മക്കയുടെ വിശപ്പടക്കിയ അനുകമ്പ

Reading Time: 3 minutes

ഒരു കടങ്കഥ
റസൂലിന്റെ സന്നിധി. അവിടുത്തെ വാക്കുകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന അനുചരന്മാര്‍. തിരുനബി(സ്വ): “ഞാനൊരു മരത്തെക്കുറിച്ച് ചോദിക്കാം. ആ മരത്തിന്റെ ഇലകള്‍ കൊഴിയില്ല. ഏതുകാലത്തും ഫലം കായ് ക്കും. ഒരു വിശ്വാസിയുടെ ഉപമയാണ് ആ മരം. ആ മരത്തില്‍ നിന്ന് ലഭിക്കുന്നതെല്ലാം ഉപകാരം ഉള്ളതാണ്.’
സ്വഹാബത്ത് താഴ്‌വരയിലെ ഓരോ മരങ്ങളെക്കുറിച്ചും ആലോചിച്ചു കൊണ്ടിരുന്നു. അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ)വിന് ഉത്തരം പിടികിട്ടി. ഈത്തപ്പഴമരമാണത്. പക്ഷേ, അബൂബക്കര്‍(റ), ഉപ്പ ഉമര്‍(റ) അടക്കമുള്ള മുതിര്‍ന്നവരൊന്നും ഉത്തരം പറയുന്നില്ല. ഇത് കണ്ടപ്പോള്‍ കൂട്ടത്തില്‍ ചെറിയ പ്രായക്കാരനായ അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ) ഉത്തരം പറഞ്ഞില്ല.
ശേഷം സ്വഹാബത്ത് അഭ്യർഥിച്ചു. “പറയൂ തിരുദൂതരേ,’ നബി(സ്വ) പറഞ്ഞു: “ഈത്തപ്പഴമരം’. സദസ് പിരിഞ്ഞപ്പോള്‍ അബ്ദുല്ലാഹ് ഉപ്പയോട് പറഞ്ഞു: “ഉപ്പാ, മുത്ത്‌നബി(സ്വ)യുടെ ചോദ്യത്തിന്റെ ഉത്തരം ഈത്തപ്പഴമരം ആണെന്ന് എനിക്കറിയാമായിരുന്നു.’
ഉമര്‍(റ) ചോദിച്ചു: “എന്നിട്ട് എന്തുകൊണ്ട് പറഞ്ഞില്ല?’ അബ്ദുല്ലാഹ് പറഞ്ഞു: “മുതിര്‍ന്നവര്‍ ആരും മിണ്ടാതിരിക്കുന്നതു കണ്ടപ്പോള്‍ എനിക്ക് പറയാന്‍ മടി തോന്നി.’ ഉമര്‍(റ) പറഞ്ഞു: “നീ പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ഏറെ സന്തോഷമാകുമായിരുന്നു’
(സുബുലുല്‍ ഹുദാ
വർറശാദ് 9/135)

