സാരഥ്യം മാറ്റിപ്പണിയുക ഒരാളെയല്ല

Reading Time: < 1 minutes

ജീവിതത്തില്‍ ചില നിയോഗങ്ങളുണ്ട്. അവ നമ്മെ പുതുക്കിപ്പണിയാതിരിക്കില്ല. വ്യക്തിപരമോ തൊഴില്‍പരമോ സാമൂഹികമോ ആകാം അത്. എന്നാല്‍ മാറ്റത്തിന് വേണ്ടിയുള്ള നിരന്തര ആലോചനയും ഒപ്പം പ്രയത്‌നവും കൂടിയേ തീരൂ. സാഹസികതയൊട്ടും ഇല്ലാതെ സുരക്ഷിതമായി കൈവരിക്കാവുന്ന ഒന്നല്ല മാറ്റങ്ങളൊന്നും.
പ്രവാസം സമ്മാനിച്ച യാന്ത്രിക ജീവിതവും സ്വയം ഒതുങ്ങിക്കൂടാനുള്ള പ്രവണതയും അവനവനെ പുനഃസൃഷ്ടിക്കാനുള്ള യാത്രക്ക് തടയിടുന്നു. “ജോലി കഴിഞ്ഞാല്‍ പിന്നെ സമയമെവിടെ’ എന്ന ചോദ്യം മുരടിപ്പിന്റേതാണ്. സർഗാത്മകമാകേണ്ട ഒഴിവുസമയങ്ങളെ സ്ക്രീൻടൈം അപഹരിച്ചു കൊണ്ടുപോകുകയും ചെയ്യുന്നു. ഇത്തരക്കാരുടെ അറിവും കഴിവും വളര്‍ച്ചയും വ്യക്തിത്വവുമെല്ലാം മാറ്റമില്ലാതെ തുടരും.
സ്വന്തമായി തീരുമാനങ്ങളുള്ളവരുണ്ട്. എന്നാല്‍ അവ പിന്തുടരാനോ പ്രോത്സാഹനം നല്‍കാനോ ആരുമില്ല എന്നത് വിലങ്ങുതടിയാകുന്നു. ഈ ആലസ്യത്തെയാണ് സാരഥ്യം കുടഞ്ഞെറിയുന്നത്. അഥവാ, സ്വയം കത്തിജ്വലിച്ചു മുന്നേറാനുള്ള പരിമിത കഴിവിനെ സാരഥ്യം നല്‍കി പരിപോഷിപ്പിക്കുകയാണ് സംഘടന.
ഓരോ സാരഥ്യവും നിങ്ങളിലും സമൂഹത്തിലും സ്വയമാശിക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരമാകണം. ഇതര മനുഷ്യരുമായുള്ള പരിചയവും ബന്ധവും അവരുടെ ജീവിതം അടുത്തറിയുമ്പോഴുള്ള തിരിച്ചറിവും വ്യക്തിത്വത്തിന്റെ അതിര്‍ത്തികളെ പുനരാവിഷ്‌കരിക്കും. ഒരു സാധാരണക്കാരന് സംഘടനാവിലാസം നല്‍കുകയാണ് സാരഥ്യം. ആഭ്യന്തര പരിശീലനങ്ങള്‍ സ്വയം ശുദ്ധീകരണത്തിന്റെയും സംസ്‌കരണത്തിന്റെയും പുതിയ ജീവിതം തരും. ഇതാണ് സമൂഹത്തിലേക്ക് പ്രസരിക്കുന്നത്.
ഈ നിയോഗത്തെ ഒരിക്കലും നിരാകരിക്കുകയോ നിസാരവത്കരിക്കുകയോ അരുത്. യോഗ്യതയെ ചൊല്ലിയുള്ള അപകർഷയുടെ ന്യായം പറച്ചില്‍ അവസരങ്ങളെ തട്ടിത്തെറിപ്പിക്കലാണ്. സാരഥ്യത്തെ സാധാരണ നിലയിലും സര്‍ഗാത്മകമായും പ്രയോഗിക്കാനാവും. വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതി പുതിയ മാതൃകയുടെ നിര്‍മാതാക്കളാകാം. പ്രവര്‍ത്തനങ്ങളില്‍ കൃത്യതയും വ്യക്തതയും ഉണ്ടാകുന്നതിനൊപ്പം നൈരന്തര്യവും ഉറപ്പുവരുത്തുക. പൂര്‍വിക നേതൃത്വം പണിതുവെച്ച അടിത്തറക്ക് മുകളില്‍ അടയാളങ്ങള്‍ തീര്‍ക്കണം. നീട്ടിവെക്കുമ്പോഴോ വൈകിപ്പിക്കുമ്പോഴോ ആണ്‌ പ്രവർത്തനങ്ങൾ‌ ഭാരവും ആധിക്യവും ആയി അനുഭവപ്പെടുന്നത്‌‌.
സൗഹൃദങ്ങള്‍ക്കിടയില്‍ അംഗീകരിക്കപ്പെടുക, അവര്‍ക്ക് നേതൃത്വം വഹിക്കാനാകുക എന്നത് എല്ലാവർക്കും കൈവരുന്ന ഒന്നല്ല. വിശ്വാസം അര്‍പ്പിച്ചവര്‍ക്ക് പ്രതീക്ഷ നല്‍കി, ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണം. ഓരോ സാരഥിയുടെയും സാന്നിധ്യം സഹൃദയര്‍ ആഗ്രഹിക്കണം. അടുത്തിടപഴകണം. ആരുടെയും ആശയങ്ങളെ, അഭിപ്രായങ്ങളെ കേള്‍ക്കാതിരിക്കരുത്. ചേര്‍ത്തുനിര്‍ത്തുക എന്നതാവണം മുഖമുദ്ര. ഒപ്പം തട്ടിയുണര്‍ത്താനും മിടുക്ക് കാട്ടണം. അനുഗമിക്കുന്ന തലമുറകളില്‍ സ്വാധീനം ചെലുത്താനായാല്‍ വാക്കുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടും. കൂട്ടായ്മയുടെ വിജയത്തില്‍ കുറഞ്ഞതിലൊന്നും തൃപ്തിവരരുത്. അത് പ്രവര്‍ത്തനങ്ങളുടെ വേഗവും ആനന്ദവും വര്‍ധിപ്പിക്കും. ഇങ്ങനെ ചുറ്റുമുള്ളവരുടെ മനസ് തൊട്ട് നയിക്കാനായാല്‍ പുതിയ പുതിയ സാരഥികള്‍ പിറവിയെടുത്തുകൊണ്ടേയിരിക്കും ■

Share this article

About ഫൈസൽ സി എ

faisalca313@gmail.com

View all posts by ഫൈസൽ സി എ →

Leave a Reply

Your email address will not be published. Required fields are marked *