ലഹരിയില്‍ ചതിക്കപ്പെട്ട യുവത

Reading Time: 3 minutes

ജൂണ്‍ 26, ലോക ലഹരി വിരുദ്ധ ദിനം. 1987 മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ലോകമെങ്ങും ബോധവത്കരണവും പ്രതിഷേധവും വര്‍ധിച്ചു വരുന്നു. പക്ഷേ ലഹരി വസ്തുക്കളുടെ ഉത്പാദനവും ഉപഭോഗവും കുറയുന്നില്ല എന്നതാണ് സത്യം. മയക്കു മരുന്നുകളുടെ ഉപയോഗം ശരീരത്തെയും മനസിനെയും ജീവിതത്തേയും ബാധിക്കുന്നു. ഉന്മേഷത്തിനായി കഴിക്കുന്ന ഇവ ശരീരത്തിന്റെ പ്രവര്‍ത്തനം തളര്‍ത്തുകയും ആവേശം കെടുത്തുക്കയും ചെയ്യുന്നു.
യുവജനങ്ങളാണ് പലപ്പോഴും ലഹരിയുടെ കെണിയില്‍ വീഴുന്നത്. ജീവിതവഴി തെറ്റിക്കുന്ന ഈ വസ്തുക്കളെ സംബന്ധിച്ച് അവര്‍ക്ക് വേണ്ടത്ര അറിവില്ലെന്നതാണ് കാരണം. കേവലം വിനോദത്തിന് വേണ്ടി ആരംഭിക്കുന്ന പല ശീലങ്ങളും പിന്നീട് ഒഴിവാക്കാനാവാത്ത അടിമത്തമായി മാറാറുണ്ട്. പിന്‍മാറാന്‍ സാധിക്കാതെ ലഹരിയുടെ അഗാധ ഗര്‍ത്തത്തിലേക്കാണ് അവര്‍ വീണുപോകുന്നത്. ലഹരി വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും അതിലുപരി സമൂഹത്തെ തന്നെയും ബാധിക്കുമ്പോഴാണ് പലപ്പോഴും ഗൗരവമായ ചിന്തകള്‍ ഉടലെടുക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെ പ്രചാരണം നടത്തുക മാത്രമല്ല, ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം കൂടി ഓരോരുത്തരും എടുക്കണം. കൂട്ടായ പ്രയത്‌നവും ഇതിന് ആവശ്യമാണ്.
സര്‍ക്കാര്‍ ലഹരി പദാര്‍ഥങ്ങളുടെ വില്‍പന നിയന്ത്രിക്കുകയും സ്‌കൂള്‍ പരിസരങ്ങളില്‍ പൂര്‍ണമായി നിരോധിക്കുകയും ചെയ്‌തെങ്കിലും ഇന്നും പരസ്യമായി തന്നെ അവ ലഭ്യമാണ്. സമൂഹത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന പാന്മസാലയില്‍ തുടങ്ങി വിദേശമദ്യത്തിലും കഞ്ചാവിലും മയക്കു മരുന്നുകളിലും എത്തുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതികരിക്കാനും പ്രചാരണം നടത്താനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാധ്യതയുണ്ട്. ലഹരിക്ക് പിന്നാലെ പോകുന്നവരെ വിശേഷിച്ചും യുവാക്കളെ മാറ്റിയെടുക്കാനായാല്‍ മാത്രമേ സമൂഹത്തെ രക്ഷിക്കാനാകൂ. നമുക്കറിയാവുന്ന ആരെങ്കലും ഏതെങ്കിലും തരത്തിലുള്ള ലഹരി പദാര്‍ഥം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്നും പിന്മാറ്റാനുള്ള ശ്രമം ഓരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാവണം.
യുവതലമുറ ആരോഗ്യത്തിന്റെയും യൗവനത്തിന്റെയും വില മനസിലാക്കുന്നത് അത് നഷ്ടപ്പെടുമ്പോഴാണ്. ആധുനിക യുഗത്തിലെ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രസ്താവന എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നു. ആദര്‍ശ ശുദ്ധിയും ഊര്‍ജസ്വലതയും ആവേശവും സ്‌നേഹിക്കാനും സൗഹൃദം വളര്‍ത്താനുമുള്ള പ്രവണതയും കൈമുതലായുളള യുവതലമുറയെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുന്നു. കര്‍മശേഷിയുള്ള കരുത്തുറ്റ യുവത്വത്തെ കാര്‍ന്ന് തിന്നുന്ന ഈ മാരക ബാധകള്‍ക്ക് എന്തുകൊണ്ടാണ് ഇന്നത്തെ തലമുറ അടിമപ്പെടുന്നത്? മോചനം ആവശ്യമാണ്.

യൗവനത്തിന്റെ ഗുണം
തങ്ങളാരെന്നറിയാനുള്ളആന്തരികാന്വേഷണം, ലോകത്തില്‍ തങ്ങളുടെ സ്ഥാനം എന്തെന്ന് ഉറപ്പിക്കാനുള്ള ബാഹ്യമായ അന്വേഷണം എന്നിവയുടെ സമ്മേളനമാണ് യൗവനം. വിചാരങ്ങളെക്കാള്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കുന്ന കാലം. കടമകള്‍, ഉത്തരവാദിത്വങ്ങള്‍, സുഹൃത്ത് ബന്ധങ്ങള്‍ എന്നിവ നേടിയെടുക്കുവാനുളള വ്യഗ്രത എല്ലാ യുവജനങ്ങളിലും കാണാന്‍ കഴിയും.
യുവതലമുറയെ ബാധിക്കുന്ന മാരക ബാധകളും അവ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങളും നോക്കാം. ആധുനിക കാലത്തെ യുവജനങ്ങളെ നാശത്തിലേക്ക് നയിക്കുന്ന പല കാര്യങ്ങളുണ്ട്. മയക്കുമരുന്ന്, കഞ്ചാവ്, കറുപ്പ്, ഹെറോയിന്‍, എല്‍എസ്ഡി, കൊക്കെയിന്‍, ആംഫറ്റമീന്‍, മെസ്തലിന്‍, ചരസ് തുടങ്ങിവ. ബീഡിയിലോ സിഗരറ്റിലോ വച്ച് പുകയിലൂടെ സേവിക്കുന്നവയാണ് കഞ്ചാവും ഹെറോയിനും. എല്‍എസ്ഡി ഗുളിക രൂപത്തില്‍ ഉപയോഗിക്കുന്നു. കൊക്കെയിന്‍, പെഥഡിന്‍ ആദിയായവ ഞരമ്പില്‍ കുത്തിവെക്കുന്നു. മയക്കുദ്രവ്യമുള്ള സിഗരറ്റ് ഉപയോഗിച്ചാണ് പലരും ഈ ദുരന്തപാതയിലേക്ക് കടക്കുന്നത്. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നു. ഒരിക്കല്‍ മയക്കു ദ്രവ്യത്തിന്റെ പിടിയലമര്‍ന്നവര്‍ക്ക് ഒരു വലിയ പ്രശ്‌നമുണ്ട്. അതു തുടരെ തുടരെ സേവിച്ചില്ലെങ്കില്‍ സഹിക്കാനാവാത്ത തളര്‍ച്ചയും വേദനയും ഉളവാകും. ദേഹമാസകലം വിറക്കും. ഓര്‍മക്കുറവ്, വിഷാദം, ആശങ്ക, മാനസിക തകര്‍ച്ച എന്നിവയുണ്ടാകും. കാന്‍സര്‍, ഹൃദയസ്തംഭനം, സിറോസിസ് തുടങ്ങിയ രോഗങ്ങളുണ്ടാകും.