അന്‍സ്വാരിയുടെ സൽകാരം
ഇരുള്‍ മുറ്റിയ രാത്രി. മരുഭൂമിയെ തഴുകുന്ന കുളിര്‍ക്കാറ്റ്. വിശപ്പ് സഹിക്കാനാവാതെ തിരുനബി(സ്വ) പുറത്തിറങ്ങി നടന്നു. വഴിയില്‍ അബൂബകര്‍ സിദ്ദീഖ്(റ)നെ കണ്ടുമുട്ടി. “അബൂബകര്‍, എന്തിനാണീ പാതിരാനേരത്ത് പുറത്തിറങ്ങിയത്?’ മുത്ത്‌നബി(സ്വ) ചോദിച്ചു. “വിശപ്പ് സഹിക്കാനാവാതെ പുറത്തിറങ്ങിയതാണ് റസൂലേ’. അബൂബകര്‍(റ) വിന്റെ മറുപടി.
ഇരുവരും ഒരുമിച്ചു നടക്കവേ വഴിയില്‍ ഉമര്‍(റ)വിനെ കണ്ടുമുട്ടി. തിരുനബി(സ്വ) കാര്യമന്വേഷിച്ചു. “വിശപ്പു തന്നെയാണ് പുറത്തിറങ്ങാന്‍ കാരണം’. ഉമര്‍(റ) പറഞ്ഞു.
മൂവരും ഒരു അന്‍സ്വാരിയുടെ വീടിനടുത്തെത്തി. കതകില്‍ മുട്ടി. അന്‍സ്വാരിയുടെ ഭാര്യയാണ് വാതില്‍ തുറന്നത്. അവര്‍ ഒരു തല്പം വിരിച്ച് നബി(സ്വ)യെയും അനുചരരെയും സന്തോഷപൂര്‍വം സ്വീകരിച്ചിരുത്തി.
“നിന്റെ പ്രിയതമന്‍ എവിടെ?’ റസൂല്‍(സ്വ) അന്വേഷിച്ചു.
“കുടിക്കാനുള്ള വെള്ളം തേടി പോയതാണ്. ഇപ്പോള്‍ തിരിച്ചുവരും’. അവര്‍ പറഞ്ഞു. മഹതി അവര്‍ക്കായി വിവിധയിനം ഈത്തപ്പഴങ്ങള്‍ നൽകി.
ഏറെ വൈകിയില്ല. അന്‍സ്വാരി കടന്നുവന്നു. അതിഥികളെ കണ്ടപ്പോള്‍ അന്‍സ്വാരിക്ക് സന്തോഷം അടക്കാനായില്ല. “ലോകത്ത് ഏറ്റവും മഹത്വമേറിയ അതിഥികളാണല്ലോ ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്നത്’. അന്‍സ്വാരി പറഞ്ഞു. മൂന്നുപേരെയും സൽകരിച്ചു. തണുത്ത വെള്ളം നല്‍കി. അന്‍സ്വാരി ആടിനെ അറുക്കാന്‍ തയാറെടുക്കുന്നതു കണ്ട തിരുനബി(സ്വ) പറഞ്ഞു: “കറവയുള്ള ആടിനെ അറുക്കരുതേ..’
കറവയില്ലാത്ത ഒരു ആടിനെ അറുത്ത് പാചകം ചെയ്ത് അന്‍സ്വാരി തിരുനബി(സ്വ)ക്കും ഉറ്റ കൂട്ടുകാര്‍ക്കും സദ്യയൊരുക്കി.
സമൃദ്ധമായ ഭക്ഷണം കഴിച്ചപ്പോള്‍ വിശപ്പും ദാഹവും ശമിച്ചു. അവര്‍ അന്‍സ്വാരിക്കുവേണ്ടി പ്രാര്‍ഥിച്ചു. നന്ദി പറഞ്ഞു. ശേഷം അബൂബകര്‍(റ)നെയും ഉമര്‍(റ)നെയും നോക്കി മുത്ത്‌നബി(സ്വ) പറഞ്ഞു: “അല്‍ഹംദുലില്ലാഹ്! നല്ല ഭക്ഷണം. പ്രിയപ്പെട്ടവരേ, ഈ അനുഗ്രഹത്തെക്കുറിച്ച് അല്ലാഹു പരലോകത്തു വെച്ച് നമ്മോട് ചോദിക്കുക തന്നെ ചെയ്യും.’ തിരുനബി(സ്വ)യുടെ കണ്ണുകള്‍ സജലമായി, ഉമറൈനിയുടെയും.
(അല്‍ അന്‍വാര്‍ – ബഗ്‌വി 1/333)

