വായനകളിലെ റസൂല്‍

Reading Time: 4 minutes

കാലങ്ങളെ അതിജയിക്കുന്ന കലയാണ് എഴുത്തും സാഹിത്യവും. പ്രഭാഷണം ഒരു നശ്വര കലയാണ്,എഴുത്തും വരികളും അനശ്വരമാണ്. അക്ഷരങ്ങളില്‍ വിരിഞ്ഞ മഹാദ്ഭുതമായി ഖുര്‍ആന്‍ കാലത്തെ വെല്ലുവിളിച്ചു കൊണ്ട് ഇന്നും നിലനില്‍ക്കുന്നു. ദിവ്യദ്ഭുതത്തിന്റെ അനശ്വര സാക്ഷിയായി.
സാഹിത്യത്തിലും പുസ്തകങ്ങളിലും പ്രവാചക ചരിത്രവും ജീവിതവും ആവിഷകരിക്കപ്പെട്ടുവോ എന്ന ആലോചനക്ക് പഴക്കവും ആവര്‍ത്തനത്തിന്റെ വിരസതയുമുണ്ട്. അറബിഭാഷക്കു പുറത്ത് തിരുനബി ജീവിതം അർഹിക്കുന്ന പ്രാധാന്യത്തോടെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ഇരുട്ടില്‍ നിര്‍ത്തി ആക്രമിക്കുകയാണ് പലരും ചെയ്തത്. സല്‍മാന്‍ റുഷ്ദിയുടെ സാതനിക് വേഴ്‌സസും, സാഹിത്യ നിലവാരത്തില്‍ ശരാശരിയിലും താഴെ നില്‍ക്കുന്ന തസ്‌ലീമ നസ്‌റിന്റെ ലജ്ജയും അവിഷ്‌കാരത്തിനപ്പുറം ഇസ്‌ലാം വിരോധത്തിന്റെ ഗൈഡ് ബുക്കുകളായി മാറുകയാണുണ്ടായത്.
പ്രതിനായക പ്രതിഛായ നല്‍കി അങ്ങേയറ്റം പ്രതിലോമകരമായി ചിത്രീകരിച്ചവയല്ലാതെ നിലവാരമുള്ള ഒരു വിമര്‍ശന പുസ്തകം പോലും പ്രവാചകരെപ്പറ്റി പബ്ലിക് ഡൊമൈനില്‍ ഇല്ലെന്നതാണ് സത്യം. ഇസ്‌ലാമിക ചരിത്രപുസ്തകങ്ങളിലും നബിവചന സമാഹരണങ്ങളിലും ഇസ്‌ലാമിക സാഹിത്യ വ്യവാഹരങ്ങളിലും തിരുനബി പ്രകാശം പരത്തി നില്‍ക്കുകയാല്‍ അത്തരം ഗ്രന്ഥങ്ങളെ മാറ്റിനിര്‍ത്തിയാണ് ഞാന്‍ ചില പുസ്തകങ്ങളെപ്പറ്റി സംസാരിക്കുന്നത്.
മതം പ്രധാനമായൊരു വിഷയമായി ഭവിക്കുകയും ഇസ്‌ലാമും മുസ്‌ലിംകളും ലോകത്തിന്റെ ഗതിനിര്‍ണയിക്കുകയും ചെയ്ത് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അക്ഷരങ്ങളിലൂടെ ആത്മീയ അന്വേഷണം നടത്തുന്നവര്‍ പ്രവാചകനിലും ഇസ്‌ലാമിലും എത്തുന്നില്ല. എന്തായിരിക്കാം കാരണം? സെമിറ്റിക് വിരോധ പാരമ്പര്യത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം, ഓറിയന്റലിസ്റ്റുകളും പശ്ചാത്യബുദ്ധിജീവികളും ബോധപൂര്‍വം സൃഷ്ടിച്ച നിഷേധാത്മക പ്രതിച്ഛായയില്‍ നിന്നും ഇസ്‌ലാമിനെയും പ്രവാചകരെയും മോചിപ്പിക്കാൻ കാര്യമായ ശ്രമങ്ങളുണ്ടായില്ല എന്നതുതന്നെ.
