പൂമണം പരത്തുന്ന യാത്രകള്‍

Reading Time: 3 minutes

ഒരു യാത്ര യാത്രയാകുന്നതും അത് ആഹ്ലാദകരമായ ഒരനുഭവമാകുന്നതും ദൈനംദിന സ്ഥിരയാത്രയില്‍ നിന്നും വ്യത്യസ്തമാകുമ്പോഴാണ്. പലര്‍ക്കും ഒരേ സ്‌റ്റോപ്പില്‍ നിന്നാരംഭിച്ച് ഒരേ സ്‌റ്റോപ്പില്‍ അവസാനിക്കുന്ന യാത്ര യാത്രയല്ല. വിരസതയുടെയും ആവര്‍ത്തനത്തിന്റെയും എന്നുമൊരു പോലെയുള്ള ചര്യ എങ്ങനെയാണ് യാത്രയാകുന്നത്? ഒരിക്കലും ആവര്‍ത്തിക്കപ്പെടാനാശിക്കാത്ത അടിച്ചേല്‍പിക്കപ്പെടുന്ന പേടിസ്വപ്‌നം. അതും നഗരവീഥികളിലൂടെ തിക്കും തിരക്കുമുള്ള മുറിവില്ലാതൊഴുകുന്ന വാഹനജാഥയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് കൂടിയാണെങ്കില്‍ ഓര്‍ക്കുമ്പോഴേ രോഷം കൊള്ളുന്ന ശാപയാത്ര.
മുക്കുറ്റി എന്ന് യാത്രക്കാര്‍ നാമകരണം ചെയ്ത ഒരു ബസും അതിലെ യാത്രക്കാരും അവര്‍ക്കൊപ്പം നില്‍ക്കുന്ന ജീവനക്കാരും അതിലെ ആഹ്ലാദയാത്രയും, യാത്രയെക്കുറിച്ചുള്ള സകലമാന സങ്കല്പങ്ങളും ധാരണകളും തട്ടിത്തെറിപ്പിച്ചിരിക്കുന്നു. ഒരൊറ്റ റൂട്ടിലുള്ള മുക്കുറ്റി യാത്ര. ജീവനക്കാര്‍ക്കും അതില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഒരാനന്ദയാത്ര. ദിവസവും രാവിലെയും വൈകുന്നേരവും ബസിന് മുന്നിലേക്ക് ഓടിയെത്താനും കൈനീട്ടി നിര്‍ത്താനും അതിലിനി എത്ര തിരക്കുണ്ടായാലും യാത്ര ചെയ്യാനും, ആറ്റുനോറ്റിരിക്കുന്ന അദ്ഭുതയാത്ര.
കോഴിക്കോട് ജില്ലയിലെ മുക്കത്ത് നിന്ന് മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വരെ, നഗരത്തിലൂടെ കെഎസ്ആര്‍ടിസി ബസിലുള്ള ദൈനംദിന യാത്രയാണ് പതിവ് കാര്യങ്ങള്‍ മാറ്റിമറിച്ചിരിക്കുന്നത്. വെറുമൊരു അമ്പത്തിയഞ്ച് കിലോമീറ്റര്‍ ബസ് സഞ്ചാരം, യാത്രയ്ക്ക് ഒരു പുതിയ നിര്‍വചനവും ഭാഷ്യവുമായി മാറിയിരിക്കുന്നു. അതാണ് മുക്കം-യൂനിവേഴ്‌സിറ്റി; മുക്കുറ്റി കെഎസ്ആര്‍ടിസി ബസ് യാത്ര. ആദ്യമത് തിരുവമ്പാടി-യൂനിവേഴ്‌സിറ്റി ബസായിരുന്നു. പിന്നീടത് റൂട്ട് മാറി മുക്കുറ്റിയായി.
2017ലാണ് ആരംഭം. രണ്ടായിരത്തോളം അധ്യാപകരും അധ്യാപകേതരുമടങ്ങുന്ന കിന്‍ഫ്ര, സൈബര്‍പാര്‍ക്ക്, യൂനിവേഴ്‌സിറ്റി ജീവനക്കാര്‍ക്കു വേണ്ടി മൂന്ന് ലോ ഫ്ലോർ ബസുകളാരംഭിച്ചു. മുക്കം-യൂനിവേഴ്‌സിറ്റി, തൊട്ടില്‍പാലം-യൂനിവേഴ്‌സിറ്റി, പെരിന്തല്‍മണ്ണ-യൂനിവേഴ്‌സിറ്റി ബസുകളാണ് അനേകം യാത്രക്കാരുടെ ആവശ്യാര്‍ഥം ആരംഭിച്ചത്. മഞ്ഞയും ഇളം പച്ചയും നിറങ്ങളിലൊരു സര്‍ക്കാര്‍ ശകടയാത്ര. മൂവരില്‍ മുക്കുറ്റിയാണ് കേരളത്തിലെ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ മുന്നനുഭവമോ സമാനതകളോ ഇല്ലാത്ത യാത്രാവാഹനമായി മാറിയത്. ബസ് യാത്രയ്ക്ക് പുതിയൊരു മാനം നല്‍കിയ സ്വപ്‌നവാഹനമായി ഇന്നും മുക്കുറ്റി നിലകൊള്ളുന്നു.

