ക്ലസ്റ്ററുകള്‍

Reading Time: < 1 minutes

വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിലും സംഘടനയുടെ ജൈവികത നിലനിര്‍ത്തുന്നതിലും പ്രധാന ഘടകമാണ് ആഭ്യന്തര നവീകരണം. ഓരോ കാലത്തെയും കൗണ്‍സിലില്‍ നടക്കുന്ന ആശയ ചര്‍ച്ചകളാണ് പ്രധാനമായും ഇത് സാധ്യമാക്കുക. പേരിലോ ഘടനയിലോ സംവിധാനങ്ങളിലോ രീതിശാസ്ത്രങ്ങളിലോ ഒക്കെയാവാമിത്.
ഇത്തരത്തില്‍ സംഘടനയുടെ ഘടനാസംവിധാനത്തില്‍ വരുന്ന പ്രധാന പരിഷ്‌കാരമാണ് ക്ലസ്റ്ററുകള്‍. ഒരു കമ്മിറ്റിക്കാണ് പൊതുവായ ഉത്തരവാദിത്വം എങ്കിലും ചുമതലകള്‍ ഒന്നോ രണ്ടോ ഭാരവാഹികളില്‍ കേന്ദ്രീകരിക്കുകയും മറ്റുള്ളവര്‍ സഹഭാരവാഹികളായി തുടരുകയും ചെയ്തിരുന്ന ആദ്യകാല രീതിയില്‍ നിന്ന് വിജയകരമായി നടപ്പാക്കിയ വികേന്ദ്രീകരണ ശൈലിക്ക് സംഘടനയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ ഭാരവാഹിയും അവരവര്‍ വഹിക്കുന്ന ചുമതലയുടെ പേരില്‍ അറിയപ്പെടുകയും സ്വതന്ത്രവും സമാന്തരവുമായ പ്രവൃത്തിപഥം വികസിപ്പിക്കുന്നതില്‍ ഉപസമിതികള്‍ കൃത്യമായ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തു.
ഇങ്ങനെ ഭാരവാഹികളില്‍ ഒരാള്‍ നേതൃത്വം നല്‍കുന്ന ഉപസമിതികളില്‍ അംഗങ്ങളായ എക്‌സിക്യൂട്ടീവ് മെമ്പറിന് സമിതിക്കകത്തെ പ്രത്യേക സ്ഥിരം ചുമതലകള്‍ നല്‍കി കൂട്ടുത്തരവാദിത്വവും ലീഡര്‍ഷിപ് പ്രയോഗവും സാധ്യമാക്കാനുള്ള ചുവടുകളുമുണ്ടായി. ഈ രീതികളുടെ വികസിതവും നവീനവുമായ പരിഷ്‌കാരമാണ് ക്ലസ്റ്ററുകള്‍ എന്ന ആശയം.
ഉപസമിതി സംവിധാനത്തില്‍ നേതൃത്വം വഹിച്ചിരുന്നത് ഒരു ഭാരവാഹിയായിരുന്നെങ്കില്‍ പുതിയ ക്രമീകരണപ്രകാരം രണ്ടു വീതം ഭാരവാഹികളാണ് ഒരു ക്ലസ്റ്ററിനെ നയിക്കുക. തുല്യ ഉത്തരവാദിത്വത്തില്‍ ചര്‍ച്ചകള്‍ അവതരിപ്പിക്കാനും പങ്കാളിത്ത സ്വഭാവത്തോടെ നിര്‍വഹണം എളുപ്പമാക്കുന്നതിനും ഈ രീതി സഹായകമാകും. കേന്ദ്ര ബോഡികളിലെ പദ്ധതി ചര്‍ച്ചകളില്‍ ആശയചോര്‍ച്ചയില്ലാതെയും വകുപ്പ് താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും ഭാരവാഹിതുണ ഉപകരിക്കും. പ്രവാസത്തിലെ അവധിയും മാറ്റവും ഉണ്ടാക്കുന്ന ആകസ്മികതകള്‍ സൃഷ്ടിക്കുന്ന ശൂന്യത പുതിയ സംവിധാനത്തില്‍ കുറച്ചുകൊണ്ടുവരാനും കഴിയും. ഒപ്പം മേല്‍ – കീഴ് ധ്വനിയുള്ള പദവികളില്‍ രണ്ടു ഭാരവാഹികളെ ചുമതലപ്പെടുത്തുമ്പോഴുണ്ടാകുന്ന മുന്‍ഗണനാ പ്രശ്‌നങ്ങളോ തിരഞ്ഞെടുപ്പിലെ അപാകമോ തിരുത്തപ്പെടുകയും ചെയ്യുമെന്നാണ് കരുതുന്നത്.
പ്രതിവാര കണ്‍വീനറേറ്റുകളില്‍ കൃത്യമായി എന്‍ഗേജ് ചെയ്യുന്ന ഭാരവാഹികളാണ് നിലവില്‍ ആര്‍എസ്്സിയിലുള്ളത്. എന്നാല്‍ ശീര്‍ഷ സ്ഥാനം വഹിച്ചിരുന്നവര്‍ മേല്‍ഘടകത്തിലെ സ്വതന്ത്ര പ്രവര്‍ത്തക സമിതിയാകുന്നതോടെ മീറ്റിങ്ങുകളുടെ ഈ തുടര്‍ച്ച നഷ്ടപ്പെടുന്നു. പ്രവര്‍ത്തക സമിതി മാസത്തില്‍ ഒന്ന് ആണ് ചേരാറുള്ളത് എന്നതാണ് കാരണം. ഈ പ്രശ്‌നത്തെ ക്ലസ്റ്റര്‍ അഡ്രസ് ചെയ്യുന്നു. പത്ത് ദിവസത്തിലൊരിക്കല്‍ ക്ലസ്റ്ററുകള്‍ സംഗമിച്ചിരിക്കണമെന്ന നിബന്ധന അംഗങ്ങളെ കൂടുതല്‍ ഊര്‍ജസ്വലമാക്കും.
കൂടാതെ ഇങ്ങനെ സംഘത്തിനകത്തെ ചെറു സംഘങ്ങളാകുന്നത് ആശയ രൂപീകരണത്തിനും പദ്ധതി ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും പിന്തുടര്‍ച്ചകള്‍ക്കും ഗുണകരമാകും. മാത്രമല്ല, തനിച്ച് ചുമതലകള്‍ കൈകാര്യം ചെയ്യുക, അംഗങ്ങളുടെ പരിമിതി കാരണം ഏറ്റെടുക്കുന്നവ ഭാരമാകുക, ചുമതയേല്‍ക്കപ്പെട്ട ഭാരവാഹിയുടെ അഭാവംമൂലം ആ വിഭാഗം നിശ്ചലമാകുക എന്നിവക്കും ക്ലസ്റ്റര്‍ സംവിധാനം പരിഹാരമാകും. ഇതിനെല്ലാം പുറമെ പ്രതിമാസ പ്രവര്‍ത്തക സമിതികളില്‍ ക്ലസ്റ്ററുകള്‍ തമ്മിലുള്ള ആശയപരമായ സംവേദനവും സംവാദവും സംഘട്ടനവും സൃഷ്ടിക്കുന്ന സര്‍ഗാത്മകതയും പ്രവര്‍ത്തനസുഖവും ഒന്നുവേറെത്തന്നെയായിരിക്കും ■

Share this article

About വിപികെ മുഹമ്മദ്‌

muhammadvpk@gmail.com

View all posts by വിപികെ മുഹമ്മദ്‌ →

Leave a Reply

Your email address will not be published. Required fields are marked *