പടിഞ്ഞാറിന്റെയും ക്രൈസ്തവതയുടെയും ഇസ്‌ലാംഭീതിയുടെ യുക്തി വളരെ ലളിതമാണ്. ഏഴാം നൂറ്റാണ്ടില്‍ വിമോചനത്തിന്റെ ഉണര്‍ത്തുപാട്ടായി ആഫ്രിക്കന്‍ വന്‍കരകളിലും ലോകത്തിന്റെ വിദൂര ദിക്കുകളിലും ഇസ്‌ലാം അതിവേഗം ആധിപത്യം സ്ഥാപിക്കുമ്പോള്‍ യൂറോപ്പ് കാലത്തിലോ ചരിത്രത്തിലോ ഇടമില്ലാത്ത ഒറ്റപ്പെട്ട പിന്നാക്കപ്രദേശമായിരുന്നു. ഇരുണ്ട യുഗത്തില്‍ നിന്നും യൂറോപ്പ് ചരിത്രവെളിച്ചത്തിലേക്ക് സംസ്‌കാരവും നാഗരികതയും സ്ഥാപിച്ച് മുന്നേറിയപ്പോഴും ശക്തമായ ഇസ്‌ലാമിക സംസ്‌കൃതിയുടെ മേല്‍ ഒരു സ്വാധീനവും ചെലുത്താന്‍ അവർക്കു സാധിച്ചില്ല. കുരിശുയുദ്ധങ്ങള്‍ പരാജയം കൂടി സമ്മാനിച്ചപ്പോള്‍ ഇസ്‌ലാമിനെതിരെ ഭീതിതമായ കഥകള്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ലോകം കീഴടക്കാനും അധികാരം സ്ഥാപിക്കാനും ആക്രമണവും വാളും ഉപയോഗിച്ച വ്യക്തിയാണ് മുഹമ്മദ് എന്ന തരത്തിലുള്ള പ്രചാരണമാണ് അവര്‍ അഴിച്ചുവിട്ടത്. “നിയമവും വാളും ഉപയോഗിച്ച് മുഹമ്മദ് ആളുകളെ മതപരിവര്‍ത്തനം നടത്തി. ജീസസ് അങ്ങനെ ചെയ്തിട്ടില്ല. ഒരിക്കലും ചെയ്യുകയുമില്ല. ക്രിസ്ത്യാനിസം വികസിക്കുന്നത് അതിന്റെ സൈദ്ധാന്തിക ശ്രേഷ്ഠത കൊണ്ട് മാത്രമാണ്.’ ഇതായിരുന്നു അപഗ്രഥന രീതി. ഇംഗ്ലീഷ് സാഹിത്യകാരനായ വാഷിങ്ടന്‍ ഇര്‍വിങ് ഉള്‍പ്പെടെ പലരും അപനിർമിതിയുടെ ഇരുട്ടില്‍ നിന്നുകൊണ്ടാണ് പ്രവാചകനെക്കുറിച്ച് എഴുതിയത്.
മുന്‍വിധികളും ഇസ്‌ലാം ഭീതിയും സന്ദേഹങ്ങളും നിറഞ്ഞ ഒരാള്‍ക്കുപോലും വായിക്കാന്‍ പറ്റുന്ന ഒരു പുസ്തകമാണ് ആദ്യമായി പരിചയപ്പെടുത്തുന്നത്. പത്രപ്രവര്‍ത്തകനായിരുന്ന ഖുശ്്വന്ത് സിങ് ഒരു കോളത്തില്‍ എഴുതിയപ്പോഴാണ് ഞാന്‍ ഈ പുസ്തകത്തെക്കുറിച്ച് അറിയുന്നത്. വെറുപ്പും സംശയവും കൊണ്ട് നയിക്കപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ കാരന്‍ ആംസ്‌ട്രോങിന്റെ “മുഹമ്മദ്: എ ബയോഗ്രഫി ഓഫ് ദി പ്രൊഫറ്റ്’ വായിക്കണമെന്ന് അദ്ദേഹം എഴുതുകയുണ്ടായി. മതേതര ദൃഷ്ടിയില്‍ പ്രവാചകനെ അടുത്തറിയാന്‍ സഹായിക്കുന്ന പുസ്തകമാണിത്. മുന്‍വിധികളില്ലാതെ പ്രവാചകജീവിതം യുക്തിസഹമായി വിശകലനം ചെയ്യുന്നതോടൊപ്പം, ആരോപണങ്ങള്‍ക്ക് സമര്‍ഥമായി മറുപടി പറയുന്നുണ്ട്. റുഷ്ദിയുടെ സാതനിക് വേഴ്‌സസ് എന്ന ടൈറ്റില്‍ തന്നെ ഒരു വ്യാജ നിര്‍മിതിയാണ്. ബഹുദൈവ വിശ്വാസത്തിന് ഇളവുകള്‍ നല്‍കുന്ന ചില പൈശാചിക ബോധനസൂക്തങ്ങള്‍ വെളിപാടുകളില്‍ കൂടിക്കലര്‍ന്നുവെന്നും അവ പിന്നീട് ഒഴിവാക്കിയെന്നുമുള്ള “കഥ’യെ 56 പേജുകളിലായി പൊളിച്ചെഴുതുന്നുണ്ട് കാരന്‍ ആംസ്‌ട്രോങ്.
പ്രഖ്യാത രചനയായ ഡിവൈന്‍ കോമഡിയില്‍ ഡാന്റേ പ്രവാചകനെ ക്രൈസ്തവ സഭയില്‍ പിളര്‍പ്പ് ഉണ്ടാക്കിയവര്‍ക്കൊപ്പം നരകത്തിന്റെ എട്ടാം മണ്ഡലത്തിലാണ് അവരോധിച്ചത്. ജുഗുപ്‌സാവഹമായ പ്രത്യേക ശിക്ഷയാണ് ഡാന്റേ മുഹമ്മദ് നബിക്ക് നല്‍കിയിരിക്കുന്നത്. ക്രിസ്ത്യാനികളുടെ ഉള്ളില്‍ ഇസ്‌ലാമിനോടുള്ള വെറുപ്പ് എത്രമാത്രമുണ്ടെന്ന് തെളിയിക്കുന്നതാണ് ഡാന്റേയുടെ ബിംബകല്‍പന. യേശുവിന്റെ സ്‌നേഹാര്‍ദ്ര സന്ദേശത്തിന്റെ പൂര്‍ണ നിരാകരണമായ ഭയവും സ്പര്‍ധയും പ്രതിനിധാനം ചെയ്യുന്ന ഈ ചിത്രീകരണത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് കാരന്‍ ആംസ്‌ട്രോങ്.
സ്വര്‍ഗ – നരക നിവാസികളെ സന്ദര്‍ശിച്ച ശേഷം നടത്തുന്ന ദൃക്‌സാക്ഷി വിവരണമാണ് ഡാന്റേയുടെ ഡിവൈന്‍ കോമഡിയുടെ പ്ലോട്ട്. ഇസ്‌ലാമിക ലോകത്തെ ഫ്രീ തിങ്കറായ അബുല്‍ അലാ അൽമഅരിയുടെ രിസാലത്തുല്‍ ഗുഫ്രാന്‍ (എപിസ്റ്റല്‍ ഓഫ് ഫോര്‍ഗിവ്‌നെസ്) എന്ന പുസ്തകത്തെ അനുകരിച്ചു കൊണ്ടാണ് ഡാന്റേ തന്റെ രചന നടത്തിയതെന്ന് നിസംശയം പറയാം. ആകാശയാത്രയും, മക്കയില്‍ നിന്ന് ഫലസ്തീനിലേക്കുള്ള യാത്രയും അടയാളപ്പെടുത്തുന്ന ഇസ്റാഅ് – മിഅ്‌റാജ് യാത്രകള്‍ പതിപാദിക്കുന്ന ഹദീസ് ഗ്രന്ഥങ്ങളില്‍ നരകത്തിലും സ്വര്‍ഗത്തിലും കണ്ടുമുട്ടിയ ആളുകളെക്കുറിച്ച് പ്രവാചകന്റെ വിവരണം കാണാം. പലിശ കൊടുക്കുന്നവരും പരദൂഷണം പറയുന്നവരും മറ്റ് കുറ്റങ്ങള്‍ ചെയ്യുന്നവരും അനുഭവിക്കുന്ന കൊടിയ ശിക്ഷകളുടെ അസ്ഥിക്ക് പിടിക്കുന്ന വേദനയും പിരിമുറുക്കവും യാതനയും ഒരു നേര്‍കാഴ്ചപോലെ നല്‍കുന്ന അസാധ്യ വിഷ്വല്‍ ഇമേജാണ് ബുഖാരിയില്‍ ഉള്‍പ്പെടെ നാം കാണുന്നത്. അല്‍മഅരിയുടെ പ്രചോദനം ഈ വിവരണങ്ങളായിരിക്കുമെന്ന് ഞാന്‍ അനുമാനിക്കുന്നു.