സുമാമയുടെ മോചനം
യമാമയിലെ നേതാവും ഭരണാധികാരിയുമായിരുന്നു സുമാമ ബിന്‍ ഉസാല്‍. മദീനയുടെ പരിസരപ്രദേശങ്ങളിലുള്ള നേതാക്കള്‍ക്കെല്ലാം അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് തിരുനബി(സ്വ) കത്തെഴുതിയിരുന്നു.
റസൂലിന്റെ കത്ത് ലഭിച്ച സുമാമ സത്യമതത്തിലേക്കുള്ള ക്ഷണം നിരസിച്ചു എന്ന് മാത്രമല്ല, റസൂലിനെ(സ്വ) വധിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. മുസ്‌ലിംകളെ കഠിനമായി ഉപദ്രവിക്കുകയും ചിലരെ ക്രൂരമായി വധിക്കുകയും ചെയ്തു. സുമാമയെ എവിടെ വെച്ച് കണ്ടാലും വധിക്കാമെന്നുവരെ തിരുനബി(സ്വ) കൽപന നല്‍കിയിരുന്നു.
ഒരിക്കല്‍ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ട സുമാമയെ തിരുനബി(സ്വ) വിന്യസിച്ച മദീനയുടെ അതിര്‍ത്തി സംരക്ഷണ സേന പിടികൂടുകയും പ്രവാചകസന്നിധിയില്‍ കൊണ്ടുവരികയും ചെയ്തു. അത് ആരാണെന്നവര്‍ക്ക് മനസിലായിരുന്നില്ല. സുമാമയെ തിരിച്ചറിഞ്ഞ നബി(സ്വ) സ്വഹാബത്തിനോട് പറഞ്ഞു: “ഇത് യമാമയുടെ നേതാവ് സുമാമയാണ്. വളരെ മാന്യമായി മാത്രമേ ഇദ്ദേഹത്തോട് പെരുമാറാവൂ.’
ശേഷം സുമാമയെ പള്ളിയുടെ തൂണില്‍ ബന്ദിയാക്കി വെച്ചു. തിരുനബി(സ്വ) വീട്ടില്‍ പോയി സ്വന്തം ഒട്ടകത്തിന്റെ പാലും സമൃദ്ധമായ ആഹാരവും കൊണ്ടുവന്നു സുമാമക്ക് നല്‍കി. അല്പം കഴിഞ്ഞ് തിരുനബി(സ്വ) സുമാമയോട് ചോദിച്ചു: “താങ്കള്‍ എന്തു പറയുന്നു സുമാമാ?’
സുമാമ മറുപടി നല്‍കി: “നല്ലതുതന്നെ. എന്നെ വധിക്കാനാണ് തീരുമാനം എങ്കില്‍ ഞാന്‍ അതിന് അര്‍ഹന്‍ തന്നെയാണ്. എനിക്കു മാപ്പു നല്‍കുകയാണെങ്കില്‍ ഞാന്‍ എന്നും അങ്ങയോട് നന്ദിയുള്ളവനായിരിക്കും.’ രണ്ടുദിവസം തിരുനബി(സ്വ) സുമാമക്ക് സാവകാശം നല്‍കി. സമൃദ്ധമായ ഭക്ഷണം മുറക്ക് എത്തിച്ചുകൊടുത്തു.
അടുത്ത ദിവസം സുമാമയെ സമീപിച്ചു തിരുനബി ചോദ്യം ആവര്‍ത്തിച്ചു. സുമാമ അതേ മറുപടിയും പറഞ്ഞു. തിരുനബി(സ്വ)യുടെ ചോദ്യവും സുമാമയുടെ മറുപടിയും അടുത്ത ദിവസവും ആവര്‍ത്തിച്ചു.
അപ്പോള്‍ തിരുനബി(സ്വ) സ്വഹാബത്തിനോട് പറഞ്ഞു: “സുമാമയെ നിങ്ങള്‍ മോചിപ്പിക്കുക’.
ബന്ധനത്തില്‍ നിന്ന് സ്വതന്ത്രനായ സുമാമ പള്ളിയില്‍ നിന്ന് ഇറങ്ങി നടന്നു. അല്പം അകലെയുള്ള അരുവിയില്‍ നിന്ന് ശരീരശുദ്ധി വരുത്തി നബിസന്നിധിയില്‍ തിരിച്ചെത്തി. വൈകാതെ തന്നെ ഇസ്‌ലാം സ്വീകരിച്ചു. ശേഷം സുമാമ പറഞ്ഞു: “തിരുദൂതരേ, തീര്‍ച്ചയായും അങ്ങയുടെ മുഖത്തെക്കാള്‍ വെറുപ്പുള്ള മറ്റൊരു മുഖം ഈ ഭൂമിയില്‍ വേറെ എനിക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ അങ്ങയുടെ മുഖത്തെക്കാള്‍ പ്രിയപ്പെട്ട മറ്റൊരു മുഖമെനിക്ക് ഈ ഭൂമുഖത്തില്ല. എനിക്ക് ഏറ്റവും വെറുപ്പുള്ള ദേശമായിരുന്നു അങ്ങയുടെ ദേശം. എന്നാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദേശമാണിന്ന് മദീന.’ അല്പം ഉത്കണ്ഠയോടെ സുമാമ തുടര്‍ന്നു: “നബിയേ, അങ്ങയുടെ അനുയായികളില്‍ ചിലരെ ഞാന്‍ വധിച്ചിരുന്നുവല്ലോ, അതിനെന്തായിരിക്കും എനിക്ക് ലഭിക്കുന്ന ശിക്ഷ?’
നബി(സ്വ) പുഞ്ചിരിയോടെ പറഞ്ഞു: “ഇല്ല സുമാമാ, ഇസ്‌ലാം നിങ്ങളുടെ പൂര്‍വ പാപങ്ങളെ മായ്ച്ചു കളഞ്ഞിരിക്കുന്നു.’ സുമാമയുടെ കണ്ണില്‍ നിന്ന് ആനന്ദാശ്രു പൊഴിഞ്ഞു. സ്വഹാബത്തിന്റെ കണ്ണുകളിലും സന്തോഷത്തിന്റെ തിളക്കം.
(ദലാഇലുന്നുബുവ്വ – ബൈഹഖി 4/79)

മധുരപ്രതികാരം
മക്കാ നിവാസികള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ എത്തിയിരുന്നത് യമാമയില്‍ നിന്നായിരുന്നു. യമാമയുടെ ഭരണാധികാരിയായ സുമാമ ബിന്‍ ഉസാല്‍ ഇസ്‌ലാം സ്വീകരിച്ചതോടെ പുതിയൊരു പ്രഖ്യാപനം വന്നു. “തിരുനബി(സ്വ)യെയും സ്വഹാബതിനെയും ഉപദ്രവിച്ച മക്കയിലെ ജനങ്ങള്‍ക്ക് ഇനി മുതല്‍ ഒരു മണി ധാന്യം പോലും നല്‍കുന്ന പ്രശ്‌നമില്ല.’
ആഹാരപദാര്‍ഥങ്ങളുടെ അഭാവം മക്കയിലെ ജനങ്ങളെ നന്നായി ബാധിച്ചു. പട്ടിണികൊണ്ട് അവര്‍ പൊറുതിമുട്ടി. അതിനിടയിലാണ് തീര്‍ഥാടനത്തിനായി സുമാമ മക്കയിലെത്തിയത്. ഖുറൈശി പ്രമുഖര്‍ അദ്ദേഹത്തെ ചെന്നുകണ്ട് അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. നിങ്ങള്‍ ഞങ്ങളുടെ മതം ഉപേക്ഷിച്ചുവല്ലോ എന്ന് അവര്‍ സുമാമയോട് പരിഭവം പറയുകയും ചെയ്തു.
സുമാമ മറുപടി നല്‍കി: “അതേ. തീര്‍ച്ചയായും ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ മതമാണ് പരിശുദ്ധ ഇസ്‌ലാം. ഞാന്‍ അത് സ്വീകരിച്ചിരിക്കുന്നു. മാത്രമല്ല, ഇസ്‌ലാമിന്റെ വൈരികളായ നിങ്ങള്‍ക്ക് ഒരു മണി ധാന്യം യമാമയില്‍ നിന്ന് അയക്കുകയുമില്ല.’
മുഹമ്മദ്(സ്വ)യെ കണ്ടു കാര്യം പറയുകയല്ലാതെ നിവൃത്തിയില്ലെന്ന് ഖുറൈശികള്‍ക്ക് മനസിലായി. പക്ഷേ, ശിഅ്ബു അബീത്വാലിബില്‍ കുടിക്കാനുള്ള വെള്ളം പോലും നല്‍കാതെ മൂന്നുവര്‍ഷത്തോളം നാം മുഹമ്മദിനെ പട്ടിണിക്കിട്ടിരുന്നില്ലേ? മുഹമ്മദ് നമ്മോട് പ്രതികാരം ചെയ്‌തേക്കുമോ? ആശങ്കാകുലരായ അവര്‍ പോംവഴിയില്ലാതെ പ്രയാസങ്ങള്‍ പറഞ്ഞ് എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുനബിക്കെഴുതി.
കത്തു വായിച്ച് വൈകിയില്ല. തിരുനബി (സ്വ) സുമാമക്ക് ഇങ്ങനെ എഴുതി: “മക്കയിലേക്കുള്ള ധാന്യക്കടത്ത് നിര്‍ത്തേണ്ടതില്ല.’ സുമാമ അത് അനുസരിച്ചു. മക്കയിലേക്ക് വീണ്ടും ധാന്യങ്ങള്‍ എത്തിത്തുടങ്ങി.
(ദലാഇലുന്നുബുവ്വ – ബൈഹഖി 4/80) ■

Share this article

About ഇ എം സുഫ്‌യാന്‍ ബുഖാരി

emsufyan07@gmail.com

View all posts by ഇ എം സുഫ്‌യാന്‍ ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *