തീവണ്ടിക്ക് ഒരുമ്മ കൊടുക്കുന്നു

Reading Time: 4 minutes

“തീവണ്ടിക്ക് ഒരുമ്മ കൊടുക്കുന്നു
അവള്‍ ആ തീവണ്ടിയില്‍
പോകാന്‍ ഇടയുണ്ട് ‘
“യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു’ എന്ന കാവ്യസമാഹാരത്തിലെ “തീവണ്ടിക്ക് ഒരുമ്മ കൊടുക്കുന്നു’ എന്ന കവിത തീവണ്ടിയോടും തീവണ്ടി യാത്രകളോടുമുള്ള പ്രണയം തന്നെയായിരുന്നു. ആ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള പ്രിയപ്പെട്ടൊരാളുടെ ഓര്‍മ കൂടി ആ വരികള്‍ക്ക് പിന്നിലുണ്ടായിരുന്നു എന്ന് മാത്രം.
ചെറുപ്പത്തില്‍ അമ്മയുടെ നാട്ടിലേക്കുള്ള യാത്രയിലാണ് തീവണ്ടി കാണുന്നതും കയറുന്നതും. പഥേര്‍പഞ്ചാലിയില്‍ ആദ്യമായി തീവണ്ടി കാണുമ്പോഴുള്ള അപുവിന്റെ കൗതുകങ്ങളത്രയും ഞാനുമറിഞ്ഞിട്ടുണ്ട്. എനിക്കും അത് അദ്ഭുത വണ്ടിയായിരുന്നു. അതിന്റെ വലിപ്പവും വഴിമാറിയുള്ള നടപ്പും സമ്മാനിച്ച തീരാത്ത പൊടിപ്പുകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ആ യാത്രകളില്‍ മനസിലേക്ക് കയറിയിറങ്ങിപ്പോകുന്ന മണങ്ങളെക്കുറിച്ച് ഇടയ്ക്കിടെ ആലോചിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ പേരറിയാത്ത ഒരു കാട്ടുചെടിയുടെ മണം, മറ്റു ചിലപ്പോള്‍ നേരില്‍ പോയാല്‍ ഒരിക്കലും കണ്ടെത്താനാവാത്ത ഒരു പൂവിന്റെ മണം. ഒരോ നാട്ടിലും ഒരോരോ മണമായ് നടന്നുകേറുന്ന ഒരാള്‍.
നമ്മുടെ ഗൃഹാതുരതയുടെ ഒരറ്റത്ത് തീവണ്ടിയും ഒരിക്കലും കൂട്ടിമുട്ടാതെയെന്ന പോല്‍ പോകുന്ന അതിന്റെ പാതകളും തീവണ്ടിയാപ്പീസുകളുമുണ്ട്. ഈ അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട താര രാമനുജന്‍ സംവിധാനം ചെയ്ത “നിഷിദ്ധോ’ എന്ന സിനിമയില്‍ മലയാളിയുടെ ഈ ഇഷ്ടത്തെ മറ്റൊരു രീതിയില്‍ ഒരു നഗരത്തിന്റെ പരിസ്ഥിതിയുടെ പച്ചപ്പുകളോട് ചേര്‍ത്തുവെച്ച് വരയ്ക്കുന്നുണ്ട്. തീവണ്ടികള്‍, ഓര്‍മകളെ ചേര്‍ത്തുകൊണ്ടു പായുന്ന, പ്രിയപ്പെട്ടവരെ കൂട്ടിപ്പിടിച്ചോടുന്ന, നനവുള്ള പോയ കാലങ്ങളില്‍ വേരുള്ള ഒന്നായ് മാറുന്നു.
ഒരു കാലത്ത് എല്ലാ ഞായറാഴ്ചയിലും ജോലി സ്ഥലത്തേക്കുള്ള വൈകുന്നേരത്തെ സ്ഥിരം യാത്രകളില്‍ മംഗലാപുരം വരെ പോകുന്ന എഗ്മോര്‍ എക്‌സ്്പ്രസും ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴല്‍ വാദനവുമായിരുന്നു കൂട്ട്. അന്ന് കേരളത്തിന്റെ വടക്കേത്തലയായ മഞ്ചേശ്വരത്തായിരുന്നു ജോലി. രാഷ്ട്രകവി ഗോവിന്ദ പൈയുടെ ഓര്‍മയിലുള്ള ഒരു കോളേജിലായിരുന്നു എത്തിച്ചേരേണ്ടത്. വൈകുന്നേരം കയറിയാല്‍ ആളൊഴിഞ്ഞു പോകുന്ന ബോഗിയില്‍ താണു താണുപോകുന്ന വെയിലില്‍ വിഷാദവും ആര്‍ദ്രതയും ചേര്‍ന്നൊട്ടുന്ന രാഗങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കും. ജീവിച്ചുതീര്‍ത്ത നാളുകളിലേക്കെന്നപോലെ പുറത്തേക്ക് നോക്കി നോക്കി ആ ദൂരങ്ങള്‍ എണ്ണിക്കൊണ്ടിരിക്കും. എഴുത്തുകാരനായ “അലന്‍ സില്ലിറ്റോ’യുടെ -ദീര്‍ഘദൂര ഓട്ടക്കാരന്റെ ഏകാന്തതയെക്കുറിച്ചുള്ള- പുസ്തകത്തില്‍ ഒറ്റയായ് ഓടുന്നവന്റെ മാനസിക സഞ്ചാരങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. കടന്നുവന്ന ജീവിതവഴികളെ വീണ്ടും ഓര്‍മയില്‍ കണ്ടുമുട്ടുന്ന അസാധാരണമായ ആ ജീവിതനിമിഷത്തെ ഞാനും സ്വയമാവര്‍ത്തിക്കുകയാണെന്ന് അപ്പോള്‍ തോന്നും. മഞ്ചേശ്വരത്തോടടുക്കുമ്പോഴേക്കും ഇല്ലാതായിപ്പോയ വെളിച്ചം ഒറ്റപ്പേരുള്ള ഇരുട്ടായ് മാറുന്നത് അറിഞ്ഞുതുടങ്ങും. പലപ്പോഴും ഇറങ്ങാനുള്ള ഒരേയൊരു യാത്രക്കാരനായ് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഞാനിറങ്ങും. മറ്റൊരിരുട്ടിലേക്ക് പതിയെ നടന്നുപോകും. മുനിഞ്ഞുകത്തുന്ന ഒരു തീവണ്ടിയായിരുന്നു എന്റെ ആ കാലത്തിന്റെ അടയാളം.
കോവിഡുകാലത്തിന്റെ ചടഞ്ഞിരിപ്പുകള്‍ക്ക് പരിഹാരം എന്ന തോന്നലിലാണ് മറ്റൊരു യാത്രയ്ക്ക് ഈ വര്‍ഷം മെയ് മാസത്തില്‍ തീവണ്ടികളെ കൂട്ടുപിടിക്കുന്നത്. എത്തിച്ചേരുന്ന ഇടത്തേക്കാള്‍ വഴി നീളെ അതൊരുക്കുന്ന കാഴ്്ചകളും എനിക്ക് യാത്രകളില്‍ വളരെ പ്രിയപ്പെട്ടതാണ്. വൈകി മാത്രം തീരുമാനമെടുത്തതിന്റെ പ്രശ്‌നങ്ങള്‍ ഉടനീളമുണ്ടായിരുന്നു. പക്ഷെ അനിശ്ചിതത്വങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് യാത്രയ്ക്കിറങ്ങുന്നത് സുഖമുള്ള കാര്യമാണ്. തമിഴ്‌നാട്ടിലൂടെ അങ്ങനെയൊരു യാത്ര മുന്‍പ് നടത്തിയതിന്റെ ബലത്തില്‍ കൂടിയായിരുന്നു കൊല്‍ക്കത്ത