പത്തുവര്‍ഷത്തെ ദീര്‍ഘമായ രചനാകാലയളവും, മതകാര്യ വൈദഗ്ധ്യവും, വിവിധ വിശ്വാസ സംഹിതകളെ കുറിച്ചുള്ള വിപുലമായ അറിവും, കാത്തലിക് സന്യസ്ത സമൂഹത്തിലെ അംഗത്വപശ്ചാതലവും കാരന്‍ ആംസ്‌ട്രോങ്ങിന്റെ പുസ്തകത്തിന് ആധികാരികതയും വിശ്വസനീയതയും നല്‍കുന്നു.
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഹമ്മദ് അസദിന്റെ റോഡ് ടു മക്കയാണ് ഞാന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു പുസ്തകം.അടിസ്ഥാനപരമായി ഒരു യാത്രാവിവരണമാണെങ്കിലും വലിയ മാനങ്ങളുള്ള പുസ്തകമാണിത്. എം എന്‍ കാരശ്ശേരി എഴുതിയ മികച്ച പരിഭാഷയാണ് ഇത് മലയാളത്തില്‍ പ്രചാരം നേടാന്‍ കാരണം. രാഷ്ട്രീയ നിലാപടുകളെടുത്തപ്പോള്‍ എഴുത്തുകാരന്‍ ബെന്യാമിനെ ആക്രമിക്കാന്‍ എതിരാളികള്‍ അദ്ദേഹത്തിന്റെ ആടുജീവിതം മുഹമ്മദ് അസദിന്റെ റോഡ് ടു മക്കയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണവുമായി വന്നപ്പോഴും ഈ പുസ്തകം വീണ്ടും ചര്‍ച്ചയായി. മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും നല്ല വിവര്‍ത്തനമെന്ന നിലയിലാണ് ഞാന്‍ പുസ്തകത്തെ ഗണിക്കുന്നത്.
ജൂതകുടുംബത്തില്‍ ജനിച്ച ലിയോപോള്‍ഡ് വെയിസ് തന്റെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും സാഹസികതയുടെയും യാത്രയുടെയും കഥകള്‍ വിവരിക്കുന്ന അനിതര സാധാരണ രചനയാണ് റോഡ് ടു മക്ക. അറേബ്യന്‍ മരുഭൂമിയുടെ ഭാഷയും ഭാവവും പ്രകൃതിയും അടുത്തറിയാന്‍ കഴിയും വിധമുള്ള ഹൃദയവര്‍ജകമായ വിവരണമാണ് പുസ്തകത്തിന്റെ പ്രത്യേകത. ബദുക്കള്‍ അഥവാ മരുഭൂമിയില്‍ നാഗരികതക്കപ്പുറത്ത് ജീവിക്കുന്ന മനുഷ്യരുമായി ഇണങ്ങിച്ചേര്‍ന്നാണ് അദ്ദേഹം മണലാരണ്യത്തിന്റെ സംസ്‌കൃതി തൊട്ടറിയുന്നത്. ഇസ്‌ലാം ആശ്ലേഷിക്കുന്നതിനുമുമ്പ് അദ്ദേഹം ബദുവായി പരിവര്‍ത്തനം ചെയ്തിരുന്നുവെന്നാണ് അറബികള്‍ തമാശയായി പറഞ്ഞത്. ഇരുപത്തിഏഴാം വയസില്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ അത് കേവലം മതം മാറ്റമായിരുന്നില്ല, സത്യാന്വേഷണ യാത്രയുടെ ഒരു വഴിത്തിരിവ് കൂടിയായിരുന്നു. ജൂത വിശ്വാസം ഉപേക്ഷിച്ച ഒരു യൂറോപ്യന് കിട്ടാവുന്ന ഏറ്റവും മികച്ച അംഗീകാരവും സ്വീകാര്യതയും അദ്ദേഹഹത്തിന് ലഭിച്ചു. ഹിറ്റ്‌ലറുടെ നാസിപട നയിച്ച വംശഹത്യയില്‍ ഉറ്റവര്‍ മരണപ്പെട്ട വിവരം വൈകിയാണ് അദ്ദേഹം അറിഞ്ഞത്.
