മണ്ണിലിറങ്ങി ജനങ്ങളിലലിഞ്ഞ്‌

Reading Time: < 1 minutes

സംഘടനാ പശ്ചാത്തലത്തില്‍ ഫീല്‍ഡ് വര്‍ക്ക് എന്നത് സാമൂഹിക അറിവുകളും കഴിവുകളും മൂല്യങ്ങളും പ്രയോഗിക്കാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കുന്ന ഒരു ചലനാത്മക പ്രവർത്തനമാണ്. സാമൂഹിക സേവന പരിശീനത്തിന്റെ ഹൃദയമാണതെന്ന് പറയാം. പഠന ക്ലാസുകളിലും രേഖകളിലും ഉള്ള സൈദ്ധാന്തിക ഉള്ളടക്കം യഥാർത്ഥ ജീവിത സാഹചര്യങ്ങളിലേക്ക് പ്രയോഗിക്കുന്നതിനുള്ള കളരി. സമൂഹത്തിന്റെ പൊതുവായും സംബോധിതരുടെ പ്രത്യേകമായുമുള്ള പുതുപ്രവണതകളെ കുറിച്ചുള്ള ധാരണകള്‍ തിരിച്ചറിയാനും അവരിലേക്ക് കൂടുതല്‍ ഇറങ്ങേണ്ടതിന്റെ ഉപായം കണ്ടെത്താനും സഹായിക്കുന്ന അസൈന്‍മെന്റ്. സഹജീവികളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ്, അവ ഏറ്റെടുത്ത് പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വ ബോധവും ഫീല്‍ഡ് വര്‍ക്ക് സമ്മാനിക്കുന്നു. ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കില്‍ മണ്ണിലിറങ്ങിയ സഹവാസവും ഇടപെടലും വലിയ സാമൂഹിക വികസന പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന നല്ലൊരു ടൂളാണ്.
സാമൂഹിക പ്രവര്‍ത്തനത്തിന്റെ എല്ലാ തലവും പരിശീലിക്കാനാകുക ജനങ്ങളിലലിയുമ്പോഴാണ്. സൂക്ഷ്മമായി ഓരോ വ്യക്തിയെയും പഠിക്കാനാകുന്നു. പൊതുവായി സമൂഹത്തിന്റെ വികാരങ്ങളെയും ആവശ്യങ്ങളെയും അറിയാനും അവസരമുണ്ടാകുന്നു. ഇത് ഒരു പ്രബോധക സംഘത്തിന്റെ ഇടപെടല്‍ തന്ത്രങ്ങള്‍ വികസിപ്പിക്കാന്‍ അത്യന്താപേക്ഷിതമാണ്. എല്ലാത്തിലുമുപരി തത്വവും സിദ്ധാന്തവും പ്രയോഗ തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നു എന്നതാണ്. അതുവഴി ഇരുകൂട്ടര്‍ക്കും പുതിയ ജ്ഞാനങ്ങളും അനുഭവങ്ങളും കരഗതമാകും. അങ്ങനെ ആദാനപ്രദാനങ്ങളുടെ വലിയ സോഷ്യല്‍ നെറ്റ്്വർക്ക് രൂപപ്പെടും. അപ്പോള്‍ യഥാർത്ഥത്തില്‍ നിലനില്‍ക്കുന്ന പ്രശ്നത്തിന്റെ കാരണങ്ങളും അതിന്റെ പരിഹാരവുമായി ബന്ധപ്പെട്ട സാമൂഹിക പരിപാടികളും, സ്വീകരിക്കേണ്ട രൂപവും, നയങ്ങളും എല്ലാം സ്വാഭാവികതയോടെ ഉരുത്തിരിഞ്ഞു വരും.
സാമൂഹിക ഘടനയും അവയിലെ ഉള്‍പ്പിരിവുകളും ബോധ്യപ്പെടുന്നതും ജനങ്ങളോട് അടുത്ത ബന്ധം പുലര്‍ത്തുമ്പോഴാണ്. ഓരോ ഗ്രൂപ്പിന്റെയും ശക്തി ദൗര്‍ബല്യങ്ങളെകുറിച്ച് ധാരണ ലഭിക്കും. സംഘടനക്കകത്തെ ബന്ധം വളര്‍ത്താനും ഇതുകൊണ്ട് കഴിയുന്നു എന്നു മാത്രമല്ല ലഭ്യമായ വിഭവങ്ങള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണമെന്നതിന് കൃത്യമായ ഉള്‍കാഴ്ചയും കിട്ടുന്നു. “ചെയ്തുപഠിക്കലാണ്’ ഫീല്‍ഡ് വര്‍ക്ക്. ബൗദ്ധികവും വൈകാരികവും പ്രായോഗികവും ആയ പാഠങ്ങള്‍ സാമൂഹിക ഉത്ഥാനത്തിന്റെ അവിഭാജ്യ ഘടകമാണല്ലോ.
പുതുകാലത്തെ ഉള്‍ക്കൊണ്ട, നൈതികവും കഴിവുറ്റതുമായ സാമൂഹിക പൊതുപ്രവര്‍ത്തകര്‍ ഉയര്‍ന്നുവരുന്നത് ഫീല്‍ഡ് അനുഭവത്തിന്റെ തീക്ഷ്ണത കൂടി ആശ്രയിച്ചാണ്. ഇത്തരം പ്രവര്‍ത്തകരുടെ ലോകകാഴ്ചപ്പാടും മാനവികബോധവും ഉദാത്തമായിരിക്കും. ഉള്‍ക്കൊള്ളലിന്റെയും അണച്ചുകൂട്ടലിന്റെയും വിശാലതയില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന നന്മ നിറഞ്ഞ നാളെയുടെ പുലര്‍ച്ചയ്്ക്ക് ഇത് അനിവാര്യമാണ് താനും.
യഥാർത്ഥ ജ്ഞാനം അനുഭവപാഠമാണല്ലോ. സജീവവും പ്രയോഗികവുമായ നേരനുഭവങ്ങള്‍ ആഴത്തിലുള്ള നമ്മുടെ ധാരണകളെ തിരുത്തുന്നുണ്ട്. അതായത് നമ്മുടെ സാമൂഹിക ചിന്തയെ സുഗമമാക്കുന്നു എന്നര്‍ഥം. പ്രവര്‍ത്തനവുമായി ആശയങ്ങളെ ബന്ധപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാകാത്തതാണ്. സങ്കല്പത്തിലൂടെയോ, ഒരു അനുഭവം സൃഷ്ടിച്ചോ നേടുന്ന അറിവുകളുടെ കാമ്പ് പ്രവര്‍ത്തകന് പിടികിട്ടണമെന്നില്ല. വൈയക്തിമായും വിശ്വാസപരമായും ഉയരുന്ന വെല്ലുവിളികളും അവയെ തരണം ചെയ്യാന്‍ ആര്‍ജിക്കേണ്ട ധാര്‍മിക ശേഷിയും ഫീൽഡിലിറങ്ങി അനുഭവിക്കുമ്പോഴാണ് മാറ്റ് കൂടുക ■

Share this article

About യാസര്‍ പാലക്കാത്തൊടി

ptyasar2021@gmail.com

View all posts by യാസര്‍ പാലക്കാത്തൊടി →

Leave a Reply

Your email address will not be published. Required fields are marked *