മുക്കുറ്റി യാത്രയുടെ പിറവി
രണ്ട് സംഭവങ്ങള്‍ മുക്കുറ്റിയുടെ ജന്മത്തിന് കാരണമായി. ഒന്ന്; ലാഭകരമാകാതെ പോകുകില്‍ ബസ് നിര്‍ത്തലാക്കപ്പെടും എന്ന കട്ടപ്പുറത്ത് കേറിനിന്ന ഭീഷണി. രണ്ട്; യാത്രയെക്കുറിച്ചുള്ള അറിവ് നല്‍കാനാരംഭിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പ്. ജനസേവനമാണ് ലക്ഷ്യമെങ്കിലും കാര്യം നഷ്ടക്കച്ചവടമാണെങ്കില്‍ ഇടയ്ക്കിടെ പരിഷ്‌കാരങ്ങള്‍ വരും. കണ്ണും മൂക്കുമില്ലാതങ്ങ് നിര്‍ത്തും. ഭീഷണിയെ നേരിടാന്‍ യൂനിവേഴ്‌സിറ്റി ജീവനക്കാരില്‍ ചിലര്‍ മുന്‍-പിന്‍ വാതിലുകള്‍ക്ക് അരികെ നിന്ന് യാത്രക്കാരെ വിളിച്ചുകയറ്റും. യൂനിവേഴ്‌സിറ്റി.. യൂനിവേഴ്‌സിറ്റി.. കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സ്വാഗതാചരണം യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കുമിടയില്‍ അസാധാരണമായ ഒരാത്മബന്ധമുണ്ടാക്കി. ബസ് പുറപ്പെടുന്ന വിവരവും പിന്നാലെ ഓരോ സ്‌റ്റോപ്പിലെത്തുമ്പോഴുള്ള അറിയിപ്പും നല്‍കിയിരുന്ന വാട്‌സാപ്പ് ഗ്രൂപ്പ് യാത്രക്കാര്‍ക്കിടയില്‍ പരിചിത ബന്ധം കെട്ടിമുറുക്കി. ഓരോ സ്‌റ്റോപ്പില്‍ നിന്നും കയറേണ്ടുന്നയാളെ രണ്ടുദിനം കാണാതായാല്‍ എവിടെപ്പോയി എന്ന ആശങ്കയായത് വളര്‍ന്നു. എത്തുന്ന നേരം വൈകിയാല്‍ ഗ്രൂപ്പില്‍ ചോദ്യം; എവിടെ മുക്കുറ്റി? പലരും മുക്കുറ്റി യാത്ര തുടങ്ങിയെന്നറിഞ്ഞ് കുളിക്കുന്നതും വസ്ത്രധാരണം നടത്തുന്നതും രാവിലെ ഭക്ഷണം കഴിക്കുന്നതും വീട്ടില്‍ നിന്നിറങ്ങുന്നതും ആശങ്കയോ അസ്വസ്ഥതയെ ഒട്ടുമില്ലാത്ത വിധം ചിട്ടപ്പെടുത്തി. ബസ് കേറുമ്പോള്‍ ബാഗേറ്റു വാങ്ങാന്‍ ഇരിപ്പിടങ്ങളിലുപവിഷ്ടരായിരിക്കുന്നവര്‍ മത്സരിക്കുകയായി. ആരടുത്തിരുന്നാലും പരസ്പരം വര്‍ത്തമാനം പറച്ചില്‍ ഒരനുഷ്ഠാനമായി. യാത്രക്കാരെ മാത്രമല്ല, കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും കണ്ടില്ലെങ്കിലും പരസ്പരം അറിയാമെന്നായി. കുശലാന്വേഷണങ്ങളും പങ്കുവെക്കലുകളും കൊണ്ട് ചലിച്ചുകൊണ്ടിരിക്കുന്ന വാഹനം അതിലുള്ളവരെ ഒരു കുടുംബമാക്കിമാറ്റി.