ഇസ്‌ലാമിന് യൂറോപ്പിന്റെ സമ്മാനമെന്നുവരെ അസദ് വിശേഷിപ്പിക്കപ്പെട്ടു. ലിയോ അഥവാ ലയണ്‍ എന്നതിന്റെ അറബിയായ അസദ് എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. ആജീവനാന്ത പഥികനായിരുന്നു മുഹമ്മദ് അസദ്. ഭൂഖണ്ഡങ്ങളിലൂടെ നടത്തിയ യാത്രയില്‍ കണ്ട മനുഷ്യരാശിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ ക്യാപിറ്റല്‍ അസെറ്റ്. അവിഭക്ത ഇന്ത്യയിലെത്തിയ മുഹമ്മദ് അസദ് കവിയായ അല്ലാമ ഇഖ്ബാലുമായി പരിചയപ്പെട്ടു. രണ്ട് ദാര്‍ശനികരുടെ സംഗമം ഏഷ്യയുടെയും യൂറോപ്പിന്റെയും കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സമാഗമമായിരുന്നു. ഉലകം ചുറ്റി നടന്നിരുന്ന നമ്മുടെ പ്രിയങ്കരനായ വൈക്കം മുഹമ്മദ് ബഷീര്‍ അസദിനെ കണ്ടുമുട്ടിയിരുന്നു. അസദിലെ യഥാര്‍ഥ ജീനിയസിനെ ഉപയോഗപ്പെടുത്താന്‍ ഇഖ്ബാല്‍ മുന്‍കൈയെടുത്തു. പുതുതായി രൂപീകരിക്കുന്ന പാകിസ്ഥാന്റെ വിദേശനയ രൂപീകരണത്തിലും നയതന്ത്രകാര്യങ്ങളിലും നേതൃപരമായ പങ്കുവഹിക്കണമെന്ന് ഇഖ്ബാല്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ രൂപീകരിച്ച 1947ല്‍ തന്നെ അദ്ദേഹത്തിന് പൗരത്വം നല്‍കി. മിഡില്‍ ഈസ്റ്റ് ഡെപ്യൂട്ടി സെക്രട്ടറി, ഐക്യരാഷ്ട്രസഭയിലെ പാകിസ്താന്‍ നയതന്ത്ര പ്രതിനിധി, വിദേശമന്ത്രാലയത്തിലെ ഡിപ്ലോമാറ്റ് തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചു.
അറേബ്യന്‍ ജീവിതത്തിന്റെ നൈര്‍മല്യവും, മരുഭൂമിയുടെ സൗന്ദര്യവും, ഇസ്‌ലാമിന്റെ സമഗ്ര സമഭാവനയും, പശ്ചാത്യ ജീവിതത്തിന്റെ അര്‍ഥരാഹിത്യവും, അസ്തിത്വദുഃഖവും, പടിഞ്ഞാറ് ഇസ്‌ലാമിന് നല്കിയ മോശം പ്രതിഛായയും റോഡ് ടു മക്ക വരച്ചു കാട്ടുന്നു. പത്രപ്രവര്‍ത്തന, സിനിമ പശ്ചാത്തലമുള്ള അസദിന്റെ ശൈലി വളരെ വശ്യമാണ്. മാക്‌സിം ഗോര്‍ക്കിയുടെ ഭാര്യയെ തന്റെ പത്രപ്രവര്‍ത്തന കാലത്ത് അസദ് ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. സിനിമാരംഗങ്ങള്‍ ചിത്രീകരിക്കുന്നതു പോലെ യാത്രയിലെ അനുഭവങ്ങള്‍ ദൃശ്യവത്കരിക്കുകയാണ് അസദ് തന്റെ പുസ്തകത്തില്‍.
ഈജിപ്തിലെ ബുദ്ധിജീവിയും, വിദ്യാഭ്യാസ വിചക്ഷണനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുഹമ്മദ് ഹുസൈന്‍ ഹൈക്കലിന്റെ ഫീ മന്‍സിലില്‍ വഹ്്യ്, ഇൻ ദ ഹൗസ് ഓഫ് റെവലൂഷന്‍ – വെളിപാടുകള്‍ ഇറങ്ങിയ ഭവനത്തില്‍ എന്ന അര്‍ഥം വരുന്ന അറബി പുസ്തകം എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പുസ്തകമാണ്. ഹൈക്കലിന്റെ തന്നെ ഹയാത് മുഹമ്മദ്, ലൈഫ് ഓഫ് മുഹമ്മദ് എന്ന ബയോഗ്രഫി വിഖ്യാതമാണ്. ആദര സൂചകങ്ങള്‍ ഒഴിവാക്കി മുഹമ്മദ് എന്ന ടൈറ്റില്‍ കൊടുത്തത്തിന്റെ പേരില്‍ ചില വിമര്‍ശനങ്ങള്‍ ഉണ്ടായതോര്‍ക്കുന്നു. മഹ്‌മൂദ് അബ്ബാസ് അഖാദിന്റെ അബ്കരിയത് മുഹമ്മദ്, ജീനിയസ് ഓഫ് മുഹമ്മദിലും ആദരവില്ലെന്ന് ആരോപിക്കാം.
