അരൂപിയായ ദൈവം എങ്കിലും ഗ്രാഹ്യനാണ്‌

Reading Time: 3 minutes

സ്‌നേഹത്തിന്റെ ഭാഷയാണ് റൂമിയുടേത്. നിലപാടുകള്‍ നിസ്വാര്‍ഥമായി അനുവാചകരിലെത്തിക്കാന്‍ അതിന് കഴിവുണ്ട്. ഗുരു ഇറങ്ങിച്ചെല്ലുന്ന അറിവിന്റെ, അനുഭവത്തിന്റെ ആഴങ്ങളിലേക്ക് ശിഷ്യന്‍ താനെ ഇറങ്ങിച്ചെല്ലുന്നത് ആ സ്‌നേഹത്തിന്റെ ബലത്തിലാണ്. ശിഷ്യന്‍ ആഗ്രഹിച്ചതെന്തോ അത് നല്‍കാന്‍ ഗുരുവിനു കഴിയുന്നു. ഗുരുവിന്റെ സംസാരമാകട്ടെ അതിരുകവിയുകയോ കുറഞ്ഞുപോവുകയോ ചെയ്യുന്നില്ല. ദുര്‍ഗ്രാഹ്യമായത് ഉപമകളിലൂടെ, മനോഹരമായ വാക്യഘടനകളിലൂടെ റൂമി തന്റെ ശിഷ്യരില്‍ അവതരിപ്പിക്കുന്നു. പ്രണയത്തെ കുറിച്ച് മാത്രമല്ല റൂമി സംസാരിച്ചത്. ദിവ്യ പ്രണയത്തിലേക്കുള്ള സഞ്ചാരത്തെ കുറിച്ച് കൂടിയായിരുന്നു. അതിന് ആദ്യം ദൈവമുണ്ടെന്നറിയണം. എങ്ങനെയുള്ള ദൈവം!