ലക്ഷ്യമാക്കിയുള്ള ഇത്തവണത്തെ യാത്ര. കൂടെ പ്രിയപ്പെട്ടവള്‍. പോകുന്ന വഴികള്‍ തന്നെയായിരുന്നു ഒരര്‍ഥത്തില്‍ എത്തിച്ചേരേണ്ട ഇടങ്ങളും. മലപ്പുറം തിരൂരില്‍ നിന്ന് കയറിയതു മുതല്‍ ആ തോന്നല്‍ കൂടെത്തന്നെയുണ്ടായിരുന്നു. കോവിഡിന്റെ ആശങ്കകള്‍ മാറി വീണ്ടും ആളുകള്‍ വളരെയധികം സഞ്ചരിക്കുന്നതിനാല്‍ പല അവസരത്തിലും നേരിട്ടുള്ള ടിക്കറ്റുകള്‍ ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ കോയമ്പത്തൂരിലേക്കും, വണ്ടി മാറാതെ തന്നെ മറ്റൊരു ബോഗിയില്‍ ചെന്നൈയിലേക്കുമായിരുന്നു ആദ്യ യാത്ര. ചെന്നൈയിലെത്തുമ്പോള്‍ നേരം പുലര്‍ന്ന് തുടങ്ങുകയായിരുന്നു. ഉണര്‍ന്നുകൊണ്ടിരിക്കുന്ന നഗരത്തിലൂടെ പതിയെ ഒരോട്ടോയില്‍ പ്രദക്ഷിണം വെച്ച് പ്രശസ്തമായ മറീന ബീച്ചിലെത്തി. പതിയെ നടന്നു തുടങ്ങി. പ്രഭാത നടത്തത്തിനായ് പല വഴിക്കു നിന്ന് വന്നവരുടെ കസര്‍ത്തുകള്‍ ഒരു വഴിക്ക് നടക്കുന്നുണ്ട്. പണ്ട് കോഴിക്കാട് ടാഗോര്‍ ഹാളിനടുത്ത് താമസിച്ചിരുന്ന കാലത്ത് പുലര്‍ച്ചെ കടല്‍ക്കരയിലേക്ക് നടക്കുന്ന എന്നെ വീണ്ടുമോര്‍ത്തു നോക്കി. വൃത്തിയും വിസ്താരവുമുള്ള വഴികളിലൂടെ അങ്ങനെ ഒരു നഗരപ്പകല്‍ കണ്ട് വീണ്ടും എം.ജി രാമചന്ദ്രന്‍ റെയില്‍വേ സ്റ്റേഷനിലേക്ക്. അതിനിടയില്‍ തമിഴ് ജനതയുടെ വീരനായകരുടെ സമാധി മണ്ഡപങ്ങളും ശേഷം തമിഴ് വിഭവങ്ങളും പുതിയ രുചികള്‍ സമ്മാനിച്ചു കഴിഞ്ഞിരുന്നു. മറ്റൊരു രസകരമായ കാര്യം, തമിഴ്‌നാട്ടില്‍ ലോക്കല്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണെന്നതാണ്. ഒരു രാഷ്ട്രീയ തീരുമാനം ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സാമൂഹികജീവിതത്തെ വലിയ രീതിയില്‍ മാറ്റിത്തീര്‍ക്കുന്നത് നേരിട്ടറിയാനും ചെലവഴിച്ച കുറഞ്ഞ സമയത്തിനുള്ളില്‍ സാധിച്ചു.
വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അടുത്ത വണ്ടി. ഒരു രാത്രിയുടെ ദൂരമുള്ള കാക്കിനട. കാക്കിനട ആന്ധ്രാപ്രദേശിലെ ഒരു ജില്ലയും ചെറിയൊരു പട്ടണവുമാണ്. സത്യത്തില്‍ ആ സ്ഥലം എന്റെയും കൂടെ യാത്ര ചെയ്യുന്ന ജീവിതപങ്കാളിയുടെയും തിരഞ്ഞെടുപ്പായിരുന്നില്ല. പക്ഷെ അന്നേ ദിവസം തുടര്‍ച്ചയായ് അത്ര ദൂരമേ നേരത്തെ റിസര്‍വ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.
