വാഹനത്തെ പ്രചരിപ്പിക്കാന്‍ ജാഥയോ

Reading Time: 2 minutes

“അത് പൊളിയാ’, “തല്ലിപ്പൊളിയാ’, “അടിച്ചു പൊളിയാ’ എന്നൊക്കെ നമ്മള്‍ നിത്യേന ഉപയോഗിക്കാറുണ്ടല്ലോ? പൊളി എന്ന വാക്കിനു സംഭവിച്ച അർഥപരിണാമങ്ങള്‍ ഏറെ രസകരമാണ്.
കാല്‍നൂറ്റാണ്ടു മുമ്പ് “പൊളി’ എന്ന് ഉപയോഗിക്കുമ്പോഴുള്ള അർഥമല്ല ഇപ്പോഴുള്ള “പൊളി’ക്ക്. പൊളി എന്ന് മുമ്പു പറയുന്നത് മോശം എന്ന അർഥത്തിലായിരുന്നു. “ആ സിനിമ പൊളി’, “ആ ആള് പൊളിയാ’ എന്നൊക്കെ പറഞ്ഞാല്‍ ആ സിനിമ മോശമാണെന്നും ആ വ്യക്തി മോശക്കാരനാണെന്നോ മോശക്കാരിയണെന്നോ ഒക്കെയായിരുന്നു അർഥം. പിന്നീട് പൊളിയുടെ കൂടെ “തല്ലി’ച്ചേര്‍ത്തു. വളരെ മോശം എന്ന അർഥത്തെ ഒന്നുകൂടി ഉറപ്പിച്ചുനിര്‍ത്താന്‍. വെറും പൊളിയങ്ങനെ “തല്ലിപ്പൊളി’യായി.
ജീവിതാവസ്ഥകള്‍ക്കു വരുന്ന മാറ്റമനുസരിച്ച് ഭാഷാപ്രയോഗങ്ങള്‍ക്കും നിരന്തരമായ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കും. ആ വിധം പൊളിയുടെ അർഥതലങ്ങള്‍ പിന്നെ പൊളിഞ്ഞുതുടങ്ങി. തല്ലിപ്പൊളിക്കു സമാനമായി “അടിച്ചുപൊളി’ വന്നു. പക്ഷേ അടിച്ചുപൊളിക്കാന്‍ തുടങ്ങിയതോടെ അർഥം മറ്റൊന്നായി. മോശം ഗംഭീരമായി. “അത് അടിച്ചുപൊളി സിനിമയാ’, “അവള്‍ ആള് അടിച്ചുപൊളിയാ’ എന്നൊക്കെ പറഞ്ഞാല്‍ ഏറെ ഗംഭീരം എന്ന അർഥമാണ് ലഭിക്കുക. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. രണ്ടിന്റെയും വാച്യാർഥം ഒന്നാണ് എന്നതാണ്. തല്ലിപ്പൊളിക്കുക എന്നാല്‍ ഒരാള്‍ കായികമായോ ഏതെങ്കിലും ആയുധം ഉപയോഗിച്ചോ ശക്തി ഉപയോഗിച്ച് അടിച്ചുപൊളിക്കുക എന്നു തന്നെയാണ്. തല്ലലും അടിക്കലും ഒന്നാണെങ്കിലും തല്ലിപ്പൊളിച്ചാല്‍ വളരെ മോശവും അടിച്ചു പൊളിച്ചാല്‍ ഏറെ ഗംഭീരവുമായി. നോക്കണേ, ഭാഷയുടെ മാന്ത്രികതകള്‍. ഇപ്പോള്‍ ന്യൂജന്‍ പിള്ളേര്‍ പൊളി എന്ന് മാത്രം പറഞ്ഞാലും ഗംഭീരം എന്നാണർഥം.

ഉദനമില്ലെങ്കിലും നമുക്കസ്തമനമുണ്ട്
നാം സ്ഥിരമായി ഉപയോഗിക്കുന്ന പദങ്ങളാണ് ഉദയവും അസ്തമയവും. ഇതില്‍ ഉദയത്തിന് പ്രശ്‌നമൊന്നുമില്ല. പക്ഷേ അസ്തമയത്തിന്റെ സ്ഥിതി അങ്ങനെയല്ല. അതില്‍ ചിലപ്പോള്‍ “മന’ കടന്നുവരും. അസ്തമനമാകും. അസ്തം + അയം = പതനത്തെ പ്രാപിക്കല്‍ എന്നാണ് അർഥം. ഉദ് + അയം = ഉയര്‍ച്ചയെ പ്രാപിക്കല്‍. ഭാഷയില്‍ ഉദയംപോലെ തന്നെയാണ് അസ്തമയവും. അതുകൊണ്ട് “അസ്തമനം’ തെറ്റ്, “അസ്തമയം’ ശരി.