യാത്രയ്ക്കിടയിലെ ഭാഗ്യം
2018ല്‍ ബസില്‍ വെച്ച് ഒരു പ്രഖ്യാപനമുണ്ടായി. എല്ലാ മാസവും നേരത്തെ അറിയിക്കുന്ന ഒരു ദിനം നറുക്കെടുക്കുന്നു. നറുക്ക് ലഭിക്കുന്നയാളെ ആ മാസത്തെ ഭാഗ്യവാനോ ഭാഗ്യവതിയോ ആയി തിരഞ്ഞെടുക്കുന്നു. യാത്രക്കാരില്‍ ഒന്നോ രണ്ടോ പേര്‍ സംഭാവന ചെയ്യുന്ന സമ്മാനം അവര്‍ക്ക് നല്‍കുന്നു. അത് യാത്രയ്ക്ക് കൂടുതല്‍ ആവേശം നല്‍കി. ചിലര്‍ ഒന്നിലധികം തവണ ഭാഗ്യശാലികളായി. വഴിയില്‍നിന്ന് ബസ് മാറിക്കേറിയ, അടുത്തൂണ്‍ പറ്റിയ ഒരു അധ്യാപകനായിരുന്നു ഒരുമാസത്തെ ഭാഗ്യവാന്‍. യാത്രക്കാരിലൊരാളായിരുന്ന അസിസ്റ്റന്റ് രജിസ്ട്രാര്‍ സുഗന്ധി മുക്കുറ്റിക്ക് സംഭാവന ചെയ്ത മൈക്കിലൂടെ അയാള്‍ പറഞ്ഞു. “വര്‍ഷങ്ങളായി പല ബസുകളില്‍ യാത്ര ചെയ്യുന്നു. എന്റെ ജീവിതത്തിലിത് പോലൊരു അനുഭവം വേറെ ഉണ്ടായിട്ടില്ല. ഇനിയുണ്ടാകുമെന്നും തോന്നുന്നില്ല.’
ബസ് യാത്രയിലെ മധുരം മറ്റു പലതുമുണ്ടായിരുന്നു. കുടിയേറ്റ പ്രദേശത്ത് ജീവിക്കുന്നവരുടെ വീട്ടില്‍ രണ്ട് പഴക്കുലയോ പപ്പായയോ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് അതു വിതരണം ചെയ്യുന്നു. ജന്മദിനം, ഉദ്യോഗക്കയറ്റം, റിട്ടയര്‍മെന്റ്, മക്കളുടെ വിജയം, മക്കള്‍ക്ക് പ്രശസ്ത സ്ഥാപനങ്ങളില്‍ അഡ്മിഷന്‍, വിദേശയാത്ര കഴിഞ്ഞുവരല്‍, പിഎച്ച്ഡി ലബ്ധി, വിവാഹവാര്‍ഷികം തുടങ്ങിയവ ആഘോഷിക്കുന്നത് മുക്കുറ്റിയില്‍ നിന്നായി. ഒരുവിധമെല്ലാ ദിനങ്ങളിലും മധുരമോ ഭക്ഷണപദാർഥമോ വിതരണം നടക്കുന്നു. മൈക്കിലൂടെ അവരെ അഭിനന്ദിക്കുന്നു. നന്ദി രേഖപ്പെടുത്തുന്നു. ബസ് യാത്രക്കാര്‍ ചലിച്ചുകൊണ്ടിരിക്കുമ്പോഴും ഒരു “കൊച്ചു കമ്യൂണിറ്റി’യായി മാറുകയായിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന യാത്ര സുഖ-ദുഃഖങ്ങള്‍ പങ്കുവെക്കുന്നവരുടെ, ആഘോഷങ്ങളില്‍ ആഹ്ലാദിക്കുകയും വിഷമസന്ധിയില്‍ ആശ്വാസമാകുകയും ചെയ്യുന്ന അപൂര്‍വമായ ഒരു കൂട്ടായ്മയായി. ഓരോ ദിവസത്തെ യാത്രയും വ്യത്യസ്തമായ അനുഭവമായി. പരിചിതത്വത്തിന്റെ വശ്യമായ ആത്മബന്ധം ഒരേ വഴിയിലൂടെയായിരുന്നിട്ടും വേറിട്ട യാത്രകളായി പരിണമിച്ചു. ബസില്‍ കയറുന്നവര്‍ക്ക് സന്തോഷം. ബസ് ജീവനക്കാര്‍ക്ക് ആഹ്ലാദം. യാത്രക്കാരുടെ അപ്രതീക്ഷിത ഉപഹാരങ്ങള്‍ ഇടയ്ക്കിടെ ബസ് ജീവനക്കാരെ തേടിയെത്തി. മുക്കുറ്റിയില്‍നിന്ന് ജോലി മാറ്റമുണ്ടാകുമ്പോള്‍ അവര്‍ക്ക് യാത്രയയപ്പ്. സര്‍ക്കാര്‍ സര്‍വീസില്‍ ലഭിക്കാത്ത ഉപഭോക്താക്കളുടെ ആദരം. അവര്‍ക്ക് പ്രതീക്ഷിക്കാത്ത അംഗീകാരം.