വിശ്വാസധാരക്ക് പുറത്തുള്ള വായനക്കാര്‍ക്കുവേണ്ടി എഴുതുന്ന പുസ്തകങ്ങളില്‍ ഇത്തരം നിഷ്‌കര്‍ഷ ആവശ്യമുണ്ടോ എന്നറിയില്ല. ലോക സാഹിത്യവും മറ്റു ഭാഷകളും ചരിത്രവും പഠിച്ച ശേഷം നൂതന പരിപ്രേക്ഷ്യത്തില്‍ എഴുതിയവരാണ് ഹൈക്കലും അഖാദും അടങ്ങുന്ന ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസ്റ്റുകളായ എഴുത്തുകാര്‍. എനിക്ക് ഇഷ്ടപ്പെട്ട ഒരു യാത്രാവിവരണ ഗ്രന്ഥമാണ് ഇബ്‌നു ജുബൈറിന്റെ രിഹ്്‌ല. ഇറ്റാലിയന്‍ ഭാഷയില്‍ പോലും വിവര്‍ത്തനമുള്ള ഗംഭീര കൃതിയാണത്. കുരിശുയുദ്ധങ്ങള്‍ നടന്ന കാലത്താണ് ഇബ്‌നു ജുബൈറിന്റെ യാത്രകള്‍. പന്ത്രണ്ടാം നൂറ്റാണ്ടിലെ മക്കയും മദീനയുമാണ് രിഹ്്‌ലയിലുള്ളത്.
എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലെ മക്കയും മദീനയുമാണ് ഹൈക്കലിന്റെ പുസ്തകത്തിലുള്ളത്. വിശുദ്ധ നഗരങ്ങളുടെ ഹൃദയത്തില്‍ പ്രവേശിച്ച പ്രതീതിയാണ് വായന സമ്മാനിക്കുന്നത്. പതിനാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹൈക്കലിന്റെ പുസ്തകം വായിച്ചത്. ത്വാഹാ ഹുസൈന്‍ -നജീബ് മഹ്ഫൂസ് തുടങ്ങിയ സാഹിത്യ കുലപതികളെ വായിച്ച ശേഷവും ഹൈക്കലിന്റെ ഗദ്യത്തിന് ഒരു രുചിക്കുറവും തോന്നിയിട്ടില്ല. അത്രയും സമ്പന്നമാണ് അദ്ദേഹത്തിന്റെ ഗദ്യം.
സലഫിസത്തിന്റെയും സൗദിയുടെ പെട്രോ ഡോളര്‍ ഉദയത്തിന്റെയും “സുവര്‍ണ ദശക’മായ 1934ലാണ് ഹൈക്കലിന്റെ പുണ്യനഗരങ്ങളിലേക്കുള്ള യാത്ര. ജന്നതുല്‍ ബഖീഅ് ഉള്‍പ്പെടെ പല സ്ഥലങ്ങളുടെയും വിവരണത്തില്‍ പ്രവാചകന്‍ എത്ര പ്രാവശ്യം ഇവിടെ വന്നു നിന്നിട്ടുണ്ടാകുമെന്നൊക്കെ അയവിറക്കും. ചരിത്ര ദശാസന്ധികളെ ഓരോ സന്ദര്‍ശന കേന്ദ്രങ്ങളിലും ഇണക്കിചേര്‍ത്തുകൊണ്ടുള്ള ആഖ്യാനം നല്‍കുന്ന അനുഭൂതി വര്‍ണനാതീതമാണ്. തിരുനബിയും സന്തത സഹചാരി അബൂബകര്‍ സിദ്ദീഖും ശത്രുക്കള്‍ കാണാതെ ഗുഹയില്‍ കഴിഞ്ഞ അവിസ്മരണീയ നിമിഷങ്ങളുടെ ചിത്രീകരണം ഗദ്ഗദത്തോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. അക്കാദമിക് ഇന്റഗ്രിറ്റിയാണ് ഹൈക്കലിന്റെ പുസ്തകത്തിന്റെ ഹൈലൈറ്റ് ■

Share this article

About ഉമര്‍ ഇബ്രാഹീം

umarsaqafi@gmail.com

View all posts by ഉമര്‍ ഇബ്രാഹീം →

Leave a Reply

Your email address will not be published. Required fields are marked *