ഔലിയ ചെലെബി: ഒട്ടോമന്‍ ലോകസഞ്ചാരി

Reading Time: 3 minutes

ചരിത്രത്തിലെ ഏറ്റവും മികച്ച യാത്രാ എഴുത്തുകാരില്‍ ഒരാളാണ് ഔലിയ ചെലെബി. ഓട്ടോമന്‍ സാമ്രാജ്യം മുഴുക്കെയും അയല്‍ രാജ്യങ്ങളിലും സഞ്ചരിച്ച വ്യക്തി. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തെ ഒരിക്കലും അന്തര്‍ദേശീയമായി ആഘോഷിക്കപ്പെട്ടിട്ടില്ല. പതിനേഴാം നൂറ്റാണ്ടിലെ തുര്‍ക്കി എഴുത്തുകാരനും സഞ്ചാരിയുമായ ചെലെബിയെ മിക്ക ആളുകള്‍ക്കും അറിയാമെങ്കിലും, സാഹിത്യ ചരിത്രത്തിലെ ഏറ്റവും മഹത്തായതും പ്രധാനപ്പെട്ടതുമായ യാത്രാ പുസ്തകങ്ങളില്‍ ഒന്നായ അദ്ദേഹത്തിന്റെ “സിയാഹത് നാമെ’ എന്ന സഞ്ചാര കൃതിയെ വിലമതിക്കുന്നവര്‍ ചുരുക്കമാണ്.
തുര്‍ക്കിഷ് സാഹിത്യത്തിലെ മാസ്റ്റര്‍പീസ് പുസ്തകമായി ഇതിനെ പരിഗണിക്കപ്പെടുന്നു. 45 രാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്രത്തിന്റെ ചരിത്രം, സംസ്‌കാരം, വാസ്തുവിദ്യ എന്നിവ ഈ അതുല്യ സൃഷ്ടിയില്‍ നിന്ന് പഠിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തരായ സഞ്ചാരികളായ ഇറ്റാലിയന്‍ മാര്‍ക്കോ പോളോയുടെയും മൊറോക്കന്‍ ഇബ്‌നു ബത്തൂത്തയുടെയും യാത്രാ പുസ്തകങ്ങള്‍ പോലും ചെലെബിയുടെ കൃതിയോളം പ്രാധാന്യമര്‍ഹിക്കുന്നില്ലത്രെ.
1611ല്‍ ഇസ്താംബൂളിലെ ഉങ്കപാനിയിലാണ് ചെലെബി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഡെര്‍വിഷ് മെഹമ്മദ് സില്ലി ഓട്ടോമന്‍ കൊട്ടാരത്തിലെ രത്‌നവ്യാപാരിയായിരുന്നു. ഇസ്‌ലാമിലെ മഹത്വുക്കളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന അറബി പദമായ ഔലിയ, അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെ സൂചിപ്പിക്കാന്‍ നല്‍കിയ പദവിയാണ്. ഒരു കഥയിലൂടെ, ഔലിയ ചെലെബി എങ്ങനെയാണ് ലോകം ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങിയതെന്ന് വിവരിക്കാം.
ചെലെബി ഇടക്കിടെ തന്റെ കുടുംബ വീടിനോട് ചേര്‍ന്നുള്ള അഹി സെലെബി പള്ളിയില്‍ പോകാറുണ്ടായിരുന്നു. ഒരു രാത്രി അദ്ദേഹം പള്ളിയിലിരിക്കുമ്പോള്‍ ഒരു സ്വപ്‌നം കണ്ടു. സ്വപ്‌നത്തില്‍ പ്രവാചകര്‍ മുഹമ്മദ് നബിയെ കണ്ടുമുട്ടിയത് ശുഭസൂചനയായി വ്യാഖ്യാനിക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ യാത്രക്ക് പ്രധാന ഹേതുവായത്.