അരൂപിയായ ദൈവം
റൂമി ദൈവത്തെ കുറിച്ച് സംസാരിക്കുന്നത് നോക്കാം. “ദൈവത്തില്‍ നിന്ന് അകന്നു കഴിയുകയും അവനിലേക്കെത്താന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നവന്‍ മനുഷ്യനല്ല. അതുപോലെ മനുഷ്യനു ഗ്രഹിച്ചെടുക്കാവുന്നതാണു ദൈവമെങ്കില്‍ അതു ദൈവവുമല്ല.’ ദൈവത്തിന്റെ ഗ്രാഹ്യത അവനില്‍ മാത്രം നിക്ഷിപ്തമാണ്. സൃഷ്ടികള്‍ക്ക് ഒരിക്കലും അവനെ പൂര്‍ണമായി അറിയല്‍ സാധ്യമല്ല. ദൈവത്തെയോ അവന്റെ രൂപഭാവങ്ങളെയോ സംബന്ധിച്ച് അതിരുകവിഞ്ഞ് ചിന്തിക്കരുത് എന്ന താക്കീതും ഹദീസുകളില്‍ കാണാം. “നിങ്ങള്‍ സൃഷ്ടികളില്‍ ചിന്തിക്കുക, സ്രഷ്ടാവില്‍ അല്ല.’ കാരണം മനുഷ്യരുടെ ഗ്രാഹ്യശക്തിക്ക് അപ്പുറമാണ് അവന്റെ നിലനില്‍പ്പ്. മനുഷ്യ പ്രാപ്തിക്ക് അസാധ്യമായതൊന്നും അവന്റെ കല്‍പ്പനയിലുണ്ടാകില്ല താനും.
ചുരുക്കത്തില്‍ യുക്തിവാദികളും നിരീശ്വരവാദികളും പറയുംപോലെ ദൈവരൂപം തിരയലല്ല നമ്മുടെ ദൗത്യം. മാത്രമല്ല ഇലാഹ് ഉണ്ടെന്ന് വിശ്വസിക്കുന്നതോടൊപ്പം അത് റസൂലിലൂടെ അംഗീകരിക്കാന്‍ നാം തയാറാകുകയാണ് വേണ്ടത്. അപ്പോഴാണ് നമ്മുടെ വിശ്വാസം പരിപൂര്‍ണമാകുന്നത്. റസൂലിന്റെ വാക്കുകളും പ്രവൃത്തികളും അനുവാദങ്ങളുമാണ് പിന്നീടങ്ങോട്ട് നമ്മുടെ ദൈവിക വിചാരങ്ങളെ നിയന്ത്രിക്കുന്നത്. നിങ്ങള്‍ സൃഷ്ടികളില്‍ ചിന്തിക്കുക എന്ന തിരുമൊഴി അതിന്റെ ഭാഗമാണ്.
അരൂപിയാണ് ദൈവം. ദൈവത്തിന് രൂപമേതുമില്ല. എല്ലാവിധ രൂപഭാവങ്ങളില്‍ നിന്നും പരിശുദ്ധനാണവന്‍. റൂമി പറയുന്നു, “വാക്കുകളില്‍ നിന്നും രൂപങ്ങളില്‍ നിന്നുമെല്ലാം പരിശുദ്ധനാകുന്നു ദൈവം. അവന്റെ ശബ്ദം അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും അതീതമാകുന്നു. എന്നിരുന്നാലും തന്റെ സന്ദേശം താനിച്ഛിക്കുന്ന ശബ്ദത്തിലൂടെ, അക്ഷരങ്ങളിലൂടെ അവന്‍ സൃഷ്ടികളിലേക്കെത്തിക്കുന്നു.’ ഇതൊന്നുമില്ലാത്ത ഒരു വസ്തുവിനെ സങ്കല്‍പിക്കാനാണ് പ്രയാസം. പക്ഷേ, അങ്ങനെയൊരു വസ്തു ഉണ്ടാകാം എന്ന് വിശ്വസിക്കാന്‍ ഒരു പ്രയാസവുമില്ല. കാരണങ്ങള്‍ മാത്രം മതി. അതുകൊണ്ടാണ് ദൈവം തന്നെ തന്റെ സന്ദേശകര്‍ മുഖേന അറിയിച്ചത്, “നിങ്ങള്‍ എന്റെ സൃഷ്ടികളില്‍ ചിന്തിക്കുക’ എന്ന്. സൃഷ്ടികളാണ് ആ മഹാശക്തിയിലേക്ക് നമ്മെ വഴി നടത്തുന്ന കാരണങ്ങള്‍.
രൂപമില്ലായ്മ അവന്റെ ന്യൂനതയല്ല. പരിശുദ്ധിയാണ്. സമമാകലിനെയും സാമ്യമാകലിനെയും തൊട്ടുമുള്ള പരിശുദ്ധിയാകല്‍. പ്ലോട്ടിനസിനെ പോലുള്ള പാശ്ചാത്യ മിസ്റ്റിക് ദാര്‍ശനികര്‍ ദൈവത്തെ സുന്ദരം എന്ന് വിളിക്കാന്‍ പാടില്ലെന്ന് വാദിക്കുന്നു. “സുന്ദര വസ്തുക്കള്‍ സരൂപങ്ങളാണ്; കേവല ചൈതന്യമാകട്ടെ അരൂപവും. കേവല ചൈതന്യം സുന്ദര വസ്തുക്കളുടെ പ്രഭവസ്ഥാനമാണ്. അരൂപമായതിനാല്‍ കേവല ചൈതന്യത്തെ സുന്ദരമെന്ന് പറഞ്ഞുകൂടാ’ എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
അവനെ കുറിച്ച് സംസാരിക്കാന്‍ അവന്‍ തന്നെ തിരഞ്ഞെടുത്ത പ്രവാചകരെ നിയോഗിച്ചു. അവര്‍ ദൈവത്തിന്റെ ഓരോ ഗുണങ്ങളും നമ്മെ പഠിപ്പിച്ചു. ദൈവത്തിന്റെ സൗന്ദര്യത്തെ കുറിച്ചും നമ്മെ ഓര്‍മപ്പെടുത്തി. ദുര്‍ഗ്രാഹ്യമായതിനെ ഗ്രഹിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ദുര്‍വാദങ്ങളിലേക്ക് തമ്മള്‍ കടന്നുചെല്ലും.

എങ്കിലുമവന്‍ ഗ്രാഹ്യന്‍
ദുര്‍ഗ്രാഹ്യനായ ദൈവത്തെ ആത്മജ്ഞാനികളും വിശ്വാസികളും കണ്ടെത്തുന്നതില്‍ ചിലര്‍ക്കുള്ള അദ്ഭുതത്തെ കുറിച്ച് റൂമി ആശ്ചര്യപ്പെടുന്നുണ്ട്. രൂപരഹിതമായതും അതീന്ദ്രിയ ലോകത്ത് നിലനില്‍പ്പുള്ളതുമായ സ്‌നേഹവും കാരുണ്യവും ഔദാര്യവും ജ്ഞാനവും സുഖദുഃഖങ്ങളുമെല്ലാം അവര്‍ കണ്ടെത്തുന്നതെങ്ങനെയെന്ന് റൂമി ചോദിക്കുന്നു. ഇവയെല്ലാം രൂപമില്ലാത്തതും എന്നാല്‍ ദിനേന നാം അനുഭവിക്കുന്നതുമായ കാര്യങ്ങളാണ്. ആ അനുഭവത്തെ മനസിലാക്കിയവര്‍ക്കെങ്ങനെ അതീന്ദ്രിയ ലോകവുമായി സ്‌നേഹത്തിലാകാന്‍ കഴിയുന്ന ആത്മജ്ഞാനികളുടെ ദൈവത്തെ കുറിച്ചും അവന്‍ രൂപം കൂടാതെ നല്‍കുന്ന സഹായത്തെ കുറിച്ചും മനസിലാക്കാന്‍ പ്രയാസം എന്നാണ് റൂമി ആശ്ചര്യപ്പെടുന്നത്. ഏതൊരു വിശ്വാസിക്കും ആശ്ചര്യപ്പെടാന്‍ വകയുള്ളതാണിത്.
റൂമി തന്റെ സ്ഥിരം ശൈലിയില്‍ ഇതിനെ ശിഷ്യര്‍ക്ക് വിവരിച്ചുനല്‍കുന്നുണ്ട്, ദൈവനിഷേധിയായ യുക്തിജ്ഞാനിയുടെ കഥയിലൂടെ. രോഗം ബാധിച്ച് ദീര്‍ഘകാലം കിടപ്പിലായിരിക്കെ ഒരു ആത്മജ്ഞാനി അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. ആത്മജ്ഞാനിയുടെ ചോദ്യം, “താങ്കളിപ്പോള്‍ തേടുന്നതെന്താണ്’? അയാള്‍ ആരോഗ്യമെന്ന് മറുപടി പറയുന്നു. ആത്മജ്ഞാനി വീണ്ടും ചോദിച്ചു, “ആരോഗ്യത്തിന്റെ രൂപഭാവങ്ങളെങ്ങനെയെന്നു പറയൂ, എങ്കില്‍ ഒരുപക്ഷേ എനിക്കു താങ്കള്‍ക്കായി അതു കണ്ടെത്താന്‍ കഴിഞ്ഞേക്കും.’ യുക്തിജ്ഞാനിക്ക് ആശ്ചര്യം തോന്നി. “അതിനു രൂപമേതുമില്ല. വിവരണാതീതമാണത്. എന്തൊരു ചോദ്യമാണ് നിങ്ങളെന്നോടു ചോദിക്കുന്നത്?’ ആത്മജ്ഞാനി വീണ്ടും തന്റെ ഉദ്ദേശ്യം മുന്നോട്ടു വെച്ചു. ആരോഗ്യത്തിന്റെ സത്തയെ കുറിച്ചാണ് ഞാന്‍ ചോദിക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു. എന്നാല്‍ യുക്തിജ്ഞാനിക്ക് അതിനൊത്ത മറുപടിയില്ല. ഒടുവില്‍ അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു. “എനിക്കറിയില്ല. അതിനൊരു ഉപമയും എന്റെ പക്കലില്ല.’ രൂപമില്ലാത്തതിനെ അനുഭവിക്കാന്‍ കഴിയില്ലെന്നോ, അതിന് നിലനില്‍പ്പില്ലെന്നോ പറയാന്‍ കഴിയില്ലെന്ന് യുക്തിജ്ഞാനിയുടെ രോഗാവസ്ഥയില്‍ നിന്നും അദ്ദേഹത്തിന് മനസിലായി. ഏറ്റവുമൊടുവില്‍ ആത്മജ്ഞാനി പറഞ്ഞു, “അപ്പോള്‍ രോഗത്തില്‍ നിന്നാണു നാം ആരോഗ്യത്തെ പഠിക്കുന്നത്. അഥവാ, നിര്‍വചനീയമായവയില്‍ നിന്നാണു നാം അനിര്‍വചനീയമായതിനെ പഠിക്കുന്നത്.’
റൂമി ശിഷ്യര്‍ക്ക് ദൈവത്തെ അവതരിപ്പിച്ചത് എത്ര കൃത്യമായിട്ടാണ്. ആരോഗ്യമെന്തെന്ന് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുന്ന രോഗിയുടെ അനുഭവമാണ് ദൈവത്തെ നിർവചിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കും ഉണ്ടാകുന്നത്. രോഗത്തിലൂടെ ആരോഗ്യത്തെ മനസിലാക്കാന്‍ ശ്രമിക്കലാണ് അതിന്റെ യഥാര്‍ഥ പ്രതിവിധി. അതാണ് പ്രവാചകരിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. നിങ്ങള്‍ കാരണങ്ങളിലേക്ക് നോക്കൂ.
അവനിലേക്കുള്ള കാരണങ്ങളാണ് നാമടക്കമുള്ള ഈ പ്രപഞ്ചമഖിലവും. “നക്ഷത്ര ചലനങ്ങളും സൂര്യചന്ദ്രാതികളുടെ ആകാശ പ്രയാണവും മേഘങ്ങളില്‍ നിന്ന് ഋതുഭേദങ്ങള്‍ക്കനുസരിച്ച് മഴ പെയ്യുന്നതുമെല്ലാം നിങ്ങള്‍ കാണുന്ന പോലെ.’ കൃത്യമായ ഘടനയിലും ബുദ്ധിക്കനുസരിച്ചുമാണ് ഇവകളെല്ലാം പ്രവൃത്തിക്കുന്നതെന്ന് ചിന്തിക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയും. ആ കൃത്യതയും ഘടനയും സ്വയം അല്ലെന്നും ആരുടെയോ സംവിധാനമാണെന്നും ചിന്തിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നു. റൂമി പറയുന്നു, “അതിനാല്‍ ഇഹലോകത്തിന്റെ മൂര്‍ത്ത രൂപഭാവങ്ങളിലൂടെ ആ ഒരുവനെ കാണുകയും ആത്മീയ പോഷണം സിദ്ധിക്കുകയും ചെയ്യുക.’
ഖുര്‍ആനും തിരുഹദീസും നമ്മെ നിരന്തരം ഓര്‍മപ്പെടുത്തുന്ന കാര്യമാണിത്. സൂറത്തുല്‍ ബഖറയിലെ 164-ാം വചനം റൂമി പറഞ്ഞതിന്റെ മൂലസ്രോതസാണ്. വിശ്വാസ ശാസ്ത്രത്തിലെ പ്രസിദ്ധ ഗ്രന്ഥമായ ഇമാം ബുര്‍ഹാനുദ്ദീന്‍ ലഖാനിയുടെ ജൗഹറത്തു തൗഹീദില്‍ ഇതേ ആശയം കാണാം. “അല്ലാഹുവിനെ അറിയാന്‍ ആദ്യം നീ സ്വന്തത്തിലേക്ക് നോക്കുക. ശേഷം മുകളിലുള്ള ആകാശ ലോകത്തിലേക്കും, താഴെയുള്ള ഭൂമി ലോകത്തിലേക്കും നീങ്ങുക.’ ഇതിനെ വിശദീകരിച്ചു കൊണ്ട് തുഹ്ഫതുല്‍ മുരീദ് എന്ന ഗ്രന്ഥത്തില്‍ ശെയ്ഖ് ബയ്ജൂരി പറയുന്നു, സ്വന്തത്തിലേക്ക് എന്ന് ആദ്യം പറയാന്‍ കാരണം നിന്നോട് ഏറ്റവും അടുത്തത് അതാണ്. മുകളിലേക്ക് എന്ന് പിന്നീട് പറയാന്‍ കാരണം ഖുര്‍ആനിന്റെ ഘടന അങ്ങനെയാണ്. ആദ്യം ആകാശത്തെയും പിന്നീട് ഭൂമിയെയുമാണ് ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത്.
ദുര്‍ഗ്രാഹ്യനായ ദൈവം ഗ്രാഹ്യനാകുന്നത് കാരണങ്ങളിലൂടെയാണ്. അതുപോലെയാണ് ദൈവിക പ്രണയവും. ആത്മജ്ഞാനികളുടെ വചനങ്ങളും പ്രവൃത്തികളുമല്ല അതിനു പിന്നിലുള്ളത്. ആ വാക്കുകളത്രയും ദുര്‍ഗ്രാഹ്യവുമാണ്. അതിനാല്‍ അവയുടെ കാരണങ്ങള്‍ തേടുക. അവര്‍ നടന്ന വഴികള്‍ മനസിലാക്കുക. അതാണ് അഭികാമ്യം. അതിനാല്‍ ആദ്യം ദൈവമുണ്ടെന്ന് നീ അറിയുക ■

Share this article

About വാസ്വില്‍ മുജീബ്

vaswil1324@gmail.com

View all posts by വാസ്വില്‍ മുജീബ് →

Leave a Reply

Your email address will not be published. Required fields are marked *