യാത്രികരുടെ ആത്മബന്ധം
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന അസിസ്റ്റന്റ് രജിസ്ട്രാര്‍ യാത്രക്കാരെ വീട്ടിലേക്ക് ക്ഷണിച്ചു. അവര്‍ പറഞ്ഞു. “സഹപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച യാത്രയയപ്പനുമോദനത്തെക്കാളും ഹൃദ്യമായത് എന്റെ സഹയാത്രികര്‍ നല്‍കിയ സ്‌നേഹമാണ്.’ ആഘോഷങ്ങളില്‍ മാത്രമല്ലായിരുന്നു മുക്കുറ്റിയന്‍ സ്പര്‍ശം. പിഎച്ച്ഡിക്ക് പഠിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയപ്പോള്‍ മുക്കുറ്റിക്കാരുടെ കാരുണ്യം പ്രകടമായി. അവള്‍ക്ക് വേണ്ടി നല്ലൊരു തുക സംഭാവന നല്‍കി. അവളുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിച്ചു. കഴിഞ്ഞ പ്രളയകാലത്തും മുക്കുറ്റിയാത്രക്കാരുടെ സഹജീവി ബോധം ഉണര്‍ന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നോട്ടുബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
കോവിഡ് കാലം മുക്കുറ്റിയ്ക്കും സങ്കടകാലമായിരുന്നു. മുക്കുറ്റി യാത്രയ്ക്കും മുടക്കമായി. യാത്രികരുടെ വിരഹകാലമായിരുന്നു അത്. ലോക്ഡൗണ്‍ നാളുകളും വര്‍ക്ക് ഫ്രം ഹോം ചിട്ടകളും മാറിയപ്പോള്‍ മുക്കുറ്റി മടങ്ങിയെത്തി. ബോണ്ട് യാത്രയുമായാണ് കെഎസ്ആര്‍ടിസി ബസുകളില്‍ പലതും പുനഃപ്രത്യക്ഷപ്പെട്ടത്. യാത്രക്കാരുടെ കൂട്ടായ്മയില്‍ “ബോണ്ട്’ ശക്തമായി. അമ്പത്തിയൊന്നു പേരുടെ ബോണ്ട് ബസ് നിലനില്‍ക്കാനുള്ള കാരണം കൂടിയായി. ബസില്‍ ഓരോ ആള്‍ക്കും ഇരിക്കാനുള്ള പ്രത്യേക സ്ഥലമുണ്ടായി. ബോണ്ട്കാല യാത്രയും അങ്ങനെ ആശ്വാസകരമായി. ബോണ്ട് കാലം കഴിഞ്ഞ് മുക്കുറ്റി തിരിച്ചെത്തിയിരിക്കുന്നു. ലോ ഫ്ലോർ ബസ് അപ്രത്യക്ഷമായി. ലോ ഫ്ലോർ ബസുകള്‍ എ സി ബസുകളാക്കി. തിരുവനന്തപുരത്തുകാര്‍ക്ക് ഉപയോഗിക്കാനെടുക്കാനാണെന്ന് രഹസ്യവചനം. മലബാര്‍ റോഡുകള്‍ ലോ ഫ്ലോർ ബസിന് അനുയോജ്യമല്ലെന്നും ശ്രുതി. ലോ ഫ്ലോർ ബസ് വേണമെന്നില്ല. ആ വിധം മുക്കുറ്റി യാത്രക്കാര്‍ ഒന്നായിക്കഴിഞ്ഞിരിക്കുന്നു.

