വലിയ ഒച്ചകളാണ് ചെറിയ പ്രകമ്പനങ്ങളാകുന്നത്‌

Reading Time: 2 minutes

ആദിവാസിവിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു എന്നതായിരുന്നു പോയമാസത്തെ പ്രധാന രാഷ്ട്രീയവിശേഷങ്ങളിലൊന്ന്. കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്നണിയുടെ നോമിനി ആയാണ് അവര്‍ സ്ഥാനാര്‍ഥിയായത്. നിര്‍ണായക നേരങ്ങളില്‍ ബിജെപിക്ക് ഒപ്പം നില്‍ക്കുന്ന പതിവ് ഇക്കുറിയും ചില പ്രാദേശിക കക്ഷികള്‍ തെറ്റിച്ചില്ല. പ്രതിപക്ഷ സ്ഥാനാര്‍ഥി ആയി മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ മത്സരിച്ചിരുന്നു. മുന്‍കാലങ്ങളില്‍ പ്രതിപക്ഷ സ്ഥാനാർഥികളായി മത്സരിച്ചവര്‍ നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ട് നേടാന്‍ യശ്വന്ത് സിന്‍ഹക്ക് സാധിച്ചു. എങ്കിലും ജയിക്കാന്‍ അത് മതിയാകുമായിരുന്നില്ല. പല സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് നനുത്ത സ്വീകരണമാണ് പ്രതിപക്ഷപാർട്ടികളിൽ നിന്നുപോലും ഉണ്ടായത്. കുറേകൂടി വോട്ടുകള്‍ അദ്ദേഹത്തിനു സമാഹരിക്കാന്‍ കഴിയുമായിരുന്നു. കോണ്‍ഗ്രസിനായിരുന്നു അതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുക. പാര്‍ട്ടിയുടെ ഏറ്റവും സമുന്നതരായ രണ്ടു നേതാക്കള്‍ക്കെതിരെ ഇ ഡി എടുത്ത കേസില്‍ മുങ്ങിപ്പോയി ആ നാളുകളില്‍ കോണ്‍ഗ്രസ്. അവര്‍ക്ക് നാഥനുണ്ടായിരുന്നില്ല. നാഥനുണ്ടായിരുന്നപ്പോള്‍ ചെയ്യേണ്ട പണികള്‍ അവര്‍ ചെയ്തിട്ടുമില്ല. പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് ലഭിച്ച തരക്കേടില്ലാത്ത പിന്തുണയെ എങ്ങനെ ബിജെപി വിരുദ്ധ രാഷ്ട്രീയമായി വളര്‍ത്തിക്കൊണ്ടുവരാം എന്ന ആലോചനയിലേക്ക് കോണ്‍ഗ്രസ് ഇപ്പോഴും എത്തിച്ചേര്‍ന്നിട്ടില്ല. അത്ര പരിക്ഷീണമാണ് കോണ്‍ഗ്രസ്. എങ്കിലും പാടെ എഴുതിത്തള്ളാന്‍ കഴിയില്ല. പിന്നിയ വസ്ത്രം പോലെയായിരിക്കുന്നു ആ പാർട്ടി. തീര്‍ത്തും ഉപയോഗശൂന്യമായിട്ടില്ല എന്നേയുളളൂ. ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബിജെപി ലക്ഷ്യമിട്ടതെന്തോ അത് സഫലമായിരിക്കുന്നു. അതിലൊന്ന് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു.
സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനമുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ പഴി കേട്ടുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകനായ ഒരു ഭരണാധികാരിയില്‍ നിന്ന് അങ്ങനെയൊരു പ്രസ്താവന ഉണ്ടാകുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന രാഷ്ട്രീയകൗശലം കാണാതെപോകരുത്. വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്ക് വേരാഴ് ത്താനുള്ള ശ്രമമാണത്. കഴിഞ്ഞ കാലങ്ങളിൽ ആഹ്വാനങ്ങളില്ലാതെ തന്നെ ഇന്ത്യന്‍ ജനത സമുചിതമായി സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഭരണഘടനയെ കുറിച്ചും ദേശീയപതാകയെ കുറിച്ചുമൊക്കെ പരിഭവം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സംഘ്പരിവാര്‍. ആ പരിഭവങ്ങള്‍ അവര്‍ ഉപേക്ഷിച്ചു എന്ന് പറയാനാകില്ല. പക്ഷേ അതിനപ്പുറമുള്ള ചില സ്ട്രാറ്റജികള്‍ അവര്‍ വികസിപ്പിച്ചിരിക്കുന്നു. ഭരണഘടന റദ്ദ് ചെയ്യാതെ തന്നെ ഭരണഘടനാവ്യവസ്ഥകളെ മറികടക്കാം എന്ന ബോധ്യം പൊതുവില്‍ സംഘ്പരിവാര്‍ ഇപ്പോള്‍ പങ്കിടുന്നുണ്ട്. സി എ എ അങ്ങനെയൊരു ശ്രമമായിരുന്നു. മതത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന ഭരണഘടനാവ്യവസ്ഥയെ അവര്‍ താൽകാലികമായെങ്കിലും മറികടന്നു. അന്തിമമായി അതിലൊരു നിലപാട് സ്വീകരിക്കേണ്ട പരമോന്നത കോടതി സി എ എക്കെതിരായ ഹരജികള്‍ ഇനിയും പരിഗണിച്ചിട്ടില്ല! മുത്വലാഖ് നിയമം മറ്റൊരു ഉദാഹരണം. മുസ്‌ലിം പുരുഷന്മാര്‍ക്ക് മാത്രം ബാധകമാകുന്ന ശിക്ഷാവിധികള്‍ ഉള്‍കൊള്ളുന്ന പ്രസ്തുത നിയമം തുല്യനീതി എന്ന ഭരണഘടനാസങ്കല്പത്തെ പാടെ റദ്ദ് ചെയ്യുന്നതാണ്. എന്നിട്ടും നിയമം പാസായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതേ നിയമം ഉപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുത്വലാഖ്‌നിയമത്തിനെതിരായ ഹരജികളും പരിഗണന കാത്ത് കിടപ്പാണ് കോടതിയില്‍! ദേശീയ വിദ്യാഭ്യാസ നയം വേറൊരു ഉദാഹരണം. എവിടെയെങ്കിലും ചര്‍ച്ച ഉണ്ടായോ? പാര്‍ലിമെന്റില്‍ അവതരിപ്പിച്ചോ? ഏകപക്ഷീയമായി നടപ്പാക്കുകയായിരുന്നു, അതും രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു നയം.
പാര്‍ലിമെന്റിൽ വാക്കുകൾ വിലക്കിയ രീതിയും ഇതേ തലത്തില്‍ പരിശോധിക്കപ്പെടണം. അഴിമതിക്കാരന്‍, ഏകാധിപതി, രാജ്യദ്രോഹി, വിനാശകാരി, ക്രിമിനല്‍, മുതലക്കണ്ണീര്‍, വിഡ്ഢിത്തം തുടങ്ങി 65 വാക്കുകളാണ് പാര്‍ലിമെന്റ് രേഖയില്‍ നിന്ന് നീക്കം ചെയ്തത്. ഇനി ആ വാക്കുകള്‍ സഭയില്‍ ഉച്ചരിക്കാന്‍ പറ്റില്ലേ? പറ്റും. പക്ഷേ, രേഖയില്‍ ഉണ്ടാകില്ല. സഭാധ്യക്ഷന്‍മാര്‍ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇത്രയും വാക്കുകള്‍ രേഖയില്‍ നിന്ന് നീക്കിയത്. രേഖയില്‍ ഇല്ലെങ്കില്‍ എന്താണ് കുഴപ്പം? പാര്‍ലിമെന്റില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ബാധ്യതപ്പെട്ടവരാണ് എം പിമാര്‍. കൈയടി ലക്ഷ്യമിട്ടല്ല ഒരംഗം പാര്‍ലിമെന്റില്‍ സംസാരിക്കുന്നത്. അയാള്‍ തന്റെ രാഷ്ട്രീയത്തെയും നിലപാടുകളെയും തന്നെത്തന്നെയും എന്നത്തേക്കുമായി അടയാളപ്പെടുത്തുകയാണ് പാര്‍ലിമെന്റില്‍. ഒരു വാക്ക് ചിലപ്പോള്‍ ഒരാശയമായി മാറും. ചിലപ്പോള്‍ അതൊരു നിശിതവിമര്‍ശമായി എഴുന്നുനില്‍ക്കും. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ കാറ്റൊഴിച്ചുവിടുന്നതിന് തുല്യമാണ് രേഖകളില്‍ നിന്ന് വാക്കുകള്‍ നീക്കുന്നത്. ഒരാളുടെ നിലപാടിന്റെ കാറ്റൊഴിച്ചുവിടുന്ന ഏർപ്പാടാണത്.പിൽകാലത്തെപ്പോഴെങ്കിലും ഈ രേഖകള്‍ പരിശോധിക്കുന്ന ചരിത്രവിദ്യാര്‍ഥിക്ക് മുന്നില്‍ അനാവൃതമാകുന്നത് “അംഗഭംഗം’ വന്ന ഈ നിലപാടുകള്‍ ആയിരിക്കും. പാര്‍ലിമെന്റില്‍ പ്ലക്കാര്‍ഡുകള്‍ പാടില്ല, പാര്‍ലിമെന്റ് വളപ്പില്‍ പ്രതിഷേധം പാടില്ല തുടങ്ങി വേറെയും വിലക്കുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പാര്‍ലിമെന്റ് ഏറ്റവും പ്രബലമായ ജനാധിപത്യസ്ഥാപനമാണ്. ജനാധിപത്യം എന്നാല്‍ എതിരഭിപ്രായങ്ങളെ കേള്‍ക്കുക കൂടിയാണ്. അവിടെ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. ഭരണകൂടത്തിന് കൈയടിക്കുന്നവര്‍ മാത്രമുള്ള ഒരു സഭയല്ല ഇതുവരേക്കും നമ്മുടേത്. ഭരണകൂടം തെറ്റായ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ നിങ്ങള്‍ക്ക് തെറ്റുപിണഞ്ഞിരിക്കുന്നു എന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിക്കേണ്ട