കേരളം കഴിയുന്നതോടെ വലിയ സമതലങ്ങള്‍ മാടിവിളിച്ചു കൊണ്ടിരിക്കും. ചെറിയ വീടുകളും വലിയ കൃഷിയിടങ്ങളും വിശാലമായ അതിന്റെ രൂപം കാണിച്ചു കൊണ്ടേയിരിക്കും. അത്ര പരിചയമില്ലാത്ത ചോളത്തിന്റെയും പച്ചക്കറികളുടെയും തോട്ടങ്ങള്‍ നിറഞ്ഞുനില്‍ക്കും. കാക്കിനട എത്തുന്നതിനു മുമ്പ് പരിചയപ്പെട്ട ചെറുപ്പക്കാരനാണ് അവിടുത്തെ രസകരമായ പ്രാതലിനെക്കുറിച്ച് പറയുന്നത്. പുലര്‍ച്ചെ വണ്ടിയിറങ്ങി നേരെ ഹോട്ടലിലേക്ക്. പ്രത്യേക തരം ബജിയും ദോശയും കഴിച്ച് കാക്കിനട ബസ്റ്റാന്റിലേക്ക് തിരിച്ചു. കാക്കിനട മുതല്‍ വിശാഖപട്ടണം വരെ ട്രെയിന്‍ ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ഏതാണ്ട് മൂന്ന് മണിക്കൂര്‍ വരുന്ന യാത്ര ബസിലാക്കാമെന്ന് കരുതിയാണ് സ്റ്റാന്റില്‍ വരുന്നത്. നീണ്ട തീവണ്ടി യാത്രക്കിടയിലുള്ള ബസ് യാത്ര. നീണ്ടു പരന്ന പാതകളും വശങ്ങളിലായ് കായ്ച്ചു പഴുത്തു നില്‍ക്കുന്ന മാവിന്‍ തോട്ടങ്ങളുമായിരുന്നു ഇത്തവണ കൊതിപ്പിച്ചത്. വഴിയോരങ്ങളില്‍ ചിലയിടങ്ങളില്‍ വെച്ചുവില്‍പനയുമുണ്ട്. തോട്ടങ്ങള്‍ക്കു പുറകിലായ് ചെറുതും വലുതുമായ കുന്നുകള്‍. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചെറിയ കെട്ടിടങ്ങള്‍. മാങ്ങകളോടുള്ള കൊതി കൊണ്ട് ഒരു നിമിഷം ഇറങ്ങി വാങ്ങിയാലോ എന്നുവരെ തോന്നി.
വിശാഖപട്ടണം എത്തുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. ഭക്ഷണശേഷം ഭുവനേശ്വറിലേക്കാണ് പോവാനുള്ളത്. പുറത്ത് വെയില്‍ കനത്തു നില്‍ക്കുന്നു. സ്റ്റേഷനില്‍ അത്യാവശ്യം തിരക്കുണ്ട്. ഉച്ചഭക്ഷണം കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. കോവിഡുമൂലം അടച്ച പല ഭക്ഷണശാലകളും ഇനിയും തുറന്ന് സാധാരണ നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. അധികം വൈകാതെ ഞങ്ങള്‍ക്കുള്ള തീവണ്ടി വന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പോഴേക്കും ഭുവനേശ്വറില്‍ വണ്ടി ചെന്നു നിന്നു. മൂന്ന് നാല് ദിവസമായ് തുടങ്ങിയ യാത്രയില്‍ തീവണ്ടിയില്‍ തന്നെയായിരുന്നു ഉറക്കവും. അതൊരു സുഖമുള്ള ഉറക്കമാണ്. വണ്ടി ഒരു കുട്ടിയെയെന്ന പോലെ താരാട്ടിക്കൊണ്ടിരിക്കും. ആ താളത്തില്‍ ഉറക്കം കൂടുതല്‍ ആഴമുള്ളതാവും.
ഭുവനേശ്വറില്‍ ഒരു രാത്രി ഉറങ്ങിഎഴുന്നേല്‍ക്കുമ്പോഴേക്കും കാണാനായ് കാത്തുവെച്ച ഇടങ്ങള്‍ കൂടുതല്‍ ഉദ്വേഗത്തോടെ വിളിച്ചുകൊണ്ടിരുന്നു. വേനല്‍ അവസാനിച്ചിട്ടില്ലാത്ത ദിവസങ്ങളാണ്. ഭുവനേശ്വര്‍ ക്ഷേത്ര നഗരമാണ്. ഒരു പകല്‍ കൊണ്ടു കണ്ടുതീരാത്ത ക്ഷേത്രങ്ങള്‍ ചെറിയ ദൂരങ്ങള്‍ക്കിടയിലുണ്ട്. രാവിലെ തന്നെ ലിംഗരാജ ക്ഷേത്രത്തില്‍ ചെന്നു. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ്. രാവിലെയായതിനാല്‍ നല്ല തിരക്കുണ്ട്. അവിടുന്ന് ഉദയഗിരി ഗുഹകള്‍ കാണാനായ് ഏതാണ്ട് അരമണിക്കൂര്‍ യാത്രയുണ്ട്. നന്നായ് സംരക്ഷിക്കപ്പെട്ട ഗുഹകള്‍ കൂടിയാണിത്. കൂടുതല്‍ കയറുന്തോറും കാറ്റ് സജീവമായ് തുടങ്ങും. കേരളത്തില്‍ അപൂര്‍വമായ് കാണുന്ന സിംഹവാലന്‍ കുരങ്ങന്‍മാര്‍ മരത്തില്‍ വരുന്നവരെ നോക്കിയിരിക്കുന്നു. നഗരത്തെ മുഴുവനായ് കാണാവുന്ന കാഴ്ച ഉദയഗിരി മുന്നില്‍ വെക്കും. തൊട്ടടുത്തായുള്ള ജൈനക്ഷേത്രവും നടന്ന് കയറി തിരിച്ചിറങ്ങുമ്പോള്‍ ഹോട്ടല്‍ മുറി ഒഴിയാനുള്ള സമയമായിരുന്നു. ഉച്ചയ്ക്ക് ഭുവനേശ്വറിന്റെ സ്വന്തം ബസായ മോമോ ബസില്‍ കേറി കൊണാര്‍ക്കിലേക്ക്. വൈകുന്നേരം മഴയോടു അടുത്തുനില്‍ക്കുന്ന നേരത്ത് സൂര്യക്ഷേത്രത്തിനടുത്തേക്ക് നടന്നു. ചെറിയ പൂന്തോട്ടം പോലെ തോന്നിക്കുന്ന ഇടം. പുറകിലൂടെയുള്ള വഴിയാണത്. കൂടുതല്‍ അടുത്തെത്തുന്തോറും പലനാടുകളില്‍ നിന്ന് വന്ന ആഭ്യന്തരയാത്രക്കാരുടെ ചെറുതല്ലാത്ത നിര കാണാം. അകത്തേക്കുള്ള യാത്ര അടുത്ത ദിവസത്തേക്കാക്കിയതിനാല്‍ അല്‍പം ദൂരെ നിന്ന് ഒന്ന് ചുറ്റിക്കണ്ട് നേരെ പ്രശസ്തമായ ചന്ദ്രബാഗ കടല്‍ത്തീരത്തേക്ക് ഓട്ടോ വിളിച്ചു. സൂര്യക്ഷേത്രം മാറ്റിനിര്‍ത്തിയാല്‍ വളരെ സാധാരണമായ, അധികം തിരക്കില്ലാത്ത ഒരു ഗ്രാമപ്രദേശം പോലെ തോന്നും കൊണാര്‍ക്ക്. തെരുവ് കച്ചവടം മുന്നേറുന്നുണ്ട്. നീണ്ട കടല്‍ത്തീരമാണ്. തീരത്തോടിക്കാവുന്ന വണ്ടികളും കുതിരകളും നിരന്നു കഴിഞ്ഞിട്ടുണ്ട്. അത്യാവശ്യം വൃത്തിയുള്ള കടല്‍ത്തീരം. നേരം വൈകുന്നതോടെ കടല്‍ത്തീരം കൂടുതല്‍ വിജനമായികൊണ്ടിരുന്നു. നിഗൂഢമായൊരു വെളിച്ചം അപ്പോഴും ആ തീരത്തെ പൊതിഞ്ഞുനിന്നു.
പിറ്റേന്ന് രാവിലെ സൂര്യക്ഷേത്രത്തില്‍ ചെന്ന് ചുറ്റോടു ചുറ്റ് ചേര്‍ന്നു നടന്നു. ഒരിക്കലും അസ്തമിക്കാത്ത മനുഷ്യരുടെ സൗന്ദര്യബോധത്തിന്റെ നിര്‍മിതിക്കു മുമ്പില്‍ ഒന്നും മിണ്ടാനാവാതെ നിന്നു. ഉച്ചയോടെ ബസിൽ പുരിയിലേക്ക്. കൊണാര്‍ക്ക് ഒരു പഴയ ക്ഷേത്രത്തിന്റെ ബാക്കിപത്രമാകുമ്പോള്‍ പുരി കൂടുതല്‍ ഉത്സവാന്തരീക്ഷമുള്ള ഒരു ക്ഷേത്രനഗരമായ് നിറഞ്ഞാടുകയാണ്. വളരെ പണിപ്പെട്ടാണ് ആ ശില്‍പരൂപങ്ങളെ കണ്ടുതീര്‍ത്തത്. പുരിയില്‍ നിന്ന് തീവണ്ടിയില്‍ ഭുവനേശ്വറിലേക്ക് തിരിക്കുമ്പോള്‍ വഴി തീര്‍ന്നു പോയ ഒരാളെ പോലെ ഒരു തീവണ്ടി മുന്നില്‍ നില്‍ക്കുന്നു. കാറ്റ് ഇളം ചൂടോടെ വീശിക്കൊണ്ടിരുന്നു. വൈകുന്നേരത്തിന്റെ മുഴുവന്‍ ആലസ്യവും ഈ തീവണ്ടിയില്‍ യാത്രക്കാര്‍ കുടഞ്ഞുകളയുന്നതുപോലെ തോന്നി. അടുത്ത യാത്രയ്ക്ക് കൂടുതല്‍ സമയമുള്ളതിനാല്‍ കുറച്ചുനേരം സ്റ്റേഷനില്‍ കിടന്നുറങ്ങി.
അന്ന് രാത്രി തന്നെ അവസാനലക്ഷ്യമായ കൊല്‍ക്കത്തയിലേക്ക് യാത്ര തിരിച്ചു. മണ്ണും ഭാഷയും മാറിമാറി വരുന്നത് പുലരുമ്പോള്‍ കൂടുതല്‍ വ്യക്തമാവുകയായിരുന്നു. റിസര്‍വു ചെയ്തതെങ്കിലും ബോഗി നിറയെ ബംഗാളികള്‍ തമ്പടിച്ചിരുന്നു. വളരെ നാളത്തെ ജോലി കഴിഞ്ഞ് നാട്ടിലേക്ക് വരുന്നവരായിരിക്കാം. ചിരിയും പറച്ചിലും കൂടിക്കൂടി വരുന്നു. വായിച്ചും കേട്ടുമറിഞ്ഞ കൊല്‍ക്കത്തയിലേക്ക് ഓടിച്ചെല്ലാനുള്ള തിടുക്കം വളരെ മുമ്പേയുണ്ടായിരുന്നു. താരാശങ്കര്‍ ബാനര്‍ജിയും ടാഗോറും വിവേകാനന്ദനും മനസിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു.
പതിഞ്ഞ താളമായിരുന്നു കൊല്‍ക്കത്തയ്ക്ക്. താമസിക്കുന്ന ഹോട്ടലിലെത്തി ഉച്ച ഭക്ഷണം കഴിച്ച് വൈകീട്ട് നഗരത്തിലൂടെ നടന്നു. നഗരങ്ങള്‍ കാണുകയായിരുന്നു ഈ യാത്രയുടെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന്. പലയിടത്തും തിരക്കിട്ട കച്ചവടങ്ങള്‍ നടക്കുന്നു. ചെറിയ മണ്‍പാത്രങ്ങളിലുള്ള ചായ കൊല്‍ക്കത്ത നഗരത്തിന്റെ പ്രത്യേകതകളിലൊന്നാണ്. പലയിടത്തും അത് യാത്രക്കാരെ ക്ഷണിച്ചു കൊണ്ടിരിക്കും. രാത്രി വെളിച്ചം ഒരോ കെട്ടിടങ്ങളിലായ് പൂത്ത് വരുന്നുണ്ട്. സയ്ദ് അലി അവന്യുവില്‍ തുടങ്ങിയ യാത്ര പേരറിയാത്ത മറ്റൊരു തെരുവില്‍ അവസാനിപ്പിച്ച് നേരെ കാളിഘട്ടിലേക്ക്. തിരക്കുള്ള തെരുവിലാണ് ആ ക്ഷേത്രം. വഴിയരികുകളില്‍ പൂജാസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍. തലങ്ങും വിലങ്ങും നടക്കുന്ന യാത്രക്കാര്‍. അവരെ ക്ഷണിക്കാനൊരുങ്ങി നില്‍ക്കുന്ന ലൈംഗിക തൊഴിലാളികള്‍. വഴി തെറ്റിയെങ്കിലും നടന്ന് ക്ഷേത്രം കണ്ട് തിരിച്ച് വീണ്ടും മുറിയിലേക്ക്.
പിറ്റേന്ന് രാവിലെ മദര്‍ തെരേസയുടെ വീടായിരുന്നു ലക്ഷ്യമെങ്കിലും ചെന്നെത്തിപ്പെട്ടത് മറ്റേതോ തെരുവിലാണ്. ചില ആളുകള്‍ സ്വയം വലിക്കുന്ന അവരുടെ തന്നെ സൈക്കിളുകളില്‍ കിടന്നുറങ്ങിക്കൊണ്ടിരിക്കുന്നു. തെരുവിലേക്കിറങ്ങി വര്‍ത്തമാനം പറയുന്ന പെണ്ണുങ്ങള്‍. ഒട്ടും വൃത്തിയില്ലാത്ത നഗരമുഖം. സ്ഥലം മാറിപ്പോയിരിക്കുന്നു എന്ന് മനസിലായി. മഴ കനത്തു പെയ്ത് തുടങ്ങിയ ഒരു നിമിഷത്തില്‍ ബസ് കേറി ഹുഗ്ലിയുടെ തീരത്തേക്ക് സഞ്ചരിച്ചു.

പാലത്തിന് തൊട്ടു മുമ്പിലിറങ്ങി പാലം നടന്നു കടക്കുകയായിരുന്നു ലക്ഷ്യം. നൂറുകണക്കിനാളുകള്‍ പലവിധ ആവശ്യകള്‍ക്കായ് പാലം മുറിച്ചു കടക്കുകയാണ്. ഒരു ലക്ഷത്തിനു മേല്‍ ആളുകള്‍ ഒരോ ദിവസവും കടക്കുന്നെന്നൊരു കണക്ക് വായിച്ചത് ഓര്‍ത്തു. തൊട്ടപ്പുറത്താണ് റെയില്‍വേ സ്റ്റേഷന്‍. ആളുകള്‍ തിരക്ക് വിഴുങ്ങി നടക്കുന്നു. റെയില്‍വേ സ്റ്റേഷനില്‍ ചെന്നതും ബേലൂര്‍ മഠത്തിലെത്താനുള്ള ട്രെയിന്‍ തയാറായി നില്‍ക്കുന്നതറിഞ്ഞ് ടിക്കറ്റെടുത്ത് ഓടിക്കേറി. മഠത്തില്‍ തിരക്കിന്റെ ദിവസമായിരുന്നു.
ഹൂഗ്ലി നദിയുടെ കരയിലാണ് ബേലൂര്‍ മഠവും വിവേകാനന്ദന്‍ സ്ഥാപിച്ച ദക്ഷിണേശ്വര്‍ ക്ഷേത്രവും. ഹൂഗ്ലി നദി കടക്കുമ്പോള്‍ പല തവണ കേട്ട രബീന്ദ്രസംഗീതം കാതില്‍ മുഴങ്ങി. മനുഷ്യര്‍ വലിക്കുന്ന സൈക്കിളില്‍ പല തെരുവുകള്‍ പിന്നിട്ട് അലഞ്ഞു. വിക്ടോറിയ മെമ്മോറിയലും ബിര്‍ല പ്ലാനറ്റോറിയവും തിരക്കുള്ള മാർകറ്റുകളും കൊല്‍ക്കത്ത വിഭവങ്ങളുമായ് ദിവസം കൊഴുത്തു.
വഴിയരികിലെ കുറ്റിച്ചെടികളെ പോലെ താഴ്്ന്ന കുടിലുകളില്‍ കൂട്ടമായ് താമസിക്കുന്ന ബംഗാളികളെ കണ്ടപ്പോള്‍ ഇങ്ങ് കേരളത്തിലെ അതിഥി തൊഴിലാളികളുടെ താവളങ്ങള്‍ ഓര്‍മ വന്നു. സ്വന്തം നാടുവിട്ട് ജീവിക്കേണ്ടി വന്ന മനുഷ്യര്‍ പകുതി മുറിഞ്ഞവരാണ്. അവരുടെ ഉടല്‍ എപ്പോഴും ചോര വീഴ്ത്തിക്കൊണ്ടേയിരിക്കും. എല്ലാ നഗരങ്ങളും അവരുടെ ചോരയുടെ കൂടെ കഥകളിലാണ് ജീവിക്കുന്നത്.
നഗരത്തിലെ അവസാന ദിവസം വളരെ നീണ്ട നഗരപ്രദക്ഷിണമല്ലാതെ കൂടുതലൊന്നുമുണ്ടായിരുന്നില്ല. തെരുവ് ഭക്ഷണത്തിന് കേരളത്തെ അപേക്ഷിച്ച് വില കുറവാണ്. ഇടയ്ക്കിടെ ട്രാം വണ്ടികള്‍ കടന്നുപോയിക്കൊണ്ടിരുന്നു. ട്രാമുകളിലിരുന്നു സാഹിത്യ ചര്‍ച്ചകള്‍ വരെ നടത്തിയ എഴുത്തുകാരുടെ കഥകള്‍ ഓര്‍ത്തു. കൊല്‍ക്കത്തയുടെ മധുരം കുറച്ച് നാട്ടിലേക്കായ് വാങ്ങിവെച്ച് പതിയെ ഉച്ചയോടെ തീവണ്ടിയാപ്പീസിലേക്ക് തിരിച്ചു. തുടര്‍ന്ന് നേരിട്ട് നാട്ടിലേക്കുള്ള ദീര്‍ഘയാത്ര. തീവണ്ടി യാത്ര ഒരൊഴുക്കാണ്. ഒരു പുഴ കടക്കുന്നതു പോലെ അതത്ര എളുപ്പമല്ല. പല നിറങ്ങളും മണങ്ങളും മനുഷ്യരും അപ്പോള്‍ നമ്മെ വന്ന് തൊടുന്നു. തൊട്ടു തൊട്ടറിയുന്നതിന്റെ സുഖം അതിനുണ്ട്. ചെന്നെത്തിപ്പെടുന്ന ദേശത്തിന്റെ സങ്കടവും സംഗീതവും അതേറ്റു വാങ്ങുന്നു. പറഞ്ഞുതീരാത്ത ഒരു കഥ ബാക്കിയാക്കുന്നു.
നിന്നെ തൊട്ടപ്പോള്‍ മാത്രം
തൊടല്‍ ഒരു കലാരൂപമായ്
അതുവരെ തൊട്ടു
നിന്നവരൊക്കെ മരങ്ങളും
മരിച്ചു പോയവരുമായിരുന്നു
നിന്നെ തൊട്ടപ്പോള്‍ മാത്രം
ഇനിയും തൊടാവുന്ന
ഒരു തൊടല്‍ ഉണ്ടായി ■

Share this article

About വിമീഷ് മണിയൂര്‍

vimeeshmaniyur@gmail.com

View all posts by വിമീഷ് മണിയൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *