‘ഐ സൊ ദി യേര്‍ത്ത്’

Reading Time: 2 minutes

“ഞാന്‍ ഭൂമി കണ്ടു, എന്തൊരു മനോഹര കാഴ്ച. I saw the earth what a beautiful sight.’ ഈ ആശ്ചര്യം പ്രകടിപ്പിച്ചത് ലോകത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിനാണ്. ബഹിരാകാശത്ത് നിന്ന് ഭൂമിയെ നോക്കിക്കണ്ട ഗഗാറിന്‍ അദ്ഭുതപ്പെട്ടുപോയതിന്റെ ആഴം ആ വരികളില്‍ നിന്ന് തന്നെ വായിച്ചെടുക്കാനാകും.
പ്രകൃതിയെ ഉപയോഗിക്കാതെ മനുഷ്യന് ജീവിക്കാനാവില്ല. പതിനാറാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തോടെ മുതലാളിത്ത ഉത്പാദന പ്രക്രിയക്ക് കരുത്തേറുകയുണ്ടായി, ലാഭക്കൊതി അഥവാ പണമുണ്ടാക്കുക എന്ന ജീവിത ലക്ഷ്യത്തിലേക്ക് മനുഷ്യന്‍ എത്തിയപ്പോള്‍ ഭൂമിയെ അനിയന്ത്രിതമായി ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു. 1972ല്‍ യുഎന്നിന്റെ ആദ്യ അന്താരാഷ്ട്ര പരിസ്ഥിതി സ്റ്റോക്ക് ഹോമില്‍ അവതരിപ്പിച്ച സുപ്രധാന രേഖ “ഒരേ ഒരു ഭൂമി’ എന്ന പേരിലായിരുന്നു. ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധനായ ബാര്‍ബറ വാര്‍ഡ്, അമേരിക്കന്‍ മൈക്രോ ബയോളജിസ്റ്റായ റെനേ റൂബോസ് എന്നിവര്‍ തയാറാക്കി അവതരിപ്പിച്ച പ്രസ്തുത രേഖ പ്രഖ്യാപിച്ചത് “ഈ ഭൂമി പോയ തലമുറകളില്‍ നിന്ന് നമുക്ക് പൈതൃകമായി കിട്ടിയ സ്വത്തല്ല, ഭാവി തലമുറകളില്‍ നിന്ന് നാം കടം വാങ്ങിയതാണ്’ എന്നായിരുന്നു. ഈ ചിന്താഗതിക്ക് വലിയ സ്വീകാര്യത ലഭിച്ചെങ്കിലും ശേഷവും തല്‍സ്ഥിതി തുടരുകയായിരുന്നു.

നാം, നമ്മുടെ പ്രകൃതി
ഭൗമ ദിനം, പരിസ്ഥിതി ദിനം, ലോക വന സംരക്ഷണ ദിനം തുടങ്ങിയ ദിനങ്ങള്‍ ആചരിക്കാറുണ്ട്. പരിസ്ഥിതിയെയും മനുഷ്യരെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം അടിവരയിടാനാണ് ഈ ഓര്‍മകളും ആചാരങ്ങളും. പക്ഷേ ഇത് കൂടുതലും ഫലപ്രദമാകുന്നില്ല എന്നതാണ് സത്യം. പ്രകൃതിയിലേക്കുള്ള അനധികൃത കടന്നുകയറ്റം ഭൂമിയുടെയും ജീവിതത്തിന്റെയും ഗുണങ്ങള്‍ കുറക്കുന്നു. നമ്മുടെ ക്ഷേമത്തിന് പ്രകൃതി വിഭവങ്ങള്‍ വേണം. നമ്മുടെ നിലനില്‍പ്പിന് അവയെ സംരക്ഷിക്കണം. മനുഷ്യന്‍ പ്രകൃതിയുമായി അങ്ങേയറ്റം ഒട്ടിനിന്നാണ് കഴിഞ്ഞിരുന്നത്. കാരണം ആ ബന്ധത്തെ ആശ്രയിച്ചായിരുന്നു അവരുടെ നിലനില്‍പ്പ്. ഇന്ന് മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അങ്ങേയറ്റം അകന്ന് പോയിരിക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ അത് മനുഷ്യരാശിക്ക് ദുരന്ത കാഴ്ചയായി മാറും. അടിയന്തിരമായി പരിഹാര മാര്‍ഗങ്ങള്‍ കാണേണ്ടതുണ്ട്.
നമുക്കെന്ത് ചെയ്യാനാകും? സാങ്കേതിക വിദ്യയും വിരല്‍ തുമ്പിലുള്ള വിജ്ഞാനവും ഇക്കാര്യത്തില്‍ നമ്മെ സഹായിച്ചിട്ടില്ല. അന്താരാഷ്ട്ര ഉടമ്പടികളും സങ്കീർണമായ ഭരണ സംവിധാനങ്ങളും അനുകൂല വിധിയെഴുത്ത് നടത്തിയിട്ടില്ല. ലോകത്തെ പല വേദികളിലും നടത്തുന്ന പ്രതിജ്ഞകളും മറ്റു പ്രവര്‍ത്തനങ്ങളും ഉദ്ദേശിച്ച ഫലം കണ്ടില്ല. എന്നാല്‍ നാം കാണാതെ പോയ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ലോലമായ ബന്ധത്തെ മനസിലാക്കേണ്ടതുണ്ട്. നമുക്കിനിയും പ്രകൃതിയെയും പ്രകൃതി വിഭങ്ങളെയും വെറും ഭോഗവസ്തുക്കളായി കാണാനാവില്ല. നമ്മുടെ സമീപനം മാറ്റേണ്ടിയിരിക്കുന്നു.

പരിസ്ഥിതിയെ നശിപ്പിക്കുകയാണ്
എല്ലാവര്‍ക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിലുണ്ട്, അത്യാഗ്രഹത്തിനൊട്ടില്ലതാനും. പരിസ്ഥിതിയുമായുള്ള സന്തുലന സമ്പര്‍ക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല, സമൂഹത്തിന്റെ ആകെ കടമയായാണ് ഗണിക്കപ്പെടേണ്ടത്. ഓരോ ഭൗമ ദിനവും പരിസ്ഥിതി ദിനവും വന ദിനവും ഓരോരുത്തര്‍ക്കുമുള്ള ബോധവത്കരണമാകുന്നത് ഇത് കൊണ്ടുതന്നെയാണ്. ഇപ്രകാരം മാറിച്ചിന്തിച്ചിട്ടില്ലെങ്കില്‍ ഫലം മറ്റൊന്നായിരിക്കും.
ഒഎന്‍വിയുടെ പ്രസിദ്ധമായ “ഭൂമിക്കൊരു ചരമഗീതം’ എന്ന കവിതയിലെ, “ഇനിയും മരിക്കാത്ത ഭൂമി/നിന്നാസന്നമൃതിയില്‍/നിനക്കാത്മശാന്തി’ എന്ന വരികള്‍ എക്കാലത്തും പ്രസക്തമാണ്. ഇന്നത്തെ നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ മൂലം നഷ്ടപ്പെടുന്ന പച്ചപ്പും ഇല്ലാതായികൊണ്ടിരിക്കുന്ന ജൈവ വ്യവസ്ഥയും ഓര്‍ക്കാനുള്ള ഒരു ദിനമായി ഭൗമദിനം (ഏപ്രില്‍ 22 ) മാറണം. മണ്ണുമാന്തിയന്ത്രങ്ങള്‍ മലമുകളില്‍ കയറിയിരിക്കുന്നത് പതിവുകാഴ്ചയായി മാറിയിക്കുന്നു.
ലോകമെമ്പാടും കുടിവെള്ളത്തിനായി കേഴുകയാണിന്ന്. ജല സ്രോതസുകളായ തണ്ണീര്‍ തടങ്ങളുടെ നാശം തന്നെയാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് നമ്മെ എത്തിച്ചത്. ജല സംരക്ഷണത്തിനുള്ള പ്രകൃതി സംവിധാനങ്ങള്‍ ഓരോന്നായി ഇല്ലായ്മ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അവകള്‍ പുനഃസ്ഥാപിക്കപ്പെടില്ലെന്ന കാര്യം ഗൗരവതരമാണ്.

വന സംരക്ഷണം
1950ല്‍ കേന്ദ്ര മന്ത്രിയായിരുന്ന കെ എം മുന്‍ഷിയാണ് ഇന്ത്യയില്‍ വനമഹോത്സവത്തിന് തുടക്കമിട്ടത്. ഇന്ത്യയെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതില്‍ വനങ്ങള്‍ക്കുള്ള പ്രാധാന്യം അദ്ദേഹം മുന്‍കൂട്ടി കണ്ടറിഞ്ഞിരുന്നു. നമ്മുടെ രാജ്യത്തെ എല്ലാ കുട്ടികളും ആഘോഷപൂര്‍വം മരങ്ങള്‍ നടുന്നതും ഭാരതം വീണ്ടും പച്ചയണിയുന്നതും അദ്ദേഹം സ്വപ്നം കണ്ടിരിക്കണം.
ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയാകുന്ന തരത്തിലാണ് ഇന്ന് നടക്കുന്ന വനനശീകരണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കും തുടങ്ങി സകലതിനും പ്രകൃതിയെ ആശ്രയിക്കുന്ന അവസ്ഥയാണിന്ന്. ഇത്തരം ആവശ്യങ്ങള്‍ക്ക് നമ്മുടെ പറമ്പുകളിലും വഴിയോരങ്ങളിലും നാം തന്നെ മരങ്ങള്‍ നട്ടുപിടിപ്പിച്ചാലേ ഇനിയുള്ള വനങ്ങളെങ്കിലും നമുക്ക് സംരക്ഷിക്കാനാവൂ. അന്ത്യനാളായാലും കൈയിലുള്ള തൈ നടണമെന്ന പ്രവാചക സന്ദേശം ഓര്‍ക്കുന്നത് നന്നായിരിക്കും.
“കൊറോണ വൈറസിലൂടെയും കാലാവസ്ഥ പ്രതിസന്ധികളിലൂടെയും പ്രകൃതി നമ്മള്‍ക്ക് ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന്’ യു എന്‍ മേധാവി പറയുന്നുണ്ട്. ലോക്ഡൗണ്‍ കാലം ജനങ്ങള്‍ കാര്‍ഷിക വൃത്തികളിലേക്ക് മടങ്ങുന്നത് സന്തോഷത്തിന് വക നല്‍കിയിരുന്നു. തരിശു ഭൂമിയില്‍ കൃഷിചെയ്യുന്നതിനെ ഭരണകൂടങ്ങളും പ്രോത്സാഹിപ്പിച്ചു. ഇത്തരത്തില്‍ പ്രകൃതിയിലേക്ക് മനുഷ്യര്‍ മടങ്ങുന്ന ചിത്രങ്ങളാണ് നാം കണ്ടുകൊണ്ടിരുന്നത്. യമുനാ നദി തെളിഞ്ഞ് പഴയ നീലിമയിലേക്ക് തിരിച്ചുവരുന്നത് സാമൂഹ്യമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ എത്രയോ വനങ്ങളും പുഴകളും ജീവികളും പച്ചത്തുരുത്തിന്റെ കുളിരിലേക്ക് മടങ്ങാന്‍ തുടങ്ങിയിരിക്കുന്നു. വനമേഖലയുടെ ജൈവവൈവിധ്യത്തെയും വന ആവാസവ്യവസ്ഥകളെയും വന്യജീവികളെയും സംരക്ഷിക്കുവാന്‍ മനുഷ്യന് സാധിക്കേണ്ടതുണ്ട്. വരും വര്‍ഷങ്ങളിലും വേനല്‍ക്കാലങ്ങളിലും വനമേഖലയില്‍ ചുരുങ്ങിയത് രണ്ട് മാസത്തേക്കെങ്കിലും ലോക്ഡൗണ്‍ വേണമെന്ന് ആവശ്യമുയര്‍ത്തുമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ആഗ്രഹിക്കുന്നു. പക്ഷേ കോവിഡിന്റെ ആശങ്കകള്‍ മാറിയപ്പോള്‍ എല്ലാം മറന്നോ നമ്മള്‍. ഭൂമിയെ പരിപാലിക്കുന്നതില്‍ പരാജയപ്പെടുക എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് നാം നമ്മളെ തന്നെ പരിപാലിക്കുന്നതില്‍ തോല്‍ക്കുന്നു എന്നാണ് ■

Share this article

About അബ്ദുറഹീം കെ ടി പടിക്കല്‍

abduraheempkdl@gmail.com

View all posts by അബ്ദുറഹീം കെ ടി പടിക്കല്‍ →

Leave a Reply

Your email address will not be published. Required fields are marked *