തിരഞ്ഞെടുപ്പോ? തെരഞ്ഞെടുപ്പോ?
നാം തിരഞ്ഞെടുക്കാറാണോ, തെരഞ്ഞെടുക്കാറാണോ പതിവ്? പത്രത്തില്‍ തിരഞ്ഞെടുപ്പും തെരഞ്ഞെടുപ്പും ഉണ്ടാവാറുണ്ട്. അപ്പോള്‍ ഏതാണ് ശരി? രണ്ടും ശരിയാണോ? അതോ രണ്ടും തെറ്റാണോ? രണ്ടും രണ്ടർഥങ്ങളാണ് ഉണ്ടാക്കുന്നത്. തിരഞ്ഞെടുപ്പ് അനേകത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പാണ്. ഇംഗ്ലീഷിലെ choose എന്ന അർഥത്തിലുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പാവട്ടെ അകലെയുള്ളതിനെ തെരഞ്ഞുപോയി എടുക്കലാവും. അതുകൊണ്ട് വോട്ടെടുപ്പ് തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുത്ത കഥകളാണ് നമുക്കു വേണ്ടത്. തെരഞ്ഞെടുത്ത കഥകളല്ല.

പിന്നോക്ക ക്കാരുണ്ടോ?
നാം നിത്യേന പത്രത്തിലും മറ്റും കണ്ടുവരുന്നതും ഉപയോഗിച്ചുവരുന്നതുമായ പദങ്ങളാണ് പിന്നോക്കം മുന്നോക്കം. “പിന്നോക്കക്കാര്‍ക്കുള്ള സംവരണം അട്ടിമറിച്ചു’. “ഗവൺമെന്റ് മുന്നോക്ക സമുദായങ്ങളോടും നീതി കാണിക്കണം’ എന്നെല്ലാമുള്ള വാക്യങ്ങള്‍ നിത്യവും പലനിലയിലും പരിചയപ്പെടാറുണ്ട്. ഇതില്‍ ഏതാണ് ശരി, എന്താണ് തെറ്റ്? പിന്‍ + ആക്കം = പിന്നാക്കം (പിന്നോട്ട് പോകല്‍). അതിനാല്‍ മുന്നോട്ടുള്ള പോകല്‍ മുന്നാക്കം. പിന്നാക്കവും മുന്നാക്കവുമേയുള്ളൂ. പിന്നോക്കവും മുന്നോക്കവുമില്ല.

ഉദ്ദേശമോ? ഉദ്ദേശ്യമോ?
ഉദ്ദേശം = ഏകദേശം, ഉദ്ദേശ്യം = ലക്ഷ്യം. ജീവിതത്തിന് ഉദ്ദേശങ്ങളല്ല, ഉദ്ദേശ്യങ്ങളാണ് വേണ്ടത്. പ്രതീക്ഷിക്കുന്ന ചെലവാകട്ടെ ഉദ്ദേശവും.

പ്രചാരണമോ? പ്രചരണമോ?
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് പ്രചരണം. “വാഹന പ്രചരണ ജാഥ,’ “കാല്‍നട പ്രചരണ ജാഥ’ എന്നൊക്കെ പതിവായി ഉപയോഗിച്ചുവരാറുണ്ട്. ഇതില്‍ എന്തെങ്കിലും പിശകുണ്ടോ?
പ്രചരണം എന്നാല്‍ പ്രചരിക്കല്‍, പ്രചാരണം എന്നാല്‍ പ്രചരിപ്പിക്കല്‍. അങ്ങനെ വരുമ്പോള്‍ വാഹന പ്രചരണ ജാഥ വാഹനത്തെ പ്രചരിപ്പിക്കുന്ന ജാഥയാവും. കാല്‍നട പ്രചരണ ജാഥ കാല്‍നടയെ പ്രചരിപ്പിക്കുന്ന ജാഥയും. എന്താണോ അവര്‍ ഉദ്ദേശിച്ചത് അതിന് നേര്‍വിപരീതമായ അർഥമാണ് ലഭിക്കുക. വാഹനത്തെ പ്രചരിപ്പിക്കാനല്ലല്ലോ പാര്‍ട്ടികള്‍ ജാഥ സംഘടിപ്പിക്കുന്നത്. തങ്ങളുടെ ആശയങ്ങള്‍ ആളുകളില്‍ എത്തിക്കുന്നതിനു വേണ്ടിയാണ്. അപ്പോള്‍ വാക്യഘടനയില്‍ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. വാഹന പ്രചരണ ജാഥ ക്കു പകരം പ്രചാരണ വാഹന ജാഥ എന്നെഴുതണം. ആശയ പ്രചാരണത്തിന് വാഹനം ഉപയോഗിക്കുന്നു എന്നു മാത്രം. അപ്പോള്‍ ശരിയായത് പ്രചാരണ വാഹന ജാഥ, പ്രചാരണ കാല്‍നട ജാഥ ■

Share this article

About ദേവേശന്‍ പേരൂര്‍

devesanperur@gmail.com

View all posts by ദേവേശന്‍ പേരൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *