ചില്ലയിലൂടെ വേരിലെത്തിയ മഴത്തുള്ളി

Reading Time: 3 minutes

ബീവി സുലൈഖ! പ്രണയത്തില്‍ ജനിച്ച്, ജീവിച്ച്, പ്രണയത്തില്‍ തന്നെ മണ്‍മറഞ്ഞവള്‍. ജീവിത നിമിഷങ്ങളത്രയും പ്രണയത്തിനായി പകുത്തവള്‍. ഉലകില്‍ സുമുഖനായ യൂസുഫിനെ പോലൊരു സ്‌നേഹപാത്രവും സുലൈഖയെ പോലൊരു അനുരാഗിയുമില്ല. പേര്‍ഷ്യന്‍ കവി, സുലൈഖയെ വാഴ് ത്തിപ്പറഞ്ഞതാണിത്. അതിനു കാരണവുമുണ്ട്, അവളുടെ സ്‌നേഹം അദമ്യമായിരുന്നു, യഥാര്‍ഥമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ആവിഷ്‌കരിച്ച ഏകപ്രണയ കഥയിലെ നായിക കൂടിയായിരുന്നല്ലോ സുലൈഖ. മരച്ചില്ലയിലൂടെ വേരിലെത്തിയ മഴത്തുള്ളിയെപോലെ അവള്‍ യൂസുഫിലൂടെ അല്ലാഹുവിലേക്കെത്തി. പ്രണയവും വിരഹവും അനുഭവിച്ചറിഞ്ഞ ഒരു ആധ്യാത്മിക സഞ്ചാരമായിരുന്നു അത്. ഉപരിലോകത്തേക്കുള്ള പ്രയാണം. നിത്യവസന്തമായ പ്രണയമായിരുന്നു അവരുടെ പാഥേയം.
സുലൈഖയെ തേടി വന്നതായിരുന്നു പ്രണയം. രാജപുത്രിയായി യമനിലെ കൊട്ടാരത്തില്‍ കഴിയുന്ന ബാല്യകാലം. പ്രണയവും അനുരാഗവും എന്തെന്നറിയാത്ത സമയം. ഒരു രാക്കിനാവിലാണവള്‍ ആ പുരുഷ തേജസിനെ കണ്ട് മതി മയങ്ങുന്നത്. പ്രേമാസക്തിയുടേതല്ലാത്ത കാലത്താണിത്. ഉറക്കമുണര്‍ന്ന പാടെ അവള്‍ ആ പുരുഷനെ തേടി നടന്നു. അടുത്ത മുറികളില്‍ പരതി. തോഴിമാരോട് ചോദിച്ചു. ആ പുരുഷന്റെ വദനശോഭ അവളുടെ മനം കവര്‍ന്നു കഴിഞ്ഞിരുന്നു. യൂസുഫ്-സുലൈഖ പ്രണയത്തിന്റെ പ്രാരംഭം ഇതായിരുന്നു. യൂസുഫിനെ (അ) പ്രണയിക്കാന്‍ സ്വപ്‌നമാണ് സുലൈഖക്ക് നിമിത്തമായത്. നല്ല സ്വപ്‌നങ്ങള്‍ ദൈവത്തില്‍ നിന്നുള്ളതെന്നാണല്ലോ തിരുമൊഴി. സുലൈഖ ബാല്യത്തിലേ സ്വപ്‌നത്തിലൂടെ ദൈവികമായി പരിപാലിക്കപ്പെടുകയായിരുന്നു. സ്വപ്‌ന സല്ലാപത്തിലൂടെ അവള്‍ അഗാധമായ പ്രണയത്തിലലിയുന്നു. ഈ സമയത്ത് കന്‍ആനില്‍ യൂസുഫ് (അ) ശൈശവം പിന്നിടുന്നേയുള്ളൂ. സുലൈഖ യമനിലെ ഒരു കൊച്ചു ബാലികയും. സ്ഥല കാലാതിരുകളെയെല്ലാം അപ്രസക്തമാക്കി അവളുടെ പ്രണയം തളിര്‍ക്കാന്‍ തുടങ്ങി. അവള്‍ സ്വപ്‌നത്തിലെ പ്രേമഭാജനത്തെ കാണിച്ചു കൊടുക്കണമെന്ന ശാഠ്യത്തിലായി. മകളുടെ ഈ മാനസിക വിഭ്രാന്തി കണ്ടു രാജാവ് “ബാധ’യാണെന്നു കരുതി ചികിത്സ നടത്തി. രണ്ടാം വര്‍ഷവും ആ സുമുഖനായ പുരുഷന്‍ അവളുടെ കിനാവിലെത്തി. അവളോട് സംസാരിച്ചു: “നീ എന്റേതാണ്, ഞാന്‍ നിന്റേതും.’ കനവിലെ വാക്കുകള്‍ ആ പ്രണയത്തിനു ആരുറപ്പ് നല്‍കി. അവള്‍ ആ സുമുഖനില്‍ അനുരക്തയാവാന്‍ തുടങ്ങി. മൂന്നാം വര്‍ഷവും യുവ തേജസ്വി അവളുടെ കനവിലെത്തി. ആരാണയാള്‍? എന്നറിയാന്‍ ആശിച്ചിരിക്കെയാണ് “ഞാന്‍ ഈജിപ്തിന്റെ ഭരണാധിപന്‍, നിന്നെ ഞാന്‍ വിവാഹം ചെയ്യും’ എന്നു വെളിപ്പെടുത്തിയത്. കനവിലെ തോഴനെ വേള്‍ക്കാന്‍ അവള്‍ ഏറെ കൊതിച്ചു. അയാളെ കണ്ടെത്താനുള്ള വഴികള്‍ കൂടി തുറക്കപ്പെട്ടതോടെ അവള്‍ക്ക് കൊതിയേറി. ഈജിപ്തിന്റെ അധിപനെ അന്വേഷിച്ചു കണ്ടെത്തി. അവളുമായി വിവാഹം നടത്തി. എന്നാല്‍ അവളുടെ സ്വപ്‌നത്തിലെ പ്രേമഭാജനമല്ല തന്നെ വിവാഹം ചെയ്തത് എന്നു മനസിലാക്കിയതോടെ ഒരുമിച്ചാണ് കഴിയുന്നതെങ്കിലും അയാളെ അടുപ്പിച്ചില്ല. കനവിലെ മാരനു വേണ്ടിത്തന്നെ അവള്‍ കാത്തിരുന്നു. സ്വപ്‌ന സാഫല്യത്തില്‍ വിശ്വാസമര്‍പ്പിച്ച് പ്രണയത്തില്‍ തന്നെ കഴിഞ്ഞു.
ഈജിപ്തിലെത്തിയിട്ടും സ്വപ്‌ന തേജസിനെ മറന്നേയില്ല. ഋതുക്കള്‍ മാറി മാറിവന്നെങ്കിലും അവളുടെ പ്രണയം നിത്യ വസന്തം പോലെ എന്നും വിടര്‍ന്നിരുന്നു. അവളുടെ മനസില്‍ പ്രാണനാഥന്റെ ഓര്‍മകള്‍ കുളിരു നിറച്ചു. അവള്‍ ചിന്താഗ്രസ്ഥയായി.
അവിചാരിതമായി വിപണിയില്‍ വില്പനക്ക് വച്ച അതിസുന്ദരനായ ബാലനെ കുറിച്ച് അവള്‍ കേട്ടറിഞ്ഞു. തന്റെ സ്വപ്‌ന പുരുഷനാണെങ്കിലോ അത്? ഒരു നിമിഷം അവള്‍ സ്‌നേഹിതന്റെ മുഖകമലം മനക്കണ്ണാടിയിലൂടെ നോക്കി മന്ദസ്മിതം തൂകി. അവളുടെ ആവശ്യമനുസരിച്ച് ഭര്‍ത്താവ് അസീസ് (രാജാവ്) അവളെയും കൂട്ടി ആ അടിമയെ വാങ്ങാന്‍ പോയി. പ്രണയാതുരയായ അവള്‍ ആ ബാലനില്‍ തന്റെ പ്രാണേതാവിനെ തിരഞ്ഞു. മനക്കണ്ണാടിയിലെ ചിത്രത്തോടൊത്തു നോക്കി. അവള്‍ തിരിച്ചറിഞ്ഞു. അതെ, ഇതാണ് കനവിലെ കൂട്ടുകാരന്‍. ഊരും പേരുമറിയുന്നു. “യഅ്കൂബിന്റെ പുത്രന്‍ യൂസുഫ്. ഫലസ്തീന്‍ ദേശം. ഒരു കൊട്ടാരത്തില്‍ അവരിരുവരും കഴിയുന്നു. അവളുടെ സ്വപ്‌നവും മുമ്പിലുള്ള യഥാര്‍ഥ്യവും അവളെ അതിശയിപ്പിച്ചുകൊണ്ടേയിരുന്നു. കുട്ടിക്കാലത്തെ സ്വപ്‌ന വൃത്താന്തം യൂസുഫിനെ പറഞ്ഞു കേള്‍പ്പിച്ചു. എന്നിട്ട് ചോദിച്ചു: “അന്ന് കണ്ടത് നിന്നെ തന്നെയാണോ? എന്ന് ഞാന്‍ വളരെ ശങ്കിക്കുന്നു. പറയൂ.. നിന്നെ തന്നെയാണോ ഞാന്‍ കണ്ടത്?’ എനിക്കറിയാം ആ സ്വപ്‌നമെന്ന് യൂസുഫ് പറഞ്ഞു. പിന്നീടൊരിക്കല്‍ “ഞാന്‍ നിന്റേതാണ് നീ എന്റേതാണ്’ എന്ന് ഒരു സ്വപ്‌നത്തില്‍ പറഞ്ഞതിനെയും യൂസുഫ് ഓര്‍ത്തെടുത്തു. പ്രണയാതുരയായ സുലൈഖയുടെ സ്‌നേഹവായ്പ്പുകള്‍ യൂസുഫിനെ വീര്‍പ്പു മുട്ടിച്ചു. തന്റെ യജമാനനെയും ദൈവത്തെയും വഞ്ചിക്കുവാന്‍ യൂസുഫ് ഒരിക്കലും തയാറായിരുന്നുമില്ല. സുലൈഖയുടെ ആഗ്രഹങ്ങള്‍ക്ക് വശംവദനാകാതെ നിലകൊണ്ടു. സുലൈഖ പൂവണിയാത്ത മോഹങ്ങളുമായി കഴിച്ചു കൂട്ടി. ഇരുവര്‍ക്കിടയിലും പിശാചിന്റെ കെണിവലകള്‍ മൂടിപ്പൊതിയാന്‍ ശ്രമിച്ചപ്പോഴും സുലൈഖ വിരിപ്പിലേക്ക് നിര്‍ബന്ധിച്ചപ്പോഴും പിടിച്ചുവെച്ചപ്പോഴുമെല്ലാം യൂസുഫ് സുലൈഖയെ കൂടി രക്ഷപ്പെടുത്തി. പ്രണയത്തിന്റെ പ്രഭവമായ ദൈവത്തിലേക്കു മഹായാനം നടത്തേണ്ടവള്‍ പാതി വഴിയില്‍ വീഴരുതല്ലോ. അനുരാഗവായ്പിലും പ്രാണ നാഥനായ യൂസുഫ് അവള്‍ക്ക് വഴികാട്ടിയായി. അല്ലാഹുവില്‍ നിന്നും വെളിപാടേറ്റുവാങ്ങി പ്രവാചകനാകേണ്ട ചരിത്ര പുരുഷനല്ലേ ഇത്. അല്ലാഹു തന്നെ അവര്‍ക്ക് വേണ്ടിയൊരുക്കിയ സുരക്ഷാ കവചമാണല്ലോ പാപസുരക്ഷിതത്വമെന്നത്. പിന്നെ ആ കവചം ഭേദിച്ച് ഒരിക്കലും ഈ കെണിയില്‍ വീഴില്ല. അത് തീര്‍ച്ചയാണ്. സുലൈഖക്ക് യൂസുഫ് വഴികാട്ടിയായപ്പോഴും സുലൈഖ നിസഹായയായിരുന്നു. സുലൈഖ അത് തെളിയിക്കാനായി നാട്ടിലെ നാരിമാര്‍ക്ക് വിരുന്നൊരുക്കി. നാരിമാര്‍ യൂസുഫിന്റെ സൗന്ദര്യ ലഹരിയില്‍ മയങ്ങി. യൂസുഫിനെ നിത്യം കാണുന്ന സുലൈഖയുടെ ക്ഷമയെ അവര്‍ വാഴ് ത്തി. സ്ത്രീകളുടെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ യുസുഫ് ജയില്‍ വാസത്തെ ഇഷ്ടപ്പെട്ടു. അവസാനം കുറ്റക്കാരനല്ലാതിരുന്നിട്ടും യുസുഫിനെ രാജാവ് ജയിലിലടച്ചു. യൂസുഫിനെ നിര്‍ബന്ധിച്ച സുലൈഖയായിരുന്നു യഥാര്‍ഥ പ്രതി. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. സുലൈഖയുടെ ഭര്‍ത്താവ് അസീസ് രാജാവ് മരണപ്പെട്ടു. സുലൈഖ നാട്ടിലെ സ്ത്രീകളുടെ ആക്ഷേപം ഇല്ലാത്ത വിധം പരിശുദ്ധയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യം വരുത്തി. അകമേ യൂസുഫിനോടുള്ള പ്രണയവും വിരഹ വേദനയും ഉള്ളിലൊതുക്കി കഴിഞ്ഞു. സുലൈഖക്ക് സമാധാനം വരുന്നില്ല. യൂസുഫിനെ ജയിലിലയച്ചത് ജനങ്ങളുടെ ആക്ഷേപത്തില്‍ നിന്നും മോചിതയാകാന്‍ വേണ്ടിയായിരുന്നു. എന്നാലും യൂസുഫിനോട് സ്‌നേഹം മാത്രമായിരുന്നു. അവള്‍ എപ്പോഴും യുസുഫിന്റെ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. യൂസുഫ് കുറ്റക്കാരനല്ല. ഞാനാണ് യൂസുഫിനെ പ്രണയിച്ചതെന്നു സുലൈഖ ഏറ്റുപറഞ്ഞതോടെ യൂസുഫ് ജയില്‍ വിമുക്തനായി.
ജയിലില്‍ കഴിയവേ യൂസുഫ് നടത്തിയ സ്വപ്‌ന വ്യാഖ്യാനത്തിലൂടെ പുതിയ രാജാവിന്റെയും നാട്ടുകാരുടെയും സമ്മിതി നേടിക്കഴിഞ്ഞിരുന്നു. വരാന്‍ പോകുന്ന ക്ഷാമകാലത്തെ നേരിടാനായി യൂസഫിനെ ഭരണമേല്‍പിച്ചു. സുലൈഖയുടെ സ്വപ്‌നതോഴന്‍ ഈജിപ്തിന്റെ അധിപനായി. സ്വപ്‌നം പുലരാന്‍ അടുത്തിരിക്കുന്നു. സുലൈഖയെ സ്വന്തം ഭര്‍ത്താവായി വന്നയാളില്‍ നിന്ന് മനസ് മാറ്റിയെടുത്തിരുന്നല്ലോ. വികാര വിചാരങ്ങളുടെ നിമിഷങ്ങളില്‍ പോലും യൂസുഫിലൂടെ സുലൈഖയെ അല്ലാഹു കാത്തുവച്ചു.സുലൈഖയെ കാത്തുവച്ചത് യൂസുഫിനു വേണ്ടി തന്നെയായിരുന്നു.
യുസുഫ് രാഷ്ട്ര സേവനത്തില്‍ മുഴുകി. സുലൈഖ യൂസുഫ്, യൂസുഫ് എന്ന ചിന്തയില്‍ കഴിഞ്ഞു കൂടി. വിരഹ വേദനയിലമര്‍ന്നിരിക്കുന്ന സുലൈഖ യൂസുഫിനെ ഒന്ന് കാണുവാന്‍ സാധിച്ചെങ്കില്‍ എന്ന് ഒത്തിരിയാശിച്ചു. ഹൃദയം തുറന്നു പ്രാര്‍ഥിച്ചു. പ്രാര്‍ഥന സ്വീകരിക്കപ്പെട്ടു. എഴുന്നള്ളത്തില്‍ രാജാവായ യൂസുഫിനെ കണ്ടുമുട്ടി. സുലൈഖ പ്രണയ പരിവേദനങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി. “യൂസുഫേ, പഴയ കാലത്ത് രാജ കൊട്ടാരത്തില്‍ നിനക്ക് പരിചരണം നല്‍കിയ സുലൈഖയാണ് ഞാന്‍. നിന്നെ ഒരു നോക്ക് കാണണമെന്നാഗ്രഹമുണ്ട്. പക്ഷേ, മനസിന്റെ വേദന കാരണം എന്റെ കണ്ണുകള്‍ക്ക് ആന്ധ്യം ബാധിച്ചിരിക്കുന്നു. എന്റെ സൗന്ദര്യം നഷ്ടമായി. ഇത് രണ്ടും തിരിച്ചുകിട്ടുവാനായി നീ പ്രാര്‍ഥിച്ചാലും.’
ദൈവദൂതനായ യൂസുഫ് പ്രാര്‍ഥിച്ചു. അല്ലാഹു സുലൈഖയുടെ കാഴ്ചയും സൗന്ദര്യവും തിരികെ നല്‍കി. യൂസുഫിനെ കണ്‍കുളിര്‍ക്കേ കണ്ടു. അവള്‍ മഹിയിലെ സൗന്ദര്യ റാണിയായി. സംതൃപ്തയായി. അല്ലാഹുവിനു കീഴ്‌വണങ്ങി.സുലൈഖയുടെ പ്രണയത്തെ യൂസുഫ് സ്വീകരിച്ചു. കാലം കാത്തുവച്ച അസുലഭ മുഹൂര്‍ത്തിനു ലോകം സാക്ഷിയായി. യൂസുഫും സുലൈഖയും വിവാഹിതരായി.
യൂസുഫ് നബിയുടെ സ്‌നേഹം അവരില്‍ ലയിച്ചു ചേര്‍ന്നു. പക്ഷേ പ്രണയത്തിന്റെ രാജകുമാരി, സുലൈഖയിലെ യൂസുഫിനോടുള്ള അതിയായ അനുരാഗം കൂടുമാറിയിരുന്നു. പ്രണയത്തിന്റെ വേരായ അല്ലാഹുവിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ഏകാകിയായി ആരാധനകളില്‍ മുഴുകിയ ജീവിതമായി മാറി സുലൈഖയുടേത്. അല്ലാഹുവിലേക്ക് ജീവിതത്തെ മുഴുവന്‍ അവള്‍ സമര്‍പ്പിച്ചു. പകലില്‍ വിരുപ്പിലേക്ക് പ്രിയതമനായ യൂസുഫ് വിളിക്കവേ അവരത് രാത്രിയിലേക്ക് നീട്ടിവെക്കും. രാത്രിയില്‍ വിളിച്ചാല്‍ പകലിലേക്കും. യൂസുഫിനോട് സുലൈഖ പറഞ്ഞതിങ്ങനെയായിരുന്നു: “യൂസുഫേ, ഞാന്‍ നിന്നെ പ്രേമിച്ചതെല്ലാം അല്ലാഹുവിനെക്കുറിച്ച് അറിയും മുമ്പായിരുന്നു. അവനെ അറിഞ്ഞപ്പോള്‍ പിന്നെ അവനോടുള്ള അനുരാഗമല്ലാതൊന്നുമെന്നിലില്ല. “യൂസുഫ് പ്രവാചകന്‍ സുലൈഖയോടയുണര്‍ത്തി : “നിന്നോടൊപ്പം ശയിക്കാന്‍ അല്ലാഹു കല്പിച്ചതാണ്.നിന്നിലൂടെയാണ് രണ്ടു ആണ്‍കുട്ടികള്‍ പിറവിയെടുക്കുകയെന്നും അവരിരുവരും പ്രവാചകന്മാരായിരിക്കുമെന്നും അറിയിച്ചിരിക്കുന്നു.’
സന്തോഷാതിരേകത്താല്‍ അവര്‍ പറഞ്ഞു. “അല്ലാഹു നിന്നോടങ്ങനെ കല്പിച്ചുവെങ്കില്‍, എന്നെ അതിനുള്ളമാധ്യമമാക്കിയെങ്കില്‍ അല്ലാഹുവിന്റെ കല്പനയെ ഞാന്‍ അനുസരിക്കുന്നു.’
നോക്കൂ…
ബീവി സുലൈഖയുടെ പ്രണയത്തിനു രണ്ടു കാലങ്ങളുണ്ട്. ഒന്ന്, യൂസുഫിലേക്കുള്ള പ്രണയ സഞ്ചാരമായിരുന്നു. രണ്ട്, യൂസുഫ് പ്രവാചകനില്‍ നിന്നും അല്ലാഹുവിലേക്കുള്ള സ്‌നേഹസഞ്ചാരം. സ്വപ്‌നത്തിലൂടെ സഫലമായ അനശ്വര പ്രേമമാണ് സുലൈഖയുടേത്. ഒരിക്കലും പിരിയാത്ത പ്രണയം, ഇഷ്‌കേ ഇലാഹി. പ്രണയത്തിലൂടെ നടത്തിയ ദൈവത്തിലേക്കുള്ള ആത്മായനം. പ്രണയമാണ് ദൈവത്തിലേക്കുള്ള ഒരു വഴി. കവി പറഞ്ഞുവല്ലോ: നമ്മുടെയെല്ലാം ഉള്ളില്‍ സുന്ദരനായ ഒരു യൂസുഫുണ്ട്. ആ യൂസുഫിനെ പ്രണയിക്കാം. യൂസുഫിലൂടെ ദൈവത്തിലെത്തിയ സുലൈഖയാകാം നമുക്ക്. ചില്ലയിലൂടെ വേരിലൊക്കൊഴുകിയ മഴത്തുള്ളിയാകാം ■

Share this article

About മുഹമ്മദ് സിനാന്‍

muktharrazy786@gmail.com

View all posts by മുഹമ്മദ് സിനാന്‍ →

Leave a Reply

Your email address will not be published. Required fields are marked *