മദ്യപാനം
മദിപ്പിക്കുന്നതാണ് മദ്യം. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവയുടെ സംയുക്തമാണത്. മദ്യപാന ആസക്തി യുവജനങ്ങളുടെ ഇടയില്‍ അതിന്റെ പരകോടിയില്‍ എത്തിയിരിക്കുന്ന ഘട്ടമാണിത്. എങ്ങനെ മദ്യപാനിയാകുന്നു! വഹിക്കാന്‍ കഴിയാത്ത ദുഃഖങ്ങള്‍ വരുമ്പോള്‍ ചിലര്‍ മദ്യത്തില്‍ അഭയം തേടുന്നു. മദ്യത്തിന്റെ ലഹരിയില്‍ മയങ്ങി തെളിയുമ്പോള്‍, മുമ്പുണ്ടായിരുന്നതിലും അധികം ദുഃഖത്തിലമരുന്നു. വീണ്ടും കുടിക്കുന്നു. കുടിച്ച് കുടിച്ച് നിത്യകുടിയന്മാരായി തീരുന്നു. തമാശക്കുവേണ്ടി കുടിക്കുന്നവര്‍ ഒരു കൂട്ടം. കൂട്ടുകാരൊത്ത് കൂടുമ്പോള്‍ കുടിക്കുന്നവര്‍ ഒരു കൂട്ടം. പല തരം കുടിയന്മാരുണ്ട്. മദ്യപാനത്തിന് ദോഷവശങ്ങള്‍ മാത്രമേ ചൂണ്ടികാണിക്കാന്‍ കഴിയൂ. പണനാശം, മാനനഷ്ടം, ആരോഗ്യം, ക്ഷയം ഇവയാണതിന്റെ ഫലം. മദ്യപാനികള്‍ അതിവേഗം രോഗത്തിനടിമയായി തീരുന്നു. അവരില്‍ മരുന്നുകള്‍ പ്രവര്‍ത്തിക്കാതെ വരുന്നു. ഹൃദ്രോഗം, കരള്‍ വീക്കം, വിറയല്‍, കാന്‍സര്‍ മുതലായ രോഗങ്ങള്‍ ഉണ്ടാകുന്നു. രക്താണുക്കളെ ഇല്ലാതാക്കി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുത്തുന്നു. മദ്യപാനി മാനസികമായി അധഃപതിച്ച് സമൂഹത്തില്‍ വിലകുറഞ്ഞ മനുഷ്യനായിത്തീരുന്നു.
മയങ്ങുന്ന ലോകം
ആരോഗ്യത്തിന് ഹാനികരമെന്ന് അറിഞ്ഞിട്ടും പുകവലിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്നു. ഉത്തേജനത്തിനും ഉണര്‍വിനും ഉന്മേഷത്തിനും സുഖാനുഭൂതിക്കും പറ്റിയ ഒരു ഉപാധിയായി മനുഷ്യര്‍ ഇന്ന് പുകവലിയെ കാണുന്നു. കാന്‍സര്‍, അള്‍സര്‍, ഹൃദ്രോഗം, ക്ഷയം, ആസ്മ തുടങ്ങിയ രോഗങ്ങള്‍ പുകവലി, മൂലമുണ്ടാകുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ഹൃദയമിടിപ്പ് ക്രമത്തിലല്ലാതാക്കി താളം തെറ്റിക്കും. രക്ത സമ്മര്‍ദം കൂട്ടും. ദഹനം തടസപ്പെടുത്തും. മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകള്‍ പത്രവാര്‍ത്തകളിലൂടെ ദിനവും നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട് ഞെട്ടുകയും ചിലപ്പോള്‍ ഷാപ്പുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്യുന്നു. എന്നാല്‍ മയക്കുമരുന്ന് ദുരന്തങ്ങളുടെ മരണസംഖ്യയുടെ കണക്കെടുക്കാനാവുന്നേയില്ല. ഇതിനുമൊക്കെ എത്രയോ അപ്പുറത്താണ് മയക്കുമരുന്ന് മൂലം പൊലിയുന്ന ജീവിതങ്ങളുടെ അംഗസംഖ്യ. അവരുടെ പ്രായമോ മുപ്പത് വയസില്‍ താഴെയുമാണ്. പുകവലി ശീലം കുറഞ്ഞുവരുമ്പോള്‍ തന്നെ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കുകള്‍. മദ്യപിക്കുമ്പോള്‍ വാസനയുണ്ടാകുമെന്ന് ഭയക്കുന്നവര്‍ക്കും മയക്കുമരുന്ന് അഭയമായി മാറുന്നുണ്ട്. നേരത്തെ അന്‍പത് വയസിനുമുകളിലുള്ളവരായിരുന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സക്കെത്തിയിരുന്നതെങ്കില്‍ ഇന്നവരുടെ പ്രായം പതിനാല് മുതലാണ്. പതിനാലാം വയസില്‍ ഒരാള്‍ ലഹരിക്കടിമയായി മാറണമെങ്കില്‍ അവന്‍ ഏതുകാലത്തു തുടങ്ങിയിട്ടുണ്ടാകണം ഈ ശീലം? അഞ്ചില്‍ ഒരാള്‍ മദ്യം കഴിക്കുന്നു. പത്തില്‍ മൂന്നുപേര്‍ പഴവര്‍ഗങ്ങളുടെ രുചിയുള്ള മദ്യം ഉപയോഗിക്കുന്നു. 32 ശതമാനം പേര്‍ അസ്വസ്ഥതയില്‍ നിന്ന് മുക്തിനേടാനായി മദ്യത്തില്‍ അഭയം തേടുമ്പോള്‍ 46 ശതമാനം ലക്ഷ്യംവക്കുന്നത് അടിച്ച് പൂസാകുക എന്നതാണ്. ബോറഡിമാറ്റാനാണ് 15 ശതമാനം മദ്യപിക്കുന്നത്. 45 ശതമാനം കുട്ടികളും പ്ലസ്ടുതലത്തിലെത്തുമ്പോള്‍ തന്നെ മാസത്തില്‍ അഞ്ചോ ആറോ തവണ മദ്യപിക്കുന്നു. മെട്രോ നഗരങ്ങളിലെ കുട്ടികള്‍ പ്രതിവര്‍ഷം 3500നും 4500നും ഇടയില്‍ രൂപ മദ്യപിക്കാനായി ചെലവഴിക്കുന്നു. 40 ശതമാനം പെണ്‍കുട്ടികള്‍ക്കും 15നും 17നും ഇടയിലുള്ള പ്രായത്തില്‍ ആദ്യത്തെ മദ്യപാനാനുഭവമുണ്ടാകുന്നു.
പ്രണയദിനം, ജന്മദിനം, സെന്റോഫ് മറ്റു ആഘോഷവേളകളിലൂടെയാണ് 70 ശതമാനമാളുകളും അരങ്ങേറ്റം കുറിക്കുന്നത്. ഇതിലും ഭീകരമാണ് മയക്കുമരുന്നിന്റെ ഉപയോഗം. അതില്‍ തന്നെ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ കൗമാരക്കാര്‍ ഒരുക്കമാകുന്നു. ലഹരിയുടെ മായികലോകത്തേക്കുള്ള വാതായനങ്ങള്‍ അവര്‍ക്കുമുമ്പില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയുമാണ്.
സംസ്ഥാനത്തെ സ്‌കൂള്‍ കോളജുകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം. വില്‍ക്കാനും വാങ്ങാനും ഹോള്‍സെയിലായി കൊണ്ടുവരുന്നതിനും വിദ്യാര്‍ഥികള്‍. ചരട് വലിക്കാന്‍ മാത്രം റാക്കറ്റുകള്‍. വിപണനത്തിന് ഹൈടെക് സംവിധാനങ്ങളുമായി ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും അതിന്റെ ഭീകരാവസ്ഥ നമ്മള്‍ എത്രകണ്ട് മനസിലാക്കിയിട്ടുണ്ട്?
45 ശതമാനം കുട്ടികളും അവരുടെ ഒഴിവുവേളകള്‍ എങ്ങനെ ചെലവഴിക്കുന്നുവെന്ന് രക്ഷിതാക്കള്‍ അറിയുന്നേയില്ല. വിനോദയാത്രക്കും മറ്റും പോകുന്നതിനിടയില്‍ പുഴയിലും കടലിലും കുളിക്കാനിറങ്ങുന്ന കുട്ടികള്‍ അപകടത്തില്‍പെട്ട് മരിക്കുന്ന വാര്‍ത്ത പത്രങ്ങളില്‍ നിറയുന്നു. പക്ഷേ മരണത്തിനിരയാകുന്നവരില്‍ മിക്കവരും മദ്യലഹരിയിലാണ് മരണപ്പെട്ടതെന്ന കാര്യം മൂടിവെക്കപ്പെടുകയാണ് ചെയ്യുക.
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വര്‍ധിച്ചു വരുമ്പോഴും ജനങ്ങള്‍ക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാതികമായി വളരുവെന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യേ ലഹരിയൊരുക്കുന്ന അപകടച്ചുഴികളില്‍ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വര്‍ധനവാകും വരുംകാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടര്‍ന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങള്‍ക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്‌നം ഇതിന് അനിവാര്യമാണ് ■

Share this article

About യു കെ എര്‍മാളം

unaisermalam313@gmail.com

View all posts by യു കെ എര്‍മാളം →

Leave a Reply

Your email address will not be published. Required fields are marked *