‍ കഴിയുകയുള്ളൂ.
സ്വതന്ത്രവും നീതിപൂര്‍വകവുമാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെന്നും ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും അതില്‍നിന്ന് നീതി ലഭിക്കുന്നുണ്ടെന്നും അടുത്തിടെയാണ് ചീഫ് ജസ്റ്റിസ് രമണ പ്രസ്ഥാവിച്ചത്. കേവലം വീമ്പു പറച്ചില്‍ എന്നതിനപ്പുറം ദുര്‍ബലമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ. അഴിമതിയും സ്വജനപക്ഷപാതവും ഇത്രമേല്‍ കോടതി മുറികളില്‍ നിറഞ്ഞു നിന്ന കാലം ഇന്ത്യന്‍ ജുഡീഷ്യല്‍ ചരിത്രത്തില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം ഗവര്‍ണര്‍മാരായി നിയമിക്കപ്പെടുന്നു. ചീഫ് ജഡ്ജുമാര്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നു. ബാബരി മസ്ജിദ് പോലെയുള്ള അത്യന്തം നിര്‍ണായകമായ വിധികൾക്ക് ശേഷമാണ്, ചീഫ് ജഡ്ജ് ആയിരുന്ന രഞ്ജന്‍ ഗെഗോയ് മോദി സര്‍ക്കാരിന്റെ ടിക്കറ്റില്‍ രാജ്യ സഭയിലേക്ക് എഴുന്നള്ളുന്നത്. യാതൊരു മനഃപ്രയാസവുമില്ലാത്ത മുന്‍ നീതിപാലകന്റെ നടപടിയില്‍ മദ്രാസ് ഹൈകോടതിയിലെ ജഡ്ജായിരുന്ന കെ ചന്ദ്രു നടുക്കം രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ അഴിമതിയില്ലേ എന്ന ചോദ്യത്തിന് “എനിക്കത് നിഷേധിക്കാനാവില്ല’ എന്നായിരുന്നു രഞ്ജന്‍ ഗെഗോയിയുടെ മറുപടി. നമ്മുടെ നീതിന്യായ വ്യവസ്ഥ അഴിമതി രഹിതമെല്ലെന്നു പരോക്ഷമായി സമ്മതിക്കുകയായിരുന്നു അദ്ദേഹമെന്ന് കെ ചന്ദ്രു കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും ആശയപ്രചാരണത്തിനുള്ള സ്വാതന്ത്ര്യവും ഭരണഘടന നമുക്ക് നല്‍കുന്നുണ്ട്. ജഡ്ജിമാര്‍ പോലും വിമര്‍ശനത്തിനതീതരല്ല എന്നിരിക്കെ കോടതീയലക്ഷ്യം എന്ന പടവാളുയര്‍ത്തി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഫാഷിസ്റ്റ് രീതിയാണ് കോടതികള്‍ പോലും കൈകൊള്ളുന്നത്. പ്രശാന്ത് ഭൂഷന് ഒടുക്കേണ്ടി വന്ന ഒരു രൂപക്ക് അത്തരത്തില്‍ അടിയറവിന്റെ ഭാഷയുണ്ടായിരുന്നു. പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി ജഡ്ജിയെ “ശുംഭന്‍’ എന്ന് വിശേഷിച്ച അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് ഒരു മാസം ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. ഈ നടപടിയെ കടുത്ത ഭാഷയിലാണ് കെ ചന്ദ്രു എതിര്‍ത്തത്. എത്രയോ കാലങ്ങളായി നമ്മുടെ നാട്ടില്‍ നടന്നുവരുന്ന ഏർപ്പാടായ പ്രകടനങ്ങളും പൊതുയോഗങ്ങളും എങ്ങനെ നിയമംമൂലം നിരോധിക്കാന്‍ കഴിയും? അങ്ങനെ ഒരു നിരോധനം ഏര്‍പ്പെടുത്തുന്ന ജഡ്ജിയെ മറ്റെന്താണ് വിളിക്കേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
കൊളോണിയല്‍ കാലഘട്ടത്തിലെ മര്‍ദിത നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇന്നും ഭരണകൂടങ്ങള്‍ തങ്ങളുടെ പ്രതികാരദാഹം തീര്‍ക്കുന്നത്. 153, 153 A , 295, 295 A, 298, 499, 500, 505, 124 A തുടങ്ങിയ വകുപ്പുകളാണ് ആവിഷ്‌കാര സ്വാതന്ത്രത്തിന് വിലങ്ങിടാന്‍ ഉപയോഗപ്പെടുത്തുന്നത്. ഈ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ശിക്ഷാനിയമം എഴുതിയുണ്ടാക്കിയത് തോമസ് ബാബിഗ്ടന്‍ മെക്കാളെ എന്ന ഇംഗ്ലീഷുകാരനായിരുന്നു എന്നതാണ് വിചിത്രമായ വസ്തുത. സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി നിര്‍മിച്ച ഇത്തരം നിയമങ്ങള്‍ ഇന്നും അനുസ്യൂതം വിഹരിച്ചുകൊണ്ടിരിക്കുകയാണ്. 124 A വകുപ്പ് മരവിപ്പിക്കാന്‍ ദശാബ്ദങ്ങള്‍ നീണ്ട ആലോചനകള്‍ നമ്മുടെ കോടതികള്‍ക്ക് നടത്തേണ്ടിവന്നു. ആയിരക്കണക്കിന് കുറ്റാരോപിതരുടെ ജീവിതം തകര്‍ത്ത്, രാജ്യദ്രോഹികളാക്കിയതിന് ശേഷമാണ് സുപ്രീം കോടതി ഈ നിയമം മരവിപ്പിക്കുന്നത്. വൈകിയെങ്കിലും, ഇത്തരം തിരുത്തലുകള്‍ ആശാവഹമാണ്. 124 A നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യങ് ഇന്ത്യയില്‍ 1929ല്‍ ഗാന്ധി പ്രബുദ്ധമായ ഒരു ലേഖനമെഴുതി. ഇതേ വകുപ്പ് ഉപയോഗിച്ചായിരുന്നു ഗാന്ധിയെ ജയിലിലടച്ചതും വിചാരണ ചെയ്തതും. 1947ല്‍ രാജ്യം സ്വതന്ത്രമായതിനു ശേഷവും കൊളോണിയല്‍ ഗവണ്‍മെന്റ് നിര്‍മിച്ച മര്‍ദിത നിയമങ്ങള്‍ റദ്ദാക്കുന്നതിന് പകരം, അവയെ ബലപ്പെടുത്തുകയാണുണ്ടായത്. എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തുന്ന നിയമങ്ങളെ ഗവണ്‍മെന്റുകള്‍ ഇഷ്ടപ്പെടുന്നത് സ്വാഭാവികം മാത്രമാണെന്ന് രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നുണ്ട്. 295 A വകുപ്പ് പ്രകാരം മതവികാരത്തെ വ്രണപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയാകാം. പക്ഷേ, ഇത് പലപ്പോഴും ഏകപക്ഷീയമായാണ് നടപ്പാക്കാറുള്ളത്. രാജ്യത്ത് മുസ്‌ലിം ഉന്മൂലനം ലക്ഷ്യം വച്ചുള്ള കലാപങ്ങളും പ്രസംഗങ്ങളും തുടരുമ്പോഴും ഇത്തരം നിയമങ്ങള്‍ യഥാവിധി നടപ്പിലാക്കപ്പെടുന്നില്ല. മറിച്ച് പലപ്പോഴും ഇരകള്‍ക്ക് എതിരെയാണ് കെട്ടിച്ചമക്കലുകൾ നടക്കാറുള്ളത്. ചിരിച്ച് കൊണ്ട് വിദ്വേഷം പറഞ്ഞാല്‍ ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയില്ല എന്ന വിചിത്രമായ വാദമാണ് ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി കലാപത്തിലെ സംഘ്പരിവാര്‍ നേതാക്കളുടെ ഇടപെടലിനെക്കുറിച്ച് പറഞ്ഞത്. മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യണം എന്ന് ആക്രോശിച്ചതിനെപ്പോലും ഡല്‍ഹി പോലീസിന് കേവലം മതതാരതമ്യമായാണത്രെ തോന്നിയത്. എന്തു തരം വികാരമാണ് ഇവരെ ഭരിച്ചുകൊണ്ടിരിക്കുന്നത്? ഇത്തരം ചിന്താഗതിക്കാര്‍ ഭരണം കൈയാളുന്ന ഭരണകൂട നിര്‍വഹണത്തില്‍ നീതിക്ക് സ്ഥാനമുണ്ടോ എന്നതാണ് ഉയര്‍ന്നു വരുന്ന ആശങ്ക.
ഇന്ത്യ ഇന്ന് രാഷ്ട്രീയത്തടവുകാരുടെ തുറന്ന ജയിലാണ്. കുറ്റാരോപിതരായവരെ വിചാരണ പോലും നടത്താതെ വര്‍ഷങ്ങളോളം തടവറയില്‍ പാര്‍പ്പിക്കുന്ന ജനാധിപത്യ മുറകളില്ലാത്ത അപൂര്‍വം ചില രാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന സമ്പ്രദായങ്ങളാണ് നമ്മുടെ നാടിലും ഇന്ന് നടമാടുന്നത്. 1947ല്‍ എകെ ഗോപാലനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഭരണകൂടത്തിന് കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലായിരുന്നു. മലബാര്‍ അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നതുകൊണ്ട് മദ്രാസ് സെന്‍ട്രല്‍ ജയിലിലാണ് എകെജിക്ക് കഴിയേണ്ടിവന്നത്. അദ്ദേഹത്തെ വിചാരണ ചെയ്യുകയോ കുറ്റപത്രം നല്‍കുകയോ ചെയ്യാതെ കരുതല്‍ തടങ്കല്‍ അനുസ്യൂതം നീട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. ജയിലില്‍വച്ച് ഭരണഘടന മുഴുവനും വായിച്ചു തീര്‍ത്ത എകെജി ഭരണഘടന നല്‍കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും 19, 21 അനുഛേദങ്ങളില്‍ പറയുന്ന പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും തനിക്ക് ബാധകമല്ലേ എന്ന് ചോദിക്കുന്നുണ്ട്. ഒടുവില്‍ 20 വര്‍ഷം കഴിഞ്ഞ് 1970ലാണ് സുപ്രിംകോടതി ഈ നടപടിയെ തള്ളിപ്പറഞ്ഞത്. അബ്ദുനാസര്‍ മഅ്ദനിയും കാലങ്ങളായി, ചെയ്ത കുറ്റം എന്തെന്ന് പോലുമറിയാതെ ജീവിതം അഴിക്കുള്ളില്‍ തള്ളിനീക്കുകയാണ്. ഇന്ത്യയുടെ ഗ്വാണ്ടനാമോ എന്നുപോലും വിശേഷിപ്പിക്കാവുന്ന രീതിയിലാണ് തിഹാര്‍ ജയിലില്‍ മര്‍ദനങ്ങള്‍ അരങ്ങേറുന്നത്. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥക്കനുസരിച്ച് നിര്‍മിത കുറ്റവാളിയെ കുറ്റം സമ്മതിപ്പിക്കാന്‍ ഏതറ്റംവരെയും പോകാന്‍ നമ്മുടെ പോലിസ് സംവിധാനത്തിനുള്ള ശേഷി വേറെത്തന്നെയാണല്ലോ.
ഭരണകൂടം നിര്‍ണയിക്കുന്ന കുറ്റങ്ങളിൽ സമ്മതം മൂളുന്ന കോടതികള്‍ക്ക് എങ്ങനെ സാധാരണക്കാരന്റെ മേച്ചില്‍പുറങ്ങളാകാന്‍ കഴിയും. സഹ പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാഷ്ട്രം, ഗവണ്‍മെന്റ് കുറ്റം ചെയ്യുമ്പോള്‍ അതില്‍ ലജ്ജ അനുഭവപ്പെടാത്ത ഒരാള്‍ക്ക് ഒരു യഥാര്‍ഥ ദേശീയവാദിയാകാന്‍ സാധ്യമല്ല എന്ന് ബെനഡിക് അന്‍ഡേഴ്‌സന്‍ പറഞ്ഞുവെക്കുന്നുണ്ട്. സമകാലിക ഇന്ത്യയില്‍ ദേശിയവാദിയാര് എന്നതിന്റെ ചൂടേറിയ ചിന്തകള്‍ക്ക് മുന്നിട്ടാല്‍ കോടതികള്‍ പോലും വിരുദ്ധ പക്ഷത്തായിരിക്കും നിലകൊള്ളുക. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ രാഷ്ട്രീയ വ്യവസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളും സന്ദേഹങ്ങളും പങ്കുവെച്ചുകൊണ്ട് നെഹ്‌റുവും ജയപ്രകാശ് നാരായണനും നീണ്ട കത്തിടപാടുകള്‍ നടത്തുന്നുണ്ട്. അതില്‍ ജയപ്രകാശ് നാരായണന്‍ ഇങ്ങനെ കുത്തികുറിക്കുന്നുണ്ട്. “ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതി പരാജയപ്പെട്ടു എന്നുള്ള കാര്യം നിസ്തര്‍ക്കമാണ്. അതുകൊണ്ട് രാജ്യത്തിലെ നേതാക്കന്മാരെല്ലാം ഒത്തുകൂടി ഇപ്പോഴത്തെ വ്യവസ്ഥിതിക്ക് പകരമായി മറ്റൊരു സംവിധാനം കണ്ടുപിടിക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അങ്ങനെയൊരു ബദല്‍ ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടി ഒരു ബദല്‍ സംവിധാനം നാം അന്വേഷിച്ച് കണ്ടെത്തണം. ഇക്കാര്യത്തിലാണ് താങ്കളുടെ നേതൃത്വം ഏറ്റവും ആവശ്യമായിരിക്കുന്നത്. കാരണം താങ്കള്‍ ഇല്ലാതെ അത് സാധ്യമാവുകയില്ല.’
ജനാധിപത്യ വ്യവസ്ഥയും നീതിന്യായവും കെടുകാര്യസ്ഥതയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ തന്നെ നാരായണന്‍ ഇത്തരമൊരു ആശങ്ക മുന്നോട്ട് വെച്ചതാണ്. പക്ഷേ ഇന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ അനാസ്ഥയില്‍ തൂങ്ങിക്കിടക്കുകയാണ് നമ്മുടെ സമ്പ്രദായം. മേനി പറച്ചിലിനപ്പുറത്ത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന ഊറ്റം കൊള്ളലിന് ഇനിയും നാമേറെ മാറേണ്ടതുണ്ട് ■

Share this article

About സിറാജുദ്ദീന്‍ റസാഖ്

sirajudheenrazak41@gmail.com

View all posts by സിറാജുദ്ദീന്‍ റസാഖ് →

Leave a Reply

Your email address will not be published. Required fields are marked *