ചെലെബി സ്വപ്‌നത്തെ ഇങ്ങനെ വിവരിക്കുന്നു: “ഞാന്‍ ജന്മസ്ഥലമായ ഇസ്താംബൂളിലെ എന്റെ വീടിന്റെ മൂലയില്‍ കണ്ണീരോടെ ഇരിക്കുകയാണ്. ഒരു ആഗ്രഹ പൂര്‍ത്തീകരണത്തിനായി കാത്ത് ഉറക്കത്തിലേക്ക് വീണു. ഹി. 1040 (ആഗസ്റ്റ് 10, 1630) മുഹർറം മാസത്തിലെ ആശൂറാ രാത്രിയാണ് ഈ സംഭവം. യെമിസ് ലാന്‍ഡിംഗിന് സമീപമുള്ള അഹി ചെലെബി പള്ളിയില്‍ ഞാന്‍ എന്നെ തന്നെ കണ്ടു. നിയമാനുസൃതമായി സമ്പാദിച്ച പണം കൊണ്ട് നിര്‍മിച്ചതാണ് അഹി ചെലെബി പള്ളി. പ്രാര്‍ഥിച്ചാല്‍ സ്വീകരിക്കുമെന്ന് കരുതുന്ന ഒരു പുരാതന പള്ളി. ആയുധമേന്തിയ പട്ടാളക്കാര്‍ അവിടെ ഉണ്ടായിരുന്നു. വാതില്‍ തുറക്കപ്പെട്ടു, വെളിച്ചം നിറഞ്ഞ പള്ളിയില്‍ പ്രഭാത നിസ്‌ക്കാരത്തിനായി ജനക്കൂട്ടം തിങ്ങിനിറഞ്ഞിരിക്കുന്നു. പ്രസംഗപീഠത്തിന്റെ ചുവട്ടില്‍ അനങ്ങാതെ നിന്നുകൊണ്ട് ഞാന്‍ സഭയെയും അവരുടെ പ്രകാശം പരത്തുന്ന മുഖങ്ങളെയും അമ്പരപ്പോടെ നോക്കി.
“ഇത് കൊള്ളാം’ ഞാന്‍ എന്റെ അരികിലുള്ള വ്യക്തിക്ക് നേരെ തിരിഞ്ഞു പറഞ്ഞു. “ദയവായി നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ പേര് എന്താണെന്നും എന്നോട് പറയൂ?’ “ഞാന്‍ വാഗ്ദത്തം നല്‍കപ്പെട്ട പത്ത് സ്വര്‍ഗ അവകാശികളിൽ ഒരാളാണ്, വില്ലാളികളുടെ രക്ഷാധികാരി സഅദ് ഇബ്‌നു അബീ വഖാസ്,’ എന്ന് അദ്ദേഹം മറുപടി നല്‍കി. ഞാന്‍ അദ്ദേഹത്തിന്റെ കൈയില്‍ ചുംബിച്ചുകൊണ്ട് ചോദിച്ചു, “ആരാണ് മനോഹരമായി സഭയെ വെളിച്ചത്തില്‍ പൊതിഞ്ഞത്?’ സഅദ് (റ) പറഞ്ഞു: “പ്രവാചകന്മാരുടെ ആത്മാവാണവര്‍.’ അവരുടെ പിന്നിലെ നിരയില്‍ മഹത്തുക്കളുടെ ആത്മാക്കളുണ്ട്. സ്വഹാബികള്‍, അസ്വ ്ഹാബു സ്വുഫ, കര്‍ബലയിലെ രക്തസാക്ഷികള്‍ എന്നിവരെല്ലാം അവിടെയുണ്ട്. നിസ്‌കാരത്തില്‍ വലതുവശത്തുള്ളവര്‍ അബൂബക്കറും ഉമറും(റ), ഇടതുവശത്തുള്ളവര്‍ ഉസ്മാനും അലിയു(റ)മാണ്. ഉവൈസുല്‍ ഖര്‍നിയും അവരുടെ കൂടെ തന്നെയുണ്ട്. മസ്ജിദിന്റെ ഇടതുവശത്തെ ഭിത്തിയിലെ കറുത്ത നിറമുള്ള മനുഷ്യന്‍ എത്യോപ്യന്‍ വംശജനായ ബിലാല്‍(റ)വാണ്. അംറ് അയ്യാര്‍ അസ്സാമിരി എന്ന ഉയരം കുറഞ്ഞ മനുഷ്യന്‍ ആ മൂലയില്‍ നില്‍ക്കുന്നു. രക്തം കൊണ്ട് ചുവന്ന നിറമുള്ള വസ്ത്രങ്ങളുള്ള ഈ പടയാളികളും ഹംസ (റ)വും രക്തസാക്ഷികളുടെ എല്ലാ ആത്മാക്കളും അതാ അവിടെയാണ്. അങ്ങനെ മുഴുവന്‍ സദസിനെയും ഓരോന്നായി എനിക്ക് അദ്ദേഹം ചൂണ്ടിക്കാണിച്ചു തന്നു. “ഞാന്‍ മജ്‌ലിസില്‍ പങ്കെടുത്ത എല്ലാവരുടെയും കൈകളില്‍ ചുംബിക്കുകയും ഓരോരുത്തരുടെയും അനുഗ്രഹം വാങ്ങുകയും ചെയ്തു.’