യാത്രക്കാരുടെ യാത്ര
ഓണാഘോഷവും പെരുന്നാളും ക്രിസ്തുമസും മുക്കുറ്റിയിലെത്തിയതിലദ്ഭുതമില്ല. എന്നാല്‍ മുക്കുറ്റി കൂട്ടായ്മ കോവിഡിന് മുമ്പ് അവരുടെ പ്രിയപ്പെട്ട ബസില്‍ തന്നെ രണ്ടു തവണ വിനോദയാത്രയും നടത്തിക്കഴിഞ്ഞിരുന്നു. ആദ്യയാത്ര മലയോര ഭംഗിയിലേക്കായിരുന്നു. പുല്ലൂരാംപാറയിലെ റിച്ച്കൗണ്ട് അഡ്വെഞ്ചര്‍ പാര്‍ക്കിലേക്കായിരുന്നു 2018ലെ ആ യാത്ര. പശ്ചിമഘട്ടത്തിന്റെ മനോഹാരിതയിലേക്ക് ഒരു സാഹസികയാത്ര. യാത്രക്കാരുടെ കുടുംബവും കൂടെയുണ്ടായിരുന്നു. അതിലപ്പുറം മുക്കുറ്റിയുടെ ജീവനക്കാരും. സോഷ്യല്‍ഗെയിംസും കലാപരിപാടികളും മുക്കുറ്റി വിനോദയാത്രയ്ക്ക് പൂമണമേകി.
2019ലെ യാത്ര വയനാട്ടിലേക്കായിരുന്നു. കാരാപ്പുഴ ഡാമിലേക്ക്. വയനാടന്‍ യാത്രകള്‍ നടത്താത്തവരല്ല മുക്കുറ്റിക്കാരില്‍ പലരും. എന്നാല്‍ മുക്കുറ്റിയുടെ ഹൃദ്യമായ സൗരഭ്യം ഈ യാത്രയെയും അവിസ്മരണീയമാക്കി. യാത്രക്കാരുടെ യാത്ര ഇനി വൈകാതെ വീണ്ടും വന്നെത്തുന്നു. അതിനുള്ള ഒരുക്കത്തിലാണ് മുക്കുറ്റി കൂട്ടായ്മ. കോവിഡ് കാലത്തെ നീന്തിക്കടന്ന്, തങ്ങളുടെ ബസ് പുറപ്പെടുന്ന താമരശ്ശേരി ഡിപ്പോയിലേക്ക് സാനിറ്റൈസറും മാസ്‌കുകളും സംഭാവന നല്‍കിയ കൂട്ടായ്മ, മുക്കുറ്റിയുടെ സവിശേഷ യാത്രയ്ക്ക് കാത്തിരിക്കുന്നു.
മുക്കുറ്റി കൂട്ടായ്മക്ക് അഞ്ച് വയസാകുന്നു. അതിന് നേതൃത്വം കൊടുക്കുന്നവര്‍ ഇന്നും സജീവമാണ്. ബിജു, റൈന, അനീഷ്, വേണു, ഷഫീല്‍, ഷൈനി, ഷമി തുടങ്ങിയവര്‍ക്കൊപ്പം ബസ് യാത്രയിലെ സംഗീതം നിലച്ചുപോകാതിരിക്കാന്‍ മൈക്ക് സിസ്റ്റം സംഭാവന ചെയ്ത ജയ്‌സണും കൂടെയുണ്ട്. ഒരൊറ്റ ആഗ്രഹം മാത്രം ലക്ഷ്യം. നിത്യവുമുണ്ടാകുന്ന ഒരേ നിരത്തിലൂടെയുള്ള, വിരസമായേക്കാവുന്ന യാത്ര മധുരവും പൂമണവുമുള്ള അനുഭവമാക്കി മാറ്റുക. കെഎസ്ആര്‍ടിസി ബസ് യാത്രയും ഹൃദ്യമായ ഓര്‍മകളില്‍ ഒന്നാക്കിത്തീര്‍ക്കുക. അത് യാത്രയ്ക്ക് നല്‍കുന്ന പുതിയൊരു ഭാവമായിത്തീര്‍ന്നിരിക്കുന്നു. സ്ഥിരം യാത്രയ്ക്ക് ഒരു പുതുമാനം നല്‍കുന്ന യാത്ര. ഒരുപക്ഷേ കേരളത്തില്‍ മറ്റു പലയിടങ്ങളിലും പരസ്പരം മിണ്ടാതിരുന്നും അറിയാതിരുന്നും സ്വയം വിരസത സൃഷ്ടിക്കുന്ന യാത്രക്കാര്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്ന ഒരു പച്ചപ്പ്. യാത്രയുടെ മേന്‍മയും മാധുര്യവും യാത്രികരുടെ മനസില്‍ നിന്നാണുണ്ടാകുന്നതെന്ന് വെളിപ്പെടുത്തുന്ന വേറിട്ടുനില്‍ക്കുന്ന ഒരു പരീക്ഷണം■

Share this article

About എൻ പി ഹാഫിസ് മുഹമ്മദ്

nphafiz@gmail.com

View all posts by എൻ പി ഹാഫിസ് മുഹമ്മദ് →

Leave a Reply

Your email address will not be published. Required fields are marked *