പ്രതിപക്ഷ എം പിമാര്‍? അത് ചെയ്തതിനു കേരളത്തില്‍നിന്നുള്‍പ്പടെ ചില എം പി മാര്‍ പാര്‍ലിമെന്റില്‍ നിന്ന് സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടിരിക്കുന്നു. ഒരെതിര്‍ശബ്ദവും പൊറുക്കാന്‍ കഴിയാത്ത ഭരണകൂടം ഇതേ ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചാണ് അധികാരത്തിലിരിക്കുന്നത് എന്നതാണ് രസാവഹം. അധികാരികള്‍ മാത്രം സംസാരിക്കുന്ന പാര്‍ലിമെന്റിനെ അല്ല രാഷ്ട്രശില്പികള്‍ വിഭാവന ചെയ്തത്.
പുതിയ പാര്‍ലിമെന്റ് മന്ദിരത്തിനു മുകളില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തെച്ചൊല്ലിയുള്ള വിവാദങ്ങളും അന്തരീക്ഷത്തിലുണ്ട്. ശാന്തതസ്ഫുരിക്കുന്ന ഗൗരവം വിട്ട് ക്രൗര്യഭാവത്തിലേക്ക് സിംഹത്തിന്റെ ഭാവം മാറ്റിപ്പണിതു എന്നാണ് ആരോപണം. അതില്‍ വസ്തുതയുണ്ട് എന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസിലാകും. ഭരണകൂടം മാറുന്നതിന് അനുസരിച്ച് മാറ്റപ്പെടേണ്ടതല്ല രാജ്യത്തിന്റെ ചിഹ്നങ്ങള്‍. ഭരണം മാറിയാലും രാഷ്ട്രം മാറില്ല എന്ന് ഉദ്‌ഘോഷിക്കുന്നുണ്ട് ആ ചിഹ്നങ്ങള്‍. അതിന്മേലും ഭരണകൂടം കൈവെക്കുന്നു എന്ന് വരുമ്പോള്‍ അതുല്പാദിപ്പിക്കുന്ന രാഷ്ട്രീയ സന്ദേശം വ്യക്തമാണ് -ഞങ്ങള്‍ രാജ്യത്തെ മാറ്റിപ്പണിയുന്നു എന്നുതന്നെ.
2025 ആര്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. സംഘടന രൂപീകൃതമായിട്ട് നൂറ്റാണ്ട് തികയുകയാണ്.അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ഭൂതകാലം പിന്നിട്ട് മൃഗീയാധിപത്യത്തോടെ അധികാരത്തില്‍ വാഴുന്ന സമകാലത്ത് തങ്ങളുടെ വിഭാവനയിലുള്ള രാഷ്ട്രം സ്ഥാപിതമാകണമെന്നാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത്. ആ വിഭാവനയുടെ മൂലക്കല്ല് എം എസ് ഗോള്‍വാള്‍ക്കറുടെ വിചാരധാരയാണ്. അവിടെ മുസ്‌ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനിയും ദളിതനും ആദിവാസിയും കമ്മ്യൂണിസ്റ്റുമൊക്കെ അപരന്‍ ആയിരിക്കും. (ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി ആക്കുന്നു എന്നതിനെ സംഘ്പരിവാറിന്റെ നയംമാറ്റമായി കാണേണ്ടതില്ല.) തങ്ങളോട് വിയോജിക്കുന്ന ശബ്ദങ്ങള്‍ ഇല്ലാതാക്കുകയാണ് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കുന്നതിന്റെ മുന്നുപാധി. വാക്കുകളെയും പ്രതിഷേധങ്ങളെയും പടിയടച്ചു പിണ്ഡം വെക്കുന്നത് അതിന്റെ ഭാഗമാണ്. ആ നീക്കത്തെ ജനാധിപത്യപരമായും നിയമപരമായും നേരിടുന്നതില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ പ്രതിപക്ഷം നിരന്തരം പരാജയപ്പെടുന്നു. വലിയ ഒച്ചകള്‍ക്ക് മാത്രമേ ചെറുതെങ്കിലും പ്രകമ്പനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. ജനാധിപത്യം നൈരന്തര്യത്തിന്റെ കലയാണ്. വിശ്രമത്തിന്റെ ആലസ്യത്തിലേക്ക് ജനാധിപത്യവാദികള്‍ ഉറക്കംതൂങ്ങുമ്പോഴാകും ഫാഷിസം അതിന്റെ പ്രഹരശേഷി മുഴുവന്‍ എടുത്തുപ്രയോഗിക്കുന്നത്. അതുകൊണ്ട് നമുക്ക് സ്വാതന്ത്ര്യത്തിനു വേണ്ടി ഉണര്‍ന്നിരുന്നേ പറ്റൂ ■

Share this article

About മുഹമ്മദലി കിനാലൂർ

mdalikinalur@gmail.com

View all posts by മുഹമ്മദലി കിനാലൂർ →

Leave a Reply

Your email address will not be published. Required fields are marked *