ചെലെബി തന്റെ സ്വപ്‌നത്തെ ഇബ്‌റാഹീം എഫന്‍ദിക്ക് മുമ്പില്‍ അവതരിപ്പിച്ചു. സ്വപ്‌നവ്യാഖ്യാതാവായ ഇബ്രാഹിം എഫന്‍ദി ഇത് കേട്ട് ചെലെബി ലോക സഞ്ചാരി ആകുമെന്നും യാത്ര അദ്ദേഹത്തിന് വിധിക്കപ്പെട്ട ഒന്നാണെന്നും പറഞ്ഞു.
ഇസ്താംബൂളില്‍ ചുറ്റി സഞ്ചരിച്ച ശേഷം, 1640ല്‍ ഇസ്താംബൂളിന് പുറത്ത് ബര്‍സയിലേക്ക് അദ്ദേഹം തന്റെ ആദ്യ യാത്ര നടത്തി. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ വിവിധ ഭൂപ്രദേശങ്ങളില്‍ സഞ്ചരിച്ച് രേഖപ്പെടുത്തുമായിരുന്നു. 17-ാം നൂറ്റാണ്ടിലെ ഓട്ടോമന്‍ ഭൂമിയാകെ അലഞ്ഞു. അനാത്തോളിയ, ക്രിമിയ, കോക്കസസ്, ഡാഗെസ്താന്‍, അസര്‍ബൈജാന്‍, ഇറാഖ്, സിറിയ, ഫലസ്തീന്‍, അറേബ്യ, ഈജിപ്ത്, ഗ്രീസ്, അല്‍ബേനിയ, ബോസ്‌നിയ-ഹെര്‍സഗോവിന, മാസിഡോണിയ, ബള്‍ഗേറിയ, ഹംഗറി, റൊമാനിയ, മോള്‍ഡോവ എന്നീ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. റഷ്യന്‍ രാജ്യങ്ങളും ഇറാന്‍, ചെക്കോസ്ലോവാക്യ, സ്ലൊവാക്യ, സ്ലൊവേനിയ, പോളണ്ട്, ജര്‍മനി, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഇറ്റലിയുടെ ചില ഭാഗങ്ങളും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ എല്ലാ അയല്‍രാജ്യങ്ങളും അദ്ദേഹം കാണാന്‍ ചെന്നു. നല്ല സംസാരശേഷിയും നര്‍മബോധമുള്ളവനുമായിരുന്നു ചെലെബി.
“ഔലിയയുടെ ആത്മാവിന് വേണ്ടി ഫാതിഹ ചൊല്ലുക’ എന്ന് താന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലൊക്കെ രേഖപ്പെടുത്തുമായിരുന്നു. 1684 വരെ അദ്ദേഹം ജീവിച്ചിരുന്നു എന്ന് രേഖകളില്‍ നിന്ന് മനസിലാക്കാവുന്നതാണ്. എപ്പോള്‍, എവിടെയാണ് മരിച്ചത് എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.
ഔലിയ ചെലെബിയുടെ 10 വാല്യങ്ങളുള്ള യാത്രാ പുസ്തകവും ഒരു ഓര്‍മക്കുറിപ്പും ഓട്ടോമന്‍ ഭരണത്തിന് കീഴിലായിരുന്ന രാജ്യങ്ങള്‍ക്കും അവരുടെ അയല്‍ക്കാര്‍ക്കും വലിയ മുതല്‍കൂട്ടാണ്. ഈജിപ്ത് മുതല്‍ വിയന്ന വരെയുള്ള പല സ്ഥലങ്ങളും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
നഗരങ്ങള്‍, കോട്ടകള്‍, അയല്‍ദേശങ്ങള്‍, വീടുകള്‍, മസ്ജിദുകള്‍, ഭരണകൂട കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ദര്‍വീഷ് സത്രങ്ങള്‍, ജലധാരകള്‍, യാത്രാ സത്രങ്ങള്‍, കടകള്‍, ചന്തകള്‍, കവികള്‍, വസ്ത്രങ്ങള്‍, പ്രാദേശിക ഭാഷകള്‍, ഋതുക്കള്‍, മാതൃകാപരമായ ഘടനകള്‍, ബാത്ത്ഹൗസുകള്‍, പള്ളികള്‍, ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സൂപ്പ്-അടുക്കളകള്‍, മുന്തിരിത്തോട്ടങ്ങള്‍, പൂന്തോട്ടങ്ങള്‍, പര്‍വതങ്ങള്‍, പുല്‍മേടുകള്‍, സമതലങ്ങള്‍, നദികള്‍ തുടങ്ങി താന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളെ കുറിച്ചെല്ലാം അദ്ദേഹം എഴുതുന്നു.
1841ല്‍, ചെലെബിയുടെ രചനകൾ ഉള്‍ക്കൊള്ളിച്ച് ഒരു കൃതി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഈ ലക്കം “മുന്തെഹാബത്തെ എവ്‌ലിയ ചെലെബി’ എന്നറിയപ്പെട്ടു. ആദ്യ വാല്യത്തില്‍ നിന്ന് ഇസ്താംബൂളിനെ സംബന്ധിച്ചാണ് എഴുതിയിട്ടുള്ളത്. ആദ്യ ലക്കം പ്രസിദ്ധീകരിച്ചപ്പോള്‍ അതിന് വലിയ രീതിയില്‍ പ്രചാരണം ലഭിച്ചു. 1896 മുതല്‍, നജീബ് അസിം ബേയുടെയും അഹമ്മദ് സെവ്ദത് ബേയുടെയും ശ്രമങ്ങളാല്‍ പുസ്തകത്തിന്റെ മുഴുവന്‍ വാല്യങ്ങളും പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. 1938ല്‍ സമാഹാരം പൂര്‍ത്തിയായി. പ്രസിദ്ധീകരിച്ച പതിപ്പില്‍, ചെലെബിയുടെ ഭാഷ മാറ്റി, പല പ്രയോഗങ്ങളും തെറ്റായി വായിക്കപ്പെടുന്ന രൂപത്തിലാണ് ചില ഭാഗങ്ങളുള്ളത്.
ഇപ്രകാരം പ്രസിദ്ധീകരിച്ച “ബുക്ക് ഓഫ് ട്രാവല്‍സി’ന് വര്‍ഷങ്ങളോളം വായനാ പിശകുകളും കുറവുകളും ഉണ്ടായിരുന്നു. 1996ല്‍ യുസെല്‍ ഡാലിയുടെയും സെയ്ത് അലി കഹ്‌റാമന്റെയും ശ്രമഫലമായി പുസ്തകത്തിന്റെ പുതിയ പതിപ്പ് തയാറാക്കപ്പെട്ടു. അവസാന വാള്യം 2007 അവസാനത്തിലാണ് പ്രസിദ്ധീകരിച്ചത്. പിന്നീട്, ഒരു ലളിതമായ പതിപ്പ് പ്രസിദ്ധീകരിച്ചു ■

Share this article

About സ്വാദിഖ് ചുഴലി

swadiquechuzhali@gmail.com

View all posts by സ്വാദിഖ് ചുഴലി →

Leave a Reply

Your email address will not be published. Required fields are marked *